ഓറഞ്ച് നഗരം എന്നറിയപ്പെടുന്ന നാഗ്പൂരിന്റെ പ്രാന്ത പ്രദേശത്ത് ഗോതമ്പ് പാടങ്ങള്‍ക്കു നടുവില്‍ ഒരു ഫാക്ടറി.ഫാക്ടറിയില്‍ നിന്നും അധികം ദൂരെയല്ലാതെ കുടുംബ സമേതം താമസം.അവിടെ ബുധനാഴ്ചയാണ് അവധി.അന്ന് തന്നെ ഭാര്യയുടെ ജന്മദിനവും.പോരെ പൂരം.അവധിയും ജന്മദിനവും ഒന്നിച്ച്.ആഘോഷം ആക്കാമെന്ന് തീരുമാനിച്ചു.അന്ന് പ്രത്യേക വിഭവങ്ങള്‍ എല്ലാം തയ്യാറാക്കി ഉച്ചയൂണ് കഴിച്ചു.രാത്രി ഹോട്ടല്‍ ഭക്ഷണം ആകാമെന്ന് കരുതി.ആകെ സന്തോഷത്തിന്റെ അന്തരീക്ഷം.അന്ന് രാത്രി വളരെ വൈകുന്നത് വരെ നഗരത്തില്‍ തന്നെ കഴിഞ്ഞു.നല്ല ഒരു ദിവസത്തിന്റെ സംപ്രിപ്തി യോടെ യാണ് അന്ന് ഉറങ്ങാന്‍ കിടന്നത്..പിറ്റേന്ന് അതിരാവിലെ ഫാക്ടറിയില്‍ എത്തണം.വളരെ കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ട്.ക്ഷീണം കാരണം കിടന്ന ഉടനെ ഉറങ്ങിപ്പോയി.രാവിലെ ഏകദേശം ആറു മണി ആയിക്കാണും.നേരം വെളുത്തു വരുന്നതേ ഉള്ളു.അപ്പോള്‍ കാളിംഗ് ബെല്‍ അടിക്കുന്ന ശബ്ദം.ഈ നേരത്ത് ഇത് ആരാണെന്നുള്ള ആകാംക്ഷയോടെ മുന്‍വാതില്‍ തുറന്നതും ഞെട്ടിപ്പോയി.മാന്യമായി വസ്ത്രം ധരിച്ച ഒരു വ്യക്തിയും സ്റെന്‍ ഗണ്ണും ആയി രണ്ടു കാക്കി ധാരികളും.പെട്ടെന്ന് ഷോലെ സിനിമ മനസ്സില്‍ മിന്നിമറഞ്ഞു.ഉറക്കപ്പിചിന്റെ കൂടെ പകുതി കാഴ്ച ശക്തി പോയത് പോലെ.ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് എന്റെ വെപ്രാളം കണ്ടിട്ടാവണം , ആഗതന്‍ പരിചയപ്പെടുത്തി."ഞാന്‍ ആദായനികുതി വകുപ്പില്‍ നിന്നാണ്, ഫാക്ടറി പരിശോധിക്കണം".വകുപ്പിന്റെ പേര് കേട്ടപ്പോള്‍ തന്നെ ബാക്കിയുള്ള ധൈര്യവും പോയി.അത് വരെ ഈ വകുപ്പിനെ നേരിടേണ്ടി വന്നിട്ടില്ല.തന്നെയല്ല ,കണ്ടിട്ടുള്ള സിനിമകളില്‍ എല്ലാം ഈ വകുപ്പിനെ ഒരു ഭീകര രൂപത്തിലാണ് കാണിച്ചിട്ടുള്ളത്.വലിയ വാഗ്മികള്‍ പോലും ഇവരുടെ മുന്‍പില്‍ ഊമകള്‍ ആകുന്നത് ആണ് കണ്ടു പരിചയം.ഇതിലും ഭേദം കൊള്ളക്കാര്‍ ആകുന്നത് ആണ് നല്ലതെന്ന് എനിക്ക് തോന്നി.എങ്കിലും ധൈര്യം സംഭരിച്ചു ഞാന്‍ ചോദിച്ചു."ഈ നേരം വെളുക്കുന്നതിനു മുന്‍പ് എന്ത് പരിശോധന"? "ചോദ്യങ്ങള്‍ ഒന്നും വേണ്ട ,വേഗം റെഡി ആയി ഞങ്ങളുടെ കൂടെ വരിക.ഓഫീസിന്റെ താക്കോല്‍ എടുക്കാന്‍ മറക്കേണ്ട." ഓ ,ഇയാള്‍ എന്നെ തിന്നാനാണ് ഭാവം എന്ന് തോന്നുന്നു.അതിനിടയ്ക്ക് ഞാന്‍ എവിടെ നിന്നാണെന്നു അയാള്‍ ചോദിച്ചു."ഞാന്‍ കേരളത്തില്‍ നിന്നാണ്"ഞാന്‍ മെല്ലെ പറഞ്ഞു."ഞാനും കേരളത്തില്‍ നിന്നാണ്".അതുവരെ ഹിന്ദിയിലും ഇന്ഗ്ലീഷിലും സംസാരിച്ച മാന്യന്‍ മലയാളത്തിലേക്ക് തെന്നി വീണു.ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി.അത് അധികം നീണ്ടു നിന്നില്ല.അധിക സ്വാതന്ത്ര്യം ഞാന്‍ എടുക്കാതിരിക്കാന്‍ എന്നവണ്ണം അയാള്‍ ധൃതി വെച്ചു."വേഗം റെഡി ആയി വരൂ".ഒരഞ്ചു മിനിട്ട് തരാം." ഞാന്‍ കിട്ടിയ തക്കത്തിന് അകത്തേക്ക് വലിഞ്ഞു വേഗം ദ്യ്രെക്ടര്‍ക്ക് ഫോണ്‍ ചെയ്തു."അതിഥികള്‍ വന്നിട്ടുണ്ട്"എന്ന് പറഞ്ഞു.അങ്ങേ തലക്കല്‍ നിന്നും നിര്‍വികാരമായ ഒരു ഓക്കേ ആണ് വന്നത്.അന്ന് ഉച്ചയോടെ ആണ് ഞാന്‍ അറിഞ്ഞത് ആ "ഓക്കേ" ഈ വകുപ്പിന്റെ ആപ്പീസറുടെ വക ആയിരുന്നു എന്നത്.ഞാന്‍ പെട്ടെന്ന് തന്നെ ഓഫീസില്‍ എത്തിയപ്പോള്‍ അവിടെ ഒരു പത്തു പതിനഞ്ചു പേര്‍ റെഡി യായി നില്‍പ്പുണ്ട്.ഒരു മിനി ബസ്സില്‍ ആണ് അണ്ണന്മാര്‍ വന്നിരിക്കുന്നത്.ഞാന്‍ ഓഫീസ് തുറന്നു.അപ്പോള്‍ അടുത്ത ഓര്‍ഡര്‍ "ഞങ്ങള്‍ പരിശോധന തുടങ്ങുകയാണ്.നിങ്ങള്‍ സഹകരിക്കണം.എന്നാല്‍ എളുപ്പം തീര്‍ക്കാം.അയാള്‍ തന്നെ ഓഫീസിലെ പരിശോധനയ്ക്കായിട്ടു നാല് പേരെ ചുമതലപ്പെടുത്തി.ബാക്കിയുള്ളവരും ഞാനും ആയി ഫാക്ടറിയില്‍ പ്രവേശിച്ചു.ഉല്പ്പന്നവും അസംസ്കൃത വസ്തുക്കളും ആയി വളരെ അധികം സ്റോക്ക് ഉണ്ടായിരുന്നു."അതൊക്കെ എണ്ണി തിട്ടപ്പെടുത്താന്‍ ഇരുന്നാല്‍ ഒരു മാസമെങ്കിലും എടുക്കും".ഇവരെ എത്രയും പെട്ടെന്ന് ഒഴിവാക്കാന്‍ ഞാന്‍ ഒരു വിദ്യ പ്രയോഗിച്ചു നോക്കിയതാണ്.പക്ഷെ പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങുകേല എന്ന മട്ടില്‍ ഉത്തരവും വന്നു."ഞങ്ങള്‍ക്ക് ധൃതി ഇല്ല."
അന്ന് വൈകുന്നേരം വരെ എലി മലയെ തുരക്കുന്നത് പോലെ അവര്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞു പരിശോധന തുടര്‍ന്നു.ഒരേ സമയം ഈ കമ്പനിയുടെ ബന്ധപ്പെട്ട പതിനൊന്നു ഇടങ്ങളില്‍ ആണ് പരിശോധന തുടങ്ങിയത്.വൈകുന്നേരം എല്ലാവരും ഒത്തു ചേര്‍ന്ന് റിപ്പോര്‍ട്ട് എല്ലാം ഉണ്ടാക്കി ഏകദേശം ആറു മണിയോടെ ഓഫീസ് സീല്‍ ചെയ്തു.ഫാക്ടറി ഓടിച്ചു കൊള്ളൂ.പക്ഷെ ഒരു ഈര്‍ക്കിലി പോലും പുറത്തു കൊണ്ട് പോകാന്‍ പാടില്ല.അതാണ് ഉത്തരവ്.എല്ലാവരും അന്നത്തേയ്ക്കു പിരിഞ്ഞു.പിറ്റേന്നും ഞാന്‍ അതി രാവിലെ റെഡി ആയി ഇരിക്കുകയാണ്,പക്ഷെ അവര്‍ വന്നപ്പോള്‍ പതിനൊന്നു മണി."അത് ശരി,തുടക്കം മാത്രം ഗംഭീരം അല്ലെ?" ഞാന്‍ ചോദിച്ചു.എന്റെ ഭയം കുറഞ്ഞു തുടങ്ങിയിരുന്നു.ഞാന്‍ ഒരു കുഴപ്പക്കാരന്‍ അല്ല എന്ന് അവര്‍ക്ക് തോന്നിയത് കൊണ്ടോ എന്തോ,എന്നോട് മാന്യമായിട്ടാണ് പെരുമാറ്റം ഒക്കെ.നമ്മുടെ രാജ്യത്ത് എന്തെങ്കിലും ചെയ്താലാണ് കുഴപ്പം.ഒന്നും ചെയ്യാതിരിക്കുന്നവന്‍ മിടുക്കന്‍.അവനു ആരെയും പേടിക്കേണ്ട.ഒരു വകുപ്പില്‍ നിന്നും ആരും വന്നു ചോദിക്കില്ല, നിങ്ങള്‍ എന്താണ് വെറുതെ ഇരിക്കുന്നതെന്ന്.എന്തെങ്കിലും ചെയ്യാന്‍ ഇറങ്ങുന്നവന്റെ പിറകെ ഒരു രണ്ടു ഡസന്‍ വകുപ്പുകള്‍ എങ്കിലും ഉണ്ടാവും.കാരണം,ഇവരെ പിഴിഞ്ഞിട്ടു വേണം വെറുതെ ഇരിക്കുന്നവരെയും പോറ്റാന്‍.അങ്ങെനെ ഏകദേശം ഇരുപതു ദിവസത്തോളം ഈ പരിശോധന തുടര്‍ന്നു.ആദ്യ ദിവസ്സം നഗരത്തിലെ മുന്തിയ ഹോട്ടലില്‍ നിന്നും അവര്‍ തന്നെ ഉച്ച ഭക്ഷണം വിളിപ്പിച്ചു.ഞാനും വിചാരിച്ചു,ഏതായാലും പാട് പെടുത്തുകയല്ലേ,ഭക്ഷണം എങ്കിലും ഫ്രീ ആയി പോരട്ടെ.പക്ഷെ ആ സന്തോഷം പിറ്റേന്ന് ഉച്ച വരെയേ ഉണ്ടായിരുന്നുള്ളൂ.ഒരു മണി ആയപ്പോള്‍ ഞാന്‍ ചോദിച്ചു,"ഭക്ഷണം എത്ര മണിക്ക് വരും സര്‍"മറുപടി പെട്ടെന്നാണ്,"ഭക്ഷണവും ആദ്യ ദിവസ്സം ഞങ്ങളുടെ വക." ഞാന്‍ വിളിക്കാതെ കയറി വന്ന അതിഥികളെ പിന്നെയുള്ള ദിവസങ്ങളില്‍ തീറ്റി പ്പോറ്റെണ്ട ഭാരവും എനിക്കായി.എങ്കിലും അവസാന റിപ്പോര്‍ട്ടില്‍ എനിക്ക് ദോഷം വരുന്ന ഒരു പരാമര്‍ശവും ഇല്ലായിരുന്നു എന്നത് ഒരു മാനേജര്‍ എന്ന നിലയിലുള്ള എന്റെ യശസ്സ് വര്‍ധിപ്പിച്ചു എന്നതാണ് സത്യം.കൂടാതെ ഈ വകുപ്പിനെ പറ്റി ഉണ്ടായിരുന്ന ഭയവും ഇല്ലാതായി.ഒരു കാര്യം ഞാന്‍ മനസ്സില്‍ ആക്കി.സത്യം ഉച്ചത്തില്‍ പറയാം.കേള്‍ക്കുന്നവന്‍ ശ്രദ്ധിക്കും.