1992 ഇല്‍ ഞാന്‍ ഒരു എന്നാര്‍കെ (N.R.K)ആയി.മധ്യ പ്രദേശിലെ ബെതൂല്‍ എന്ന ചെറു നഗരത്തിലെ ഒരു ഫാക്ടറിയുടെ മാനേജര്‍ ആയാണ് പ്രവാസം ആരംഭിച്ചത്.ആദ്യമായാണ് കേരളത്തിന്നു പുറത്തു പോയി ഉദ്യോഗം വഹിക്കാന്‍ അവസരം വന്നത്.കേരളത്തിലെ ഉദ്യോഗകാലത്ത് ബന്ധപ്പെടെണ്ടി വന്ന ഒരു മാര്‍വാടിയുടെതാണ് ഫാക്ടറി.കേരളത്തില്‍ നമ്മുടെ മലയാളവും അത്യാവശ്യം ഇന്ഗ്ലീഷും കൊണ്ട് കാര്യം നടക്കുമല്ലോ.പക്ഷെ അവിടെ ഇത് കൊണ്ട് ഒരു കാര്യവും ഇല്ല.ഹിന്ദി എഴുതാനും വായിക്കാനുമാല്ലാതെ സംസാരിക്കാന്‍ വശമേ ഇല്ലായിരുന്നു.പക്ഷെ കരയ്ക്ക് പിടിച്ചിട്ട മീനിനെ പോലെയായി എന്റെ കാര്യം.ഒരു വശത്ത് ആദ്യമായി അനുഭവിക്കുന്ന വിരഹം.അതിന്റെ കൂടെ ഭാഷാ പ്രശ്നവും.തിരിച്ചു പോവാന്‍ ഒരുങ്ങി ഞാന്‍.പക്ഷെ മാര്‍വാഡി ഉണ്ടോ വിടുന്നു.എലി ഗര്‍ഭിണി ആയാലും പൂച്ച വിടുമോ.അയാളുടെ ഫാക്ടറി നല്ല രീതിയില്‍ നടത്താന്‍ വേണ്ടി , വളരെ ബുദ്ധിമുട്ടി , ഞാന്‍ പറഞ്ഞ എല്ലാ കാര്യങ്ങളും അന്ഗീകരിച്ചാണ് അയാള്‍ എന്നെ കൊണ്ട് വന്നത്.അതുകൊണ്ടുതന്നെ എളുപ്പത്തില്‍ വിട്ടുപോകാനും പ്രയാസമായിരുന്നു.വീട്ടിലെ കാര്യം പ്രത്യേകിച്ച് കുഞ്ഞു മക്കളുടെ കാര്യം ഓര്‍ക്കുമ്പോള്‍ വിഷമം ഇരട്ടിക്കും.പിന്നെ ഒരു സമാധാനം ഉണ്ടായിരുന്നത് ഭാര്യയുടെ ഉദ്യോഗം ഇന്ത്യാ ഗവേര്‍ന്മെന്റിന്റെ കീഴിലായതിനാല്‍ സ്ഥലം മാറ്റം കിട്ടും എന്നുള്ളതായിരുന്നു.ആദ്യമൊക്കെ അവധി ദിവസങ്ങളില്‍ റെയില്‍വേ സ്റ്റേഷനില്‍ പോയി റയിലും നോക്കി നില്‍ക്കുമായിരുന്നു.നാടുമായുള്ള മുറിയാത്ത പൊക്കിള്‍ കൊടി പോലെയായിരുന്നു അന്ന് റയില്‍ പാളം എനിക്ക് തോന്നിയിരുന്നത്.ഒരിക്കലും കൂട്ടി മുട്ടാതെ സമാന്തരമായി പോകുന്ന ഈ റയില്‍ പാളങ്ങലാണ് ലക്ഷോപലക്ഷം ജനങ്ങളെ കൂടി ഇണക്കുന്നത് എന്നുള്ളത് വിരോധാഭാസം പോലെ തോന്നി.കടിച്ചു പിടിച്ചു മൂന്നു മാസം കഴിച്ചു കൂട്ടിയപ്പോഴാണ് ഒരു പുതിയ കുരിശു വന്നു വീണത്. പണ്ടെങ്ങോ കയറ്റി പോയ കുറച്ചു ചരക്കു തര്‍ക്കത്തില്‍ ആയി.അത് ബീഹാറിലെ പുരുണിയ എന്ന സ്ഥലത്താണ് .കൂടുതല്‍ തുക ഉള്‍പ്പെട്ട പ്രശ്നമായതിനാല്‍ അവിടെപ്പോയി തര്‍ക്കം തീര്‍ത്തു തുക വസ്സൂലാക്കുക എന്ന ചുമതല,പണ്ടേ മോങ്ങാനിരിക്കുന്ന എന്റെ തലയില്‍ ആയി.ബീഹാര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയാണ്.അവിടെ പോകുന്ന കാര്യം ആലോചിക്കാന്‍ പോലും വയ്യ.എന്തായാലും പോകാതെ വയ്യല്ലോ.പോവുക തന്നെ. ഞാന്‍ ബെയ്തൂളില്‍ നിന്നും പാട്നായിലെക്കുള്ള ട്രെയിനില്‍ ആണ്.ഏകദേശം 22 മണിക്കൂര്‍ യാത്രയുണ്ട്.അന്ന് ഇപ്പോഴത്തെ പോലെ വിമാനം സാധാരണം ആയിട്ടില്ല.ഇന്നാണെങ്കില്‍ അത്രയും തന്നെ ചിലവില്‍ പറന്നെത്താം.എനിക്കന്നും ഇന്നും തീവണ്ടി യാത്രയാണ് ഇഷ്ടം.യാത്രക്കും ജീവനുള്ളത് തീവണ്ടിയിലാണ്.ബാക്കിയെല്ലാ മാധ്യമത്തിലും കുറ്റി അടിച്ച പോലെ ഇരിക്കെണ്ടേ.അങ്ങെനെ അടുത്ത ദിവസം ഉച്ചയോടെ ഞാന്‍ പട്നയില്‍ വണ്ടി ഇറങ്ങി.സാമാന്യം വലിയ സ്റ്റേഷനും ഒക്കെ ആണ്.വെളിയില്‍ വന്നു ആദ്യം കണ്ട നല്ല ഒരു ഹോട്ടലില്‍ മുറിയെടുത്തു.ബീഹാറിനെ പറ്റി കേട്ടിട്ടുള്ളത് ഭീകരമായ കഥകള്‍ ആയിരുന്നത് കൊണ്ട് ഭയത്തോടെയായിരുന്നു എന്റെ ഓരോ നീക്കവും.എന്നെ നോക്കാത്തവര്‍ പോലും എന്നെ നോക്കുന്നുണ്ടോ എന്ന് സംശയം.അമാന്തിച്ചു നില്‍ക്കാന്‍ നേരവും ഇല്ല.എന്തായാലും ഉച്ച ഭക്ഷണം കഴിഞ്ഞു ഹോട്ടലിനു വെളിയില്‍ ഇറങ്ങി.നല്ല തിരക്കുള്ള റോഡ്.ബസ്സുകള്‍ നിറഞ്ഞു ഒഴുകുന്നു.ഒരു പ്രധാന വ്യത്യാസം കണ്ടത് ബസ്സിനുള്ളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ ബസ്സിന്റെ മുകളിലും ഉണ്ടായിരുന്നു. സൈക്കിളും,ചാക്കു കെട്ടുകളും എല്ലാം ബസ്സിനു മുകളില്‍ ഉണ്ട്.പല ബസ്സുകള്‍ അങ്ങെനെ കണ്ടപ്പോള്‍ എനിക്കും തോന്നി ഇതായിരിക്കും ഇവിടുത്തെ രീതി എന്ന്..എനിക്കും രാത്രി ബസ്സിനു പുരുനിയയ്ക്ക് പോകേണ്ടതാണ്. ഇങ്ങെനെയാണ് എങ്കില്‍ എനിക്കും ബസ്സിനു മുകളില്‍ വലിഞ്ഞു കയറേണ്ടി വരുമോ? എന്തായാലും ടികെറ്റ് ബുക്ക് ചെയ്യാന്‍ നോക്കാം.ഒരു എജെന്‍സിയില്‍ പോയി അന്വേഷിച്ചു.വളരെ സൌമ്യമായ പെരുമാറ്റം .എനിക്ക് ധൈര്യം വന്നു തുടങ്ങി.എനിക്ക് അകത്തു തന്നെ സീറ്റ് വേണമെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ മനസ്സിലായി.ബസ്സിനു മുകളിലുള്ള യാത്ര പകല്‍ മാത്രമേയുള്ളൂ.അത്രയും രക്ഷയായി. രാത്രി കൃത്യം 9 മണിക്ക് തന്നെ വണ്ടി വിട്ടു.പുരുണിയ 8 മണിക്കൂര്‍ ദൂരെയാണ്.പിറ്റേന്ന് രാവിലെ 5 മണിക്ക് എത്തും.നല്ല ബസ്സ് ആയിരുന്നു.ഞാന്‍ കയറിയ ഉടന്‍ തന്നെ എന്റെ ബാഗ് , ലഗേജ് കാരിയറില്‍ വച്ച് പൂട്ടി.ഇടയ്ക്കു ഇറങ്ങി കയറേണ്ടി വന്നാല്‍ ബാഗ് പോകരുതല്ലോ. കേട്ടറിവ് വച്ച് ദിവസേന അഞ്ചു കൊലപാതകം എങ്കിലും നടക്കുന്ന സ്ഥലമാണ് പുരുനിയ.നനഞ്ഞു ഇറങ്ങിയില്ലേ. കുളിച്ചു കയറുക തന്നെ.അടുത്ത സീറ്റില്‍ ഇരുന്നത് ഒരു പോലീസ് ഓഫീസര്‍ ആയിരുന്നു.അയാള്‍ പിന്നെയും ദൂരെയുള്ള കിഷന്‍ ഗന്ജിലേക്ക് ആണ് .അയാള്‍ പറഞ്ഞതാണ് രസം.ഏകദേശം 200 ബസ്സുകള്‍ ഈ റൂട്ടില്‍ ഓടുന്നുണ്ട്.പക്ഷെ ഒരു വണ്ടിക്കും പെര്‍മിറ്റ് ഇല്ല.ബീഹാറില്‍ അന്ന് അങ്ങനെയൊക്കെയാണ്.ഇടയ്ക്ക് വച്ച് പോലീസ് ചെകിംഗ് ഉണ്ടായി.രണ്ടു പോലീസുകാര്‍ ബസ്സില്‍ കയറി എല്ലാ ബാഗുകളും എടുത്തു കുലുക്കി നോക്കി തുടങ്ങി.നമ്മുടെ നാട്ടില്‍ തേങ്ങയുടെ വിളവു നോക്കുന്നത് പോലെ.എന്റെ ബാഗിനടുത്ത് വന്നിട്ട് ഒരു ചോദ്യം.ഈ പൂട്ടി വെച്ചിരിക്കുന്ന ബാഗ് ആരുടെതാണ് ? ഞാന്‍ എഴുന്നേറ്റു നിന്ന് എന്റെതാണെന്നു പറഞ്ഞു.പൂട്ട് തുറപ്പിച്ചു,ബാഗ് തുറന്നു പരിശോധിച്ചു.എന്നിട്ടൊരു ചോദ്യം ,മദ്യം ഉണ്ടോ എന്ന്.അപ്പോള്‍ എനിക്ക് മനസ്സിലായി.ഇവര്‍ ബാഗ് കുലുക്കിനോക്കുന്നത് എന്തിനാണെന്ന്.എന്തായാലും അര മണിക്കൂറോളം കഴിഞ്ഞു വണ്ടി വിട്ടു. പറഞ്ഞ പോലെ തന്നെ വെളുപ്പിന് 5 മണിക്ക് തന്നെ ഞാന്‍ പുരുനിയയില്‍ ബസ്സിറങ്ങി.ഒരുവിധം നല്ല ഇരുട്ടും ഉണ്ട്.മുനിഞ്ഞു കത്തുന്ന ഒരു വഴിവിളക്കിന് കീഴില്‍ ഒരു റിക്ഷാക്കാരന്‍ ഇരുന്ന് നല്ല ഉറക്കം.അയാളെ മെല്ലെ തട്ടി വിളിച്ചു.ഉറക്കം ഭംഗം വന്ന ദേഷ്യം അയാള്‍ക്കുണ്ടായിരുന്നു.എനിക്കും വേറെ വഴിയില്ലായിരുന്നു.എന്തായാലും ഒരു ഹോട്ടലില്‍ എത്തിക്കാമെന്നു അയാള്‍ സമ്മതിച്ചു.വേറെ ഒരു മനുഷ്യ ജന്മത്തെ യും അവിടെയൊന്നും കണ്ടില്ല.അയാളും ഇല്ലെങ്കിലുള്ള അവസ്ഥയെ പറ്റി ആലോചിച്ചപ്പോള്‍ ഉള്ളു കിടുങ്ങി.ഏകദേശം 15 മിനിറ്റ് കഴിഞ്ഞു ഞാന്‍ ഒരു ഇടത്തരം ഹോട്ടലിനു മുന്നില്‍ എത്തി.റിക്ഷാക്കാരന്‍ സലാം പറഞ്ഞു പോയി.ഞാന്‍ ആ ഹോട്ടലില്‍ മുറിയെടുത്തു.ഇനി 10 മണിക്ക് അവിടുത്തെ ഫാക്ടറിയില്‍ പോയാല്‍ മതി.എന്തായാലും ഇതുവരെ കുഴപ്പം ഒന്നും ഉണ്ടായില്ല.ഈ ഹോട്ടലും നന്നായിരുന്നു.ഞാന്‍ പ്രതീക്ഷിച്ചിരുന്നത് ക്രൂരന്മാരായ ,ഒന്ന് പറഞ്ഞു രണ്ടാമതെതിന്നു കൈ വെയ്ക്കുന്ന ആള്‍ക്കാര്‍ ആയിരിക്കും എന്നാണു.പക്ഷെ,ഏതാണ്ട് അഞ്ചു ദിവസത്തെ പുരുണിയ വാസം സുഖവും സന്തോഷവും പ്രദാനം ചെയ്യുന്നതായിരുന്നു.ഒരു കാര്യം അന്നാണ് എനിക്ക് ഉറപ്പായത്.നമ്മള്‍ കേള്‍ക്കുന്നത് പലതും അസത്യങ്ങളോ അര്‍ദ്ധ സത്യങ്ങളോ ആയിരിക്കുമെന്ന്.ഈ ബീഹാര്‍ യാത്രയോടെയാണ് എവിടെയും പോകാനുള്ള ചങ്കുറപ്പ് എനിക്ക് കിട്ടിയത്.ഇന്നത്തെ കാലം നാം എത്രയോ കാര്യങ്ങള്‍ കേള്‍ക്കുന്നു? ചാനലുകള്‍ മുടി അഴിച്ചിട്ടു ആടുകയല്ലേ?പക്ഷെ സൂക്ഷിക്കണം.സത്യം വേറെ എന്തൊക്കെയോ ആയിരിക്കും.
16 comments:
എനിക്കന്നും ഇന്നും തീവണ്ടി യാത്രയാണ് ഇഷ്ടം.യാത്രക്കും ജീവനുള്ളത് തീവണ്ടിയിലാണ്.ബാക്കിയെല്ലാ മാധ്യമത്തിലും കുറ്റി അടിച്ച പോലെ ഇരിക്കെണ്ടേ.എനിക്കും തീവണ്ടിയാത്ര എന്നും പ്രിയങ്കരമാണു.അന്നത്തേ യാത്രകൊണ്ട് അനുഭവങ്ങൾ വളരേ അധികം ലഭിച്ചിരിക്കാം
ആദ്യമൊക്കെ അവധി ദിവസങ്ങളില്‍ റെയില്‍വേ സ്റ്റേഷനില്‍ പോയി റയിലും നോക്കി നില്‍ക്കുമായിരുന്നു.റയിൽ നോക്കി മനസ്സിൽ നാട്ടിലേക്ക് ഒരു യാത്ര..:)
കൊലയും,കൊള്ളിവെപ്പും,തട്ടിക്കൊണ്ടുപോകലുമൊക്കെ പതിവായി ബീഹാറിൽ നിന്നും കേൾക്കുന്ന വാർത്തകൾ.പക്ഷെ ഇക്കയുടെ ഈ പോസ്റ്റ് വായിച്ചപ്പോൾ കേരളത്തേക്കാൾ ഭേദമാണു ബീഹാറെന്നു തോന്നുന്നു.
ജുവൈരിയ സലാം,അനുഭവങ്ങളില്‍ നിന്ന് അനുഭവങ്ങളിലെക്കുള്ള യാത്രയല്ലേ ജീവിതം?
ഹൈനാ,നാട്ടില്‍ നില്‍ക്കുമ്പോള്‍ നാടിനെ ഓര്‍ക്കുമോ?
മൊയ്ദീന്‍,പല മേഖലകളിലും കേരളം മുന്നിലാണ്.പക്ഷെ,വികസന കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ ബഹുദൂരം മുന്നിലാണ്.ഇതാണ് യാഥാര്‍ത്ഥ്യം.
ഏല്ലാവര്‍ക്കും പ്രതികരണത്തിന് നന്ദി.
നല്ല പോസ്റ്റ്. പല ധാരണകളെയും പൊളിച്ചെഴുതി. പോതുവെ നാം കേൾക്കുന്നത് ബീഹാറിലെ സാധാരണക്കാരെ കുറിച്ചല്ല, ജനം തിരഞ്ഞെടുക്കുന്ന ക്രിമിനലുകളെ കുറിച്ചാണ്. ക്രിമിനലുകളെ തിരഞ്ഞെടുക്കുന്നത് കാരണം നാട്ടിലെ അവസ്ഥ വളരെ മോശമാണെന്ന് കരുതുക സ്വാഭാവികം.
ബെന്ചാലി,സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദിയുണ്ട്.നമ്മുക്ക് ഉള്ളത് പലതും തെറ്റിധാരണകള്‍ ആണ്.അനുഭവത്തിലൂടെ മാത്രമേ അത് തിരുത്താന്‍ പറ്റൂ.
പലപ്പോഴും നാം കേള്‍ക്കുന്നതും ധരിക്കുന്നതും ഒന്ന്. പക്ഷെ അതിന്റെ യാഥാര്‍ത്ഥ്യം ഇതില്‍ നിന്നൊക്കെ എത്രയോ അകലെയായിരിക്കും. ബീഹാരിനെക്ക്‌ുറിച്ച നമ്മുടെ ധാരനയും അനുഭവത്തില്‍ നിന്നും തിരിയുന്നതും എത്ര വ്യത്യാസം അല്ലെ.
റാംജി മാഷേ,ധാരണകള്‍ പലതും അനുഭവത്തില്‍ കൂടിയേ മാറൂ.
പറഞ്ഞ് പരത്തുന്ന പലതും മറ്റേതെങ്കിലും ലക്ഷ്യം കാണാനായിരിയ്ക്കും.
പരമ ദരിദ്രരായ പട്ടിണിപ്പാവങ്ങളായ ബീഹാറികളെ മറ്റു സംസ്ഥാനങ്ങളിലുള്ളവർ ദാരിദ്ര്യത്തിന്റേയും ഗുണ്ടായിസത്തിന്റേയും പേരിൽ വെറുതേ പിടിച്ചുപദ്രവിയ്ക്കുന്നതും ഒരു സാധാരണ കാര്യമായത് അതുകൊണ്ടാണ്.....
പോസ്റ്റ് നന്നായി.
സന്തോഷമുണ്ട് വരവിനും കമന്റിനും.എച്ച്മുക്കുട്ടിയ്ക്ക്.
ഷാനവാസിക്കയും പുരാണത്തിന്റെ ആളാല്ലേ? :) ബീഹാറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറാനുതകുന്നുണ്ട്.തീവണ്ടിയാത്രയുടെ ഒരു സുഖം ഒന്ന് വേറെത്തന്നെയാണ്!
ഇനിയും വരാം...
വാഴക്കൊടന്റെ ഒരു ഫാന്‍ ആണ് ഞാന്‍.ആദ്യ വരവില്‍ സന്തോഷം.പുരാണം തൊട്ടു തുടങ്ങാം എന്ന് കരുതി.വായിച്ചാണ് ശീലം.എഴുത്തില്‍ വശം കുറവാണെ.
കേള്‍ക്കുന്നതൊന്നും ശരിയല്ല... കാണുംവരെ ബോധ്യമാവുകയുമില്ല. അത് തന്നെ ബീഹാറും എന്ന് ഈ കുറിപ്പ് വായിച്ചപ്പോള്‍ തോന്നുന്നു. നന്ദി ഇക്കാ, നല്ലൊരു വിവരണത്തിന്.
സന്ദര്‍ശനത്തിനും കമന്റിനും നന്ദിയുണ്ടേ .എഴുതാന്‍ വശം കുറവാണ് .വായിക്കാനാണ് വശം.,ശ്രദ്ധേയന്‍.
കണ്ണുകൊണ്ട് കാണുന്നതും ചെവി കൊണ്ട് കേള്‍ക്കുന്നതും എപ്പോഴും സത്യമല്ലല്ലോ. മുന്‍വിധി അപകടകാരിയും കൂടെയാണ്
Post a Comment