Wednesday, June 29, 2011

ആന്റണി ഏട്ടനും ഞാനും.

48

                                                                     ചാലക്കുടി അടുത്ത് കൊരട്ടി ആണ് സ്ഥലം. കൊരട്ടിയെ കീറി മുറിച്ചു കൊണ്ട് തെക്ക് വടക്ക് പായുന്ന ദേശീയ പാതയും റെയില്‍ പാതയും. അതെ, അവിടെയാണ് ഒരിക്കല്‍ ഉദ്യോഗം ആയി എത്തിയത്. തിരുവല്ലയില്‍ നിന്നുള്ള പ്രയാണം അങ്ങനെ കളമശ്ശേരി വഴി   വടക്കോട്ട്‌ വടക്കോട്ട്‌ നീങ്ങുകയാണ്. കൊരട്ടിയില്‍ എത്തിയപ്പോള്‍ വൈകിപ്പോയി. അന്ന് കമ്പനിയില്‍ പോകേണ്ട എന്ന് തീരുമാനിച്ചു. കമ്പനിയുടെ അടുത്ത് തന്നെ ആയിരുന്നു, താമസം ഏര്‍പ്പാട് ചെയ്തിരുന്നത്. സാറാമ്മ ചേട്ടത്തിയുടെ വീട് വാടകയ്ക്ക് എടുത്തത്‌. കൊരട്ടി ഒരു ചെറിയ ഗ്രാമം ആയിരുന്നു എങ്കിലും അധ്വാന ശീലരായ ജനങ്ങളെ ആണ് അവിടെ കാണാന്‍ കഴിഞ്ഞത്. കാര്‍ഷികമായും വ്യാവസായികമായും ഉന്നതി പ്രാപിച്ച ഗ്രാമം. എല്ലാ വീട്ടില്‍ നിന്നും ഒന്നോ രണ്ടോ ആളുകള്‍ മദുരാ കോട്സില്‍ ജോലി ചെയ്തിരുന്നു. അയ്യായിരത്തോളം ജോലിക്കാരെ ഉള്‍ക്കൊണ്ട സ്ഥാപനം. കൊരട്ടിയുടെയും അടുത്ത് തന്നെയുള്ള ചാലക്കുടിയുടെയും സമ്പത് വ്യവസ്ഥ നിലനിന്നത് തന്നെ ഈ സ്ഥാപനത്തെ ആശ്രയിച്ചു ആയിരുന്നു എന്ന് പറയാം.ഇതിനു തൊട്ടു പിറകില്‍ ആയിരുന്നു എന്റെയും കമ്പനി.
                                                                   ഈ വീട്ടില്‍ ഞാന്‍ എത്തുന്നതിനു മുന്‍പേ രണ്ടു പേര്‍ താമസം ഉണ്ടായിരുന്നൂ. കമ്പനിയുടെ സ്റ്റാഫ് തന്നെ. ഒന്ന്, വടകരക്കാരന്‍  അധികം സംസാരിക്കാത്ത  രാമചന്ദ്രനും പിന്നെ കൊടുങ്ങല്ലൂര്‍ക്കാരന്‍, ഒട്ടും സംസാരിക്കാത്ത ,ജയകൃഷ്ണനും. രണ്ടുപേരും കമ്പനിയിലെ പഴയ കക്ഷികള്‍. ഇതാ ഇപ്പൊ നന്നായെ..ഞാന്‍ രണ്ടു ഊമകള്‍ക്ക് ഇടയില്‍ പെട്ടത് പോലെ ആയി. ആദ്യ ദിവസം തന്നെ താമസം ,ഒരു വകയായി. അപ്പോള്‍ രാമചന്ദ്രന്‍ മൊഴിഞ്ഞു. സര്‍ പേടിക്കേണ്ട,നമ്മുടെ സ്റ്റാഫില്‍ പെട്ട  ആന്റണി ഏട്ടന്‍ കിഴക്കോട്ടു പോയിട്ടുണ്ട്. ഇപ്പോള്‍ ഇതിലെ വരും. ആള്‍ രസികന്‍ ആണ്. പറഞ്ഞത് പോലെ തന്നെ ആന്റണി ഏട്ടന്‍ വന്നു. കൈലി മുണ്ടും മടക്കിക്കുത്തി,ഷര്‍ട്ട് ഇടാതെ  ഒരു കച്ചതോര്‍ത്തും തോളില്‍ ഇട്ട്, റോഡിന്റെ എതിര്‍വശത്ത് നില്‍ക്കുന്ന തെങ്ങിന്റെ മണ്ടയിലേക്കു ടോര്‍ച്ചും അടിച്ചടിച്ച് ആയിരുന്നു വരവ്. നല്ല വെളുത്ത ഒരു ആജാനബാഹു.
"ങ്ങ ങ്ങ....ഇതാരാ പുതിയ താടി, രാമചന്ദ്രാ..എന്റമ്മേ  കണ്ണടയും ഉണ്ടല്ലോ....പുതിയ കുരിശു വല്ലതും ആണോ...കര്‍ത്താവേ  ഇമ്മക്ക് പണി ആകുവോ ആവോ..." ആന്റണി ഏട്ടന്‍ എന്നെ നോക്കി ആണ് ചോദിച്ചത്  രാമചന്ദ്രനോട്. നല്ല കനത്ത ശബ്ദം.. രാമചന്ദ്രന്‍ മുറ്റത്തിറങ്ങി ചെന്ന് അയാളുടെ ചെവിയില്‍ എന്തോ മന്ത്രിച്ചു. ആന്റണി ഏട്ടന്‍  ഷോക്ക് അടിച്ച മാതിരി ആയി.
"സോറി  കേട്ടോ.. സാറേ, ഇമ്മക്ക് ആളെ മനസ്സില്‍ ആയില്ല , അതോണ്ടാ..പിന്നെ സാറിനു ഇവിടെ എന്തെങ്കിലും  ബുദ്ധിമുട്ടുണ്ടെങ്കില്‍ പറയണം കേട്ടോ..എന്റെ വീട് ലേശം പടിഞ്ഞാറു മാറിയാ.... ഈ റോഡിന്റെ  എതിര്‍വശത്തുള്ള പുരയിടം എല്ലാം ഞങ്ങളുടേതാ..അത്യാവശ്യം തെങ്ങും തേങ്ങയും നെല്ലും ഒക്കെ ആയിട്ട് ഇമ്മള് അങ്ങനെ ഉരുട്ടി പെരട്ടി അങ്ങനെ അങ്ങട്ട് പോണു. പിന്നെ ചില്ലറ ചെലവിനു കമ്പനി ജോലിയും ഒക്കെ ഉണ്ടല്ലോ.." ഇത്രയും പറഞ്ഞത് എന്നോടാണ്..ശെരി നാളെ കമ്പനിയില്‍ കാണാം എന്ന് പറഞ്ഞു ചേട്ടനെ യാത്ര ആക്കി.
                                               പിറ്റേന്ന് രാവിലെ തന്നെ ഞാന്‍ കമ്പനിയില്‍ എത്തി. ആന്റണി ഏട്ടന്‍ , രാമചന്ദ്രനെയും ജയകൃഷ്ണനെയും കൂടാതെയുള്ള ഓഫീസ്  സ്റ്റാഫുകളെ  എല്ലാം പരിചയപ്പെടുത്തി, ഞാന്‍ ആവശ്യപ്പെടാതെ തന്നെ. നാട്ടുകാരന്‍ ആണെന്നുള്ള ഒരു മേല്‍ക്കൈ ഉണ്ടെന്നു വച്ചോ..ആന്റണി ഏട്ടന്‍ ചില്ലറക്കാരന്‍ ഒന്നും അല്ല..ആദ്യകാല ഗള്‍ഫ്കാരന്‍ ആണ്. അന്ന് ബോംബയില്‍ നിന്നേ ഫ്ലൈറ്റ് ഉള്ളൂ.. ഗള്‍ഫിലേക്ക്..ആന്റണി ഏട്ടന്‍ വിമാനത്തില്‍  കയറി ഇരുന്നു. ബെല്‍റ്റ്‌ ഇടാന്‍ പറഞ്ഞു , ഇട്ടു..വിമാനം  റണ്‍വേയില്‍  കൂടി ഓടി തുടങ്ങിയപ്പോഴേ എട്ടന് പേടി ആയി. ആദ്യം ആയിട്ട് കയറുകയാണ്..ഈ കുരിശിന്റെ ടയര്‍ എങ്ങാനും പൊട്ടിയാല്‍ ..ഇല്ല.. പൊട്ടിയില്ല. ഏട്ടന്‍ കണ്ണ് അടച്ചു പിടിച്ചു ഇരുന്നു പ്രാര്‍ഥിച്ചു..വിമാനം  പൊങ്ങിതുടങ്ങി. ആന്റണി ഏട്ടന്‍ കണ്ണ് സ്വല്‍പ്പം തുറന്നു പുറത്തേക്കു നോക്കി. അപ്പോള്‍ കണ്ട കാഴ്ച..ഞെട്ടി പോയി.താഴെ കടല്‍...വിമാനത്തിന്റെ ചിറകിന്റെ ഓരോ ചെറിയ കഷണങ്ങള്‍ അടര്‍ന്നു പോകുന്നു....ചേട്ടന്‍  പിന്നെ പ്രാര്‍ത്ഥന ഉറക്കെ ആയി.. എന്റെ കൊരട്ടി മുത്തിയേ, ഈ കടലില്‍ വീണു ചാകാനാണോ എന്റെ യോഗം....എന്നിട്ടും വിമാനം വീണില്ല... പിന്നെ ആണ് ചേട്ടന് മനസ്സില്‍ ആയതു, ചിറകിന്റെ കഷണങ്ങള്‍ അടര്‍ന്നു പോകുന്നില്ല... ഉയര്‍ന്നു താഴുന്നതെ ഉള്ളൂ..എന്ന്...ആകെ മൂന്ന് മാസമേ ചേട്ടന്‍ അവിടെ നിന്നുള്ളൂ....മടങ്ങി വന്നിട്ടാണ് കമ്പനിയില്‍ ജോലിക്ക് കയറിയത്..ആയിടെ തന്നെയാണ് ഞാനും അവിടെ എത്തുന്നത്‌..
                      ആന്റണി ഏട്ടന്‍ എനിക്ക് വലിയ സഹായി ആയിരുന്നു..അതുകൊണ്ട് തന്നെ ഞങ്ങള്‍ വളരെ അടുത്തു. ഏട്ടന്റെ കയ്യില്‍ നല്ല ഒരു തോക്ക്‌ ഉണ്ടായിരുന്നൂ..മരുന്ന് നിറച്ചു ചില്ലിട്ടു വെടി  പൊട്ടിക്കുന്നത്. നല്ല ഒരു വെടിക്കാരന്‍ ആണ് ചേട്ടന്‍..ആ ഭാഗങ്ങളില്‍ കാട്ടു മുയല്‍, വെരുക് എന്നിവ ഉണ്ടായിരുന്നൂ... തോക്കിന്റെ ലൈസെന്‍സ് പുതുക്കാന്‍ വേണ്ടി പോലീസ് സ്റെഷനില്‍ ചെന്ന ചേട്ടനോട് പോലീസ് ചോദിച്ചത് തനിക്കു തോക്ക് എന്തിനാ എന്നാണ്..ചേട്ടന്‍ മറുപടി കൊടുത്തു," എന്റെ സാറേ, കപ്പയും മറ്റും നട്ടു കഴിയുമ്പോള്‍ വലിയ എലി ശല്യം . അതിനെ വെടി വെക്കാനാ.." പോലീസുകാര്‍ ചിരിച്ചു മറിഞ്ഞു..അതാണ്‌ ചേട്ടന്‍..ചേട്ടന്‍ കപ്പ നടുമ്പോള്‍ ഞങ്ങള്‍ പത്തു മൂട് കപ്പ പറഞ്ഞു വെയ്ക്കും..ആ പത്തു മൂട് കപ്പ ഞങ്ങള്‍ അവസാനമേ എടുക്കുകയുള്ളൂ..അതുവരെ ചേട്ടന്‍ മറ്റുള്ളവര്‍ക്ക് കൊടുത്തു നിര്‍ത്തുന്ന  കപ്പയിലാണ് ഞങ്ങളുടെ കളി....പിന്നെ തേങ്ങയും രാത്രി ചേട്ടന്റെ തെങ്ങില്‍ നിന്ന് തന്നെ. അധികം പൊക്കം ഇല്ലാത്ത തെങ്ങാണ്. രാമചന്ദ്രന്‍ തെങ്ങില്‍ കയറും. ഓരോന്നായി പിരിച്ച് എടുത്തു താഴേക്കു ഇടും. അത് ജയകൃഷ്ണന്‍ നല്ല മെയ് വഴക്കത്തോടെ താഴെ വീഴാതെ  പിടിക്കും. തേങ്ങാ വീഴുന്ന ശബ്ദം കേട്ടാല്‍ സാറാ ചേടത്തി എങ്ങാനും വന്നു നോക്കിയാലോ..ഒരു ദിവസം ആന്റണി ഏട്ടന്‍ പോയിക്കാണും എന്നോര്‍ത്താണ് രാമചന്ദ്രന്‍ തെങ്ങില്‍ കയറിയത്..പക്ഷെ ചേട്ടന്‍ തെങ്ങുമ്മേ  ടോര്‍ച് അടിച്ചു വരുന്നത് കണ്ടു, തേങ്ങാ പിടിക്കാന്‍ നിന്ന ജയകൃഷ്ണന്‍ ഓടി വീട്ടില്‍ കയറി. ചേട്ടന്‍ ടോര്‍ച് അടിച്ചത് രാമചന്ദ്രന്റെ മുഖത്തേക്ക് തന്നെ...പിന്നെ പറയേണ്ടല്ലോ..പൂച്ചയെ പിടിച്ചു പട്ടിയുടെ മുഖത്തേക്ക് ഇട്ടതു പോലെയായി ബഹളം ..രാമചന്ദ്രന്റെ വടകര ഭാഷയും ചേട്ടന്റെ കൊരട്ടി ഭാഷയും ഏറ്റു മുട്ടിയപ്പോള്‍ തീ പറന്നു, കുറച്ചു നേരത്തേക്ക്..പിന്നെ ശാന്തം..അടുത്ത ദിവസം മുതല്‍ ചേട്ടന്റെ തെങ്ങിന്റെ മണ്ടയിലേക്കുള്ള നോട്ടം കൂടി...  അതോടെ ഓസിനു തേങ്ങ കിട്ടല്‍ നിന്നു..
                                                                       കൊരട്ടിയില്‍ വെച്ചാണ്  ഞാന്‍ തൊഴിലാളി യൂണിയന്റെ തനി നിറം കണ്ടത്. ഒരു ഇടത്തരം കമ്പനിയില്‍ നാല് യൂണിയന്‍...പോരെ പൂരം...തൊട്ടതിനും പിടിച്ചതിനും ഒക്കെ പ്രശ്നം തന്നെ....ഒരിക്കല്‍ ഒരു കുത്തിയിരിപ്പ് സമരം...മാനെജ്മെന്റ് സ്റ്റാഫ് ഓഫീസില്‍ കയറിയാല്‍ ഉടനെ ഓഫീസ് ഉപരോധം തുടങ്ങും. എല്ലാ തൊഴിലാളികളും ഞങ്ങളെ ഓഫീസിനുള്ളില്‍ തന്നെ തളച്ചിടാന്‍ ശ്രദ്ധിച്ചു. ആദ്യ ദിവസം രാവിലെ മുതല്‍  വൈകുന്നേരം വരെ വെള്ളം മാത്രം കുടിച്ചു കഴിഞ്ഞുകൂടി...വൈകുന്നേരം നാല് മണിയോടെ ഞാന്‍ പോലീസിനു ഫോണ്‍ ചെയ്തു. അവര്‍ അഞ്ചു മണിയോടെ വന്നു ഞങ്ങളെ "മോചിപ്പിച്ചു". അന്ന് തന്നെ തൊഴിലാളികള്‍ ഫോണ്‍ വയര്‍ എല്ലാം പൊട്ടിച്ചെറിഞ്ഞു...നാളെ പോലീസിനെ വിളിക്കാതിരിക്കാന്‍...അന്ന് തന്നെ ഞാന്‍ പോലീസ് സ്റെഷനില്‍ പോയി എഴുതി കൊടുത്തു..ഇനിയുള്ള  ദിവസങ്ങളിലും ഇത് ആവര്‍ത്തിക്കാം..അതുകൊണ്ട് അടുത്ത ദിവസങ്ങളിലും   വൈകുന്നേരം ഒന്ന് അവിടം വരെ വരണം എന്ന്.. പ്രതീക്ഷ പോലെ തന്നെ അടുത്ത ദിവസവും അത് തന്നെ ആവര്‍ത്തിച്ചു...ഞാന്‍ ഉള്‍പെടെയുള്ള  സ്റ്റാഫ്  ആദ്യത്തെ  ദിവസത്തെ ഉച്ച പട്ടിണി ഓര്‍ത്തു കുറച്ചു ഉച്ച ഭക്ഷണം കൊണ്ടുവന്നിരുന്നു. പക്ഷെ അത് തുറക്കാന്‍ പോലും തൊഴിലാളികള്‍ സമ്മതിച്ചില്ല..അന്നും ഭക്ഷണവും മുന്നില്‍ വെച്ച്, പൂച്ച കണ്ണാടിക്കൂട്ടിലെ മീന്‍ നോക്കി  ഇരിക്കുന്നപോലെ ഞങ്ങള്‍ ഇരുന്നു... വെള്ളം കുടിക്കുന്നതും ടോയലറ്റില്‍ പോകുന്നതും തടയാഞ്ഞത് ഭാഗ്യം..അന്നും വൈകുന്നേരം പോലീസ് വന്നു മോചിപ്പിച്ചു..ഈ നാടകം ഒരാഴ്ചയോളം തുടര്‍ന്നു..കൊല്ലുന്ന മന്ത്രിക്കു തിന്നുന്ന രാജാവ് എന്ന പോലെ  മാനേജ്മെന്റും വിട്ടു കൊടുത്തില്ലാ...    അവസാനം കമ്പനി  അനിശ്ചിത കാലത്തേക്ക് "ലോകൌട്ട്" ചെയ്തു....
                                                                         അതോടെ രംഗം ലേബര്‍ ഓഫീസിലേക്ക് മാറി..ചര്‍ച്ചകള്‍ ..ചര്‍ച്ചകള്‍...പിന്നെയും ചര്‍ച്ചകള്‍ ...തന്നെ...ഇപ്പോഴത്തെ കൊച്ചി മെട്രോയുടെ ചര്‍ച്ച പോലെ തന്നെ..ഇവിടെ ചര്‍ച്ചകള്‍ തുടങ്ങി വളരെ കഴിഞ്ഞ ശേഷം പണി ആരംഭിച്ച മറ്റു പല ഇന്ത്യന്‍ നഗരങ്ങളിലും തീവണ്ടി ഓടാന്‍ പാകത്തിന് പാളം ആയി...നമ്മള്‍ ഇപ്പോഴും ചര്‍ച്ചയില്‍ ആണ്...അതുപോലെ ഞങ്ങളുടെ ചര്‍ച്ചകളും നീണ്ടു നീണ്ടു പോയി..അവസാനം നാല് മാസത്തിനു ശേഷം കമ്പനി തുറക്കാന്‍ തീരുമാനം ആയി...ഫലത്തില്‍ തൊഴിലാളിയുടെ നാല് മാസത്തെ ശമ്പളവും കമ്പനിയുടെ നാല് മാസത്തെ ഉല്‍പ്പാദനവും നഷ്ട്ടം ആയി...അക്കാര്യത്തില്‍ രണ്ടു കൂട്ടര്‍ക്കും വിജയം അവകാശപ്പെടാം.            
                                                            നല്ല ഇരുട്ടുള്ള രാത്രികളില്‍ ചേട്ടന്‍  ഹെഡ് ലൈറ്റ് എല്ലാം പിടിപ്പിച്ചു തോക്കും ആയി വരും മുയല്‍ വേട്ടയ്ക്ക്....കൂടെ പോകാന്‍ എനിക്ക് വലിയ ഹരം ആയിരുന്നൂ..കൂടെ ഒരു വേലായുധനും ഉണ്ടാവും വെടിമരുന്നും സഞ്ചിയും ഒക്കെ പിടിക്കാന്‍ ആയിട്ട്....ചിലപ്പോള്‍ കിലോമീറ്റര്‍ കണക്കിന് നടന്നാലും ഒന്നും കിട്ടുകയില്ല...ചിലപ്പോള്‍ പെട്ടെന്ന് മുയലും വെരുകും മറ്റും വന്നു വീഴും..ചേട്ടന്റെ ഉന്നവും അപാരം ആണേ..ഒരു വെടി പോലും പാഴാകുക ഇല്ല....അങ്ങനെ ഇരിക്കെ ഒരു ദിവസം..അന്ന് ചേട്ടന്റെ കൂടെ ഞാന്‍ മാത്രം. ഞാനും വലിഞ്ഞാല്‍ ചേട്ടന്‍ വിഷമിക്കും...അത് കൊണ്ടാണ് ഞാന്‍ കൂടെ കൂടിയത്..നല്ല കുറ്റാകൂരിരുട്ടും.. നടന്നു നടന്നു കുറെ ദൂരം പോയിട്ടും ഒന്നും കണ്ടില്ല...നീണ്ടു വിരിഞ്ഞു കിടക്കുന്ന കരപ്പാടം...പെട്ടെന്ന് ഒരു മുയലിന്റെ നിഴലാട്ടം ചേട്ടന്‍ കണ്ടു. സാര്‍ ഇവടെ നിന്നോ, ഞാന്‍ അതിനെ ഒന്ന് പിന്തുടര്‍ന്ന് നോക്കട്ടെ എന്ന് പറഞ്ഞു ചേട്ടന്‍ അതിന്റെ പിറകെ പോയി...കുറച്ചു നേരം ഹെഡ് ലൈറ്റിന്റെ  പ്രകാശം ഒക്കെ കണ്ടിരുന്നൂ...പിന്നെ ഇരുട്ട് മാത്രം ...ഞാന്‍ ആ ഇരുട്ടത്ത്‌ ഒറ്റയ്ക്ക്...കൂവി വിളിച്ചാല്‍ പോലും ആരും കേള്‍ക്കില്ല....ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നി. നിന്നിടത്ത് നിന്ന് അനങ്ങാനും പേടി. കാരണം ആള്‍ മറ ഇല്ലാത്ത കിണറുകള്‍ ഉണ്ടാവും. ഇരുട്ടത്ത്‌ നടന്ന് അതിലെങ്ങാനും വീണാല്‍ കഥ തീര്‍ന്നത് തന്നെ...ഇരുട്ടത്ത്‌ ഒറ്റപ്പെട്ടാലത്തെ അവസ്ഥ  ആദ്യമായി അനുഭവിക്കുകയാണ്. ഞാന്‍ അന്നത്തെ എന്റെ എടുത്തു ചാട്ടത്തെ ശപിച്ചും കൊണ്ട് ഒറ്റ നില്‍പ്പാണ്. അങ്ങനെ വിഷമിക്കുമ്പോള്‍ ഒരു വെടിയൊച്ച കേട്ടു, അങ്ങ് ദൂരെ. അപ്പോഴേക്കും ഒരു മണിക്കൂറോളം കഴിഞ്ഞിരുന്നു. ഹാവൂ..സമാധാനം ആയി. ഇനി ചിലപ്പോള്‍ ചേട്ടന്‍ ഇങ്ങു വരും. വീണ്ടും അര മണിക്കൂര്‍ കഴിഞ്ഞാണ് ചേട്ടന്‍ പ്രത്യക്ഷപ്പെട്ടത്. കയ്യില്‍ നല്ല വലിപ്പം ഉള്ള ഒരു മുയലിനെയും  തൂക്കിയാണ് വന്നത്....എനിക്ക് എന്റെ ജീവന്‍ തിരിച്ചു കിട്ടിയ പ്രതീതി....
                               എന്റെ വേട്ടക്കൊതി അന്നത്തെക്കൊണ്ട് തീര്‍ന്നു. പിന്നെ വളരെക്കാലം ഞാന്‍ അവിടെ ഉണ്ടായിരുന്നു എങ്കിലും പിന്നെ ഒരിക്കലും വേട്ടയ്ക്ക് പോയിട്ടില്ല...ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം.. 

48 comments:

വളരെ രസകരമായ അനുഭവങ്ങള്‍ ആകാംക്ഷയോടെയാണ് വായിച്ചു തീര്‍ന്നത്!
നര്‍മ്മവും ഗുണപാഠവും നിരാശയും ജിജ്ഞാസയും ഒക്കെ വരികളില്‍ തെളിഞ്ഞു കിടപ്പുണ്ട് .
"തൊഴിലാളിയുടെ നാല് മാസത്തെ ശമ്പളവും കമ്പനിയുടെ നാല് മാസത്തെ ഉല്‍പ്പാദനവും നഷ്ട്ടം ആയി...അക്കാര്യത്തില്‍ രണ്ടു കൂട്ടര്‍ക്കും വിജയം അവകാശപ്പെടാം"
ഈ കൂരമ്പും വളരെ ഇഷ്ടമായി.

ആശംസകള്‍

അതോടെ രംഗം ലേബര്‍ ഓഫീസിലേക്ക് മാറി..ചര്‍ച്ചകള്‍ ..ചര്‍ച്ചകള്‍...പിന്നെയും ചര്‍ച്ചകള്‍ ...തന്നെ...ഇപ്പോഴത്തെ കൊച്ചി മെട്രോയുടെ ചര്‍ച്ച പോലെ തന്നെ..നര്‍മ്മവും ഗുണപാഠവും മേമ്പൊടി ചേർത്ത ഈ അനുഭവക്കുറിപ്പ് ഇഷ്ടമായി മാഷേ...

അനുഭവ്ക്കുറിപ്പ് ഇഷ്ടമായി. അഭിനന്ദനങ്ങൾ.

വായിച്ച് വന്നപ്പോ കാര്യായിട്ട് എന്തോ കിട്ടുമെന്നാ കരുതിയെ
അവസാനം ഒരു കുഞ്ഞേ മുയലിനെ കിട്ടി ഇത്തിരി പേടിയും... :)

തണല്‍ പറഞ്ഞ കമന്റിനു ഒരു ഒപ്പ് ചാര്‍ത്തുന്നു പിന്നെ ആ തേങ്ങ മോഷണത്തില്‍ നിങ്ങള്‍ക്കുള്ള പങ്കു പോലുള്ള സമാന അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്

രസകരമായ അനുഭവം. മുമ്പ് ബാബ്ജി എന്നു പേരുള്ള ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ആന്‍റണിച്ചേട്ടനെ പോലെ നല്ലൊരു വേട്ടക്കാരന്‍. ഇറച്ചിയും മീനും കഴിക്കാത്ത ഞാന്‍ അദ്ദേഹത്തിന്‍റെ കൂടെ മീന്‍ പിടിക്കാനും നായാട്ടിന്നും പോകും. അതെല്ലാം ഓര്‍മ്മയിലെത്തി.

വളരെ നല്ല രസകരമായ അനുഭവകുറിപ്പ് ,,,നന്നായി നല്ല ഒരു പാടു സന്ദേശങ്ങളും നര്‍മ്മവും ചാലിച്ച ഈ ഒര്മകുറിപ്പ് മനസ്സില്‍ തന്നെ മായാതെ നില്‍ക്കുന്നു ,,,എല്ലാ വിധ ഭാവുകങ്ങളും ഷാനവാസ്‌ ചേട്ടാ

അനുഭവം പലര്‍ക്കും ഉണ്ട് പക്ഷെ അത് എഴുതി ഫലിപ്പിക്കുന്നതില്‍ ആണ് രസം അത് താങ്കള്‍ക്കു വളരെ നന്നായി കഴിയുന്നു.. നര്‍മ്മവും കാര്യവും എല്ലാമുണ്ട് ഇതില്‍ തന്മയത്വത്തോടെ പറഞ്ഞിരിക്കുന്നു.. ഭാവുകങ്ങള്‍..

This comment has been removed by the author.

എനിക്കും മുയല്‍ വേട്ടയല്ലങ്കിലും കൊക്ക് വേട്ടക്കു പോയ അനുഭവം ഉണ്ട്
മരുമി എന്ന്‌ വിളിക്കുന്ന അബ്ദുല്ലയിക്കയുമായി കഞ്ഞിപ്പാടത്തും പരിസരങ്ങളിലും കൊക്കിനെ പിടിക്കാന്‍ പോകുമായിരുന്നു. ഉച്ചകഴിഞ്ഞ് പോയാല്‍ വൈകിട്ട് തിരിച്ചു വരുമ്പോള്‍ സഞ്ചി നിറയെ കൊക്ക് ,മുണ്ടി, കുളക്കോഴി, എരണ്ട......എന്നിവയെ കിട്ടുമായിരുന്നു നവാസിക്കായുടെ അനുഭവം വായിച്ചപ്പോള്‍ ഇതാണ് എന്‍റെ മനസ്സിലേക്ക് വന്നത്

തേങ്ങാ ക്കള്ളന്‍ ,വെടിക്കാരന്‍ ,മുയല്‍ പ്പിടിയന്‍ ,സമരക്കാരെ പാഠം പഠിപ്പിച്ച മൂരാച്ചി ..വേറെന്തൊക്കെ കഥകളാണ് മക്കളെ കൊരട്ടി നാട്ടില്‍ പാണന്മാര്‍ പാടി നടക്കുന്നത് ?

അവസാനം വേറെ എന്തൊക്കെയോ പ്രതീക്ഷിച്ചു... അപ്പൊ ദേ ഒരു മുയലെന്ന്!!!

എല്ലാവരിലും ഒരു വേട്ടക്കാരന്‍ ഒളിച്ചിരിപ്പുണ്ടെന്ന് പറയുന്നത് എത്ര നേരാ!! :))

അയ്യോ തേങ്ങാക്കള്ളന്‍....

(നന്നായിട്ടുണ്ട് അനുഭവവിവരണം.)

വളരെ മനോഹരമായി വിവരിച്ചു
വായിക്കാനും രസമുണ്ട്
പലതരം അനുഭവങ്ങളിലേക് പോയി എല്ലാം കൂടി വരികളിലൂടെ വ്യക്തമായി പറഞ്ഞു
ആശംസകള്‍

താങ്കളുടെ ഓരോ അനുഭവങ്ങളും വളരെ വ്യത്യസ്തമാകുന്നതു കൊണ്ട് തന്നെ വായനക്കാരനു കൂടുതൽ ആസ്വദിക്കാൻ വകനൽകുന്നു.

വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

അനുഭവക്കുറിപ്പ് ഇഷ്ടപ്പെട്ടു.

കഥപോലെ വായിക്കാന്‍ പറ്റുന്നുണ്ട്.

anubhava guna paata
kadhakal aanallo....
nannayi rasichu....

"ചര്‍ച്ചകള്‍..ചര്‍ച്ചകള്‍...പിന്നെയും ചര്‍ച്ചകള്‍... ഇപ്പോഴത്തെ കൊച്ചി മെട്രോയുടെ ചര്‍ച്ച പോലെ..." ഈ കൊട്ട് കലക്കി :))
എന്നാലും പാവം മുയലുകള്‍ ... :(

നന്നായിട്ടുണ്ട് മുയൽ വേട്ട. സത്യം, എല്ലാർക്കും വേട്ടക്കാരനാകാനൊന്നും പറ്റില്ല! അതിനേ നല്ല ‘ദയിര്യം‘ വേണന്ന് കൊരട്ടിക്കാര്.

:) തോക്കിന് ലൈസൻസ്, എലിയെ പിടിക്കാൻ.. ഹ ഹ

പഴമക്കാര്‍ക്കിടയില്‍ ഹൈറേഞ്ചില്‍ കൂടുതലും തോക്കുള്ളവരായിരുന്നു.ആനയെയും കാട്ടുപോത്തിനെയും പന്നിയെയും മുള്ളനെയും വെരുകിനെയും മുയലിനെയും തുടങ്ങി കിളികളെ വരെ വെടി വച്ചിരുന്നു.ഇന്നു കാലം മാറി തോക്കുള്ളവരുടെ എണ്ണം തീരെ കുറഞ്ഞു,പണ്ടുള്ളതു മിക്കതും കള്ളതോക്കായിരുന്നു.ഇപ്പോഴും കള്ളതോക്കുള്ളവരുണ്ട്.രാത്രിയില്‍ ഏറുമാടങ്ങളിലായിരുന്നു മിക്കപ്പൊഴും അന്തിയുറങ്ങിയിരുന്നത് .പണ്ട് മ്രിഗങ്ങളെ ഭയന്നായിരുന്നു ഏറുമാടങ്ങളെങ്കില്‍ ഇന്ന് ടൂറിസത്തിന്റെ ഭാഗമായി ഏറുമാടങ്ങള്‍ കെട്ടുന്നു.എന്റെ ചെറുപ്പത്തില്‍ രാത്രിയില്‍ മിക്കപ്പോഴും വെടിശബ്ദം കേള്‍ക്കാമായിരുന്നു .മനുഷ്യനെ വെടിവക്കാനും ഈ തോക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടത്രെ....

@ഇസ്മയില്‍ ഭായ്, സന്തോഷം നന്നായി തേങ്ങ ഉടച്ചതിന്.
@ചന്ദു നായര്‍ ഭായ്, സന്തോഷം, ഈ വരവിനു..ആദ്യം ആണെന്ന് തോന്നുന്നു..
@എച്മുവേ, സന്തോഷം ഉണ്ടേ..
@കൂതറ, സന്തോഷം, മുയല്‍ എങ്കിലും ഉണ്ടല്ലോ...
@കൊമ്പന്‍, സമാന അനുഭവം ഉണ്ടല്ലേ??? ആരും മോശമല്ല...
@കേരള ദാസനുണ്ണി സര്‍, സന്തോഷം ഉണ്ടേ,
@പ്രദീപ്‌ ഭായ്, സന്തോഷം ഈ വരവിനു..ആദ്യം ആണെന്ന് തോന്നുന്നു...
@ഉമ്മു അമ്മാര്‍, എന്നാലും അമ്മാറിനോളം വരില്ല..
@റഷീദ് ഭായ്, കഞ്ഞിപ്പാടം ഓര്‍മ്മകള്‍ വരുന്നല്ലേ???
@രമേശ്‌ സര്‍, എന്നെ മൂരാചിയും ആക്കി അല്ലെ..ഉം .....
@ആളവന്താന്‍, മുയലെങ്കിലും കിട്ടിയല്ലോ..എന്ന് പറയൂ..
@ശ്രദ്ധേയന്‍, എല്ലാവരിലും ഒരു വേട്ടക്കാരന്‍ ഒളിച്ചിരിപ്പുണ്ട്...
@അജിത്‌ ഭായ്, അയ്യോ ഞാനല്ലേ...
@ഷാജു ഭായ്, സന്തോഷം ഉണ്ടേ..ഈ വരവിനു...
@മൊയ്ദീന്‍ ഭായ്, അനുഭവം ഗുരു...
@പൊന്മളക്കാരന്‍ , സന്തോഷം ഉണ്ടേ...
@റാംജി ഭായ്, സന്തോഷം...
@കുസുമംജീ, കഥയല്ല...ഇത് കാര്യമാ...
@എന്റെ ലോകം, രസിച്ചു അല്ലെ???
@ലിപിമോള്‍, മുയലിന്റെ ചിന്തയാണ് അല്ലെ???
@ശ്രീനാഥന്‍ സര്‍, എനിക്ക് സ്വല്പം ധൈര്യം കുറവാണെ...
@ബെന്ചാലി ഭായ്,അത് സത്യം ആണ്..
@സങ്കല്പങ്ങള്‍, ഹായ് രേന്ജില്‍ ഇത് ഒരു സാധാരണ കാര്യം..അല്ലെ...

എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദിയുണ്ടേ...ഒരുപാട് ഒരുപാട്...

സാറാമ്മച്ചേട്ടത്തീടെ വീട്..
തോക്ക്.. വെടി..
പൊട്ടന്‍കിണര്‍ ..
മുയലിറച്ചി..

(കണ്ണൂരാനെന്തൊക്കെയോ തെറ്റിദ്ധരിച്ചുപോയി!
ഇക്കാ സോറിയുണ്ടേ)

അനുഭവങ്ങള്‍ സത്യസന്ധമായി വിവരിക്കുമ്പോള്‍ അത് നര്‍മവും ഗൌരവവും ആകാംക്ഷയും എല്ലാം വായനക്കാരിലേക്ക് കൊണ്ട് വരും.

അനുഭവങ്ങള്‍ പാഠങ്ങള്‍ ആവട്ടെ. നല്ല വിവരണം ആയതിനാല്‍ ഏറെ ആസ്വദിച്ചു

പുരാണങ്ങള്‍ നന്നാവുന്നുണ്ട്.അഭിനന്ദനങ്ങള്‍!

അവസാനം എന്തൊക്കെയോ പ്രതീക്ഷിച്ചാണ് ചൂടോടെ വായിച്ചു വന്നത്...!?
എന്നിട്ടോ.... ഇത്തിരിയില്ലാത്ത ഒരു പാവം മുയലും...!!

കൊരട്ടി കോട്സിൽ ഞാനും പണ്ട് ഒരു ജോലിക്ക് ശ്രമിച്ചിരുന്നു...
പക്ഷെ, ഒന്നും നടന്നില്ല..
അനുഭവ വിവരണം നന്നായിരിക്കുന്നു...
ആശംസകൾ...

@കണ്ണൂരാന്‍ തിരുവടികള്‍ എന്തൊക്കെയാണോ..തെറ്റിദ്ധരിച്ചത്..സന്തോഷം..
@ഷെരീഫ് സര്‍, സന്തോഷം, ഈ വരവിനും അഭിപ്രായത്തിനും..
@അഹ്മെദ് ഭായ്, സന്തോഷം ഉണ്ടേ...
@കുട്ടി സാഹിബ്, സന്തോഷം ഉണ്ടേ...
@വീ.കെ., എന്തൊക്കെയാണ് ആവോ അവസാനം പ്രതീക്ഷിച്ചു വന്നത്??? നിരാശ ആയിപ്പോയി അല്ലെ??സന്തോഷം..

എല്ലാവര്‍ക്കും പെരുത്ത്‌ നന്ദിയുണ്ടേ...ഇനിയും വരണേ...

രസമുള്ള വായന..
ഓര്‍മ്മച്ചെപ്പ് ഇനിയും തുറക്കൂ..
ഒരുപാട് ആശംസകള്‍..!

ഇനി വേട്ടക്ക് പോവണ്ടാന്നു തീരുമാനിച്ചത് ശരിയായില്ലാട്ടാ....
ചാണ്ടിച്ചായന്റെ കഥകൾക്ക് എതിരാളിക്കൊരു പോരാളിയായേനെ...
:)

എഴുത്ത് വളരെ രസകരമായി; അഭിനന്ദനങ്ങള്‍!
പുതിയ തലമുറയിലെ വേട്ടക്കാര്‍ ഇര തേടി ഇറങ്ങിയ സ്ഥിതിക്ക് ഞാന്‍ ഒന്നും ഉരിയാടുന്നില്ല. പക്ഷെ, 'ഏറിയ നരികളെ വെടി വെച്ച ഒരു തോക്ക്' എന്റെ കയ്യിലും ഉണ്ടേ...

ഹോ മുയലിറച്ചി ! വായില്‍ കപ്പലോടിക്കാം.. :)
ഇക്കാ ! അനുഭവകഥ നന്നായി...

രസകരം, സംഭ്രമജനകം!
കൊള്ളാം!

അതെ അതെ രസകരമായി തന്നെ അനുഭവകുറിപ്പ് വായിച്ച് തീര്‍ത്തു. ചിലയിടത്തൊക്കെ ശരിക്കും ചിരിച്ചു. നന്നായിരിക്കണു.
ഇരുട്ടത്ത് ഒറ്റക്കായാല്‍ ഇനിയങ്ങനെ പേടിച്ച് നില്‍ക്കരുത്.

കണ്ണടച്ച് അവ്ടങ്ങ് ഇരുന്നോണം. ചുണ്ണാമ്പ് ചോദിച്ചാല്‍ ഇല്ലെന്ന് പറഞ്ഞേക്ക് ;)

പ്രഭാന്‍ ഭായ്,സന്തോഷം ഈ വരവിനും കമന്റിനും.
നികു കേച്ചേരി,അന്നത്തെ പേടി ആണ് അങ്ങനെ തീരുമാനിപ്പിച്ചത്.
അപ്പച്ചന്‍ ഭായ്,അവിടെ തോക്കില്ലാതെ ജീവിക്കാന്‍ പറ്റില്ല അല്ലെ?
മഞ്ഞുതുള്ളീ,ഒരു കഷണം പോലും കിട്ടില്ല മോളെ..
ജയന്‍ ഭായ്,രസകരം ആയി അല്ലെ??
ചെറുതെ,അന്ന് ചുണ്ണാമ്പും കൂടി ചോദിച്ചിരുന്നെങ്കില്‍ കഥ മാറിയേനെ..

സന്തോഷം ഉണ്ടേ..പെരുത്ത്‌..

എത്ര രസമായി പറഞ്ഞു! കഥ തുടരട്ടെ!. ജീവിത കഥകൾ സങ്കൽപ്പിക കഥകളെക്കാൾ എത്രയോ ഉയരത്തിൽ നിൽക്കുന്നു.. ആ മുയൽ കഥ..എം.ടിയുടെ ഒരു ചെറു കഥയെ ഓർമ്മിപ്പിച്ചു.

സർ നെ നേരത്തെ പരിചയപ്പെട്ടിരുന്നെങ്കിൽ ഒരു പക്ഷെ കഴിഞ്ഞ വർഷം കൊരട്ടിയിൽ വന്നപ്പോൾ നേരിട്ട്‌ കാണാമായിരുന്നു..

ആദ്യമായാണ്‌ ഇവിടെ. ആദ്യ പോസ്റ്റ് ഇഷ്ടമായി. നല്ല വായന തന്നു. വീണ്ടും വരാം.

സാബു ഭായ്, ഞാന്‍ കൊരട്ടി വിട്ടിട്ട് വര്ഷം ഇരുപതു കഴിഞ്ഞു.ഇപ്പോള്‍ എന്നെ കാണാന്‍ ചുരുങ്ങിയത് മംഗലാപുരം വരെ എങ്കിലും വരേണ്ടി വരും,.സന്തോഷം ഉണ്ടേ...
അക്ബര്‍ ഭായ്, ആദ്യ വരവില്‍ വളരെ സന്തോഷം ഉണ്ടേ..

ഫലത്തില്‍ തൊഴിലാളിയുടെ നാല് മാസത്തെ ശമ്പളവും കമ്പനിയുടെ നാല് മാസത്തെ ഉല്‍പ്പാദനവും നഷ്ട്ടം ആയി...അക്കാര്യത്തില്‍ രണ്ടു കൂട്ടര്‍ക്കും വിജയം അവകാശപ്പെടാം. നിഷ്കളങ്കമായ നാടന്‍ നര്‍മ്മവും അതില്‍ ചാലിച്ച സാമൂഹ്യനിരീക്ഷണങ്ങളും. വളരെ താത്പര്യത്തോടെത്തന്നെ വായിച്ചു. കൊരട്ടിയില്‍ ഇനിയും നല്ല അനിഭവങ്ങളുണ്ടായിക്കാണുമല്ലോ? പൊരട്ടെ ബാക്കികൂടി.

ഷാനവാസ് ചേട്ടന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കാന്‍ വളരെ രസമാണ്. ഇതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്, "ഫലത്തില്‍ തൊഴിലാളിയുടെ നാല് മാസത്തെ ശമ്പളവും കമ്പനിയുടെ നാല് മാസത്തെ ഉല്‍പ്പാദനവും നഷ്ട്ടം ആയി...അക്കാര്യത്തില്‍ രണ്ടു കൂട്ടര്‍ക്കും വിജയം അവകാശപ്പെടാം." സത്യം!! :-)

ഷോപ്പില്‍ സ്റ്റോക്ക് എടുപ്പും മറ്റുമായി അല്‍പ്പം തിരക്കിലായിരുന്നു, അതുകൊണ്ടാണ് വൈകിയത് , വായന എപ്പോഴും മനസ്സിരുത്തി തന്നെ വേണമെല്ലോ ! നര്‍മ്മം താങ്കള്‍ക്കു വഴങ്ങുന്നുണ്ട്.

ഓര്‍മ്മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്ന...മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍ ...ഈ ഗാനം പോലെ ഓര്‍ക്കാന്‍ സുഗമുള്ള ഓര്‍മ്മകുറിപ്പുകള്‍ക്ക് നല്ലൊരു കയ്യൊപ്പ്‌....

സര്‍, ഞങ്ങളുടെ തട്ടകത്തില്‍ കയറിയാണല്ലൊ കളി

ബ്ലോഗന്‍,സന്തോഷം ആദ്യ വരവിനും കമന്റിനും.
ഷാബു ഭായ്,സന്തോഷം ഉണ്ടേ..
സിദ്ധീക്ക ഭായ്,താമസിച്ച് ആണേലും എത്തിയല്ലോ,സന്തോഷം..
ഫൈസല്‍ ഭായ്, കയ്യോപ്പിനു നന്ദി.
ഖാദര്‍ ഭായ്,ഇനി അവിടെ കളിക്കാന്‍ ഇല്ലേ...
എല്ലാവര്‍ക്കും എന്റെ നന്ദി ഉണ്ടേ...

വീടും നാടും വിട്ടു അന്യദേശങ്ങളില്‍ താമസിക്കുമ്പോള്‍ ഇതുപോലുള്ള ആന്റണി ചേട്ടന്മാരുടെയൊക്കെ കൂട്ടും, അവിടുത്തെ രസകരങ്ങളായിട്ടുള്ള കഥകളുമാണ്‌ പലര്‍ക്കും ആശ്വസമാകാറുള്ളത്. അനുഭവങ്ങള്‍ കുറവുള്ള എന്നെപ്പോലുള്ളവര്‍ക്കോ അനുഭവങ്ങള്‍ ഒരുപാടുള്ള ഇക്കയെപ്പോലുള്ളവരുടെ കഥകളും...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

Post a Comment