നവരാത്രി മഹോല്‍സവം തുടങ്ങിയല്ലോ.....അപ്പോള്‍ അതിന്റെ പച്ചപിടിച്ച ഓര്‍മ്മകളും അരിച്ചരിച്ച് മനസ്സിലേക്ക് കടന്നു വരുന്നു....നവരാത്രിക്കാലത്ത് ബ്രാഹ്മണ കുടുംബങ്ങളില്‍ ആചരിക്കുന്ന ഒന്നാണ് "ബൊമ്മക്കൊലു" വെയ്ക്കല്‍...ദേവീദേവന്മാരുടെ ചെറിയ പ്രതിമകള്‍ തട്ടു തട്ടായി അടുക്കി വെച്ച് , ഒന്‍പതു ദിവസം പൂജയും ഭജനയും ഒക്കെ ആയി...ദുര്‍ഗ്ഗാപൂജ എന്നാണ് പറയുക എങ്കിലും ലക്ഷ്മി, സരസ്വതി തുടങ്ങിയ ദേവിമാരും ഈ ദിവസങ്ങളില്‍ പൂജിക്കപ്പെടുന്നു... ശിവ പാര്‍വതീ വിഗ്രഹങ്ങളും നടുക്ക് തന്നെ ഉണ്ടാവും..ഈ ദിവസങ്ങളില്‍ ബ്രാഹ്മണര്‍ പരസ്പരം ഗ്രിഹ സന്ദര്‍ശനവും" കൊലു" കാണലും വിലയിരുത്തലും ഒക്കെ നടത്തിയിരുന്നു... എല്ലാവരും ഏറ്റവും നന്നായി കൊലു വെയ്ക്കാനും അലങ്കാരപ്പണികള്‍ ചെയ്യാനും മത്സരിച്ചിരുന്നു...ഇപ്പോഴും ഇതൊക്കെ ഉണ്ടാവാം..
എന്റെ താമസവും ഒരു ബ്രാഹ്മണ കോളനിയുടെ സമീപത്ത് തന്നെ ആയിരുന്നു. കൊങ്കണിമാരുടെ ഒരു വലിയ ക്ഷേത്രവും അതിനെ ചുറ്റിപ്പറ്റി ധാരാളം ബ്രാഹ്മണ കുടുംബങ്ങളും.. തന്നെയല്ല , കളിക്കൂട്ടുകാരായും ക്ലാസ് കൂട്ടുകാര്‍ ആയും ബ്രാഹ്മണ കുട്ടികള്‍ വേണ്ടുവോളം...അതില്‍ വിദ്യനും വേണുവും വളരെ പ്രിയപ്പെട്ടവര്‍...എപ്പോഴും ഒന്നിച്ചുള്ള നടത്തം...വിദ്യന്‍ തമിഴ് ബ്രാഹ്മണന്‍....വേണു കൊങ്കണി ബ്രാഹ്മണന്‍...പിരിയാത്ത കൂട്ട് പരസ്പരം വീടുകളിലേക്കും നീണ്ടു...ആദ്യമൊക്കെ എനിക്ക് ഭയമായിരുന്നു ഈ വീടുകളില്‍ പോകാന്‍ ..എല്ലാ രീതികളും വ്യത്യസ്തം...ശുദ്ധ സസ്യഭുക്കുകള്‍... പക്ഷെ തീണ്ടലും തൊടീലും ഒന്നും ഇല്ലായിരുന്നു...എവിടെ വരെ കയറി ഇറങ്ങാനും സ്വാതന്ത്ര്യം...അവരുടെ മാതാപിതാക്കള്‍ സ്വന്തം പോലെ എന്നെയും കണ്ടു...അല്ലെങ്കിലും സ്നേഹത്തിന് എന്തു ജാതി? എന്തു മതം? ഒരു വ്യത്യാസവും ഇല്ലാതെ അവര്‍ എന്നെ സ്നേഹിച്ചു.....സ്വന്തം അച്ഛനും അമ്മയും സ്നേഹിക്കുന്നത് പോലെയുള്ള സ്നേഹം...എഴുതുമ്പോള്‍ കണ്ണ് നിറയുന്നു...നാല്പതു വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണെങ്കിലും ഇന്നലത്തെ പോലെ ഓര്‍ക്കുന്നു..ഒരു പക്ഷെ സ്നേഹം കാലാതീതമായ ഒരു വികാരം ആയതുകൊണ്ടായിരിക്കാം ഇങ്ങനെ ...ഇതില്‍ പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് വര്‍ഷങ്ങള്‍ ആയി..എങ്കിലും ഓര്‍മ്മകള്‍ക്ക് ജരാനരകള്‍ ബാധിക്കില്ലല്ലോ..അതിന് എന്നും പതിനാറു വയസ്സ് തന്നെ..ഇവരുടെ ഒരു പ്രത്യേകത ഞാന്‍ കണ്ടത്, ഇവര്‍ ശാരീരിക അധ്വാനം ആവശ്യമുള്ള ഒരു ജോലിയും ഏറ്റെടുക്കില്ല എന്നതാണ്...എന്നാല്‍ ബാങ്ക്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ ഇവര്‍ അഗ്രഗണ്യര്‍ ആണ് താനും...തികച്ചും സാധുക്കള്‍ ...ഒരു വഴക്കോ വയ്യാവേലിയോ ഒന്നും തന്നെ ഇവരുമായി ബന്ധപ്പെട്ട് ഉണ്ടാവാറില്ല...തികച്ചും വിശ്വസ്തര്‍...ചതിവും വഞ്ചനയും ഒന്നും അറിയില്ല...അതുകൊണ്ട് തന്നെ ഒരു പക്ഷെ അവരുടെ കുറച്ചെങ്കിലും ഗുണങ്ങള്‍ സ്വായത്തമാക്കാന്‍ എനിക്കും കഴിഞ്ഞു...അത് മുന്നോട്ടുള്ള ജിവിതത്തില്‍ പല തരത്തിലും എനിക്കും പ്രയോജനം ചെയ്തു...കൂടാതെ കൊങ്കണി ഭാഷയും അത്യാവശ്യം തമിഴ് ഭാഷയും സംസാരിക്കാനും പഠിച്ചു...ആദ്യമാദ്യം കേള്‍ക്കുമ്പോള്‍ തികച്ചും വിഷമം ഉണ്ടാക്കിയിരുന്ന പല വാക്കുകളും അതിന്റെ അര്‍ഥം മനസ്സിലായപ്പോള്‍ വായില്‍ ഐസ് ക്രീം പോലെ അലിഞ്ഞു...ഇപ്പോള്‍ ഞാന്‍ കൂടുതല്‍ കേള്‍ക്കുന്നത് തുളു, കന്നഡ പിന്നെ അത്യാവശ്യം ഹിന്ദിയും...കടലോളം ആഴമുള്ള ഭാഷകള്‍ പലതും..തീരത്ത് കല്ലെടുക്കാന്‍ ശ്രമിക്കുന്ന തുമ്പിയെപ്പോലെ ഞാനും..
ബൊമ്മക്കൊലു ആദ്യം വിദ്യന്റെ വീട്ടില്‍ ഒരുക്കും... ദിവസ്സങ്ങള്‍ നീളുന്ന തയ്യാറെടുപ്പിന്റെ പരിസമാപ്തി...അപ്പോള്‍ വേണുവിന് അതിലും നന്നായി കൊലു ഒരുക്കണം...ആരോഗ്യകരമായ ഒരു മല്‍സരം...വര്‍ണ്ണക്കടലാസ് കൊണ്ടുള്ള തോരണങ്ങള്‍..പിന്നെ വര്‍ണവൈവിദ്യം വിതറുന്ന വൈദ്യുത ദീപാലങ്കാരം..എല്ലാ ഒരുക്കങ്ങൾക്കും ഞാനും കൂടും....തട്ടുകള്‍ ഒരുക്കി ബൊമ്മകള്‍ നിരത്തുന്നത് മുതല്‍ അലങ്കാരങ്ങള്‍ വരെ.. എന്റെ ചങ്ങാതിമാര്‍ എല്ലാ സഹായവും ആയി കൂടെത്തന്നെ ഉണ്ടാവും....അന്നത്തെ എന്റെ പരിമിതമായ അറിവ് വെച്ച് കൊണ്ടാണ് എന്റെ ഹീറോ കളി...വയറിംഗ് എല്ലാം എന്റെ വക...എന്നാലും അവസാനം നവരാത്രി തുടങ്ങിക്കഴിയുംപോള്‍ ദീപ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന കൊലു ഒരു കാഴ്ച തന്നെ ആണ്...അപ്പോഴേക്കും മറ്റു വീടുകളിലെ വിശേഷങ്ങള്‍ വന്നു തുടങ്ങും..ഓരോ വര്‍ഷവും ഓരോ തരത്തില്‍ ആയിരിക്കുംവിതാനങ്ങള്‍...പോപ്പിക്കുടയും ജോണ്സ് കുടയും മോഡല്‍ മാറ്റുന്നത് പോലെ.. മറ്റു വീടുകളിലെ മുന്തിയ വിതാനങ്ങള്‍ കണ്ടിട്ട് ഞങ്ങളും മോടി കൂട്ടിക്കൊണ്ടിരിക്കും..ഈ മോടി കൂട്ടല്‍ അവസാന ദിവസം വരെ തുടരും...കൂടാതെ സംഗീത സാന്ദ്രമായ സായാഹ്നങ്ങള്‍...അതും തമിഴ് , കൊങ്കണി ഗാനങ്ങള്‍...കീര്‍ത്തനങ്ങള്‍.. സ്ത്രീകളാണ് എല്ലാറ്റിനും മുന്നില്‍...പൂജയ്ക്കായാലും സംഗീതത്തിന് ആയാലും അവര്‍ തന്നെ...പിന്നെ, വരുന്നവര്‍ മധുര പലഹാരങ്ങള്‍ കൊണ്ട് വരും...ഞങ്ങള്‍ കുട്ടികള്‍ക്ക് ആമോദം തന്നെ...ഈ ദിനങ്ങളില്‍...
അങ്ങനെ മഹാനവമി നാളില്‍ എല്ലാവരും പഠിക്കുന്ന പുസ്തകങ്ങള്‍ എല്ലാം അടുക്കി പൂജയ്ക്ക് വെയ്ക്കും...ഞാനും പിന്നോട്ട് മാറില്ല... ഒരു ദിവസം പഠിക്കേണ്ടല്ലോ..കാരണം പുസ്തകം പൂജ വെച്ചിരിക്കുക അല്ലെ?? വിജയ ദശമി നാളില്‍ പൂജയ്ക്ക് ശേഷം മാത്രമേ പുസ്തകം എടുത്തു തുറക്കുകയുള്ളൂ..
വിജയ ദശമി നാളില്‍ ആണ് കുഞ്ഞുങ്ങളെ എഴുത്തിന് ഇരുത്തുന്നത്. അതും വീട്ടിലെ മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളെ മടിയില്‍ പിടിച്ചിരുത്തി സ്വര്‍ണ്ണം കൊണ്ട് നാവില്‍ ...ഹരി..ശ്രീ..ഗണപതയെ..നമ: അവിഘ്ന മസ്തു:...ഇപ്പോഴും ഓര്‍ക്കുന്നു...പക്ഷെ ഇന്ന് ഈ ചടങ്ങും കമ്പോള വല്ക്കരിക്കപ്പെട്ടു കഴിഞ്ഞു...ഇപ്പോള്‍ വീട്ടില്‍ "എഴുതിക്കല്‍" കുറവായി... ക്ഷേത്രങ്ങളിലേക്കും പള്ളികളിലെക്കും പിന്നെ പത്രം ആപ്പീസുകളിലെക്കും മാറി ഈ "എഴുത്ത്" ചടങ്ങ്...ആനയും അമ്പാരിയും ഒക്കെ ആയി...പ്രശസ്തരെ കൊണ്ട് മക്കളെ ആദ്യാക്ഷരം കുറിപ്പിക്കാന്‍ ഇന്ന് മാതാപിതാക്കള്‍ നെട്ടോട്ടം ആണ്...നിരന്നിരിക്കുന്ന "എഴുത്തുകാരുടെ" മുന്‍പില്‍ കുഞ്ഞുങ്ങളും ആയി ക്യു നില്‍ക്കുക...എഴുതി എഴുതി കുഴഞ്ഞ എഴുത്തുകാര്‍ കരഞ്ഞു കീറുന്ന കുഞ്ഞുങ്ങളുടെ നാക്കില്‍ എന്തെങ്കിലും ഒക്കെ എഴുതി എന്ന് വരുത്തും...ഒരു ചടങ്ങ് പോലെ...ഒരു ആത്മാവില്ലാത്ത ചടങ്ങായി മാറി ഇതും...മറ്റു പലതിലും സംഭവിച്ചത് പോലെ ആത്മാവില്ലാത്ത കാട്ടിക്കൂട്ടലുകള്‍....
എല്ലാം പൊയ്പ്പോയ നല്ലകാലത്തിന്റെ സ്വര്‍ണ്ണ സ്മരണകള്‍...ഇങ്ങിനി വരാത്ത വണ്ണം അകന്നു പോയ ആ കാലത്തിന്റെ ഓര്‍മ്മകള്‍ തന്നെ മനസ്സില്‍ ഒരു ഉത്സവം ഒരുക്കാന്‍ ധാരാളം...