Monday, January 17, 2022

ഏപ്രില്‍ ഫൂള്‍ ..ചില ഗതകാല ചിന്തകള്‍..

36

ഏപ്രിൽ ഫൂൾ... ചില ഗതകാല ചിന്തകൾ                                                                      
                   ഇന്നത്തെ കാലത്ത് ഒട്ടും മഹത്വം അവകാശപ്പെടാന്‍  ഇല്ലാത്ത ഒരു ദിവസമാണല്ലോ ഏപ്രില്‍ ഒന്ന്...പണ്ട് ഏപ്രില്‍ ഫൂള്‍ എന്ന പേരില്‍  യുവാക്കളുടെ ഇടയില്‍   ഒരു ഹരമായിരുന്നു  ഈ ദിനം...ചിരിക്കാനും ചിരിപ്പിക്കാനും ഒരു ദിനം...മറ്റുള്ളവരെ വിഡ്ഢികള്‍ ആക്കാനും സ്വയം വിഡ്ഢി ആവാനും ഒരു ദിനം..അടുത്ത കാലത്ത് ഇങ്ങനെ ഒരു ദിനം വന്നു പോകുന്നത് അറിയുന്നു പോലുമില്ല...  മുന്‍പത്തെ സ്ഥിതി തികച്ചും വ്യത്യസ്തം ആയിരുന്നു...കൌമാര പ്രായത്തില്‍ ഉള്ള ഞങ്ങള്‍ ഒരാഴ്ച മുന്‍പേ രഹസ്യമായി ഒരുക്കം തുടങ്ങും...മാർച്ച്‌ മുപ്പത്തി ഒന്നിന് രാത്രി കാണിച്ചു കൂട്ടേണ്ട കോമാളിത്തരം  എന്തൊക്കെ ആയിരിക്കണം എന്നുള്ളതാണ് ആദ്യം തീരുമാനിക്കുക..                         തീരുമാനം ആയിക്കഴിഞ്ഞാല്‍ പിന്നെ അത് പ്രവര്‍ത്തിയില്‍ കൊണ്ടുവരണം... അന്നത്തെ "അമൂല്‍ പുത്രന്മാര്‍" പോലും ആവേശത്തോടെ പങ്കെടുക്കുന്ന ഒരു ചടങ്ങായിരുന്നു  അത്. അവസാനം പങ്കെടുത്ത ഒരു ഏപ്രില്‍ ഫൂള്‍ ആഘോഷം കുറെ വേദനയും തന്നു..അത് ഇപ്പോഴും മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നു. ആദ്യമായി  പോലീസിനു വരേണ്ടി വന്ന ആഘോഷം, അവസാനമായും...
                                                                            കൊങ്കണ്‍ ബ്രാഹ്മണരുടെ ഒരു വലിയ ക്ഷേത്രത്തിന്റെ അടുത്തായിട്ടായിരുന്നു അന്ന് വീട്...ഈ ക്ഷേത്രത്തിന്റെ നാല് വശത്തും റോഡുകള്‍ ഉണ്ടായിരുന്നു...മുന്‍വശത്ത് വലിയ ആന വാതിലും വശങ്ങളില്‍ ചെറിയ വാതിലുകളും.. ഒരു പ്രത്യേകത ഉണ്ടായിരുന്നത്, പടികള്‍ എല്ലാം കരിങ്കല്ലിന്റെ വലിയ ബീമുകള്‍ ആയിരുന്നു...ആന പിടിച്ചാലും അനങ്ങാത്ത തരത്തിലുള്ളത്..ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി ധാരാളം കൊങ്കണിമാര്‍ താമസം ഉണ്ടായിരുന്നു..അതുകൊണ്ട് തന്നെ സുഹൃത്തുക്കള്‍ ആയി ധാരാളം കൊങ്കണി കുട്ടികള്‍ ...വേണുഗോപാല പൈ, നാരായണ ഷേണായി, ജയാനന്ദ പ്രഭു, എന്നിവര്‍ അവരില്‍ ചിലര്‍...കൂടെ തമിള്‍ ബ്രാഹ്മണര്‍ ആയ വിദ്യാ ശങ്കര്‍ അയ്യര്‍ , ദൊരൈ സ്വാമി അയ്യര്‍ ..എന്നിവരും ...എല്ലാവരുടെയും നേതാവായി  സാക്ഷാല്‍ സുധാകര പൈ..                           ഒരു റാലി സൈക്കിള്‍ പോലും  ആഡംബരം ആയിരുന്ന കാലം..അന്നാണ് സുധാകര പൈ "ബുള്ളറ്റ്‌" ബൈക്കില്‍ ചെത്തിയിരുന്നത്... ഞങ്ങള്‍ "ചെറു സെറ്റുകള്‍ക്ക് " എന്നും ആരാധന ആയിരുന്നു സുധാകര പൈയോട്...അപ്പോള്‍ പറഞ്ഞു വന്നത് ഇതാണ്...ഏപ്രില്‍ ഫൂള്‍ ആഘോഷത്തിന്റെ അമരത്ത്  ഇദ്ദേഹം ആണ്..ഞങ്ങളൊക്കെ അണികളും...ഈ പറഞ്ഞവരില്‍ ജയാനന്ദ പ്രഭു ഒരു ഒന്നാം തരം പേടിത്തൊന്ടന്‍ ആണ്..അത് കൊണ്ട് ഈ പരിപാടിക്ക് മാത്രം ഞങ്ങളുടെ കൂടെ കൂടില്ല...ആരെങ്കിലും പിടിച്ചു  തല്ലിയാലോ എന്ന പേടി...
                                                                                                        പതിവ് പോലെ ഞങ്ങള്‍ ഒത്തു കൂടി...കൃത്യം പന്ത്രണ്ടു മണിക്കാണ് "ഓപറേഷന്‍" തുടങ്ങുക..  ആദ്യമായി കുറച്ചു പത്തു പൈസ  നാണയങ്ങള്‍ എടുത്തു ഒരു വശം ചേര്‍ന്ന് ആണി കയറ്റി വെച്ചു...  ഇത് റോഡില്‍ തറക്കാന്‍ ആണ്..എന്നിട്ട് പാതി മണ്ണിട്ട്‌ മൂടും ..ആരുടെയോ  കയ്യില്‍ നിന്ന് വീണു പോയത് പോലെ തോന്നിക്കാന്‍...ഇത്  അതി രാവിലെ പള്ളിയില്‍ പോകുന്ന അമ്മച്ചിമാര്‍ക്കുള്ളതാണ്... ഞങ്ങള്‍ രാത്രിയിലെ  പരിപാടി ഒക്കെ കഴിഞ്ഞു  ആസ്വദിക്കാന്‍ മാറി ഇരിക്കുന്നുണ്ടാവും ഒന്നും അറിയാത്ത പോലെ...കുളത്തിന്റെ അരികില്‍ കണ്ണടച്ച് ധ്യാനിക്കുന്ന കൊക്കിനെപ്പോലെ... ചില അമ്മച്ചിമാര്‍ പൈസയില്‍ ഒരു പിടി  പിടിക്കും ..കിട്ടിയില്ലെങ്കില്‍ നാലുപാടും നോക്കി ആരും കണ്ടില്ല എന്ന് ഉറപ്പു വരുത്തി സ്ഥലം വിടും...ചിലര്‍ അത്ര പെട്ടെന്ന് പരാജയം സമ്മതിക്കില്ല...അവര്‍ ഒരു പിടിക്ക് കിട്ടിയില്ലെങ്കില്‍ ഒന്ന് കൂടി മണ്ണ് മാറ്റി ഒരു പിടി കൂടി പിടിക്കും..ആണിയുടെ തല കാണുന്നതോടെ അവരും നാലുപാടും നോക്കി  ആരും കണ്ടില്ല എന്ന് ഉറപ്പു വരുത്തി സ്ഥലം കാലിയാക്കും...ഇത് കുറെ നേരം തുടരും... പലരായിട്ട്...അവരൊക്കെ മടുത്തു മാറുമ്പോള്‍ ഞങ്ങള്‍  ഈ പൈസ ഇളക്കി മാറ്റും...ഇത് എല്ലാ കൊല്ലവും ഉള്ള ഒരു ചടങ്ങാണ്..
                 അടുത്തത്  ഗേറ്റ്  പരസ്പരം മാറ്റി വെയ്ക്കലാണ്...പല വീട്ടുകാരുടെയും ഒരു വലിയ തല വേദന ആയിരുന്നു ഇത്...പലര്‍ക്കും അവരുടെ ഗേറ്റ് കിട്ടുന്നത് വേറെ എവിടെ നിന്നൊക്കെയോ  ആയിരിക്കും...ഗേറ്റ് ഊരി എടുത്തു   പാകമായ ഇടം കിട്ടാന്‍ വേണ്ടി എത്ര നടക്കാനും അന്ന് മടിയില്ല... പാകമായില്ലെന്കില്‍ ചാരി വെച്ചിട്ട് തടി ഊരി എടുക്കും...പലര്‍ക്കും കഷ്ട്ടപ്പാടാണ് അവരവരുടെ ഗേറ്റ് തിരിച്ചു കിട്ടാന്‍...ഒരു പക്ഷെ അവരും ഇതൊക്കെ അസ്വദിച്ചിരിക്കും എന്ന് തോന്നുന്നു...അന്ന് മനുഷ്യരുടെ സഹന ശക്തി കൂടുതല്‍ ആയിരിക്കാം..ഇന്ന് ഉറുമ്പ്‌ കടിച്ചാല്‍ പോലും നമുക്ക് സഹിക്കുമോ??മനുഷ്യാവകാശവും പിന്നെ ഇന്ത്യന്‍ പീനല്‍ കോഡിലെ വ്യവസ്ഥകളും ഒക്കെ രംഗത്ത് വരില്ലേ???ഇന്നത്തെ നില വെച്ച് നോക്കിയാല്‍ ഞങ്ങള്‍ ചെയ്തത് പലതും കടുംകൈകള്‍ തന്നെ ആയിരുന്നു... ഒരിക്കല്‍ ഞങ്ങളെ കൊണ്ട് പൊറുതി മുട്ടിയ ഒരു വീട്ടുകാരന്‍ ഉണര്‍ന്നു ലൈറ്റ് ഇടാതെ വീട്ടിനുള്ളില്‍ പതുങ്ങി  ഇരുന്നു..ഞങ്ങള്‍ പതിവ് പോലെ അയാളുടെ ഗേറ്റില്‍ പിടിച്ചതും "ആരെടാ" എന്നൊരു അലര്‍ച്ച കേട്ടു,അകത്തു നിന്ന്...അങ്ങനെ ആദ്യത്തെ അനുഭവം...അപ്പോള്‍ ലീഡര്‍ സുധാകര പൈ പറഞ്ഞു " ആരും ഓടരുത്" എന്ന്..നോക്കിയപ്പോള്‍  പീറ്റി ഉഷ തോറ്റു പോകുന്ന വേഗത്തില്‍ സുധാകര പൈ പായുകയാണ്...ദോഷം പറയരുതല്ലോ,  ഓട്ടത്തിലും പറയുന്നുണ്ട്,  "ആരും ഓടരുത്" എന്ന്...പിന്നെ ഞങ്ങള്‍ നില്‍ക്കുമോ...ഓടി  അസ്സലായി തന്നെ...അതിനു മുന്‍പ് ആറു ഗേറ്റുകള്‍  പരസ്പരം മാറ്റി വെച്ച് കഴിഞ്ഞതിനാല്‍ അന്ന് പിന്നെ ഗേറ്റ് പൊക്കാന്‍ പോയില്ല...അത് കൊണ്ട് തന്നെ സമയം ധാരാളം ബാക്കി വന്നു..
                                                                              പക്ഷെ മിച്ചം വന്ന   സമയം നന്നായി തന്നെ ഉപയോഗിച്ചു...ക്ഷേത്രത്തിന്റെ വടക്ക് വശത്തു പടിയായി ഇട്ടിരുന്ന  , ഏകദേശം പതിനഞ്ച് അടി നീളവും ഒരടി പൊക്കവും ഉള്ള ഭീമന്‍ കരിങ്കല്‍ പാളി തിരിച്ചു റോഡില്‍ വെച്ചപ്പോള്‍ ഒരു സൈക്കിള്‍ പോലും പോകാത്ത രീതിയില്‍ റോഡ്‌  ബ്ലോക്ക്‌ ആയി....ഭഗീരഥ പ്രയത്നം തന്നെ വേണ്ടി വന്നു എങ്കിലും നേരം വെളുത്തു കഴിഞ്ഞ് ഉണ്ടാവാന്‍ പോകുന്ന പുകില്‍ ഓര്‍ത്തപ്പോള്‍ സന്തോഷം ആയി...ഇനി, കൂടെ കൂടാത്ത ജയാനന്ദ പ്രഭുവിന് ഒരു "പണി" കൊടുക്കാം എന്ന് നിശ്ചയിച്ചു...അവന്റെ പറമ്പിലേക്ക് കയറാന്‍ പടിപ്പുരയും വാതിലും ആയിരുന്നു...മരം കൊണ്ടുള്ള വലിയ വാതില്‍...രാവിലെ   കൃത്യം ആറു മണിക്ക് അത് തുറക്കും...ഞങ്ങള്‍ ഒരു വലിയ വാഴ വെട്ടി കൊണ്ട് വന്നു..എന്നിട്ട് , ഈ വാതില്‍ തുറന്നാല്‍ ഉടനെ   ഹട പടനോ ...എന്ന് വീഴാന്‍ പാകത്തില്‍ ചാരി വെച്ചു..അപ്പോഴേക്കും വെളുപ്പിന് അഞ്ചു മണിയായി...ഇനി ഏതാനും നിമിഷങ്ങള്‍ക്കകം വെട്ടം വീഴും...വിതച്ചത് കൊയ്യാന്‍ പാകമായി....
                                                             അമ്മച്ചിമാര്‍ വരവ് തുടങ്ങി...ചട്ടയും മുണ്ടും ഉടുത്ത്, കവണി കയ്യില്‍ പിടിച്ചു കൊണ്ടുള്ള ഓട്ടമാണ്..ആദ്യ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വേണ്ടി...അങ്ങനെയുള്ള ചട്ടയും മുണ്ടും ധരിക്കുന്ന അമ്മച്ചിമാരെ അടുത്ത കാലത്ത് കാണാനേ ഇല്ല...മുണ്ടിന്റെ പുറകു വശത്ത് വിശറി പോലെ ഞൊറിവ് ഒക്കെ ഇട്ട്..  നല്ല പുളിച്ച ഭാഷയും പറഞ്ഞാണ് വരവ്...കാരണം നേരത്തെ പിടിച്ചു വെച്ച കരിങ്കല്‍ പാളി ചാടി   കടന്നു വേണം വരാന്‍...ആ ദേഷ്യം  പൈസയോടു തീര്‍ത്തു...പിടിച്ചു വലിച്ചിട്ട് വരാത്ത പൈസയോടും ഉച്ചത്തില്‍ കലഹിച്ചു...
അപ്പോള്‍ അതാ ജയന്റെ പടിപ്പുര വാതില്‍ തുറക്കുന്ന ശബ്ദം...വാഴ അതിറെ ജോലി ഭംഗിയായി നിര്‍വഹിച്ചു..ഉദ്ദേശിച്ചത് പോലെ തന്നെ വലിയ  ആരവത്തോടെ തുറന്ന വാതിലിന് ഉള്ളിലേക്ക് വാഴ വീണു.  ഒപ്പം ഒരു നിലവിളിയും...അബദ്ധം പറ്റി...ജയന് പകരം വാതില്‍ തുറന്നത് അവന്റെ അമ്മയായിരുന്നു...അവര്‍ നന്നായി പേടിച്ചാണ് നിലവിളിച്ചത്...ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു...ജയന്‍ ഇറങ്ങി പുറത്തു വരുന്നതിനു മുന്‍പ് ഞങ്ങള്‍ സ്ഥലം കാലിയാക്കി...അല്ലെങ്കില്‍ അവന്റെ വകയും വന്നേനെ.
                                                             ഏകദേശം എട്ടു മണിയോടെ റോഡില്‍ വലിച്ചിട്ട കരിങ്കല്‍ പാളി വലിയ പ്രശ്നമായി...പിള്ളേരു കളിയോട് എതിര്‍പ്പുള്ള  ചില കൊങ്ങിണിമാര്‍ വട്ടം കൂടി...ആരോ പോലീസിലും അറിയിച്ചു..രംഗം വഷളാകുന്നത് കണ്ടു ഞങ്ങള്‍ വലിഞ്ഞു നിന്നു. ഒന്‍പതു മണിയോടെ പോലീസ്‌ ജീപ്പ് വന്നു നിന്നു. ഇന്‍സ്പെക്ടര്‍ പതിവ് ശൈലിയില്‍ ചാടി ഇറങ്ങി. ഇന്നത്തെ പോലെ പാന്റ് അല്ല , വടി പോലെ നില്‍ക്കുന്ന നിക്കര്‍ ആണ്. ഇന്‍സ്പെക്ടര്‍ പരന്ന തൊപ്പിയില്‍. അരയില്‍ തോക്കും...പോലീസുകാര്‍ കൂര്‍ത്ത തൊപ്പി വെച്ചിരിക്കുന്നു...അവരും നിക്കര്‍ തന്നെ...ഞങ്ങള്‍ എല്ലാരും മഷി ഇട്ടു നോക്കിയാല്‍ കിട്ടാത്ത രീതിയില്‍ ഒളിച്ചു...പോലീസിനെ അത്ര പേടിയാണ് അന്ന്. ഇന്നും...ജയന്‍ ഞങ്ങളോടുള്ള ദേഷ്യം തീര്‍ക്കാന്‍ അവിടെ കൂടി നിന്നിരുന്ന ആളുകളുടെ  കൂടെ  കൂടി...അവിടെ കൂടിയവര്‍ ഒരേ സ്വരത്തില്‍ പോലീസിനോട് പറഞ്ഞു...ഇത് ആ കുരുത്തം കെട്ട പിള്ളാരുടെ പണി ആണെന്ന്...പറഞ്ഞു കൊണ്ട് നില്‍ക്കുമ്പോള്‍ ഇന്‍സ്പെക്ടര്‍ അലറി..."വലിച്ചു മാറ്റെടാ, കല്ല്‌. മാഞ്ഞാലം പറയുന്നോ"  ഇത് കേട്ടപ്പോള്‍ പലരും വലിയാന്‍ നോക്കി...ഒരാളെയും വിടാതെ എല്ലാവരെ യും കൂട്ടി പോലീസുകാര്‍ വളരെ ശ്രമപ്പെട്ട് കല്ല്‌ പഴയ പടി ആക്കി  റോഡ്‌ തുറന്നു കൊടുത്തു...പിന്നെ കണ്ടപ്പോള്‍ ജയന്‍ പറഞ്ഞു, നിങ്ങള്‍ വഴി മുടക്കി...ഞാനും കൂടി  പണിഞ്ഞതു കൊണ്ടാണ് വഴി തുറന്നത് എന്ന്. അപ്പോള്‍ വഴി മുടക്കാന്‍ ഇല്ലാത്ത ക്ഷീണം വഴി തുറന്നു കൊണ്ട് ജയന്‍ പരിഹരിച്ചു. അവനു ഞങ്ങളോടുള്ള ദേഷ്യം കല്ല്‌ പിടിച്ചപ്പോള്‍ ഉണ്ടായ വിയര്‍പ്പിന്റെ കൂടെ ഒഴുകി പോയി...അതിനടുത്ത വര്‍ഷം ഏപ്രില്‍ ഫൂള്‍ ആഘോഷിക്കാന്‍ ,എന്നും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന , സുധാകര പൈ ഇല്ലായിരുന്നു...അതിനു മുന്‍പ് തന്നെ അയാള്‍ ഞങ്ങളെ ഒക്കെ കണ്ണീര്‍ അണിയിച്ച് കൊണ്ട് പരലോകത്തേക്കു യാത്ര ആയിരുന്നു...അങ്ങനെ സുഹൃത് വലയത്തില്‍ നിന്നും ആദ്യമായി അറ്റ കണ്ണി ആയി തീര്‍ന്നു സുധാകര പൈ. അതോടെ ഞങ്ങളുടെ ഏപ്രില്‍ ഫൂള്‍ ആഘോഷവും അന്ന്യം നിന്നു. നീണ്ട അൻപതു വര്‍ഷം പിന്നിട്ടു.. ഇന്നും കണ്ണീര്‍ അണിയിക്കുന്ന ഓര്‍മ്മയായി മനസ്സിന്റെ കോണില്‍ ജ്വലിച്ചു നില്‍ക്കുന്നു,സുധാകര പൈ, ചിരിച്ചും ചിരിപ്പിച്ചും...

ഷാനവാസ്‌.
      
                                                                 

Thursday, January 19, 2012

ഷെഹ്സാദ് ഭായ്....അകാലത്തില്‍ പൊലിഞ്ഞ എന്‍റെ ഭായ്...

57

                                                                         ഷെഹ്സാദ് ഭായ്...ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഊര്‍ജ്ജസ്വലനായ യുവ വ്യവസായി...നൂറു വര്‍ഷത്തില്‍ ഏറെയായി മരവ്യയവസായത്തില്‍ ഏര്‍പ്പെട്ട ഒരു ഉന്നത കുടുംബത്തിലെ  സുപ്രധാന കണ്ണി..ഗുജറാത്തില്‍ വേരുകള്‍ ഉള്ള, ഇപ്പോള്‍ മുംബൈ ആസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനം.. പതിനൊന്നു വര്‍ഷം മുന്‍പ് ഞാന്‍ ആദ്യം കാണുമ്പോള്‍ പ്രായം മുപ്പത്തഞ്ചു  വയസ്സ്..എന്നെക്കാള്‍ പത്തു വയസ്സ് കുറവ്..ഇപ്പോള്‍ വേദനിപ്പിക്കുന്ന ഓര്‍മ്മയായി..എന്റെ പ്രിയ ഷെഹ്സാദ് ഭായ്...
                                                                        രണ്ടായിരത്തിലെ ഒരു തണുത്ത ഡിസംബര്‍ രാത്രിയില്‍, നാഗ്പൂരിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ആദ്യമായി  കാണുന്നത്... ഞാന്‍ നാഗ്പൂര്‍ വിടാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തി  ആക്കിയിരുന്നു...മാര്‍ച്ച് മാസം കഴിയാന്‍ വേണ്ടി , കുട്ടികളുടെ പരീക്ഷ കഴിയാന്‍ വേണ്ടി, അക്ഷമയോടെയുള്ള കാത്തിരിപ്പ്‌...നാളികേരത്തിന്റെ നാട്ടിലുള്ള നാഴി ഇടങ്ങഴി മണ്ണിലേക്കുള്ള മടക്കം...നാട്ടില്‍ അതിനിടയില്‍ തന്നെ ഒരു ചെറുകിട വ്യവസായം തുടങ്ങാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയിരുന്നു...ഇനി കെട്ടാന്‍ ഉള്ളത് ഒരു തൊഴിലുടമയുടെ വേഷം... അപ്പോഴാണ്‌ ആകാശത്തില്‍ നിന്നും എന്ന പോലെ ഷെഹ്സാദ് ഭായ് പ്രത്യക്ഷപ്പെടുന്നത്...ആറടിയില്‍ അധികം  പൊക്കം..പ്രകാശം വഴിഞ്ഞൊഴുകുന്ന മുഖം...വെറും അഞ്ചേകാല്‍ അടിയുള്ള ഞാന്‍ ആകാശം നോക്കുനത് പോലെ നോക്കിയാലേ, ഭായിയുടെ മുഖം കാണാന്‍ പറ്റൂ... ഇന്ത്യയിലെ മറ്റു തുറമുഖങ്ങള്‍ എന്ന പോലെ മംഗലാപുരത്തും ഭായി മരം ഇറക്കുന്നുണ്ട്. അവിടെ നിന്നും ഒരു വിളിപ്പാട് അകലെ  കേരളത്തിന്റെ വടക്കേ തുഞ്ചത്ത് , കേരളാ അതിര്‍ത്തിക്ക് അകത്തായി ഭായിക്ക് ഒരു പ്ലയ് വുഡ്‌ ഫാക്ടറി ഉണ്ട്...അതിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ എന്നെയും കൂടി കൂട്ടുക എന്നതാണ് ഭായിയുടെ ഉദ്ദേശം..
                                                                        ഞാന്‍ കഴിയുന്നതും ഒഴിഞ്ഞു നോക്കി , സ്വന്തമായി നാട്ടില്‍ ഒരു ചെറു വ്യവസായം തുടങ്ങുന്നു...അത് കൊണ്ട്, എന്നെ ഒഴിവാക്കണം എന്നൊക്കെ...പക്ഷെ, കൂടുതല്‍ പഠിച്ചു കൊണ്ടായിരുന്നു ഭായിയുടെ വരവ്...ഭാര്യയും മറ്റൊരു ഫാക്ടറി നാഗ്പൂരില്‍ ഓടിക്കുന്ന കാര്യം ഭായ് എങ്ങനെയോ മനസ്സിലാക്കി...അതില്‍ പിടിച്ചായി പിന്നെ സംസാരം..എന്റെ ഫാക്ടറി  ഭാര്യ നോക്കിക്കൊള്ളും എന്ന് ഭായ്. .. വളരെ  വാദിച്ചു നോക്കി എങ്കിലും സ്നേഹ മസൃണമായ നിര്‍ബന്ധത്തിനു മുന്നില്‍ ഞാന്‍ പരാജയപ്പെട്ടു... വളരെ വിഷമത്തോടെ ആണെങ്കിലും ഞാനും കുടുംബവും വിഭജിക്കപ്പെട്ടു...കുടുംബം നാട്ടിലും ഞാന്‍ മംഗലാപുരത്തും...
                                                                           വറചട്ടിയില്‍ നിന്നും എരിതീയിലേക്ക് വീണത്‌ പോലെ ആയി എന്റെ കാര്യം...മുതലാളി ആകാന്‍ തുനിഞ്ഞ എന്നെ ഷെഹ്സാദ് ഭായ് വീണ്ടും കാര്യസ്ഥന്‍ ആക്കി... ഭാര്യയെ  സ്വന്തം  ഫാക്ടറിയുടെ താക്കോല്‍ ഏല്‍പ്പിച്ച് ഞാന്‍ മംഗലാപുരത്തേക്ക് വണ്ടി കയറി.....എങ്കിലും ഭായി ഒരു ഗുണം ചെയ്തു...നാട്ടില്‍ എപ്പോള്‍ വേണമെങ്കിലും പോയി വരാനുള്ള അനുമതി എനിക്ക് നല്‍കി...അതുകൊണ്ട്  തന്നെ , രണ്ടു വള്ളത്തിലും കാലു വെച്ചുള്ള യാത്ര എനിക്ക് അത്ര ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല എന്ന് പറയാം...ഭായി മാസത്തില്‍ ഒരു വട്ടം ഫാക്ടറിയില്‍ വന്നിരുന്നു...ആദ്യ വരവില്‍ തന്നെ എനിക്ക് പണിയും ആയി ആണ് വന്നത്. ഫാക്ടറിക്ക് ആവശ്യമുള്ള മരങ്ങള്‍ നേരിട്ട് ബര്‍മ്മയില്‍ പോയി തെരഞ്ഞെടുത്തു വരിക... രണ്ടു മാസത്തില്‍ ഒരിക്കല്‍ ബര്‍മ്മയില്‍ പോവുക...അവിടെ ഓരോ പ്രാവശ്യവും ഒരാഴ്ച താമസിക്കുക... അത് വരെ, നീണ്ട വിശ്രമത്തില്‍ ആയിരുന്ന എന്റെ പാസ്പോര്‍ട്ടിന് നല്ല പണിയായി...
                                                                                ആദ്യമായി ഉള്ള പോക്ക് ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നു..എന്റെ കൂടെ ഫാക്ടറിയിലെ തന്നെ ഒരു ഷേണായിയും ഉണ്ട്..ബര്‍മ്മയിലെ ഓഫീസും മറ്റും പരിചയപ്പെടുത്താന്‍ ആയി...വിസ അടിക്കാന്‍ കൊടുത്ത എന്റെ പാസ്പോര്‍ട്ട് മുംബൈ ഓഫീസില്‍ നിന്നും വാങ്ങാന്‍ പറഞ്ഞത് അനുസരിച്ച് , മുംബയില്‍ എത്തി ഓഫീസില്‍ വിളിച്ചപ്പോള്‍  പാസ്പോര്‍ട്ട് ഡല്‍ഹിയില്‍ നിന്നും എത്തിയിട്ടില്ല എന്നറിഞ്ഞു...കടിഞ്ഞൂല്‍ യാത്ര തന്നെ കുളമാകും എന്ന ആശങ്കയില്‍ ഞാന്‍ ഭായിയെ വിളിച്ചു...അപ്പോള്‍ ഭായ്  എയര്‍പോര്‍ട്ടില്‍ തന്നെ ഉണ്ട്... സമയം രണ്ടു മണി..നാലുമണിക്കുള്ള  കൊല്‍കാത്ത ഫ്ലൈറ്റിന് പോകേണ്ടതാണ്...പക്ഷെ , അത് കഴിഞ്ഞു മുന്നോട്ടു പോകാന്‍ പാസ്പോര്‍ട്ട് വേണ്ടേ??പിറ്റേന്ന് രാവിലെ ആണ് യാന്ഗോണ് (നമ്മുടെ പഴയ റണ്ഗൂന്‍ തന്നെ. ) ഫ്ലൈറ്റ്‌..   ഞാന്‍  ഭായിയെ കണ്ടു...ഭായിക്ക്  ഒരു അങ്കലാപ്പും കണ്ടില്ല...പെട്ടെന്ന് ഒരാള്‍ എയര്‍പോര്‍ട്ടിന്റെ ഉള്ളില്‍ നിന്നും വന്നു ..ഭായിയുടെ കയ്യില്‍ ഒരു  കവര്‍ കൊടുത്തു...ഭായ്‌ അത് എനിക്ക് തന്നു... അത് തുറന്നു നോക്കിയപ്പോള്‍ ഞാന്‍ അന്തം വിട്ടു പോയി...വിസ അടിച്ച എന്റെ പാസ്പോര്‍ട്ട് ആയിരുന്നു അത്..അന്ന് രാവിലെ മാത്രം വിസ അടിച്ചു കിട്ടിയ പാസ്പോര്‍ട്ട്, ഡല്‍ഹിയില്‍ നിന്നും മുംബയ്ക്ക് വന്ന ഏതോ പൈലറ്റാണ് കൊണ്ടുവന്നത്... അതാണ്‌ ഷെഹ്സാദ് ഭായ്... എന്റെ മുന്നോട്ടുള്ള യാത്ര സുഗമം ആക്കാന്‍ വേണ്ടി, സ്വയം എയര്‍പോര്‍ട്ടില്‍ കാത്തു നിന്ന ഭായി...
                          കുഞ്ഞുങ്ങളെ പോലെയുള്ള ശുണ്ടിയും പിടിവാശിയും ആയിരുന്നു ഭായിയുടെ മുഖമുദ്ര...പറയുന്നത് അബദ്ധം ആണെങ്കിലും കൂടെ മൂളി അന്ഗീകരിക്കണം..അത് പറ്റില്ല എന്ന് പറഞ്ഞാല്‍ ശുണ്ടിയായി...പിന്നെ തര്‍ക്കം ആയി...അവസാനം പറഞ്ഞത് അബദ്ധം ആണെന്ന് വരുമ്പോള്‍ , അങ്ങനെ മുന്നോട്ടു പോയാല്‍ വരുന്നത് ഭീമമായ നഷ്ടം ആണെന്ന്  തുടര്‍ ചര്‍ച്ചയിലൂടെ തെളിയുമ്പോള്‍ അഭിനന്ദിക്കാനും മടിയില്ല..പിന്നെ പറയും, "ഞാന്‍ പറയുന്നതിന് റാന്‍ മൂളാന്‍ എളുപ്പം ആണെന്ന്"..പക്ഷെ , അത് അന്തിമമായി എളുപ്പത്തിലുള്ള നഷ്ടമായും പരിണമിക്കും എന്ന്...പിന്നെപ്പിന്നെ എന്ത് പറയുമ്പോഴും , പുട്ടിനു പീര ഇടുന്നത് പോലെ പറഞ്ഞു കൊണ്ടിരിക്കും, "ഞാന്‍ പറയുന്നത് ശരി അല്ലെങ്കില്‍ എന്നെ തിരുത്തുക" എന്ന്... ലാഭ നഷ്ടങ്ങള്‍ നോക്കാതെ എന്തിലും എടുത്തു ചാടുക എന്നതാണ് ഭായിയുടെ രീതി...ചെയ്തു നോക്കിയാല്‍ അല്ലേ, ലാഭമോ നഷ്ടമോ എന്നത് അറിയാന്‍ പറ്റൂ എന്ന ചിന്തയാണ് ഭായിക്ക്...
                                                                     അരിമുറുക്ക് വലിയ ഇഷ്ടമായിരുന്നു,ഭായിക്ക്....അത് കൊണ്ട് തന്നെ ഫാക്ടറിയില്‍ വരുമ്പോള്‍ ഞാന്‍ പ്രത്യേകം അത് കരുതുമായിരുന്നു...ചര്‍ച്ചയ്ക്ക് അരി മുറുക്കും കഴിച്ചു കൊണ്ടാണ് ഭായി പങ്കെടുക്കുന്നത്...മുറുക്ക് തീര്‍ന്നാല്‍ പിന്നെ  അധികം ചര്‍ച്ച ഉണ്ടാവില്ല..ചായയും കുടിച്ചു പെട്ടെന്ന് പോകും... നഗരത്തിലെ ഗസ്റ്റ്‌ ഹൌസിലേക്ക്...
                                                                                 രണ്ടായിരത്തി ഏഴിലെ ഒരു ഏപ്രില്‍ സന്ധ്യ... ചര്‍ച്ച ആരംഭിക്കുകയാണ്... പതിവ് പോലെ അരിമുറുക്കും സ്ഥാനം പിടിച്ചു..പക്ഷെ, അന്നാദ്യമായി ഭായി പറഞ്ഞു, മുറുക്ക് വേണ്ട, പല്ല് വേദന ആണെന്ന്..അടുത്ത ദിവസവും പല്ല് വേദന കുറയാതെ വന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞതിന്പ്രകാരം  രക്തം പരിശോധിച്ചു...  വെളുത്ത രക്താണുക്കളുടെ സംഖ്യ വളരെ കൂടിയതായി കണ്ടു..അടുത്ത ദിവസവും നോക്കി..അപ്പോള്‍ വീണ്ടും കൂടി.. ഡോക്ടര്‍ക്ക് സംശയം ആയി..അയാള്‍ പറഞ്ഞു  , ഇനി ഇവിടെ നില്‍ക്കണ്ട, വേഗം മുംബയിലെ ടാറ്റാ  ആശുപത്രില്‍ പരിശോധിക്കാന്‍...ഉടന്‍ തന്നെ  അവിടെ എത്തി, പരിശോധിച്ചു... പരിശോധനാഫലം ഞെട്ടിക്കുന്നതായിരുന്നു...ഭായിക്ക്  അര്‍ബുദമാണ്...രക്ത അര്‍ബുദം... ഈ ഭീകര രോഗം എന്റെ ഭായിക്ക് തന്നെ...ഇത്ര ചിട്ടയോടെ ജീവിക്കുന്ന, ഒരു ദു:സ്വഭാവവും ഇല്ലാത്ത , ഭായി...
                                                                                 അടുത്തത് കീമോ തെറാപ്പി ചെയ്യണം...എത്രയും വേഗം...അവസ്ഥ മോശമായി കൊണ്ടിരിക്കുകയാണ്...നാല് സഹോദരന്മ്മാരില്‍ ഏറ്റവും ഇളയതാണ് ഭായി.. കീമോ തെറാപ്പി ചെയ്യാന്‍ വേണ്ടി, ഭായിയെ അമേരിക്കയിലേക്ക് കൊണ്ട് പോയി...കൂടെ ഭാര്യയും ഒരു ജ്യേഷ്ട്ടനും പോയി...  അവിടെ കീമോ തെറാപ്പി  ചികില്‍സയ്ക്കു ശേഷം ആഗസ്റ്റ്‌ മാസം പകുതിയോടെ ഭായി മുംബയില്‍ തിരിച്ചെത്തി...പ്രകാശം ചൊരിഞ്ഞിരുന്ന കണ്ണുകള്‍ മങ്ങി, നിറം കുറഞ്ഞ്...ഒറ്റ രോമം പോലും ഇല്ലാതെ...ഭായിയെ ഈ രൂപത്തില്‍ കണ്ട എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു...ഇനി എനിക്ക് ഭായിയെ പഴയ രൂപത്തില്‍ എന്ന് കാണാന്‍ പറ്റും??? എന്തൊരു മാറ്റം...വിശ്വസിക്കാന്‍ തന്നെ കഴിയുന്നില്ല... പക്ഷെ, ഭായി അപ്പോഴും പറക്കാന്‍ തയ്യാറായി നില്‍ക്കുന്ന  വിമാനം പോലെയാണ്...ഇതില്‍ നിന്നും രക്ഷപെട്ടാല്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കണം എന്നതാണ്  ഭായിയുടെ ചിന്ത... ഇനി മജ്ജ മാറ്റി വെയ്ക്കല്‍ കൂടി കഴിഞ്ഞാല്‍  പഴയത് പോലെ ആകും എന്ന് ഭായി തറപ്പിച്ചു പറഞ്ഞു... സ്വന്തം സഹോദരിയുടെ മജ്ജ ചേരും എന്നും പരിശോധനയില്‍ നിന്നും മനസ്സിലായി...
                                                                                അതിനു ശേഷം പിന്നെ ഞാന്‍ ഭായിയെ കാണുന്നത് മുംബൈ ലീലാവതി ആശുപത്രിക്കിടക്കയില്‍ ആണ്. അന്നും ഭായി തറപ്പിച്ചു പറഞ്ഞു, കൂടുതല്‍ ശക്തിയുടെ തിരിച്ചു വരും എന്ന്... നവംബര്‍ ആദ്യം...ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നു... അങ്ങനെ ശസ്ത്രക്രിയ വിജയകരം ആയി  കഴിഞ്ഞു...... ഡോക്ടറും പറഞ്ഞു, എല്ലാം ശരി ആകും എന്ന്...ഏതാനും ദിവസങ്ങള്‍ അങ്ങനെ പോയി..പക്ഷെ ഭായിക്ക് ഇന്‍ഫെക്ഷന്‍ ആയി..നില വീണ്ടും   മോശമായി... പിന്നെയുള്ള ദിവസങ്ങള്‍ വെന്റിലേറ്ററില്‍....ഇന്ന് ശരിയാകും , നാളെ ശരിയാകും എന്ന പ്രതീക്ഷയില്‍...എല്ലാവരും പ്രാര്‍ഥനയില്‍...
                                                                ഡിസംബര്‍ മാസം പിറന്നു...ആറാം തീയതി ഭായിയുടെ പിറന്നാളാണ്... പക്ഷെ , എല്ലാ കണക്ക് കൂട്ടലും തെറ്റിച്ചു കൊണ്ട്, ഡിസംബര്‍ മൂന്നാം തീയതി വെളുപ്പിന് മൂന്നു മണിക്ക് , എന്റെ ഷെഹ്സാദ് ഭായി  നിത്യ നിദ്ര പ്രാപിച്ചു...അന്ന് രാവിലെ പത്തു മണിക്ക് തന്നെ, മയ്യത്ത് കബറടക്കി... അങ്ങനെ ഡിസംബര്‍ മൂന്ന് , എനിക്ക് വേദനയുടെ ദിനമായി...മുംബയില്‍ എത്തുമ്പോള്‍ ഒക്കെയും ആദ്യം ഓടി എത്തുന്നത്‌...മുംബൈ മറീന്‍ലൈന്‍  റയില്‍ സ്റേഷന്റെ എതിര്‍വശത്തുള്ള  കച്ചി  മേമന്‍ കബര്‍സ്ഥാനില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ഭായിയുടെ കബറിനു അരികില്‍...നമ്മ്രശിരസ്ക്കനായി കുറച്ചു നേരം... ഭായി മരിച്ചു എന്ന് വിശ്വസിക്കാന്‍ ഇന്നും എനിക്ക് പറ്റുന്നില്ല...അത്രയ്ക്ക് ആര്‍ജ്ജവം ഉള്ള ഒരു ആത്മബന്ധം ആണ്  പെട്ടെന്ന് മുറിഞ്ഞു പോയത്... നാല് സംവത്സരങ്ങള്‍ പിന്നിട്ടു എങ്കിലും ഒരിക്കലും പുതുമ നഷ്ട്ടപ്പെടാത്ത ഓര്‍മ്മകള്‍...


ഭായിയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഒരുപിടി കണ്ണീര്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു കൊണ്ട്....
                                                               

Tuesday, December 27, 2011

ഓര്‍മ്മയിലെ ഉത്സവങ്ങള്‍...

43

      അര നൂറ്റാണ്ട്  മുൻപ്.                                                              ഡിസംബര്‍ മാസം പിറന്നു വീഴുന്നത് തന്നെ  ശരണം വിളികള്‍ക്ക് കാതോര്‍ത്തു കൊണ്ടാണ്...അപ്പോള്‍ നാടും നഗരവും ഒരു ഉത്സവത്തിന്റെ ആവേശത്തില്‍ ആയിക്കഴിഞ്ഞിരിക്കും..."ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍" എന്ന പേരിലുള്ള  മാമാങ്കവും കേരളത്തില്‍ അലയടിക്കുന്നത് ഏതാണ്ട് ഇതേ സമയത്ത് തന്നെ...ആണ്ട് മുഴുവന്‍ ചെലവാക്കിയിട്ടും തീരാതെ എന്തെങ്കിലും കയ്യില്‍ മിച്ചം ഉണ്ടെങ്കില്‍ അത് ഈ മാമാങ്കതോടെ തീര്‍ന്നു കിട്ടും..ഇത് ഇപ്പോഴത്തെ കഥ...
                                                                          ഓര്‍മ്മയായ കാലം മുതല്‍ കാത്തിരുന്നത് മറ്റൊരു ഉത്സവത്തിന്‌ വേണ്ടി ആയിരുന്നു...അതെ, മുല്ലയ്ക്കല്‍ ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിലെ "ചിറപ്പ്" മഹോല്‍സവം കാണാന്‍ വേണ്ടി...അനുഭവിക്കാന്‍ വേണ്ടി...അത് ഈ മാസമാണ്...നഗരം മുഴുവന്‍ ഒരു പുതു പെണ്ണിനെ പോലെ  അണിഞ്ഞ് ഒരുങ്ങി നില്‍ക്കുന്ന കാഴ്ച അതി മനോഹരം...മുല്ലക്കല്‍ തെരുവില്‍ ഈ സമയത്ത് വാങ്ങാന്‍ കിട്ടാത്തത് ഒന്നുമില്ല...വഴി വാണിഭക്കാരുടെ തിരക്കാണ് എങ്ങും...
                                                                            ഈ തിരക്കിന് ഇടയിലേക്കാണ് ക്രിസ്മസ് ഇരച്ചു കയറുന്നത്...അതിനു മുന്‍പേ ക്രിസ്മസ് പരീക്ഷയും... അപ്പോള്‍ പഠിക്കാന്‍ എവിടെ നേരം??? അതിനു രണ്ടാം സ്ഥാനം കൊടുത്തു മൂലയില്‍ ഇരുത്തും...കുറച്ചു ദിവസത്തേക്ക്...മുല്ലക്കല്‍ ചിറപ്പില്‍ മുങ്ങണം..അതാണ്‌ പ്രധാനം... വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന പത്തു ദിവസമാണ് അര്‍മാദിക്കാന്‍... അത് വെറുതെ കളയാനോ??? അപ്പോഴേക്കും ജൈമ്സിന്റെ വീട്ടിലെ ക്രിസ്മസിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും... ഇന്നത്തെപ്പോലെ അന്ന് നക്ഷത്രങ്ങള്‍ വാങ്ങാന്‍ കിട്ടിയിരുന്നില്ല...മുളയുടെ വാരി ചീകി വെടിപ്പാക്കി സ്വന്തമായി നക്ഷത്രം ഉണ്ടാക്കണം.. പോരാത്തതിന് അവന്റെ വീട്ടില്‍ വൈദ്യുതിയുടെ മായാജാലം എത്തിയിട്ടും ഇല്ല,അന്ന്.. വര്‍ണ്ണ ക്കടലാസ് കൊണ്ട് ഭംഗിയായി ഉണ്ടാക്കിയ നക്ഷത്രതിനുള്ളില്‍ ചെറിയ വിളക്ക് കൊളുത്തി അത് വലിച്ചു മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ ആയിരിക്കും വിളക്ക് മറിഞ്ഞു വീണ് നക്ഷത്രവും വിളക്കും കത്തി നശിക്കുന്നത്..ചില വര്‍ഷങ്ങളില്‍ അഞ്ചും ആറും നക്ഷത്രങ്ങള്‍ വരെ ഉണ്ടാക്കേണ്ടി വന്നിട്ടുണ്ട്...അത് ഒരു മടുപ്പും തോന്നാതെ എല്ലാവരും ചേര്‍ന്ന് ഉത്സാഹത്തോടെ ചെയ്യും...ഇന്നോ??സന്തോഷ്‌ പണ്ഡിറ്റിന്റെ പേരില്‍ പോലും അല്ലെ നക്ഷത്രങ്ങള്‍ സുലഭം???കൂടാതെ വൈദ്യുതിയുടെ മായജാലവും...പണ്ടത്തെ കാര്യങ്ങള്‍ ഒരു മുത്തശി കഥ പോലെ പ്രാചീനം ആയി തോന്നുന്നു...
                                                                            നക്ഷത്രം ഉയര്‍ത്തി ഉറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ക്രിസ്മസ് കാരളിനു പോണം...ഈ പോകുന്ന കൂട്ടത്തില്‍ ജൈമ്സും ചാര്‍ളിയും മാത്രമേ ഉള്ളൂ ക്രിസ്ത്യന്‍...പത്തു പന്ത്രണ്ടു പേരുള്ള സംഘത്തില്‍ പട്ടരും കൊങ്ങിണിയും വരെ ഉണ്ടാവും...ക്രിസ്മസ് പപ്പാ ആയി വേഷം ഇടുന്നത് ഒന്നാം തരം പട്ടരും...പോരെ പൂരം..റാന്തല്‍ ആണ് വെളിച്ചത്തിനായി കൊണ്ട് പോകുന്നത്...കൊട്ടാന്‍ തകരപാട്ടയും ചെത്തിയവടിയും മറ്റും...അരണ്ട വെളിച്ചത്തില്‍ കാരള്‍ സംഘത്തെ ആര്‍ക്കും ശെരിക്കു മനസ്സിലാവില്ല... ഓരോ വീട്ടില്‍ നിന്നും കിട്ടുന്നതോ??? ഇന്ന് അന്യം നിന്ന് പോയ പത്തു പൈസയും നാലണയും... നാലണ അന്ന് വലിയ വിലയുള്ളതാ...അതും കാശുള്ള വീടുകളില്‍ നിന്നു മാത്രം കിട്ടുന്നത്... പാട്ടും കൂത്തുമായി രണ്ടു മണിക്കൂര്‍ അങ്ങനെ പോയിക്കിട്ടും...ക്രിസ്മസിന്റെ തലേന്ന് വരെ ഇത് തുടരും...
                                                                             ഇതിനിടയില്‍ നല്ല ഭംഗിയുള്ള ഒരു പുല്‍ക്കൂടും ഒരുക്കും...അതിനു വേണ്ടിയുള്ള പങ്കപ്പാടുകള്‍ എത്ര രസമായിട്ടാണ് തോന്നുന്നത്...ബലൂണുകളും ചെറിയ നക്ഷത്രങ്ങളും ഒക്കെ തൂക്കി നല്ല ഭംഗിയുള്ള പുല്‍ക്കൂട്...അതില്‍ അതീവ ശ്രദ്ധയോടെ  ഉണ്ണി യേശുവിന്റെയും ഔസെഫ് പിതാവിന്റെയും മാതാവിന്റെയും രൂപങ്ങള്‍...രാത്രി അരണ്ട വെളിച്ചത്തില്‍ തിളങ്ങുന്ന രൂപങ്ങള്‍....
                   ക്രിസ്മസ് പരീക്ഷ എഴുതി എന്ന് വരുത്തി , അവധിയിലേക്ക് പ്രവേശം..പിന്നെയുള്ള സമയം മുഴുവന്‍ നമുക്ക് സ്വന്തം... വീട്ടില്‍ ശല്യം ഇല്ലാത്തത് കൊണ്ട് അവിടെയും സ്വസ്ഥം..ഉച്ച കഴിഞ്ഞുള്ള നേരങ്ങളില്‍ നേരെ മുല്ലക്കല്‍ ക്ഷേത്രത്തിലേക്ക്...അവിടെ നല്ല മോരുംവെള്ളം വിതരണം ഉണ്ട്...ഫ്രീ ആയി..അത് ആവോളം വാങ്ങി കുടിക്കും..മിക്കവാറും ദിവസങ്ങളില്‍ ഹരിപ്പാട്‌ അച്യുത ദാസിന്റെ  "പാഠകം " ഉണ്ടായിരിക്കും..അവിടെ... പുരാണ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് , ഭാവഹാവാദികളോടെ അവതരിപ്പിക്കുന്ന ഈ കല എനിക്ക് വളരെ ഇഷ്ടമായിരുന്നു.. അത് കൊണ്ട് തന്നെ ഏറ്റവും മുന്നില്‍ തന്നെ ഇടം പിടിക്കുമായിരുന്നു... ഇതിനിടയില്‍ പാഠകക്കാരന്‍ , സദസ്യരില്‍ ചിലരെ സാന്ദര്‍ഭികമായി കളിയാക്കുകയും പതിവായിരുന്നു...അതിന്റെ രസം ഒന്ന് വേറെ...കളിയാക്കപ്പെടുന്നയാളും അത് വൈക്ലബ്യത്തോടെ  ആണെങ്കിലും ആസ്വദിച്ചിരുന്നു... മറ്റുള്ളവര്‍ കളിയാക്കപ്പെടുമ്പോള്‍ ആസ്വദിക്കാന്‍ നമുക്ക് എന്ത് രസമാണ്??? പക്ഷെ , ഒരു ദിവസം എന്നെയും പിടിച്ചു...അന്ന് ഞാന്‍ വിയര്‍ത്തു പോയി... അതിനു ശേഷം പിന്നെ ഒരിക്കലും പാഠകം കേള്‍ക്കാന്‍ മുന്‍പില്‍ പോയി ഇരുന്നിട്ടില്ല...എന്നാല്‍ പിന്നിലിരുന്നു ആസ്വദിച്ചിട്ടുണ്ട് താനും..
                                       അതിനു ശേഷം പ്രശസ്ത കലാകാരന്‍മാരുടെ നാദസ്വര കച്ചേരി തുടങ്ങും...അതും ആസ്വദിക്കാന്‍ വലിയ ജനക്കൂട്ടം ഉണ്ടാവും... രണ്ടു നാദസ്വര വിദ്വാന്‍മാരും രണ്ടു തകില്‍ വാദകരും ആണ് പ്രധാനം... അന്നത്തെ കേഴ്‌വി കേട്ട തകില്‍ വാദകര്‍ ആയിരുന്ന വളയപ്പെട്ടി എ .ആര്‍. സുബ്രമണ്യം, യാല്‍പ്പണം സുബ്രമണ്യം..എന്നിവരുടെ തനിയാവര്‍ത്തനം ഒരിക്കലും മറക്കാന്‍ കഴിയില്ല... രാത്രി ആയാല്‍ അതിലും വിശേഷം ..കരിമരുന്നു പ്രയോഗം ആണ് പിന്നെ...ഓരോ ദിവസവും ഒന്നിനൊന്നു മെച്ചം..കൂരിരുട്ടില്‍ ആകാശത്ത് പൊട്ടി വിടരുന്ന നക്ഷത്രങ്ങളെ പോലെ വര്‍ണ്ണം വാരി വിതറുന്ന അമിട്ടുകള്‍..അത് കഴിഞ്ഞു മാലപ്പടക്കത്തിന് തിരി കൊടുത്താല്‍ പിന്നെ ചെവിയില്‍ തിരുകിയ വിരലുകള്‍ ആണ് രക്ഷ...അത് കഴിഞ്ഞാല്‍   മുല്ലക്കല്‍, യേശുദാസിന്റെ ഗാനമേള ആണെങ്കില്‍ കിടങ്ങാംപറമ്പ് ക്ഷേത്രത്തില്‍ ജയചന്ദ്രന്റെ ഗാനമേള...ചിലപ്പോള്‍ തിരുവാമ്പാടി ക്ഷേത്രത്തില്‍ മാര്‍ക്കോസിന്റെ ഗാനമേള....ചില ദിവസങ്ങളില്‍ സാംബശിവന്റെ  കഥാപ്രസംഗം... ലോക ക്ലാസിക്കുകളെ പച്ച വെള്ളം കുടിക്കുന്ന ലാഘവത്തോടെ ശ്രോതാക്കളുടെ മനസ്സിലേക്ക് കടത്തി വിടുന്ന അനുപമം ആയ കല.....ആയിരങ്ങളെ ഒറ്റയാള്‍ പട്ടാളം കീഴ്പ്പെടുത്തുന്ന കല...  ടീവീയും മറ്റും നമ്മുടെ സമയം കീഴ്പ്പെടുത്തു ന്നതിന് മുന്‍പുള്ള കാലം... രാത്രി പന്തണ്ട് മണി വരെ ഈ പറയുന്ന ഇടങ്ങളിലെല്ലാം ഓട്ട പ്രദക്ഷിണം വെച്ച് കഴിയുമ്പോള്‍ കണ്ണുകള്‍ കനം വെച്ച് തൂങ്ങും..അതിനു ശേഷം നേരം വെളുക്കുന്നത് വരെ മേജര്‍ സെറ്റ്‌ കഥകളി...അതിന്റെ ആസ്വാദകര്‍ കുടുംബ സമേതം പായും ചുരുട്ടി വെച്ചാണ് വരവ്...കഥകളി തുടങ്ങുമ്പോള്‍ ഞങ്ങള്‍ വലിയും...കഥകളിയുടെ നിറപ്പകിട്ട് അല്ലാതെ അതിന്റെ മുദ്രകള്‍ ഒന്നും ഇന്നത്തെ പോലെ അന്നും ഒരു പിടിയും ഇല്ല...അതുകൊണ്ട് തന്നെ സമയം മിനക്കെടുത്താതെ വീട്ടില്‍ പോയി ഉറങ്ങും...
                                                                  ചില പകലുകളില്‍ പാമ്പാട്ടികള്‍ തെരുവ് കീഴടക്കും...അന്ന് പാമ്പ് വന്യ ജീവി അല്ലായിരുന്നത് കൊണ്ട്  പാമ്പാട്ടിയുടെ താളത്തിനൊത്ത് തുള്ളുന്ന പാമ്പുകള്‍ അത്ഭുതമായിരുന്നു..  അതിന്റെ കൂടെ അത്യാവശ്യം മാജിക്കുകളും അവര്‍ കാണിക്കുമായിരുന്നു... ഒരേ സമയം നാലും അഞ്ചും മൂര്‍ഖന്‍ പാമ്പുകള്‍ പത്തി വിടര്‍ത്തി നിന്ന് ആടുന്നത് ഇന്നും ഓര്‍ക്കുന്നു...ഇന്നിപ്പോള്‍ പാവം തവള പോലും വന്യ ജീവി ആയ സ്ഥിതിക്ക് ഇനി കാണാനുള്ള യോഗവും ഉണ്ടാവില്ല...അങ്ങനെ ഡിസംബര്‍ അവസാനത്തോടെ ചിറപ്പും ആഘോഷങ്ങളും കൊടിയിറങ്ങും... പിന്നെ നീണ്ട കാത്തിരിപ്പാണ് അടുത്ത ഉത്സവ കാലത്തിനു വേണ്ടി..
                                                                    അത് പോയിട്ട് ഇന്നത്തെ അവസ്ഥ ഭീതിപ്പെടുത്തുന്നു...ഇന്ന് അശാന്തിയുടെയും അവിശ്വാസത്തിന്റെയും നടുവില്‍ ജീവിക്കുന്ന നാം എന്ത് തരം നക്ഷത്രങ്ങളാണ് ഉയര്‍ത്തുന്നത്...തീവ്ര വെളിച്ചം വിതറുന്ന വൈദ്യുത ദീപങ്ങള്‍ക്ക് നടുവിലും കൂരിരുട്ട് അനുഭവിക്കുന്ന നാം എന്ത് വെളിച്ചമാണ് പ്രതീക്ഷിക്കുന്നത്???നമുക്ക് മുന്‍പ് കടന്നു പോയ മഹാപുരുഷന്മാര്‍ വിതറിയ വെളിച്ചം കാണാന്‍ നമ്മുടെ ഉള്‍കണ്ണ് എന്നാണു തുറക്കുക???
ഷാനവാസ്‌.
                                                             

Saturday, December 10, 2011

ഒരു കാളരാത്രി...മറവിക്കു വഴങ്ങാതെ...

48

                                                                     അഞ്ചു വര്‍ഷം മുന്‍പുള്ള  ഒരു ഡിസംബര്‍  രാത്രി...മറക്കാന്‍ ആശിക്കുംതോറും  കൂടുതല്‍ തെളിമയോടെ മുന്നില്‍ വന്നു നില്‍ക്കുന്ന വല്ലാത്ത ഒരു രാത്രി..കാലക്രമത്തില്‍ , പഴയ വീടിനു മോടി കുറഞ്ഞു എന്ന് തോന്നിയപ്പോള്‍ , സൗകര്യം കുറവായി എന്ന് തോന്നിയപ്പോള്‍, ഒരു പുതിയ വീട് വാങ്ങാന്‍ ഉള്ള ശ്രമമായി...പുതുതായി തീര്‍ത്ത പല വീടുകളും കണ്ടു നോക്കി എങ്കിലും എവിടെയൊക്കെയോ എന്തൊക്കെയോ കുറവുകള്‍...അങ്ങനെ വര്‍ഷം രണ്ടു കടന്നു പോയി...കേരളത്തില്‍ വീട് വെയ്ക്കാന്‍ ഇറങ്ങുന്നവന്‍ "പേപ്പട്ടി കടിച്ചവന്‍" ആയിരിക്കും എന്നാണല്ലോ ചൊല്ല്...നോക്ക് കൂലിയായും നോക്കാത്ത കൂലിയായും കയറ്റു കൂലിയായും ഇറക്കുകൂലിയായും....അങ്ങനെ പല പല കൂലികള്‍...അങ്ങനെ കൂലികള്‍ ഒക്കെ തീര്‍ത്തു വരുമ്പോള്‍ തുടങ്ങും , സര്‍ക്കാര്‍ വക ഉഴിച്ചിലും പിഴിച്ചിലും...ഇതെല്ലാം കഴിഞ്ഞിട്ടും ആയുസ്സ്‌ ബാക്കിയുണ്ടെങ്കില്‍ പുതിയ വീട്ടില്‍ കയറി താമസിക്കാം..അങ്ങനെ ഞാനും തീരുമാനിച്ചു ഒരു വീട് പണിയാന്‍...ആയുസ്സ്‌ ശേഷിച്ചതുകൊണ്ടാണ് ഇത് കുറിക്കാന്‍ തന്നെ പറ്റുന്നത്..
                                                                  വീടിന്‍റെ പണി തീരുന്നത് വരെ ഒരു നല്ല വാടക വീടും കണ്ടുപിടിച്ചു..നല്ല ഭംഗിയുള്ള , ഉറപ്പുള്ള ,ഒരു ഇരുനില വീട്. സ്കൂളും ഒക്കെ അടുത്ത് തന്നെ..എല്ലാം കൊണ്ടും നല്ലത്..നഗരത്തിന്റെ ഹൃദയ ഭാഗത്ത്‌ ആണെങ്കിലും വലിയ ഒരു പുരയിടത്തിന്റെ നടുക്കായി ആണ് വീട്...അതേ കോമ്പൗണ്ടില്‍ റോഡിനോട് ചേര്‍ന്ന് വേറെയും ഒരു വീട്..അതിലും പുതിയ താമസക്കാര്‍ വരാന്‍ പോകുന്നു... റോഡിന്‍റെ നേരെ എതിര്‍ വശത്ത് ഈ വീടുകളുടെ ഉടമ താമസം..ഒരു പഴയ കാല സിനിമാ സംവിധായകന്‍...സംസാരപ്രിയന്‍...ആരെക്കണ്ടാലും ഒരു മണിക്കൂര്‍ എങ്കിലും സംസാരിക്കണം...ഒന്നുരണ്ടു പ്രാവശ്യം ഞാന്‍ അറിയാതെ പെട്ടു പോയിട്ടുണ്ട്..പിന്നെപ്പിന്നെ ദൂരെ കാണുമ്പോഴേ ഓടി രക്ഷപ്പെടും...  പുതിയ വീട് പണി തീരുന്നത് വരെ ഇനി ഇവിടെ തന്നെ താമസിക്കാം...ഒരു നവംബര്‍  ആദ്യ വാരം താമസവും തുടങ്ങി...കുറച്ചു നാളത്തേക്ക് മതിയല്ലോ...ആദ്യ ദിവസം  ഗേറ്റ് താഴിട്ടു പൂട്ടാന്‍ പോയ എന്നോട്, വീട്ടുടമ  പറഞ്ഞു , "ഓ...പൂട്ടുകയോന്നും വേണ്ടന്നേ...വീടിന്റെ വാതില്‍ പോലും പൂട്ടേണ്ട ആവശ്യം ഇല്ല ..അത്രയ്ക്ക് സുരക്ഷിതമായ സ്ഥലമാ"...എങ്കിലും ഞാന്‍ ,"സാറേ ഇത് സിനിമാ അല്ല ജീവിതമാ".. എന്ന് പറഞ്ഞു ഗേറ്റ് പൂട്ടി...ഞാന്‍ ഭാര്യയോടും പറഞ്ഞു, മിക്കവാറും നാട് ചുറ്റുന്ന ഞാന്‍ ഇല്ലെങ്കിലും പേടിക്കേണ്ട...കുഴപ്പം ഇല്ലാത്ത സ്ഥലം ആണെന്ന്...മക്കളുമായി സുരക്ഷിതമായി കഴിയാം എന്ന്...
                                               ഏതാണ്ട് ഒരു മാസം അങ്ങനെ വലിയ അല്ലല്‍ ഒന്നും ഇല്ലാതെ കടന്നു പോയി...ഞാന്‍ പല കാര്യങ്ങള്‍ക്കായി കേരളത്തിന്‌ പുറത്തും...അന്നാണ് അത് സംഭവിച്ചത്...രാജ്യത്തിന്റെ പല ഭാഗത്തും കുടുംബം ആയി താമസിച്ചിട്ടുള്ള എനിക്കും കുടുംബത്തിനും ഇങ്ങനെ ഒരു ആഘാതം  ഒരിക്കലും ഉണ്ടായിട്ടില്ല...വീട്ടില്‍ ഭാര്യയും പെണ്മക്കളും ജോലിക്കാരിയും മാത്രം...മൂത്ത രണ്ടു മക്കള്‍ ഒരു മുറിയിലും ഇളയ മകളും ഭാര്യയും ജോലിക്കാരിയും അടുത്ത മുറിയിലും ആയി ഉറക്കം..


രാത്രി ഉദ്ദേശം രണ്ടു മണി...


പെട്ടെന്ന് ഭാര്യയും  മറ്റും ഉറങ്ങുന്ന മുറിയിലേക്ക് നാല് ചെറുപ്പക്കാര്‍ ആയുധങ്ങളുമായി... അട്ടഹസിച്ചുകൊണ്ട് ഓടിക്കയറി വന്നു.. ഭാര്യയും ഇളയകുട്ടിയും ജോലിക്കാരിയും പെട്ടെന്ന് ചാടി എഴുനേറ്റു...ചോര ഉറഞ്ഞു പോകുന്ന നിമിഷങ്ങള്‍...നേരിയ  ബള്‍ബ്‌  വെളിച്ചത്തില്‍ കണ്ടു..  അവന്മാര്‍ ആയുധങ്ങളും വീശി നില്‍ക്കുകയാണ്..അടുത്ത മുറയില്‍ ഉറങ്ങുന്ന മക്കള്‍ അപ്പോഴും ഉറക്കത്തില്‍ തന്നെ...ഭാര്യയും മറ്റും ഒച്ചവെച്ച് കരഞ്ഞു തുടങ്ങിയപ്പോള്‍ അവന്മാര്‍ ആയുധം വീശി മിണ്ടാതിരിക്കാന്‍ ആന്ഗ്യം കാണിച്ചു...ഭാര്യ തൊഴു കൈയോടെ അപേക്ഷിക്കുകയാണ്...ജീവന് വേണ്ടി..എന്ത് വേണമെങ്കിലും എടുത്തോളൂ...പക്ഷെ ഞങ്ങളെ ഉപദ്രവിക്കരുതെന്ന്...സിംഹങ്ങളുടെ മുന്‍പില്‍ പെട്ട മാന്‍പേടകളെപ്പോലെ എന്റെ ഭാര്യയും മക്കളും...ഇന്നും ഓര്‍ക്കുമ്പോള്‍ ഞെട്ടല്‍ മാറുന്നില്ല..  പെട്ടെന്ന് ഒരുത്തന്‍ താലി മാലയില്‍ പിടുത്തമിട്ടു വലിച്ചു പൊട്ടിച്ചു...മാല കയ്യില്‍ കിട്ടിയതും അവന്മാര്‍  കുരിശു കണ്ട ചെകുത്താന്‍മാരെ പോലെ..പുറത്തേക്കു പാഞ്ഞു...ഈ പാച്ചിലിന്റെ കാരണം ഇന്നും അജ്ഞാതമാണ്...ഒരുപക്ഷെ , ഇതിനായിരിക്കും ദൈവാധീനം എന്ന് പറയുന്നത്...കാരണം , ആ നേരത്ത് നമ്മള്‍ ഉണ്ടാക്കിയ സ്വത്തുക്കള്‍ക്ക് ഒന്നും ഒരു വിലയും ഉണ്ടാവില്ല...രക്ഷയ്ക്ക് എത്തുന്നത്‌   ദൈവാധീനം മാത്രം...
                                                                      അപ്പോഴേക്കും മൂത്ത മക്കളും എഴുന്നേറ്റു വന്നു...അടുത്ത പടി വീടിനു പുറത്തു ചാടലാണ്...ഇടാവുന്ന ലയ്റ്റ്‌ ഒക്കെ ഇട്ടിട്ടു പുറത്തു ചാടി, എല്ലാവരും..ജോലിക്കാരിയുടെ അലര്‍ച്ചയും ബാക്കിയുള്ളവരുടെ കരച്ചിലും അങ്ങ് ദൂരെയുള്ള ഒരു വീട്ടുകാരന്‍ കേട്ടു..അയാള്‍ ഒന്നും വക വെയ്ക്കാതെ ഓടി വന്നു..ഉടനെ പോലീസിനു ഫോണ്‍ ചെയ്തു..എന്തായാലും പത്തു മിനിട്ടിനുള്ളില്‍ പോലീസ്‌ എത്തി..വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോള്‍ മൂന്നു മൊബൈല്‍ ഫോണും കാണാനില്ല..അലമാരി ഒന്നും തുറന്നിട്ടില്ല..പക്ഷെ താക്കോല്‍ കൂട്ടം കാണാനില്ല...
                                                                          പിറകില്‍ അടുക്കളയുടെ വാതില്‍ പൊളിച്ചാണ് അവന്മാര്‍ വന്നത്...പോയതും ആ വഴിക്ക് തന്നെ...പോലീസുകാര്‍ , നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ നമ്പരിലേക്ക് വിളിച്ചു..അടുത്ത പറമ്പില്‍ നിന്ന് കിളിനാദം..അടുത്ത നമ്പരും നോക്കി...അതും അവിടെ തന്നെ ..അങ്ങനെ മൂന്നു ഫോണും അപ്പോള്‍ തന്നെ കിട്ടി...അപ്പോള്‍  ഒരു കാര്യം ഉറപ്പായി..അവന്മ്മാര്‍ പതുങ്ങി ഇരിപ്പില്ല  എന്ന്...അവന്മ്മാര്‍ പാഞ്ഞു പോകുന്നതിന് ഇടയില്‍ മൊബൈലുകള്‍ വലിച്ച് എറിഞ്ഞിരുന്നു...  നേരം വെളുക്കുന്നത് വരെ ഭാര്യയും മക്കളും ഉറങ്ങാതെ ഇരുന്നു..രാവിലെ ഏഴു മണിക്കാണ് എന്നെ അറിയിക്കുന്നത്... അപ്പോള്‍  എനിക്കുണ്ടായ  മന:പ്രയാസം വിവരിക്കാന്‍ കഴിയില്ല...നമ്മള്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ ഉണ്ടാവുന്ന ദുരന്തം താങ്ങാന്‍ തന്നെ പ്രയാസം..പിന്നെ കിട്ടിയ വണ്ടിയും വള്ളവും ഒക്കെപ്പിടിച്ചു ഞാന്‍ വൈകുന്നേരത്തോടെ വീട്ടില്‍ എത്തി..എങ്ങനെ എത്തി എന്ന് ചോദിച്ചാല്‍ എത്തി എന്നേ പറയാന്‍ കഴിയൂ...
                               അതിനിടയില്‍ ഒരു ചടങ്ങ് പോലെ  പോലീസ്‌ നായയും വന്നു..അത് പതിവ് പോലെ റോഡു വരെ ഓടി നിന്നു...പിന്നെ വിരലടയാള വിദഗ്ധര്‍ വന്നു...അവര്‍ക്ക്  അത് വരെ അവിടെ വന്നു പോയ എല്ലാവരുടെയും വിരലടയാളങ്ങള്‍ കിട്ടി...കള്ളന്മ്മാരുടെത് ഒഴിച്ച്..എന്തായാലും ഉച്ചയോടെ ഒരാള്‍ കാണാതായ താക്കോല്‍ കൂട്ടവും കൊണ്ടുവന്നു  തന്നു...അയാള്‍ക്ക്‌ അത് റോഡില്‍ കിടന്നു കിട്ടിയതാണ്...ദുഷ്ടന്‍മ്മാര്‍ എല്ലാം വലിച്ചെറിഞ്ഞിട്ട് ഓടി..പക്ഷെ , മാല..അത് മാത്രം വലിച്ചെറിഞ്ഞില്ല...അത് കൊണ്ട് അത് കിട്ടിയുമില്ല...
അലമാരകള്‍ ഒന്നൊന്നായി തുറന്നു നോക്കി..എല്ലാം ഭദ്രം...ഈ സംഭവം മനസ്സില്‍ ഏല്‍പ്പിച്ച മുറിവ്..അതിന്നും ഉണങ്ങിയിട്ടില്ല...
                         പിന്നെയാണ് അറിഞ്ഞത്..പാവം കള്ളന്‍മാര്‍..എന്റെ വീട്ടില്‍ കയറുന്നതിനു മുന്‍പ് അതേ കോമ്പൗണ്ടിലെ, റോഡിനോട് ചേര്‍ന്നുള്ള വീടിന്റെ മുന്‍വാതില്‍ പൊളിച്ച് അടുക്കിയിരുന്നു...താമസക്കാര്‍ ഇല്ലാതിരുന്നത് കൊണ്ട് പാവങ്ങള്‍ക്ക് അവിടെ നിന്ന്  ഒന്നും കിട്ടിയില്ല...ഇരട്ട കഷ്ട്ടപ്പാട് കഴിഞ്ഞാണ് എന്റെ വീട്ടില്‍ നിന്നും ഒരു മാല എങ്കിലും കിട്ടിയത്...അപ്പോള്‍ കൂലി മുതലായി...ഇവിടെ നിന്നും ഒന്നും കിട്ടിയില്ലെങ്കില്‍ അടുത്ത വീടും  പൊളിച്ചെനേ..അത് വേണ്ടി വന്നില്ല...പോലീസുകാര്‍ ഒരാഴ്ചയോളം കയറി ഇറങ്ങി അന്വേഷിച്ചു...അത് കഴിഞ്ഞപ്പോള്‍ അവര്‍ മടുത്തു...ഞാനും...പിന്നെ ഇന്ന് വരെ ഒന്നും കേട്ടില്ല...അതോടെ അത് കഴിഞ്ഞു...കുടുംബത്തിന് കിട്ടിയ മാനസിക ആഘാതം മാത്രം  മിച്ചം....
                                                     എങ്കിലും , ഒരു തുള്ളി ചോര പോലും  പൊടിയാതെ എന്റെ കുടുംബത്തെ കാത്തു രക്ഷിച്ച സര്‍വ്വേശ്വരന്റെ കാരുണ്യത്തിന് മുന്നില്‍ നമ്രശിരസ്ക്കനായി ഞാന്‍ ഇന്നും നില്‍ക്കുന്നു...

Tuesday, November 22, 2011

റംജാന്‍ ഭായ്...

46

                         റംജാൻ ഭായ്              

        റംജാന്‍ ഭായ്...റംജാന്‍ അന്‍സാരി ഭായ് എന്ന് മുഴുവന്‍ പേര്...ഏതാണ്ട് പത്തു വര്‍ഷത്തോളം നീണ്ട എന്റെ മംഗലാപുരം വാസത്തില്‍ എന്റെ ഭക്ഷണം ഉള്‍പ്പെടെ ഉള്ള വ്യക്തിപരമായ കാര്യങ്ങള്‍ എല്ലാം നോക്കി നടത്തിയിരുന്ന ഒരു കാര്യസ്ഥന്‍ എന്ന് പറയാം...എന്റെ കൂടെ കൂടുമ്പോള്‍ മുപ്പത്തഞ്ചു വയസ്സുകാരന്‍ ....അരോഗ ദൃഡ്ഡ ഗാത്രന്‍.നന്നായി വെട്ടി ഒതുക്കിയ താടിയുള്ള , സദാ സുസ്മേരവദനന്‍. ...ഉത്തര്‍പ്രദേശിലെ , നേപ്പാളും ആയി അതിര് പങ്കിടുന്ന ഗോണ്ടാ ജില്ലക്കാരന്‍..നാലാം ക്ലാസ് വിദ്യാഭ്യാസം. ഹിന്ദി ഭാഷ മാത്രം അറിയാം..അതും വടക്കന്‍ ഉത്തര്‍ പ്രദേശിലെ പ്രത്യേക ചുവയുള്ള ഹിന്ദി..അസാരം ഉര്‍ദു ഭാഷയും വശമുണ്ട്...പാചകത്തില്‍  അഗ്രഗണ്യന്‍ ..വാചകത്തിലും...വാചകത്തില്‍ നാല്‍പ്പതാം ക്ലാസ്കാരനും തോറ്റു പോകും.   വടക്കേ ഇന്ത്യന്‍ വിഭവങ്ങള്‍  എല്ലാം വിരല്‍തുമ്പില്‍  തയ്യാര്‍..പക്ഷെ കേരള വിഭവങ്ങള്‍ അങ്ങോട്ട്‌ വഴങ്ങുന്നില്ല.....അതില്‍ ചില പരീക്ഷണങ്ങള്‍ ഒക്കെ നടത്തിയെങ്കിലും എന്റെ  ആരോഗ്യം ഓര്‍ത്തു ഞാന്‍ വിലക്കി...പക്ഷേ റംജാന്‍ വിടുന്ന മട്ടില്ല. അത്രപെട്ടെന്ന് പരാജയം സമ്മതിക്കുന്ന കൂട്ടത്തിലും  അല്ല....വടക്കേ ഇന്ത്യന്‍ റോട്ടിയും ദാലും അതീവ രുചികരമായി ഉണ്ടാക്കും... സന്ദര്‍ശകരും കൂടുതലും വടക്കന്മാര്‍ ആയത് കൊണ്ട്  റോട്ടിയും ദാലും കൊണ്ട് തൃപ്തി ആകും...അതിന്റെ കൂടെ കുറച്ചു ചാവല്‍,അതെ  പച്ചരി ചോറു തന്നെ ...പിന്നെ  സബ്ജിയും..ആഹാ..ഉഗ്രന്‍... പക്ഷെ, രംജാന്‍ ഭായിയുടെ ഡാൽ ..അതിപ്രശസ്തമാണ്...
                              വെറും ഒരു കുശിനിക്കാരന് വേണ്ടതിലേറെ ബുദ്ധിയും ബോധവും ഉള്ളവനാണ് റംജാന്‍...നാട്ടില്‍ ആയിരുന്നപ്പോള്‍ സൈക്കിള്‍ ചവിട്ടി നേപ്പാളില്‍ പോയി തുണിത്തരങ്ങളും മറ്റും സൈക്കിളില്‍ വെച്ച് കെട്ടി നാട്ടില്‍  കൊണ്ട് വന്നു നല്ല വിലയ്ക്ക് വില്‍ക്കുമായിരുന്നു...പിന്നെ മാട് കച്ചവടത്തിലും നല്ല വിരുത്..കൃഷിയിലും മിടുക്കന്‍...പക്ഷേ ഗ്രാമത്തില്‍ നിന്നാല്‍ ഒരു വിലയില്ല...അതുകൊണ്ട് വളരെ ചെറുപ്പം മുതലേ ബോംബയില്‍ ആയിരുന്നു...ഇപ്പോള്‍ വര്‍ഷങ്ങള്‍ ആയി മംഗലാപുരത്ത്.  പതിനഞ്ചു ദിവസം ലീവില്‍ പോയാല്‍ മൂന്നു മാസം കഴിഞ്ഞേ ചിലപ്പോള്‍ പൊങ്ങുകയുള്ളൂ...അത്രയും ദിവസം മാട് കച്ചവടം ചെയ്തു ലാഭം ഉണ്ടാക്കി കുറച്ചു ഭൂമി ഒക്കെ   വാങ്ങിയിട്ടെ വരികയുള്ളൂ...അങ്ങനെ കുറച്ചു കുറച്ചു വാങ്ങി  നാല് ഏക്കറോളം ഭൂമി ആയി..അവിടെ കരിമ്പും ഗോതമ്പും കൃഷി ചെയ്യാന്‍ കൊടുത്തിരിക്കുക ആണ്...വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ കൃഷിയില്‍ നിന്നും കിട്ടും.. എന്നോടും പറയാറുണ്ട്‌ , ഒരു പത്ത് ഏക്കര്‍ അവിടെ വാങ്ങി ഇട്ടാല്‍ നോക്കി നടത്തി കൊള്ളാമെന്ന്...
                                                                     ഇപ്പോള്‍ റംജാന് നാട്ടില്‍ ഉള്ളത് മൂന്നാമത്തെ ഭാര്യയാണ്...ആദ്യ രണ്ടു പേരും  മരിച്ചു പോയി എന്ന് പറയുന്നു...ആദ്യ ഭാര്യമാരില്‍ ഉള്ള മക്കള്‍ ചിലര്‍ ബോംബയില്‍ ജോലി ചെയ്യുന്നു...എന്റെ കൂടെ താമസവും ഭക്ഷണവും ഫ്രീ ആണ്....അപ്പോള്‍ ശമ്പളം മൊത്തം മിച്ചം...ഒരു പൈസ പോലും കളയാതെ ഭൂമി വാങ്ങാനുള്ള ത്വര കാണേണ്ടത് തന്നെയാണ്...
                                                                ഇപ്പോഴുള്ള ഭാര്യയെ ഒരിക്കല്‍ മംഗലാപുരത്ത്  കൊണ്ട് വന്നിരുന്നു...ചികിത്സയ്ക്കായിട്ട്...ഈ ഭാര്യയെ ബംഗാളില്‍ നിന്നും വാങ്ങിയതാണ്...നാലായിരം രൂപയ്ക്ക്...അവിടെ ഒക്കെ അങ്ങനെ ആണ്...മൂവായിരം മുതല്‍ വാങ്ങാന്‍ കിട്ടും..അതെ , പെണ്‍വീട്ടുകാര്‍ക്ക് കാശ് കൊടുത്താല്‍ ഭാര്യ റെഡി..അപ്പോള്‍ നമ്മെക്കാള്‍ വളരെ മുന്‍പേ നടക്കുന്നവര്‍... സ്ത്രീധനം..മണ്ണാങ്കട്ട ..ഒന്നുമില്ല.. 
                                             അവിടത്തെ ഡോക്ടര്‍ ശരിയല്ല എന്ന് പറഞ്ഞാണ് ഇവിടെ കൊണ്ടുവന്നത്..മംഗലാപുരം, ഡോക്ടര്‍മാരുടെ കൂട് ആണല്ലോ.ഇപ്പോള്‍ മുറുക്കാന്‍ കട കാണാനേ ഇല്ല..പക്ഷെ ഡോക്ടര്‍ കടകള്‍ ധാരാളം..ഡോക്ടര്‍മാരുടെ ബോര്‍ഡ്‌ കാരണം ചില കെട്ടിടങ്ങള്‍ തന്നെ മറഞ്ഞു നില്‍ക്കുന്നു..അത്ര മാത്രം ഡോക്ടര്‍മാര്‍..കേരളത്തിന്റെ അതിര്‍ത്തി ആയത് കാരണം കണ്ണൂര്‍ ജില്ല മുതല്‍ വടക്കോട്ടുള്ള കേരളീയര്‍ ആണ് ഇവരില്‍ നല്ല ശതമാനത്തിന്റെയും ഇരകള്‍..ഇന്ത്യയിലെ ശരാശരി മരുന്നുപയോഗത്തിന്റെ പത്തിരട്ടി മരുന്ന് വാരി വിഴുങ്ങുന്ന കേരളീയരെ, ഡോക്ടര്‍മാരേക്കാള്‍ ആരാണ് കൂടുതല്‍ ഇഷ്ടപ്പെടുക???  .....പാവം റംജാന്‍, ഭാര്യക്ക് വേണ്ടി  മൂന്നു ദിവസം കൊണ്ട് പതിനായിരം രൂപയുടെ ടെസ്റ്റുകള്‍ നടത്തി...ഒരു രോഗവും ഇല്ല എന്ന് ഡോക്ടര്‍മാര്‍ വിധി എഴുതി..ക്ഷീണം മാറാന്‍ കുറച്ചു മരുന്നും കൊടുത്തു.....പക്ഷേ പെണ്ണ് സമ്മതിക്കേണ്ടേ...ഒറ്റ വാശിയാണ്..ക്ഷയ രോഗം ആണെന്ന് പറഞ്ഞ്.. അതിന്റെ കൂടെ ഇവിടത്തെ ഡോക്ടര്‍മാര്‍ കൊടുത്ത ഒരു മരുന്നും കഴിക്കില്ല എന്നും അവര്‍ക്ക് വാശി...അവര്‍ക്ക് അവരുടെ ഗ്രാമത്തിലെ വൈദ്യന്റെ മരുന്ന് മതിയെന്ന്. റംജാന്‍ ഇക്കാര്യം എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ന്യായമായും വിചാരിച്ചു...നല്ല പഠിപ്പുള്ള പെണ്ണ് ആയിരിക്കും എന്ന്..അല്ലെങ്കില്‍ പിന്നെ ഇവിടത്തെ ഡോക്ടര്‍മാര്‍ കൊള്ളില്ല എന്ന് പറയില്ലല്ലോ... ഞാന്‍ ചോദിച്ചു, ഭാര്യ എത്ര പഠിച്ചതാണെന്ന്...അപ്പോള്‍ റംജാന്‍ പാട്ടുപാടും പോലെ ഈണത്തില്‍ പറയുകയാണ്‌... ഭാര്യ  സ്കൂളില്‍ പോയിട്ടേ ഇല്ലെന്നു...ഇപ്പോള്‍ ഞെട്ടിയത് ഞാനാണ്...വേഗം നാട്ടില്‍ എത്തിക്കാന്‍ ഞാന്‍ പറഞ്ഞു, കാരണം ഇനിയും ഇവിടെ നിര്‍ത്തിയാല്‍  പാവത്തിന്റെ കീശ കാലിയാകും ടെസ്റ്റുകള്‍ നടത്തിയും മറ്റും....
                                                                  റംജാന്റെ നാട്ടില്‍ പോക്കും ഒരു വലിയ ചടങ്ങാണ്...നാല് ദിവസത്തോളം എടുക്കും നാട്ടില്‍ എത്താന്‍...അതിനിടയില്‍ മൂന്നു തീവണ്ടി മാറി കയറണം... ആദ്യം ഷൊര്‍ണ്ണൂര്‍ വരെ..അവിടെ നിന്നും മൂന്നു ദിവസത്തിന് ശേഷം ഗോണ്ട വരെ..പിന്നെ ഒരു രാത്രി മൂന്നാമത്തെ വണ്ടിയില്‍..  ഓരോ പോക്കിലും ലൊട്ടുലൊടുക്ക് സാധനങ്ങള്‍ ആയി ഒരു പത്ത് ചാക്ക് കെട്ട് എങ്കിലും കാണും..റംജാന്‍ കയറുന്ന ബോഗിയില്‍ പലരുടെയും സീറ്റിനു താഴെ റംജാന്റെ ലഗ്ഗേജ് ആയിരിക്കും...അതില്‍ തേങ്ങാ മുതല്‍ തെങ്ങിന്‍തൈ വരെ ഉണ്ടാവുകയും ചെയ്യും..  ഇത്രയും സാധനങ്ങളും ആയി മൂന്നു വണ്ടികള്‍ മാറിക്കയറിയുള്ള യാത്ര ഭയങ്കരം തന്നെയാണ്..പക്ഷേ റംജാന് ഇതൊന്നും ഒരു പ്രശ്നമേ അല്ല...നിത്യ തൊഴില്‍ അഭ്യാസം എന്ന പോലെ...ഒരിക്കല്‍ വളരെ വില കുറഞ്ഞു വാങ്ങിയ , ഏഴ് അടി നീളവും മൂന്നടി വീതിയും ഉള്ള വാതില്‍പ്പാളികള്‍,  അതും ആറെണ്ണം... അതും കൊണ്ടായിരുന്നു യാത്ര. ഷൊര്‍ണ്ണൂര്‍ വരെ കുഴപ്പം ഉണ്ടായില്ല.. അടുത്ത വണ്ടിയില്‍ ബുക്ക്‌ ചെയ്യാന്‍ നോക്കിയപ്പോള്‍ ഒരു സാങ്കേതിക പ്രശ്നം..ആറടിയില്‍ കൂടുതല്‍ നീളമുള്ള സാധനങ്ങള്‍ ബുക്ക്‌ ചെയ്യാന്‍, അതിനേക്കാള്‍   നീളമുള്ള നടപടിക്രമങ്ങള്‍...അവസാനം നടപടിക്രമങ്ങള്‍  കഴിഞ്ഞു വന്നപ്പോള്‍ അന്നത്തെ വണ്ടി പോയി..പിന്നെ അടുത്ത ദിവസം വരെ കാത്തിരുന്നു,വാതിലും വിരിച്ച് അതിന്റെ പുറത്ത്.....ക്ഷമ ..അതാണ്‌ റംസാന്റെ ഏറ്റവും വലിയ ഗുണം...ആന കുത്താന്‍ വന്നാലും ചോദിക്കും , ആദ്യം എവിടെയാ കുത്തേണ്ടതെന്ന്...അതാണ്‌ പ്രകൃതം...ആരെങ്കിലും ഒരടി കൊടിക്കാം എന്നു വെച്ചാല്‍ കുറഞ്ഞത് ആറെണ്ണം എങ്കിലും വാങ്ങി വെയ്ക്കും...അപ്പോഴും റംസാന് സംശയം ബാക്കി ആയിരിക്കും..
                                                              ഉത്തരം മുട്ടിക്കുന്ന തരം സംശയങ്ങള്‍ ആണ് കൂടുതലും...പക്ഷേ പലേ കാര്യങ്ങളിലും ഉള്ള റംസാന്റെ അറിവ് അത്ഭുതപ്പെടുത്തുന്നതാണ്...ടീ. വീ. യില്‍ ഹിന്ദി ഭാഷാ  വാര്‍ത്തകളാണ് പഥ്യം...ഒരുപക്ഷെ അറിവിന്റെ കാരണം അതും ആയിരിക്കാം...ആരോടും സംശയം ചോദിക്കാന്‍ നാണമോ മടിയോ ഒന്നും ഇല്ല..ആരോടും കയറി ചോദിച്ചു കളയും...കഴിഞ്ഞ പത്ത് വര്‍ഷത്തെ ഒറ്റയ്ക്കുള്ള മംഗലാപുരം വാസത്തിനിടയില്‍ എനിക്ക് രസമില്ലാതെ  തോന്നുന്നത് റംജാന്‍ ഇല്ലാത്ത ദിനങ്ങള്‍ ആണ്..ഒന്നുമില്ലെന്കില്‍ ഒരു സംശയം എങ്കിലും ഉണ്ടാവും റംജാന്...
                                                        ഒരിക്കല്‍ രാത്രി ഭക്ഷണത്തിന് ശേഷം ഞാന്‍ പതിവ് പോലെ ഗസ്റ്റ്‌ ഹൌസിനു പുറത്ത് ഉലാത്തുകയാണ്...നല്ല പാല് പോലെ നിലാവുള്ള രാത്രി..പൂര്‍ണ്ണ ചന്ദ്രന്‍ അതിന്റെ എല്ലാ വശ്യതയോടെയും നനുനനുത്ത പ്രകാശം വാരി വിതറുകയാണ്... റംജാനും  അടുത്ത് വന്നു എന്നോടൊപ്പം നടന്നു കൊണ്ട് നിലാവ് ആസ്വദിക്കുകയാണ്...അപ്പോള്‍ റംജാന്  ഒരു പുതിയ സംശയം...നിലാവെളിച്ചം എത്ര  നനുത്തത് ആണ്..ചൂടും ഇല്ല ..പക്ഷേ സൂര്യപ്രകാശം തീവ്രവും രൂക്ഷവും ആണല്ലോ...അതെന്താണ് അങ്ങനെ?? അപ്പോള്‍ ഞാന്‍ ഒന്ന് പറഞ്ഞുപോയി , ചന്ദ്രന് സ്വന്തം പ്രകാശം ഇല്ല..സൂര്യന്റെ പ്രകാശം ചന്ദ്രനില്‍ തട്ടി പ്രതിഫലിക്കുന്നത് ആണെന്ന്...ഞാന്‍ വിചാരിച്ചു ഇത് കൊണ്ട് സംശയം തീരുമെന്ന്..ഇല്ല ..അടുത്ത ചോദ്യം...അങ്ങനെ എങ്കില്‍ അങ്ങോട്ട്‌ പോകുന്ന പ്രകാശധാര നമുക്ക് എന്ത് കൊണ്ട് കാണാന്‍ കഴിയുന്നില്ല??ഞാന്‍ ഒരുനിമിഷം പകച്ചു...ഇതെന്തു ചോദ്യം...പക്ഷേ റംജാന്‍ വിടില്ല...കാരണം , നമ്മള്‍  രാത്രിയില്‍ ടോര്‍ച് അടിക്കുമ്പോള്‍ അതിന്റെ പ്രകാശധാര നമുക്ക് കാണാം...പക്ഷേ ഇത്രയും വലിയ സൂര്യന്റെ പ്രകാശ ധാര എന്തുകൊണ്ട് കാണുന്നില്ല???റംജാന്‍ കാര്യമായിട്ടു തന്നെയാണ് ...ഉത്തരം കൊടുത്തെ വിടുകയുള്ളൂ...ഈ വിധത്തിലുള്ളതാണ് സംശയങ്ങള്‍...റംജാനെ പേടിച്ചു പലരും എന്റെ താമസ സ്ഥലത്ത് വരാറില്ല..കാരണം ഈ സംശയരോഗം  തന്നെ..ഭക്ഷണം രുചി ഉള്ളതാണെങ്കിലും മാനം പോകാതെ നോക്കണമല്ലോ.  റംജാന്റെ മിക്ക ചോദ്യങ്ങള്‍ക്കും അത്ര പെട്ടെന്ന് മറുപടി നല്‍കാന്‍ കഴിയില്ല..അത്രയ്ക്ക് കുഴപ്പം പിടിച്ച സംശയങ്ങള്‍ ആണ്. ...
                          റംജാൻ നാട്ടില്‍ പോയി വരുമ്പോള്‍ , അമേരിക്കയില്‍ പോയവര്‍ക്ക് പോലും പറയാനുള്ളതിനേക്കാള്‍ കൂടുതല്‍ വിശേഷങ്ങള്‍ റംജാന് പറയാന്‍ ഉണ്ടാവും..ഒരു തവണ പോയിട്ട് കുറെ താമസിച്ചു, തിരിച്ചു വരാൻ ..മിക്കവാറും കാളക്കച്ചവടം ആയിരിക്കും അവിടെ.. പക്ഷേ, താമസിച്ചു വന്നതിനു നല്ല വഴക്ക് പറയണം എന്ന് വിചാരിച്ച് ഇരുന്ന എന്റെ മുന്‍പില്‍ ഒരു സങ്കോചവും ഇല്ലാതെ സുസ്മേര വദനന്‍ ആയി പ്രത്യക്ഷപ്പെടുന്ന റംജാനെ നോക്കി ഒന്നും പറയാന്‍ എനിക്ക് കഴിഞ്ഞില്ല ... അതാണ്‌ റംജാന്‍.. എന്റെ പ്രിയപ്പെട്ട റംജാന്‍ ഭായ്....   
റംജാൻ ഇപ്പോൾ ഡൽഹിയിൽ ഉണ്ട്... ഏതോ ഒരു കമ്പനിയിൽ....
                                                               
                                                                            

Thursday, November 10, 2011

വാളകം പാര..ആള്‍ട്ടോ കാര്‍ വഴി...സി.ബി.ഐ.

16

                                                                    നല്ല ഒരു തുടക്കം ആയിരുന്നു...ആദ്യം അധ്യാപകന്റെ ആസനത്തില്‍ പാര...അധ്യാപകനോ...വാളകം സ്കൂളിലെത്...സ്കൂളോ..നമ്മുടെ പിള്ളേച്ചന്റെ വകയും...എരിവും പുളിയും പുകയും ഉയരാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം...അച്ചുമ്മാന്‍ പതിവുപോലെ ആദ്യം തന്നെ ചാടി വീണു..കാരണം , താമസിച്ചാല്‍ പാര്‍ട്ടിയിലെ വേറെ ആരെങ്കിലും ചാടി വീണു രസം കളയും...അച്ചുമ്മാന്റെ കിറിക്ക് കീഴെ , ചാനല്‍ ആഘോഷക്കാരുടെ കോളാമ്പി...കോളാമ്പി കണ്ടാല്‍ അച്ചുമ്മാന്‍ നന്നായി തന്നെ അതില്‍ തുപ്പും..ഇവിടെയും തുപ്പി..."ചത്തത് കീചകന്‍ എങ്കില്‍ കൊന്നത് ഭീമന്‍ തന്നെ"..അപ്പോള്‍ പിള്ളേച്ചന്‍ അറിയാതെ ഈ പാര കയറുമോ...ഇല്ലാ..എന്ന കാര്യത്തില്‍ അച്ചുമ്മാന് തംസയം ഇല്ലാ...പാര വെറുതെ കയറ്റിയത് മാത്രമല്ല...തിരിക്കുകയും കൂടി ചെയ്തു...അതിക്രൂരം തന്നെ...കുടലും പണ്ടവും ഒക്കെ തിരിഞ്ഞു പോയി...അപ്പോള്‍ കുറഞ്ഞത് വധശ്രമം തന്നെ...ഒരു ചാനല്‍ മിടുക്കന്‍, വയ്യാതെ, ജയില്‍ പോലത്തെ ആശുപത്രി  സ്യൂട്ടില്‍ കിടന്ന പഞ്ചപാവം പിള്ളേച്ചനെയും വലിച്ചു ഇടയിലെക്കിട്ടു...ചാനലുകാരനോട് പറഞ്ഞ സ്വകാര്യം അയാള്‍ അങ്ങാടി പാട്ടാക്കി...അതുവരെ അധ്യാപകന്റെ പാരയില്‍ തൂങ്ങിക്കിടന്ന ശബ്ദഘോഷക്കാര്‍ ഒന്നടങ്കം പിള്ളേച്ചന്റെ പിറകെ ആയി..അദ്ദേഹത്തിനും കിട്ടി ഒരു നാല് ദിവസത്തെ കൊട്ട്. പക്ഷെ, ഒരു വര്‍ഷത്തെ , ഒരു മാസത്തില്‍ ഒതുക്കിയ പിള്ളേച്ചനു ഇതും ഒരു തമാശ തന്നെ...എന്നാലും അച്ചുമ്മാന്‍ വിട്ടിട്ടില്ല..പിറകെ തന്നെയുണ്ട്...പിന്നെ കഷ്ട്ടിച്ചു ജയിലില്‍ കിടന്ന ഏതാനും ദിവസങ്ങള്‍ കൊണ്ട് പിള്ളേച്ചന്‍ ജയിലിലെ പ്രയാസപ്പെട്ട കാര്യങ്ങള്‍ ഒക്കെ വെളിയില്‍ കൊണ്ട് വന്നു... അവിടെ കിടന്നു കൊണ്ട് എഴുതിയ ജീവചരിത്രം വായിച്ച പലരും ഒന്നും വായിക്കാതെയും ആയി...ഒന്‍പതു മാസമായി തിഹാരില്‍ കിടക്കുന്ന നമ്മുടെ രാജാസാര്‍ പോലും ചെയ്യാത്ത ഒരു മഹാകാര്യം ആണ് ഇത്.
                                               നമ്മുടെ ചാനല്‍ മാന്ന്യന്മാര്‍ അതിനിടയ്ക്ക് ഒരു സ്ത്രീബന്ധം ഒക്കെ കൊണ്ടുവന്നു രംഗം കൊഴുപ്പിക്കാന്‍ നോക്കി എങ്കിലും അത്രയ്ക്കങ്ങോട്ട് ഏറ്റില്ല..അത് ചീറ്റിപ്പോയി..പിന്നെയുള്ളത് തീവ്രവാദമാണ്. അതിലും പിടിച്ചു കയറാന്‍ നോക്കിയെങ്കിലും കുറച്ചു കയറി ക്കഴിഞ്ഞപ്പോള്‍ പിടിവള്ളി തീര്‍ന്നുപോയി...ഇതിനിടയ്ക്ക്  ദിവസങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു...  ആരെയും വലയിലാക്കാന്‍ കഴിയാതെ പോലീസും വലഞ്ഞു...പിള്ളേച്ചനെ വലിച്ചിഴക്കാന്‍ നോക്കിയിട്ട് വള്ളിക്കു നീളവും പോരാ..ഇതിനിടയില്‍ അദ്ധ്യാപകന്‍ "ങ്ങ ഞ ണ ന മ " എന്ന് ലീഡര്‍ സ്റ്റൈലില്‍ എന്തൊക്കെയോ പറയുന്നും ഉണ്ട്...എങ്ങനെ വേണമെങ്കിലും മനസ്സിലാക്കാന്‍ പാകത്തില്‍... 
                                                 അങ്ങനെ വാളകം പാര കണ്ടെടുക്കാന്‍ വേണ്ടി , പണ്ട്  "എസ്സ്" കത്തി തപ്പിയത് പോലെ പോലീസുകാര്‍ നാടെങ്ങും അരിച്ചു പെറുക്കി നടക്കുമ്പോള്‍ അതാ വരുന്നു ഒരു ഡോക്ടറുടെ വക പാര,"ഏതു പാര എന്ത് പാര??ഇവിടെ ഒരു പാരയും ഇല്ല..പാര എവിടെയും കയറ്റിയിട്ടും ഇല്ല...ഇത് ഏതോ വണ്ടി ഇടിച്ചതാണ്...ഇത് കേട്ട പാടേ ആരൊക്കെയോ അന്നുരാത്രി അതുവഴി പാഞ്ഞുപോയ ഒരു വെള്ളക്കാറിന്റെ ചരിത്രം വിളമ്പി...ഒരു മിടുക്കന്‍ അത് ഒരു വെള്ള ആള്‍ട്ടോ ആണെന്നും കണ്ടുപിടിച്ചു...പോലീസ്‌ പാര വിട്ടു..അടുത്ത പാരയായ വെള്ള ആള്‍ട്ടോ കാറിന്റെ പിറകെ ഓട്ടം ആരംഭിച്ചു..നാല് തെക്കന്‍ ജില്ലകളിലെ വെള്ള ആള്‍ട്ടോ കാറുകാരുടെ ഉറക്കം നഷ്ടപ്പെടാന്‍ ഇനി വേറെ കാരണം വേണ്ടല്ലോ...പലരും ആള്‍ട്ടോ വീട്ടില്‍ മൂടി ഇട്ടു...കഷ്ടകാലത്തിനു എങ്ങാനും പോലീസിനു തംസയം തോന്നിയാലോ...അങ്ങനെ പലരുടെയും ഉറക്കം നഷ്ട്ടപ്പെടുതിക്കൊണ്ട്  കാര്‍ പരിശോധന മുന്നോട്ടു നീങ്ങി...ഇതിനിടയില്‍ ദിവസങ്ങള്‍ മാറി ആഴ്ചകളായി... ഒന്നും നടന്നില്ല..നടക്കുമെന്നും തോന്നുന്നില്ല...മാധ്യമങ്ങളും മടുത്തു തുടങ്ങി...പത്രങ്ങള്‍ ആറു കോളത്തില്‍ നിന്നും നാലിലേക്കും പിന്നെ രണ്ടിലേക്കും ഉള്ളിലേക്കും വലിഞ്ഞു...ആരൊക്കെ വലിഞ്ഞിട്ടും അച്ചുമ്മാന്‍ വിട്ടില്ല...ചാണ്ടിചായനും കുഴഞ്ഞു...അങ്ങനെ കേരള പോലീസിലെ മിടുക്കന്മാരെ സന്തോഷിപ്പിച്ചു കൊണ്ട് , നേരറിയാന്‍ സീ.ബീ.ഐ. ക്ക് കേസ്‌ വിട്ടു..
                                                               എല്ലാവരും ആശ്വാസ നിശ്വാസങ്ങള്‍ ഉതിര്‍ത്തു...പാരയില്‍ തൂങ്ങിയവരും പാരയ്ക്ക് വേണ്ടി പാഞ്ഞവരും വെള്ള ആള്‍ട്ടോ കാര്‍  ഉള്ളവരും എല്ലാം...എല്ലാവര്‍ക്കും കുടിലില്‍ കോടി അടിച്ച സന്തോഷം...ഇത് വരെ സീ.ബീ.ഐ. കേരളത്തില്‍ ഏറ്റെടുത്ത കേസുകളുടെ ഗതി അറിയാവുന്നവര്‍ കൂടുതല്‍ സന്തോഷിച്ചു...അങ്ങനെ, അധ്യാപകന് കിട്ടിയ "തട്ട്" ഒഴിച്ച് നിര്‍ത്തിയാല്‍ എല്ലാവരും വിജയിച്ച ഒരു കേസായി മാറി "വാളകം പാര".


വാല്‍ക്കഷ്ണം...പിള്ളേച്ചന്‍ ഇറങ്ങിയ മുറിയില്‍ ജയരാജന്‍ സഖാവ് താമസവും തുടങ്ങി..


.