Saturday, December 10, 2011

ഒരു കാളരാത്രി...മറവിക്കു വഴങ്ങാതെ...

48

                                                                     അഞ്ചു വര്‍ഷം മുന്‍പുള്ള  ഒരു ഡിസംബര്‍  രാത്രി...മറക്കാന്‍ ആശിക്കുംതോറും  കൂടുതല്‍ തെളിമയോടെ മുന്നില്‍ വന്നു നില്‍ക്കുന്ന വല്ലാത്ത ഒരു രാത്രി..കാലക്രമത്തില്‍ , പഴയ വീടിനു മോടി കുറഞ്ഞു എന്ന് തോന്നിയപ്പോള്‍ , സൗകര്യം കുറവായി എന്ന് തോന്നിയപ്പോള്‍, ഒരു പുതിയ വീട് വാങ്ങാന്‍ ഉള്ള ശ്രമമായി...പുതുതായി തീര്‍ത്ത പല വീടുകളും കണ്ടു നോക്കി എങ്കിലും എവിടെയൊക്കെയോ എന്തൊക്കെയോ കുറവുകള്‍...അങ്ങനെ വര്‍ഷം രണ്ടു കടന്നു പോയി...കേരളത്തില്‍ വീട് വെയ്ക്കാന്‍ ഇറങ്ങുന്നവന്‍ "പേപ്പട്ടി കടിച്ചവന്‍" ആയിരിക്കും എന്നാണല്ലോ ചൊല്ല്...നോക്ക് കൂലിയായും നോക്കാത്ത കൂലിയായും കയറ്റു കൂലിയായും ഇറക്കുകൂലിയായും....അങ്ങനെ പല പല കൂലികള്‍...അങ്ങനെ കൂലികള്‍ ഒക്കെ തീര്‍ത്തു വരുമ്പോള്‍ തുടങ്ങും , സര്‍ക്കാര്‍ വക ഉഴിച്ചിലും പിഴിച്ചിലും...ഇതെല്ലാം കഴിഞ്ഞിട്ടും ആയുസ്സ്‌ ബാക്കിയുണ്ടെങ്കില്‍ പുതിയ വീട്ടില്‍ കയറി താമസിക്കാം..അങ്ങനെ ഞാനും തീരുമാനിച്ചു ഒരു വീട് പണിയാന്‍...ആയുസ്സ്‌ ശേഷിച്ചതുകൊണ്ടാണ് ഇത് കുറിക്കാന്‍ തന്നെ പറ്റുന്നത്..
                                                                  വീടിന്‍റെ പണി തീരുന്നത് വരെ ഒരു നല്ല വാടക വീടും കണ്ടുപിടിച്ചു..നല്ല ഭംഗിയുള്ള , ഉറപ്പുള്ള ,ഒരു ഇരുനില വീട്. സ്കൂളും ഒക്കെ അടുത്ത് തന്നെ..എല്ലാം കൊണ്ടും നല്ലത്..നഗരത്തിന്റെ ഹൃദയ ഭാഗത്ത്‌ ആണെങ്കിലും വലിയ ഒരു പുരയിടത്തിന്റെ നടുക്കായി ആണ് വീട്...അതേ കോമ്പൗണ്ടില്‍ റോഡിനോട് ചേര്‍ന്ന് വേറെയും ഒരു വീട്..അതിലും പുതിയ താമസക്കാര്‍ വരാന്‍ പോകുന്നു... റോഡിന്‍റെ നേരെ എതിര്‍ വശത്ത് ഈ വീടുകളുടെ ഉടമ താമസം..ഒരു പഴയ കാല സിനിമാ സംവിധായകന്‍...സംസാരപ്രിയന്‍...ആരെക്കണ്ടാലും ഒരു മണിക്കൂര്‍ എങ്കിലും സംസാരിക്കണം...ഒന്നുരണ്ടു പ്രാവശ്യം ഞാന്‍ അറിയാതെ പെട്ടു പോയിട്ടുണ്ട്..പിന്നെപ്പിന്നെ ദൂരെ കാണുമ്പോഴേ ഓടി രക്ഷപ്പെടും...  പുതിയ വീട് പണി തീരുന്നത് വരെ ഇനി ഇവിടെ തന്നെ താമസിക്കാം...ഒരു നവംബര്‍  ആദ്യ വാരം താമസവും തുടങ്ങി...കുറച്ചു നാളത്തേക്ക് മതിയല്ലോ...ആദ്യ ദിവസം  ഗേറ്റ് താഴിട്ടു പൂട്ടാന്‍ പോയ എന്നോട്, വീട്ടുടമ  പറഞ്ഞു , "ഓ...പൂട്ടുകയോന്നും വേണ്ടന്നേ...വീടിന്റെ വാതില്‍ പോലും പൂട്ടേണ്ട ആവശ്യം ഇല്ല ..അത്രയ്ക്ക് സുരക്ഷിതമായ സ്ഥലമാ"...എങ്കിലും ഞാന്‍ ,"സാറേ ഇത് സിനിമാ അല്ല ജീവിതമാ".. എന്ന് പറഞ്ഞു ഗേറ്റ് പൂട്ടി...ഞാന്‍ ഭാര്യയോടും പറഞ്ഞു, മിക്കവാറും നാട് ചുറ്റുന്ന ഞാന്‍ ഇല്ലെങ്കിലും പേടിക്കേണ്ട...കുഴപ്പം ഇല്ലാത്ത സ്ഥലം ആണെന്ന്...മക്കളുമായി സുരക്ഷിതമായി കഴിയാം എന്ന്...
                                               ഏതാണ്ട് ഒരു മാസം അങ്ങനെ വലിയ അല്ലല്‍ ഒന്നും ഇല്ലാതെ കടന്നു പോയി...ഞാന്‍ പല കാര്യങ്ങള്‍ക്കായി കേരളത്തിന്‌ പുറത്തും...അന്നാണ് അത് സംഭവിച്ചത്...രാജ്യത്തിന്റെ പല ഭാഗത്തും കുടുംബം ആയി താമസിച്ചിട്ടുള്ള എനിക്കും കുടുംബത്തിനും ഇങ്ങനെ ഒരു ആഘാതം  ഒരിക്കലും ഉണ്ടായിട്ടില്ല...വീട്ടില്‍ ഭാര്യയും പെണ്മക്കളും ജോലിക്കാരിയും മാത്രം...മൂത്ത രണ്ടു മക്കള്‍ ഒരു മുറിയിലും ഇളയ മകളും ഭാര്യയും ജോലിക്കാരിയും അടുത്ത മുറിയിലും ആയി ഉറക്കം..


രാത്രി ഉദ്ദേശം രണ്ടു മണി...


പെട്ടെന്ന് ഭാര്യയും  മറ്റും ഉറങ്ങുന്ന മുറിയിലേക്ക് നാല് ചെറുപ്പക്കാര്‍ ആയുധങ്ങളുമായി... അട്ടഹസിച്ചുകൊണ്ട് ഓടിക്കയറി വന്നു.. ഭാര്യയും ഇളയകുട്ടിയും ജോലിക്കാരിയും പെട്ടെന്ന് ചാടി എഴുനേറ്റു...ചോര ഉറഞ്ഞു പോകുന്ന നിമിഷങ്ങള്‍...നേരിയ  ബള്‍ബ്‌  വെളിച്ചത്തില്‍ കണ്ടു..  അവന്മാര്‍ ആയുധങ്ങളും വീശി നില്‍ക്കുകയാണ്..അടുത്ത മുറയില്‍ ഉറങ്ങുന്ന മക്കള്‍ അപ്പോഴും ഉറക്കത്തില്‍ തന്നെ...ഭാര്യയും മറ്റും ഒച്ചവെച്ച് കരഞ്ഞു തുടങ്ങിയപ്പോള്‍ അവന്മാര്‍ ആയുധം വീശി മിണ്ടാതിരിക്കാന്‍ ആന്ഗ്യം കാണിച്ചു...ഭാര്യ തൊഴു കൈയോടെ അപേക്ഷിക്കുകയാണ്...ജീവന് വേണ്ടി..എന്ത് വേണമെങ്കിലും എടുത്തോളൂ...പക്ഷെ ഞങ്ങളെ ഉപദ്രവിക്കരുതെന്ന്...സിംഹങ്ങളുടെ മുന്‍പില്‍ പെട്ട മാന്‍പേടകളെപ്പോലെ എന്റെ ഭാര്യയും മക്കളും...ഇന്നും ഓര്‍ക്കുമ്പോള്‍ ഞെട്ടല്‍ മാറുന്നില്ല..  പെട്ടെന്ന് ഒരുത്തന്‍ താലി മാലയില്‍ പിടുത്തമിട്ടു വലിച്ചു പൊട്ടിച്ചു...മാല കയ്യില്‍ കിട്ടിയതും അവന്മാര്‍  കുരിശു കണ്ട ചെകുത്താന്‍മാരെ പോലെ..പുറത്തേക്കു പാഞ്ഞു...ഈ പാച്ചിലിന്റെ കാരണം ഇന്നും അജ്ഞാതമാണ്...ഒരുപക്ഷെ , ഇതിനായിരിക്കും ദൈവാധീനം എന്ന് പറയുന്നത്...കാരണം , ആ നേരത്ത് നമ്മള്‍ ഉണ്ടാക്കിയ സ്വത്തുക്കള്‍ക്ക് ഒന്നും ഒരു വിലയും ഉണ്ടാവില്ല...രക്ഷയ്ക്ക് എത്തുന്നത്‌   ദൈവാധീനം മാത്രം...
                                                                      അപ്പോഴേക്കും മൂത്ത മക്കളും എഴുന്നേറ്റു വന്നു...അടുത്ത പടി വീടിനു പുറത്തു ചാടലാണ്...ഇടാവുന്ന ലയ്റ്റ്‌ ഒക്കെ ഇട്ടിട്ടു പുറത്തു ചാടി, എല്ലാവരും..ജോലിക്കാരിയുടെ അലര്‍ച്ചയും ബാക്കിയുള്ളവരുടെ കരച്ചിലും അങ്ങ് ദൂരെയുള്ള ഒരു വീട്ടുകാരന്‍ കേട്ടു..അയാള്‍ ഒന്നും വക വെയ്ക്കാതെ ഓടി വന്നു..ഉടനെ പോലീസിനു ഫോണ്‍ ചെയ്തു..എന്തായാലും പത്തു മിനിട്ടിനുള്ളില്‍ പോലീസ്‌ എത്തി..വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോള്‍ മൂന്നു മൊബൈല്‍ ഫോണും കാണാനില്ല..അലമാരി ഒന്നും തുറന്നിട്ടില്ല..പക്ഷെ താക്കോല്‍ കൂട്ടം കാണാനില്ല...
                                                                          പിറകില്‍ അടുക്കളയുടെ വാതില്‍ പൊളിച്ചാണ് അവന്മാര്‍ വന്നത്...പോയതും ആ വഴിക്ക് തന്നെ...പോലീസുകാര്‍ , നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ നമ്പരിലേക്ക് വിളിച്ചു..അടുത്ത പറമ്പില്‍ നിന്ന് കിളിനാദം..അടുത്ത നമ്പരും നോക്കി...അതും അവിടെ തന്നെ ..അങ്ങനെ മൂന്നു ഫോണും അപ്പോള്‍ തന്നെ കിട്ടി...അപ്പോള്‍  ഒരു കാര്യം ഉറപ്പായി..അവന്മ്മാര്‍ പതുങ്ങി ഇരിപ്പില്ല  എന്ന്...അവന്മ്മാര്‍ പാഞ്ഞു പോകുന്നതിന് ഇടയില്‍ മൊബൈലുകള്‍ വലിച്ച് എറിഞ്ഞിരുന്നു...  നേരം വെളുക്കുന്നത് വരെ ഭാര്യയും മക്കളും ഉറങ്ങാതെ ഇരുന്നു..രാവിലെ ഏഴു മണിക്കാണ് എന്നെ അറിയിക്കുന്നത്... അപ്പോള്‍  എനിക്കുണ്ടായ  മന:പ്രയാസം വിവരിക്കാന്‍ കഴിയില്ല...നമ്മള്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ ഉണ്ടാവുന്ന ദുരന്തം താങ്ങാന്‍ തന്നെ പ്രയാസം..പിന്നെ കിട്ടിയ വണ്ടിയും വള്ളവും ഒക്കെപ്പിടിച്ചു ഞാന്‍ വൈകുന്നേരത്തോടെ വീട്ടില്‍ എത്തി..എങ്ങനെ എത്തി എന്ന് ചോദിച്ചാല്‍ എത്തി എന്നേ പറയാന്‍ കഴിയൂ...
                               അതിനിടയില്‍ ഒരു ചടങ്ങ് പോലെ  പോലീസ്‌ നായയും വന്നു..അത് പതിവ് പോലെ റോഡു വരെ ഓടി നിന്നു...പിന്നെ വിരലടയാള വിദഗ്ധര്‍ വന്നു...അവര്‍ക്ക്  അത് വരെ അവിടെ വന്നു പോയ എല്ലാവരുടെയും വിരലടയാളങ്ങള്‍ കിട്ടി...കള്ളന്മ്മാരുടെത് ഒഴിച്ച്..എന്തായാലും ഉച്ചയോടെ ഒരാള്‍ കാണാതായ താക്കോല്‍ കൂട്ടവും കൊണ്ടുവന്നു  തന്നു...അയാള്‍ക്ക്‌ അത് റോഡില്‍ കിടന്നു കിട്ടിയതാണ്...ദുഷ്ടന്‍മ്മാര്‍ എല്ലാം വലിച്ചെറിഞ്ഞിട്ട് ഓടി..പക്ഷെ , മാല..അത് മാത്രം വലിച്ചെറിഞ്ഞില്ല...അത് കൊണ്ട് അത് കിട്ടിയുമില്ല...
അലമാരകള്‍ ഒന്നൊന്നായി തുറന്നു നോക്കി..എല്ലാം ഭദ്രം...ഈ സംഭവം മനസ്സില്‍ ഏല്‍പ്പിച്ച മുറിവ്..അതിന്നും ഉണങ്ങിയിട്ടില്ല...
                         പിന്നെയാണ് അറിഞ്ഞത്..പാവം കള്ളന്‍മാര്‍..എന്റെ വീട്ടില്‍ കയറുന്നതിനു മുന്‍പ് അതേ കോമ്പൗണ്ടിലെ, റോഡിനോട് ചേര്‍ന്നുള്ള വീടിന്റെ മുന്‍വാതില്‍ പൊളിച്ച് അടുക്കിയിരുന്നു...താമസക്കാര്‍ ഇല്ലാതിരുന്നത് കൊണ്ട് പാവങ്ങള്‍ക്ക് അവിടെ നിന്ന്  ഒന്നും കിട്ടിയില്ല...ഇരട്ട കഷ്ട്ടപ്പാട് കഴിഞ്ഞാണ് എന്റെ വീട്ടില്‍ നിന്നും ഒരു മാല എങ്കിലും കിട്ടിയത്...അപ്പോള്‍ കൂലി മുതലായി...ഇവിടെ നിന്നും ഒന്നും കിട്ടിയില്ലെങ്കില്‍ അടുത്ത വീടും  പൊളിച്ചെനേ..അത് വേണ്ടി വന്നില്ല...പോലീസുകാര്‍ ഒരാഴ്ചയോളം കയറി ഇറങ്ങി അന്വേഷിച്ചു...അത് കഴിഞ്ഞപ്പോള്‍ അവര്‍ മടുത്തു...ഞാനും...പിന്നെ ഇന്ന് വരെ ഒന്നും കേട്ടില്ല...അതോടെ അത് കഴിഞ്ഞു...കുടുംബത്തിന് കിട്ടിയ മാനസിക ആഘാതം മാത്രം  മിച്ചം....
                                                     എങ്കിലും , ഒരു തുള്ളി ചോര പോലും  പൊടിയാതെ എന്റെ കുടുംബത്തെ കാത്തു രക്ഷിച്ച സര്‍വ്വേശ്വരന്റെ കാരുണ്യത്തിന് മുന്നില്‍ നമ്രശിരസ്ക്കനായി ഞാന്‍ ഇന്നും നില്‍ക്കുന്നു...

48 comments:

ഹോ..വല്ലാത്ത ഒരു അവസ്ഥ തന്നെ..
ആലോചിക്കാന്‍ പോലും വയ്യ..
താങ്കള്‍ പറഞ്ഞത് ശരിയാണ്....ചിലപ്പോള്‍ സര്‍വേശ്വരന്‍ എങ്ങിനെ നമ്മെ രക്ഷിക്കും എന്ന് പറയാനാവില്ല..

രക്ഷപ്പെട്ടല്ലോ ..അത് തന്നെ ഭാഗ്യം ..പക്ഷെ എന്ത് കൊണ്ടായിരിക്കും അവന്മാര്‍ മാല പറിച്ച ഉടനെ ഓടി രക്ഷപ്പെട്ടത് ,,കാരണം ഞാന്‍ കണ്ടു പിടിച്ചു, പറയട്ടെ ..ആ സംവിധായകന്‍ സംസാരിക്കാന്‍ വരുന്നു എന്ന് അതിലൊരാള്‍ ചുമ്മാ വിളിച്ചു പറഞ്ഞു..കാണും.ആ കത്തി സഹിക്കുന്നതിനേക്കാള്‍ ഭേതം ഓടി രക്ഷപ്പെടുകയാണ് വേണ്ടതെന്ന് പാവം കള്ളന്മാര്‍ കരുതിക്കാണും..

വായിച്ചു പേടിച്ചു. ഈശ്വരൻ തുണ.

ഉദ്വേഗത്തോടെയാണ് വായിച്ചു തീര്‍ത്തത് .ദൈവാധീനം ,ജീവന്‍ തിരിച്ചു കിട്ടിയല്ലോ.

ഇത്തരം സംഭവങ്ങൾക്കുശേഷം കുടുംബാംഗങ്ങളുടെ മനസ്സിലുണ്ടാകാവുന്ന മുറിവ് ഉണങ്ങാൻ ഏറെ സമയമെടുക്കും..സര്‍വ്വേശ്വരന്റെ കാരുണ്യത്താൽ ഒന്നും സംഭവിച്ചില്ലല്ലോ..

ഇത്തരം ഒരു സംഭവത്തിൽ എന്റെ സുഹൃത്തിന്റെ കുടുംബത്തിൽ ഉണ്ടായ നഷ്ടം നികത്തുവാനാകാത്തതായിരുന്നു..അല്പം സ്വർണത്തിനുവേണ്ടിയുള്ള പിടിവലിയിൽ ആ കുടുംബത്തിനു നഷ്ടമായത് അവരുടെ പപ്പയുടെ ജീവനായിരുന്നു...

ആ സംഭവത്തിൽ മോഷ്ടാക്കളെ പിടികൂടി നിയമത്തിനു മുൻപിൽ കൊണ്ടുവരുവാനായെങ്കിലും ആ കുടുംബത്തിനുണ്ടായ നഷ്ടം ആർക്കു നികത്തുവാനാകും..

“സര്‍വ്വേശ്വരാ..! വട്ടച്ചെലവിനൊള്ളതെങ്കിലും ഒപ്പിച്ചു തരണേ....!!”
എന്ന കള്ളന്മാരുടെ പ്രാര്‍ത്ഥന ആദ്യം കേട്ടൂ..!
അതുകഴിഞ്ഞപ്പോഴല്ലേ...ഈശ്വരാ.. കള്ളന്മാരില്‍ നിന്നും രക്ഷിക്കണേ എന്ന അടുത്ത വിളി..!

കേള്‍ക്കാതിരിക്കാന്‍ പറ്റ്വോ..!!
എല്ലാരുടേം വിളി കേള്‍ക്കാന്‍ ഒരാളല്ലേയുള്ളൂ..!!

ആശംസകളോടെ..പുലരി

വായിച്ചപ്പോള്‍ തന്നെ പേടി തോന്നണു ...അപ്പൊ അനുഭവിച്ച ഇക്കാടെയും കുടുംബത്തിന്റെയും അവസ്ഥ എന്തായിരിക്കും ?
വലുതായി ഒന്നും സംഭാവിച്ചില്ലാല്ലോ ? പടച്ചവന്‍ കാത്തു...!!

വല്ലാത്ത അനുഭവം..
എനിക്കു തൊന്നുന്നു, കാലം കുറച്ചു മുൻപായതു കൊണ്ടാണ് അവർ അത്രയും കൊണ്ടു നിർത്തിയതെന്ന്. ഇന്നാണെങ്കിൽ,സ്ത്രീകൾ മാത്രമുള്ള വീട്ടിൽ...
ഓർക്കാൻ കൂടി വയ്യ.

Ikkayude anubhavangalil enne ettavum adhikam thrill adippicha anubhavam ithaanu. Aa samayathe avastha sharikkum manasilakkan kazhiyunnundayirunnu. Daivathinu nandi annu onnum sambhavichillallo... Pinne, anubhavicha athe theevrathayode karyangal convey cheyyan pattuka ennullathu cheriya karyamalla. Ikkaykku aa kazhivu nannayi undu. Orupadu anubhavangalum aa kazhivum koodiyaavumbol perfect aanu :)

Regards
http://jenithakavisheshangal.blogspot.com/

This comment has been removed by the author.

ആലോചിക്കാന്‍ കൂടി വയ്യ,കള്ളന്‍ എന്നു കേട്ടാലേ എനിക്ക് പേടിയാണു,അപ്പോ വീട്ടുനകത്ത് കയറിയാലൊ...

( അക്ഷരപ്പിശാച്,അതാ മുകളിലെ കമന്റ് ഡിലീറ്റിയത്)

ഷാനവാസ്‌ സര്‍, അവര്‍ ഒന്നും എടുത്തില്ല!! 'കായംകുളം കൊച്ചുണ്ണി'യുടെ വീടാണെന്ന് കരുതിയിട്ടുണ്ടാകും, പാവങ്ങള്‍!

കള്ളന്മാരും കരുതുന്നുണ്ടാവും ,പോലീസ് പോക്കിയില്ലല്ലോ!നല്ലകാലം...

അനുഭവങ്ങള്‍ പലപ്പോഴും കഥകളേക്കാള്‍ ഭീകരമാകാരുണ്ട്.

നഗരത്തിന്റെ മദ്ധ്യത്തിലുള്ള വീട് ആയിരുന്നിട്ടും രണ്ട് വീട് പൊളീച്ച് അടുക്കാന്‍ അവര്‍ ധൈര്യം കാട്ടിയെങ്കില്‍ ഒരു മാലകൊണ്ട് തൃപ്തിപ്പെട്ടത് ഊപ്പര്‍ വാലായുടെ കാരുണ്യം കൊണ്ട് മാത്രം. ആ നിമിഷങ്ങളില്‍ കുടുംബാംഗങ്ങള്‍ അനുഭവിച്ച ഭയത്തെ പറ്റി ചിന്തിക്കുമ്പോള്‍ ഇനിയും എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഉള്ളിലെ തീ അണയില്ല.

എന്നെ ഏറെ സ്നേഹിച്ചു വളർത്തിയ അമ്മീമ്മയുടെ ജീവനെടുക്കാൻ പോലും തയാറായി വന്ന, അവരുടെ വിദ്യാർത്ഥികൾ തന്നെയായ കള്ളന്മാർ മുഖം മൂടികൾ വെച്ചിരുന്നു. അന്നു അമ്മീമ്മയ്ക്ക് കിട്ടിയ ശാരീരിക മർദ്ദനങ്ങൾ അവരെ മരണം വരെ കട്ടിലിൽ കഴിയേണ്ടുന്ന രോഗിയാക്കി മാറ്റി......... വൃദ്ധയായ ഒരു അധ്യാപികയ്ക്ക് വിദ്യാർത്ഥികൾ നൽകിയ ഗുരു ദക്ഷിണ. എല്ലാം അമ്മീമ്മയുടെ കഴുത്തിലെ മാലയ്ക്ക് വേണ്ടി മാത്രം.

ആ സങ്കട രാവിനെ ഓർമ്മിപ്പിച്ചു....

ഇക്കയും കുടുംബവും കടന്നു പോന്ന ദുരിതം അറിയാനാവുന്നുണ്ട്.

തീര്‍ച്ചയായും സ്തുതി ദൈവത്തിന്.
ദിവസവും കേള്‍ക്കുന്ന വാര്‍ത്തകള്‍ ഒരു അനുഭവസ്തനായ ഷാനവാസ് ഭായ് പറയുമ്പോള്‍ അതിന്‍റെ ഭീകരത ഉള്‍കൊള്ളാന്‍ ആവുന്നു.
എല്ലാവര്ക്കും സമാധാനപരമായ ജീവിതം ഉണ്ടാവട്ടെ

ദൈവത്തിനു സ്തുതി. അപകടമൊന്നുമില്ലാതെ രക്ഷപെട്ടല്ലൊ.

പ്രഭന്‍ കൃഷ്ണന്‍ പറഞ്ഞതാ അതിന്റെ നേര്!! :)

പേടിച്ചു പോയി.. എന്നാലും രക്ഷപെട്ടല്ലോ.. ദൈവത്തിനു നന്ദി പറയുന്നു !

ഏതായാലും രക്ഷപ്പെട്ടല്ലോ ഭാഗ്യം!. ഇനി ഒരു വേള പഴയ സിനിമാ സംവിധായകന്‍ വല്ല പുതിയ സിനിമയും ഷൂട്ട് ചെയ്തതാവുമോ?.നല്ല ഒറിജിനാലിറ്റിയും കിട്ടിക്കാണും!.

മറ്റു അപകടങ്ങളൊന്നും ഇല്ലാതെ രക്ഷപ്പെട്ടല്ലോ,
ദൈവത്തിനു നന്ദി.

ചോര മരവിച്ചുപോയി ഷാനുക്കാ.

(എന്നാലും അന്ന് കള്ളന്‍കയറി മാല പൊട്ടിച്ചത്കൊണ്ട് ഇങ്ങനെയൊരു പോസ്റ്റ്‌ ഉണ്ടായല്ലോ.
കണ്ണൂരാനെപ്പോലെ വിശാലമനസാ ആ കള്ളന്മാര്‍ക്കും എന്നോര്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. ആരെയും ഉപദ്രവിച്ചില്ലല്ലോ. അല്ഹമ്ദുലില്ലാഹ്)

വരാനുള്ളത് ഓട്ടോ പിടിച്ചാണെങ്കിലും വരും
കൂടുതല്‍ ഒന്നും സംഭവിക്കാതിരുന്നത് ദൈവാധീനം

വല്ലാത്ത അനുഭവം,
ജീവനും മാനവും നഷ്ടപ്പെടാത്തത് ദൈവാനുഗ്രഹം..
അല്ലാഹുവിന്‌ സ്തുതി..

വല്ലാത്ത അവസ്ഥ തന്നെ ..പേടി തോന്നി ..ആദ്യഭാഗം ചിന്തിപിച്ചു ..എനിക്കിഷ്ടപെട്ട ഒരു ശൈലി ...പോസ്റ്റ് ഇടുമ്പോള്‍ ലിങ്ക് തരാന്‍ മറക്കല്ലേ ..പൈമ

പേടിപ്പെടുത്തുന്ന അനുഭവം.. ആലോചിക്കാന്‍ പോലും കഴിയാത്തത്. പടച്ചോന്‍ കാത്തു.

ഒരു നാള്‍ ആ കള്ളന്മാര്‍ക്ക് മാനസാന്തരമുണ്ടായി നിങ്ങളുടെ അടുത്ത് വന്നേക്കും..!!

അപകടങ്ങളൊന്നും ഇല്ലാതെ രക്ഷപ്പെട്ടല്ലോ,

ഉദ്ധ്വേഗ ത്തോടെ വായിച്ചു തീര്‍ത്ത്‌ ആര്‍ക്കും ഈ ഗതി വരുത്തല്ലേ തമ്പുരാനേ എന്ന് പ്രാര്‍ഥിക്കാം

വല്ലാത്തൊരനുഭവം നനായി പകർത്തി.ശ്വാസം വിടാതെ വായിച്ചു. ഞങ്ങളുടെ കോളനിയിൽ കള്ളൻ കയറിയ കാലത്ത് കള്ളനെക്കുറിച്ചുള്ള വിവരണങ്ങൾ കേട്ട് പേടിച്ച്, അമ്മേ, കള്ളന് കൊമ്പുണ്ടോ എന്ന് എന്റെ മകന് ചോദിച്ചത് ഓർക്കുന്നു.

എന്താണേലും സസ്പെന്‍സ് നില നിര്‍ത്തിയാണ് എഴുതിയത്. അതു കൊണ്ട് സംഭവമാണേലും ഒരു കഥപോലെ തോന്നി. ഇത്രയുമല്ലേ സംഭവിച്ചൊള്ളു. ആര്‍ക്കും പരിക്കൊന്നും പറ്റാതെ രക്ഷപ്പെട്ടല്ലോ.

ദൈവത്തിന്‍റെ അദൃശ്യ സാന്നിദ്ധ്യം തെളിയിക്കുന്ന ഒരു സംഭവം തന്നെ.

ഒരോ ചുവടിലും അപകടം പതിയിരിക്കുന്ന നമ്മുടെ കേരളം..
സസ്നേഹം,
പഥികൻ

ദേഹോപദ്രവങ്ങള്‍ ഒന്നും ഇല്ലാതിരുന്നത് തന്നെ ഭാഗ്യം...

ഇത്രേം വല്യൊരു സംഭവം ഉണ്ടായിട്ടു ഇപ്പോഴാണോ പറയുന്നേ!! ഏതായാലും മാല മാത്രമല്ലേ നഷ്ടമായുള്ളൂ എന്ന് സമാധാനിക്കാം.[ "അത് വരെ അവിടെ വന്നു പോയ എല്ലാവരുടെയും വിരലടയാളങ്ങള്‍ കിട്ടി...കള്ളന്മാരുടെത് ഒഴിച്ച്.." :)]

(പുതിയൊരു ജോലിയ്ക്ക് പോയി തുടങ്ങി, ഇപ്പൊ പണ്ടത്തെ പോലെ ഇതിനു മുന്നില്‍ ഇരിക്കാന്‍ പറ്റുന്നില്ല, അതാട്ടോ വായിക്കാന്‍ താമസിച്ചത്.)

daivam kaathu ikka....athe
parayaan pattoo......

അനുഭവങ്ങളെ നീതന്നെ തുണ നീതന്നെ വഴി കാട്ടി
നല്ല എഴുത്ത് തുടരുക ഇക്ക

ദൈവമേ, ഈശ്വരൻ കാത്തല്ലോ. അതുമതി. സ്വർണ്ണം പോയാലും വീണ്ടും ഉണ്ടാക്കാം എന്നു വയ്ക്കാം.
കിടിലം കൊള്ളിക്കുന്ന അവസ്ഥ തന്നെ.

വിളിപ്പാടകലെ ഇക്ക ഉണ്ടായല്ലോ ..വിളിച്ചാലും എത്താന്‍ കഴിയാത്ത ഞങള്‍ പ്രവാസികളുടെ കാര്യം ആലോചിക്കുമ്പോള്‍ ...ഈ അനുഭവ കഥ വായിച്ചപ്പോള്‍ അങ്ങിനെയൊക്കെ ചിന്തിച്ചു പോയി ഇക്ക ,,,

ഇതിനായിരിക്കും ദൈവാധീനം എന്ന് പറയുന്നത്...കാരണം , ആ നേരത്ത് നമ്മള്‍ ഉണ്ടാക്കിയ സ്വത്തുക്കള്‍ക്ക് ഒന്നും ഒരു വിലയും ഉണ്ടാവില്ല...രക്ഷയ്ക്ക് എത്തുന്നത്‌ ദൈവാധീനം മാത്രം... അര്‍ത്ഥവത്തായ വരികള്‍

I know your writing skill very earlier. Now it is in a very good level. congrates. Still I love u.

marangaludeyum yanthrangaludeyum idayil kazhiyunna ente priyasuhruthinu ingineyum oru mukham undennu ariyumbol valare santhosham. iniyum iniyum ezhuthuka. Ilove U & like u.

Balyakala sakhiyaakaan kothichaval

പത്രത്താളുകളില്‍ വായിക്കുന്ന വാര്‍ത്തകള്‍ നേരിട്ടനുഭവിക്കുമ്പോഴുള്ള അവ്സ്ഥ.എങ്കിലും അപക്ടങ്ങളൊന്നുമുണ്ടാകാതെ രക്ഷപ്പെട്ടല്ലോ.അള്ളാഹുവിനു സ്തുതി.

സംഭവത്തിന്റെ മാനസിക ആഘാതം ഇന്നും നിലനില്‍ക്കുന്നുവെന്നത് എഴുത്തിന്റെ അവസാന ഭാഗം വായിച്ചാല്‍ വ്യക്തമാണ്. ധ്ര്തിപ്പെട്ട് തിരക്കിട്ടെഴുതിയത് കണ്‍ടാലറിയാം കാര്യത്തിന്റെ ഗൗരവം. പത്രവാര്‍ത്തകള്‍ വായിക്കുമ്പോള്‍ സാമ്പത്തികനഷ്ടത്തിന്റെ കണക്കുകള്‍ നോക്കുന്ന് നാമൊരിക്കലും ഇരകളായവര്ക്കുണ്ടായ ഭീതിതമായ മനസികാഘാതത്തെക്കുറിച്ച് ചിന്തിക്കാറില്ല.

ഉദ്വേഗത്തോടെയാണ് വായിച്ചു തീര്‍ത്തത്

നല്ല രചന .ദൈവം കാത്തു .ആശംസകള്‍

നിങ്ങള്‍ മനുഷ്യനെ ടെന്ഷ ന്‍ ആക്കി

Post a Comment