Tuesday, March 29, 2011

ഫുകുഷിമ നല്‍കുന്ന പാഠം.

15

                                     "ഫുകുഷിമ" ഈ വാക്ക് ഏതാണ്ട് ഒരു മാസം മുന്‍പ് വരെ നാം കേള്‍ക്കാത്തതു തന്നെ ആയിരുന്നു.പക്ഷെ ഇന്ന് നേരം വെളുത്താല്‍ കേട്ട് തുടങ്ങുന്നു "ഫുകുഷിമ".ജപ്പാനില്‍ അടുത്തിടെ ഉണ്ടായ ഭൂകമ്പത്തിലും സുനാമിയിലും വ്യാപകമായ ആള്‍ നാശവും മറ്റു നാഷനഷ്ട്ടങ്ങളും ഉണ്ടായല്ലോ?സമ്പത്തിലും സാങ്കേതിക ഉന്നമനത്തിലും ലോകത്തിന്റെ നെറുകയില്‍ നിന്നിരുന്ന ഒരു രാജ്യമാണ് ജപ്പാന്‍.അവിടുത്തെ ജനങ്ങളുടെ അതിജീവന സാമര്‍ത്ഥ്യം പണ്ടേ ലോകം അന്ഗീകരിച്ചിട്ടുള്ളതുമാണ്.രണ്ടാം ലോക യുദ്ധത്തിനു ശേഷം ഒരു ഫീനിക്സ് പക്ഷിയെപ്പോലെയാണ് ജപ്പാന്‍ ഉയര്‍ത് എഴുന്നേറ്റത്.പക്ഷെ ആ ജപ്പാന്‍ പോലും ഇന്ന് "ഫുകുഷിമ" യുടെ മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ്.അവിടുത്തെ ആണവ നിലയത്തിലെ ചോര്‍ച്ചയാണ് ഇന്ന് ജപ്പാന്റെ മാത്രമല്ല ലോകത്തിന്റെയും ഉറക്കം കെടുത്തുന്നത്.ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ ആണവ വിപത്താണ് ഇത്.ഭൂകമ്പത്തിലും സുനാമിയിലും ഫുകുഷിമ ആണവനിലയത്തിനു സംഭവിച്ച ഗുരുതരമായ കേടുപാടുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളൊന്നും ഇത് വരെ വിജയിച്ചിട്ടില്ല എന്നുമാത്രമല്ല,ഓരോ ദിവസവും സ്ഥിതി വഷളായി കൊണ്ടിരിക്കുകയുമാണ്.ഒരു കാര്യം വ്യക്തമാണ്.എത്ര മുന്‍കരുതലുകള്‍ എടുത്താലും,ആണവനിലയങ്ങള്‍ നൂറു ശതമാനം സുരക്ഷിതമല്ല തന്നെ.ജര്‍മനിയിലും മറ്റും ആനവനിലയങ്ങല്‍ക്കെതിരെ വലിയ പ്രതിക്ഷേതങ്ങള്‍ നടക്കുകയുമാണ്.                                                                            ഈ സമയത്താണ് മഹാരാഷ്ട്രയിലെ ജയ്താപൂരില്‍ ഒരു സൂപ്പര്‍  ആണവനിലയം സ്ഥാപിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്.ഏതാണ്ട് ഒരു ലക്ഷത്തോളം വരുന്ന ഗ്രാമീണ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഈ ശ്രമം.ഇതിനെതിരെ ജനങ്ങളുടെ ചെറുത്തുനില്‍പ്പും ശക്തമാണ്.കാര്‍ഷിക വൃത്തി കൊണ്ട് ജീവിക്കുന്ന സാധാരണ ജനങ്ങളാണ് ഇവിടെയുള്ളത്.ആണവ നിലയങ്ങളെ പറ്റിയോ അതിന്റെ വരും വരാഴ്കകളെ പറ്റിയോ ഒരു വിവരവും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല.പക്ഷെ അവരുടെ ഇടയില്‍ നിന്നും ഒരാള്‍ ഇതിന്റെ അപകടം മനസ്സിലാക്കി ഉയര്‍ന്നു വന്നു. ഒരു ഗ്രാമീണന്‍ മാത്രമായ , കൃഷിക്കാരന്‍ മാത്രമായ ,ശ്രീ .പ്രവീണ്‍ ഗവന്കര്‍.അദ്ധേഹത്തിന്റെ ശ്രമഫലമായി ജനങ്ങള്‍ വരാനിരിക്കുന്ന അപകടം മനസ്സിലാക്കി.അതിശക്തമായ ചെറുത്തു നില്‍പ്പാണ് ശ്രീ .പ്രവീണിന്റെ നേതൃത്വത്തില്‍ അവിടെ നടന്നു കൊണ്ടിരിക്കുന്നത്."ഫുകുഷിമ"ദുരന്തം ശ്രീ.പ്രവീണ്‍ ഭായിയുടെയും സഹ ഗ്രാമീണരുടെയും ഭയം സത്യമാണെന്ന് തെളിയിച്ചിരിക്കുന്നു.അതി ശക്തമായി തന്നെ അവര്‍ സമരം മുന്നോട്ടു കൊണ്ട് പോകുന്നു.ജനങ്ങളുടെ ഭയാശങ്കകള്‍ക്ക് അറുതി വരുത്താന്‍ സര്‍ക്കാരിനായാല്‍ ഒരു പക്ഷെ ഈ ആണവനിലയം യാധാര്ത്യമാകും.ഇല്ലെങ്കില്‍ സമരത്തിന്റെ തീച്ചൂളയില്‍ ഇത് ഒരു സ്വപ്നം മാത്രമാവും.

Saturday, March 26, 2011

വിലയ്ക്ക് വാങ്ങിയ വിന.

18

ഞാന്‍ അന്നും പതിവ് പോലെ യുള്ള എന്റെ മംഗലാപുരം -ആലപ്പുഴ യാത്രയിലായിരുന്നു.വൈകുന്നേരം മംഗലാപുരത്ത് നിന്നും പുറപ്പെടുന്ന മാവേലി എക്സ്പ്രസ്സ്‌ ആണെന്റെ ഇഷ്ട്ടപ്പെട്ട തീവണ്ടി.അന്ന് വണ്ടി പയ്യന്നൂര്‍ വിട്ടപ്പോള്‍ ഏകദേശം അറുപത്തി അഞ്ചു വയസ്സിനു മുകളില്‍ പ്രായം തോന്നിക്കുന്ന ഒരു മാന്യദേഹം എന്റെ അടുത്ത സീറ്റില്‍ വന്നു ഇരുന്നു.സാധാരണ ഗതിയില്‍ ഇതില്‍ പറയത്തക്കതായി ഒന്നും ഇല്ല.   പക്ഷെ   ടി. ടി ഇ  . ഇടനാഴിയില്‍ കൂടി ടികെറ്റ് ചാര്‍ടുമായി പോകുമ്പോഴെല്ലാം ഇയാള്‍ ടികെറ്റും നീട്ടിപ്പിടിച്ചു കൊണ്ട് എഴുന്നെല്‍ക്കുന്നുണ്ടായിരുന്നു.ടി.ടി.ഇ.ഇയാളെ ഗൌനിക്കാതെ കടന്നു പോയിക്കൊണ്ടും ഇരുന്നു.ഇത് പല പ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ എനിക്കും ജിജ്ഞാസ ആയി .എന്തായിരിക്കും കാര്യം,ചോദിക്കുക തന്നെ.ഞാന്‍ അവസാനം ചോദിച്ചു."എന്താണ് സര്‍ ,പ്രശ്നം,ടി,ടി,ഇ.യെ കാണുമ്പോഴെല്ലാം താങ്കള്‍ ടികെറ്റ് കാണിക്കുന്നുണ്ടല്ലോ, എന്താ വെയ്ടിംഗ് ലിസ്റ്റ് ആണോ".അതിനു വന്ന മറുപടി,"അയ്യോ അല്ലല്ല,അതല്ല പ്രശ്നം" "പിന്നെന്താ പ്രശ്നം ? സാധാരണ ടി,ടി,ഇ.അവഗണിക്കുന്നത് വെഇറ്റ് ലിസ്റ്റ് കാരെയാണ്."എന്റെ ചോദ്യത്തിന് അടുത്ത മറുപടി വന്നു."അതേ ,എന്റെ ടികറ്റ്  കാസറഗോഡ് നിന്നും ആണ്.പക്ഷെ ഞാന്‍ കയറേണ്ടത് കണ്ണൂരില്‍ നിന്നും.ഞാന്‍ കണ്ണൂരിന് മുന്‍പ് കയറിയില്ലേ,അത് ടി.ടി.ഇ.യോട് പറയാന്‍ വേണ്ടിയാണ് ഞാന്‍ നോക്കുന്നത്" ശരിയാണ്.ഇയ്യാള്‍ ചെയ്യുന്നതും ശരി,ടി.ടി.ഇ.ചെയ്യുന്നതും ശരി. കാരണം ടി.ടി.ഇ.യുടെ കണക്കില്‍ ഈ സീറ്റില്‍ കണ്ണൂരില്‍ നിന്നെ ആള്‍ കയറൂ.അപ്പോള്‍ ഇയ്യാളെ നോക്കേണ്ട കാര്യം ഇല്ല.ഞാന്‍ എന്റെ സഹയാത്രികനോട് പറഞ്ഞു."സര്‍,അത് വലിയ പ്രശ്നമാണെന്ന് തോന്നുന്നില്ല.സര്‍ കയറിയ സ്ഥലത്തിനും മുന്‍പുള്ള കാസറഗോഡ് നിന്നുള്ള ടികെറ്റ് ഉണ്ടല്ലോ.തന്നെയല്ല,കണ്ണൂര്‍ എത്താന്‍ ഇനി അധികം സമയവും ഇല്ലല്ലോ."എന്റെ ശുദ്ധ ഗതിക്കു അങ്ങനെയാണ് തോന്നിയത്.പക്ഷെ,അയാള്‍ ഒരു ക്ലാസ് തന്നെ എനിക്ക് തന്നു.അയാള്‍ ഒരു പെന്‍ഷന്‍ പറ്റിയ ഗവ.ആപ്പീസര്‍ ആണെന്നും എല്ലാം കൃത്യമായി ചെയ്യുന്ന ആളാണെന്നും കൂടി പറഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി.ഇനി മിണ്ടാതിരിക്കുന്നതാണ് ബുദ്ധിയെന്ന്.പിന്നെ ടി.ടി.ഇ.കടന്നു വന്നപ്പോള്‍ എന്നെ കാണിക്കാന്‍ എന്നോണം അയാള്‍ ടി.ടി.ഇ.യെ പിടിച്ചു നിര്‍ത്തി,കാര്യം പറഞ്ഞു.എന്നിട്ട് എന്നെ നോക്കി ഒന്ന് മന്ദഹസിച്ചു.കണ്ടോ എന്റെ കൃത്യ നിഷ്ഠ എന്ന് പറയുമ്പോലെ.പക്ഷെ കാര്യം കുഴഞ്ഞു.ടി.ടി.ഇ.ഒരു നീണ്ട വാറോല എടുത്തു,മുറി മലയാളത്തിലും,ബാക്കി ഇന്ഗ്രീസ്സിലുമായി അയാളെ പറഞ്ഞു മനസ്സിലാക്കി,അയാള്‍ കണ്ണൂരിന് മുന്‍പുള്ള സ്റെഷനില്‍ നിന്നും കയറിയത് നിയമ വിരുദ്ധമാണെന്നും,വണ്ടി പുറപ്പെട്ട സ്റെഷനില്‍ നിന്നും,കണ്ണൂര്‍ വരെയുള്ള ചാര്‍ജിന്റെ ഇരട്ടി,അതായതു ക്ലീന്‍ ആയിട്ട് ഒരു അഞ്ഞൂറ്റി എണ്‍പത് രൂപ അടയ്ക്കണമെന്നും പറഞ്ഞു.എന്റെ സഹയാത്രികന്റെ അവസ്ഥയില്‍  എനിക്ക് വിഷമം തോന്നി,ഞാനും ഇടപെട്ടു എങ്കിലും,നിയമത്തില്‍ നിന്നും അണുവിട മാറാന്‍ ടി.ടി.ഇ.തയ്യാറായില്ല.ഇതിനിടക്ക്‌ യാത്രികന്‍ ആരെയൊക്കെയോ മൊബൈലില്‍ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും  ഒന്നും നടന്നില്ല.പറഞ്ഞ പൈസ മുഴുവന്‍ വസൂലാക്കിയിട്ടേ ടി.ടി.ഇ.യും അവിടെ നിന്നും മാറിയുള്ളൂ.സഹയാത്രികന്റെ മുഖം ചെറുതായി.വേലിയില്‍ കിടന്ന പാമ്പിനെ എടുത്തു തോളിലിട്ടില്ലേ.പിന്നെ എന്നോട് വലിയ സ്നേഹമായി.മസ്സില്‍ അയഞ്ഞു.അപ്പോള്‍ ഞാനും പറഞ്ഞു,സാറെ,സത്യ സന്ധ്യതയും കൃത്യ നിഷ്ഠയും നല്ലത് തന്നെ.പക്ഷെ അത് വേണ്ട ഇടത്തു കാണിക്കണം.ഇപ്പോള്‍ ധന നഷ്ടം മാത്രമേ വന്നുള്ളൂ.സാരമില്ല. അപ്പോള്‍ കണ്ണൂര്‍ സ്റേഷന്‍ എത്തി. ടി.ടി.ഇ.ഇറങ്ങി. അടുത്ത ടി.ടി.ഇ.വന്നു,നിയമപ്രകാരം ടികെറ്റ് പരിശോധനയും കഴിഞ്ഞു.

Friday, March 18, 2011

വീണ്ടും വീയെസ്സ്

20

അങ്ങെനെ 2006 വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു.വീയെസ്സിനെ ഒതുക്കാന്‍ അന്നേ ശ്രമിച്ചതാണ്.പക്ഷെ ജനരോഷം ആളിക്കത്തിയപ്പോള്‍ അന്ന് പാര്‍ട്ടിക്ക് വഴങ്ങേണ്ടി വന്നു.അന്നേ കണക്കു കൂട്ടിയതാണ് 2011 ഇല്‍ ശരിക്കും ഒതുക്കാമെന്ന്.പക്ഷെ ഇത്തവണ പ്രശ്നം അതിലും ഗുരുതരമായി.സംസ്ഥാന സമിതികള്‍ എല്ലാം നിരാകരിച്ച വീയെസ്സിന്റെ സീറ്റ്,പീബി,ഇടപെട്ടു തരപ്പെടുത്തി.സംസ്ഥാന നേതാക്കളെല്ലാം മൂന്നു ദിവസ്സമായി ഊണും ഉറക്കവും ഉപേക്ഷിച്ചു സാധിച്ചെടുത്ത കാര്യം പീബീ ഇടപെട്ടു കുളമാക്കി. സത്യത്തില്‍ ഇപ്പ്രാവശ്യം വീയെസ്സ് ഉണ്ടെങ്കിലും ഭരണം നിലനിര്‍ത്താന്‍ പ്രയാസമെന്നാണ് സര്‍വേ ഫലങ്ങള്‍ എല്ലാം പറഞ്ഞത്.വീയെസ്സിന് വേണ്ടി വഴിയില്‍ ഇറങ്ങിയവര്‍ അത് കാണാതെ പോയി.ഇനിയിപ്പോള്‍ പാവം കോടിയേരി രണ്ടാമനായി.പാര്ടിയെക്കാള്‍ വളര്‍ന്ന വീയെസ്സിനെ എന്ത് ചെയ്യണമെന്നു അറിയാതെ ഇരുട്ടില്‍ തപ്പുകയാണ്‌ പാര്‍ടി.ഇനിയും (അഥവാ ജയിക്കുകയും ഭരണം കിട്ടുകയും ചെയ്‌താല്‍)ഒരഞ്ചു വര്ഷം കൂടി നമുക്ക് വീയെസ്സിന്റെ ഒറ്റയാള്‍ പോരാട്ടം കാണേണ്ടി വരുമോ ? സ്വന്തം പാര്‍ട്ടിയോടും പ്രതിപക്ഷത്തോടും.വീയെസ്സിന്റെ വീണ്ടുമുള്ള രംഗ പ്രവേശത്തോടെ എല്ലാ  കണക്കു കൂട്ടലുകളും തെറ്റിയത് പിനരായിയുടെതാണ്.വീയെസ്സും മാറിക്കിട്ടിയേനെ,കൊടിയേരിയുടേയും സൈസ്‌ ചെറുതായേനെ.പിന്നെ ഒരു സമാധാനം ഉള്ളത് ഇത് കഴിഞ്ഞ്‌ ഒരു അങ്കത്തിനു വീയെസ്സിന് ബാല്യമുണ്ടാവില്ല എന്നത് തന്നെ.പിന്നെ ചരിത്രം ആവര്തിക്കുകയില്ലെന്നു  ആര് കണ്ടു ? കഴിഞ്ഞ പ്രാവശ്യം മാത്രമാണ് വീയെസ്സും പാര്‍ട്ടിയും ഒന്നിച്ചു ജയിച്ചത്‌.ഇനിയുള്ള കാര്യം ജനങ്ങള്‍ തീരുമാനിക്കെട്ടെ.ഓരോ ജനതയ്ക്കും  അവര്‍ അര്‍ഹിക്കുന്ന ഭരണം കിട്ടും എന്നാനെല്ലോ പ്രമാണം.നമുക്ക് എന്തായാലും മന്ത് വിധിച്ചിട്ടുള്ളതാണ്. അത്  ഇടതു കാലിലാണോ അതോ വലതു കാലിലാണോ എന്നെ   നോക്കാനുള്ളൂ.