Monday, January 17, 2022

ഏപ്രില്‍ ഫൂള്‍ ..ചില ഗതകാല ചിന്തകള്‍..

36

ഏപ്രിൽ ഫൂൾ... ചില ഗതകാല ചിന്തകൾ                                                                      
                   ഇന്നത്തെ കാലത്ത് ഒട്ടും മഹത്വം അവകാശപ്പെടാന്‍  ഇല്ലാത്ത ഒരു ദിവസമാണല്ലോ ഏപ്രില്‍ ഒന്ന്...പണ്ട് ഏപ്രില്‍ ഫൂള്‍ എന്ന പേരില്‍  യുവാക്കളുടെ ഇടയില്‍   ഒരു ഹരമായിരുന്നു  ഈ ദിനം...ചിരിക്കാനും ചിരിപ്പിക്കാനും ഒരു ദിനം...മറ്റുള്ളവരെ വിഡ്ഢികള്‍ ആക്കാനും സ്വയം വിഡ്ഢി ആവാനും ഒരു ദിനം..അടുത്ത കാലത്ത് ഇങ്ങനെ ഒരു ദിനം വന്നു പോകുന്നത് അറിയുന്നു പോലുമില്ല...  മുന്‍പത്തെ സ്ഥിതി തികച്ചും വ്യത്യസ്തം ആയിരുന്നു...കൌമാര പ്രായത്തില്‍ ഉള്ള ഞങ്ങള്‍ ഒരാഴ്ച മുന്‍പേ രഹസ്യമായി ഒരുക്കം തുടങ്ങും...മാർച്ച്‌ മുപ്പത്തി ഒന്നിന് രാത്രി കാണിച്ചു കൂട്ടേണ്ട കോമാളിത്തരം  എന്തൊക്കെ ആയിരിക്കണം എന്നുള്ളതാണ് ആദ്യം തീരുമാനിക്കുക..                         തീരുമാനം ആയിക്കഴിഞ്ഞാല്‍ പിന്നെ അത് പ്രവര്‍ത്തിയില്‍ കൊണ്ടുവരണം... അന്നത്തെ "അമൂല്‍ പുത്രന്മാര്‍" പോലും ആവേശത്തോടെ പങ്കെടുക്കുന്ന ഒരു ചടങ്ങായിരുന്നു  അത്. അവസാനം പങ്കെടുത്ത ഒരു ഏപ്രില്‍ ഫൂള്‍ ആഘോഷം കുറെ വേദനയും തന്നു..അത് ഇപ്പോഴും മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നു. ആദ്യമായി  പോലീസിനു വരേണ്ടി വന്ന ആഘോഷം, അവസാനമായും...
                                                                            കൊങ്കണ്‍ ബ്രാഹ്മണരുടെ ഒരു വലിയ ക്ഷേത്രത്തിന്റെ അടുത്തായിട്ടായിരുന്നു അന്ന് വീട്...ഈ ക്ഷേത്രത്തിന്റെ നാല് വശത്തും റോഡുകള്‍ ഉണ്ടായിരുന്നു...മുന്‍വശത്ത് വലിയ ആന വാതിലും വശങ്ങളില്‍ ചെറിയ വാതിലുകളും.. ഒരു പ്രത്യേകത ഉണ്ടായിരുന്നത്, പടികള്‍ എല്ലാം കരിങ്കല്ലിന്റെ വലിയ ബീമുകള്‍ ആയിരുന്നു...ആന പിടിച്ചാലും അനങ്ങാത്ത തരത്തിലുള്ളത്..ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി ധാരാളം കൊങ്കണിമാര്‍ താമസം ഉണ്ടായിരുന്നു..അതുകൊണ്ട് തന്നെ സുഹൃത്തുക്കള്‍ ആയി ധാരാളം കൊങ്കണി കുട്ടികള്‍ ...വേണുഗോപാല പൈ, നാരായണ ഷേണായി, ജയാനന്ദ പ്രഭു, എന്നിവര്‍ അവരില്‍ ചിലര്‍...കൂടെ തമിള്‍ ബ്രാഹ്മണര്‍ ആയ വിദ്യാ ശങ്കര്‍ അയ്യര്‍ , ദൊരൈ സ്വാമി അയ്യര്‍ ..എന്നിവരും ...എല്ലാവരുടെയും നേതാവായി  സാക്ഷാല്‍ സുധാകര പൈ..                           ഒരു റാലി സൈക്കിള്‍ പോലും  ആഡംബരം ആയിരുന്ന കാലം..അന്നാണ് സുധാകര പൈ "ബുള്ളറ്റ്‌" ബൈക്കില്‍ ചെത്തിയിരുന്നത്... ഞങ്ങള്‍ "ചെറു സെറ്റുകള്‍ക്ക് " എന്നും ആരാധന ആയിരുന്നു സുധാകര പൈയോട്...അപ്പോള്‍ പറഞ്ഞു വന്നത് ഇതാണ്...ഏപ്രില്‍ ഫൂള്‍ ആഘോഷത്തിന്റെ അമരത്ത്  ഇദ്ദേഹം ആണ്..ഞങ്ങളൊക്കെ അണികളും...ഈ പറഞ്ഞവരില്‍ ജയാനന്ദ പ്രഭു ഒരു ഒന്നാം തരം പേടിത്തൊന്ടന്‍ ആണ്..അത് കൊണ്ട് ഈ പരിപാടിക്ക് മാത്രം ഞങ്ങളുടെ കൂടെ കൂടില്ല...ആരെങ്കിലും പിടിച്ചു  തല്ലിയാലോ എന്ന പേടി...
                                                                                                        പതിവ് പോലെ ഞങ്ങള്‍ ഒത്തു കൂടി...കൃത്യം പന്ത്രണ്ടു മണിക്കാണ് "ഓപറേഷന്‍" തുടങ്ങുക..  ആദ്യമായി കുറച്ചു പത്തു പൈസ  നാണയങ്ങള്‍ എടുത്തു ഒരു വശം ചേര്‍ന്ന് ആണി കയറ്റി വെച്ചു...  ഇത് റോഡില്‍ തറക്കാന്‍ ആണ്..എന്നിട്ട് പാതി മണ്ണിട്ട്‌ മൂടും ..ആരുടെയോ  കയ്യില്‍ നിന്ന് വീണു പോയത് പോലെ തോന്നിക്കാന്‍...ഇത്  അതി രാവിലെ പള്ളിയില്‍ പോകുന്ന അമ്മച്ചിമാര്‍ക്കുള്ളതാണ്... ഞങ്ങള്‍ രാത്രിയിലെ  പരിപാടി ഒക്കെ കഴിഞ്ഞു  ആസ്വദിക്കാന്‍ മാറി ഇരിക്കുന്നുണ്ടാവും ഒന്നും അറിയാത്ത പോലെ...കുളത്തിന്റെ അരികില്‍ കണ്ണടച്ച് ധ്യാനിക്കുന്ന കൊക്കിനെപ്പോലെ... ചില അമ്മച്ചിമാര്‍ പൈസയില്‍ ഒരു പിടി  പിടിക്കും ..കിട്ടിയില്ലെങ്കില്‍ നാലുപാടും നോക്കി ആരും കണ്ടില്ല എന്ന് ഉറപ്പു വരുത്തി സ്ഥലം വിടും...ചിലര്‍ അത്ര പെട്ടെന്ന് പരാജയം സമ്മതിക്കില്ല...അവര്‍ ഒരു പിടിക്ക് കിട്ടിയില്ലെങ്കില്‍ ഒന്ന് കൂടി മണ്ണ് മാറ്റി ഒരു പിടി കൂടി പിടിക്കും..ആണിയുടെ തല കാണുന്നതോടെ അവരും നാലുപാടും നോക്കി  ആരും കണ്ടില്ല എന്ന് ഉറപ്പു വരുത്തി സ്ഥലം കാലിയാക്കും...ഇത് കുറെ നേരം തുടരും... പലരായിട്ട്...അവരൊക്കെ മടുത്തു മാറുമ്പോള്‍ ഞങ്ങള്‍  ഈ പൈസ ഇളക്കി മാറ്റും...ഇത് എല്ലാ കൊല്ലവും ഉള്ള ഒരു ചടങ്ങാണ്..
                 അടുത്തത്  ഗേറ്റ്  പരസ്പരം മാറ്റി വെയ്ക്കലാണ്...പല വീട്ടുകാരുടെയും ഒരു വലിയ തല വേദന ആയിരുന്നു ഇത്...പലര്‍ക്കും അവരുടെ ഗേറ്റ് കിട്ടുന്നത് വേറെ എവിടെ നിന്നൊക്കെയോ  ആയിരിക്കും...ഗേറ്റ് ഊരി എടുത്തു   പാകമായ ഇടം കിട്ടാന്‍ വേണ്ടി എത്ര നടക്കാനും അന്ന് മടിയില്ല... പാകമായില്ലെന്കില്‍ ചാരി വെച്ചിട്ട് തടി ഊരി എടുക്കും...പലര്‍ക്കും കഷ്ട്ടപ്പാടാണ് അവരവരുടെ ഗേറ്റ് തിരിച്ചു കിട്ടാന്‍...ഒരു പക്ഷെ അവരും ഇതൊക്കെ അസ്വദിച്ചിരിക്കും എന്ന് തോന്നുന്നു...അന്ന് മനുഷ്യരുടെ സഹന ശക്തി കൂടുതല്‍ ആയിരിക്കാം..ഇന്ന് ഉറുമ്പ്‌ കടിച്ചാല്‍ പോലും നമുക്ക് സഹിക്കുമോ??മനുഷ്യാവകാശവും പിന്നെ ഇന്ത്യന്‍ പീനല്‍ കോഡിലെ വ്യവസ്ഥകളും ഒക്കെ രംഗത്ത് വരില്ലേ???ഇന്നത്തെ നില വെച്ച് നോക്കിയാല്‍ ഞങ്ങള്‍ ചെയ്തത് പലതും കടുംകൈകള്‍ തന്നെ ആയിരുന്നു... ഒരിക്കല്‍ ഞങ്ങളെ കൊണ്ട് പൊറുതി മുട്ടിയ ഒരു വീട്ടുകാരന്‍ ഉണര്‍ന്നു ലൈറ്റ് ഇടാതെ വീട്ടിനുള്ളില്‍ പതുങ്ങി  ഇരുന്നു..ഞങ്ങള്‍ പതിവ് പോലെ അയാളുടെ ഗേറ്റില്‍ പിടിച്ചതും "ആരെടാ" എന്നൊരു അലര്‍ച്ച കേട്ടു,അകത്തു നിന്ന്...അങ്ങനെ ആദ്യത്തെ അനുഭവം...അപ്പോള്‍ ലീഡര്‍ സുധാകര പൈ പറഞ്ഞു " ആരും ഓടരുത്" എന്ന്..നോക്കിയപ്പോള്‍  പീറ്റി ഉഷ തോറ്റു പോകുന്ന വേഗത്തില്‍ സുധാകര പൈ പായുകയാണ്...ദോഷം പറയരുതല്ലോ,  ഓട്ടത്തിലും പറയുന്നുണ്ട്,  "ആരും ഓടരുത്" എന്ന്...പിന്നെ ഞങ്ങള്‍ നില്‍ക്കുമോ...ഓടി  അസ്സലായി തന്നെ...അതിനു മുന്‍പ് ആറു ഗേറ്റുകള്‍  പരസ്പരം മാറ്റി വെച്ച് കഴിഞ്ഞതിനാല്‍ അന്ന് പിന്നെ ഗേറ്റ് പൊക്കാന്‍ പോയില്ല...അത് കൊണ്ട് തന്നെ സമയം ധാരാളം ബാക്കി വന്നു..
                                                                              പക്ഷെ മിച്ചം വന്ന   സമയം നന്നായി തന്നെ ഉപയോഗിച്ചു...ക്ഷേത്രത്തിന്റെ വടക്ക് വശത്തു പടിയായി ഇട്ടിരുന്ന  , ഏകദേശം പതിനഞ്ച് അടി നീളവും ഒരടി പൊക്കവും ഉള്ള ഭീമന്‍ കരിങ്കല്‍ പാളി തിരിച്ചു റോഡില്‍ വെച്ചപ്പോള്‍ ഒരു സൈക്കിള്‍ പോലും പോകാത്ത രീതിയില്‍ റോഡ്‌  ബ്ലോക്ക്‌ ആയി....ഭഗീരഥ പ്രയത്നം തന്നെ വേണ്ടി വന്നു എങ്കിലും നേരം വെളുത്തു കഴിഞ്ഞ് ഉണ്ടാവാന്‍ പോകുന്ന പുകില്‍ ഓര്‍ത്തപ്പോള്‍ സന്തോഷം ആയി...ഇനി, കൂടെ കൂടാത്ത ജയാനന്ദ പ്രഭുവിന് ഒരു "പണി" കൊടുക്കാം എന്ന് നിശ്ചയിച്ചു...അവന്റെ പറമ്പിലേക്ക് കയറാന്‍ പടിപ്പുരയും വാതിലും ആയിരുന്നു...മരം കൊണ്ടുള്ള വലിയ വാതില്‍...രാവിലെ   കൃത്യം ആറു മണിക്ക് അത് തുറക്കും...ഞങ്ങള്‍ ഒരു വലിയ വാഴ വെട്ടി കൊണ്ട് വന്നു..എന്നിട്ട് , ഈ വാതില്‍ തുറന്നാല്‍ ഉടനെ   ഹട പടനോ ...എന്ന് വീഴാന്‍ പാകത്തില്‍ ചാരി വെച്ചു..അപ്പോഴേക്കും വെളുപ്പിന് അഞ്ചു മണിയായി...ഇനി ഏതാനും നിമിഷങ്ങള്‍ക്കകം വെട്ടം വീഴും...വിതച്ചത് കൊയ്യാന്‍ പാകമായി....
                                                             അമ്മച്ചിമാര്‍ വരവ് തുടങ്ങി...ചട്ടയും മുണ്ടും ഉടുത്ത്, കവണി കയ്യില്‍ പിടിച്ചു കൊണ്ടുള്ള ഓട്ടമാണ്..ആദ്യ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വേണ്ടി...അങ്ങനെയുള്ള ചട്ടയും മുണ്ടും ധരിക്കുന്ന അമ്മച്ചിമാരെ അടുത്ത കാലത്ത് കാണാനേ ഇല്ല...മുണ്ടിന്റെ പുറകു വശത്ത് വിശറി പോലെ ഞൊറിവ് ഒക്കെ ഇട്ട്..  നല്ല പുളിച്ച ഭാഷയും പറഞ്ഞാണ് വരവ്...കാരണം നേരത്തെ പിടിച്ചു വെച്ച കരിങ്കല്‍ പാളി ചാടി   കടന്നു വേണം വരാന്‍...ആ ദേഷ്യം  പൈസയോടു തീര്‍ത്തു...പിടിച്ചു വലിച്ചിട്ട് വരാത്ത പൈസയോടും ഉച്ചത്തില്‍ കലഹിച്ചു...
അപ്പോള്‍ അതാ ജയന്റെ പടിപ്പുര വാതില്‍ തുറക്കുന്ന ശബ്ദം...വാഴ അതിറെ ജോലി ഭംഗിയായി നിര്‍വഹിച്ചു..ഉദ്ദേശിച്ചത് പോലെ തന്നെ വലിയ  ആരവത്തോടെ തുറന്ന വാതിലിന് ഉള്ളിലേക്ക് വാഴ വീണു.  ഒപ്പം ഒരു നിലവിളിയും...അബദ്ധം പറ്റി...ജയന് പകരം വാതില്‍ തുറന്നത് അവന്റെ അമ്മയായിരുന്നു...അവര്‍ നന്നായി പേടിച്ചാണ് നിലവിളിച്ചത്...ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു...ജയന്‍ ഇറങ്ങി പുറത്തു വരുന്നതിനു മുന്‍പ് ഞങ്ങള്‍ സ്ഥലം കാലിയാക്കി...അല്ലെങ്കില്‍ അവന്റെ വകയും വന്നേനെ.
                                                             ഏകദേശം എട്ടു മണിയോടെ റോഡില്‍ വലിച്ചിട്ട കരിങ്കല്‍ പാളി വലിയ പ്രശ്നമായി...പിള്ളേരു കളിയോട് എതിര്‍പ്പുള്ള  ചില കൊങ്ങിണിമാര്‍ വട്ടം കൂടി...ആരോ പോലീസിലും അറിയിച്ചു..രംഗം വഷളാകുന്നത് കണ്ടു ഞങ്ങള്‍ വലിഞ്ഞു നിന്നു. ഒന്‍പതു മണിയോടെ പോലീസ്‌ ജീപ്പ് വന്നു നിന്നു. ഇന്‍സ്പെക്ടര്‍ പതിവ് ശൈലിയില്‍ ചാടി ഇറങ്ങി. ഇന്നത്തെ പോലെ പാന്റ് അല്ല , വടി പോലെ നില്‍ക്കുന്ന നിക്കര്‍ ആണ്. ഇന്‍സ്പെക്ടര്‍ പരന്ന തൊപ്പിയില്‍. അരയില്‍ തോക്കും...പോലീസുകാര്‍ കൂര്‍ത്ത തൊപ്പി വെച്ചിരിക്കുന്നു...അവരും നിക്കര്‍ തന്നെ...ഞങ്ങള്‍ എല്ലാരും മഷി ഇട്ടു നോക്കിയാല്‍ കിട്ടാത്ത രീതിയില്‍ ഒളിച്ചു...പോലീസിനെ അത്ര പേടിയാണ് അന്ന്. ഇന്നും...ജയന്‍ ഞങ്ങളോടുള്ള ദേഷ്യം തീര്‍ക്കാന്‍ അവിടെ കൂടി നിന്നിരുന്ന ആളുകളുടെ  കൂടെ  കൂടി...അവിടെ കൂടിയവര്‍ ഒരേ സ്വരത്തില്‍ പോലീസിനോട് പറഞ്ഞു...ഇത് ആ കുരുത്തം കെട്ട പിള്ളാരുടെ പണി ആണെന്ന്...പറഞ്ഞു കൊണ്ട് നില്‍ക്കുമ്പോള്‍ ഇന്‍സ്പെക്ടര്‍ അലറി..."വലിച്ചു മാറ്റെടാ, കല്ല്‌. മാഞ്ഞാലം പറയുന്നോ"  ഇത് കേട്ടപ്പോള്‍ പലരും വലിയാന്‍ നോക്കി...ഒരാളെയും വിടാതെ എല്ലാവരെ യും കൂട്ടി പോലീസുകാര്‍ വളരെ ശ്രമപ്പെട്ട് കല്ല്‌ പഴയ പടി ആക്കി  റോഡ്‌ തുറന്നു കൊടുത്തു...പിന്നെ കണ്ടപ്പോള്‍ ജയന്‍ പറഞ്ഞു, നിങ്ങള്‍ വഴി മുടക്കി...ഞാനും കൂടി  പണിഞ്ഞതു കൊണ്ടാണ് വഴി തുറന്നത് എന്ന്. അപ്പോള്‍ വഴി മുടക്കാന്‍ ഇല്ലാത്ത ക്ഷീണം വഴി തുറന്നു കൊണ്ട് ജയന്‍ പരിഹരിച്ചു. അവനു ഞങ്ങളോടുള്ള ദേഷ്യം കല്ല്‌ പിടിച്ചപ്പോള്‍ ഉണ്ടായ വിയര്‍പ്പിന്റെ കൂടെ ഒഴുകി പോയി...അതിനടുത്ത വര്‍ഷം ഏപ്രില്‍ ഫൂള്‍ ആഘോഷിക്കാന്‍ ,എന്നും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന , സുധാകര പൈ ഇല്ലായിരുന്നു...അതിനു മുന്‍പ് തന്നെ അയാള്‍ ഞങ്ങളെ ഒക്കെ കണ്ണീര്‍ അണിയിച്ച് കൊണ്ട് പരലോകത്തേക്കു യാത്ര ആയിരുന്നു...അങ്ങനെ സുഹൃത് വലയത്തില്‍ നിന്നും ആദ്യമായി അറ്റ കണ്ണി ആയി തീര്‍ന്നു സുധാകര പൈ. അതോടെ ഞങ്ങളുടെ ഏപ്രില്‍ ഫൂള്‍ ആഘോഷവും അന്ന്യം നിന്നു. നീണ്ട അൻപതു വര്‍ഷം പിന്നിട്ടു.. ഇന്നും കണ്ണീര്‍ അണിയിക്കുന്ന ഓര്‍മ്മയായി മനസ്സിന്റെ കോണില്‍ ജ്വലിച്ചു നില്‍ക്കുന്നു,സുധാകര പൈ, ചിരിച്ചും ചിരിപ്പിച്ചും...

ഷാനവാസ്‌.