Saturday, May 21, 2011

"പുത്തോ"യും ഞാനും.

34

    
     പുത്തോയും ഞാനും 

ഞാന്‍ അന്ന് രാത്രിയില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനിൽ നില്‍ക്കുകയാണ്.മൈക്കിലൂടെ  ഒരു പെങ്കൊച്ച് അലറിവിളിക്കുന്നുണ്ട്‌,അറിയാവുന്ന ഭാഷയിലെല്ലാം,തീവണ്ടി വരാന്‍ സാധ്യതയുള്ള സമയത്തെ കുറിച്ച്. എനിക്ക് പോകേണ്ടത് രാത്രി പത്തു മണിക്ക് മംഗലാപുരത്തേക്ക് പോകുന്ന "മാവേലി" വണ്ടിയിലാണ്. അതിന്റെയും സാദ്ധ്യതകള്‍ മൈക്കിലൂടെ വരുന്നുണ്ട്. അതാണ്‌ നമ്മുടെ റെയില്‍വേ യുടെ പ്രത്യേകത. ഒന്നും അങ്ങോട്ട്‌ തീര്‍ത്തു പറയില്ല. വണ്ടി വന്നാലും വന്നില്ലെങ്കിലും അതിനുള്ള സാധ്യത നിലനിര്‍ത്തുക എന്ന ജോലിയാണെന്ന് തോന്നുന്നു,മൈക്ക്കാരിക്ക്. അന്ന് ഇട ദിവസം ആയിരുന്നതിനാല്‍ യാത്രക്കാര്‍ കുറവായിരുന്നു.അപ്പോഴുണ്ട്,നെഞ്ച് വരെ കയറ്റി  മുണ്ട് മടക്കി കുത്തിയ ഒരു കുറിയ മനുഷ്യന്‍ വരുന്നു.കൂടെ രണ്ടു സ്ത്രീകളും ഉണ്ട്. സാധാരണ ആളുകള്‍ മുണ്ട് മടക്കി കുത്തുന്നത് അരയ്ക്കു വെച്ചാണല്ലോ?ഇതെന്താ ഇങ്ങനെ?ഇങ്ങനെ മുണ്ട് കുത്തുന്ന ഒരാളെയേ എനിക്കറിയൂ. അത് "പുത്തോ"ആണ്.  എന്റെ ഓര്‍മ്മകള്‍ എന്നെ തള്ളി വീഴ്ത്തിയിട്ട് വളരെ വേഗം പുറകോട്ടു പോയി.അധികം ഇല്ല.ഒരു നാല്പത്തഞ്ചു വര്‍ഷം...............
                                                  ആയിടെയാണ് ആലപ്പുഴയിലെ പുതിയ വീട്ടിലേക്കു താമസം മാറുന്നത്.എനിക്കന്നു പതിനൊന്നു വയസ്.എന്റെ ഇളയ സഹോദരങ്ങള്‍ നാല് പേരും ബാപ്പയും ഉമ്മയും ഉള്ള  സന്തുഷ്ട കുടുംബം. ആദ്യ ദിവസം തന്നെ സമപ്രായക്കാരായ കളിക്കൂട്ടുകാരെ തിരഞ്ഞു ഞാന്‍. അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.തൊട്ടു മുന്നിലെ വീട്ടില്‍ ഒരു ജെയിംസ്‌,സൈഡില്‍ ഒരു രവി. തൊട്ടു പിറകില്‍ ഒരു "പുത്തോ". ഇതെന്തു പേരെന്ന് ആലോചിച്ചു പോയി. അവര്‍ കൊങ്കണികള്‍ ആണ്."പുത്തോ" എന്ന് പറഞ്ഞാല്‍ മകന്‍ എന്നേ അര്‍ഥം ഉള്ളൂ. അങ്ങനെ പുത്തോയും എന്റെ കളിക്കൂട്ട്കാരന്‍ ആയി. സുന്ദര സുരഭിലമായ കുട്ടിക്കാലം. അതിനോട് കിടപിടിക്കാന്‍ ജീവിതത്തില്‍ എന്തുണ്ട്?അതുകൊണ്ട് തന്നെ കുട്ടിക്കാലം മനസ്സില്‍ എത്തുമ്പോള്‍ കണ്ണുകള്‍ ഈറനാവുന്നു,ഇന്നും. കളിക്കാനും തിമർക്കാണും ഇഷ്ട്ടം പോലെ തുറസ്സായ സ്ഥലങ്ങള്‍.vഇന്നത്തെപ്പോലെ പിടിച്ചുകെട്ടി ഇട്ടു പഠിപ്പിക്കാന്‍ അറിവില്ലാത്ത മാതാപിതാക്കള്‍. സ്കൂളില്‍ നിന്നും വന്നാല്‍ വീടിനു പുറത്തു നിന്ന് തന്നെ പുസ്തകങ്ങള്‍ വീട്ടിനുള്ളിലേക്ക് ഒറ്റ ഏറ് . അകത്തു കയറിയാല്‍ അത്രയും സമയം കൂടി നഷ്ട്ടപ്പെടില്ലേ കളിക്കാന്‍?പിന്നെ കുത്തി മറിഞ്ഞു കഴിഞ്ഞു ഇരുട്ടി തുടങ്ങുമ്പോള്‍ ആണ് കുളിച്ചു വീട്ടില്‍ കയറുന്നത്.
                                                                     പുത്തോയ്ക്ക് ഞാന്‍ കാണുമ്പോള്‍ത്തന്നെ അച്ഛന്‍ ഇല്ല. നേരത്തെ തന്നെ മരിച്ചു പോയിരുന്നു.അവന്‍ അന്നേ മുണ്ടാണ് ഉടുക്കുന്നത്. മടക്കി കുത്താണ് വിശേഷം.ആളിന് പൊക്കം കുറവല്ലേ?അതിനു മടക്കി കുത്ത് നെഞ്ചിലാണ്            കുത്തുന്നത്. അച്ഛന്‍ ഇല്ലാത്തത് കൊണ്ടായിരിക്കാം, ബാല്യത്തിലേ ഇരുത്തം വന്ന സ്വഭാവം ആയിരുന്നു അവന്റെത്‌. തല്ലു കൊള്ളാന്‍ ആണെങ്കിലും കൊടുക്കാന്‍ ആണെങ്കിലും പുത്തോ മുന്‍പില്‍ തന്നെ ഉണ്ടാവും. അതുകൊണ്ട് കുസൃതി കാണിക്കാന്‍ നല്ല ഉത്സാഹം ആയിരുന്നു ,മറ്റുള്ളവര്‍ക്ക്,ഞാനടക്കം. കാരണം തല്ലു കൊള്ളാന്‍ അവനു മടി ഉണ്ടായിരുന്നില്ല.bഎത്ര തല്ലു കൊണ്ടാലും അവന്‍ കരയാറുന്ടായിരുന്നില്ല.ഞാന്‍ അവനോടു പലപ്പോഴും ചോദിക്കാറുണ്ടായിരുന്നു."നീ എന്താണ് ഇങ്ങനെ" എന്ന്." ഞാന്‍ തല്ലു കൊണ്ടില്ലെങ്കില്‍ നിങ്ങള്‍ എല്ലാം തല്ലു കൊളളും,അതെനിക്കിഷ്ട്ടമല്ല." എന്നായിരുന്നു മറുപടി. സന്ധ്യ കഴിഞ്ഞു പുത്തോ അവന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ തുടങ്ങും അവിടെ ബഹളം. അമ്മയും സഹോദരിമാരും മാത്രം അല്ലെ അവനുള്ളൂ.അവരെ ഭരിക്കുന്ന ബഹളം ആണ്. അന്ന് രാത്രി അവിടെ അത്താഴത്തിനു ദോശ ആണെങ്കില്‍ ബഹളം കൂടും. കാരണം, പുത്തോയ്ക്ക് ദോശ ഇഷ്ട്ടം അല്ല. അവിടെ ബഹളം മൂക്കുമ്പോള്‍  ബാപ്പ വെളിയില്‍ ഇറങ്ങി  വിളിക്കും "പുത്തോ". ബഹളം നില്‍ക്കും. പുത്തോയ്ക്ക് ആകെ പേടിയുള്ളതു ബാപ്പയെ മാത്രം.bപൂച്ചയെപ്പോലെ പതുങ്ങി വരും അവന്‍.  "എന്താണ് പുത്തോ,അവിടെ ബഹളം?" ബാപ്പ  ചോദിക്കും. ബാപ്പയെ പുത്തോ ആശാന്‍ എന്നാണ് വിളിക്കുന്നത്‌.
"ഒന്നും ഇല്ല ആശാനെ, ഇന്ന് ദോശയാണ്,രാത്രി കഴിക്കാന്‍. അമ്മ കനം കുറച്ചാണ് ദോശ ഉണ്ടാക്കുന്നത്‌. പത്തെണ്ണം തിന്നാലും വയറു നിറയില്ല. എന്റാശാനേ , ഒരെണ്ണം ആയാലും മതി, പക്ഷെ അത് നല്ല കനത്തോടെ വേണം. അതിനാണ് ഞാന്‍ വഴക്ക് ഉണ്ടാക്കിയത്. ആശാന്‍ അമ്മയോട് ഒന്ന് പറയണം,എനിക്ക് കനത്തോടെ ഉണ്ടാക്കി തരാന്‍."  അവന്റെ  അമ്മ എത്ര കനത്തില്‍ ഉണ്ടാക്കിയാലും അവന്‍ വഴക്കിടും. അവസാനം രാത്രി അവര്‍ ദോശ ഉണ്ടാക്കുന്നത്‌ നിര്‍ത്തി. ഇതൊക്കെ  ആണെങ്കിലും നല്ല കരുത്തനും ചങ്കുറപ്പ് ഉള്ളവനും ആയിരുന്നു പുത്തോ.ഏതെങ്കിലും മണ്ട പോയ തെങ്ങിലോ മറ്റോ മൈനയോ  തത്തയോ കൂടുവെച്ചാല്‍ അത് മുട്ടയിട്ടു ,വിരിഞ്ഞു, കിളിക്കുഞ്ഞു പറക്കമുറ്റും വരെ പുത്തോ ആ മരത്തിന്റെ ചുവട്ടില്‍ നിന്നും മാറില്ല. മിക്കവാറും ദിവസങ്ങളില്‍ മരത്തില്‍ കയറി നോക്കും,bഅന്നത്തെ സ്ഥിതി. താഴെ ഇറങ്ങി വന്നു ഞങ്ങള്‍ക്ക് ലൈവ് വിവരണം തരും,കിളിക്കൂട്ടിലെ വിശേഷങ്ങള്‍.അബദ്ധത്തില്‍ കിളിക്കുഞ്ഞു താഴെ വീണാല്‍ അതിനെ തിരിച്ചു കൂട്ടില്‍ എത്തിക്കുന്നതും അവന്‍ തന്നെ.
                                                                                   പുത്തോ,ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി.എല്ലാവരും വളരെ നിര്‍ബന്ധിച്ചു നോക്കി,വീണ്ടും സ്കൂളില്‍ വിടാന്‍. പക്ഷെ അവന്‍ ഉറച്ചു നിന്നു,ഇനി പഠിക്കേണ്ട  എന്ന് പറഞ്ഞ്. എന്നിട്ടും അവന്‍ വെറുതെ ഇരുന്നില്ല. അമ്പലങ്ങളിലും,കല്യാണങ്ങളിലും സദ്യ ഒരുക്കുന്നവര്‍ക്ക് സഹായി  ആയി പോയിരുന്നു.അതോടെ ഞങ്ങളുടെ ചെറു സെറ്റില്‍ പുത്തോ വല്ലപ്പോഴും കൂടിയാല്‍ ആയി. കാലചക്രം ഉരുണ്ടപ്പോള്‍ പുത്തോയും വിസ്മ്രിതിയിലേക്ക് പോയി.bഞാന്‍ ദൂരെ ദൂരേയ്ക്ക് പോയി കൊണ്ടിരുന്നു. അങ്ങനെ തമ്മില്‍ കാണല്‍ തന്നെ ഇല്ലാതായി. പക്ഷെ പുത്തോ, ആ ഭാഗത്തെ അറിയപ്പെടുന്ന സദ്യ ഒരുക്കുകാരന്‍ ആയി  മാറിയിരുന്നു............
                               പൊടുന്നനെ തനതായ ഹുങ്കാരത്തോടെ പാഞ്ഞു പോയ  " രാജധാനി" എക്സ്പ്രെസ്സ് വണ്ടി എന്നെ വര്‍ത്തമാന നിമിഷത്തിലേക്ക് തിരിച്ചു  കൊണ്ട്  വന്നു. അയാള്‍ എന്നെ കടന്നു മുന്നോട്ടു പോവുകയാണ്. ഞാന്‍ രണ്ടും കല്‍പ്പിച്ചു വിളിച്ചു,"പുത്തോ". അയാള്‍  നിന്നു .ഒരു നിമിഷം ചിന്തിച്ചു. എന്നിട്ട് റെയില്‍വേ സ്റെഷനിലെ അരണ്ട വെളിച്ചത്തില്‍ എന്റെ മുഖത്തേക്ക് നോക്കി അടുത്ത് വന്നു."ആരാ മനസ്സില്‍ ആയില്ല" . ആദ്യം ഞാന്‍ പുത്തോ ആണെന്ന് ഉറപ്പിക്കട്ടെ ,എന്നിട്ട് പറയാം ഞാന്‍ ആരാണെന്നു."അതെ ഞാന്‍ പുത്തോ തന്നെ ആണ്. ഇനി നിങ്ങള്‍ ആരാണെന്ന് പറയൂ".ഉറപ്പായ സ്ഥിതിക്ക് ഞാന്‍ എന്റെ പേര് പറഞ്ഞതും,ആനന്ദ അശ്രുക്കളോടെ അവന്‍ എന്നെ കെട്ടി പിടിച്ചതും ഒപ്പം കഴിഞ്ഞു. കാരണം,കാലം ഞങ്ങളില്‍ വരുത്തിയ മാറ്റം തിരിച്ചറിയലിനു ബുദ്ധിമുട്ടുണ്ടാക്കുന്ന  അത്രയ്ക്കുണ്ടായിരുന്നു.  ഞാന്‍ പറഞ്ഞു,"നിന്റെ മുണ്ട് കുത്തലാണ് ഇന്നീ കൂടിക്കാഴ്ചയ്ക്ക് കാരണം, ഇത് പോലെ മുണ്ട് കുത്തുന്ന ഒരാളെയേ ഞാന്‍ കണ്ടിട്ടുള്ളൂ.അത് നീയാണ്". പെട്ടെന്ന് രണ്ടുപേര്‍ക്കും ബാല്യം തിരിച്ചു കിട്ടിയ പോലായി. കൂടെ ഉള്ള  ഭാര്യയെയും മകളെയും പരിചയപ്പെടുത്തി. കാഞ്ഞങ്ങാട് പഠിക്കുന്ന മകളെ  എനിക്ക് കയറാനുള്ള അതേ വണ്ടിയില്‍ കയറ്റി വിടാന്‍  വന്നതാണ് അവന്‍. ഇപ്പോഴും അറിയപ്പെടുന്ന സദ്യ ഒരുക്കുകാരന്‍ തന്നെ. ഞങ്ങളുടെ രസചരട്  പൊട്ടിച്ചു കൊണ്ട് വണ്ടി  വന്നു നിന്നു. ഇനി എന്നെങ്കിലും കാണാം എന്ന് ആശംസിച്ചു കൊണ്ട് ഞാന്‍ വണ്ടിക്കുള്ളിലേക്ക് കയറി.പുത്തോയെയും ബാല്യകാല  സ്മരണകളെയും അവിടെ തന്നെ വിട്ടിട്ട്.

ഷാനവാസ്‌                           
                                                                                   

34 comments:

നല്ല പോസ്റ്റ്‌
അനുഭവങ്ങള്‍ അവയാണ് ജീവിതത്തെ നയിക്കുന്നത്

ബാല്യം ഓര്‍മിപ്പിച്ചതിനു നന്ദി. രസകരമായി എഴുതി. പുത്തോയും താങ്കളും ഇനിയും കണ്ടു മുട്ടട്ടെ എന്നാശംസിക്കുന്നു

പുത്തോയെ പോലെ മുണ്ടുടുക്കുന്നത് പുത്തോയും പിന്നെ ഉണ്ണിയാര്‍ച്ചയും മാത്രം അല്ലെ !! :) തീറ്റ ക്കൊതിയനായ പുത്തോ പാചക ക്കാരന്‍ ആയില്ലെങ്കിലെ അത്ഭുതമുള്ളൂ ..!!

ഇത്തരം പുത്തോമാര്‍ പല ഗ്രാമങ്ങളിലും കണ്ടുമുട്ടാറുണ്ട്. അനുഭവം നന്നായി അവതരിപ്പിച്ചു.

ഇക്കാ ..ബാല്യ കാല വിവരണം നന്നായിട്ടുണ്ട്. അപൂര്‍വമായ തരത്തിലെ കണ്ടുമുട്ടലും കലക്കി..

മാഷേ ഒരു കഥ വായിച്ചാലത്തെ അനുഭവം വന്നു. ആലപ്പുഴയില്‍ മാത്രമേ ഈ കൊങ്ങിണിമാരുള്ളതെന്നു തോന്നുന്നു. എനിയ്ക്കും ആ കൂട്ടത്തീന്ന് രണ്ടു മുന്നു സ്നേഹമുള്ള കൂട്ടുകാരുണ്ട്

അത് 'പുത്തോ' തന്നെയാണെന്ന് മനസ്സിലായപ്പോള്‍ ഷാനവാസ് ഇക്കാക്ക്‌ ഉണ്ടായ ആ അനുഭൂതി, ശരിക്കും ഞാന്‍ മനസ്സിലാക്കി.
വല്ലാത്തൊരു സന്തോഷം ലഭിക്കുന്ന, ചില സന്ദര്‍ഭങ്ങളാണ് അതെല്ലാം.
നല്ല രചന, ആശംസകള്‍.

നല്ല അവതരണം

പുത്തോയ്ക്ക് ഒരു ഹായ്.
മുഷിപ്പിക്കാതെ എഴുതുന്നുണ്ട് അനുഭവങ്ങള്‍. അഭിനന്ദനങ്ങള്‍!

നല്ല അനുഭവം, നല്ല അവതരണം.

ഒരു മുണ്ടു കുത്തൽ ഒരാളുടെ ഐഡെന്റിറ്റിയായല്ലോ! നന്നായി പുത്തോ കുറിപ്പ്.

പഴയ ഒരു സൂഹൃത്തിനെ ഇങ്ങനെ കുറെ കാലം കഴിഞ്ഞു കാണാന്‍ പറ്റുകയെന്നത് ഒരു ഭാഗ്യം തന്നെയാണ്. താങ്കള്‍ക്കതില്‍ അഭിമാനിക്കാം.ഞാനിപ്പോഴും എന്റെ കുറെ പഴയ കൂട്ടുകാരെ ( അധികവും ഒപ്പം പഠിച്ചവര്‍) അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇന്റ്റര്‍ നെറ്റിലും പരതാറുണ്ട്. പക്ഷെ അവരൊന്നും തന്നെ നമ്മെപ്പോലെ ഇത്തരം പരിപാടിക്ക് മെനക്കെടാത്തതിനാല്‍ കാണാന്‍ കിട്ടുന്നില്ല!

ഈ ലോകം അത്ര വലുതൊന്നുമല്ല അല്ലേ? സായിപ്പ് പറയും പോലെ വെരി സ്മാൾ വേൾഡ്!
കണ്ടുമുട്ട്ല് വളരെ നന്നായി. ആ സന്തോഷം എനിയ്ക്കും കിട്ടി. അഭിനന്ദനങ്ങൾ.

നല്ല പോസ്റ്റ്‌
ഇനിയും ഇത്തരം എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു

ജി.ആര്‍.കവിയൂര്‍ മാഷെ,അനുഭവങ്ങളുടെ ആകെത്തുകയല്ലേ ജീവിതം.സന്തോഷം.
ആസാദ്‌,പുത്തോയെ ഇനിയും കണ്ടുമുട്ടാന്‍ സാധ്യത ഉണ്ട്.
രമേശ്‌ ഭായ്, പുത്തോയ്ക്ക് പറ്റിയ പണിയാണ് കിട്ടിയത്,അല്ലെ?
രാംജി മാഷെ,സന്തോഷം ഉണ്ട്.
ഏപ്രില്‍ ലില്ലി, അപൂര്‍വമായ സമാഗമം അല്ലെ? സന്തോഷം.
കുസുമംജീ, ഗോവയിലെ പോര്ടുഗീസ് അധിനിവേശക്കാലത്ത്‌ കുരിശു ചുമക്കാന്‍ വിസമ്മതിച്ചു പലായനം ചെയ്ത കൊങ്കണ്‍ വാസികളാണ് ഇവര്‍.അത് കൊണ്ട് തെക്കോട്ട്‌ ഗോവ മുതല്‍ കന്യാകുമാരി വരെയുള്ള തീരദേശങ്ങളില്‍ ഇവരെ കാണാം.
അഷ്‌റഫ്‌ അമ്പലത്,എനിക്കുണ്ടായ അനുഭൂതി പങ്കുവെച്ചതില്‍ വളരെ സന്തോഷം ഉണ്ട്.
ആഹ്മെദ്‌ സാഹിബ്,സന്തോഷം.
അജിത്‌ ഭായ്,സന്തോഷം,വരവിനും കമന്റിനും.
ഷമീര്‍ ഭായ്,സന്തോഷം.
അതെ,ശ്രീനാഥന്‍ സര്‍,ഒരു മുണ്ട് കുത്തലാണ് ഈ കണ്ടുമുട്ടലിനു വഴിവെച്ചത്.സന്തോഷം.
മുഹമ്മദ്കുട്ടി സാഹിബ്,ഞാനും ശ്രമിക്കുന്നത് അതിനുവേണ്ടിയാണ്.പക്ഷെ,ചുരുക്കം ചിലരാണ് കയ്യില്‍ തടഞ്ഞത്. എന്റെ ശ്രമം തുടരുന്നു.സാഹിബും ശ്രമിക്കുക,അന്വേഷിപ്പിന്‍ കണ്ടെത്തും എന്നല്ലേ പ്രമാണം.
എച്ച്മുക്കുട്ടി, ഈ ചെറിയ ലോകത്ത് ഇപ്പോള്‍ ആളെ തപ്പി എടുക്കാന്‍ എളുപ്പം ആണല്ലേ?സന്തോഷം.
റഷീദ് സാഹിബ്,സന്തോഷം ഉണ്ട്, ഈ വരവിനും കമന്റിനും.തിരൂരില്‍ വെച്ച് കണ്ടിരുന്നു.പക്ഷെ നേരിട്ട് പരിചയപ്പെടുവാന്‍ കഴിഞ്ഞില്ല.അടുത്ത ഏതെങ്കിലും മീറ്റില്‍ കാണാം.

ഞാന്‍ പറഞ്ഞു,"നിന്റെ മുണ്ട് കുത്തലാണ് ഇന്നീ കൂടിക്കാഴ്ചയ്ക്ക് കാരണം,ഇത് പോലെ മുണ്ട് കുത്തുന്ന ഒരാളെയേ ഞാന്‍ കണ്ടിട്ടുള്ളൂ.അത് നീയാണ്".പെട്ടെന്ന് രണ്ടുപേര്‍ക്കും ബാല്യം തിരിച്ചു കിട്ടിയ പോലായി

good.

ഇതൊരു വല്ലാത്ത അനുഭവം തന്നെ.കണ്ണു നിറഞ്ഞു

>>"ഞാന്‍ തല്ലു കൊണ്ടില്ലെങ്കില്‍ നിങ്ങള്‍ എല്ലാം തല്ലു കൊളളും,അതെനിക്കിഷ്ട്ടമല്ല."<< അങ്ങനൊരു കൂട്ടുകാരനെ
കിട്ടാന്‍ ഭാഗ്യം ചെയ്യണം, വൈകിയാണെങ്കിലും വീണ്ടും ആ ചങ്ങാതിയെ കണ്ടുമുട്ടിയല്ലോ സന്തോഷം .... :)
അവതരണം ഇഷ്ടായി ...

മൈ ഡ്രീംസ്, സന്തോഷം,വരവിനു.
തൂവല്‍, വരവിനും കമന്റിനും സന്തോഷം.
മോഇദീന്‍,എന്റെയും കണ്ണ് നിറഞ്ഞു പോയി.സന്തോഷം.
ലിപിമോള്‍., ഇങ്ങനെയുള്ള കൂട്ടുകാരും ഒരു കാലത്ത് ഉണ്ടായിരുന്നു.സന്തോഷം.

ബാല്യത്തിലേക്കൊരു തിരിച്ചുപോക്കു്.

നല്ല പോസ്റ്റ്‌...

ബാല്യത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോയ പോസ്റ്റ്‌. ഇങ്ങിനി വരാത്ത കാലം...

നല്ലത്.
ഇഷ്ട്ടായി.

ആക്സമികമായി കണ്ടുമുട്ടിയ ചങ്ങാതി. ഷാന്‍വാസ് അങ്കിള്‍. വളരെ വളരെ നന്നായിട്ടുണ്ട്. ഹൃദയസ്പര്‍ശി! ആശംസകള്‍!!

Typist,എഴുത്തുകാരി, സന്തോഷം,വരവിന്.
ഹൈനാ,സന്തോഷം,വന്നല്ലോ.
jayaram murukkumpuzha, സന്തോഷം ,വരവിന്.
ഖാദര്‍ സാഹിബ്,അതെ ഇങ്ങിനി മടങ്ങി വരാത്ത കാലം.സന്തോഷം.
കൂതറ, ഇഷ്ട്ടപ്പെട്ടോ? ഞാന്‍ രക്ഷപ്പെട്ടു. സന്തോഷം.
ഷാബു കുട്ടാ, എന്റെയും ആശംസകള്‍.

hai putho, iniyum nalla ormakal koode kondu varoo, nammude shanavaz sirinu sughamulla orammakal njangalku pank vekkuvan,,
nannayi vivaranam...

വളച്ചു കെട്ടില്ലാത്ത എഴുത്ത് വായന സുഖമുള്ള ഒരു അനുഭവമാക്കി. ആശംസകള്‍ .

ഒരൊറ്റ വാചകം
“ആസ്വദിച്ചു ഈ ഓര്‍മ്മകള്‍”


നിര്‍ദ്ദേശം എന്താണെന്ന് വെച്ചാല്‍, ഗദ്യരചന ഇടയ്ക്ക് ഖണ്ഡിക മാറ്റമൊക്കെയാവാം, അര്‍ത്ഥവും സമയവും (ഫ്ലാഷ് ബാക്കുകള്‍) വരുന്നിടത്തൊക്കെ.

ആശംസകള്‍

Lipi തന്ന ലിങ്ക് വഴി വഴിയാണ് ഇവിടെ എത്തിയത്. വായിക്കാന്‍ സുഖമുള്ള എഴുത്ത്. All the Best !!

"പുത്തോ" നല്ല പേര്. പഴയ കൂട്ടുകാരെ കാണുമ്പോള്‍ ഇതേ സന്തോഷം എനിക്കും ഉണ്ടാകാറുണ്ട്. സ്വയം അനുഭവിക്കുന്നത് പോലെ തോന്നി കഥ വായിക്കുമ്പോള്‍. പക്ഷെ പല കൂട്ടുകാരും ഇപ്പോള്‍ വളരെ ബിസിയാണ്. ഒന്നിനും നേരമില്ല. എല്ലാവര്ക്കും തിരക്കോട് തിരക്ക്. നമുക്ക് വര്‍ഷത്തില്‍ ആകെ ഒരു മാസമാണ് ലീവ് കിട്ടുന്നത്. അതില്‍ പകുതിയും കൂട്ടുകാരെ തിരക്കി നടന്നു തീരും. കണ്ടു മുട്ടുന്നവര്‍ക്കൊക്കെ ഭയങ്കര തിരക്കും.
എന്തായാലും നന്നായി ഫലിപ്പിക്കുന്ന വിധം എഴുതി. ആശംസകള്‍. എഴുത്ത് തുടരുക.

രാജശ്രീ, വരവിനും അഭിപ്രായത്തിനും നന്ദിയുണ്ടേ.
കേരളദാസനുണ്ണി മാഷെ, സന്തോഷം ആദ്യ വരവിനും ആശംസയ്ക്കും.
നിശാ സുരഭി, ആശംസയ്ക്ക് നന്ദി. പിന്നെ , ഞാന്‍ ഒരു എഴുത്തുകാരന്‍ അല്ല. അത് കൊണ്ടുള്ള പാകപ്പിഴയാണ്. ഇനി ശ്രദ്ധിക്കാം. നിര്‍ദേശം സ്വാഗതം ചെയ്യുന്നു.
ദിവാരേട്ടന്‍, ആശംസയ്ക്ക് നന്ദിയുണ്ട്. ലിപിമോള്‍ എന്റെ ആദ്യത്തെ വായനക്കാരിയാണ്.
സാം ഭായ്, സന്തോഷം. എഴുത്ത് തുടരാം.

ഷാനവാസ്‌ ജി.
നല്ല ഒരു ബ്ലോഗ്‌ രചന. അഭിനന്ദനങ്ങള്‍.
എനിക്ക് പണ്ട് മണ്ണഞ്ചേരി സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു കൊങ്ങിണി സുഹൃത്ത് ഉണ്ടായിരുന്നു. എനിക്ക് ചില്ലറ പൈസ കടം തരുവാന്‍ ഉണ്ടായിരുന്നു സ്കൂള്‍ വിടുന്ന കാലത്ത്. പിന്നീട് കുറെ കാലശേഷം അവനെ കാണുന്നത് കൊച്ചിയിലെ ഒരു വലിയ ബിസ്സിനെസ്സ്കാരന്‍ ആയാണ് . പഴയ കടം തമാശക്ക് തിരിച്ചു ചോദിച്ചാലോ എന്ന് തോന്നി. പക്ഷെ അവന്‍ എന്നെ തിരിച്ചറിഞ്ഞില്ല.
അങ്ങനെ എത്ര പഴയ സുഹൃത്തുക്കള്‍ ...
ഇടയില്‍ അപൂര്‍വ്വം ചില പുത്തോകളും...

Post a Comment