Tuesday, November 22, 2011

റംജാന്‍ ഭായ്...

46

                         റംജാൻ ഭായ്              

        റംജാന്‍ ഭായ്...റംജാന്‍ അന്‍സാരി ഭായ് എന്ന് മുഴുവന്‍ പേര്...ഏതാണ്ട് പത്തു വര്‍ഷത്തോളം നീണ്ട എന്റെ മംഗലാപുരം വാസത്തില്‍ എന്റെ ഭക്ഷണം ഉള്‍പ്പെടെ ഉള്ള വ്യക്തിപരമായ കാര്യങ്ങള്‍ എല്ലാം നോക്കി നടത്തിയിരുന്ന ഒരു കാര്യസ്ഥന്‍ എന്ന് പറയാം...എന്റെ കൂടെ കൂടുമ്പോള്‍ മുപ്പത്തഞ്ചു വയസ്സുകാരന്‍ ....അരോഗ ദൃഡ്ഡ ഗാത്രന്‍.നന്നായി വെട്ടി ഒതുക്കിയ താടിയുള്ള , സദാ സുസ്മേരവദനന്‍. ...ഉത്തര്‍പ്രദേശിലെ , നേപ്പാളും ആയി അതിര് പങ്കിടുന്ന ഗോണ്ടാ ജില്ലക്കാരന്‍..നാലാം ക്ലാസ് വിദ്യാഭ്യാസം. ഹിന്ദി ഭാഷ മാത്രം അറിയാം..അതും വടക്കന്‍ ഉത്തര്‍ പ്രദേശിലെ പ്രത്യേക ചുവയുള്ള ഹിന്ദി..അസാരം ഉര്‍ദു ഭാഷയും വശമുണ്ട്...പാചകത്തില്‍  അഗ്രഗണ്യന്‍ ..വാചകത്തിലും...വാചകത്തില്‍ നാല്‍പ്പതാം ക്ലാസ്കാരനും തോറ്റു പോകും.   വടക്കേ ഇന്ത്യന്‍ വിഭവങ്ങള്‍  എല്ലാം വിരല്‍തുമ്പില്‍  തയ്യാര്‍..പക്ഷെ കേരള വിഭവങ്ങള്‍ അങ്ങോട്ട്‌ വഴങ്ങുന്നില്ല.....അതില്‍ ചില പരീക്ഷണങ്ങള്‍ ഒക്കെ നടത്തിയെങ്കിലും എന്റെ  ആരോഗ്യം ഓര്‍ത്തു ഞാന്‍ വിലക്കി...പക്ഷേ റംജാന്‍ വിടുന്ന മട്ടില്ല. അത്രപെട്ടെന്ന് പരാജയം സമ്മതിക്കുന്ന കൂട്ടത്തിലും  അല്ല....വടക്കേ ഇന്ത്യന്‍ റോട്ടിയും ദാലും അതീവ രുചികരമായി ഉണ്ടാക്കും... സന്ദര്‍ശകരും കൂടുതലും വടക്കന്മാര്‍ ആയത് കൊണ്ട്  റോട്ടിയും ദാലും കൊണ്ട് തൃപ്തി ആകും...അതിന്റെ കൂടെ കുറച്ചു ചാവല്‍,അതെ  പച്ചരി ചോറു തന്നെ ...പിന്നെ  സബ്ജിയും..ആഹാ..ഉഗ്രന്‍... പക്ഷെ, രംജാന്‍ ഭായിയുടെ ഡാൽ ..അതിപ്രശസ്തമാണ്...
                              വെറും ഒരു കുശിനിക്കാരന് വേണ്ടതിലേറെ ബുദ്ധിയും ബോധവും ഉള്ളവനാണ് റംജാന്‍...നാട്ടില്‍ ആയിരുന്നപ്പോള്‍ സൈക്കിള്‍ ചവിട്ടി നേപ്പാളില്‍ പോയി തുണിത്തരങ്ങളും മറ്റും സൈക്കിളില്‍ വെച്ച് കെട്ടി നാട്ടില്‍  കൊണ്ട് വന്നു നല്ല വിലയ്ക്ക് വില്‍ക്കുമായിരുന്നു...പിന്നെ മാട് കച്ചവടത്തിലും നല്ല വിരുത്..കൃഷിയിലും മിടുക്കന്‍...പക്ഷേ ഗ്രാമത്തില്‍ നിന്നാല്‍ ഒരു വിലയില്ല...അതുകൊണ്ട് വളരെ ചെറുപ്പം മുതലേ ബോംബയില്‍ ആയിരുന്നു...ഇപ്പോള്‍ വര്‍ഷങ്ങള്‍ ആയി മംഗലാപുരത്ത്.  പതിനഞ്ചു ദിവസം ലീവില്‍ പോയാല്‍ മൂന്നു മാസം കഴിഞ്ഞേ ചിലപ്പോള്‍ പൊങ്ങുകയുള്ളൂ...അത്രയും ദിവസം മാട് കച്ചവടം ചെയ്തു ലാഭം ഉണ്ടാക്കി കുറച്ചു ഭൂമി ഒക്കെ   വാങ്ങിയിട്ടെ വരികയുള്ളൂ...അങ്ങനെ കുറച്ചു കുറച്ചു വാങ്ങി  നാല് ഏക്കറോളം ഭൂമി ആയി..അവിടെ കരിമ്പും ഗോതമ്പും കൃഷി ചെയ്യാന്‍ കൊടുത്തിരിക്കുക ആണ്...വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ കൃഷിയില്‍ നിന്നും കിട്ടും.. എന്നോടും പറയാറുണ്ട്‌ , ഒരു പത്ത് ഏക്കര്‍ അവിടെ വാങ്ങി ഇട്ടാല്‍ നോക്കി നടത്തി കൊള്ളാമെന്ന്...
                                                                     ഇപ്പോള്‍ റംജാന് നാട്ടില്‍ ഉള്ളത് മൂന്നാമത്തെ ഭാര്യയാണ്...ആദ്യ രണ്ടു പേരും  മരിച്ചു പോയി എന്ന് പറയുന്നു...ആദ്യ ഭാര്യമാരില്‍ ഉള്ള മക്കള്‍ ചിലര്‍ ബോംബയില്‍ ജോലി ചെയ്യുന്നു...എന്റെ കൂടെ താമസവും ഭക്ഷണവും ഫ്രീ ആണ്....അപ്പോള്‍ ശമ്പളം മൊത്തം മിച്ചം...ഒരു പൈസ പോലും കളയാതെ ഭൂമി വാങ്ങാനുള്ള ത്വര കാണേണ്ടത് തന്നെയാണ്...
                                                                ഇപ്പോഴുള്ള ഭാര്യയെ ഒരിക്കല്‍ മംഗലാപുരത്ത്  കൊണ്ട് വന്നിരുന്നു...ചികിത്സയ്ക്കായിട്ട്...ഈ ഭാര്യയെ ബംഗാളില്‍ നിന്നും വാങ്ങിയതാണ്...നാലായിരം രൂപയ്ക്ക്...അവിടെ ഒക്കെ അങ്ങനെ ആണ്...മൂവായിരം മുതല്‍ വാങ്ങാന്‍ കിട്ടും..അതെ , പെണ്‍വീട്ടുകാര്‍ക്ക് കാശ് കൊടുത്താല്‍ ഭാര്യ റെഡി..അപ്പോള്‍ നമ്മെക്കാള്‍ വളരെ മുന്‍പേ നടക്കുന്നവര്‍... സ്ത്രീധനം..മണ്ണാങ്കട്ട ..ഒന്നുമില്ല.. 
                                             അവിടത്തെ ഡോക്ടര്‍ ശരിയല്ല എന്ന് പറഞ്ഞാണ് ഇവിടെ കൊണ്ടുവന്നത്..മംഗലാപുരം, ഡോക്ടര്‍മാരുടെ കൂട് ആണല്ലോ.ഇപ്പോള്‍ മുറുക്കാന്‍ കട കാണാനേ ഇല്ല..പക്ഷെ ഡോക്ടര്‍ കടകള്‍ ധാരാളം..ഡോക്ടര്‍മാരുടെ ബോര്‍ഡ്‌ കാരണം ചില കെട്ടിടങ്ങള്‍ തന്നെ മറഞ്ഞു നില്‍ക്കുന്നു..അത്ര മാത്രം ഡോക്ടര്‍മാര്‍..കേരളത്തിന്റെ അതിര്‍ത്തി ആയത് കാരണം കണ്ണൂര്‍ ജില്ല മുതല്‍ വടക്കോട്ടുള്ള കേരളീയര്‍ ആണ് ഇവരില്‍ നല്ല ശതമാനത്തിന്റെയും ഇരകള്‍..ഇന്ത്യയിലെ ശരാശരി മരുന്നുപയോഗത്തിന്റെ പത്തിരട്ടി മരുന്ന് വാരി വിഴുങ്ങുന്ന കേരളീയരെ, ഡോക്ടര്‍മാരേക്കാള്‍ ആരാണ് കൂടുതല്‍ ഇഷ്ടപ്പെടുക???  .....പാവം റംജാന്‍, ഭാര്യക്ക് വേണ്ടി  മൂന്നു ദിവസം കൊണ്ട് പതിനായിരം രൂപയുടെ ടെസ്റ്റുകള്‍ നടത്തി...ഒരു രോഗവും ഇല്ല എന്ന് ഡോക്ടര്‍മാര്‍ വിധി എഴുതി..ക്ഷീണം മാറാന്‍ കുറച്ചു മരുന്നും കൊടുത്തു.....പക്ഷേ പെണ്ണ് സമ്മതിക്കേണ്ടേ...ഒറ്റ വാശിയാണ്..ക്ഷയ രോഗം ആണെന്ന് പറഞ്ഞ്.. അതിന്റെ കൂടെ ഇവിടത്തെ ഡോക്ടര്‍മാര്‍ കൊടുത്ത ഒരു മരുന്നും കഴിക്കില്ല എന്നും അവര്‍ക്ക് വാശി...അവര്‍ക്ക് അവരുടെ ഗ്രാമത്തിലെ വൈദ്യന്റെ മരുന്ന് മതിയെന്ന്. റംജാന്‍ ഇക്കാര്യം എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ന്യായമായും വിചാരിച്ചു...നല്ല പഠിപ്പുള്ള പെണ്ണ് ആയിരിക്കും എന്ന്..അല്ലെങ്കില്‍ പിന്നെ ഇവിടത്തെ ഡോക്ടര്‍മാര്‍ കൊള്ളില്ല എന്ന് പറയില്ലല്ലോ... ഞാന്‍ ചോദിച്ചു, ഭാര്യ എത്ര പഠിച്ചതാണെന്ന്...അപ്പോള്‍ റംജാന്‍ പാട്ടുപാടും പോലെ ഈണത്തില്‍ പറയുകയാണ്‌... ഭാര്യ  സ്കൂളില്‍ പോയിട്ടേ ഇല്ലെന്നു...ഇപ്പോള്‍ ഞെട്ടിയത് ഞാനാണ്...വേഗം നാട്ടില്‍ എത്തിക്കാന്‍ ഞാന്‍ പറഞ്ഞു, കാരണം ഇനിയും ഇവിടെ നിര്‍ത്തിയാല്‍  പാവത്തിന്റെ കീശ കാലിയാകും ടെസ്റ്റുകള്‍ നടത്തിയും മറ്റും....
                                                                  റംജാന്റെ നാട്ടില്‍ പോക്കും ഒരു വലിയ ചടങ്ങാണ്...നാല് ദിവസത്തോളം എടുക്കും നാട്ടില്‍ എത്താന്‍...അതിനിടയില്‍ മൂന്നു തീവണ്ടി മാറി കയറണം... ആദ്യം ഷൊര്‍ണ്ണൂര്‍ വരെ..അവിടെ നിന്നും മൂന്നു ദിവസത്തിന് ശേഷം ഗോണ്ട വരെ..പിന്നെ ഒരു രാത്രി മൂന്നാമത്തെ വണ്ടിയില്‍..  ഓരോ പോക്കിലും ലൊട്ടുലൊടുക്ക് സാധനങ്ങള്‍ ആയി ഒരു പത്ത് ചാക്ക് കെട്ട് എങ്കിലും കാണും..റംജാന്‍ കയറുന്ന ബോഗിയില്‍ പലരുടെയും സീറ്റിനു താഴെ റംജാന്റെ ലഗ്ഗേജ് ആയിരിക്കും...അതില്‍ തേങ്ങാ മുതല്‍ തെങ്ങിന്‍തൈ വരെ ഉണ്ടാവുകയും ചെയ്യും..  ഇത്രയും സാധനങ്ങളും ആയി മൂന്നു വണ്ടികള്‍ മാറിക്കയറിയുള്ള യാത്ര ഭയങ്കരം തന്നെയാണ്..പക്ഷേ റംജാന് ഇതൊന്നും ഒരു പ്രശ്നമേ അല്ല...നിത്യ തൊഴില്‍ അഭ്യാസം എന്ന പോലെ...ഒരിക്കല്‍ വളരെ വില കുറഞ്ഞു വാങ്ങിയ , ഏഴ് അടി നീളവും മൂന്നടി വീതിയും ഉള്ള വാതില്‍പ്പാളികള്‍,  അതും ആറെണ്ണം... അതും കൊണ്ടായിരുന്നു യാത്ര. ഷൊര്‍ണ്ണൂര്‍ വരെ കുഴപ്പം ഉണ്ടായില്ല.. അടുത്ത വണ്ടിയില്‍ ബുക്ക്‌ ചെയ്യാന്‍ നോക്കിയപ്പോള്‍ ഒരു സാങ്കേതിക പ്രശ്നം..ആറടിയില്‍ കൂടുതല്‍ നീളമുള്ള സാധനങ്ങള്‍ ബുക്ക്‌ ചെയ്യാന്‍, അതിനേക്കാള്‍   നീളമുള്ള നടപടിക്രമങ്ങള്‍...അവസാനം നടപടിക്രമങ്ങള്‍  കഴിഞ്ഞു വന്നപ്പോള്‍ അന്നത്തെ വണ്ടി പോയി..പിന്നെ അടുത്ത ദിവസം വരെ കാത്തിരുന്നു,വാതിലും വിരിച്ച് അതിന്റെ പുറത്ത്.....ക്ഷമ ..അതാണ്‌ റംസാന്റെ ഏറ്റവും വലിയ ഗുണം...ആന കുത്താന്‍ വന്നാലും ചോദിക്കും , ആദ്യം എവിടെയാ കുത്തേണ്ടതെന്ന്...അതാണ്‌ പ്രകൃതം...ആരെങ്കിലും ഒരടി കൊടിക്കാം എന്നു വെച്ചാല്‍ കുറഞ്ഞത് ആറെണ്ണം എങ്കിലും വാങ്ങി വെയ്ക്കും...അപ്പോഴും റംസാന് സംശയം ബാക്കി ആയിരിക്കും..
                                                              ഉത്തരം മുട്ടിക്കുന്ന തരം സംശയങ്ങള്‍ ആണ് കൂടുതലും...പക്ഷേ പലേ കാര്യങ്ങളിലും ഉള്ള റംസാന്റെ അറിവ് അത്ഭുതപ്പെടുത്തുന്നതാണ്...ടീ. വീ. യില്‍ ഹിന്ദി ഭാഷാ  വാര്‍ത്തകളാണ് പഥ്യം...ഒരുപക്ഷെ അറിവിന്റെ കാരണം അതും ആയിരിക്കാം...ആരോടും സംശയം ചോദിക്കാന്‍ നാണമോ മടിയോ ഒന്നും ഇല്ല..ആരോടും കയറി ചോദിച്ചു കളയും...കഴിഞ്ഞ പത്ത് വര്‍ഷത്തെ ഒറ്റയ്ക്കുള്ള മംഗലാപുരം വാസത്തിനിടയില്‍ എനിക്ക് രസമില്ലാതെ  തോന്നുന്നത് റംജാന്‍ ഇല്ലാത്ത ദിനങ്ങള്‍ ആണ്..ഒന്നുമില്ലെന്കില്‍ ഒരു സംശയം എങ്കിലും ഉണ്ടാവും റംജാന്...
                                                        ഒരിക്കല്‍ രാത്രി ഭക്ഷണത്തിന് ശേഷം ഞാന്‍ പതിവ് പോലെ ഗസ്റ്റ്‌ ഹൌസിനു പുറത്ത് ഉലാത്തുകയാണ്...നല്ല പാല് പോലെ നിലാവുള്ള രാത്രി..പൂര്‍ണ്ണ ചന്ദ്രന്‍ അതിന്റെ എല്ലാ വശ്യതയോടെയും നനുനനുത്ത പ്രകാശം വാരി വിതറുകയാണ്... റംജാനും  അടുത്ത് വന്നു എന്നോടൊപ്പം നടന്നു കൊണ്ട് നിലാവ് ആസ്വദിക്കുകയാണ്...അപ്പോള്‍ റംജാന്  ഒരു പുതിയ സംശയം...നിലാവെളിച്ചം എത്ര  നനുത്തത് ആണ്..ചൂടും ഇല്ല ..പക്ഷേ സൂര്യപ്രകാശം തീവ്രവും രൂക്ഷവും ആണല്ലോ...അതെന്താണ് അങ്ങനെ?? അപ്പോള്‍ ഞാന്‍ ഒന്ന് പറഞ്ഞുപോയി , ചന്ദ്രന് സ്വന്തം പ്രകാശം ഇല്ല..സൂര്യന്റെ പ്രകാശം ചന്ദ്രനില്‍ തട്ടി പ്രതിഫലിക്കുന്നത് ആണെന്ന്...ഞാന്‍ വിചാരിച്ചു ഇത് കൊണ്ട് സംശയം തീരുമെന്ന്..ഇല്ല ..അടുത്ത ചോദ്യം...അങ്ങനെ എങ്കില്‍ അങ്ങോട്ട്‌ പോകുന്ന പ്രകാശധാര നമുക്ക് എന്ത് കൊണ്ട് കാണാന്‍ കഴിയുന്നില്ല??ഞാന്‍ ഒരുനിമിഷം പകച്ചു...ഇതെന്തു ചോദ്യം...പക്ഷേ റംജാന്‍ വിടില്ല...കാരണം , നമ്മള്‍  രാത്രിയില്‍ ടോര്‍ച് അടിക്കുമ്പോള്‍ അതിന്റെ പ്രകാശധാര നമുക്ക് കാണാം...പക്ഷേ ഇത്രയും വലിയ സൂര്യന്റെ പ്രകാശ ധാര എന്തുകൊണ്ട് കാണുന്നില്ല???റംജാന്‍ കാര്യമായിട്ടു തന്നെയാണ് ...ഉത്തരം കൊടുത്തെ വിടുകയുള്ളൂ...ഈ വിധത്തിലുള്ളതാണ് സംശയങ്ങള്‍...റംജാനെ പേടിച്ചു പലരും എന്റെ താമസ സ്ഥലത്ത് വരാറില്ല..കാരണം ഈ സംശയരോഗം  തന്നെ..ഭക്ഷണം രുചി ഉള്ളതാണെങ്കിലും മാനം പോകാതെ നോക്കണമല്ലോ.  റംജാന്റെ മിക്ക ചോദ്യങ്ങള്‍ക്കും അത്ര പെട്ടെന്ന് മറുപടി നല്‍കാന്‍ കഴിയില്ല..അത്രയ്ക്ക് കുഴപ്പം പിടിച്ച സംശയങ്ങള്‍ ആണ്. ...
                          റംജാൻ നാട്ടില്‍ പോയി വരുമ്പോള്‍ , അമേരിക്കയില്‍ പോയവര്‍ക്ക് പോലും പറയാനുള്ളതിനേക്കാള്‍ കൂടുതല്‍ വിശേഷങ്ങള്‍ റംജാന് പറയാന്‍ ഉണ്ടാവും..ഒരു തവണ പോയിട്ട് കുറെ താമസിച്ചു, തിരിച്ചു വരാൻ ..മിക്കവാറും കാളക്കച്ചവടം ആയിരിക്കും അവിടെ.. പക്ഷേ, താമസിച്ചു വന്നതിനു നല്ല വഴക്ക് പറയണം എന്ന് വിചാരിച്ച് ഇരുന്ന എന്റെ മുന്‍പില്‍ ഒരു സങ്കോചവും ഇല്ലാതെ സുസ്മേര വദനന്‍ ആയി പ്രത്യക്ഷപ്പെടുന്ന റംജാനെ നോക്കി ഒന്നും പറയാന്‍ എനിക്ക് കഴിഞ്ഞില്ല ... അതാണ്‌ റംജാന്‍.. എന്റെ പ്രിയപ്പെട്ട റംജാന്‍ ഭായ്....   
റംജാൻ ഇപ്പോൾ ഡൽഹിയിൽ ഉണ്ട്... ഏതോ ഒരു കമ്പനിയിൽ....
                                                               
                                                                            

46 comments:

മാഷേ .. വായിച്ചു തുടങ്ങി ...ട്ടോ പിന്നെ പറയാം ..അഭിപ്രായം

ചക്കിക്കൊത്ത ചങ്കരന്‍ ! എഴുത്ത് നന്നായി ആസ്വദിച്ചു.

ഷാനവാസ് ഭായി...എന്തിനാണ് കഥ???????????കഥയേക്കാള്‍ ഹൃദ്യം ഈ എഴുത്ത്.

പ്രകാശധാര എവിടെ? സംശയം ബാക്കി. ആരെങ്കിലും പറഞ്ഞു തരൂ..
കൂടുതൽ റംജാൻ കഥകൾ വരട്ടെ! ആശംസകൾ

സ്കൂളില്‍ പോയിട്ടില്ല എന്ന് പറഞ്ഞു (ഇക്ക അങ്ങനെ പരാമര്‍ശിച്ചു എന്നല്ല ) ഒരാളെ അറിവിനെ വിലയിരുത്തുന്നത് ശുദ്ധ മണ്ടത്തരമാണ് എന്നാണു എന്റെ കാഴ്ചപ്പാട്
സ്കൂളില്‍ പോകത്തവാന്‍ പ്രക്ര്തിയെ ആണ് പഠിക്കുന്നത് പ്രക്ര്തിയെ പഠിക്കുക എന്നത് ഏറെ ക്ലെഷകരവുമാണ്
ഇക്കാക്കും ബായിക്കും എന്നും നന്മകള്‍ നേരുന്നു

സുമനസ്സുകള്‍ക്കെ ഇത്തരം നിഷ്കളങ്ക സംശയങ്ങള്‍ ഉണ്ടാകൂ
പക്ഷെ റംജാന്‍ഭായിമാര്‍ നാട്ടില്‍ കുറഞ്ഞുവരുന്നു ...

ഇനിയും എഴുതുമല്ലോ

വളരേ ഹ്രിദ്യമായ എഴുത്ത്. എഴുത്തിലെ നന്മ തന്നെയാണ് ആലപ്പുഴ പുരാണത്തിന്റെ തനിമ!

കിട്ടുമോ കുറച്ച് ഭൂമി നമുക്കും?

മാഷെ, വളരെ ഹൃദയം. മനസ്സിനിഷ്ടായി.

ലളിതമായി പറഞ്ഞു...കൊള്ളാം ഇക്കാ ..

റംസാന്‍ ഭായ് ആളു കൊള്ളാം.

പാചകക്കാരനായ രംജാന്‍ ഭായി ആളൊരു സംഭവം തന്നെ..

ഹ്രദയഹാരിയായ രചനാ ശൈലി ഷാനവാസ്‌ ബായ് നന്ദി ...ഒരു ആസ്വദിച്ചു ....

അങ്ങിനേയും ചില മനുഷ്യരുണ്ട്, പരിചയപ്പെടുന്നവരുടെ മനസ്സില്‍ എളുപ്പം
കയറി കൂടുന്നവര്‍. നല്ല എഴുത്ത്.

'റംജാനും ഷാനവാസ്‌ ഭായിയും' ...ഞാനും ഒരു കഥ എഴുതാന്‍ പോവുകയാണ്.

ആ പാചക വിവരണം വായില്‍ വെള്ളം ഊറിച്ചു;
റോട്ടിയും ഡാലും...ങ്ങളു ഭാഗ്യം തന്നെ ചങ്ങാതീ! റംജാന്‍ വരുമ്പോള്‍ എന്റെ അന്വേഷണവും സലാമും പറയുക.

ചിലര്‍ അങ്ങിനെയാണ് .
എവിടെയൊക്കെയോ ഒരു സ്വദീനമായി നമ്മളോടോടൊപ്പം കാണും.
എനിക്കുമിഷ്ടായി ഷാനവാസ് ഭായിയുടെ റംജാന്‍ ഭായിയേയും, അദ്ധേഹത്തിന്റെ വിശേഷങ്ങളും.

"ഈ ഭാര്യയെ ബംഗാളില്‍ നിന്നും വാങ്ങിയതാണ്...നാലായിരം രൂപയ്ക്ക്...അവിടെ ഒക്കെ അങ്ങനെ ആണ്...മൂവായിരം മുതല്‍ വാങ്ങാന്‍ കിട്ടും..അതെ ,"

എനാൽ പിന്നെ നമ്മളും ബംഗാളിലോട്ട്.......

ഇക്കയുടെ റംജൻ ഭായ് കൊള്ളാം.

റംജാൻ ഭായിയെ എത്ര ലളിതമായാണ്‌ പരിചയപ്പെടുത്തിയത്. വായിച്ചിരിക്കാൻ നല്ല സുഖം. അഭിനന്ദനങ്ങൾ ഇക്കാ..

റംജാൻ ഭായിയെ നല്ല ഇഷ്ടമായി.

'റംജാൻ ഭായ്' ഈ കഥാപാത്രം കൊള്ളാമല്ലോ ! :)

>> ഞാന്‍ ന്യായമായും വിചാരിച്ചു നല്ല പഠിപ്പുള്ള പെണ്ണ് ആയിരിക്കും എന്ന്..അല്ലെങ്കില്‍ പിന്നെ ഇവിടത്തെ ഡോക്ടര്‍മാര്‍ കൊള്ളില്ല എന്ന് പറയില്ലല്ലോ.<< ആറടിയില്‍ കൂടുതല്‍ നീളമുള്ള സാധനങ്ങള്‍ ബുക്ക്‌ ചെയ്യാന്‍, അതിനേക്കാള്‍ നീളമുള്ള നടപടിക്രമങ്ങള്‍... << ഇതുപോലെ പല വാചകങ്ങളും ഈ പോസ്റ്റിനെ രസകരമാക്കുന്നു ഇക്കാ, ഒരു പുഞ്ചിരിയോടെ വായിച്ചു തീര്‍ത്ത നല്ലൊരു പോസ്റ്റ്‌.

വായിച്ചു കഴിഞ്ഞപ്പോൾ രംജാനെ നേരിട്ട് പരിചയപ്പെട്ടതുപോലെ തോന്നി.

ആശംസകൾ

അല്ല ..ഉത്തരം പറഞ്ഞിട്ട് പോയാല്‍ മതി ..എന്താ ഈ സൂര്യന്റെ പ്രകാശ ധാര ചന്ദ്രനിലേക്ക് പോകുമ്പോള്‍ കാണാത്തത് ..പറയാതെ വിടൂല്ല ..രംജാന്റെ ഉത്തരാവാണ് ..:)

രംജാന്‍ ഭായി കൊള്ളാം ...ഇതേപോലെ ഒരു കഥാപാത്രം ഇവിടെയും ഉണ്ടായിരുന്നു ഒരു നേപ്പാളി ഗോപ്‌ു...കൊച്ചിലെ എത്തിയത് കൊണ്ട് കുറച്ചു മലയാളം അറിയും ..ഒരിക്കല്‍ എന്റെ സഹോദരന്‍ അവനോടു പറഞ്ഞു നീ ഒന്നും ചെയ്യണ്ട എന്നെ മാത്രം നോക്കി ഇരുന്നാല്‍ മതി എന്ന്...ഉടന്‍ അവന്‍ ഓടി വന്നു എന്നോട് ചോദിച്ചു അല്ല കൊച്ചേച്ചി ഒരാളെ മാത്രം നോക്കി ഇരുന്നാല്‍ കണ്ണ് നോവില്ലേ മാത്രമല്ല വിശക്കില്ലേ ഞാന്‍ ചേട്ടനെ മാത്രം നോക്കി ഇരുന്നാല്‍ മതിയോ എനിക്കൊന്നും കഴിക്കയും വേണ്ടെന്നു
?..രംജാന്‍ ഭായ്‌ എന്നെ അവനെ ഓര്‍മ്മിപ്പിച്ചു ഇപ്പോള്‍ അവന്‍ നാട്ടില്‍ തിരിച്ചു പോയി ....

സംശയമുണ്ടെങ്കിലും അഹങ്കാരികള്‍ അത് ഒളിപ്പിച്ചു വെക്കും. എന്നിട്ട്, എല്ലാം അറിയുന്നത് പോലെ നടിക്കും.
മനസ്സില്‍ വിനയം സൂക്ഷിക്കുന്നവര്‍ സ്വയം 'അറിവില്ലാത്തവന്‍' എന്ന് വിശ്വസിക്കും. അവരുടെ പെരുമാറ്റവും സംസാരവും ഹൃദ്യമായിരിക്കും; റംജാന്‍ ഭായിയെ പോലെ, ശാനുക്കയെപ്പോലെ, ഈ ബ്ലോഗ്‌ പോലെ, ഈ പോസ്റ്റ്‌ പോലെ.(പിന്നെയീ എന്നെപ്പോലെയും!)

നല്ല എഴുത്തു ..ഇനി ഞാനും കൂടെ ഉണ്ട് ..

നല്ല രചന...
ആശംസകൾ!

വളരെ നന്നായി എഴുതി.നന്നായി വായിച്ചു റംജാനെപ്പോലെ നല്ലക്ഷമയോടെ.ആശംസകൾ.രംജാന്‍ ഭായി,ഇടക്ക് റംസാനായികെട്ടോ..

ഇക്ക വളരെ നല്ല പോസ്റ്റ്‌ എല്ലാവിധ മംഗളങ്ങളും ......

സൌമ്യവും ലളിതവുമായ ഭാഷ...നല്ല ഒഴുക്ക്..
ആശംസകൾ..

moothappa you have a style of language and writing.made me remember our great Basheer. keep on writing.all the best.Shalima

കെട്ടു കഥകളെക്കാള്‍ എനിക്കിഷ്ടം ഇത്തരം അനുഭവക്കുറിപ്പുകള്‍ തന്നെയാണ്,പ്രത്യേകിച്ചും റംജാന്‍ ഭായിയെപ്പോലെയുള്ള കഥാ പാത്രങ്ങളെപ്പറ്റി. മുമ്പും താങ്കള്‍ ഇതു പോലെ ഓരാളെ പരിചയപ്പെടുത്തിയതായോര്‍മ്മ വന്നു. പേരോര്‍ക്കുന്നില്ല. അഭിനന്ദനങ്ങള്‍!.

മംഗലാപുരം, ഡോക്ടര്‍മാരുടെ കൂട് ആണല്ലോ.ഇപ്പോള്‍ മുറുക്കാന്‍ കട കാണാനേ ഇല്ല..പക്ഷെ ഡോക്ടര്‍ കടകള്‍ ധാരാളം.

ശരിയാണ് ഷാനവാസ്ക്കാ..
റംജാൻ ഭായി വിശേഷങ്ങൾ നന്നായിട്ടുണ്ട്.ഇക്കയുടെ അനുഭവകഥകൾ ഇനിയും പോരട്ടെ.അഭിനന്ദനങ്ങൾ.

Ikkaa ikkayude anubhavangalkku munnil njan namikkunnu. Ramjan bhaiye peruth ishttappettu. Ee Ramjanum ivarokkyorukkunna ithupolulla anekam anubhavangalumaanu ikkayude shakthi. Athaanu ee bloginteyum ikkayude postukaludeyum pradhana rasam. Ramjan bhai leave kazhinju varumbol anweshanam parayanam. Sesham Ramjante avadhikkadhakal oru postaayi pratheekshikkukayum cheyyunnu...

With prayers
Jenith

ജീവിതത്തില്‍ ചിലാരോടു നമുക്ക് തോന്നുന്ന ഈ അടുപ്പം ഒരു പക്ഷെ മുജ്ജന്മ ബന്ധങ്ങള്‍ ആകാം

റംജാൻ ഭായിയെ ഇഷ്ട്ടായി കേട്ടൊ ഭായ്

നല്ലെഴുത്ത്, നല്ല റംജാൻ ഭായ്......

പതിവുപോലെ വളരെ രസകരം . മംഗലാപുരം ഡോക്ടര്‍മാരുടെ കൂട് എന്നത് വലിയൊരു സത്യം തന്നെ. റംജാന്‍ ഭായിയിലൂടെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം തിരികെ വന്നതിനു ശേഷം പറഞ്ഞ കഥകള്‍ ഒരു പോസ്റ്റ്‌ ആയി ഇടണേ ... പ്ലീസ് .....

നന്നായി പറഞ്ഞു.. ഭാവുകങ്ങൾ..

"പാവം റംജാന്‍, ഭാര്യക്ക് വേണ്ടി മൂന്നു ദിവസം കൊണ്ട് പതിനായിരം രൂപയുടെ ടെസ്റ്റുകള്‍ നടത്തി..."
എത്ര ഭാര്യമാരെ വാങ്ങാൻ കഴിയുന്ന കാശാ ഒരു ഭാര്യക്കു വേണ്ടി ചിലവാക്കിയേ... റാംജാൻ സ്നേഹമുള്ളോനാ..!!
എഴുത്ത് നന്നയിരിക്കുന്നു ഭായി..
ആശംസകൾ...

ഈ എളിയവന്റെ പോസ്റ്റ്‌ വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും എന്റെ വിനീതമായ കൂപ്പുകൈ..ഇനിയും ഈയുള്ളവന്റെ മൂര്‍ച്ചയില്ലാത്ത കത്തി കൊണ്ടുള്ള വെട്ടു കൊള്ളാന്‍ വരണമെന്നും അഭ്യര്‍ത്ഥിക്കുന്നു..ആശംസകളോടെ..

റംജാന്‍ ഭായ് ശരിക്കും മനസ്സില്‍ കയറിക്കൂടി..!
കാത്തിരിക്കാം പുതിയ വിശേഷങ്ങള്‍ക്കായി..!!
പതിവു പോലെ സുഖമുള്ള വായന തന്നതിന് നന്ദി.
ആശംസകളോടെ..

റംജാന്‍ കഥ ഇഷ്ടായി

നല്ല അനുഭവകുറിപ്പ്. ആശംസകൾ

രസകരമായ ഒരു വ്യക്തിത്വത്തെ അനാർഭാടമായ ഭാഷയിൽ ലളിതമായി പരിചയപ്പെറ്റുത്തിയിരിക്കുന്നു.

നന്ദി സർ. ആദ്യമായാണ് ഇവിടെ വരുന്നത്.

Post a Comment