Monday, January 17, 2022

ഏപ്രില്‍ ഫൂള്‍ ..ചില ഗതകാല ചിന്തകള്‍..

36

ഏപ്രിൽ ഫൂൾ... ചില ഗതകാല ചിന്തകൾ                                                                      
                   ഇന്നത്തെ കാലത്ത് ഒട്ടും മഹത്വം അവകാശപ്പെടാന്‍  ഇല്ലാത്ത ഒരു ദിവസമാണല്ലോ ഏപ്രില്‍ ഒന്ന്...പണ്ട് ഏപ്രില്‍ ഫൂള്‍ എന്ന പേരില്‍  യുവാക്കളുടെ ഇടയില്‍   ഒരു ഹരമായിരുന്നു  ഈ ദിനം...ചിരിക്കാനും ചിരിപ്പിക്കാനും ഒരു ദിനം...മറ്റുള്ളവരെ വിഡ്ഢികള്‍ ആക്കാനും സ്വയം വിഡ്ഢി ആവാനും ഒരു ദിനം..അടുത്ത കാലത്ത് ഇങ്ങനെ ഒരു ദിനം വന്നു പോകുന്നത് അറിയുന്നു പോലുമില്ല...  മുന്‍പത്തെ സ്ഥിതി തികച്ചും വ്യത്യസ്തം ആയിരുന്നു...കൌമാര പ്രായത്തില്‍ ഉള്ള ഞങ്ങള്‍ ഒരാഴ്ച മുന്‍പേ രഹസ്യമായി ഒരുക്കം തുടങ്ങും...മാർച്ച്‌ മുപ്പത്തി ഒന്നിന് രാത്രി കാണിച്ചു കൂട്ടേണ്ട കോമാളിത്തരം  എന്തൊക്കെ ആയിരിക്കണം എന്നുള്ളതാണ് ആദ്യം തീരുമാനിക്കുക..                         തീരുമാനം ആയിക്കഴിഞ്ഞാല്‍ പിന്നെ അത് പ്രവര്‍ത്തിയില്‍ കൊണ്ടുവരണം... അന്നത്തെ "അമൂല്‍ പുത്രന്മാര്‍" പോലും ആവേശത്തോടെ പങ്കെടുക്കുന്ന ഒരു ചടങ്ങായിരുന്നു  അത്. അവസാനം പങ്കെടുത്ത ഒരു ഏപ്രില്‍ ഫൂള്‍ ആഘോഷം കുറെ വേദനയും തന്നു..അത് ഇപ്പോഴും മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നു. ആദ്യമായി  പോലീസിനു വരേണ്ടി വന്ന ആഘോഷം, അവസാനമായും...
                                                                            കൊങ്കണ്‍ ബ്രാഹ്മണരുടെ ഒരു വലിയ ക്ഷേത്രത്തിന്റെ അടുത്തായിട്ടായിരുന്നു അന്ന് വീട്...ഈ ക്ഷേത്രത്തിന്റെ നാല് വശത്തും റോഡുകള്‍ ഉണ്ടായിരുന്നു...മുന്‍വശത്ത് വലിയ ആന വാതിലും വശങ്ങളില്‍ ചെറിയ വാതിലുകളും.. ഒരു പ്രത്യേകത ഉണ്ടായിരുന്നത്, പടികള്‍ എല്ലാം കരിങ്കല്ലിന്റെ വലിയ ബീമുകള്‍ ആയിരുന്നു...ആന പിടിച്ചാലും അനങ്ങാത്ത തരത്തിലുള്ളത്..ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി ധാരാളം കൊങ്കണിമാര്‍ താമസം ഉണ്ടായിരുന്നു..അതുകൊണ്ട് തന്നെ സുഹൃത്തുക്കള്‍ ആയി ധാരാളം കൊങ്കണി കുട്ടികള്‍ ...വേണുഗോപാല പൈ, നാരായണ ഷേണായി, ജയാനന്ദ പ്രഭു, എന്നിവര്‍ അവരില്‍ ചിലര്‍...കൂടെ തമിള്‍ ബ്രാഹ്മണര്‍ ആയ വിദ്യാ ശങ്കര്‍ അയ്യര്‍ , ദൊരൈ സ്വാമി അയ്യര്‍ ..എന്നിവരും ...എല്ലാവരുടെയും നേതാവായി  സാക്ഷാല്‍ സുധാകര പൈ..                           ഒരു റാലി സൈക്കിള്‍ പോലും  ആഡംബരം ആയിരുന്ന കാലം..അന്നാണ് സുധാകര പൈ "ബുള്ളറ്റ്‌" ബൈക്കില്‍ ചെത്തിയിരുന്നത്... ഞങ്ങള്‍ "ചെറു സെറ്റുകള്‍ക്ക് " എന്നും ആരാധന ആയിരുന്നു സുധാകര പൈയോട്...അപ്പോള്‍ പറഞ്ഞു വന്നത് ഇതാണ്...ഏപ്രില്‍ ഫൂള്‍ ആഘോഷത്തിന്റെ അമരത്ത്  ഇദ്ദേഹം ആണ്..ഞങ്ങളൊക്കെ അണികളും...ഈ പറഞ്ഞവരില്‍ ജയാനന്ദ പ്രഭു ഒരു ഒന്നാം തരം പേടിത്തൊന്ടന്‍ ആണ്..അത് കൊണ്ട് ഈ പരിപാടിക്ക് മാത്രം ഞങ്ങളുടെ കൂടെ കൂടില്ല...ആരെങ്കിലും പിടിച്ചു  തല്ലിയാലോ എന്ന പേടി...
                                                                                                        പതിവ് പോലെ ഞങ്ങള്‍ ഒത്തു കൂടി...കൃത്യം പന്ത്രണ്ടു മണിക്കാണ് "ഓപറേഷന്‍" തുടങ്ങുക..  ആദ്യമായി കുറച്ചു പത്തു പൈസ  നാണയങ്ങള്‍ എടുത്തു ഒരു വശം ചേര്‍ന്ന് ആണി കയറ്റി വെച്ചു...  ഇത് റോഡില്‍ തറക്കാന്‍ ആണ്..എന്നിട്ട് പാതി മണ്ണിട്ട്‌ മൂടും ..ആരുടെയോ  കയ്യില്‍ നിന്ന് വീണു പോയത് പോലെ തോന്നിക്കാന്‍...ഇത്  അതി രാവിലെ പള്ളിയില്‍ പോകുന്ന അമ്മച്ചിമാര്‍ക്കുള്ളതാണ്... ഞങ്ങള്‍ രാത്രിയിലെ  പരിപാടി ഒക്കെ കഴിഞ്ഞു  ആസ്വദിക്കാന്‍ മാറി ഇരിക്കുന്നുണ്ടാവും ഒന്നും അറിയാത്ത പോലെ...കുളത്തിന്റെ അരികില്‍ കണ്ണടച്ച് ധ്യാനിക്കുന്ന കൊക്കിനെപ്പോലെ... ചില അമ്മച്ചിമാര്‍ പൈസയില്‍ ഒരു പിടി  പിടിക്കും ..കിട്ടിയില്ലെങ്കില്‍ നാലുപാടും നോക്കി ആരും കണ്ടില്ല എന്ന് ഉറപ്പു വരുത്തി സ്ഥലം വിടും...ചിലര്‍ അത്ര പെട്ടെന്ന് പരാജയം സമ്മതിക്കില്ല...അവര്‍ ഒരു പിടിക്ക് കിട്ടിയില്ലെങ്കില്‍ ഒന്ന് കൂടി മണ്ണ് മാറ്റി ഒരു പിടി കൂടി പിടിക്കും..ആണിയുടെ തല കാണുന്നതോടെ അവരും നാലുപാടും നോക്കി  ആരും കണ്ടില്ല എന്ന് ഉറപ്പു വരുത്തി സ്ഥലം കാലിയാക്കും...ഇത് കുറെ നേരം തുടരും... പലരായിട്ട്...അവരൊക്കെ മടുത്തു മാറുമ്പോള്‍ ഞങ്ങള്‍  ഈ പൈസ ഇളക്കി മാറ്റും...ഇത് എല്ലാ കൊല്ലവും ഉള്ള ഒരു ചടങ്ങാണ്..
                 അടുത്തത്  ഗേറ്റ്  പരസ്പരം മാറ്റി വെയ്ക്കലാണ്...പല വീട്ടുകാരുടെയും ഒരു വലിയ തല വേദന ആയിരുന്നു ഇത്...പലര്‍ക്കും അവരുടെ ഗേറ്റ് കിട്ടുന്നത് വേറെ എവിടെ നിന്നൊക്കെയോ  ആയിരിക്കും...ഗേറ്റ് ഊരി എടുത്തു   പാകമായ ഇടം കിട്ടാന്‍ വേണ്ടി എത്ര നടക്കാനും അന്ന് മടിയില്ല... പാകമായില്ലെന്കില്‍ ചാരി വെച്ചിട്ട് തടി ഊരി എടുക്കും...പലര്‍ക്കും കഷ്ട്ടപ്പാടാണ് അവരവരുടെ ഗേറ്റ് തിരിച്ചു കിട്ടാന്‍...ഒരു പക്ഷെ അവരും ഇതൊക്കെ അസ്വദിച്ചിരിക്കും എന്ന് തോന്നുന്നു...അന്ന് മനുഷ്യരുടെ സഹന ശക്തി കൂടുതല്‍ ആയിരിക്കാം..ഇന്ന് ഉറുമ്പ്‌ കടിച്ചാല്‍ പോലും നമുക്ക് സഹിക്കുമോ??മനുഷ്യാവകാശവും പിന്നെ ഇന്ത്യന്‍ പീനല്‍ കോഡിലെ വ്യവസ്ഥകളും ഒക്കെ രംഗത്ത് വരില്ലേ???ഇന്നത്തെ നില വെച്ച് നോക്കിയാല്‍ ഞങ്ങള്‍ ചെയ്തത് പലതും കടുംകൈകള്‍ തന്നെ ആയിരുന്നു... ഒരിക്കല്‍ ഞങ്ങളെ കൊണ്ട് പൊറുതി മുട്ടിയ ഒരു വീട്ടുകാരന്‍ ഉണര്‍ന്നു ലൈറ്റ് ഇടാതെ വീട്ടിനുള്ളില്‍ പതുങ്ങി  ഇരുന്നു..ഞങ്ങള്‍ പതിവ് പോലെ അയാളുടെ ഗേറ്റില്‍ പിടിച്ചതും "ആരെടാ" എന്നൊരു അലര്‍ച്ച കേട്ടു,അകത്തു നിന്ന്...അങ്ങനെ ആദ്യത്തെ അനുഭവം...അപ്പോള്‍ ലീഡര്‍ സുധാകര പൈ പറഞ്ഞു " ആരും ഓടരുത്" എന്ന്..നോക്കിയപ്പോള്‍  പീറ്റി ഉഷ തോറ്റു പോകുന്ന വേഗത്തില്‍ സുധാകര പൈ പായുകയാണ്...ദോഷം പറയരുതല്ലോ,  ഓട്ടത്തിലും പറയുന്നുണ്ട്,  "ആരും ഓടരുത്" എന്ന്...പിന്നെ ഞങ്ങള്‍ നില്‍ക്കുമോ...ഓടി  അസ്സലായി തന്നെ...അതിനു മുന്‍പ് ആറു ഗേറ്റുകള്‍  പരസ്പരം മാറ്റി വെച്ച് കഴിഞ്ഞതിനാല്‍ അന്ന് പിന്നെ ഗേറ്റ് പൊക്കാന്‍ പോയില്ല...അത് കൊണ്ട് തന്നെ സമയം ധാരാളം ബാക്കി വന്നു..
                                                                              പക്ഷെ മിച്ചം വന്ന   സമയം നന്നായി തന്നെ ഉപയോഗിച്ചു...ക്ഷേത്രത്തിന്റെ വടക്ക് വശത്തു പടിയായി ഇട്ടിരുന്ന  , ഏകദേശം പതിനഞ്ച് അടി നീളവും ഒരടി പൊക്കവും ഉള്ള ഭീമന്‍ കരിങ്കല്‍ പാളി തിരിച്ചു റോഡില്‍ വെച്ചപ്പോള്‍ ഒരു സൈക്കിള്‍ പോലും പോകാത്ത രീതിയില്‍ റോഡ്‌  ബ്ലോക്ക്‌ ആയി....ഭഗീരഥ പ്രയത്നം തന്നെ വേണ്ടി വന്നു എങ്കിലും നേരം വെളുത്തു കഴിഞ്ഞ് ഉണ്ടാവാന്‍ പോകുന്ന പുകില്‍ ഓര്‍ത്തപ്പോള്‍ സന്തോഷം ആയി...ഇനി, കൂടെ കൂടാത്ത ജയാനന്ദ പ്രഭുവിന് ഒരു "പണി" കൊടുക്കാം എന്ന് നിശ്ചയിച്ചു...അവന്റെ പറമ്പിലേക്ക് കയറാന്‍ പടിപ്പുരയും വാതിലും ആയിരുന്നു...മരം കൊണ്ടുള്ള വലിയ വാതില്‍...രാവിലെ   കൃത്യം ആറു മണിക്ക് അത് തുറക്കും...ഞങ്ങള്‍ ഒരു വലിയ വാഴ വെട്ടി കൊണ്ട് വന്നു..എന്നിട്ട് , ഈ വാതില്‍ തുറന്നാല്‍ ഉടനെ   ഹട പടനോ ...എന്ന് വീഴാന്‍ പാകത്തില്‍ ചാരി വെച്ചു..അപ്പോഴേക്കും വെളുപ്പിന് അഞ്ചു മണിയായി...ഇനി ഏതാനും നിമിഷങ്ങള്‍ക്കകം വെട്ടം വീഴും...വിതച്ചത് കൊയ്യാന്‍ പാകമായി....
                                                             അമ്മച്ചിമാര്‍ വരവ് തുടങ്ങി...ചട്ടയും മുണ്ടും ഉടുത്ത്, കവണി കയ്യില്‍ പിടിച്ചു കൊണ്ടുള്ള ഓട്ടമാണ്..ആദ്യ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വേണ്ടി...അങ്ങനെയുള്ള ചട്ടയും മുണ്ടും ധരിക്കുന്ന അമ്മച്ചിമാരെ അടുത്ത കാലത്ത് കാണാനേ ഇല്ല...മുണ്ടിന്റെ പുറകു വശത്ത് വിശറി പോലെ ഞൊറിവ് ഒക്കെ ഇട്ട്..  നല്ല പുളിച്ച ഭാഷയും പറഞ്ഞാണ് വരവ്...കാരണം നേരത്തെ പിടിച്ചു വെച്ച കരിങ്കല്‍ പാളി ചാടി   കടന്നു വേണം വരാന്‍...ആ ദേഷ്യം  പൈസയോടു തീര്‍ത്തു...പിടിച്ചു വലിച്ചിട്ട് വരാത്ത പൈസയോടും ഉച്ചത്തില്‍ കലഹിച്ചു...
അപ്പോള്‍ അതാ ജയന്റെ പടിപ്പുര വാതില്‍ തുറക്കുന്ന ശബ്ദം...വാഴ അതിറെ ജോലി ഭംഗിയായി നിര്‍വഹിച്ചു..ഉദ്ദേശിച്ചത് പോലെ തന്നെ വലിയ  ആരവത്തോടെ തുറന്ന വാതിലിന് ഉള്ളിലേക്ക് വാഴ വീണു.  ഒപ്പം ഒരു നിലവിളിയും...അബദ്ധം പറ്റി...ജയന് പകരം വാതില്‍ തുറന്നത് അവന്റെ അമ്മയായിരുന്നു...അവര്‍ നന്നായി പേടിച്ചാണ് നിലവിളിച്ചത്...ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു...ജയന്‍ ഇറങ്ങി പുറത്തു വരുന്നതിനു മുന്‍പ് ഞങ്ങള്‍ സ്ഥലം കാലിയാക്കി...അല്ലെങ്കില്‍ അവന്റെ വകയും വന്നേനെ.
                                                             ഏകദേശം എട്ടു മണിയോടെ റോഡില്‍ വലിച്ചിട്ട കരിങ്കല്‍ പാളി വലിയ പ്രശ്നമായി...പിള്ളേരു കളിയോട് എതിര്‍പ്പുള്ള  ചില കൊങ്ങിണിമാര്‍ വട്ടം കൂടി...ആരോ പോലീസിലും അറിയിച്ചു..രംഗം വഷളാകുന്നത് കണ്ടു ഞങ്ങള്‍ വലിഞ്ഞു നിന്നു. ഒന്‍പതു മണിയോടെ പോലീസ്‌ ജീപ്പ് വന്നു നിന്നു. ഇന്‍സ്പെക്ടര്‍ പതിവ് ശൈലിയില്‍ ചാടി ഇറങ്ങി. ഇന്നത്തെ പോലെ പാന്റ് അല്ല , വടി പോലെ നില്‍ക്കുന്ന നിക്കര്‍ ആണ്. ഇന്‍സ്പെക്ടര്‍ പരന്ന തൊപ്പിയില്‍. അരയില്‍ തോക്കും...പോലീസുകാര്‍ കൂര്‍ത്ത തൊപ്പി വെച്ചിരിക്കുന്നു...അവരും നിക്കര്‍ തന്നെ...ഞങ്ങള്‍ എല്ലാരും മഷി ഇട്ടു നോക്കിയാല്‍ കിട്ടാത്ത രീതിയില്‍ ഒളിച്ചു...പോലീസിനെ അത്ര പേടിയാണ് അന്ന്. ഇന്നും...ജയന്‍ ഞങ്ങളോടുള്ള ദേഷ്യം തീര്‍ക്കാന്‍ അവിടെ കൂടി നിന്നിരുന്ന ആളുകളുടെ  കൂടെ  കൂടി...അവിടെ കൂടിയവര്‍ ഒരേ സ്വരത്തില്‍ പോലീസിനോട് പറഞ്ഞു...ഇത് ആ കുരുത്തം കെട്ട പിള്ളാരുടെ പണി ആണെന്ന്...പറഞ്ഞു കൊണ്ട് നില്‍ക്കുമ്പോള്‍ ഇന്‍സ്പെക്ടര്‍ അലറി..."വലിച്ചു മാറ്റെടാ, കല്ല്‌. മാഞ്ഞാലം പറയുന്നോ"  ഇത് കേട്ടപ്പോള്‍ പലരും വലിയാന്‍ നോക്കി...ഒരാളെയും വിടാതെ എല്ലാവരെ യും കൂട്ടി പോലീസുകാര്‍ വളരെ ശ്രമപ്പെട്ട് കല്ല്‌ പഴയ പടി ആക്കി  റോഡ്‌ തുറന്നു കൊടുത്തു...പിന്നെ കണ്ടപ്പോള്‍ ജയന്‍ പറഞ്ഞു, നിങ്ങള്‍ വഴി മുടക്കി...ഞാനും കൂടി  പണിഞ്ഞതു കൊണ്ടാണ് വഴി തുറന്നത് എന്ന്. അപ്പോള്‍ വഴി മുടക്കാന്‍ ഇല്ലാത്ത ക്ഷീണം വഴി തുറന്നു കൊണ്ട് ജയന്‍ പരിഹരിച്ചു. അവനു ഞങ്ങളോടുള്ള ദേഷ്യം കല്ല്‌ പിടിച്ചപ്പോള്‍ ഉണ്ടായ വിയര്‍പ്പിന്റെ കൂടെ ഒഴുകി പോയി...അതിനടുത്ത വര്‍ഷം ഏപ്രില്‍ ഫൂള്‍ ആഘോഷിക്കാന്‍ ,എന്നും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന , സുധാകര പൈ ഇല്ലായിരുന്നു...അതിനു മുന്‍പ് തന്നെ അയാള്‍ ഞങ്ങളെ ഒക്കെ കണ്ണീര്‍ അണിയിച്ച് കൊണ്ട് പരലോകത്തേക്കു യാത്ര ആയിരുന്നു...അങ്ങനെ സുഹൃത് വലയത്തില്‍ നിന്നും ആദ്യമായി അറ്റ കണ്ണി ആയി തീര്‍ന്നു സുധാകര പൈ. അതോടെ ഞങ്ങളുടെ ഏപ്രില്‍ ഫൂള്‍ ആഘോഷവും അന്ന്യം നിന്നു. നീണ്ട അൻപതു വര്‍ഷം പിന്നിട്ടു.. ഇന്നും കണ്ണീര്‍ അണിയിക്കുന്ന ഓര്‍മ്മയായി മനസ്സിന്റെ കോണില്‍ ജ്വലിച്ചു നില്‍ക്കുന്നു,സുധാകര പൈ, ചിരിച്ചും ചിരിപ്പിച്ചും...

ഷാനവാസ്‌.
      
                                                                 

36 comments:

ഇതെന്റെ പഴയ ഒരു അനുഭവം...ചില ഓര്‍മ്മകള്‍ ചിരിപ്പിക്കുകയും അതെ സമയം കണ്ണുകള്‍ ഈറന്‍ ആക്കുകയും ചെയ്യും..അങ്ങനെ ഒന്ന്...

പോസ്റ്റ് നന്നായിരിക്കുന്നു
ഇതുപോലെ വിസ്മ്യതിയിലേക്കു മറയുന്ന ആഘോഷങ്ങളാണ്. ‘സേവനവാരം’, സ്വാതന്ത്ര്യ ദിനാഘോഷം മുതലായവ.ആ കാലം ഓര്‍ക്കാന്‍ തന്നെ എന്തു രസം..!
സുഖമുള്ള ഈ ഓര്‍മകള്‍ പങ്കു വച്ചതിനു നന്ദി.
ഓണാശംസകളോടെ..

എല്ലാവര്ക്കും ഓണാശംസകള്‍

ഹോട്ടലില്‍ നിന്ന് ശട്ടം കെട്ടി ഉപ്പിട്ട ചായ ക്ലബ്ബിലേക്ക് വരുത്തിച്ച് കൂട്ടുകാര്‍ക്ക് കൊടുക്കുക, സിഗററ്റിനകത്തെ പുകയില കുറച്ച് മാറ്റി പകരം മുളക് വെച്ച് കൂട്ടുകാര്‍ക്ക് ലാവിഷായി കൊടുക്കുക എന്നിവയും അന്നൊക്കെ ഏപ്രില്‍ ഫൂള്‍ ആക്കാന്‍ ചെയ്തിരുന്നു.

ikka narmathil thudagiyekilum manasine earananiyipichu

oppam chirich kalich vedanakal pank vechirunnavar pettan nashttamakubol parajariyikanavatha nobaram namme eppoyum pindudarum
ee avasarathil nashttamaya priya snehidane orkkunnu
othiri agrahaghalulla jeevidathe orupaad pranayicha avanuvendi prarthikkunnu

nashttaghal ennum vedanayanu. ava thirich kittillaenu orkkubol oru jettalanu.

allahu ellavarkkum nallad varuthatte

ikka nannayittund

നന്നായിരിക്കുന്നു ഓണാശംസകള്‍..

ഏപ്രില്‍ ഫൂളിന് കോളേജ് ഹോസ്റ്റല്‍ ആയിരുന്നു ഞങ്ങള്കൊക്കെ ഹരം. നേരത്തെ കാലത്തേ എഴുന്നേറ്റവര പുറത്തു ഇറങ്ങി, അത്ര തന്നെ.

സെപ്റ്റംബറിലെന്താ എേപ്രില്‍ കഥ..? സെപ്റ്റംബര്‍ കഥ വരട്ടെ,സര്‍.

ഓര്‍മ്മകള്‍ പലപ്പോഴും നമ്മെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്യുന്നു ....എന്ഗ്ഗിലും ആ ഓര്‍മ്മകള്‍ പൊടി തട്ടിയെടുക്കുബോള്‍ അനുഭവിക്കുന്ന സുഖം അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ് ,,,,,പോസ്റ്റ്‌ നന്നായിരിക്കുന്നു ,,,,,ഓണാശംസകള്‍ നേരുന്നു ,,,,,,,,,,,,,,

തീര്‍ച്ച ആയും ഓര്‍മ്മകള്‍ മധുരിക്കുന്ന കണ്ണീര്‍ ആണ്.ഷാനവാസ് സാഹിബ് തിരുമല വാര്‍ഡിലാണോ താമസിച്ചിരുന്നത്.മനുഷ്യന്‍ തൊടന്‍ അറക്കുന്ന എ.എം.സി. എന്ന് വിളിക്കപ്പെടുന്ന മുനിസിപ്പാലിറ്റി വക വീപ്പകള്‍ പാതി രാത്രിയില്‍ റോഡില്‍ കുറുകെ വെക്കുക ആയിരുന്നു ഞങ്ങളുടെ ഏപ്രില്‍ ഫൂള്‍ വേലകള്‍. പിന്നൊന്ന് ചെറിയ കരിങ്കല്ല്, പനവട്ടി കൊണ്ട് മൂടി റോഡില്‍ ഇടുക. നടന്ന് വരുന്നവര്‍ കരിങ്കല്ല് അടിയില്‍ ഉണ്ടെന്ന് അറിയാതെ വട്ടി കാലു കൊണ്ട് ആഞ്ഞ് തട്ടും. അയ്യോ എന്ന് വേദന കൊണ്ട് നിലവിളിക്കും.വഴിയില്‍ കിടക്കുന്നത് കാലു കൊണ്ട് തട്ടിക്കളിക്കുന്ന സൂക്കേടുള്ളവര്‍ക്കാണു ഈ അബദ്ധം കൂടുതലും പറ്റുന്നത്. അങ്ങിനെ എത്രയെത്ര തമാശകള്‍. ഓര്‍മകള്‍ പങ്ക് വെച്ചതില്‍ നന്ദി, അഭിനന്ദനങ്ങള്‍....

ഓര്‍മ്മക്കുറിപ്പ്‌ നന്നായിട്ടുണ്ട്.
ആശംസകള്‍.

നന്നായി അവതരിപ്പിച്ച അനുഭവകഥ.
ഏപ്രില്‍ ഫൂള്‍സ് ഡെയ് ചെറുപ്പക്കാരുടെ ആഘോഷമായിരുന്നു.
അന്ന് ഒരിക്കല്‍ കാലത്ത്, നേരം പരപരാവേളുക്കുന്നെയുള്ളു പള്ളിയിലേയ്ക്ക് പോകുമ്പോഴാ ഒരു കാഴ്ച പാന്‍സും ഷൂസും ഫുള്‍ഷര്‍ട്ടും ഇട്ട ഒരാള്‍ റൊഡരുകില്‍ കമഴ്‌ന്ന് കിടക്കുന്നു.
ചുറ്റും രകതവും കൂടുതലും തലഭാഗത്ത് നിലവിളിച്ചു കൊണ്ട് അവിടെ നിന്ന് ഓടി. പള്ളിയിലെത്തീട്ടേ ഓട്ടം നിര്ത്തിയുള്ളു.
അപ്പോഴാ ആരോ വിരുതന്മാര്‍ ചെയ്ത പണിയാണെന്ന് അറിഞ്ഞത്.
ഇവിടത്തെ കുട്ടികള്‍ക്ക് ഭാവന കുറവാ അതോ മടിയോ? ഇത്തരമൊന്നും ഇവിടെ കാണാനില്ല.

ഓണാശംസകള്‍...!

ചില ഓര്‍മ്മകള്‍ക്ക് മരണമില്ലെന്നു പറയുന്നതെത്ര സത്യം..

അപ്പോള്‍ ഇക്ക..നല്ല ജഗജില്ലി ആയിരുന്നു അല്ലെ. ഓര്‍മ്മക്കുറിപ്പുകള്‍‍ നന്നായി.

ഇത് വായിച്ചപ്പോള്‍ , കൂട്ടുകാരുടെ വീടിന്നു മുന്നില്‍ പടക്കം പൊട്ടിച്ചത് ഓര്‍മ്മ വന്നു ...ഹഹഹ.........

തിര്മല്‍ ദേവാ ..നിങ്ങള്ട പോസ്റ്റ്‌ നമ്മളെ കുടു കൂടെ കുടു കൂടെ ചിര്‍ക്കാന്‍ കൊട്ത്തു ..നിങ്ങള്‍ ചെര്‍പ്പത്തിലെ ആളു തിര്മാളി ആയിര്‍ന്നില്ലേ ..പോലീസ്‌ കാര്‍ മാര്‍ വന്നപ്പോ ..നിങ്ങള്‍ മതില്‍ പൊക്കി ഓടിക്കാണും,,അല്ലെ ..:)

ഷാനവാസ് ചേട്ടാ, പതിവ് പോലെ തന്നെ. ഒരു നിഷ്കളങ്കന്‍ സഹൃദയ പോസ്റ്റ്. അഭിനന്ദനങ്ങള്‍!! നന്നായി ചിരിപ്പിച്ചു. പോയകാലം ഓര്‍മ്മിപ്പിച്ചു. രമേഷ് ചേട്ടാ, കമന്റ് കലക്കി. കേട്ടോ? :-)

ഹോ! ഇക്ക ആ നാട്ടുകാരുടെ തല്ലുകൊള്ളാതെ രക്ഷപ്പെട്ടത് അത്ഭുതം തന്നെ... ഞങ്ങളൊക്കെ നിരുപദ്രവമായെ പറ്റിക്കുമായിരുന്നുള്ളൂ,എന്നിട്ടുപോലും ചെവി
പൊന്നാക്കുമായിരുന്നു! ഏപ്രില്‍ ഫൂളാന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലാ, ഇപ്പൊ ആളുകള്‍ക്കൊക്കെ പെട്ടെന്ന് ദേഷ്യം വരും, അതാവും വെറുതെ അടി ഇരന്നു വാങ്ങണ്ടാന്ന് കരുതി ആരും ഈ പണിക്കൊന്നും നില്‍ക്കാത്തത് :)

ഓണത്തിന്റെ ഇടയിലും ഏപ്രിൽഫൂളിലാണല്ലോ കമ്പം. ചിരിച്ചും കരഞ്ഞും ഓർമകൾ .. നന്നായി.

പഴയ അനുഭവങ്ങള്‍ പങ്കു വെച്ചതു നന്നായി. ഇത്തരം അല്ലെങ്കിലും ചെറിയ അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. ഹോസ്റ്റലിലെ ഒരു സുഹൃത്തിന്റെ ഹീറോ പേനയില്‍ എണ്ണയൊഴിച്ചു വെച്ചതിനു ചീത്ത വിളി കേള്‍ക്കുകയും അവസാനം സോപ്പുപയോഗിച്ച് കഴുകി കൊടുക്കേണ്ടിയും വന്നിട്ടുണ്ട്!. അതു പോലെ ഒരമ്മാവന്‍ ഏപ്രില്‍ ഒന്നിനു മരണപ്പെട്ടപ്പോള്‍ കോളേജിന്നടുത്ത് ഉമ്മയുമൊത്ത് താമസിച്ചിരുന്ന എന്നെ ഫോണില്‍ വിളിച്ചറിയിച്ചപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. പിന്നീട് വേറെയും ആരോ അറിയിച്ചിട്ടാണ് പുറപ്പെട്ടത്. അതൊക്കെ അങ്ങിനെ തീര്‍ന്നത് നന്നായി. ഇന്നാണെങ്കില്‍ ഇതൊന്നും പഴയ പോലെ ആസ്വദിക്കാന്‍ പറ്റിയെന്നു വരില്ല. ചിലപ്പോള്‍ ഇതിന്റെയൊക്കെ രൂപവും മാറിയിട്ടുണ്ടാവും( ഇപ്പോഴത്തെ കല്യാണ റാഗിങ്ങ് പോലെ!).

@പ്രഭന്‍ ഭായ്, ഓര്‍മ്മകള്‍ ഇഴപോട്ടാതെ കൊരുത്ത ഒരു മാലയല്ലേ ജീവിതം തന്നെ..
@കണ്ണൂരാന്‍, സന്തോഷം..ആശംസകളും..
@ഉണ്ണി സര്‍, അപ്പോള്‍ സാറും മോശം ആയിരുന്നില്ല അല്ലെ..
@ദില്‍ഷാ, സന്തോഷം,ഈ വരവിനും വായനയ്ക്കും..
@പഥികന്‍, സന്തോഷം,ആശംസകള്‍..
@അഹ്മെദ് ഭായ്, സന്തോഷം, ഈ വായനയ്ക്ക്..
@കാദര്‍ ഭായ്, അപ്പോള്‍ ഒക്ടോബര്‍ കഥ പറയാം..
@പ്രദീപ്‌ ഭായ്, ഈ വരവിനും ആശംസകള്‍ക്കും നന്ദി..
@ ഷെരീഫ്‌ സര്‍, അപ്പോള്‍ ആളു മോശം അല്ലായിരുന്നു അല്ലെ??അതെ, ഞാന്‍ തിരുമല വാര്‍ഡില്‍ ആയിരുന്നു,തിര്‍മ്മല്‍ ദേവാ...
@അഷ്‌റഫ്‌ ഭായ്,സന്തോഷം,ഈ വായനയ്ക്ക്..
@മാണിക്യംജീ, ഇപ്പോള്‍ എല്ലാവര്ക്കും മടിയും പേടിയും ആണ് ..
@സിദ്ദീക്ക ഭായ്, അതെ, ഓര്‍മ്മകള്‍ക്ക് മരണം ഇല്ല...
@ഏപ്രില്‍ ലില്ലി, അത്ര ജഗജില്ലി ആയിരുനില്ല, പക്ഷെ ജില്ലി ആയിരുന്നു..
@കൊച്ചുമോള്‍,അപ്പോള്‍ ചെറുത്‌ ഒക്കെ ചെയ്തിട്ടുണ്ടാല്ലേ??സന്തോഷം..
@രമേശ്‌ സര്‍, കൊങ്ങിണി ഭാഷ വഴങ്ങും അല്ലെ??അന്നൊക്കെ പൊക്കമില്ലാത്ത മതിലിനു മുകളിലൂടെ വീട്ടിലെക്ക് നോക്കിയാല്‍ ഉടന്‍ ചോദ്യം വരും"ഏതു പണ്ടാറം ആണ് ബെളുപ്പാന്‍ കാലത്ത് മതില്‍ പൊക്കി നോക്കണത്? പസൂ ആണോ..പസൂ ആണെങ്കില്‍ ഊര്റ...പസൂ അല്ലെങ്കിലും ഊ ര്‍ റ."
@ഷാബു ഭായ്, സന്തോഷം,ഈ വരവിനും വായനയ്ക്കും..
@ലിപിമോള്‍, കൊങ്ങിണി മാര്‍ പാവങ്ങള്‍ ആയിരുന്നു...അത് കൊണ്ട് ഒക്കെ നടന്നു..
@ശ്രീനാഥന്‍ സര്‍, ഓര്‍മ്മ വന്നപ്പോള്‍ ഏപ്രില്‍ മാറി ഓണമാസം വന്നു...
@കുട്ടി സര്‍, അതെ , ഇന്നത്തെ ആസ്വാദന നിലവാരവും മാറി..അപ്പോള്‍ ഇതൊന്നും ഇപ്പോള്‍ നടപ്പില്ല..

എല്ലാവര്ക്കും എന്റെ ഓണാശംസകള്‍..

ആദ്യമായിട്ടാണ് ഇങ്ങോട്ടു വരുന്നത്.ഓരോബ്ലോഗും തേടിപ്പിടിച്ചു എത്തുന്നെയുള്ളു.
ഏതായാലും വന്ന വഴിയേ കിട്ടിയത് "ഏപ്രില്‍ ഫൂള്‍ "ആണെങ്കിലും ഒരു ഗതകാല സ്മൃതികളുടെ നൊമ്പരങ്ങള്‍ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം .നന്ദി

ശരിയാണു മാഷേ..അന്ന് ഏപ്രില്‍ഫൂളും,സേവനവാരോം.ഓണാഘോഷോം ഒക്കെ ആഘോഷിച്ച ഓര്‍മ്മകളിരുന്ന് ഇന്ന് അയവിറക്കാം.നല്ല പോസ്റ്റ്.

നല്ല പോസ്റ്റ്,ഹാസ്യ രസത്തിനൊടുവിൽ ശോകരസം....മരിക്കാത്ത ഓർമ്മകളിൽ “സുധാകര പൈ“ ..... ഓർമ്മകൾ ഇങ്ങനേയാണ് ചിരിപ്പിക്കും ചിന്തിപ്പിക്കും, ചിലപ്പോൾ കരയിപ്പിക്കും..... ഓണാശംസകൾ..സഹോദരാ...

അതെ എല്ലാവര്‍ക്കും ഇതുപോലെ കഥകള്‍ പറയാന്‍ ഉണ്ടാകുമല്ലോ ,പഴയ കാല ചിന്തകള്‍ ഉണര്‍ത്തിയതിന് നന്ദി ഇക്കാ
നല്ല പോസ്റ്റ്‌ ഇഷ്ടമായി

അപ്പോള്‍ ലീഡര്‍ സുധാകര പൈ പറഞ്ഞു " ആരും ഓടരുത്" എന്ന്..നോക്കിയപ്പോള്‍ പീറ്റി ഉഷ തോറ്റു പോകുന്ന വേഗത്തില്‍ സുധാകര പൈ പായുകയാണ്...ദോഷം പറയരുതല്ലോ, ഓട്ടത്തിലും പറയുന്നുണ്ട് "ആരും ഓടരുത്" എന്ന്..

അവിടെ നന്നായി ചിരിപ്പിച്ചു. അവസാനം സുധാകര പൈ മരിച്ചെന്നത് ഇത്തിരി കൂടി വിവരിക്കാമായിരുന്നു.. :(

ഈ സെപ്റ്റെംബർ മാസത്തിലെന്തേ ഏപ്രിൽ ഫൂളിനെ കുറിച്ച് ഓർത്തത് എന്നു തോന്നി. അവസാനം വിഷമിപ്പിച്ചു.
നല്ല എഴുത്ത്.

പോസ്റ്റു നന്നായിരുന്നു.. എങ്കിലും ഏപ്രില്‍ ഫൂളിനോട് എനിക്ക് താല്പര്യമില്ല... പണ്ടൊക്കെ നമ്മള്‍ വര്‍ഷത്തില്‍ ഒരിക്കലല്ലേ വിഡ്ഢികള്‍ ആക്കപ്പെട്ടിരുന്നുല്ലോ.. എന്നാല്‍ ഇന്ന് വര്‍ഷത്തില്‍ മുഴുവനും അങ്ങിനെ അല്ലെ.

angane njanun ee vazhi vannu thudangi,, ini kude koode varam.. postukal idumbol ariyukkuka..
onaasamsakal

എഴുത്ത് അറിയാത്ത എന്റെ പോസ്റ്റ്‌ വായിച്ചു അഭിപ്രായം പറഞ്ഞ എന്റെ ബൂലോക സുഹൃത്തുക്കള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു...

ഇപ്പോഴത്തെ ഓണാഘോഷവും ഒരു ഏപ്രില്‍ ഫൂള്‍ പോലെ...
അപ്പോപ്പിന്നെ ഇത് പോസ്ടാന്‍ പറ്റിയ വേറെ സമയം ഇല്ല...

ലിപി പറഞ്ഞത് പോലെ ഇപ്പൊ എല്ലാവര്ക്കും പെട്ടെന്ന് ദേഷ്യം
വരും.അപ്പൊ ഇതൊക്കെ ഒഴിവാക്കുന്നതാ ബുദ്ധി...

എന്റെ ഓര്‍മയില്‍ അടുത്തുള്ള ചേട്ടന്മാര്‍ കണ്ണിനു കാഴ്ച കുറഞ്ഞ ഒരു വല്യംമക്ക് അരി ഉണ്ട(ശര്കര കൂട്ടി ഉരുട്ടി എടുക്കുന്ന ഒരു അരി പലഹാരം) എന്ന് പറഞ്ഞു രാവിലെ ചാണകം ഉരുട്ടി കടലാസ്സില്‍ പൊതിഞ്ഞു കൊടുത്തു.
പാവം സ്ത്രീ അത് അവരുടെ ഭര്‍ത്താവിന് ചായയുടെ ഒപ്പം കൊടുത്തു...പിന്നത്തെ കാര്യം ഒന്നും പറയണ്ടല്ലോ...

ഓര്‍മ്മകള്‍ ചികയുമ്പോള്‍ നാം അനുഭവിക്കുന്ന ഒരു സുഖമുണ്ട്; വായിക്കുമ്പോഴും...

Valare nalla ormakal.... Valare nannayirikunnu..., suhrthine nashtapedunath vallathoru avastha thanneyanu....,

പഴയ ഓർമ്മകൾ അയവിറക്കുന്നതിനിടക്ക് നർമ്മം സുന്ദരമായ് കൈകാര്യം ചെയ്തിരിക്കുന്നു കേട്ടൊ ഭായ്

Pathivu shailiyil narmmathiloodeyulla ormmakkurippu kollaam... Postukal palathum ippozhaanu vaayikkan pattunnathu. Ikkaykkum kudumbathinum sukhamennu vishwasikkunnu :)

Aashamsakalode
http://jenithakavisheshangal.blogspot.com/

Post a Comment