Thursday, June 9, 2011

ചില ചിതറിയ സ്കൂള്‍ ഓര്‍മ്മകള്‍

28

  നിലത്തെഴുത്ത്.                                                        
                                                                   ജൂണ്‍  മാസം വന്നല്ലോ... മഴയും പേറിയാണ് ഈ മാസത്തിന്റെ വരവ് തന്നെ. പിഞ്ചു കുഞ്ഞുങ്ങളുടെ തോളില്‍ മാറാപ്പു കേറുന്നതും ഈ മാസത്തില്‍ തന്നെ. ആഗസ്റ്റ്‌ ഒക്കെ ആവുമ്പോള്‍  മഴ  മാറും. പക്ഷെ  മഴയുടെ കൂടെ തോളില്‍ കയറിയ മാറാപ്പ് ഇറക്കി വെയ്ക്കാന്‍  കുരുന്നുകള്‍ മാര്‍ച് മാസം വരെ കാത്തിരിക്കണം. ഞാന്‍ വിദൂരമായ എന്റെ ബാല്യം ഓര്‍മ്മിച്ചെടുക്കാന്‍ നോക്കി. ചെരുപ്പില്ലാത്ത, കുട ഇല്ലാത്ത , മാറാപ്പില്ലാത്ത കാലം. പിച്ച വെയ്ക്കുന്നതിന് മുന്‍പ് മാറാപ്പ് കേറാത്ത കാലം. അങ്ങനെയും ഒരു കാലം ഉണ്ടായിയിരുന്നു എന്ന് വിശ്വസിക്കാന്‍ തന്നെ ഇപ്പോള്‍ പ്രയാസം തോന്നുന്നു. എന്ത് മാറ്റങ്ങളാണ് ചുരുങ്ങിയ സമയം കൊണ്ട് എല്ലാ രംഗങ്ങളിലും വന്നത്. നാരായം കൊണ്ട്  എഴുത്തോലയില്‍ എഴുതിയിരുന്ന കാലം കഴിഞ്ഞാണ് എന്റെ ബാല്യം. അത് കൊണ്ട് എഴുത്താശാന്റെ  നാരായം കൂട്ടി   തുടയില്‍   ഉള്ള  പ്രയോഗം കിട്ടാതെ രക്ഷപ്പെട്ടു. സ്നേഹത്തിന്റെ  ആള്‍രൂപം എന്ന് വിശേഷിപ്പിക്കാവുന്ന  രണ്ടു കന്യാസ്ത്രീ അമ്മമാര്‍  ആണ് എന്റെ ആദ്യ ഗുരുക്കള്‍. നീണ്ട അര നൂറ്റാണ്ടിനു ശേഷവും തെജോമയികള്‍ ആയി ആ  അമ്മമാരെ ഞാന്‍ കാണുന്നു. ഒരിക്കല്‍ സ്നേഹം അനുഭവിച്ചാല്‍ ഒരിക്കലും മറക്കില്ലായിരിക്കാം. വീട്ടില്‍ നിന്നും അധികം ദൂരെ അല്ലാത്ത ഒരു "വണക്കമാസപുര."  ഒരു കപ്പേള  ആയിരുന്നു അത്. വീടിന്റെ മുന്നിലുള്ള  ചെറിയ റോഡിലൂടെ ആണ്  ഈ അമ്മമാര്‍ കപ്പെളയിലേക്ക് പോയിരുന്നത്. ആദ്യം ഒക്കെ അവരുടെ ഇരുണ്ട നിറത്തിലുള്ള  വസ്ത്രങ്ങള്‍ എന്നെ ഭയപ്പെടുത്തിയിരുന്നു. വഴിയില്‍ അവരെ കണ്ടാല്‍ ഞാന്‍ ഓടി വീട്ടില്‍ കയറി ഒളിക്കുമായിരുന്നു. പക്ഷെ  എനിക്ക് അക്ഷരം പഠിക്കാനുള്ള  ഭാഗ്യം സിദ്ധിച്ചത്‌  അവരില്‍ നിന്നായിരുന്നു. എന്നെപ്പോലെ വേറെയും കുറച്ചു കുട്ടികള്‍ അവിടെ ഉണ്ടായിരുന്നു.  ആദ്യം "ഹരീ ശ്രീ" എഴുതിച്ചത് ഒരു പാത്രത്തില്‍ എടുത്ത അരിയില്‍ ആയിരുന്നു. അന്ന് ജാതി ഭേദം മത ദ്വേഷം ഒന്നും ഇല്ലായിരുന്നു എന്ന് തോന്നുന്നു,അതുകൊണ്ടായിരിക്കും ക്രിസ്ത്യാനി അമ്മമാര്‍ കുട്ടികളുടെ ജാതി നോക്കാതെ "ഹരി ശ്രീ" എഴുതിച്ചത്. അതിനു ശേഷം തറയില്‍ നല്ല പഞ്ചാര മണലില്‍ ആണ് എഴുത്ത് തുടങ്ങിയത്. എഴുതാനും മായ്ക്കാനും ഇത്ര നല്ല ഒരു മീഡിയം വേറെ ഇല്ല എന്ന് തോന്നിയത്, പിന്നീട് ഒന്നാം ക്ലാസ്സില്‍ സ്ലേറ്റില്‍ എഴുതി തുടങ്ങിയപ്പോള്‍ ആണ്.  ഏതാണ്ട് ഒരു വര്‍ഷം ഈ അമ്മമാര്‍ ആയിരുന്നു ഗുരുക്കള്‍. എന്റെ കൂടെ ഒരു കൂട്ടിനു എന്റെ ഇളയ അനുജനും ഉണ്ടായിരിക്കും എപ്പൊഴും. കപ്പെളയിലെക്കുള്ള വഴി അരികില്‍ ഉള്ള ഒരു വീട്ടില്‍ ഒരു ഭ്രാന്തനെ തുടലില്‍ പൂട്ടി ഇട്ടിരുന്നത് മറക്കാന്‍ കഴിയില്ല. തുടലില്‍ കിടന്നു അയാള്‍ ഇമ്പമുള്ള പാട്ടുകള്‍ പാടുന്നത് കേട്ട് നിന്നിട്ടുണ്ട്. ഒരു പക്ഷെ അതായിരിക്കും അയാളുടെ ഭ്രാന്ത്. അങ്ങനെ എഴുതിയും മായ്ച്ചും ആ വര്‍ഷം കടന്നു പോയി. സ്നേഹനിധികളായ അമ്മമാരെയും പിരിയെണ്ടിവന്നു, കണ്ണുനീരോടെ.
ആറാം ക്ലാസ്.
                       എല്‍പി സ്കൂള്‍ പഠനത്തിനു ശേഷം യൂപി / ഹൈ സ്കൂള്‍ പഠനത്തിനായി പ്രശസ്തമായ എസ്.ഡി.വീ. സ്കൂളില്‍ ചേര്‍ന്നു. ഒരു ദിവസം  സയന്‍സ് പിരീഡ് . ഒരു ടീച്ചര്‍ ആണ്  സയന്‍സ്  ക്ലാസ്  എടുക്കുന്നത്. ഇവരുടെ ഒരു പ്രത്യേകത , ഏത് ടോപിക്  തുടങ്ങുമ്പോഴും  അതിന്റെ  മലയാളം  അര്‍ഥം പറഞ്ഞു തരും. അന്നത്തെ  ടോപിക് "സോപ്പ്"  ആയിരുന്നു. അന്ന് പതിവിനു വിപരീതമായി  സോപ്പിന്റെ മലയാളം പറയാതെ  ക്ലാസ്  എടുത്തു തുടങ്ങി. എനിക്ക് സോപ്പിന്റെ മലയാളം അറിയാന്‍ ഒരു കൊതി. അത് അടക്കിയിട്ടു നില്‍ക്കുന്നില്ല. സഹിക്കാന്‍ വയ്യാതായപ്പോള്‍  ഞാന്‍ ഇരുന്നു കൊണ്ട് തന്നെ ചോദ്യം എറിഞ്ഞു," ടീച്ചര്‍, സോപ്പിന്റെ മലയാളം പറഞ്ഞില്ല."  ഇത് കേട്ടതും  ടീച്ചര്‍ " ആരാ സംശയം ചോദിച്ചത് " എന്നായി. ഞാന്‍ ഒന്നും സംശയിക്കാതെ എഴുന്നേറ്റു നിന്ന് പറഞ്ഞു "ഞാനാണ് ടീച്ചര്‍". "ഓഹോ നിനക്കാണോ സോപ്പിന്റെ മലയാളം അറിയേണ്ടത്?" 
"അതെ ടീച്ചര്‍." ഞാന്‍ നിഷ്ക്കളങ്കമായി  പറഞ്ഞു. 
" ശരി, നീ ഇങ്ങു വാ, " ഞാന്‍ ചെന്നു ടീച്ചറുടെ അടുത്ത്.ടീച്ചര്‍ നല്ല ഒന്നാം തരാം ചൂരല്‍ കയ്യില്‍ എടുത്തു.
" വലതു കൈ നീട്ടെടാ"  ഞാന്‍ വലതു കൈ നീട്ടി കൊടുത്തു. ടീച്ചര്‍ ദേഷ്യം കൊണ്ട് വിറയ്ക്കുകയാണ്. സോപ്പ് ഇത്രയും വലിയ പോല്ലാപ്പാണോ എന്നറിയാതെ ഞാനും വിഷമിച്ചു. ടീച്ചര്‍ സര്‍വ്വ ശക്തിയുമെടുത്തു , നീട്ടിപ്പിടിച്ച എന്റെ കൈവെള്ളയില്‍ പ്രഹരിച്ചു തുടങ്ങി. എനിക്ക് നല്ലപോലെ വേദന എടുത്തുവെങ്കിലും ഞാന്‍ കുലുങ്ങാതെ നിന്ന് തല്ലു കൊള്ളുകയാണ്. ശ്വാസം അടക്കിപ്പിടിച്ചിരിക്കുന്ന ക്ലാസ്. കുറച്ചു കഴിഞ്ഞു , ടീച്ചര്‍ ക്ഷീണിച്ചു എന്ന് തോന്നുന്നു, തല്ലു നിര്‍ത്തി. 
"പോയി ഇരിക്കെടാ..." എന്ന് പറഞ്ഞു. ഞാന്‍ അനുസരിച്ചു. അപ്പോഴും എനിക്ക് മനസ്സില്‍ ആയില്ല ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന്. പിന്നീട് അവര്‍ പഠിപ്പിച്ചത് ഒന്നും ഞാന്‍ കേട്ടില്ല. ഞാന്‍ വേദനയുടെ ലോകത്തായിരുന്നു. പിന്നെയുള്ള ദിവസങ്ങളിലും അതായിരുന്നു സ്ഥിതി. വളരെ നാളുകള്‍ക്കു ശേഷം എനിക്ക് മനസ്സിലായി, ടീച്ചറിന്റെ ദേഷ്യത്തിന് കാരണം. "സോപ്പ്' അവരുടെ ഇരട്ടപ്പേരായിരുന്നു. ഞാന്‍ മനസ്സറിയാതെ തല്ലു കൊണ്ടത്‌ മിച്ചം.
ഏഴാം ക്ലാസ്.
                                       ഏഴാം ക്ലാസ്സിലെ ഗണിതശാസ്ത്രം  പഠിപ്പിച്ചത്  ഒരു ചെല്ലപ്പന്‍ പിള്ള സാര്‍ ആയിരുന്നു. ദൂരേന്നു വരുന്നത് കണ്ടാല്‍  ചെവികള്‍ ആട്ടി ചങ്ങലയും വലിച്ചു വരുന്ന കൊമ്പന്‍ ആന ആണെന്നേ തോന്നൂ. ഒരു കൈ കൊണ്ട് മുണ്ടിന്റെ കൊന്തലയും പൊക്കിപ്പിടിച്ച്, രണ്ടാം മുണ്ടും വീശിയുള്ള  വരവ് ഒരു വരവ് തന്നെ ആയിരുന്നു. ജീവനില്‍ കൊതിയുള്ളവര്‍ ഓടി ഒളിച്ചിരുന്നു, സാറിനെ കാണുന്ന മാത്രയില്‍. മൂക്കിന്‍ തുമ്പത്ത്‌ ആണ് കോപം. ഉച്ച കഴിഞ്ഞു ഒരു ഇടവേളയ്ക്കു ശേഷം ആണ് സാറിന്റെ  ക്ലാസ്. തൊട്ടടുത്തുള്ള കോടതിയുടെ മുന്‍വശം മധുരമുള്ള വെള്ളം കിട്ടുമായിരുന്നു, രണ്ടു പൈസക്ക്. അത് വാങ്ങി കുടിക്കാന്‍ ഭയങ്കര തിരക്കും. വെള്ളവും കുടിച്ചിട്ട് വരുമ്പോള്‍ അത് ആവിയാക്കാന്‍ പാകത്തിന് സാര്‍ ക്ലാസ്സില്‍  ഉണ്ടാവും. പിന്നെ ഒരു ബഹളം ആണ് താമസിച്ചു വന്നതിനു. പിന്നെ  പുറകിലുള്ള  ബഞ്ചില്‍ കയറി നില്‍ക്കണം. ഞാന്‍ ഒറ്റയ്ക്കായിരിക്കുകയില്ല, അതിനും കൂട്ടുകാര്‍ ഉണ്ടാവും.  ഒരു ദിവസം ഞാന്‍ ബെഞ്ചില്‍ നിന്ന് ഉറങ്ങി  അടുത്തിരുന്ന കുട്ടിയുടെ മുകളിലേക്ക് വീണു. അതില്‍ പിന്നെ താമസിച്ചു ചെന്നാല്‍ ക്ലാസ്സിന്റെ പുറത്തായി  എന്റെയും താമസിച്ചു ചെല്ലുന്ന മറ്റു  കുട്ടികളുടെയും സ്ഥാനം. അതോടെ ഞാന്‍ മധുരവെള്ളം കുടി  നിര്‍ത്തി. ഇടവേളയ്ക്കു പുറത്തു പോകാതായി. അതോടെ സാറും ആയുള്ള  ഏറ്റുമുട്ടല്‍ ഇല്ലാതായി. പിന്നെ എല്ലായിടത്തും നേരത്തെ എത്താനുള്ള  ശ്രമം തുടങ്ങി. കൃത്യ നിഷ്ഠ  ജീവിതത്തിന്റെ ഭാഗം ആയി. അതിന്നും അഭന്ഗുരം തുടരുന്നു.
ഒന്‍പതാം ക്ലാസ്.
                                           ഉച്ച  കഴിഞ്ഞ  ക്ലാസ്. എടുക്കേണ്ടത്  നൈര്‍മ്മല്ല്യതിന്റെ  ആള്‍രൂപമായ  കല്ലേലി  രാഘവന്‍ പിള്ള  സാര്‍. ഇന്നും,  നഗരത്തിന്റെ മനസ്സാക്ഷി പോലെ റോഡിന്റെ ഓരം ചേര്‍ന്ന് ഒരു ഉറുമ്പിനെപ്പോലും നോവിക്കാതെ സാര്‍ നടന്നു നീങ്ങുന്നത്‌ കാണാറുണ്ട്. സൌകര്യപ്പെടുമ്പോള്‍ ഇന്നും സാറിന്റെ മുന്നില്‍ കൂപ്പുകൈകളും ആയി  ശിരസ്സ്‌ കുനിച്ചു ഈയുള്ളവന്‍ നില്‍ക്കാര്‍ ഉണ്ട്.  അക്ഷരാര്‍ത്ഥത്തില്‍ സര്‍ ഒരു പുണ്യാത്മാവ് തന്നെ. അന്ന് സര്‍  എന്തുകൊണ്ടോ  ക്ലാസില്‍ വന്നില്ല. പകരം അന്നാദ്യം ആയി  സ്വയംവരന്‍ നായര്‍ സര്‍ ആണ് വന്നത്. സാറിന്റെ രീതികളൊന്നും വശമില്ലാത്ത  ഞങ്ങള്‍  പരുങ്ങി ഇരുന്നു. സര്‍ ക്ലാസ് തുടങ്ങി. ഗണിതശാസ്ത്രം  തന്നെ. കടിച്ചാല്‍ പൊട്ടാത്ത  ഒരു ചോദ്യം ബോര്‍ഡില്‍  എഴുതിയിട്ടു. ഉത്തരം പറയണം. എല്ലാവരും കിടുങ്ങി ഇരിക്കുകയാണ്. ഈ വിഷയത്തില്‍ മഹാരഥന്‍മാരായുള്ള  കുട്ടികളും പരുങ്ങി ഇരിക്കുകയാണ്. സര്‍ ആണെങ്കില്‍ വെല്ലുവിളിയും ആയി നില്‍ക്കുകയാണ്. "ഈ ചോദ്യത്തിനു ഉത്തരം നിങ്ങളില്‍ ആരെങ്കിലും പറഞ്ഞില്ലെങ്കില്‍ നാളെ  അസ്സെംബ്ലിയില്‍ ഞാന്‍ പറയും , ഈ ക്ലാസില്‍  ഒന്നിനും കൊള്ളാത്ത കൊന്തന്മാരാണെന്ന്." സാര്‍ വിടുന്ന മട്ടില്ല. ഞാന്‍ ഉത്തരം കണ്ടുപിടിച്ചു. പക്ഷെ , പണ്ട്  "സോപ്പ്" പഠിച്ചു തല്ലു കിട്ടിയ ഭയം എന്നെ പുറകോട്ടു വലിച്ചു. എങ്കിലും അറിയാവുന്ന ഉത്തരം പറയാതിരുന്നാല്‍  നാളെ  ക്ലാസിന്റെ അന്തസ്സ്  അല്ലെ  പോകുന്നത്. എല്ലാ ഭയവും മാറ്റി വെച്ച് ഞാന്‍ എഴുന്നേറ്റു. തെറ്റാണെങ്കില്‍ അടിയല്ലേ കിട്ടികയുള്ളൂ, ക്ലാസിന്റെ മാനം പോകരുതല്ലോ.. ഞാന്‍ ഉത്തരം പറഞ്ഞു. ഒരു നിമിഷം. സര്‍ എന്നെ സൂക്ഷിച്ചു നോക്കി. ഞാന്‍ തല്ലു വാങ്ങാന്‍ തയ്യാറായി നിന്നു. പക്ഷെ എന്റെ ഉത്തരം ശരി ആയിരുന്നു. ക്ലാസ്സിന്റെ അന്തസ്സ് കാത്ത എന്നെ അന്ന് സാറും പിന്നെ സഹപാഠികളും അഭിനന്ദിച്ചു. അന്നെനിക്ക് ഒരു കാര്യം ബോധ്യം ആയി. ശരി എന്ന് വിശ്വാസം ഉള്ള കാര്യങ്ങള്‍  പറയാന്‍ ഭയപ്പെടെണ്ടതില്ല എന്ന്.
                                           ആറാം ക്ലാസ്സില്‍ കൊണ്ട അടി ഇന്നും എന്റെ മുന്നില്‍ ഒരു ചോദ്യ ചിഹ്നം  ആയി നില്‍ക്കുന്നു. അതിനു മുന്‍പോ  ശേഷമോ  അത്തരം  ഒരു  അവസ്ഥ  എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. ഞാന്‍   പത്താം ക്ലാസ് കഴിഞ്ഞു സ്കൂളില്‍ നിന്നും പിരിയുന്നത് വരെ  എന്നെ തല്ലിയ ടീച്ചര്‍ക്ക് എന്നോട് ദ്വേഷ്യം ആയിരുന്നു. അതുകൊണ്ട് തന്നെ സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കാന്‍ പഠിച്ചു. നമ്മുടെ സംസാരം മറ്റുള്ളവര്‍ക്ക് അലോസരം ആവരുതല്ലോ...




                               
                                                                           

28 comments:

പിന്നെപ്പോഴെങ്കിലും ആ അടിച്ച സാറിനെ കണ്ടപ്പോള്‍ പണ്ട് ഇരട്ടപ്പേര് അറിഞ്ഞു ചോദിച്ച ചോദ്യം അല്ലായിരുന്നു ഇക്ക ചോദിച്ചത് എന്ന് പറയാമായിരുന്നില്ലേ.. അതോ ആ സാറിനെ പിന്നൊരിക്കലും കണ്ടിട്ടില്ലേ.. ഓര്‍മ്മക്കുറിപ്പ്‌ നന്നായി.

സോപ്പിന്റെ അർഥം ഇന്ന് സാഹിബിന് നല്ലവണ്ണം അറിയാം എന്ന് വിശ്വസിക്കുന്നു. സോപ്പിടാതെ സാറെ എന്ന് ഞാൻ ഇന്നും പലരോടും പറയും. അന്ന് അടിച്ച ആ ടീച്ചറിനോടും പറയുന്നു.

കുട്ടിക്കാലവും അന്നത്തെ നല്ല നല്ല അനുഭവങ്ങളും ഓര്‍മിപ്പിച്ച ഈ പോസ്റ്റ്‌ പല വിധത്തിലും അസ്വസ്ഥത ഉണ്ടാക്കി. അന്നത്തെ ഗുരോഭയവും ഗുരുഭക്തിയും ഗുരുസ്നേഹവും ഇന്നെവിടെയുമില്ലല്ലോ, എന്ന് ചിന്തിച്ചുപോയി.

'സോപ്പി'ല്‍ നര്‍മ്മമുണ്ട്‌, വേദനയുണ്ട്‌ , ദു:ഖമുണ്ട്‌.

സ്ക്കൂള്‍ ഓര്‍മ്മകള്‍ നന്നായി. എല്ലാവര്‍ക്കുമുണ്ടാവും ഇത്തരം പല ഓര്‍മ്മകളും.ഇനിയും എഴുതുക.ആശംസകള്‍ നേര്‍ന്നു കൊണ്ട്.

ഇപ്പറഞ്ഞകല്ലേലി രാഘവന്‍ പിള്ള സാറിനേയും സ്വയംവരന്‍ സാറിനേയും ഒക്കെ എനിക്കും അറിയാം. സോപ്പു മാത്രം അറിയില്ല.ബാല്യകാലസ്മരണകള്‍ കൊള്ളാം.

അറും ഏഴും ഒമ്പതും മാത്രമാക്കി ഇത്ര ചുരുക്കേണ്ടിയിരുന്നില്ല. പെട്ടെന്ന് വായിച്ച് തീര്‍ന്നപോലെ. പത്ത് കഴിയണവരേം ആ “സോപ്പി”നെ ഒന്ന് സോപ്പിട്ട് പതപ്പിച്ച് എടുക്കാന്‍ കഴിഞ്ഞില്ലേ. മോസം മോസം ;)

ഓര്‍മ്മകള്‍ നന്നായി :)

മനസ്സറിയാത്ത കാര്യങ്ങൾക്ക് ശിക്ഷിയ്ക്കപ്പെടുന്നത് അതികഠിനം!

ഭംഗിയായി എഴുതി. അഭിനന്ദനങ്ങൾ.

ചെറുപ്പകാലങ്ങളില്‍ ഉള്ള കാര്യം
മറക്കുമോ മാനുഷനുള്ള കാലം
:)

ഒന്നാം ക്ലാസ്‌ മുതല്‍ പത്താം ക്ലാസ്‌ വരെയുള്ള യാത്ര. നല്ല തഴക്കത്ത്തോടെ പറഞ്ഞു. ചിരിക്കാനും ചിന്തിക്കാനും വക നല്‍കിയ സോപ്പ്‌ കഥ മറക്കില്ല.

ഷാനവാസിന്റെ സ്മരണകള്‍ വായിക്കാനും ചിന്തിക്കാനും യോഗ്യം.

അല്ല ഇക്കാ ശരിക്കും ഈ സോപ്പിന്‍റെ മലയാളം വാക്ക് എന്താ? സോപ്പിനു അര്‍ഥം നോക്കിയപ്പോള്‍, സസ്യ എണ്ണയും ക്ഷാരവും ചേര്‍ന്നുണ്ടാകുന്ന സംയുക്തം എന്നാ കണ്ടത്... കടയില്‍ പോയി സോപ്പിനു പകരം ഇങ്ങനെ ചോദിക്കുന്നത് ഒന്നോര്‍ത്തു നോക്കിയേ വെറുതെയാണോ മലയാളം ക്ഷയിക്കുന്നെ... ആ ടീച്ചര്‍ തല്ലിയത് അതവരുടെ ഇരട്ടപ്പേരായതു കൊണ്ട് മാത്രം ആവില്ല, ഒരുപക്ഷെ സോപ്പിന്‍റെ മലയാളം പറഞ്ഞു തരാന്‍ അറിയാഞ്ഞിട്ടും കൂടിയാവും... :) പോസ്റ്റ്‌ രസ്സായിട്ടോ...

@ഏപ്രില്‍ ലില്ലീ, പേടിച്ചിട്ടാണ് പിന്നെ ഈ വിഷയം എടുക്കാഞ്ഞത്.
@സാദിക് ഭായ്, സോപ്പിന്റെ മലയാളം അറിയാനുള്ള കൊതി അന്നേ തീര്‍ന്നു.
@അഹ്മെദ് ഭായ്, ഇന്ന് ഗുരു ഭയം എവിടെ , ഗുരു ഭക്തി എവിടെ?
@ഖാദര്‍ സാഹിബ്, സോപ്പില്‍ എല്ലാം ഉണ്ട് അല്ലെ?
@മുഹമ്മദ്‌ കുട്ടി സാഹിബ്, എല്ലാവര്‍ക്കും ഉണ്ടാവും ഇത്തരം അനുഭവങ്ങള്‍.
@കുസുമംജീ, സോപ്പ് ഇന്നും ഉണ്ട് .
@ചെറുതേ, പിന്നെയും പതപ്പിക്കാന്‍ നിന്നാല്‍ പിന്നെയും പണിയാകും. അത് കൊണ്ട് വിട്ടു കളഞ്ഞു.
@എച്ച്മുക്കുട്ടി, മനസ് അറിയാതെയാണ് പലപ്പോഴും വെട്ടില്‍ വീഴുന്നത്.
@രമേശ്‌ സര്‍, ചെറുപ്പ കാലത്തെ ശീലവും മറക്കുമോ?
@റാംജി ഭായ്, സന്തോഷം, ഈ അഭിപ്രായത്തിന്.
@അജിത്‌ ഭായ്, സന്തോഷം ഉണ്ട്, ഈ അഭിപ്രായത്തിന്.
@ ലിപി മോള്‍, എനിക്ക് ഇന്നും അറിയില്ല സോപ്പിന്റെ മലയാളം. അവര്‍ എന്നെ തല്ലിയത്, രണ്ടു കാരണം കൊണ്ടും ആകാം.
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിയുണ്ടേ, വരവിനും രസകരം ആയ അഭിപ്രായങ്ങള്‍ക്കും.

ബനാന എന്നാല്‍ നേന്ത്രപ്പഴമെന്ന് പറഞ്ഞുതന്ന ടീച്ചറോട് അപ്പൊ ചെറുപഴത്തിന് എന്ത് പറയും ടീച്ചറെയെന്നു ചോദിച്ച ആ കാലം ഓര്‍ത്തുപോയി, സോപ്പ് അനുഭവം നന്നായി പറഞ്ഞു ..

നന്നായി. അടി ചോദിച്ചു വാങ്ങിക്കുകയെന്നു പറയുന്നതിതാണ്.

മായ്‌ക്കാനാവാത്ത മനസ്സ്...!
സോപ്പ് സൂപ്പര്‍.

സോപ്പ് കഥ കൊള്ളാം
..ലിപി പറഞ്ഞത് പോലെ
ഒരു പക്ഷെ സോപിനു മലയാളം
ഇല്ലാത്തതു കൊണ്ടു കൂടി ആവും പാവം
ടീച്ചര്‍ ദേഷ്യപ്പെട്ടത്‌ ..


ഓരോ ക്ലാസും ഒന്നൊന്നായ് ഓര്‍ത്താല്‍ ഇങ്ങനെ ഒത്തരി കാണും അല്ലെ ...പക്ഷെ ഗുരു shishya ബന്ധം ഇന്ന് ഒരു ഇഴ അടുപ്പം ഇല്ലാത്ത രീതി ആയെന്നു
തോന്നുന്നു ...

ഇക്കയുടെ ഓരോ അനുഭവങ്ങളിലും ഞങ്ങള്‍ക്ക് വായിച്ചെടുക്കാന്‍ ഒരുപാടുണ്ട്...
നന്ദി, ആശംസകളോടെ.....

" സോപ്പിന് " മലയാളമോ..? ഞാനാണെങ്കില്‍ രണ്ടടി കൂടുതല്‍ തന്നെന്നെ... :) ഒത്തിരി ഇഷ്ടട്ടായി... :)

@സിദ്ധീക്ക ഭായ്, എന്റെ ചോദ്യം നിഷ്ക്കളങ്കം ആയിരുന്നു. പക്ഷെ ഉത്തരം....
@സങ്കല്പങ്ങള്‍, അങ്ങിനെയും പറയാം.
@ഇസ് ഹാക് ഭായ്, സന്തോഷം ഈ വരവിന്.
@എന്റെ ലോകം, അതും ഒരു കാരണം ആവാം. ഇപ്പോഴത്തെ ഗുരു ശിഷ്യ ബന്ധം...ഹാ...ഹാ..ഹാ..
@ഷമീര്‍ ഭായ്, ഒരു സാധാരണക്കാരന്റെ ഓര്‍മ്മക്കുറിപ്പ്‌ മാത്രം.
@മഞ്ഞു തുള്ളീ, അന്നേ വയര്‍ നിറച്ചു കിട്ടിയതാ.. ഇനി അടി വേണ്ടാ....

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിയുണ്ടേ...

ഓര്‍മ്മകള്‍ക്ക് എന്നും നൂറഴകാണ്
അത് പറയാന്‍ ഒരു വല്ലാത്ത സുഖമുണ്ട്!

വളരെ ഹൃദ്യമായി ഈ ബാല്യകാലസ്മരണകൾ. ആ സോപ്പ് നന്നായി പതഞ്ഞിട്ടുണ്ട്!

ഷാനവാസ് ചേട്ടാ, ഹൃദ്യമായ സ്കൂള്‍ ഡയറി. പക്ഷെ, എല്ലാ കന്യാസ്ത്രീ അമ്മമാര്‍ പാവങ്ങളൊന്നുമല്ല കേട്ടോ. പണമുള്ള കുട്ടികളോട് പ്രത്യേക സ്നേഹം കാണിച്ചിരുന്ന ചില കന്യാസ്ത്രീകളോട് എനിക്ക് ഇന്നും വെറുപ്പാണ്. :-)

ഓര്‍മ്മകള്‍ക്കിന്നും സുഗന്ധം!! ഇഷ്ടായി ഈ ഓര്‍മ്മക്കുറിപ്പ്!!

ഇന്ത്യാ പാക്കിസ്ഥാന്‍ മല്‍സരം കാണാന്‍ നേരത്തേ സ്കൂള്‍ വിടാന്‍ എന്തു വഴി എന്നാലോചിച്ചു നില്‍ക്കുമ്പോഴാണ് പ്യൂണ്‍ മുഹമ്മദ്ക പോകുന്നത്..
ലോഹ്യം കൂടി അയാളറിയാതെ കയ്യിലെ വാച്ച് അരമണിക്കൂര്‍ മുന്നോട്ട് തിരിച്ച് വെച്ച് ..കുറച്ചു കഴിഞ്ഞു സമയം നോക്കി നേരത്തേ ലോങ്ങ്‌ ബെല്ലടിച്ചതും അതിനെറെ പിന്നിലെ കറുത്ത കൈകള്‍ക്ക്‌ .ചൂരല്‍ അടി കിട്ടിയതും .മറക്കാന്‍ കഴിയുമോ?

സോപ്പ് നല്ലോണം പതപ്പിച്ചൂട്ടോ...!
എല്ലാ സാറുമ്മാർക്കും കാണും ഓരോ ഇരട്ടപ്പേര്.. അതാവും ആദ്യം ചെല്ലുമ്പോൾ തന്നെ കുട്ടികൾ പഠിക്കുക. പക്ഷെ,ഇക്കാക്കത് ആദ്യം മനസ്സിലായില്ലേ...?
അതൊന്നും ആദ്യം പഠിക്കാതെ അങ്ങോട്ടു ചെന്നാ അങ്ങനിരിക്കും..! നന്നായോള്ളു....!!

@മനാഫ് ഭായ്, അനുഭവങ്ങള്‍ അല്ലെ ഓര്‍മ്മകള്‍. അതിന്റെ സുഖം വേറെ തന്നെ അല്ലെ.?
@ശ്രീനാതന്‍ സര്‍, സോപ്പ് നന്നായി പതഞ്ഞു അല്ലെ?
@ഷാബു ഭായ്, അവരില്‍ പനിനീര്‍ പൂവ് പോലെയുള്ളവരും ഉണ്ട്, എന്റെ ഭാഗ്യം.
@വാഴക്കോടന്‍, ഇഷ്ട്ടായത്തില്‍ സന്തോഷം.
@ഫൈസല്‍ ഭായ്, അപ്പോള്‍ ഈ വക പരിപാടി ഒക്കെ കഴിഞ്ഞതാണ് അല്ലെ?
@വി.കെ. ഭായ്, ആ സ്കൂളില്‍ ആ വര്‍ഷം ആണ് ചേര്‍ന്നത്‌. അതാണ്‌ പറ്റിയത്.

എല്ലാവര്‍ക്കും എന്റെ നിസ്സീമമായ നന്ദിയുണ്ടേ...

എന്റെ അമ്മയുടെ അമ്മയും ഇതുപോലെ ഒരുപാട് കഥകള്‍ പറയാറുണ്ട്‌. എന്നാല്‍ അമ്മയുടെയും അച്ഛന്റെയും അച്ഛന്മാരില്‍ നിന്നും കഥകളൊന്നും തന്നെ കേള്‍ക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കയുടെ അനുഭവകഥകള്‍ എനിക്കൊരു 'മുത്തശ്ശിക്കഥ' അനുഭവമാണ് സമ്മാനിക്കുന്നത്. ഒത്തിരി നന്ദിയുണ്ട് ഇക്കാ...!!

കൂടുതല്‍ കഥകള്‍ക്കായി ഞാന്‍ കാതുകൂര്‍പ്പിക്കുന്നു... :)

ആശംസകളോടെ http://jenithakavisheshangal.blogspot.com/

Post a Comment