Saturday, April 2, 2011

ഒരു യാത്രയിലെ നൊമ്പരം.

29

                                                               അന്ന് യാത്ര കേരളാ എക്സ്പ്രെസ്സില്‍ ആണ്.ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് സന്തോഷങ്ങളും സന്താപങ്ങളും സ്വപ്നങ്ങളും വാരിപുതച്ചു ഭാരതത്തിന്റെ നട്ടെല്ല് പോലെ തോന്നിക്കുന്ന റയില്‍ പാതയുടെ നെഞ്ചിടിപ്പുകള്‍ ഏറ്റുവാങ്ങിയാണ് ഈ വണ്ടിയുടെ സഞ്ചാരം.ഞാന്‍ കയറിയത് പക്ഷെ , മധ്യ ഇന്ത്യന്‍ നഗരമായ നാഗ്പൂരില്‍ നിന്നും ആണ്.വളരെ വര്‍ഷങ്ങള്‍ ആയിട്ടും ഈ യാത്രയുടെ ഓര്‍മ്മകള്‍ ഇന്നും പച്ചയായി നില്‍ക്കുന്നു.വെളുപ്പിന് നാല് മണിക്കാണ് വണ്ടി എത്തിയത്.എല്ലാവരും നല്ല ഉറക്കത്തില്‍ ആണ്.എന്റെ സീറ്റ് കണ്ടുപിടിച്ചു ഞാനും ഉറങ്ങാന്‍ ഉള്ള തയ്യാര്‍ എടുപ്പിലായി.ഈ ഭാഗത്ത്‌ ഈ വണ്ടിയില്‍ സ്ഥിരമായി കൊള്ള നടക്കുന്ന കാലമാണ്.കാരണം ഈ വണ്ടിയില്‍  മലയാളികള്‍ ധാരാളം ഉണ്ടാവും.മലയാളി സ്ത്രീകളും ഉണ്ടാവും.എടുത്തു പറയാന്‍ കാരണം കൊള്ളക്കാരുടെ  ലക്‌ഷ്യം ഇവരെ ആയിരിക്കും.ഒരു സാധു സ്ത്രീയുടെ കഴുത്തിലും ഒരു നാല് പവന്‍ എങ്കിലും  ഉണ്ടാവുമല്ലോ.അതാണ്‌ കൊള്ളക്ക് പ്രധാന കാരണം.ഇപ്പോള്‍ കൊള്ള കുറഞ്ഞു.കാരണം നമ്മുടെ  സ്ത്രീകള്‍ വണ്ടിയിലെങ്കിലും സ്വര്‍ണ്ണം അണിയുന്നത് കുറച്ചു.ജീവനേക്കാള്‍ വലുതാണോ സ്വര്‍ണ്ണം?                  എന്തായാലും ഞാന്‍ നല്ല സുഖമായി ഉറങ്ങി.30 മണിക്കൂര്‍ യാത്രയാണ് കൊച്ചി വരെ .ഒരു ഫുട്ബോള്‍ മൈതാനതോളം സമയമുണ്ട്. രാവിലെ പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം പ്രഭാത ഭക്ഷണം.ഭക്ഷണം എന്നാല്‍ ശിക്ഷയാണ്.തീവണ്ടിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് റയില്‍വെ വക ശിക്ഷ.ജയിലില്‍ അകപ്പെട്ട പോലെയുള്ള അവസ്ഥയില്‍ ഈ ശിക്ഷയുടെ ഭാഗമായുള്ള ഭക്ഷണം മാത്രം ശരണം.റയില്‍വെയില്‍ മാറ്റമില്ലാത്തതും ഇന്നും ഇതിനു തന്നെ.എന്റെ തൊട്ട സീറ്റില്‍ ഒരു ആര്‍മി ഓഫീസര്‍ ആയിരുന്നു ഉണ്ടായിരുന്നത്.ഞങ്ങള്‍ ലോകകാര്യങ്ങളും ഒക്കെ സംസാരിച്ചു സമയം കൊല്ലുകയാണ്.സമയം ഉച്ച കഴിഞ്ഞു.വണ്ടി ആന്ധ്രയിലെ വിജയവാഡ സ്റ്റേഷനില്‍  എത്തി.സാധാരണ പത്തു മിനിട്ടാണ് അവിടെ നിര്‍ത്തുന്ന സമയം.പക്ഷെ അര മണിക്കൂറായിട്ടും വണ്ടി വിടുന്നില്ല.എന്താണ് തടസ്സം എന്നറിയാന്‍ വേണ്ടി വാതില്‍ക്കല്‍ വന്നു നോക്കിയപ്പോള്‍ പ്ലാറ്റ് ഫോറത്തില്‍ ഒരു ചെറിയ ആള്‍ക്കൂട്ടം കണ്ടു.ഈ വണ്ടിയില്‍ തന്നെ വന്ന യാത്രക്കാരാണ് കൂടിനില്‍ക്കുന്നത്‌.വല്ല മോഷണവും നടന്നു കാണും എന്ന് വിചാരിച്ചു ഞാനും ചെന്ന് നോക്കി.                                                                               ഒരു യാത്രക്കാരന്‍ മരിച്ചു പോയി.ശവശരീരം ഇറക്കി  കിടത്തിയ ബെഞ്ചിനു ചുറ്റുമാണ് യാത്രക്കാര്‍ കൂടി നിന്നത്.നല്ല ഒരു ചെറുപ്പക്കാരന്‍.കൂടെ അയാളുടെ ഭാര്യ  മാത്രം.മഞ്ഞപ്പിത്തം കൂടി,ചികിത്സക്കായിട്ടു നാട്ടിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് മരണം.                      നിസ്സഹായയായ   ആ യുവതിയുടെ അവസ്ഥയില്‍ വല്ലാത്ത ദുഖം തോന്നി.ഈ വണ്ടിയില്‍ കൊണ്ടുപോകാന്‍  ആണെങ്കില്‍ ഇനിയും ഏകദേശം ഒരു ദിവസ്സം ഓട്ടം ബാക്കിയുണ്ട്.അവര്‍ക്ക് എങ്ങോട്ടാണ് പോകേണ്ടത് എന്ന് കരച്ചിലിന് ഇടയിലൂടെ ആ യുവതിയില്‍ നിന്നും ചോദിച്ചു മനസ്സിലാക്കി.അവര്‍ക്ക് കൊല്ലത്ത്‌ ആണ് പോകേണ്ടത്.ശവം വണ്ടിയില്‍ തന്നെ ഇത്രയും സമയം വെയ്ക്കാന്‍ റയില്‍വെ സമ്മതിക്കുകയുമില്ല. ആലോചനയായി.അന്ന് മൊബൈല്‍ ഫോണ്‍ ഒന്നും ഉള്ള കാലമല്ല.ഞാനും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍  കൂടി  ആലോചിച്ചു.അപ്പോള്‍ ഒരു നല്ല ശമരിയാക്കാരനെപ്പോലെ ഒരു കൊല്ലം യാത്രക്കാരന്‍ തയ്യാറായി വന്നു. ആംബുലന്‍സ് പിടിച്ചു ശവശരീരവും കൂടെയുള്ള പെണ്‍കുട്ടിയെയും കൊല്ലത്ത്‌ എത്തിക്കാമെന്നു അയാള്‍ ഏറ്റു.ഞങ്ങള്‍ക്കെല്ലാം വളരെ ആശ്വാസമായി.വഴി ചിലവിനായി  നല്ല ഒരു സംഖ്യ സമാഹരിച്ചു പെണ്‍കുട്ടിയുടെ കയ്യില്‍ കൊടുത്തു.ഏതാണ്ട് ഒന്നര മണിക്കൂറിനു ശേഷമാണ് വണ്ടി വിട്ടത്.ഞാന്‍ ഒരു നല്ല  കാര്യം ചെയ്ത സന്തോഷത്തോടെ എന്റെ സീറ്റില്‍ വന്നിരുന്നു.ആര്‍മിക്കാരനോട് ഉണ്ടായ സംഭവം വിവരിച്ചു. അപ്പോള്‍ അയാളുടെ മറുപടി ഇങ്ങേനെയായിരുന്നു. "ആ കൊല്ലം യാത്രക്കാരന്‍ ഒരു കേസ്സ് കെട്ട് ആവാനാണ് വഴി.നിങ്ങളെല്ലാം പറഞ്ഞു ഏല്‍പ്പിച്ചു പോന്നില്ലേ,അയാള്‍ പുഷ്പം പോലെ ആ പെണ്ണിന്റെ കയ്യില്‍ നിന്നും നിങ്ങള്‍ എല്ലാവരും കൂടി ഏല്‍പ്പിച്ച പണം അടിച്ചുമാറ്റി സ്ഥലം വിട്ടുകളയും." ഞാന്‍ ഒന്ന് ഞെട്ടി.ആ ഞെട്ടലിന്റെ നൊമ്പരം ഇന്നും എന്റെ കൂടെ ഉണ്ട്.എങ്കിലും ആ പെണ്‍കുട്ടി സുരക്ഷിതം  ആയി  അവരുടെ വീട്ടില്‍ തന്നെ എത്തിക്കാണും എന്ന്  എന്റെ മനസ്സാക്ഷി എന്നോട് പറയുന്നു.    29 comments:

എന്റെ പ്രിയ കൂട്ടുകാരുടെ അഭിപ്രായം അറിയാന്‍ ആഗ്രഹം ഉണ്ട്.

മനുഷ്യമനസ്സുകളുടെ ദുരൂഹത കുറച്ച് വാക്കുകളിൽ പറഞ്ഞു...നന്നായി ഏട്ടാ...തികച്ചും സത്യസന്ധമായ അവതരണം...വച്ചു കെട്ടില്ലാതെ...

താങ്കൾ റെയിൽവെയിൽ സ്ഥിരമായി ദീർഘയാത്ര ചെയ്യുന്ന വ്യക്തിയാണെന്നു തോന്നുന്നു.ഇനിയും ഒരുപാട് അനുഭവങ്ങളുണ്ടാവാം. പോരട്ടെ..

ഒരു പട്ടാളക്കാരനായതു കൊണ്ടായിരിക്കും അയാള്‍ അങ്ങിനെ ചിന്തിച്ചത്‌. ഇങ്ങിനെ പറ്റിക്കുന്നവരും ധാരാളമുണ്ട്‌. ശവം വച്ച്‌ കച്ചവടം നടത്തുന്നവരും നാട്ടിലുണ്ട്‌. എന്തായാലും ഷാനവാസിക്ക പറഞ്ഞ പോലെ നമ്മുടെ മനസ്സിനെ നമുക്കങ്ങിനെ അവന്‍ ശുഭമായി നാട്ടിലെത്തിയിരിക്കും എന്ന് വിശ്വസിപ്പിക്കാം.

സീത,മൊയ്ദീന്‍,ആസാദ്,ജയരാജ്, എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ കൃതജ്ഞത.ഞാനൊരു എഴുതാന്‍ അറിയാത്ത വായനക്കാരനാണ്.

ഇതുവായിച്ചപ്പോള്‍ ആ യുവതിയാണ് കണ്മുന്‍പില്‍...അവരുടെ അപ്പോഴത്തെ മാനസികാവസ്ഥ ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല..ഭര്‍ത്താവിന്‍റെ തണുത്ത ശരീരത്തിനു മുന്‍പില്‍ എന്തുചെയ്യണമെന്നറിയാതെ നിസ്സഹായയായി നില്‍ക്കുന്ന ആ പെണ്‍കുട്ടിയുടെ ചിത്രം മായുന്നില്ല..ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ...ദൈവത്തോട് വെറുപ്പ്‌ തോന്നുന്ന നിമിഷങ്ങള്‍....

ഈ കഥക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിൽ എല്ലാം നല്ല പടി നടന്നിട്ടുണ്ടാകും.....
ആധുനികകാല കേരളത്തിൽ അങ്ങനെയൊന്നു നടക്കാൻ സാദ്ധ്യത വിരളം. ആ പട്ടാളക്കാരൻ പറഞ്ഞതു പോലെ മാത്രമല്ല, ആ ശവം ഏതെങ്കിലും മെഡിക്കൽ കോളേജിനു വിറ്റ് കാശും വാങ്ങി ആ പെണ്ണിനേയും കൊണ്ട് അവൻ ഇപ്പോൾ നാടു നീളെ നടന്ന് കാശുണ്ടാക്കുന്നുണ്ടാവും...!!?
അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ അല്ലെ...

പ്രിയദര്‍ശിനി,വീകെ,രണ്ടു പേരുടെയും മനസ്സില്‍ കൊള്ളുന്ന കമന്റുകള്‍ക്ക് സ്വാഗതം.

ഈശ്വരാ... ആ പട്ടാളക്കാരൻ പറഞ്ഞതു പോലെ
സംഭവിച്ചിട്ടുണ്ടാവരുതേ....
മഞ്ഞുതുള്ളി പറഞ്ഞപോലെ, ആ പാവം സ്ത്രീയുടെ അപ്പോഴത്തെ
മാനസികാവസ്ഥ ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല..
(ഈ ബ്ലോഗിലെ മിക്ക പോസ്റ്റുകളും ഞാന്‍ വായിച്ചിട്ടുണ്ട്.
ലളിതമായ ഭാഷയില്‍ ആശയം ഭംഗിയായി വായനക്കാരിലേക്ക് എത്തിക്കാന്‍ അങ്ങേക്ക് കഴിയുന്നുണ്ട്... അതുകൊണ്ട് എഴുതാന്‍ അറിയില്ലെന്ന് പറയരുതേ...)

ലിപി മോളെ കണ്ടില്ലല്ലോ എന്ന് വിഷമിച്ചിരിക്കുകയായിരുന്നു .വന്നല്ലോ.സന്തോഷം.സാധാരണ ആദ്യ കമന്റ് മോളുടെതാണ്.ഞാനൊരു വായനക്കാരന്‍ മാത്രമാണേ.....

പാവം സ്ത്രീയുടെ അവസ്ഥ ആലോചിച്ചപ്പോള്‍ സങ്കടം തോന്നി. കൂടെ ആ മനുഷ്യന്‍ അങ്ങനെ പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ എന്തായിരിക്കും. ദൈവം കൂടെയുണ്ടായിരിന്നിരിക്കണം. അങ്ങനെ സമാധാനിക്കാം. അനുഭവങ്ങള്‍ നന്നായി അവതരിപ്പിക്കുന്നു.

അതെ,സുകന്യ,ദൈവം കൂടെ ഉണ്ടായിരുന്നിരിക്കണം എന്ന് തന്നെ ഞാന്‍ ഇന്നും വിശ്വസിക്കുന്നു.

വളരെ ലളിതമായ ഭാഷയില്‍ പറഞ്ഞു.......അത് തന്നെ നല്ല ഒരു ലേഖകന്റെ കഴിവാണ്.വളരെ നല്ലത്..

സ്വാഗതം,ശങ്കര്‍ജി,സന്ദര്‍ശനത്തിനും അഭിപ്രായത്തിനും.

ആ പെൺകുട്ടിയെ കോണ്ടാക്റ്റ് ചെയ്യാൻ പറ്റുന്ന ഒരു മാർഗമെങ്കിലും അറിഞ്ഞുവെയ്ക്കേണ്ടതായിരുന്നുവെന്ന് ഒരു തോന്നൽ. നല്ലത് നടന്നിരിയ്ക്കുമെന്ന് തന്നെ കരുതാൻ ശ്രമിയ്ക്കുമ്പോഴും ഭയം തോന്നുന്നുണ്ട്. തിന്മയുടേയും ചതിയുടേയും രൂപങ്ങൾക്ക് പലപ്പോഴും തൂവലിന്റെ മാർദ്ദവവും മഞ്ഞുതുള്ളിയുടെ തണുപ്പും ഉണ്ടാകാറുണ്ടല്ലോ. അതുകൊണ്ട്.......ഭയം.

എച്ച്മുക്കുട്ടിയുടെ ആദ്യ വരവിനു സ്വാഗതം.ഇന്നത്തെപ്പോലെ മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നു എന്നുതന്നെ പറയാം.നന്നായി പര്യവസാനിച്ചു എന്ന് വിശ്വസിക്കുന്നു.കാലവും ഇന്നത്തെ അത്ര ഭീഷണം അല്ലായിരുന്നു.

ആ പ്രാര്‍ത്ഥന തന്നെയാണ് എനിക്കുമുള്ളത്. അവര്‍ സുരക്ഷിതായി വീട്ടില്‍ എത്തിക്കാണനെ എന്ന്.
നന്നായി വിവരിച്ചൊരു കുറിപ്പ്.
ആശംസകള്‍

കാണാന്‍ ഒരല്‍പം താമസിച്ചു പോയി , എന്നാലും സാരമില്ല .
ആലപ്പുഴയില്‍ എവിടെയാണ് സാറിന്റെ വീട് ?
ഞാന്‍ പൂന്തോപ്പില്‍ ആണ്

ചെറുവാടി,സന്ദര്‍ശനത്തിനും കമന്റിനും സുസ്വാഗതം.
കുഞ്ഞിക്കുട്ടന്‍ , ഞാന്‍ ആലപ്പുഴയില്‍ ആയിരുന്നു .ഇപ്പോള്‍ പുന്നപ്രയില്‍ ആണ്.സന്ദര്‍ശനത്തിനും കമന്റിനും സുസ്വാഗതം.

സംഭവിച്ചത് എന്താണെന്നറിയില്ല.ഇക്ക പറഞ്ഞ പോലെ ആ കുട്ടി സുരക്ഷിതയായി വീട്ടിലെത്തിയിരിക്കും എന്നു വിശ്വസിക്കാം.യാത്ര എനിക്കും ഏറെ ഇഷ്ട്ടമാണു.

ജുവൈരിയ,സന്തോഷം സന്ദര്‍ശനത്തിനും കമന്റിനും.വിശ്വാസം അതല്ലേ എല്ലാം?

ആ പെൺകുട്ടി കബളിപ്പിക്കപ്പെട്ടുവോ എന്ന ഭയം എനിക്കും. പോസ്റ്റ് ഇ ഷ്ടമായി.

ആ പെണ്‍കുട്ടി കബളിപ്പിക്കപ്പെട്ടില്ല എന്ന് വിശ്വസിക്കാനാണ് സര്‍,എനിക്കിഷ്ടം.

ഏയ്..അങ്ങനെയൊന്നും ഉണ്ടാവില്ല.ആളുകള്‍ അത്ര ചീത്തയൊന്നുമല്ല.

അതെ,മുല്ല,അന്ന് ആളുകള്‍ ഇത്രയും പ്രശ്നക്കാര്‍ അല്ലായിരുന്നു.അതാണ്‌ ഒരു ആശ്വാസം.

അയാള്‍ വിശ്വസ്തന്‍ ആയിരിക്കാം എന്ന് കരുതാം..

യാത്ര ചെയ്യുന്നവര്‍ക്കെ അനുഭവങ്ങള്‍ കാണൂ..
യാത്രാവിവരണം ഭംഗിയായി ഒതുക്കിപ്പറഞ്ഞിരിക്കുന്നു.

നന്ദിയുണ്ട്,എക്സ് -പ്രവാസിനീ,ഇനിയും വരിക.

കര്‍മ്മണ്യേ വാധികാരസ്തേ മാ ഫലേഷു കദാചന

Post a Comment