Tuesday, December 27, 2011

ഓര്‍മ്മയിലെ ഉത്സവങ്ങള്‍...

43

      അര നൂറ്റാണ്ട്  മുൻപ്.                                                              ഡിസംബര്‍ മാസം പിറന്നു വീഴുന്നത് തന്നെ  ശരണം വിളികള്‍ക്ക് കാതോര്‍ത്തു കൊണ്ടാണ്...അപ്പോള്‍ നാടും നഗരവും ഒരു ഉത്സവത്തിന്റെ ആവേശത്തില്‍ ആയിക്കഴിഞ്ഞിരിക്കും..."ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍" എന്ന പേരിലുള്ള  മാമാങ്കവും കേരളത്തില്‍ അലയടിക്കുന്നത് ഏതാണ്ട് ഇതേ സമയത്ത് തന്നെ...ആണ്ട് മുഴുവന്‍ ചെലവാക്കിയിട്ടും തീരാതെ എന്തെങ്കിലും കയ്യില്‍ മിച്ചം ഉണ്ടെങ്കില്‍ അത് ഈ മാമാങ്കതോടെ തീര്‍ന്നു കിട്ടും..ഇത് ഇപ്പോഴത്തെ കഥ...
                                                                          ഓര്‍മ്മയായ കാലം മുതല്‍ കാത്തിരുന്നത് മറ്റൊരു ഉത്സവത്തിന്‌ വേണ്ടി ആയിരുന്നു...അതെ, മുല്ലയ്ക്കല്‍ ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിലെ "ചിറപ്പ്" മഹോല്‍സവം കാണാന്‍ വേണ്ടി...അനുഭവിക്കാന്‍ വേണ്ടി...അത് ഈ മാസമാണ്...നഗരം മുഴുവന്‍ ഒരു പുതു പെണ്ണിനെ പോലെ  അണിഞ്ഞ് ഒരുങ്ങി നില്‍ക്കുന്ന കാഴ്ച അതി മനോഹരം...മുല്ലക്കല്‍ തെരുവില്‍ ഈ സമയത്ത് വാങ്ങാന്‍ കിട്ടാത്തത് ഒന്നുമില്ല...വഴി വാണിഭക്കാരുടെ തിരക്കാണ് എങ്ങും...
                                                                            ഈ തിരക്കിന് ഇടയിലേക്കാണ് ക്രിസ്മസ് ഇരച്ചു കയറുന്നത്...അതിനു മുന്‍പേ ക്രിസ്മസ് പരീക്ഷയും... അപ്പോള്‍ പഠിക്കാന്‍ എവിടെ നേരം??? അതിനു രണ്ടാം സ്ഥാനം കൊടുത്തു മൂലയില്‍ ഇരുത്തും...കുറച്ചു ദിവസത്തേക്ക്...മുല്ലക്കല്‍ ചിറപ്പില്‍ മുങ്ങണം..അതാണ്‌ പ്രധാനം... വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന പത്തു ദിവസമാണ് അര്‍മാദിക്കാന്‍... അത് വെറുതെ കളയാനോ??? അപ്പോഴേക്കും ജൈമ്സിന്റെ വീട്ടിലെ ക്രിസ്മസിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും... ഇന്നത്തെപ്പോലെ അന്ന് നക്ഷത്രങ്ങള്‍ വാങ്ങാന്‍ കിട്ടിയിരുന്നില്ല...മുളയുടെ വാരി ചീകി വെടിപ്പാക്കി സ്വന്തമായി നക്ഷത്രം ഉണ്ടാക്കണം.. പോരാത്തതിന് അവന്റെ വീട്ടില്‍ വൈദ്യുതിയുടെ മായാജാലം എത്തിയിട്ടും ഇല്ല,അന്ന്.. വര്‍ണ്ണ ക്കടലാസ് കൊണ്ട് ഭംഗിയായി ഉണ്ടാക്കിയ നക്ഷത്രതിനുള്ളില്‍ ചെറിയ വിളക്ക് കൊളുത്തി അത് വലിച്ചു മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ ആയിരിക്കും വിളക്ക് മറിഞ്ഞു വീണ് നക്ഷത്രവും വിളക്കും കത്തി നശിക്കുന്നത്..ചില വര്‍ഷങ്ങളില്‍ അഞ്ചും ആറും നക്ഷത്രങ്ങള്‍ വരെ ഉണ്ടാക്കേണ്ടി വന്നിട്ടുണ്ട്...അത് ഒരു മടുപ്പും തോന്നാതെ എല്ലാവരും ചേര്‍ന്ന് ഉത്സാഹത്തോടെ ചെയ്യും...ഇന്നോ??സന്തോഷ്‌ പണ്ഡിറ്റിന്റെ പേരില്‍ പോലും അല്ലെ നക്ഷത്രങ്ങള്‍ സുലഭം???കൂടാതെ വൈദ്യുതിയുടെ മായജാലവും...പണ്ടത്തെ കാര്യങ്ങള്‍ ഒരു മുത്തശി കഥ പോലെ പ്രാചീനം ആയി തോന്നുന്നു...
                                                                            നക്ഷത്രം ഉയര്‍ത്തി ഉറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ക്രിസ്മസ് കാരളിനു പോണം...ഈ പോകുന്ന കൂട്ടത്തില്‍ ജൈമ്സും ചാര്‍ളിയും മാത്രമേ ഉള്ളൂ ക്രിസ്ത്യന്‍...പത്തു പന്ത്രണ്ടു പേരുള്ള സംഘത്തില്‍ പട്ടരും കൊങ്ങിണിയും വരെ ഉണ്ടാവും...ക്രിസ്മസ് പപ്പാ ആയി വേഷം ഇടുന്നത് ഒന്നാം തരം പട്ടരും...പോരെ പൂരം..റാന്തല്‍ ആണ് വെളിച്ചത്തിനായി കൊണ്ട് പോകുന്നത്...കൊട്ടാന്‍ തകരപാട്ടയും ചെത്തിയവടിയും മറ്റും...അരണ്ട വെളിച്ചത്തില്‍ കാരള്‍ സംഘത്തെ ആര്‍ക്കും ശെരിക്കു മനസ്സിലാവില്ല... ഓരോ വീട്ടില്‍ നിന്നും കിട്ടുന്നതോ??? ഇന്ന് അന്യം നിന്ന് പോയ പത്തു പൈസയും നാലണയും... നാലണ അന്ന് വലിയ വിലയുള്ളതാ...അതും കാശുള്ള വീടുകളില്‍ നിന്നു മാത്രം കിട്ടുന്നത്... പാട്ടും കൂത്തുമായി രണ്ടു മണിക്കൂര്‍ അങ്ങനെ പോയിക്കിട്ടും...ക്രിസ്മസിന്റെ തലേന്ന് വരെ ഇത് തുടരും...
                                                                             ഇതിനിടയില്‍ നല്ല ഭംഗിയുള്ള ഒരു പുല്‍ക്കൂടും ഒരുക്കും...അതിനു വേണ്ടിയുള്ള പങ്കപ്പാടുകള്‍ എത്ര രസമായിട്ടാണ് തോന്നുന്നത്...ബലൂണുകളും ചെറിയ നക്ഷത്രങ്ങളും ഒക്കെ തൂക്കി നല്ല ഭംഗിയുള്ള പുല്‍ക്കൂട്...അതില്‍ അതീവ ശ്രദ്ധയോടെ  ഉണ്ണി യേശുവിന്റെയും ഔസെഫ് പിതാവിന്റെയും മാതാവിന്റെയും രൂപങ്ങള്‍...രാത്രി അരണ്ട വെളിച്ചത്തില്‍ തിളങ്ങുന്ന രൂപങ്ങള്‍....
                   ക്രിസ്മസ് പരീക്ഷ എഴുതി എന്ന് വരുത്തി , അവധിയിലേക്ക് പ്രവേശം..പിന്നെയുള്ള സമയം മുഴുവന്‍ നമുക്ക് സ്വന്തം... വീട്ടില്‍ ശല്യം ഇല്ലാത്തത് കൊണ്ട് അവിടെയും സ്വസ്ഥം..ഉച്ച കഴിഞ്ഞുള്ള നേരങ്ങളില്‍ നേരെ മുല്ലക്കല്‍ ക്ഷേത്രത്തിലേക്ക്...അവിടെ നല്ല മോരുംവെള്ളം വിതരണം ഉണ്ട്...ഫ്രീ ആയി..അത് ആവോളം വാങ്ങി കുടിക്കും..മിക്കവാറും ദിവസങ്ങളില്‍ ഹരിപ്പാട്‌ അച്യുത ദാസിന്റെ  "പാഠകം " ഉണ്ടായിരിക്കും..അവിടെ... പുരാണ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് , ഭാവഹാവാദികളോടെ അവതരിപ്പിക്കുന്ന ഈ കല എനിക്ക് വളരെ ഇഷ്ടമായിരുന്നു.. അത് കൊണ്ട് തന്നെ ഏറ്റവും മുന്നില്‍ തന്നെ ഇടം പിടിക്കുമായിരുന്നു... ഇതിനിടയില്‍ പാഠകക്കാരന്‍ , സദസ്യരില്‍ ചിലരെ സാന്ദര്‍ഭികമായി കളിയാക്കുകയും പതിവായിരുന്നു...അതിന്റെ രസം ഒന്ന് വേറെ...കളിയാക്കപ്പെടുന്നയാളും അത് വൈക്ലബ്യത്തോടെ  ആണെങ്കിലും ആസ്വദിച്ചിരുന്നു... മറ്റുള്ളവര്‍ കളിയാക്കപ്പെടുമ്പോള്‍ ആസ്വദിക്കാന്‍ നമുക്ക് എന്ത് രസമാണ്??? പക്ഷെ , ഒരു ദിവസം എന്നെയും പിടിച്ചു...അന്ന് ഞാന്‍ വിയര്‍ത്തു പോയി... അതിനു ശേഷം പിന്നെ ഒരിക്കലും പാഠകം കേള്‍ക്കാന്‍ മുന്‍പില്‍ പോയി ഇരുന്നിട്ടില്ല...എന്നാല്‍ പിന്നിലിരുന്നു ആസ്വദിച്ചിട്ടുണ്ട് താനും..
                                       അതിനു ശേഷം പ്രശസ്ത കലാകാരന്‍മാരുടെ നാദസ്വര കച്ചേരി തുടങ്ങും...അതും ആസ്വദിക്കാന്‍ വലിയ ജനക്കൂട്ടം ഉണ്ടാവും... രണ്ടു നാദസ്വര വിദ്വാന്‍മാരും രണ്ടു തകില്‍ വാദകരും ആണ് പ്രധാനം... അന്നത്തെ കേഴ്‌വി കേട്ട തകില്‍ വാദകര്‍ ആയിരുന്ന വളയപ്പെട്ടി എ .ആര്‍. സുബ്രമണ്യം, യാല്‍പ്പണം സുബ്രമണ്യം..എന്നിവരുടെ തനിയാവര്‍ത്തനം ഒരിക്കലും മറക്കാന്‍ കഴിയില്ല... രാത്രി ആയാല്‍ അതിലും വിശേഷം ..കരിമരുന്നു പ്രയോഗം ആണ് പിന്നെ...ഓരോ ദിവസവും ഒന്നിനൊന്നു മെച്ചം..കൂരിരുട്ടില്‍ ആകാശത്ത് പൊട്ടി വിടരുന്ന നക്ഷത്രങ്ങളെ പോലെ വര്‍ണ്ണം വാരി വിതറുന്ന അമിട്ടുകള്‍..അത് കഴിഞ്ഞു മാലപ്പടക്കത്തിന് തിരി കൊടുത്താല്‍ പിന്നെ ചെവിയില്‍ തിരുകിയ വിരലുകള്‍ ആണ് രക്ഷ...അത് കഴിഞ്ഞാല്‍   മുല്ലക്കല്‍, യേശുദാസിന്റെ ഗാനമേള ആണെങ്കില്‍ കിടങ്ങാംപറമ്പ് ക്ഷേത്രത്തില്‍ ജയചന്ദ്രന്റെ ഗാനമേള...ചിലപ്പോള്‍ തിരുവാമ്പാടി ക്ഷേത്രത്തില്‍ മാര്‍ക്കോസിന്റെ ഗാനമേള....ചില ദിവസങ്ങളില്‍ സാംബശിവന്റെ  കഥാപ്രസംഗം... ലോക ക്ലാസിക്കുകളെ പച്ച വെള്ളം കുടിക്കുന്ന ലാഘവത്തോടെ ശ്രോതാക്കളുടെ മനസ്സിലേക്ക് കടത്തി വിടുന്ന അനുപമം ആയ കല.....ആയിരങ്ങളെ ഒറ്റയാള്‍ പട്ടാളം കീഴ്പ്പെടുത്തുന്ന കല...  ടീവീയും മറ്റും നമ്മുടെ സമയം കീഴ്പ്പെടുത്തു ന്നതിന് മുന്‍പുള്ള കാലം... രാത്രി പന്തണ്ട് മണി വരെ ഈ പറയുന്ന ഇടങ്ങളിലെല്ലാം ഓട്ട പ്രദക്ഷിണം വെച്ച് കഴിയുമ്പോള്‍ കണ്ണുകള്‍ കനം വെച്ച് തൂങ്ങും..അതിനു ശേഷം നേരം വെളുക്കുന്നത് വരെ മേജര്‍ സെറ്റ്‌ കഥകളി...അതിന്റെ ആസ്വാദകര്‍ കുടുംബ സമേതം പായും ചുരുട്ടി വെച്ചാണ് വരവ്...കഥകളി തുടങ്ങുമ്പോള്‍ ഞങ്ങള്‍ വലിയും...കഥകളിയുടെ നിറപ്പകിട്ട് അല്ലാതെ അതിന്റെ മുദ്രകള്‍ ഒന്നും ഇന്നത്തെ പോലെ അന്നും ഒരു പിടിയും ഇല്ല...അതുകൊണ്ട് തന്നെ സമയം മിനക്കെടുത്താതെ വീട്ടില്‍ പോയി ഉറങ്ങും...
                                                                  ചില പകലുകളില്‍ പാമ്പാട്ടികള്‍ തെരുവ് കീഴടക്കും...അന്ന് പാമ്പ് വന്യ ജീവി അല്ലായിരുന്നത് കൊണ്ട്  പാമ്പാട്ടിയുടെ താളത്തിനൊത്ത് തുള്ളുന്ന പാമ്പുകള്‍ അത്ഭുതമായിരുന്നു..  അതിന്റെ കൂടെ അത്യാവശ്യം മാജിക്കുകളും അവര്‍ കാണിക്കുമായിരുന്നു... ഒരേ സമയം നാലും അഞ്ചും മൂര്‍ഖന്‍ പാമ്പുകള്‍ പത്തി വിടര്‍ത്തി നിന്ന് ആടുന്നത് ഇന്നും ഓര്‍ക്കുന്നു...ഇന്നിപ്പോള്‍ പാവം തവള പോലും വന്യ ജീവി ആയ സ്ഥിതിക്ക് ഇനി കാണാനുള്ള യോഗവും ഉണ്ടാവില്ല...അങ്ങനെ ഡിസംബര്‍ അവസാനത്തോടെ ചിറപ്പും ആഘോഷങ്ങളും കൊടിയിറങ്ങും... പിന്നെ നീണ്ട കാത്തിരിപ്പാണ് അടുത്ത ഉത്സവ കാലത്തിനു വേണ്ടി..
                                                                    അത് പോയിട്ട് ഇന്നത്തെ അവസ്ഥ ഭീതിപ്പെടുത്തുന്നു...ഇന്ന് അശാന്തിയുടെയും അവിശ്വാസത്തിന്റെയും നടുവില്‍ ജീവിക്കുന്ന നാം എന്ത് തരം നക്ഷത്രങ്ങളാണ് ഉയര്‍ത്തുന്നത്...തീവ്ര വെളിച്ചം വിതറുന്ന വൈദ്യുത ദീപങ്ങള്‍ക്ക് നടുവിലും കൂരിരുട്ട് അനുഭവിക്കുന്ന നാം എന്ത് വെളിച്ചമാണ് പ്രതീക്ഷിക്കുന്നത്???നമുക്ക് മുന്‍പ് കടന്നു പോയ മഹാപുരുഷന്മാര്‍ വിതറിയ വെളിച്ചം കാണാന്‍ നമ്മുടെ ഉള്‍കണ്ണ് എന്നാണു തുറക്കുക???
ഷാനവാസ്‌.
                                                             

Saturday, December 10, 2011

ഒരു കാളരാത്രി...മറവിക്കു വഴങ്ങാതെ...

48

                                                                     അഞ്ചു വര്‍ഷം മുന്‍പുള്ള  ഒരു ഡിസംബര്‍  രാത്രി...മറക്കാന്‍ ആശിക്കുംതോറും  കൂടുതല്‍ തെളിമയോടെ മുന്നില്‍ വന്നു നില്‍ക്കുന്ന വല്ലാത്ത ഒരു രാത്രി..കാലക്രമത്തില്‍ , പഴയ വീടിനു മോടി കുറഞ്ഞു എന്ന് തോന്നിയപ്പോള്‍ , സൗകര്യം കുറവായി എന്ന് തോന്നിയപ്പോള്‍, ഒരു പുതിയ വീട് വാങ്ങാന്‍ ഉള്ള ശ്രമമായി...പുതുതായി തീര്‍ത്ത പല വീടുകളും കണ്ടു നോക്കി എങ്കിലും എവിടെയൊക്കെയോ എന്തൊക്കെയോ കുറവുകള്‍...അങ്ങനെ വര്‍ഷം രണ്ടു കടന്നു പോയി...കേരളത്തില്‍ വീട് വെയ്ക്കാന്‍ ഇറങ്ങുന്നവന്‍ "പേപ്പട്ടി കടിച്ചവന്‍" ആയിരിക്കും എന്നാണല്ലോ ചൊല്ല്...നോക്ക് കൂലിയായും നോക്കാത്ത കൂലിയായും കയറ്റു കൂലിയായും ഇറക്കുകൂലിയായും....അങ്ങനെ പല പല കൂലികള്‍...അങ്ങനെ കൂലികള്‍ ഒക്കെ തീര്‍ത്തു വരുമ്പോള്‍ തുടങ്ങും , സര്‍ക്കാര്‍ വക ഉഴിച്ചിലും പിഴിച്ചിലും...ഇതെല്ലാം കഴിഞ്ഞിട്ടും ആയുസ്സ്‌ ബാക്കിയുണ്ടെങ്കില്‍ പുതിയ വീട്ടില്‍ കയറി താമസിക്കാം..അങ്ങനെ ഞാനും തീരുമാനിച്ചു ഒരു വീട് പണിയാന്‍...ആയുസ്സ്‌ ശേഷിച്ചതുകൊണ്ടാണ് ഇത് കുറിക്കാന്‍ തന്നെ പറ്റുന്നത്..
                                                                  വീടിന്‍റെ പണി തീരുന്നത് വരെ ഒരു നല്ല വാടക വീടും കണ്ടുപിടിച്ചു..നല്ല ഭംഗിയുള്ള , ഉറപ്പുള്ള ,ഒരു ഇരുനില വീട്. സ്കൂളും ഒക്കെ അടുത്ത് തന്നെ..എല്ലാം കൊണ്ടും നല്ലത്..നഗരത്തിന്റെ ഹൃദയ ഭാഗത്ത്‌ ആണെങ്കിലും വലിയ ഒരു പുരയിടത്തിന്റെ നടുക്കായി ആണ് വീട്...അതേ കോമ്പൗണ്ടില്‍ റോഡിനോട് ചേര്‍ന്ന് വേറെയും ഒരു വീട്..അതിലും പുതിയ താമസക്കാര്‍ വരാന്‍ പോകുന്നു... റോഡിന്‍റെ നേരെ എതിര്‍ വശത്ത് ഈ വീടുകളുടെ ഉടമ താമസം..ഒരു പഴയ കാല സിനിമാ സംവിധായകന്‍...സംസാരപ്രിയന്‍...ആരെക്കണ്ടാലും ഒരു മണിക്കൂര്‍ എങ്കിലും സംസാരിക്കണം...ഒന്നുരണ്ടു പ്രാവശ്യം ഞാന്‍ അറിയാതെ പെട്ടു പോയിട്ടുണ്ട്..പിന്നെപ്പിന്നെ ദൂരെ കാണുമ്പോഴേ ഓടി രക്ഷപ്പെടും...  പുതിയ വീട് പണി തീരുന്നത് വരെ ഇനി ഇവിടെ തന്നെ താമസിക്കാം...ഒരു നവംബര്‍  ആദ്യ വാരം താമസവും തുടങ്ങി...കുറച്ചു നാളത്തേക്ക് മതിയല്ലോ...ആദ്യ ദിവസം  ഗേറ്റ് താഴിട്ടു പൂട്ടാന്‍ പോയ എന്നോട്, വീട്ടുടമ  പറഞ്ഞു , "ഓ...പൂട്ടുകയോന്നും വേണ്ടന്നേ...വീടിന്റെ വാതില്‍ പോലും പൂട്ടേണ്ട ആവശ്യം ഇല്ല ..അത്രയ്ക്ക് സുരക്ഷിതമായ സ്ഥലമാ"...എങ്കിലും ഞാന്‍ ,"സാറേ ഇത് സിനിമാ അല്ല ജീവിതമാ".. എന്ന് പറഞ്ഞു ഗേറ്റ് പൂട്ടി...ഞാന്‍ ഭാര്യയോടും പറഞ്ഞു, മിക്കവാറും നാട് ചുറ്റുന്ന ഞാന്‍ ഇല്ലെങ്കിലും പേടിക്കേണ്ട...കുഴപ്പം ഇല്ലാത്ത സ്ഥലം ആണെന്ന്...മക്കളുമായി സുരക്ഷിതമായി കഴിയാം എന്ന്...
                                               ഏതാണ്ട് ഒരു മാസം അങ്ങനെ വലിയ അല്ലല്‍ ഒന്നും ഇല്ലാതെ കടന്നു പോയി...ഞാന്‍ പല കാര്യങ്ങള്‍ക്കായി കേരളത്തിന്‌ പുറത്തും...അന്നാണ് അത് സംഭവിച്ചത്...രാജ്യത്തിന്റെ പല ഭാഗത്തും കുടുംബം ആയി താമസിച്ചിട്ടുള്ള എനിക്കും കുടുംബത്തിനും ഇങ്ങനെ ഒരു ആഘാതം  ഒരിക്കലും ഉണ്ടായിട്ടില്ല...വീട്ടില്‍ ഭാര്യയും പെണ്മക്കളും ജോലിക്കാരിയും മാത്രം...മൂത്ത രണ്ടു മക്കള്‍ ഒരു മുറിയിലും ഇളയ മകളും ഭാര്യയും ജോലിക്കാരിയും അടുത്ത മുറിയിലും ആയി ഉറക്കം..


രാത്രി ഉദ്ദേശം രണ്ടു മണി...


പെട്ടെന്ന് ഭാര്യയും  മറ്റും ഉറങ്ങുന്ന മുറിയിലേക്ക് നാല് ചെറുപ്പക്കാര്‍ ആയുധങ്ങളുമായി... അട്ടഹസിച്ചുകൊണ്ട് ഓടിക്കയറി വന്നു.. ഭാര്യയും ഇളയകുട്ടിയും ജോലിക്കാരിയും പെട്ടെന്ന് ചാടി എഴുനേറ്റു...ചോര ഉറഞ്ഞു പോകുന്ന നിമിഷങ്ങള്‍...നേരിയ  ബള്‍ബ്‌  വെളിച്ചത്തില്‍ കണ്ടു..  അവന്മാര്‍ ആയുധങ്ങളും വീശി നില്‍ക്കുകയാണ്..അടുത്ത മുറയില്‍ ഉറങ്ങുന്ന മക്കള്‍ അപ്പോഴും ഉറക്കത്തില്‍ തന്നെ...ഭാര്യയും മറ്റും ഒച്ചവെച്ച് കരഞ്ഞു തുടങ്ങിയപ്പോള്‍ അവന്മാര്‍ ആയുധം വീശി മിണ്ടാതിരിക്കാന്‍ ആന്ഗ്യം കാണിച്ചു...ഭാര്യ തൊഴു കൈയോടെ അപേക്ഷിക്കുകയാണ്...ജീവന് വേണ്ടി..എന്ത് വേണമെങ്കിലും എടുത്തോളൂ...പക്ഷെ ഞങ്ങളെ ഉപദ്രവിക്കരുതെന്ന്...സിംഹങ്ങളുടെ മുന്‍പില്‍ പെട്ട മാന്‍പേടകളെപ്പോലെ എന്റെ ഭാര്യയും മക്കളും...ഇന്നും ഓര്‍ക്കുമ്പോള്‍ ഞെട്ടല്‍ മാറുന്നില്ല..  പെട്ടെന്ന് ഒരുത്തന്‍ താലി മാലയില്‍ പിടുത്തമിട്ടു വലിച്ചു പൊട്ടിച്ചു...മാല കയ്യില്‍ കിട്ടിയതും അവന്മാര്‍  കുരിശു കണ്ട ചെകുത്താന്‍മാരെ പോലെ..പുറത്തേക്കു പാഞ്ഞു...ഈ പാച്ചിലിന്റെ കാരണം ഇന്നും അജ്ഞാതമാണ്...ഒരുപക്ഷെ , ഇതിനായിരിക്കും ദൈവാധീനം എന്ന് പറയുന്നത്...കാരണം , ആ നേരത്ത് നമ്മള്‍ ഉണ്ടാക്കിയ സ്വത്തുക്കള്‍ക്ക് ഒന്നും ഒരു വിലയും ഉണ്ടാവില്ല...രക്ഷയ്ക്ക് എത്തുന്നത്‌   ദൈവാധീനം മാത്രം...
                                                                      അപ്പോഴേക്കും മൂത്ത മക്കളും എഴുന്നേറ്റു വന്നു...അടുത്ത പടി വീടിനു പുറത്തു ചാടലാണ്...ഇടാവുന്ന ലയ്റ്റ്‌ ഒക്കെ ഇട്ടിട്ടു പുറത്തു ചാടി, എല്ലാവരും..ജോലിക്കാരിയുടെ അലര്‍ച്ചയും ബാക്കിയുള്ളവരുടെ കരച്ചിലും അങ്ങ് ദൂരെയുള്ള ഒരു വീട്ടുകാരന്‍ കേട്ടു..അയാള്‍ ഒന്നും വക വെയ്ക്കാതെ ഓടി വന്നു..ഉടനെ പോലീസിനു ഫോണ്‍ ചെയ്തു..എന്തായാലും പത്തു മിനിട്ടിനുള്ളില്‍ പോലീസ്‌ എത്തി..വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോള്‍ മൂന്നു മൊബൈല്‍ ഫോണും കാണാനില്ല..അലമാരി ഒന്നും തുറന്നിട്ടില്ല..പക്ഷെ താക്കോല്‍ കൂട്ടം കാണാനില്ല...
                                                                          പിറകില്‍ അടുക്കളയുടെ വാതില്‍ പൊളിച്ചാണ് അവന്മാര്‍ വന്നത്...പോയതും ആ വഴിക്ക് തന്നെ...പോലീസുകാര്‍ , നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ നമ്പരിലേക്ക് വിളിച്ചു..അടുത്ത പറമ്പില്‍ നിന്ന് കിളിനാദം..അടുത്ത നമ്പരും നോക്കി...അതും അവിടെ തന്നെ ..അങ്ങനെ മൂന്നു ഫോണും അപ്പോള്‍ തന്നെ കിട്ടി...അപ്പോള്‍  ഒരു കാര്യം ഉറപ്പായി..അവന്മ്മാര്‍ പതുങ്ങി ഇരിപ്പില്ല  എന്ന്...അവന്മ്മാര്‍ പാഞ്ഞു പോകുന്നതിന് ഇടയില്‍ മൊബൈലുകള്‍ വലിച്ച് എറിഞ്ഞിരുന്നു...  നേരം വെളുക്കുന്നത് വരെ ഭാര്യയും മക്കളും ഉറങ്ങാതെ ഇരുന്നു..രാവിലെ ഏഴു മണിക്കാണ് എന്നെ അറിയിക്കുന്നത്... അപ്പോള്‍  എനിക്കുണ്ടായ  മന:പ്രയാസം വിവരിക്കാന്‍ കഴിയില്ല...നമ്മള്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ ഉണ്ടാവുന്ന ദുരന്തം താങ്ങാന്‍ തന്നെ പ്രയാസം..പിന്നെ കിട്ടിയ വണ്ടിയും വള്ളവും ഒക്കെപ്പിടിച്ചു ഞാന്‍ വൈകുന്നേരത്തോടെ വീട്ടില്‍ എത്തി..എങ്ങനെ എത്തി എന്ന് ചോദിച്ചാല്‍ എത്തി എന്നേ പറയാന്‍ കഴിയൂ...
                               അതിനിടയില്‍ ഒരു ചടങ്ങ് പോലെ  പോലീസ്‌ നായയും വന്നു..അത് പതിവ് പോലെ റോഡു വരെ ഓടി നിന്നു...പിന്നെ വിരലടയാള വിദഗ്ധര്‍ വന്നു...അവര്‍ക്ക്  അത് വരെ അവിടെ വന്നു പോയ എല്ലാവരുടെയും വിരലടയാളങ്ങള്‍ കിട്ടി...കള്ളന്മ്മാരുടെത് ഒഴിച്ച്..എന്തായാലും ഉച്ചയോടെ ഒരാള്‍ കാണാതായ താക്കോല്‍ കൂട്ടവും കൊണ്ടുവന്നു  തന്നു...അയാള്‍ക്ക്‌ അത് റോഡില്‍ കിടന്നു കിട്ടിയതാണ്...ദുഷ്ടന്‍മ്മാര്‍ എല്ലാം വലിച്ചെറിഞ്ഞിട്ട് ഓടി..പക്ഷെ , മാല..അത് മാത്രം വലിച്ചെറിഞ്ഞില്ല...അത് കൊണ്ട് അത് കിട്ടിയുമില്ല...
അലമാരകള്‍ ഒന്നൊന്നായി തുറന്നു നോക്കി..എല്ലാം ഭദ്രം...ഈ സംഭവം മനസ്സില്‍ ഏല്‍പ്പിച്ച മുറിവ്..അതിന്നും ഉണങ്ങിയിട്ടില്ല...
                         പിന്നെയാണ് അറിഞ്ഞത്..പാവം കള്ളന്‍മാര്‍..എന്റെ വീട്ടില്‍ കയറുന്നതിനു മുന്‍പ് അതേ കോമ്പൗണ്ടിലെ, റോഡിനോട് ചേര്‍ന്നുള്ള വീടിന്റെ മുന്‍വാതില്‍ പൊളിച്ച് അടുക്കിയിരുന്നു...താമസക്കാര്‍ ഇല്ലാതിരുന്നത് കൊണ്ട് പാവങ്ങള്‍ക്ക് അവിടെ നിന്ന്  ഒന്നും കിട്ടിയില്ല...ഇരട്ട കഷ്ട്ടപ്പാട് കഴിഞ്ഞാണ് എന്റെ വീട്ടില്‍ നിന്നും ഒരു മാല എങ്കിലും കിട്ടിയത്...അപ്പോള്‍ കൂലി മുതലായി...ഇവിടെ നിന്നും ഒന്നും കിട്ടിയില്ലെങ്കില്‍ അടുത്ത വീടും  പൊളിച്ചെനേ..അത് വേണ്ടി വന്നില്ല...പോലീസുകാര്‍ ഒരാഴ്ചയോളം കയറി ഇറങ്ങി അന്വേഷിച്ചു...അത് കഴിഞ്ഞപ്പോള്‍ അവര്‍ മടുത്തു...ഞാനും...പിന്നെ ഇന്ന് വരെ ഒന്നും കേട്ടില്ല...അതോടെ അത് കഴിഞ്ഞു...കുടുംബത്തിന് കിട്ടിയ മാനസിക ആഘാതം മാത്രം  മിച്ചം....
                                                     എങ്കിലും , ഒരു തുള്ളി ചോര പോലും  പൊടിയാതെ എന്റെ കുടുംബത്തെ കാത്തു രക്ഷിച്ച സര്‍വ്വേശ്വരന്റെ കാരുണ്യത്തിന് മുന്നില്‍ നമ്രശിരസ്ക്കനായി ഞാന്‍ ഇന്നും നില്‍ക്കുന്നു...

Tuesday, November 22, 2011

റംജാന്‍ ഭായ്...

46

                         റംജാൻ ഭായ്              

        റംജാന്‍ ഭായ്...റംജാന്‍ അന്‍സാരി ഭായ് എന്ന് മുഴുവന്‍ പേര്...ഏതാണ്ട് പത്തു വര്‍ഷത്തോളം നീണ്ട എന്റെ മംഗലാപുരം വാസത്തില്‍ എന്റെ ഭക്ഷണം ഉള്‍പ്പെടെ ഉള്ള വ്യക്തിപരമായ കാര്യങ്ങള്‍ എല്ലാം നോക്കി നടത്തിയിരുന്ന ഒരു കാര്യസ്ഥന്‍ എന്ന് പറയാം...എന്റെ കൂടെ കൂടുമ്പോള്‍ മുപ്പത്തഞ്ചു വയസ്സുകാരന്‍ ....അരോഗ ദൃഡ്ഡ ഗാത്രന്‍.നന്നായി വെട്ടി ഒതുക്കിയ താടിയുള്ള , സദാ സുസ്മേരവദനന്‍. ...ഉത്തര്‍പ്രദേശിലെ , നേപ്പാളും ആയി അതിര് പങ്കിടുന്ന ഗോണ്ടാ ജില്ലക്കാരന്‍..നാലാം ക്ലാസ് വിദ്യാഭ്യാസം. ഹിന്ദി ഭാഷ മാത്രം അറിയാം..അതും വടക്കന്‍ ഉത്തര്‍ പ്രദേശിലെ പ്രത്യേക ചുവയുള്ള ഹിന്ദി..അസാരം ഉര്‍ദു ഭാഷയും വശമുണ്ട്...പാചകത്തില്‍  അഗ്രഗണ്യന്‍ ..വാചകത്തിലും...വാചകത്തില്‍ നാല്‍പ്പതാം ക്ലാസ്കാരനും തോറ്റു പോകും.   വടക്കേ ഇന്ത്യന്‍ വിഭവങ്ങള്‍  എല്ലാം വിരല്‍തുമ്പില്‍  തയ്യാര്‍..പക്ഷെ കേരള വിഭവങ്ങള്‍ അങ്ങോട്ട്‌ വഴങ്ങുന്നില്ല.....അതില്‍ ചില പരീക്ഷണങ്ങള്‍ ഒക്കെ നടത്തിയെങ്കിലും എന്റെ  ആരോഗ്യം ഓര്‍ത്തു ഞാന്‍ വിലക്കി...പക്ഷേ റംജാന്‍ വിടുന്ന മട്ടില്ല. അത്രപെട്ടെന്ന് പരാജയം സമ്മതിക്കുന്ന കൂട്ടത്തിലും  അല്ല....വടക്കേ ഇന്ത്യന്‍ റോട്ടിയും ദാലും അതീവ രുചികരമായി ഉണ്ടാക്കും... സന്ദര്‍ശകരും കൂടുതലും വടക്കന്മാര്‍ ആയത് കൊണ്ട്  റോട്ടിയും ദാലും കൊണ്ട് തൃപ്തി ആകും...അതിന്റെ കൂടെ കുറച്ചു ചാവല്‍,അതെ  പച്ചരി ചോറു തന്നെ ...പിന്നെ  സബ്ജിയും..ആഹാ..ഉഗ്രന്‍... പക്ഷെ, രംജാന്‍ ഭായിയുടെ ഡാൽ ..അതിപ്രശസ്തമാണ്...
                              വെറും ഒരു കുശിനിക്കാരന് വേണ്ടതിലേറെ ബുദ്ധിയും ബോധവും ഉള്ളവനാണ് റംജാന്‍...നാട്ടില്‍ ആയിരുന്നപ്പോള്‍ സൈക്കിള്‍ ചവിട്ടി നേപ്പാളില്‍ പോയി തുണിത്തരങ്ങളും മറ്റും സൈക്കിളില്‍ വെച്ച് കെട്ടി നാട്ടില്‍  കൊണ്ട് വന്നു നല്ല വിലയ്ക്ക് വില്‍ക്കുമായിരുന്നു...പിന്നെ മാട് കച്ചവടത്തിലും നല്ല വിരുത്..കൃഷിയിലും മിടുക്കന്‍...പക്ഷേ ഗ്രാമത്തില്‍ നിന്നാല്‍ ഒരു വിലയില്ല...അതുകൊണ്ട് വളരെ ചെറുപ്പം മുതലേ ബോംബയില്‍ ആയിരുന്നു...ഇപ്പോള്‍ വര്‍ഷങ്ങള്‍ ആയി മംഗലാപുരത്ത്.  പതിനഞ്ചു ദിവസം ലീവില്‍ പോയാല്‍ മൂന്നു മാസം കഴിഞ്ഞേ ചിലപ്പോള്‍ പൊങ്ങുകയുള്ളൂ...അത്രയും ദിവസം മാട് കച്ചവടം ചെയ്തു ലാഭം ഉണ്ടാക്കി കുറച്ചു ഭൂമി ഒക്കെ   വാങ്ങിയിട്ടെ വരികയുള്ളൂ...അങ്ങനെ കുറച്ചു കുറച്ചു വാങ്ങി  നാല് ഏക്കറോളം ഭൂമി ആയി..അവിടെ കരിമ്പും ഗോതമ്പും കൃഷി ചെയ്യാന്‍ കൊടുത്തിരിക്കുക ആണ്...വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ കൃഷിയില്‍ നിന്നും കിട്ടും.. എന്നോടും പറയാറുണ്ട്‌ , ഒരു പത്ത് ഏക്കര്‍ അവിടെ വാങ്ങി ഇട്ടാല്‍ നോക്കി നടത്തി കൊള്ളാമെന്ന്...
                                                                     ഇപ്പോള്‍ റംജാന് നാട്ടില്‍ ഉള്ളത് മൂന്നാമത്തെ ഭാര്യയാണ്...ആദ്യ രണ്ടു പേരും  മരിച്ചു പോയി എന്ന് പറയുന്നു...ആദ്യ ഭാര്യമാരില്‍ ഉള്ള മക്കള്‍ ചിലര്‍ ബോംബയില്‍ ജോലി ചെയ്യുന്നു...എന്റെ കൂടെ താമസവും ഭക്ഷണവും ഫ്രീ ആണ്....അപ്പോള്‍ ശമ്പളം മൊത്തം മിച്ചം...ഒരു പൈസ പോലും കളയാതെ ഭൂമി വാങ്ങാനുള്ള ത്വര കാണേണ്ടത് തന്നെയാണ്...
                                                                ഇപ്പോഴുള്ള ഭാര്യയെ ഒരിക്കല്‍ മംഗലാപുരത്ത്  കൊണ്ട് വന്നിരുന്നു...ചികിത്സയ്ക്കായിട്ട്...ഈ ഭാര്യയെ ബംഗാളില്‍ നിന്നും വാങ്ങിയതാണ്...നാലായിരം രൂപയ്ക്ക്...അവിടെ ഒക്കെ അങ്ങനെ ആണ്...മൂവായിരം മുതല്‍ വാങ്ങാന്‍ കിട്ടും..അതെ , പെണ്‍വീട്ടുകാര്‍ക്ക് കാശ് കൊടുത്താല്‍ ഭാര്യ റെഡി..അപ്പോള്‍ നമ്മെക്കാള്‍ വളരെ മുന്‍പേ നടക്കുന്നവര്‍... സ്ത്രീധനം..മണ്ണാങ്കട്ട ..ഒന്നുമില്ല.. 
                                             അവിടത്തെ ഡോക്ടര്‍ ശരിയല്ല എന്ന് പറഞ്ഞാണ് ഇവിടെ കൊണ്ടുവന്നത്..മംഗലാപുരം, ഡോക്ടര്‍മാരുടെ കൂട് ആണല്ലോ.ഇപ്പോള്‍ മുറുക്കാന്‍ കട കാണാനേ ഇല്ല..പക്ഷെ ഡോക്ടര്‍ കടകള്‍ ധാരാളം..ഡോക്ടര്‍മാരുടെ ബോര്‍ഡ്‌ കാരണം ചില കെട്ടിടങ്ങള്‍ തന്നെ മറഞ്ഞു നില്‍ക്കുന്നു..അത്ര മാത്രം ഡോക്ടര്‍മാര്‍..കേരളത്തിന്റെ അതിര്‍ത്തി ആയത് കാരണം കണ്ണൂര്‍ ജില്ല മുതല്‍ വടക്കോട്ടുള്ള കേരളീയര്‍ ആണ് ഇവരില്‍ നല്ല ശതമാനത്തിന്റെയും ഇരകള്‍..ഇന്ത്യയിലെ ശരാശരി മരുന്നുപയോഗത്തിന്റെ പത്തിരട്ടി മരുന്ന് വാരി വിഴുങ്ങുന്ന കേരളീയരെ, ഡോക്ടര്‍മാരേക്കാള്‍ ആരാണ് കൂടുതല്‍ ഇഷ്ടപ്പെടുക???  .....പാവം റംജാന്‍, ഭാര്യക്ക് വേണ്ടി  മൂന്നു ദിവസം കൊണ്ട് പതിനായിരം രൂപയുടെ ടെസ്റ്റുകള്‍ നടത്തി...ഒരു രോഗവും ഇല്ല എന്ന് ഡോക്ടര്‍മാര്‍ വിധി എഴുതി..ക്ഷീണം മാറാന്‍ കുറച്ചു മരുന്നും കൊടുത്തു.....പക്ഷേ പെണ്ണ് സമ്മതിക്കേണ്ടേ...ഒറ്റ വാശിയാണ്..ക്ഷയ രോഗം ആണെന്ന് പറഞ്ഞ്.. അതിന്റെ കൂടെ ഇവിടത്തെ ഡോക്ടര്‍മാര്‍ കൊടുത്ത ഒരു മരുന്നും കഴിക്കില്ല എന്നും അവര്‍ക്ക് വാശി...അവര്‍ക്ക് അവരുടെ ഗ്രാമത്തിലെ വൈദ്യന്റെ മരുന്ന് മതിയെന്ന്. റംജാന്‍ ഇക്കാര്യം എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ന്യായമായും വിചാരിച്ചു...നല്ല പഠിപ്പുള്ള പെണ്ണ് ആയിരിക്കും എന്ന്..അല്ലെങ്കില്‍ പിന്നെ ഇവിടത്തെ ഡോക്ടര്‍മാര്‍ കൊള്ളില്ല എന്ന് പറയില്ലല്ലോ... ഞാന്‍ ചോദിച്ചു, ഭാര്യ എത്ര പഠിച്ചതാണെന്ന്...അപ്പോള്‍ റംജാന്‍ പാട്ടുപാടും പോലെ ഈണത്തില്‍ പറയുകയാണ്‌... ഭാര്യ  സ്കൂളില്‍ പോയിട്ടേ ഇല്ലെന്നു...ഇപ്പോള്‍ ഞെട്ടിയത് ഞാനാണ്...വേഗം നാട്ടില്‍ എത്തിക്കാന്‍ ഞാന്‍ പറഞ്ഞു, കാരണം ഇനിയും ഇവിടെ നിര്‍ത്തിയാല്‍  പാവത്തിന്റെ കീശ കാലിയാകും ടെസ്റ്റുകള്‍ നടത്തിയും മറ്റും....
                                                                  റംജാന്റെ നാട്ടില്‍ പോക്കും ഒരു വലിയ ചടങ്ങാണ്...നാല് ദിവസത്തോളം എടുക്കും നാട്ടില്‍ എത്താന്‍...അതിനിടയില്‍ മൂന്നു തീവണ്ടി മാറി കയറണം... ആദ്യം ഷൊര്‍ണ്ണൂര്‍ വരെ..അവിടെ നിന്നും മൂന്നു ദിവസത്തിന് ശേഷം ഗോണ്ട വരെ..പിന്നെ ഒരു രാത്രി മൂന്നാമത്തെ വണ്ടിയില്‍..  ഓരോ പോക്കിലും ലൊട്ടുലൊടുക്ക് സാധനങ്ങള്‍ ആയി ഒരു പത്ത് ചാക്ക് കെട്ട് എങ്കിലും കാണും..റംജാന്‍ കയറുന്ന ബോഗിയില്‍ പലരുടെയും സീറ്റിനു താഴെ റംജാന്റെ ലഗ്ഗേജ് ആയിരിക്കും...അതില്‍ തേങ്ങാ മുതല്‍ തെങ്ങിന്‍തൈ വരെ ഉണ്ടാവുകയും ചെയ്യും..  ഇത്രയും സാധനങ്ങളും ആയി മൂന്നു വണ്ടികള്‍ മാറിക്കയറിയുള്ള യാത്ര ഭയങ്കരം തന്നെയാണ്..പക്ഷേ റംജാന് ഇതൊന്നും ഒരു പ്രശ്നമേ അല്ല...നിത്യ തൊഴില്‍ അഭ്യാസം എന്ന പോലെ...ഒരിക്കല്‍ വളരെ വില കുറഞ്ഞു വാങ്ങിയ , ഏഴ് അടി നീളവും മൂന്നടി വീതിയും ഉള്ള വാതില്‍പ്പാളികള്‍,  അതും ആറെണ്ണം... അതും കൊണ്ടായിരുന്നു യാത്ര. ഷൊര്‍ണ്ണൂര്‍ വരെ കുഴപ്പം ഉണ്ടായില്ല.. അടുത്ത വണ്ടിയില്‍ ബുക്ക്‌ ചെയ്യാന്‍ നോക്കിയപ്പോള്‍ ഒരു സാങ്കേതിക പ്രശ്നം..ആറടിയില്‍ കൂടുതല്‍ നീളമുള്ള സാധനങ്ങള്‍ ബുക്ക്‌ ചെയ്യാന്‍, അതിനേക്കാള്‍   നീളമുള്ള നടപടിക്രമങ്ങള്‍...അവസാനം നടപടിക്രമങ്ങള്‍  കഴിഞ്ഞു വന്നപ്പോള്‍ അന്നത്തെ വണ്ടി പോയി..പിന്നെ അടുത്ത ദിവസം വരെ കാത്തിരുന്നു,വാതിലും വിരിച്ച് അതിന്റെ പുറത്ത്.....ക്ഷമ ..അതാണ്‌ റംസാന്റെ ഏറ്റവും വലിയ ഗുണം...ആന കുത്താന്‍ വന്നാലും ചോദിക്കും , ആദ്യം എവിടെയാ കുത്തേണ്ടതെന്ന്...അതാണ്‌ പ്രകൃതം...ആരെങ്കിലും ഒരടി കൊടിക്കാം എന്നു വെച്ചാല്‍ കുറഞ്ഞത് ആറെണ്ണം എങ്കിലും വാങ്ങി വെയ്ക്കും...അപ്പോഴും റംസാന് സംശയം ബാക്കി ആയിരിക്കും..
                                                              ഉത്തരം മുട്ടിക്കുന്ന തരം സംശയങ്ങള്‍ ആണ് കൂടുതലും...പക്ഷേ പലേ കാര്യങ്ങളിലും ഉള്ള റംസാന്റെ അറിവ് അത്ഭുതപ്പെടുത്തുന്നതാണ്...ടീ. വീ. യില്‍ ഹിന്ദി ഭാഷാ  വാര്‍ത്തകളാണ് പഥ്യം...ഒരുപക്ഷെ അറിവിന്റെ കാരണം അതും ആയിരിക്കാം...ആരോടും സംശയം ചോദിക്കാന്‍ നാണമോ മടിയോ ഒന്നും ഇല്ല..ആരോടും കയറി ചോദിച്ചു കളയും...കഴിഞ്ഞ പത്ത് വര്‍ഷത്തെ ഒറ്റയ്ക്കുള്ള മംഗലാപുരം വാസത്തിനിടയില്‍ എനിക്ക് രസമില്ലാതെ  തോന്നുന്നത് റംജാന്‍ ഇല്ലാത്ത ദിനങ്ങള്‍ ആണ്..ഒന്നുമില്ലെന്കില്‍ ഒരു സംശയം എങ്കിലും ഉണ്ടാവും റംജാന്...
                                                        ഒരിക്കല്‍ രാത്രി ഭക്ഷണത്തിന് ശേഷം ഞാന്‍ പതിവ് പോലെ ഗസ്റ്റ്‌ ഹൌസിനു പുറത്ത് ഉലാത്തുകയാണ്...നല്ല പാല് പോലെ നിലാവുള്ള രാത്രി..പൂര്‍ണ്ണ ചന്ദ്രന്‍ അതിന്റെ എല്ലാ വശ്യതയോടെയും നനുനനുത്ത പ്രകാശം വാരി വിതറുകയാണ്... റംജാനും  അടുത്ത് വന്നു എന്നോടൊപ്പം നടന്നു കൊണ്ട് നിലാവ് ആസ്വദിക്കുകയാണ്...അപ്പോള്‍ റംജാന്  ഒരു പുതിയ സംശയം...നിലാവെളിച്ചം എത്ര  നനുത്തത് ആണ്..ചൂടും ഇല്ല ..പക്ഷേ സൂര്യപ്രകാശം തീവ്രവും രൂക്ഷവും ആണല്ലോ...അതെന്താണ് അങ്ങനെ?? അപ്പോള്‍ ഞാന്‍ ഒന്ന് പറഞ്ഞുപോയി , ചന്ദ്രന് സ്വന്തം പ്രകാശം ഇല്ല..സൂര്യന്റെ പ്രകാശം ചന്ദ്രനില്‍ തട്ടി പ്രതിഫലിക്കുന്നത് ആണെന്ന്...ഞാന്‍ വിചാരിച്ചു ഇത് കൊണ്ട് സംശയം തീരുമെന്ന്..ഇല്ല ..അടുത്ത ചോദ്യം...അങ്ങനെ എങ്കില്‍ അങ്ങോട്ട്‌ പോകുന്ന പ്രകാശധാര നമുക്ക് എന്ത് കൊണ്ട് കാണാന്‍ കഴിയുന്നില്ല??ഞാന്‍ ഒരുനിമിഷം പകച്ചു...ഇതെന്തു ചോദ്യം...പക്ഷേ റംജാന്‍ വിടില്ല...കാരണം , നമ്മള്‍  രാത്രിയില്‍ ടോര്‍ച് അടിക്കുമ്പോള്‍ അതിന്റെ പ്രകാശധാര നമുക്ക് കാണാം...പക്ഷേ ഇത്രയും വലിയ സൂര്യന്റെ പ്രകാശ ധാര എന്തുകൊണ്ട് കാണുന്നില്ല???റംജാന്‍ കാര്യമായിട്ടു തന്നെയാണ് ...ഉത്തരം കൊടുത്തെ വിടുകയുള്ളൂ...ഈ വിധത്തിലുള്ളതാണ് സംശയങ്ങള്‍...റംജാനെ പേടിച്ചു പലരും എന്റെ താമസ സ്ഥലത്ത് വരാറില്ല..കാരണം ഈ സംശയരോഗം  തന്നെ..ഭക്ഷണം രുചി ഉള്ളതാണെങ്കിലും മാനം പോകാതെ നോക്കണമല്ലോ.  റംജാന്റെ മിക്ക ചോദ്യങ്ങള്‍ക്കും അത്ര പെട്ടെന്ന് മറുപടി നല്‍കാന്‍ കഴിയില്ല..അത്രയ്ക്ക് കുഴപ്പം പിടിച്ച സംശയങ്ങള്‍ ആണ്. ...
                          റംജാൻ നാട്ടില്‍ പോയി വരുമ്പോള്‍ , അമേരിക്കയില്‍ പോയവര്‍ക്ക് പോലും പറയാനുള്ളതിനേക്കാള്‍ കൂടുതല്‍ വിശേഷങ്ങള്‍ റംജാന് പറയാന്‍ ഉണ്ടാവും..ഒരു തവണ പോയിട്ട് കുറെ താമസിച്ചു, തിരിച്ചു വരാൻ ..മിക്കവാറും കാളക്കച്ചവടം ആയിരിക്കും അവിടെ.. പക്ഷേ, താമസിച്ചു വന്നതിനു നല്ല വഴക്ക് പറയണം എന്ന് വിചാരിച്ച് ഇരുന്ന എന്റെ മുന്‍പില്‍ ഒരു സങ്കോചവും ഇല്ലാതെ സുസ്മേര വദനന്‍ ആയി പ്രത്യക്ഷപ്പെടുന്ന റംജാനെ നോക്കി ഒന്നും പറയാന്‍ എനിക്ക് കഴിഞ്ഞില്ല ... അതാണ്‌ റംജാന്‍.. എന്റെ പ്രിയപ്പെട്ട റംജാന്‍ ഭായ്....   
റംജാൻ ഇപ്പോൾ ഡൽഹിയിൽ ഉണ്ട്... ഏതോ ഒരു കമ്പനിയിൽ....
                                                               
                                                                            

Thursday, November 10, 2011

വാളകം പാര..ആള്‍ട്ടോ കാര്‍ വഴി...സി.ബി.ഐ.

16

                                                                    നല്ല ഒരു തുടക്കം ആയിരുന്നു...ആദ്യം അധ്യാപകന്റെ ആസനത്തില്‍ പാര...അധ്യാപകനോ...വാളകം സ്കൂളിലെത്...സ്കൂളോ..നമ്മുടെ പിള്ളേച്ചന്റെ വകയും...എരിവും പുളിയും പുകയും ഉയരാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം...അച്ചുമ്മാന്‍ പതിവുപോലെ ആദ്യം തന്നെ ചാടി വീണു..കാരണം , താമസിച്ചാല്‍ പാര്‍ട്ടിയിലെ വേറെ ആരെങ്കിലും ചാടി വീണു രസം കളയും...അച്ചുമ്മാന്റെ കിറിക്ക് കീഴെ , ചാനല്‍ ആഘോഷക്കാരുടെ കോളാമ്പി...കോളാമ്പി കണ്ടാല്‍ അച്ചുമ്മാന്‍ നന്നായി തന്നെ അതില്‍ തുപ്പും..ഇവിടെയും തുപ്പി..."ചത്തത് കീചകന്‍ എങ്കില്‍ കൊന്നത് ഭീമന്‍ തന്നെ"..അപ്പോള്‍ പിള്ളേച്ചന്‍ അറിയാതെ ഈ പാര കയറുമോ...ഇല്ലാ..എന്ന കാര്യത്തില്‍ അച്ചുമ്മാന് തംസയം ഇല്ലാ...പാര വെറുതെ കയറ്റിയത് മാത്രമല്ല...തിരിക്കുകയും കൂടി ചെയ്തു...അതിക്രൂരം തന്നെ...കുടലും പണ്ടവും ഒക്കെ തിരിഞ്ഞു പോയി...അപ്പോള്‍ കുറഞ്ഞത് വധശ്രമം തന്നെ...ഒരു ചാനല്‍ മിടുക്കന്‍, വയ്യാതെ, ജയില്‍ പോലത്തെ ആശുപത്രി  സ്യൂട്ടില്‍ കിടന്ന പഞ്ചപാവം പിള്ളേച്ചനെയും വലിച്ചു ഇടയിലെക്കിട്ടു...ചാനലുകാരനോട് പറഞ്ഞ സ്വകാര്യം അയാള്‍ അങ്ങാടി പാട്ടാക്കി...അതുവരെ അധ്യാപകന്റെ പാരയില്‍ തൂങ്ങിക്കിടന്ന ശബ്ദഘോഷക്കാര്‍ ഒന്നടങ്കം പിള്ളേച്ചന്റെ പിറകെ ആയി..അദ്ദേഹത്തിനും കിട്ടി ഒരു നാല് ദിവസത്തെ കൊട്ട്. പക്ഷെ, ഒരു വര്‍ഷത്തെ , ഒരു മാസത്തില്‍ ഒതുക്കിയ പിള്ളേച്ചനു ഇതും ഒരു തമാശ തന്നെ...എന്നാലും അച്ചുമ്മാന്‍ വിട്ടിട്ടില്ല..പിറകെ തന്നെയുണ്ട്...പിന്നെ കഷ്ട്ടിച്ചു ജയിലില്‍ കിടന്ന ഏതാനും ദിവസങ്ങള്‍ കൊണ്ട് പിള്ളേച്ചന്‍ ജയിലിലെ പ്രയാസപ്പെട്ട കാര്യങ്ങള്‍ ഒക്കെ വെളിയില്‍ കൊണ്ട് വന്നു... അവിടെ കിടന്നു കൊണ്ട് എഴുതിയ ജീവചരിത്രം വായിച്ച പലരും ഒന്നും വായിക്കാതെയും ആയി...ഒന്‍പതു മാസമായി തിഹാരില്‍ കിടക്കുന്ന നമ്മുടെ രാജാസാര്‍ പോലും ചെയ്യാത്ത ഒരു മഹാകാര്യം ആണ് ഇത്.
                                               നമ്മുടെ ചാനല്‍ മാന്ന്യന്മാര്‍ അതിനിടയ്ക്ക് ഒരു സ്ത്രീബന്ധം ഒക്കെ കൊണ്ടുവന്നു രംഗം കൊഴുപ്പിക്കാന്‍ നോക്കി എങ്കിലും അത്രയ്ക്കങ്ങോട്ട് ഏറ്റില്ല..അത് ചീറ്റിപ്പോയി..പിന്നെയുള്ളത് തീവ്രവാദമാണ്. അതിലും പിടിച്ചു കയറാന്‍ നോക്കിയെങ്കിലും കുറച്ചു കയറി ക്കഴിഞ്ഞപ്പോള്‍ പിടിവള്ളി തീര്‍ന്നുപോയി...ഇതിനിടയ്ക്ക്  ദിവസങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു...  ആരെയും വലയിലാക്കാന്‍ കഴിയാതെ പോലീസും വലഞ്ഞു...പിള്ളേച്ചനെ വലിച്ചിഴക്കാന്‍ നോക്കിയിട്ട് വള്ളിക്കു നീളവും പോരാ..ഇതിനിടയില്‍ അദ്ധ്യാപകന്‍ "ങ്ങ ഞ ണ ന മ " എന്ന് ലീഡര്‍ സ്റ്റൈലില്‍ എന്തൊക്കെയോ പറയുന്നും ഉണ്ട്...എങ്ങനെ വേണമെങ്കിലും മനസ്സിലാക്കാന്‍ പാകത്തില്‍... 
                                                 അങ്ങനെ വാളകം പാര കണ്ടെടുക്കാന്‍ വേണ്ടി , പണ്ട്  "എസ്സ്" കത്തി തപ്പിയത് പോലെ പോലീസുകാര്‍ നാടെങ്ങും അരിച്ചു പെറുക്കി നടക്കുമ്പോള്‍ അതാ വരുന്നു ഒരു ഡോക്ടറുടെ വക പാര,"ഏതു പാര എന്ത് പാര??ഇവിടെ ഒരു പാരയും ഇല്ല..പാര എവിടെയും കയറ്റിയിട്ടും ഇല്ല...ഇത് ഏതോ വണ്ടി ഇടിച്ചതാണ്...ഇത് കേട്ട പാടേ ആരൊക്കെയോ അന്നുരാത്രി അതുവഴി പാഞ്ഞുപോയ ഒരു വെള്ളക്കാറിന്റെ ചരിത്രം വിളമ്പി...ഒരു മിടുക്കന്‍ അത് ഒരു വെള്ള ആള്‍ട്ടോ ആണെന്നും കണ്ടുപിടിച്ചു...പോലീസ്‌ പാര വിട്ടു..അടുത്ത പാരയായ വെള്ള ആള്‍ട്ടോ കാറിന്റെ പിറകെ ഓട്ടം ആരംഭിച്ചു..നാല് തെക്കന്‍ ജില്ലകളിലെ വെള്ള ആള്‍ട്ടോ കാറുകാരുടെ ഉറക്കം നഷ്ടപ്പെടാന്‍ ഇനി വേറെ കാരണം വേണ്ടല്ലോ...പലരും ആള്‍ട്ടോ വീട്ടില്‍ മൂടി ഇട്ടു...കഷ്ടകാലത്തിനു എങ്ങാനും പോലീസിനു തംസയം തോന്നിയാലോ...അങ്ങനെ പലരുടെയും ഉറക്കം നഷ്ട്ടപ്പെടുതിക്കൊണ്ട്  കാര്‍ പരിശോധന മുന്നോട്ടു നീങ്ങി...ഇതിനിടയില്‍ ദിവസങ്ങള്‍ മാറി ആഴ്ചകളായി... ഒന്നും നടന്നില്ല..നടക്കുമെന്നും തോന്നുന്നില്ല...മാധ്യമങ്ങളും മടുത്തു തുടങ്ങി...പത്രങ്ങള്‍ ആറു കോളത്തില്‍ നിന്നും നാലിലേക്കും പിന്നെ രണ്ടിലേക്കും ഉള്ളിലേക്കും വലിഞ്ഞു...ആരൊക്കെ വലിഞ്ഞിട്ടും അച്ചുമ്മാന്‍ വിട്ടില്ല...ചാണ്ടിചായനും കുഴഞ്ഞു...അങ്ങനെ കേരള പോലീസിലെ മിടുക്കന്മാരെ സന്തോഷിപ്പിച്ചു കൊണ്ട് , നേരറിയാന്‍ സീ.ബീ.ഐ. ക്ക് കേസ്‌ വിട്ടു..
                                                               എല്ലാവരും ആശ്വാസ നിശ്വാസങ്ങള്‍ ഉതിര്‍ത്തു...പാരയില്‍ തൂങ്ങിയവരും പാരയ്ക്ക് വേണ്ടി പാഞ്ഞവരും വെള്ള ആള്‍ട്ടോ കാര്‍  ഉള്ളവരും എല്ലാം...എല്ലാവര്‍ക്കും കുടിലില്‍ കോടി അടിച്ച സന്തോഷം...ഇത് വരെ സീ.ബീ.ഐ. കേരളത്തില്‍ ഏറ്റെടുത്ത കേസുകളുടെ ഗതി അറിയാവുന്നവര്‍ കൂടുതല്‍ സന്തോഷിച്ചു...അങ്ങനെ, അധ്യാപകന് കിട്ടിയ "തട്ട്" ഒഴിച്ച് നിര്‍ത്തിയാല്‍ എല്ലാവരും വിജയിച്ച ഒരു കേസായി മാറി "വാളകം പാര".


വാല്‍ക്കഷ്ണം...പിള്ളേച്ചന്‍ ഇറങ്ങിയ മുറിയില്‍ ജയരാജന്‍ സഖാവ് താമസവും തുടങ്ങി..


.

Monday, October 10, 2011

ഓര്‍മ്മയില്‍ ഒരു ബാംഗ്ലൂര്‍ യാത്ര...

48

                                                                           ആദ്യമേ പറയട്ടെ, ഇത് പതിനാറു വര്‍ഷം മുന്‍പാണ് നടന്നത്...ഒരു നാഗ്പൂര്‍ -ബാംഗ്ലൂര്‍ യാത്ര...അതും  ആദ്യമായി ഒരു "രാജധാനി" എക്സ്പ്രസ്സ്‌ യാത്ര...അന്ന് നാഗ്പൂരില്‍ നിന്നും ബാംഗ്ലൂരിലേക്ക് നേരിട്ട് പോകുന്ന ശകടം ഇത് മാത്രം..അതും ആഴ്ചയില്‍ ഒന്ന് മാത്രം..  അതിനു നാഗ്പൂര്‍ ക്വോട്ട രണ്ടേ രണ്ടു ടികറ്റ്‌ മാത്രം..എന്റെ യാത്ര തീരുമാനിക്കുന്നത്..പോകുന്ന അന്നോ തലേന്നോ..  അപ്പോള്‍ കിട്ടാന്‍ സാധ്യത ഉള്ളത് "വെയ്‌റ്റിംഗ് ലിസ്റ്റ്" ടികറ്റ്‌ മാത്രം..എനിക്കും കിട്ടി അത് പോലെ ഒന്ന്...രാജധാനിയിലെ ആദ്യ യാത്രയാണ്...രാത്രി പന്ത്രണ്ട് മണിക്കാണ് ശകടം നാഗ്പൂര്‍ സ്റേറഷനില്‍ എത്തുക..അന്നും പതിവ് പോലെ അറുപത് മിനിറ്റ്‌ "വൈകി" ശകടം എത്തി...നമ്മുടെ റെയില്‍വെ ഒരു കാര്യത്തില്‍ നല്ല മിടുക്കന്മാരാണ്..അവര്‍ ഒരിക്കലും വൈകല്‍ മണിക്കൂറില്‍ പറയില്ല..."ഗോരക്പൂരില്‍ നിന്നും ഗോകര്‍ണ്ണം  വരെ പോകുന്ന  പതിനാറാം നമ്പര്‍ വണ്ടി, ഇരുപതു മണി അമ്പതു മിനിട്ടുകള്‍ക്ക് വരേണ്ടി ഇരുന്നത് , അറുന്നൂറ് മിനിറ്റ്‌ വൈകി ഓടുന്നു...കേള്‍ക്കുന്നവര്‍ വിചാരിക്കും..ഓ..അറുന്നൂറു മിനിട്ടല്ലേ ഉള്ളൂ..എന്ന്...പക്ഷെ അറുന്നൂറു മിനിറ്റ്‌ പത്തു മണിക്കൂര്‍ ആണെന്ന് മനസ്സിലാകുമ്പോള്‍ കണ്ണില്‍ ഇരുട്ട് കയറും..കുഞ്ഞുകുട്ടി പരാധീനങ്ങളുമായി യാത്ര ചെയ്യുന്ന മനുഷ്യരുടെ അവസ്ഥ അതി ദയനീയം ആണ്...സ്റേഷന്‍ വിട്ടു പോകാനും പറ്റില്ല...വണ്ടി എങ്ങാനും നേരത്തെ വന്നാലോ...കയര്‍ ഇല്ലാതെ കെട്ടി ഇടുന്നത് പോലെ...
                                                                   എന്തായാലും എനിക്ക് പോകേണ്ട വണ്ടി വെറും അറുപത് മിനിറ്റേ താമസിച്ചുള്ളൂ...എന്തു ഭാഗ്യം...നല്ല ചക ചകാനുള്ള  വണ്ടി...വന്നു നിന്നു...ഇറങ്ങാനുള്ളവര്‍ ഇറങ്ങുന്നു...കയറാനുള്ളവര്‍ കയറുന്നു...ഞാന്‍ "ത്രിശങ്കു"വില്‍ ആണല്ലോ...വെയ്‌റ്റിംഗ്...വെയ്‌റ്റിംഗ്...ഈ തരത്തിലുള്ള ടികറ്റ്‌ ഉള്ളവരെ കാണുമ്പോള്‍ റ്റീ.റ്റീ. എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ,കറുത്ത കോട്ടിട്ട   ചെക്കര്‍മാരുടെ മുഖം കാണേണ്ടത് തന്നെ ആണേ....കടന്നല്‍ കുത്തിയത് പോലെ വീര്‍ത്തു  സുന്ദരം ആകും.... പകുതി സീറ്റ്‌ കാലി ആണേലും അത്ര പെട്ടെന്നൊന്നും സീറ്റ്‌ തരില്ല...ചിലര്‍ റെയില്‍വെ നിയമങ്ങള്‍ മുഴുവന്‍ കാണാപ്പാഠം പറഞ്ഞു കളയും..അതും കഷായം കുടിക്കുന്ന സുഖത്തോടെ അനുഭവിച്ച് നിന്നാല്‍ ചിലപ്പോള്‍ ഭഗവാന്‍ കനിയും..തീവണ്ടിയില്‍ കയറിയാല്‍ പിന്നെ യാത്രക്കാരന്റെ കാണപ്പെട്ട ദൈവം ഈ കറുത്ത കോട്ട്‌ ഇട്ട ശിന്ഗങ്ങള്‍ ആണ്..ഇവരുടെ ഓരോ കവാത്തിനും കൊല്ലന്റെ പറമ്പിലെ മുയലിനെ പോലെ ത്രിശങ്കു യാത്രക്കാര്‍ എണീറ്റ്‌ നില്‍ക്കും...ഇല്ല ഇപ്പ്രാവശ്യവും ഭഗവാന്‍ കനിഞ്ഞില്ല...ചിലപ്പോള്‍ മൊഴിയും..ഏതെന്കിലും സ്റേറഷന്‍ കഴിഞ്ഞിട്ട് നോക്കാം എന്ന്...അപ്പോള്‍ ആ സ്റ്റേഷന്‍ വരുന്നത് വരെ എവിടെ എങ്കിലും ചുരുന്ടുകൂടാം...ചിലപ്പോള്‍ ഉരുട്ടി ഉരുട്ടി ഇറങ്ങാനുള്ള  സ്റ്റേഷന്‍ വരും..അപ്പോള്‍ ഇറങ്ങി നിന്നിട്ട് നല്ല നാലു "ഭാഷ " പറഞ്ഞിട്ട് പോകാം...
                                                             ഞാന്‍ ത്രിശങ്കുവില്‍ നില്‍ക്കുകയാണ്..ഇരുപതു മണിക്കൂര്‍ യാത്ര ഉണ്ട്..രാത്രി ഒരുമണി സമയം..ഭഗവാന്‍ കനിഞ്ഞെങ്കിലെ സീറ്റ്‌ കിട്ടുകയുള്ളൂ...അതാ വരുന്നു....കറുത്ത കോട്ടിട്ട ഭഗവാന്‍...അയാള്‍ ടികറ്റ്‌ കയ്യില്‍ വാങ്ങി നോക്കി...ഞാന്‍ ഭൂമിയോളം താഴ്ന്നു നില്‍ക്കുകയാണ്...നില്‍പ്പ് ഇഷ്ടപ്പെടണമല്ലോ...ഇനിയും താഴ്ന്നാല്‍ അങ്ങ് പാതാളത്തില്‍ എത്തി മാവേലിയും കണ്ടിട്ട് വരാം... അഹങ്കാരി ആണെന്ന് തോന്നുകയും ചെയ്യരുതല്ലോ....ഞാന്‍ ആണെങ്കില്‍ നമ്മുടെ ശ്രീനിവാസന്റെ ദയനീയ ഭാവത്തോടെയും.. അയാള്‍ എന്നെ കീഴ്മേല്‍ നോക്കി...വീണ്ടും ടികറ്റ്‌ നോക്കി..ഞാന്‍ വിചാരിച്ചു എന്റെ ഉയരത്തിന് അനുസരിച്ചുള്ള  സീറ്റ്‌ തരാന്‍ ആയിരിക്കും എന്ന്..പക്ഷെ സംഭവിച്ചത് മറിച്ചാണ്...എത്ര ഉച്ചത്തില്‍ പറഞ്ഞാല്‍ എനിക്ക് കേള്‍ക്കാന്‍ പറ്റും എന്ന് നോക്കുകയായിരുന്നു ആ കശ്മലന്‍...കടിച്ചാല്‍ പൊട്ടാത്ത ഹിന്ദിയില്‍ ഒരു ചാട്ടം..
"ഇത് രാജധാനി ആണെന്ന് അറിഞ്ഞു കൂടേ" ചോദ്യം എന്നോടാണോ..ഞാന്‍ തിരിഞ്ഞു നോക്കി..പിറകില്‍ ആരും ഇല്ല ..അപ്പോള്‍ എന്നോട് തന്നെ ആണ്...
"അറിയാം സര്‍"..ഞാന്‍ ഭാവ്യമായി  ഞരങ്ങി.... 
"വെയ്‌റ്റിംഗ് ലിസ്റ്റ് ടികറ്റ്‌ ഈ വണ്ടിയില്‍ "വാലിഡ്‌" അല്ല എന്ന് അറിയില്ലേ" അയാള്‍ മുറുകുകയാണ്..പിന്നെ  ഹിന്ദിക്കാരന്‍ ആണെന്നുള്ളതാണ് എന്റെ ഏക ആശ്വാസം..അനുഭവം ഗുരു...നല്ല "സ്നേഹം" കാണിച്ചാല്‍ എത്ര ദൂരം വരെയും നമ്മുടെ പിറകെ വരും ..ഒരുവിധപ്പെട്ടവന്മാര്‍ ഒക്കെ....പ്ലാവില കണ്ട ആടിനെപ്പോലെ... അല്ലാത്തവരും ഉണ്ടേ..ഇയാള്‍ എങ്ങനെ ആണോ..എന്തായാലും എനിക്ക്  പോyalle പറ്റൂ..
"അറിയില്ല.."  ഞാന്‍ താഴ്ന്നു..
"എന്നാല്‍ അടുത്ത സ്റ്റേഷന്‍ "ബെല്ലാര്‍ ഷാ " ആണ് അവിടെ ഇറങ്ങിക്കോ.." വളരെ സിമ്പിള്‍ ആയി അയാള്‍  പറഞ്ഞു കഴിഞ്ഞു..ഈ പാതിരാ നേരത്തു ഞാന്‍ അവിടെ ഇറങ്ങി എന്ത് ചെയ്യാന്‍...
"ഞാന്‍ ബാംഗ്ലൂരിലേ ഇറങ്ങൂ" ഞാന്‍ ചെറുതായി മുറുകി...എന്നിട്ട് അയാളുടെ ഭാവമാറ്റം ശ്രദ്ധിച്ചു...എന്നെ ചെവിക്കു തൂക്കി എടുത്തു വെളിയില്‍ തള്ളുമോ ആവോ...ഏതായാലും പെട്ടു...മൂക്കോളം മുങ്ങിയാല്‍ ആഴം മൂന്നാളോ നാലാളോ എന്ന് നോക്കരുത് എന്ന് ചെറുപ്പത്തില്‍ കേട്ടിട്ടുണ്ട്...
"അത് നടപ്പില്ല..ഞാന്‍ നിങ്ങളെ ഇറക്കി വിടും" അയാള്‍ വീണ്ടും മുറുകുക തന്നെ ആണ്..ഇനിയെന്ത് വഴി...ഇനി അറ്റകൈ പ്രയോഗം തന്നെ...
"ഇനി എന്ത് വന്നാലും ഞാന്‍ ബാംഗ്ലൂരില്‍ തന്നെയേ ഇറങ്ങൂ...എന്ത് വന്നാലും  എനിക്ക് പ്രശ്നമല്ല...പക്ഷെ ഞാന്‍ പോകും ഈ വണ്ടിയില്‍ തന്നെ..." ഇപ്പോള്‍ ഞാനും അല്‍പ്പം കൂടി  പിടി മുറുക്കി...
ഇത്  കേട്ടപ്പോള്‍ ഒരു വെളിച്ചം മിന്നിയോ...അതെ ഒരു നേരിയ മിന്നല്‍...ഒരു വെട്ടു പോത്തിനെപ്പോലെ ചീറിക്കൊണ്ട് നില്‍ക്കുന്ന അയാളുടെ മുഖത്തെ ഒരു ചെറു മിന്നായം പോലും എനിക്ക് ഒരു പിടിവള്ളി ആണ്..
"പറ്റില്ല ..എന്റെ ജോലി പോകുന്ന പ്രശ്നം ആണ്...തന്നെ അല്ല ..എമ്പീമാരും മന്ത്രിമാരും ഒക്കെ ഉള്ളതാ വണ്ടിയില്‍ .." അയാള്‍ നിസ്സഹായനായി കൈ മലര്‍ത്തി... പക്ഷെ ശബ്ദം അല്‍പ്പം നേര്‍ത്ത് വന്നത് ഞാന്‍ ശ്രദ്ധിച്ചു..ഒരു ചെറിയ പിടിവള്ളി ആയി..ഇനി പിടിച്ചു കേറുക തന്നെ..
"സര്‍ ഇത്രയും പേടിക്കുന്നത് എന്തിനാ...ഞാന്‍ ടികറ്റ് എടുത്തത്‌ പൈസ കൊടുത്തിട്ടല്ലേ??റെയില്‍വേക്ക് എന്ത് നഷ്ടം??" ഞാന്‍ ഒരു പടി മുന്നോട്ടു വെച്ചു...ഇനി പുറകോട്ടില്ല...എന്റെ ഉറക്കവും പമ്പ കടന്നു..രാത്രി രണ്ടുമണി ആയി...ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ബല്ലാര്‍ഷാ സ്റ്റേഷന്‍ വരും..അതിനു മുന്‍പ് ഇയാളെ "മാനേജ് " ചെയ്യണം...
"നിയമപ്രകാരം നിങ്ങള്ക്ക് ഈ ടിക്കറ്റില്‍ പോകാന്‍ പറ്റില്ല..." ഇയാള്‍ ഇത് എന്ത് ഭാവിച്ചാ....വീണ്ടും നിയമം...
"എനിക്ക് നിയമപ്രകാരം തന്നെ പോകണം എന്നില്ല..അല്ലാതെ ആയാലും മതി..പക്ഷെ പോകണം"...നിയമം ലങ്ഘിക്കാന്‍ വഴി ഉണ്ടെങ്കില്‍ അത് അയാള്‍ നോക്കട്ടെ...ഞാന്‍ പന്ത് അയാള്‍ക്ക് പാസ് ചെയ്തു..അയാള്‍ ആലോചിക്കുകയാണ്..
"ഒരു കാര്യം ചെയ്യാം...ആരോടും പറയരുത്.." ഹോ..അയാള്‍ ഇതാ വീഴുന്നു...ഞാന്‍ കൂടുതല്‍ മുന്നോട്ടു നീങ്ങി..ഒരു രഹസ്യം കേള്‍ക്കാന്‍ പാകത്തില്‍..
"ഞാന്‍ എന്റെ സീറ്റില്‍ നിങ്ങളെ കൊണ്ട് പോകാം...പക്ഷെ ഒരു കാര്യം..."(ഈ ഡീല്‍ വാലറ്റത്തു പറയാം) ആഹാ..ദേ കിടക്കുന്നു ചട്ടിയും ചോറും...പുലിയെപ്പോലെ ചീറിയ "കോട്ട്" ആട്ടിന്‍ കുഞ്ഞായി..ഞാന്‍ അല്‍പ്പം കൂടി മുന്നോട്ട് ആഞ്ഞു.
"ഞാന്‍ "ഈ ഡീല്‍" സമതിച്ചാല്‍ പിന്നെ   നിങ്ങള്‍  കഴിഞ്ഞു വരുന്നവര്‍ക്കും "ഡീല്‍" കൊടുക്കേണ്ടേ.." ഞാന്‍ എന്റെ സംശയം മറച്ചു വെച്ചില്ല...വരുന്നവര്‍ എല്ലാം എന്റെ പുറത്തു പന്തുരുട്ടി കളിച്ചാലോ..അയാള്‍ ആദ്യമായി ഒന്ന് ചിരിച്ചു...ഒരു തമാശ കേട്ടതുപോലെ..
"അതിനു വേറെ ആര് വരാനാ ചങ്ങാതീ...ഞാന്‍ തന്നെ ആണ് അങ്ങുവരെ...നിങ്ങള്‍ ഒതുക്കത്തില്‍ ഇരുന്നാല്‍ മതി. ബാക്കി കാര്യം  ഞാന്‍ ഏറ്റു." അയാള്‍ എനിക്ക് ധൈര്യം പകര്‍ന്നു...
                                                                   രണ്ടു പേരും ഒരുപോലെ സന്തുഷ്ടര്‍...രണ്ടുമണിക്കൂര്‍ ഉറക്കം പോയാലും ഉറങ്ങാന്‍ സീറ്റ്‌ കിട്ടിയല്ലോ...ഞാന്‍ ആശ്വസിച്ചു...രാവിലെ എട്ടു മണി വരെ ഉറങ്ങി...എഴുന്നേറ്റപ്പോള്‍ "കോട്ട്" അടുത്ത് വന്നു..എന്റെ സുഖ വിവരം ഒക്കെ അന്വഷിച്ചു..അന്ന് പകല്‍ മുഴുവന്‍... എന്തിനു പറയണം , എനിക്ക് വീ.ഐ .പീ. സല്‍ക്കാരം ആയിരുന്നു...ദൈവം പ്രസാദിച്ചാല്‍ പിന്നെ അപ്പീല്‍ ഉണ്ടോ...ഒരു രഹസ്യം കൂടി പറഞ്ഞു തന്നു, അയാള്‍. ഇനി പക്കാ  ടികറ്റ്‌ കിട്ടിയില്ലെങ്കില്‍ എടുക്കേണ്ട... നേരെ വന്ന് മൂന്ന് രൂപ കൊടുത്ത് ഒരു പ്ലാട്ഫോം ടികറ്റ്‌ എടുക്കുക...ഈ വണ്ടിയില്‍ ആണെങ്കില്‍ ഞാന്‍ സീറ്റ്‌ ഉണ്ടാക്കി തരാം..ഹാ എന്ത് നല്ല മനുഷ്യന്‍...അന്ന് രാത്രി എട്ടു മണിക്ക് ബാംഗ്ലൂരില്‍ ഇറങ്ങുന്നത് വരെ അയാള്‍ എന്റെ സുഖ വിവരങ്ങള്‍ അന്വേഷിച്ചു കൂടെ ഉണ്ടായിരുന്നു..അങ്ങനെ ഞങ്ങള്‍ ചങ്ങാതിമാരായി..
                                                              അതിനു ശേഷം പല പ്രാവശ്യവും ഞാന്‍ മൂന്നു രൂപ ടികറ്റ്‌ എടുത്തു വണ്ടിയില്‍ കയറിയിട്ടുണ്ട്...അയാള്‍ എനിക്ക് പക്കാ ടികറ്റ്‌ എഴുതി തന്നിട്ടും ഉണ്ട്...ഞാന്‍ റെയില്‍വെയെ നഷ്ടപ്പെടുത്തിയില്ല..   ...പക്ഷെ ഒരാള്‍ ഒരു  ഉപകാരം ചെയ്യുമ്പോള്‍ അത് വേണ്ട രീതിയില്‍ കാണേണ്ടേ ????ദൈവത്തിനുള്ളത്  ദൈവത്തിനും സീസറിനുള്ളത് സീസറിനും..അത്ര തന്നെ... അല്ലാതെ എന്നോട് വെറുതെ സ്നേഹം കാണിക്കാന്‍ അയാള്‍ക്ക്‌  എന്ത് കാര്യം..
                                                      ഒരിക്കല്‍ മൂന്ന് രൂപ ടികറ്റ്‌ എടുത്തു വണ്ടിയില്‍ കയറി...അന്ന് എന്റെ ഗതികേടിന് അയാള്‍ ഇല്ലായിരുന്നു...മൊബൈല്‍ ഇല്ലാത്ത കാലമല്ലേ??? അന്ന് ഞാന്‍ ശെരിക്കും പെട്ടുപോയി....അമ്പിലും വില്ലിലും അടുക്കാത്ത ഒരു "കോട്ട് " ആയിരുന്നു അന്ന്..പക്ഷെ മൂന്നു രൂപ ടികറ്റ്‌ അന്നും എന്റെ മാനം കാത്തു. അന്ന് എന്റെ ചങ്ങാതി ഇല്ലെങ്കിലും അയാളുടെ ഉപദേശം ഫലിച്ചു...പിഴ ഉള്‍പ്പെടെ ഇരട്ടി പൈസ കൊടുക്കേണ്ടി വന്നു  എങ്കിലും അന്ന് രക്ഷപ്പെട്ടു.. പിന്നെ ഒരിക്കലും മൂന്നു രൂപാ പ്രയോഗം നടത്തിയിട്ടില്ല.
അതിനുള്ള ധൈര്യം വന്നില്ല എന്ന് പറയുന്നതാണ് കുറച്ചുകൂടി ശരി..


വാല്‍ക്കഷ്ണം...റെയില്‍വെയ്ക്ക് കൊടുത്ത "സ്നേഹം".. അത്രയും തന്നെ, 'കോട്ടിനും'. അതായിരുന്നു "ഡീല്‍".



Thursday, September 29, 2011

ബൊമ്മക്കൊലു...ചില നവരാത്രി സ്മരണകള്‍...

44

                                                         നവരാത്രി മഹോല്‍സവം തുടങ്ങിയല്ലോ.....അപ്പോള്‍ അതിന്റെ പച്ചപിടിച്ച ഓര്‍മ്മകളും അരിച്ചരിച്ച് മനസ്സിലേക്ക് കടന്നു വരുന്നു....നവരാത്രിക്കാലത്ത് ബ്രാഹ്മണ കുടുംബങ്ങളില്‍ ആചരിക്കുന്ന  ഒന്നാണ് "ബൊമ്മക്കൊലു" വെയ്ക്കല്‍...ദേവീദേവന്മാരുടെ ചെറിയ പ്രതിമകള്‍ തട്ടു തട്ടായി അടുക്കി വെച്ച് , ഒന്‍പതു ദിവസം പൂജയും ഭജനയും ഒക്കെ ആയി...ദുര്‍ഗ്ഗാപൂജ എന്നാണ് പറയുക എങ്കിലും ലക്ഷ്മി, സരസ്വതി തുടങ്ങിയ ദേവിമാരും ഈ ദിവസങ്ങളില്‍ പൂജിക്കപ്പെടുന്നു...  ശിവ പാര്‍വതീ വിഗ്രഹങ്ങളും നടുക്ക് തന്നെ ഉണ്ടാവും..ഈ ദിവസങ്ങളില്‍ ബ്രാഹ്മണര്‍ പരസ്പരം ഗ്രിഹ   സന്ദര്‍ശനവും" കൊലു" കാണലും വിലയിരുത്തലും ഒക്കെ നടത്തിയിരുന്നു... എല്ലാവരും ഏറ്റവും നന്നായി കൊലു വെയ്ക്കാനും അലങ്കാരപ്പണികള്‍ ചെയ്യാനും മത്സരിച്ചിരുന്നു...ഇപ്പോഴും ഇതൊക്കെ ഉണ്ടാവാം..
                                                        എന്റെ താമസവും ഒരു  ബ്രാഹ്മണ കോളനിയുടെ സമീപത്ത് തന്നെ ആയിരുന്നു. കൊങ്കണിമാരുടെ ഒരു വലിയ ക്ഷേത്രവും അതിനെ ചുറ്റിപ്പറ്റി ധാരാളം ബ്രാഹ്മണ കുടുംബങ്ങളും..  തന്നെയല്ല , കളിക്കൂട്ടുകാരായും ക്ലാസ്‌ കൂട്ടുകാര്‍ ആയും ബ്രാഹ്മണ കുട്ടികള്‍ വേണ്ടുവോളം...അതില്‍ വിദ്യനും   വേണുവും വളരെ പ്രിയപ്പെട്ടവര്‍...എപ്പോഴും ഒന്നിച്ചുള്ള നടത്തം...വിദ്യന്‍ തമിഴ്  ബ്രാഹ്മണന്‍....വേണു കൊങ്കണി ബ്രാഹ്മണന്‍...പിരിയാത്ത കൂട്ട് പരസ്പരം വീടുകളിലേക്കും നീണ്ടു...ആദ്യമൊക്കെ എനിക്ക് ഭയമായിരുന്നു ഈ വീടുകളില്‍ പോകാന്‍ ..എല്ലാ രീതികളും വ്യത്യസ്തം...ശുദ്ധ സസ്യഭുക്കുകള്‍... പക്ഷെ തീണ്ടലും തൊടീലും ഒന്നും ഇല്ലായിരുന്നു...എവിടെ വരെ കയറി ഇറങ്ങാനും സ്വാതന്ത്ര്യം...അവരുടെ മാതാപിതാക്കള്‍ സ്വന്തം പോലെ എന്നെയും കണ്ടു...അല്ലെങ്കിലും സ്നേഹത്തിന് എന്തു ജാതി? എന്തു മതം? ഒരു വ്യത്യാസവും ഇല്ലാതെ  അവര്‍ എന്നെ സ്നേഹിച്ചു.....സ്വന്തം അച്ഛനും അമ്മയും സ്നേഹിക്കുന്നത് പോലെയുള്ള സ്നേഹം...എഴുതുമ്പോള്‍ കണ്ണ് നിറയുന്നു...നാല്പതു  വര്‍ഷങ്ങള്‍  കൊഴിഞ്ഞു വീണെങ്കിലും ഇന്നലത്തെ പോലെ ഓര്‍ക്കുന്നു..ഒരു പക്ഷെ സ്നേഹം  കാലാതീതമായ  ഒരു വികാരം ആയതുകൊണ്ടായിരിക്കാം ഇങ്ങനെ ...ഇതില്‍ പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് വര്‍ഷങ്ങള്‍ ആയി..എങ്കിലും ഓര്‍മ്മകള്‍ക്ക് ജരാനരകള്‍ ബാധിക്കില്ലല്ലോ..അതിന് എന്നും പതിനാറു വയസ്സ് തന്നെ..
                                                         ഇവരുടെ ഒരു പ്രത്യേകത ഞാന്‍ കണ്ടത്, ഇവര്‍ ശാരീരിക അധ്വാനം ആവശ്യമുള്ള ഒരു ജോലിയും ഏറ്റെടുക്കില്ല എന്നതാണ്...എന്നാല്‍ ബാങ്ക്, ഇന്‍ഷുറന്‍സ്‌ തുടങ്ങിയ മേഖലകളില്‍ ഇവര്‍ അഗ്രഗണ്യര്‍ ആണ് താനും...തികച്ചും സാധുക്കള്‍ ...ഒരു വഴക്കോ വയ്യാവേലിയോ ഒന്നും തന്നെ ഇവരുമായി ബന്ധപ്പെട്ട് ഉണ്ടാവാറില്ല...തികച്ചും വിശ്വസ്തര്‍...ചതിവും വഞ്ചനയും ഒന്നും അറിയില്ല...അതുകൊണ്ട് തന്നെ ഒരു പക്ഷെ അവരുടെ കുറച്ചെങ്കിലും ഗുണങ്ങള്‍ സ്വായത്തമാക്കാന്‍ എനിക്കും കഴിഞ്ഞു...അത് മുന്നോട്ടുള്ള ജിവിതത്തില്‍ പല തരത്തിലും എനിക്കും  പ്രയോജനം ചെയ്തു...കൂടാതെ കൊങ്കണി ഭാഷയും  അത്യാവശ്യം തമിഴ് ഭാഷയും സംസാരിക്കാനും പഠിച്ചു...ആദ്യമാദ്യം  കേള്‍ക്കുമ്പോള്‍  തികച്ചും വിഷമം ഉണ്ടാക്കിയിരുന്ന പല വാക്കുകളും അതിന്റെ അര്‍ഥം മനസ്സിലായപ്പോള്‍ വായില്‍ ഐസ് ക്രീം പോലെ അലിഞ്ഞു...ഇപ്പോള്‍ ഞാന്‍  കൂടുതല്‍ കേള്‍ക്കുന്നത് തുളു, കന്നഡ പിന്നെ അത്യാവശ്യം ഹിന്ദിയും...കടലോളം ആഴമുള്ള ഭാഷകള്‍ പലതും..തീരത്ത് കല്ലെടുക്കാന്‍ ശ്രമിക്കുന്ന തുമ്പിയെപ്പോലെ ഞാനും..
                                                      ബൊമ്മക്കൊലു ആദ്യം വിദ്യന്റെ  വീട്ടില്‍ ഒരുക്കും... ദിവസ്സങ്ങള്‍ നീളുന്ന തയ്യാറെടുപ്പിന്റെ പരിസമാപ്തി...അപ്പോള്‍ വേണുവിന് അതിലും നന്നായി കൊലു ഒരുക്കണം...ആരോഗ്യകരമായ ഒരു മല്‍സരം...വര്‍ണ്ണക്കടലാസ്‌ കൊണ്ടുള്ള തോരണങ്ങള്‍..പിന്നെ വര്‍ണവൈവിദ്യം വിതറുന്ന വൈദ്യുത ദീപാലങ്കാരം..എല്ലാ ഒരുക്കങ്ങൾക്കും ഞാനും കൂടും....തട്ടുകള്‍ ഒരുക്കി ബൊമ്മകള്‍ നിരത്തുന്നത് മുതല്‍ അലങ്കാരങ്ങള്‍ വരെ..   എന്റെ ചങ്ങാതിമാര്‍ എല്ലാ സഹായവും ആയി കൂടെത്തന്നെ ഉണ്ടാവും....അന്നത്തെ എന്റെ പരിമിതമായ അറിവ് വെച്ച് കൊണ്ടാണ് എന്റെ ഹീറോ കളി...വയറിംഗ് എല്ലാം എന്റെ വക...എന്നാലും അവസാനം നവരാത്രി തുടങ്ങിക്കഴിയുംപോള്‍ ദീപ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന കൊലു  ഒരു കാഴ്ച തന്നെ ആണ്...അപ്പോഴേക്കും മറ്റു വീടുകളിലെ വിശേഷങ്ങള്‍ വന്നു തുടങ്ങും..ഓരോ വര്‍ഷവും ഓരോ തരത്തില്‍ ആയിരിക്കുംവിതാനങ്ങള്‍...പോപ്പിക്കുടയും ജോണ്സ് കുടയും മോഡല്‍ മാറ്റുന്നത് പോലെ..  മറ്റു വീടുകളിലെ മുന്തിയ വിതാനങ്ങള്‍ കണ്ടിട്ട്  ഞങ്ങളും മോടി കൂട്ടിക്കൊണ്ടിരിക്കും..ഈ മോടി കൂട്ടല്‍ അവസാന ദിവസം വരെ തുടരും...കൂടാതെ സംഗീത സാന്ദ്രമായ സായാഹ്നങ്ങള്‍...അതും തമിഴ് , കൊങ്കണി ഗാനങ്ങള്‍...കീര്‍ത്തനങ്ങള്‍..  സ്ത്രീകളാണ് എല്ലാറ്റിനും മുന്നില്‍...പൂജയ്ക്കായാലും സംഗീതത്തിന് ആയാലും അവര്‍ തന്നെ...പിന്നെ, വരുന്നവര്‍ മധുര പലഹാരങ്ങള്‍ കൊണ്ട് വരും...ഞങ്ങള്‍ കുട്ടികള്‍ക്ക് ആമോദം തന്നെ...ഈ ദിനങ്ങളില്‍...
               അങ്ങനെ മഹാനവമി നാളില്‍ എല്ലാവരും പഠിക്കുന്ന പുസ്തകങ്ങള്‍ എല്ലാം അടുക്കി പൂജയ്ക്ക് വെയ്ക്കും...ഞാനും പിന്നോട്ട് മാറില്ല... ഒരു ദിവസം പഠിക്കേണ്ടല്ലോ..കാരണം പുസ്തകം  പൂജ വെച്ചിരിക്കുക അല്ലെ?? വിജയ ദശമി നാളില്‍ പൂജയ്ക്ക് ശേഷം മാത്രമേ പുസ്തകം എടുത്തു തുറക്കുകയുള്ളൂ..
                                                             വിജയ ദശമി നാളില്‍ ആണ് കുഞ്ഞുങ്ങളെ എഴുത്തിന് ഇരുത്തുന്നത്. അതും വീട്ടിലെ മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളെ മടിയില്‍ പിടിച്ചിരുത്തി സ്വര്‍ണ്ണം കൊണ്ട് നാവില്‍ ...ഹരി..ശ്രീ..ഗണപതയെ..നമ: അവിഘ്ന  മസ്തു:...ഇപ്പോഴും ഓര്‍ക്കുന്നു...പക്ഷെ ഇന്ന് ഈ ചടങ്ങും കമ്പോള വല്ക്കരിക്കപ്പെട്ടു കഴിഞ്ഞു...ഇപ്പോള്‍ വീട്ടില്‍ "എഴുതിക്കല്‍" കുറവായി... ക്ഷേത്രങ്ങളിലേക്കും പള്ളികളിലെക്കും പിന്നെ പത്രം ആപ്പീസുകളിലെക്കും മാറി ഈ "എഴുത്ത്" ചടങ്ങ്...ആനയും അമ്പാരിയും ഒക്കെ ആയി...പ്രശസ്തരെ കൊണ്ട് മക്കളെ ആദ്യാക്ഷരം കുറിപ്പിക്കാന്‍ ഇന്ന് മാതാപിതാക്കള്‍ നെട്ടോട്ടം ആണ്...നിരന്നിരിക്കുന്ന "എഴുത്തുകാരുടെ" മുന്‍പില്‍ കുഞ്ഞുങ്ങളും ആയി ക്യു നില്‍ക്കുക...എഴുതി എഴുതി കുഴഞ്ഞ എഴുത്തുകാര്‍ കരഞ്ഞു കീറുന്ന കുഞ്ഞുങ്ങളുടെ നാക്കില്‍ എന്തെങ്കിലും ഒക്കെ  എഴുതി എന്ന് വരുത്തും...ഒരു ചടങ്ങ് പോലെ...ഒരു ആത്മാവില്ലാത്ത ചടങ്ങായി മാറി ഇതും...മറ്റു പലതിലും സംഭവിച്ചത് പോലെ ആത്മാവില്ലാത്ത കാട്ടിക്കൂട്ടലുകള്‍....
                                                                    എല്ലാം പൊയ്പ്പോയ നല്ലകാലത്തിന്റെ സ്വര്‍ണ്ണ സ്മരണകള്‍...ഇങ്ങിനി വരാത്ത വണ്ണം അകന്നു പോയ ആ കാലത്തിന്റെ ഓര്‍മ്മകള്‍ തന്നെ മനസ്സില്‍ ഒരു ഉത്സവം ഒരുക്കാന്‍ ധാരാളം...
                                                       

Wednesday, September 14, 2011

മാവേലിയുടെ ഓണഡയറിക്കുറിപ്പ്...

43

                                                                           എല്ലാ വര്‍ഷത്തെയും പോലെ നാം  സമയത്ത് തന്നെ എഴുന്നെള്ളി....പ്രജാ ക്ഷേമ തല്‍പ്പരനായ നമ്മുടെ   സേവനം ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്ന പ്രയാസം തീര്‍ക്കാന്‍...പാതാളത്തില്‍ നിന്നും  എത്താന്‍  വൈകിയില്ല..കാരണം എഴുന്നെള്ളത്ത്  ലിഫ്റ്റില്‍ ആയിരുന്നു...അല്ലാതെ തീവണ്ടിയിലോ  വിമാനത്തിലോ ആയിരുന്നില്ല...ആയിരുന്നെങ്കില്‍ ചിലപ്പോള്‍ ചതയത്തിനു പോലും എത്താന്‍ കഴിയില്ലായിരുന്നു...റോഡു വഴി ആയിരുന്നെങ്കില്‍ അടുത്ത ഓണത്തിന് ഒരു പക്ഷെ എത്തുമായിരിക്കും..അപ്പോള്‍ ഈ ഓണം...എന്തായാലും എത്തിയല്ലോ...സന്തോഷം ആയി..  നമ്മുടെ  ഭരണ കാലത്ത് ഉണ്ടാവട്ടെ എന്ന് കല്പ്പിച്ചാല്‍ ഉണ്ടാവുമായിരുന്നു...ഇപ്പോള്‍ ഉണ്ടാവട്ടെ എന്ന്  ആരെങ്കിലും കല്പ്പിച്ചാല്‍ ഉണ്ടാവില്ല എന്ന് മാത്രം അല്ല, പിന്നെ സുപ്രീം കോടതി വരെ കയറി ഇറങ്ങി, കൊച്ചി മെട്രോ പോലെ, ഡല്‍ഹി മെട്രോയുടെ പടവും കണ്ട് ഇരിക്കേണ്ടി വരും..ആജീവനാന്തം...അതെ,കൊല്ലം ബൈപാസ്‌ പോലെ...ആലപ്പുഴ ബൈപാസ് പോലെ...മലബാറിലെ എണ്ണിയാല്‍ ഒടുങ്ങാത്ത റെയില്‍വേ  മേല്‍പ്പാലങ്ങള്‍ പോലെ...
                                                                             ഏറ്റവും സങ്കടം ഉള്ള കാര്യം ഇതൊന്നും അല്ല..നമ്മുടെ  നാട്ടുകാര്‍ നമ്മെപ്പറ്റി  എന്താണ്  ധരിച്ചു വെച്ചിരിക്കുന്നത്..നാം  വെറും പഴഞ്ചന്‍ വിഡ്ഢി വേഷം കെട്ടി നടക്കുന്ന പമ്പരവിഡ്ഢി ആണെന്നോ?? ആ വേഷം ഒക്കെ നാം  എന്നേ ഉപേക്ഷിച്ചു..നമുക്ക്  നാട്ടുകാരെ കാണാന്‍ അല്ലാതെ , സംസാരിക്കാന്‍ അവകാശവും ഇല്ലല്ലോ..അല്ലെങ്കില്‍ പറയാമായിരുന്നു..എനിക്കിപ്പോള്‍ കുടവയര്‍ ഇല്ലെന്നും ഓലക്കുട എന്നേ ഉപേക്ഷിച്ചു എന്നും..പിന്നെ വിരല്‍ വണ്ണം ഉള്ള പൂണ് നൂലും ..നൂറു തോല തൂക്കമുള്ള മാലയും ...വളയും..തളയും...നമുക്ക് ചിരി വരുന്നു..
                                                                                                                       ഈ വേഷത്തില്‍ നാം  എഴുന്നെള്ളിയിരുന്നു.....പതിറ്റാണ്ടുകള്‍ക്കു  മുന്‍പ്...അന്ന് നമ്മുടെ  പ്രജകള്‍ ഉടുതുണിക്ക് മറുതുണി ഇല്ലാതെ കഷ്ട്ടപ്പെടുന്ന കാലം...അന്ന് ഈ പറഞ്ഞ വേഷഭൂഷാതികളോടെ വരുന്ന നമ്മെ   പ്രജകള്‍ വണങ്ങിയിരുന്നു. ഇന്നിപ്പോള്‍ നമ്മെക്കാള്‍  കൂടുതല്‍ സ്വര്‍ണം നമ്മുടെ  പ്രജകള്‍ അണിയുന്നു...പട്ടിനെക്കാള്‍ വിലപിടിപ്പുള്ള ഉടുപ്പുകെട്ടുകളും...പിന്നെ നാം  മാത്രം എന്തിനു പഴയ രൂപത്തില്‍ ..തന്നെ അല്ലാ..ഒരിക്കല്‍ ഓണത്ത്തലേന്നു  രാത്രി തന്നെ എഴുന്നെള്ളിയ നമ്മെ തട്ടിപ്പ് കേസ്‌ ആണെന്ന് പറഞ്ഞു പോലീസുകാര്‍ വിരട്ടിയതും ആണ്... അന്ന് അകത്താകാഞ്ഞത് ഭാഗ്യം..എന്തിനു വെറുതെ വയ്യാവേലി വലിച്ചു തലയില്‍ വെയ്ക്കണം...നമ്മുടെ  പഴയ വേഷം നാം ആണ്ടില്‍ ഒരിക്കല്‍ ഓണനാളില്‍ ഇവിടെ എത്തുമ്പോള്‍  മാത്രം ആണ്  കാണുന്നത്...ഗൃഹാതുരത്വം ഉണര്‍ത്തുന്ന കാഴ്ച... നമ്മുടെ  പ്രജകള്‍ക്കു പാതാളത്തില്‍ പ്രവേശനം ഇല്ലാത്തത് ഭാഗ്യം..അല്ലെങ്കില്‍ പാതാള വേഷം ഇവിടെയും ആയേനെ...ഇപ്പോള്‍ ചായക്കടകള്‍ വരെ നമ്മെ  എടുത്തിട്ട് അലക്കുക അല്ലെ??നല്ല രസത്തോടെ നാം  നോക്കി നില്‍ക്കും...നമ്മുടെ  വരവിന്റെ ആഘോഷം...പൂക്കളങ്ങള്‍ കണ്ടു..ചെത്തി , മന്ദാരം , മുക്കുറ്റി...തുമ്പ ..ഇതൊക്കെ പഴയ കഥ...നമുക്ക് അറിവില്ലാത്ത പൂക്കള്‍ കൊണ്ട് പൂക്കളങ്ങള്‍... ആഘോഷം അങ്ങാടിയില്‍ പൊടിപൊടിക്കുന്നു..      സ്വര്‍ണ്ണക്കടകളില്‍...തുണിക്കടകളില്‍...വണ്ടിക്കടകളില്‍...ടീവീക്കടകളില്‍...ഹോ...അന്യ സംസ്ഥാനക്കാര്‍ വര്‍ഷം മുഴുവന്‍ ഉണ്ടാക്കി കൂട്ടിവെയ്ക്കുന്ന എല്ലാ സാധന സാമഗ്രികളും നമ്മുടെ  പ്രജകള്‍ നിമിഷം കൊണ്ടല്ലേ  വാങ്ങി കൂട്ടുന്നത്‌...ഉപ്പ് തൊട്ടു കര്‍പ്പൂരം വരെ എല്ലാം അന്യ സംസ്ഥാനങ്ങളില്‍ നിന്ന്...അഹോ..ഭയങ്കരം...നല്ല പള പളാന്നു മിന്നുന്ന കടകള്‍..രാത്രി പകലായത് പോലെ...കറന്റ് ധാരാളം..വ്യവസായങ്ങള്‍  ഒന്നും ഇല്ലാത്തത് കൊണ്ട്  കറന്റിന് ഒരു പഞ്ഞവും ഇല്ല...ഹായ്...നല്ല രസം..
                                                                               പകല്‍ പെണ്‍പ്രജകളുടെ  ക്യു...ന്യായവിലക്കടകളില്‍... പകലും രാത്രിയും ആണ്‍ പ്രജകളുടെ  ക്യു...സര്‍ക്കാരിന്റെ മദ്യം വാങ്ങാന്‍...അച്ചടക്കം കാണാന്‍ കിട്ടുന്ന അപൂര്‍വ രംഗങ്ങള്‍...എന്തൊരു ക്ഷമ...സമ്മതിക്കണം...ഒത്തൊരുമ ഇവിടെ  എങ്കിലും കാണാന്‍ കഴിയുന്നുണ്ട്..  നമ്മുടെ  പേരില്‍ ആണ് ഏറ്റവും കൂടുതല്‍ മദ്യം അകത്താക്കുന്നത് മിടുക്കന്മാര്‍...മിടുക്കികളും?   നാടിനെ താങ്ങി നിര്‍ത്തുന്നത് ഇവരാണ്...നമ്മോട്    ആണ്ടില്‍ രണ്ടു പ്രാവശ്യം എങ്കിലും എഴുന്നെള്ളു എന്ന്  സര്‍ക്കാര്‍ അഭ്യര്‍ഥിക്കും എന്ന് തോന്നുന്നു..ഈ പോക്ക് പോയാല്‍...ഇനി ഇത് കഴിഞ്ഞാല്‍ ഷോപ്പിംഗ്‌ മാമാങ്കം തുടങ്ങുക ആയി...രാജസ്ഥാന്കാര്‍ അശുഭം ആയി കാണുന്ന മാര്‍ബിള്‍ നമ്മുടെ പ്രജകള്‍ക്കു  പ്രിയംകരം...  നമ്മുടെ  പ്രജകളുടെ കയ്യില്‍ അവശേഷിക്കുന്ന അവസാനത്തെ ചില്ലിപ്പൈസയും അതിര്‍ത്തി  കടക്കുന്നത് വരെ ഇത് തുടരും...കാണം വിറ്റും ഓണം ഉണ്ണണം എന്ന് പണ്ടാരോ പറഞ്ഞത് അന്വര്‍ത്ഥമാക്കുന്ന ഇപ്പോഴത്തെ തലമുറ.. ഇപ്പോള്‍ വന്നു വന്ന് നമ്മുടെ  പ്രജകളില്‍ നല്ലൊരു ഭാഗം  അന്യ നാട്ടിലും അന്യ നാട്ടുകാര്‍ ഇവിടെയും  എന്ന അവസ്ഥ ആയി...  നമ്മെ  അറിയുന്നവര്‍ കുറഞ്ഞു വരുന്നു എന്ന് തോന്നുന്നു...നാട്ടുകാര്‍ മറന്നാലും അന്യനാട്ടിലെ കച്ചവടക്കാര്‍ നമ്മെ മറക്കില്ല.....അതൊരു നല്ല കാര്യം...
                                                 നാം   സമൃദ്ധമായി   ഓണം ഉണ്ടു  ...ഹോട്ടലില്‍...പലേടത്തും നോക്കി എങ്കിലും സ്വന്തം  വീട്ടില്‍ ഇപ്പോള്‍ സദ്യ ഒരുക്കുന്നവര്‍  കുറവ്.....സമൃദ്ധമായ സദ്യ കഴിഞ്ഞു വെളിയില്‍ വന്നപ്പോള്‍ ആംബുലന്‍സുകള്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്നു...മദ്യം വാങ്ങി കുടിച്ചവര്‍ ആഘോഷമായിട്ടു ആശുപത്രികളിലേക്ക്...വീണും ഒടിഞ്ഞും ചതഞ്ഞും...ആശുപത്രികള്‍ക്കും ആഘോഷം...   തൃശൂരിലെ പുലികളി കണ്പാര്‍ത്തു.....കൊള്ളാം...നല്ല രസം..ഇന്നലെ സര്‍ക്കാരിന്റെ വക ഘോഷയാത്ര..അങ്ങ് തിരുവന്തോരത്ത്...നമ്മുടെ  പഴയ വേഷം കെട്ടിയ പ്രജ എല്ലാവര്‍ക്കും മംഗളം നേരുന്നു...നാം  ആള്‍ക്കൂട്ടത്തിന് ഇടയില്‍..ആരാലും തിരിച്ചറിയപ്പെടാതെ ....ഇത് തന്നെ നല്ലത്...അല്ലെങ്കിലും ആയിരക്കണക്കിനു മാവെലിമാര്‍ കിടന്നു പുളയ്ക്കുന്ന ഇടത്ത് നമുക്കെന്തു കാര്യം...നാമാണ്  സാക്ഷാല്‍ മാവേലി എന്നെങ്ങാനും  പറഞ്ഞാല്‍ പിന്നെ അത് മതി കേസിനും കൂട്ടത്തിനും...  അങ്ങനെ ഇക്കൊല്ലത്തെ ഓണം കഴിഞ്ഞു...നാം  യാത്ര ആവുന്നു... എല്ലാ പ്രജകള്‍ക്കും നന്‍മകള്‍ നേര്‍ന്നു കൊണ്ട്...

Wednesday, August 10, 2011

അരങ്ങ് ഒഴിയുന്ന പോസ്റ്റ്‌ ഓഫീസുകള്‍.

38

                  
      മറയുന്ന പോസ്റ്റ്‌  ഓഫിസുകൾ 
                           കഴിഞ്ഞ ഒന്നര നൂറ്റാണ്ടോളം ആയി നമ്മുടെ കൂടെ ഉണ്ടായിരുന്ന പോസ്റ്റ്‌ ഓഫീസുകള്‍ തങ്ങളുടെ ദൌത്യം കഴിഞ്ഞെന്ന പോലെ തിരോധാനം ചെയ്യുകയാണ്...സ്വകാര്യ കൊറിയര്‍ കമ്പനികളുടെ തള്ളിക്കയറ്റത്തിനു മുന്‍പില്‍ ഊര്‍ധശ്വാസം വലിച്ചു കൊണ്ടുള്ള      ഈ  പോക്ക്  അവസാനിക്കുകയാണ് ... വീഴുന്നതിനു പുറമേ ഒരു ഉന്ത് കൂടി എന്ന് പറഞ്ഞത് പോലെ ,കഴിഞ്ഞ  ദശാബ്ദത്തിലെ മൊബൈല്‍ ഫോണിന്റെ അതിശീഘ്രമായ വ്യാപനവും ഈ പതനത്തിനു ആക്കം കൂട്ടി. പത്തു വര്‍ഷം മുന്‍പ് വരെ നമ്മുടെ ജീവിതത്തില്‍ ഒരു സുപ്രധാന സ്ഥാനമാണ് പോസ്റ്റ്‌ ഓഫീസുകള്‍ക്ക് ഉണ്ടായിരുന്നത്...നമ്മുടെ ചിരിയിലും കരച്ചിലിലും സന്തോഷത്തിലും സന്താപത്തിലും എല്ലാം ഇത് നമ്മോടൊപ്പം ഉണ്ടായിരുന്നു...

അനതിവിദൂരമല്ലാത്ത ഒരു കാലം... ...മൊബൈല്‍ പോയിട്ട് ലാന്‍ഡ്‌ ഫോണ്‍ പോലും വിരളം ആയിരുന്ന അക്കാലം...കത്തുകള്‍ മാത്രം കൊണ്ട് ആശയവിനിമയം നടന്നിരുന്ന കാലം...സന്തോഷവും സന്താപവും പ്രേമവും സ്വപ്നങ്ങളും ഉദ്യോഗ അറിയിപ്പുകളും പേറി നാടിന്റെ മാറിനെ പിളര്‍ന്നു കൊണ്ട് പാഞ്ഞു നടന്നിരുന്ന പോസ്റ്റ്‌ മാന്മാര്‍... അര നൂറ്റാണ്ടു മുന്‍പ്, എഴുത്ത് അറിയാത്ത ഉമ്മയ്ക്ക് വേണ്ടി ആഴ്ചയില്‍ രണ്ടുവട്ടം ഉമ്മയുടെ സഹോദരിമാര്‍ക്ക് കത്തുകള്‍ എഴുതിയത് ഇന്നലത്തെ പോലെ ഓര്‍ക്കുന്നു..."എനിക്ക് എത്രയും പ്രിയപ്പെട്ട ഇത്തിത്ത അറിയുന്നതിന്"...എപ്പോഴും തുടക്കം ഇങ്ങനെ തന്നെ ആയിരിക്കും... "ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ".." അവിടെയും അപ്രകാരം എന്ന് വിശ്വസിക്കുന്നു"...ഒടുക്കം ഇങ്ങനെയും...വെറും പതിനഞ്ചും ഇരുപതും കിലോമീറ്റര്‍ മാത്രം ദൂരെയുള്ള സ്ഥലങ്ങളിലേക്കാണ് ഈ കത്തുകള്‍...ഇന്നോര്‍ക്കുമ്പോള്‍ തമാശ പോലെ തോന്നുന്നു...മറുപടി വരുന്ന കത്തുകള്‍ വായിച്ചു കേള്‍പ്പിക്കേണ്ട ചുമതലയും എനിക്കായിരുന്നു...അതിന്റെയും തുടക്കവും ഒടുക്കവും അങ്ങോട്ട്‌ പോകുന്നതിന്റെത് തന്നെ...വളരെ കാലം ഇത് തുടര്‍ന്നു വന്നു...അന്നൊക്കെ പോസ്റ്റ്‌മാനെ കാണാത്ത ദിനങ്ങള്‍ ചുരുക്കം...ഓരോ പോസ്റ്റുമാനും അയാളുടെ പ്രദേശത്തെ ഓരോ വീടുകളിലെയും ഒരു അംഗത്തെ പ്പോലെ ആയിരുന്നു..ദിവസവും അയാള്‍ക്ക്‌ ഉത്സവം പോലെ ആയിരുന്നു..ഏതെന്കിലും വീട്ടില്‍ എന്തെങ്കിലും വിശേഷം ഇല്ലാത്ത ദിവസങ്ങള്‍ കുറവ്...പോസ്റ്റ്മാന്‍ സ്ഥിരം ക്ഷണിതാവും...ആ പോസ്റ്റ്മാനെ ഇപ്പോള്‍ കാണുന്നത് മാസത്തില്‍ ഒരിക്കല്‍ ഫോണ്‍ ബില്ലുമായി... ഇനി അതും ഓൺലൈൻ ആയാൽ  അതും നിലയ്ക്കും...

ജനജീവിതത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയിരുന്ന ഒരു സ്ഥാപനമാണ് ഇല്ലാതാവാന്‍ പോകുന്നത്..ഭാരത സര്‍ക്കാരിന് രാജ്യത്തിന്റെ മുക്കിലും മൂലയിലും ഉള്ള ജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള ഏറ്റവും നല്ല ഒരു ഉപകരണം ആയിരുന്നു പോസ്റ്റ്‌ ഓഫീസുകള്‍...ഇതിനു പുതു ജീവന്‍ നല്‍കാന്‍ സര്‍ക്കാര്‍ പല പദ്ധതികളും ആവിഷക്കരിച്ചു എങ്കിലും ഒന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല...അവസാനം പ്രതീക്ഷിച്ച സ്വാഭാവിക മരണം...അത് അല്ലെങ്കിലും അങ്ങനെയേ ആകാന്‍ തരമുള്ളൂ...വിവരവിനിമയം ഒരു വിരല്‍തുമ്പില്‍ ഒതുങ്ങുമ്പോള്‍ ആരാണ് കത്തെഴുതാനും മറ്റും മിനക്കെടുന്നത്?

പക്ഷെ കത്തെഴുത്തിനും ഉണ്ടായിരുന്നല്ലോ ഒരു സുവര്‍ണ്ണ കാലം...നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാര്‍ സംവദിച്ചിരുന്നത് കൂടുതലും എഴുത്തിലൂടെ അല്ലെ...സാക്ഷാല്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ ഒരു കത്തെഴുത്ത് വിരുതന്‍ ആയിരുന്നു...അദ്ദേഹവും ലളിതാംബികാ അന്തര്‍ജ്ജനവും തമ്മിലുണ്ടായിരുന്ന കത്തിടപാടുകള്‍ വളരെ പ്രസിദ്ധം ആണ്...ഇപ്പോള്‍ അത് പുസ്തകരൂപത്തിലും ഇറങ്ങിയിട്ടുണ്ട്...അദ്ദേഹം ജയിലില്‍ നിന്നായിരുന്നു കൂടുതലും കത്തുകള്‍ എഴുതിയത്...അതുപോലെ നെഹ്രുവ്ന്റെ "ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍" . അങ്ങനെ എത്ര വേണമെങ്കിലും ഉദാഹരണങ്ങള്‍... അധികം താമസം ഇല്ലാതെ പ്രവര്‍ത്തനം നിര്‍ത്തുന്ന ഏതാണ്ട് പതിനായിരത്തോളം വരുന്ന ഗ്രാമീണ പോസ്റ്റ്‌ ഓഫീസുകള്‍ , ഗ്രാമീണ ജനതയെ വിവര വിനിമയ രംഗത്ത് നിന്ന് നിഷ്ക്കാസനം ചെയ്യുക തന്നെ ചെയ്യും...അങ്ങനെ, ഒന്നര നൂറ്റാണ്ടു മുന്‍പ് അരമണിയും വെള്ളിവടിയും കൊണ്ട് ഓടിത്തുടങ്ങിയ അഞ്ചലോട്ടക്കാരന്‍, ആധുനിക കാലത്ത് , പോസ്റ്റ്‌ മാന്റെ രൂപത്തില്‍ കിതച്ചു വീഴുമ്പോള്‍ ചരിത്രത്തിന്റെ പിന്നാമ്പുറത്തെക്ക് തള്ളപ്പെടുന്നത് ഗ്രാമീണ ഭാരതത്തിന്റെ നെടു വീര്‍പ്പുകള്‍ കൂടി ആണ്..

ഷാനവാസ്‌.
(ഇത് 10 വർഷം മുൻപ് എഴുതിയതാണ് )

Thursday, July 28, 2011

അങ്ങനെ നാട്ടിലേക്ക് മടക്കം..

38

കുടുംബസമേതമുള്ള എന്റെ നീണ്ട പത്തു വര്‍ഷത്തെ പ്രവാസം അവസാനിപ്പിക്കാന്‍ തീരുമാനം ആയി. നാട്ടില്‍ സ്വന്തമായി ഒരു ചെറുകിട വ്യവസായ സ്ഥാപനം തുടങ്ങാനും. അതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങി വെച്ചിരുന്നു. മൂത്ത മകള്‍ ഇനി പത്താം ക്ലാസിലേക്കാണ്. മക്കളുടെ ജനനം കൊരട്ടിയില്‍ ആയിരുന്നു എങ്കിലും മൂത്ത മകളുടെ പ്രാരംഭ വിദ്യാഭ്യാസം ഒഴിച്ച് ബാക്കി എല്ലാം മധ്യ പ്രദേശിലും മഹാരാഷ്ട്രയിലെ , ഓറഞ്ച് സിറ്റി എന്നറിയപ്പെടുന്ന നാഗ്പൂരിലും ആയിരുന്നു...ഹിന്ദിയിലും മറാത്തിയിലും നിന്ന് കേരളത്തിലേക്കും അങ്ങനെ മലയാളത്തിലേക്കും ഒരു മടക്കം...

കാലം 2001 ജൂണ്‍ മാസം...നാഗ്പൂരിനു അടുത്തുള്ള കാംപ്ടി നഗരത്തിലെ കേന്ദ്രീയ വിദ്ധ്യാലയത്തില്‍ നിന്നും മക്കളുടെ ടീസീ വാങ്ങിച്ചു..അതിനു മുന്‍പ് നാട്ടിലെ ഞാന്‍ പഠിച്ച സ്കൂളിന്റെ സീ.ബി.എസ.ഇ . വിഭാഗത്തില്‍ പ്രവേശനം ഉറപ്പാക്കിയിരുന്നു...ആലപ്പുഴ എസ്.ഡി.വി.സ്കൂള്‍...എം.കെ.സാനു മാഷും കെ.പി.അപ്പന്‍ മാഷും തുടങ്ങി മലയാള സാഹിത്യ തറവാട്ടിലേക്ക് പല മഹാ പ്രതിഭകളെയും സംഭാവന ചെയ്ത , അധ്യാപനത്തില്‍ നൂറു മഹനീയ വര്‍ഷങ്ങള്‍ പിന്നിട്ട, എന്റെ സ്കൂള്‍...പിന്നെ എന്റെ സ്വന്തം ആലപ്പുഴ...ഇരുന്നൂറു വര്‍ഷങ്ങളോളം തിരുവതാംകൂറിന്റെ തിലകക്കുറി ആയി പരിലസിച്ചിരുന്ന നാട്...ജില്ലയുടെ കണ്ണായ ഭാഗങ്ങള്‍ ആയിരുന്ന തിരുവല്ലയും പന്തളവും ഒക്കെ പത്തനംതിട്ട ജില്ല കൊണ്ടുപോയി കഴിഞ്ഞപ്പോള്‍ , രാമായണത്തിന് അടയാളം വെയ്ക്കുന്ന നാട പോലെ അരൂര്‍ നിന്നും ഓച്ചിറ വരെ നീളുന്ന ഏറ്റവും ചെറിയ ജില്ല...വികസനം എത്തിനോക്കിയിട്ടില്ലാത്ത നഗരം...ഒരു കാലത്ത് വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ കൊണ്ട് , സമ്പത്ത് കൊണ്ട് ,വീര്‍പ്പു മുട്ടിയിരുന്ന നഗരം...നന്കൂരമിടാന്‍ കാത്തു നിന്നിരുന്ന കപ്പലുകള്‍...ഇന്നെല്ലാം ഓര്‍മ്മകള്‍...ഗത കാല സ്മരണകളും ആയി നില്‍ക്കുന്ന കടല്‍ പാലത്തിന്റെ അവശിഷ്ടങ്ങള്‍...ഇപ്പോഴും മുനിഞ്ഞു കത്തുന്ന ലൈറ്റ്‌ ഹൗസ്‌...കഴിഞ്ഞ നാല്പതു വര്‍ഷങ്ങളായി പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണി തീരാത്ത ആലപ്പുഴ ബൈപാസ്‌....ആകെ പണിയേണ്ടത് ആറു കിലോമീറ്റര്‍...അതിനിടയ്ക്ക് റെയില്‍ വന്നു... പണ്ടേ ദുര്‍ബല പിന്നേ ഗര്‍ഭിണി എന്ന പോലെ ഈ ആറു കിലോമീറ്ററിനു കുറുകെ രണ്ടു റെയില്‍ ക്രോസ്...ഇനി അതിനു മേല്‍പാലം വേണം.. പോരെ പൂരം...ഈ ജന്മത്ത് ഈ ബൈ പാസ്സിലൂടെ വണ്ടി ഓടുമെന്ന് തോന്നുന്നില്ല...

ഉദ്യോഗ സംബന്ധമായി വീട് മാറ്റവും നാട് മാറ്റവും എന്റെ പതിവായിരുന്നത് കൊണ്ട് ഭാര്യ നേരത്തെ തന്നെ വീട്ടു സാധനങ്ങളുടെ പാക്കിംഗ് ഏതാണ്ട് തീര്‍ത്തിരുന്നു...മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് തന്നെ ലോറി എത്തി. എല്ലാ സാമാനങ്ങളും, ലൊട്ടു ലൊടുക്ക് ഉള്‍പ്പെടെ , ഭംഗിയായി ലോറിയില്‍ അടുക്കി...ചെടിച്ചട്ടികള്‍ പോലും നല്ല കരവിരുതോടെ അടുക്കി വെച്ചു..നൂറ്റി അമ്പതു രൂപയ്ക്ക് ഇത് കഴിഞ്ഞു...ഇനി ലോറി, യാത്ര തുടങ്ങുകയായി..ഏകദേശം രണ്ടായിരം കിലോ മീറ്റര്‍ അകലേയ്ക്കു..നാല് ദിവസം എങ്കിലും എടുക്കും എന്ന് ലോറിക്കാര്‍ പറഞ്ഞു...ഞാന്‍ കുടുംബവും ആയി അന്ന് തന്നെ തീവണ്ടിയില്‍ നാട്ടിലേക്കു തിരിച്ചു...കഴിഞ്ഞ പത്തു വര്‍ഷവും ഇടവേളകളില്‍ നാടുമായുള്ള സമ്പര്‍ക്കം നിലനിര്‍ത്തിയത്, ഒരിക്കലും കൂട്ടി മുട്ടാത്ത റെയിലുകള്‍ക്ക് മുകളിലൂടെ ഇഴയുന്ന ഈ തീവണ്ടികള്‍ ആയിരുന്നല്ലോ...രാജ്യത്തിന്റെ ഏതു ഭാഗത്ത്‌ ആയിരുന്നാലും പൊക്കിള്‍ കൊടി പോലെ നമ്മെ പിന്തുടരുന്ന റെയിലുകള്‍... 36 മണിക്കൂറിനു ശേഷം തീവണ്ടി ഞങ്ങളെ നാളികേരത്തിന്റെ നാട്ടിലുള്ള നാഴി ഇടങ്ങഴി മണ്ണിലേക്ക് എത്തിച്ചു... ഇനി ഇവിടെ തന്നെ ശിഷ്ട കാലം...നേരത്തേ തന്നെ വീട് ഒക്കെ റെഡി ആക്കി ഇട്ടിരുന്നത് കൊണ്ട് ഒരു പറിച്ചു നടല്‍ വലിയ വിഷമം ഉണ്ടാക്കിയില്ല...സസ്യ ശ്യാമള കോമളമായ ഒരു ചുറ്റുപാടില്‍ ഒരു ഇടത്തരം ഭവനം...റോഡരികില്‍ തന്നെ...കുടുംബ വീടിന്റെ അടുത്ത് തന്നെ...

ഞങ്ങള്‍ നാട്ടിലെത്തി മൂന്നാം നാള്‍ ഒരു ഫോണ്‍...വീട്ടുസാമാനങ്ങള്‍ കയറ്റിയ ലോറി ഡ്രൈവര്‍ ആണ്..വണ്ടി , വണ്ടിക്കാരുടെ പേടിസ്വപ്നമായ, വാളയാര്‍ ചെക്ക്‌ പോസ്റ്റില്‍ പിടിച്ചിട്ടു...കാരണം വണ്ടിയില്‍ രണ്ടു മൂന്ന് പ്ലയ് വുഡ്‌ കാണുന്നുണ്ട്... വീട്ടുസാമാനങ്ങളില്‍ പ്ലയ് വുഡ്‌ പെടില്ല , അത് കൊണ്ട് നികുതി അടയ്ക്കണമെന്ന് ...അതിലും വിലപിടിപ്പുള്ള ഫ്രിഡ്ജും ടീവീയും ഒക്കെ വണ്ടിയില്‍ ഉണ്ട്...അതൊന്നും അവര്‍ നോക്കുന്നു പോലുമില്ല....അത് പ്ലയ് വുഡ്‌ അല്ല, കട്ടിലിന്റെ ഭാഗം ആണ് എന്നൊക്കെ ഞാന്‍ വാദിച്ചു നോക്കി...അപ്പോള്‍ സാറന്മാര്‍ നിയമം ഫോണിലൂടെ വായിച്ചു കേള്‍പ്പിച്ചു...ഇനിയെന്താ വഴി..." കാണിക്ക " ഇട്ടു പോരാന്‍ ഡ്രൈവറോട് പറഞ്ഞു...അര മണിക്കൂറിനു ശേഷം അയാളുടെ ഫോണ്‍ വന്നു..."രണ്ടായിരം കാണിക്ക ഇട്ടു പോന്നു എന്ന്...ഏതായാലും സ്വാഗതം കലക്കി എന്ന് ഞാന്‍ ഓര്‍ത്തു...പുറം നാട്ടില്‍ നിന്ന് വരുന്നവരെ വിമാനത്താവളത്തില്‍ "പിഴിയും". മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ ചെക്ക്‌ പോസ്റ്റിലും ...എന്തായാലും എന്റെ വിഷമം അധികം നീണ്ടുനിന്നില്ല...ആയിടെ ആണ് ഡല്‍ഹിയില്‍ നിന്നും കേരള ചീഫ്‌ സെക്രട്ടറി ആയി വന്ന മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ വീട്ടു സാമാനങ്ങള്‍ ഇതേ ചെക്ക്‌ പോസ്റ്റില്‍ പിടിച്ച് ഇട്ടതു...ആ വണ്ടിയുടെ ഡ്രൈവറും പറഞ്ഞു നോക്കി...ഇത് സംസ്ഥാന ചീഫ്‌ സെക്രെട്ടറി യുടെ സാധനങ്ങള്‍ ആണെന്ന് ...ആര് കേള്‍ക്കാന്‍..."കാണിക്ക" ഇട്ടതിനു ശേഷമേ വണ്ടി അകത്തേക്ക് വിട്ടുള്ളൂ...അപ്പോള്‍ പിന്നെ എന്നെ പോലെയുള്ള സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ...വ്യാവസായികമായും വാണിജ്യപരമായും കേരളത്തെ തളര്‍ത്തി ഇടുന്നതില്‍ ഇവിടത്തെ വാണിജ്യ നികുതി വകുപ്പ് വഹിക്കുന്ന പങ്ക് അപാരമാണ്...ഇതിന്റെ താഴെ തട്ടില്‍ ഉള്ള പല ആളുകള്‍ക്കും അരിയും പയറും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പോലും അറിവില്ലാത്തവരാണ് എന്നത് ഒരു ദുഃഖ സത്യമാണ്...

അങ്ങനെ വാളയാറില്‍ നിന്നും രക്ഷപെട്ട വണ്ടി അടുത്ത ദിവസം രാവിലെ തന്നെ വീടിനടുത്തുള്ള ഹൈവെയില്‍ എത്തി...ഇനി വീടിനു മുന്‍പിലുള്ള ചെറിയ റോഡിലേക്ക് കൊണ്ട് വരണം...ഒരു ഭാഗീരഥ പ്രയത്നത്തിനു ശേഷം വണ്ടി വീടിനു മുന്നിലും എത്തിച്ചു...ഇനിയാണ് യഥാര്‍ത്ഥ അങ്കം തുടങ്ങുന്നത്...അപ്പോള്‍ സമയം രാവിലെ ഏഴു മണി...ഏകദേശം പത്തോളം ആളുകള്‍ വണ്ടിക്കു മുന്നില്‍ തയ്യാര്‍, സാമാനങ്ങള്‍ ഇറക്കാന്‍ വേണ്ടി...ഞാനോര്‍ത്തു...നൂറ്റി അമ്പതു രൂപയ്ക്ക് കയറ്റിയതല്ലേ..കൂടി വന്നാല്‍ ഒരു ഇരുന്നൂറു രൂപയ്ക്ക് തീരും...അവര്‍ പറഞ്ഞ കൂലി കേട്ട് ഞാന്‍ ഞെട്ടിപ്പോയി...വെറും എണ്ണായിരം രൂപ മതിയത്രേ...

ഇത് ഇറക്കു കൂലിയോ അതോ സാധനങ്ങളുടെ വിലയോ എന്ന് ഞാന്‍ സംശയിച്ചു...ചോദിക്കുകയും ചെയ്തു...അവര്‍ക്ക് തെറ്റിയിട്ടില്ല...കൂലി തന്നെ ആണ്..നാട്ടില്‍ നിന്നും പത്തു കൊല്ലം മാറി നിന്ന എനിക്ക് നാട് ഇത്രയും വളര്‍ന്നത്‌ കാണാന്‍ കഴിഞ്ഞില്ല...അത് കൊണ്ട് അടുത്ത് തന്നെ താമസം ഉണ്ടായിരുന്ന,വക്കീല്‍ കൂടിയായ ഭാര്യാ സഹോദരനെ ഞാന്‍ വിളിച്ചു വരുത്തി...അയാള്‍ വന്നു നോക്കിയപ്പോള്‍ സ്വന്തം പാര്‍ട്ടി സഖാക്കള്‍ തന്നെ ആണ്...എങ്ങനെ എങ്കിലും തീര്‍ക്കാന്‍ അയാള്‍ പറഞ്ഞു...ഞാന്‍ ചോദിച്ചു..പോലീസിനെ വിളിച്ചാലോ...ഓ...പോലീസിനെ വിളിച്ചാല്‍ ഒന്നും കാര്യമില്ല..അവര്‍ തൊഴില്‍ പ്രശ്നത്തില്‍ ഒന്നും ഇടപെടില്ല...പിന്നെ എന്ത് വഴി...ആലോചിച്ചു നില്‍ക്കാന്‍ നേരമില്ല...കാരണം കൂട് തുറന്നു വിട്ട കരിവണ്ടുകളെപ്പോലെ ആട്ടോ റിക്ഷകള്‍ മൂളി തുടങ്ങി..വീതി കുറഞ്ഞ റോഡാണ്..എത്രയും വേഗം വണ്ടി മാറ്റി കൊടുക്കണം...തൊഴിലാളികള്‍ ഒരു സൌജന്യം അനുവദിച്ചു. വേണമെങ്കില്‍ ഞാന്‍ തന്നെ ഇറക്കി കൊള്ളാന്‍...ഹാ...എന്തൊരു മഹാമനസ്കത...അവസാനം ഞാന്‍ അവരുമായി വിലപേശി...ഒടുവില്‍ അവര്‍ സമ്മതിച്ചു...നാലായിരം രൂപയ്ക്ക് ഇറക്കി തരാമെന്നു...എനിക്ക് സമ്മതിക്കേണ്ടി വന്നു...വെറും പതിനഞ്ചു മിനിട്ടിനുള്ളില്‍ സാധനങ്ങള്‍ ഇറക്കി വെച്ച്, നാലായിരം രൂപയും വാങ്ങി , പൊടിയും തട്ടി, പണിക്കാര്‍ മടങ്ങി...എന്റെ അമ്പരപ്പ് അപ്പോഴും മാറിയിരുന്നില്ല...നമ്മുടെ വക്കീല്‍ പറയുകയാണ്‌..."ഹോ..രക്ഷപെട്ടു...കഴിഞ്ഞ ദിവസം സ്ഥലം മാറി വന്ന ജില്ലാ ജഡ്ജിയുടെ സാധനങ്ങള്‍ ഇറക്കാന്‍ ഇവര്‍ വാങ്ങിയത് ആറായിരം രൂപയാ...നമുക്ക് ലാഭമാ.." എന്ന്....അതങ്ങനെ കഴിഞ്ഞു...


അന്ന് വൈകുന്നേരം ഒരാള്‍ വീട്ടില്‍ വന്നു...മുന്‍പരിചയം ഇല്ല...ആരാ എന്ത് വേണം?? എന്ന് ഞാന്‍ ചോദിച്ചു...

അപ്പോള്‍ അയാള്‍ പറയുകയാണ്‌,"സാറെ, രാവിലെ വണ്ടി വന്നില്ലേ? ആ ഡ്രൈവര്‍ക്ക് ഞാനാണ് സാറേ വഴി പറഞ്ഞു കൊടുത്തത്.."

"നിങ്ങള്‍ ചെയ്തത് ഒരു നല്ല കാര്യം അല്ലെ? സന്തോഷം" ഞാന്‍ പറഞ്ഞു...

"അതല്ല സാറേ, എന്തെങ്കിലും... വെള്ളം കുടിക്കാന്‍....വെറുതെ അല്ലല്ലോ..വഴി പറഞ്ഞു കൊടുതിട്ടല്ലേ?"

"അതെ..പക്ഷെ ഡ്രൈവര്‍ സാധനങ്ങള്‍ ഇറക്കി അപ്പോള്‍ തന്നെ പോയല്ലോ"...ഞാന്‍ പൊട്ടന്‍ കളിച്ചു..

"അയാള്‍ പോട്ടെ സാറേ, സാറ് തന്നാല്‍ മതി"...ഇയാള്‍ വിടുന്ന മട്ടില്ല...

"ഞാന്‍ എന്തിനു തരണം? ഞാന്‍ വഴി ചോദിച്ചില്ലല്ലോ??" ഞാന്‍ മുരണ്ടു..

"എന്തായാലും ഞാന്‍ ഇവിടെ വരെ വന്നതല്ലേ...എന്തെങ്കിലും തന്നാട്ടെ..സാറേ..." അയാള്‍ മുറുകി..


ഇത്രയും ആയപ്പോള്‍ ഭാര്യ പുറത്തേക്കു വന്നു...ഇനി ഭാര്യയുടെ വക.."അയാള്‍ക്ക്‌ എന്തെങ്കിലും കൊടുത്തു വിടെന്നെ..പാവം.." ഭാര്യയ്ക്ക് അലിവ് തോന്നി...അലിവ് കൂടുന്നതിനു മുന്‍പേ അമ്പതു രൂപ കൊടുത്തു ഞാന്‍ അയാളെ പറഞ്ഞു വിട്ടു..

ഇനി ആ ഡ്രൈവര്‍ പാലക്കാട് മുതല്‍ ആലപ്പുഴ വരെ വേറെ ആരോടെങ്കിലും വഴി ചോദിച്ചു കാണുമോ ആവോ...എന്തായാലും ആദ്യ ദിവസം കലക്കി...ഉഗ്രന്‍ തുടക്കം തന്നെ...നാട് നിന്നിടത്തു നിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോയില്ലെങ്കിലും "നോക്കുകൂലി" എല്ലാ സീമകളും ലങ്ഘിച്ചു മുന്നോട്ടു പോയിട്ടുണ്ട്.. തിരികെ വന്നത് അബദ്ധം ആയി പോയോ എന്ന് പോലും തോന്നി....പക്ഷെ അബദ്ധം ആയില്ല എന്നതിന് കാലം സാക്ഷി....


വാല്‍ക്കഷ്ണം---ഞാന്‍ സ്വന്തം തുടങ്ങിയ കമ്പനിയിലെ തൊഴിലാളികള്‍ സ്വന്തം പോലെ അതില്‍ പ്രവര്‍ത്തിക്കുന്നു...എന്റെ സന്തോഷവും പ്രയാസവും അവരുടേതും...എല്ലാം പരസ്പരം പങ്കിട്ട്..


Wednesday, July 13, 2011

എല്ലൊന്ന് ഒടിഞ്ഞു..അനന്തരം...

47

                                                                  തിരക്ക് കാരണം  കുറേ ദിവസങ്ങള്‍ക്കു ശേഷം ആണ് വീട്ടില്‍ എത്തിയത്..സാധാരണ ഗതിയില്‍ പതിനഞ്ചു ദിവസത്തില്‍ ഒരിക്കല്‍ വീട് പിടിക്കുക എന്നതാണ് പതിവ്. പതിവ് തെറ്റിയത് കൊണ്ട് സ്വാഭാവികമായും ഭാര്യയുടെയും മക്കളുടെയും വക പരിഭവങ്ങളും പരാതികളും മഴ പെയ്യുന്നത് പോലെ പെയ്തിറങ്ങി..എല്ലാത്തിനും സമാധാനം ആക്കി , സന്തോഷത്തോടെ പതിനൊന്നു മണിയോടെ ഉറങ്ങാന്‍ പോയി... ഉറക്കത്തിനിടയില്‍ പെട്ടെന്ന് ഞെട്ടി ഉണര്‍ന്നു. സമയം നോക്കി. മൂന്ന് മണി. എന്തായാലും ഉണര്‍ന്നതല്ലേ, അല്‍പ്പം വെള്ളം കുടിക്കാം എന്ന് വിചാരിച്ചു എഴുന്നേല്‍ക്കുന്നതിനു ഇടയില്‍ കാല്‍ തെന്നി .. ചെറുതായി ഒന്ന് വീണു...അപ്പോള്‍ വലതു കൈപ്പത്തി നിലത്തു കുത്തി എന്നുള്ളത് ശരിയാണ്. എന്തോ, വലതു കയ്യിലെ മോതിര വിരലില്‍ കുറച്ചു കൂടുതല്‍ ബലം കൊടുത്തോ എന്ന് ഒരു സംശയം..."ക്ടിക്" എന്നൊരു ശബ്ദം കേട്ടു...സാധാരണ ഞൊട്ട വീഴുന്നത് പോലെയേ വിചാരിച്ചുള്ളൂ..അപ്പോള്‍ ചെറിയ ഒരു വേദന തോന്നിയെങ്കിലും വെറുതെ തടവിയിട്ടു വീണ്ടും ഉറങ്ങാന്‍ കിടന്നു..പക്ഷെ ഉറക്കം വന്നില്ല...വിരലില്‍ വേദന കൂടിക്കൂടി വരുന്നു..ചെറിയ നീരും വെച്ചുതുടങ്ങി..ഭാര്യ ഉടനെ ബാം എടുത്തു തടവി. പക്ഷെ  വേദനയും നീരും കൂടികൊണ്ടിരുന്നു. ഇനി വെച്ച് കൊണ്ടിരുന്നാല്‍ കൂടുതല്‍ പ്രശ്നമാകും എന്ന് തോന്നിയത് കൊണ്ട്  വെളുപ്പിന് അഞ്ചു മണിക്ക് തന്നെ അടുത്ത് തന്നെയുള്ള സര്‍ക്കാര്‍  മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിട്ടു. അന്ന് ആലപ്പുഴയില്‍ ആയിരുന്നു ഈ ആശുപത്രി ഉണ്ടായിരുന്നത്. അതുകൊണ്ട് എളുപ്പത്തില്‍ എത്താമായിരുന്നു.."ഇട്ടായോളം "വട്ടത്തില്‍ തിങ്ങി ഞെരുങ്ങി ഒരു ആശുപത്രി.. ഇത്രയും  ചെറിയ ഒരു കാര്യത്തിന് ആരെയെങ്കിലും കൂട്ടിനു വിളിച്ചാല്‍ ആളുകള്‍ എന്ത് വിചാരിക്കും എന്ന് കരുതി , ഞാന്‍ ഒറ്റയ്ക്കാണ് പോയത്..                                                                                                                                                                                                                                                                                                                                                   ഞാന്‍   ചെല്ലുമ്പോള്‍   "അത്യാഹിതത്തില്‍" രണ്ടു ഡോക്ടര്‍മാര്‍ ഉറക്കം തൂങ്ങി ഇരിക്കുന്നുണ്ടായിരുന്നു. അതില്‍ ഒരാളെ ഞാന്‍ എന്റെ  വിരല്‍ കാണിച്ചു..അയാള്‍ പിടിച്ചു നോക്കിയിട്ട് എക്സ്-റേ എടുത്തു വരാന്‍ പറഞ്ഞു. ദോഷം പറയരുതല്ലോ, എക്സ്- റേ രണ്ടു മൂന്ന് തരത്തില്‍ നിമിഷങ്ങള്‍ കൊണ്ട് എടുത്തു . വീണ്ടും ഡോക്ടറെ കണ്ടപ്പോള്‍ അറിഞ്ഞു  ഒരു എല്ല് പൊട്ടി രണ്ടു കഷണം ആയി കഴിഞ്ഞു എന്ന്. മോതിരവിരല്‍ കൈപ്പത്തിയോടു ചേരുന്ന ഭാഗത്തെ എല്ല് നെടുകെ പിളര്‍ന്നു രണ്ടായിരിക്കുന്നു.  അപ്പോഴേക്കും കൈപ്പത്തി നല്ലത് പോലെ നീര് വെച്ച് വീര്‍ത്തു കഴിഞ്ഞു.  ജീവിതത്തില്‍ ആദ്യം ആയി പ്ലാസ്റ്റെര്‍ ഇടുകയാണ്...വലതു കൈമുട്ട് മുതല്‍ പ്ലാസ്റ്റെര്‍ വെച്ച് കെട്ടിതുടങ്ങി..അപ്പോള്‍ ഞാന്‍ നഴ്സിനോട്  പറയുന്നുണ്ട്, എന്റെ വിരല്‍ മാത്രമേ ഓടിഞ്ഞിട്ടുള്ളൂ എന്ന്. അപ്പോള്‍ അവര്‍ പറഞ്ഞത്, ഡോക്ടര്‍ ഇങ്ങനെ ചെയ്യാന്‍ ആണ് എഴുതിയിരിക്കുന്നതെന്ന്..നമ്മുടെ ഡോക്ടര്‍മാരുടെ എഴുത്ത് വായിക്കണം എങ്കില്‍ ഒടേ തമ്പുരാനെ കൂട്ട് പിടിക്കേണ്ടി വരും. നിത്യ തൊഴില്‍ അഭ്യാസം എന്ന പോലെ, നര്‍സ് അത് വായിച്ചു മനസ്സില്‍ ആക്കി കാണുമായിരിക്കും..അല്ലെങ്കില്‍ മനസ്സില്‍ ആയില്ലെങ്കിലും പ്രശ്നം ഇല്ലല്ലോ...ചികിത്സ ഫ്രീ അല്ലെ...ദാനം കിട്ടുന്ന പശുവിന്റെ വായില്‍ പല്ലുണ്ടോ എന്ന് നോക്കാനുണ്ടോ? 
                            എന്റെ പ്ലാസ്റ്റര്‍  വെച്ചുകെട്ടി തീരാറ് ആവുമ്പോഴേക്കും എവിടെ നിന്നെന്നു അറിയാത്ത പോലെ കുറച്ചു ചെറുപ്പക്കാരെ സ്ട്രെച്ചറില്‍ കൊണ്ട് വന്നു എന്റെ ചുറ്റും നിരത്തിത്തുടങ്ങി..അത് വരെ ശാന്തി കളിയാടിയിരുന്ന അവിടം ഒരു യുദ്ധക്കളം പോലയായി. ശബ്ദവും ചോരയും എല്ലാം കൂടി അന്തരീക്ഷം ഭീതിജനകം ആയി മാറി.ഞാന്‍ ഇടയ്ക്ക് പെട്ട് പോയി..അവര്‍ അഞ്ചു പേര്‍ ഉണ്ടായിരുന്നു..കുട്ടനാട്ടില്‍ എവിടെയോ "വെട്ടു" നടന്നതാണെന്ന് പറയുന്നു..പരിക്കേറ്റവര്‍ ആണ് ചുറ്റും..എന്റെ തൊട്ടു മുന്‍പില്‍ തന്നെ കിടന്നു അതീവ ഗുരുതരമായി പിടഞ്ഞു കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരന്റെ ജീവന്‍ നിമിഷങ്ങള്‍ക്കകം പൊലിഞ്ഞു. സ്വപ്നമാണോ യാഥാര്‍ത്ഥ്യം ആണോ എന്ന് മനസ്സിലാകാന്‍ കുറച്ചു സമയം എടുത്തു..കണ്മുന്‍പില്‍ ഒരു മരണം കാണേണ്ട അവസ്ഥ എന്നെ വല്ലാത്ത ഒരു മാനസിക അവസ്ഥയില്‍ എത്തിച്ചു...ഒരു പക്ഷെ ഉള്ളി തൊലിച്ചപോലെ  എന്തെങ്കിലും കാരണം ആയിരിക്കാം, കൊച്ചു വെളുപ്പാന്‍ കാലത്തെ ഈ സംഭവത്തിന്‌ കാരണം..
ഇത്രയും ബഹളത്തില്‍ നിന്നും ഞാന്‍ മട്ടത്തില്‍ ഇഴുകി മാറി പുറത്തു വന്നു. പ്ലാസ്റ്റെര്‍ ഇട്ട വലതു കൈ മടക്കി സ്ലിംഗ് ഇട്ടു നെഞ്ചോട്‌ ചേര്‍ത്ത് വെച്ചിരിക്കുകയാണ്. ഒടിഞ്ഞ വിരല്‍ ഒരു ആലംബവും ഇല്ലാതെ തൂങ്ങി കിടക്കുന്നു..അതിനു ഇനി വേറെ പ്ലാസ്റ്റെര്‍ ഇടെണ്ടിവരുമോ ആവോ..സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഫ്രീ ആയി  കിട്ടിയ കനപ്പെട്ട പ്ലാസ്റ്ററും ആയി ഏകദേശം ഏഴു മണിയോടെ ഞാന്‍ വീട്ടില്‍ എത്തി..
                                                                               അപ്പോള്‍ ഭാര്യയുടെ വക ഉപദേശം...ഇത് ശരി ആയിട്ടില്ല.. നമുക്ക് ഇപ്പോള്‍ തന്നെ പ്രൊഫസ്സര്‍ സാറിനെ വീട്ടില്‍ പോയി കാണാം...ഇനി അയാള്‍ എന്ത് പറയും എന്ന് അറിയാന്‍ എനിക്കും ആകാംക്ഷ തോന്നി. കയ്യൊടിഞ്ഞാല്‍ കാലില്‍ പ്ലാസ്റ്റെര്‍ ഇട്ടാല്‍ മതിയോ എന്നും അറിയാമല്ലോ..അങ്ങനെ പോയി പ്രൊഫസ്സറെ  കണ്ടു. അദ്ദേഹം കൈ പിടിച്ചു തിരിച്ചും മറിച്ചും നോക്കി. കൂടെ എക്സ്-റെ യും . "എല്ല് പിളര്‍ന്നു മാറിയിട്ടുണ്ട്, അത് കൊണ്ട് "പിന്ന്" അടിക്കേണ്ടി വരും . അത് കൊണ്ട് നാളെ എന്നെ ആശുപത്രിയില്‍ വന്നു കാണൂ"  എന്നായി  അദ്ദേഹം..അപ്പോള്‍ ഞാന്‍ പറഞ്ഞു,"സര്‍, ഒടിഞ്ഞ വിരല്‍ തൂങ്ങി തന്നെ കിടക്കുകയാണ്, പിന്നെ ഈ പ്ലാസ്റ്റെര്‍ എന്തിനാ?" എന്ന്. "അത് പ്രശ്നം ആക്കണ്ട..നാളെ എന്തായാലും വരൂ" പ്രൊഫസ്സര്‍   മൊഴിഞ്ഞു. ശരി നാളെ വരാം എന്ന് പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു..ഞാന്‍ ഭാര്യയോടു പറഞ്ഞു, സര്‍ക്കാര്‍ കാര്യം ആണ്, നാളെ ചിലപ്പോള്‍ ഇവന്മാര്‍ എന്റെ കാലിലും പ്ലാസ്റ്റെര്‍ ഇടാന്‍ സാധ്യത ഉണ്ട്....പക്ഷെ, ഭാര്യക്ക് വലിയ ഡോക്ടറെ വലിയ വിശ്വാസമാ.. അയാള്‍ ചുട്ട കോഴിയെ പറപ്പിച്ച കഥ എല്ലാം എന്നെ പറഞ്ഞു കേള്‍പ്പിച്ചു..ആദ്യം ആയി ഒരു ഒടിവ് ഉണ്ടായതല്ലേ, അതൊന്നു ആഘോഷിക്കുക തന്നെ എന്ന് ഞാനും കരുതി.."പിന്നടിക്കല്‍" എങ്ങനെ ആയിരിക്കും എന്നോര്‍ത്തപ്പോള്‍ ഒരു ചെറിയ പേടിയും ഉണ്ടായിരുന്നു..
                         പിറ്റേന്ന് രാവിലെ തന്നെ ഭാര്യയേയും കൂട്ടി ആശുപത്രിയിലേക്ക് പോയി. ചുക്കില്ലാത്ത കഷായം ഇല്ല എന്ന് പറഞ്ഞത് പോലെ ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കു കൂടെ വരാന്‍ ഭാര്യക്കും വലിയ ഇഷ്ടം  ആണ്..അവിടെ കണ്ട കാഴ്ച അമ്പരപ്പിക്കുന്നത്‌ ആയിരുന്നു...മണ്ണ് തുള്ളിയിട്ടാല്‍ താഴാത്തത്‌ പോലെ ജനം..ഒരു കയ്യില്‍ പ്ലാസ്റ്റെര്‍ ഇട്ടവര്‍, ഒരു കാലില്‍ പ്ലാസ്റ്റെര്‍ ഇട്ടവര്‍ , പ്ലാസ്റ്റെര്‍ കാരണം ആളെ തന്നെ കാണാന്‍ പറ്റാത്തവര്‍...ഇവര്‍ക്കിടയില്‍ നിസ്സഹായനായി ഡോക്റ്ററും..ആരെ നോക്കും , ആരെ ആദ്യം വിളിക്കും..എന്ന സംശയത്തില്‍ നര്‍സ്...ആകെ ബഹളമയം. ഇത്രയും ബഹളത്തിന് ഇടയില്‍ കാലില്‍ പ്ലാസ്റ്റെര്‍ വീണാലും അത്ഭുതപ്പെടാന്‍ ഇല്ല...ദുരിതത്തിന്റെ നേര്‍ക്കാഴ്ച മനസ്സിനെ കുത്തി  നോവിച്ചു. കേരളത്തെ കുറിച്ചുള്ള തിളങ്ങുന്ന ചിത്രങ്ങള്‍ എന്റെ മനസ്സില്‍ മരിച്ചു വീണു.  ഇതിനിടയില്‍ ഒരു കുഞ്ഞു വിരലും കൊണ്ട് നില്‍ക്കാന്‍ സത്യത്തില്‍ എനിക്ക്  നാണം തോന്നി..സാധുക്കളായ മനുഷ്യരുടെ ദുരിതം കണ്ടു മനസ്സ് തേങ്ങി...പക്ഷേ,എന്റെ വിരല്‍ ഒടിഞ്ഞു തൂങ്ങി തന്നെ കിടക്കുകയല്ലേ...ഇവിടെ നിന്നാല്‍ പെട്ടുപോവും എന്നുതോന്നി, ഒരു സുഹൃത്തിനെ വിളിച്ചു, അടുത്ത് വേറെ എവിടെ ചെന്നാല്‍ രക്ഷ കിട്ടും  എന്നറിയാന്‍..അയാള്‍ ഉപദേശിച്ചു, തിരുവല്ലാക്ക് ചെല്ലാന്‍..അവിടെ ഒരു സ്വാശ്രയ സ്ഥാപനത്തില്‍ എത്തി, ഒരു മണിക്കൂറിനകം.. ഇന്ന് വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു സ്വാശ്രയ സ്ഥാപനം.                                                                                                                                                                       പണ്ട് തിരുവല്ലയില്‍ പോകുന്ന കഷ്ടപ്പാട്  ഞാന്‍ ഓര്‍ത്തു നോക്കി..നാല്‍പ്പതു കിലോമീറ്റര്‍ താണ്ടാന്‍ കുറഞ്ഞത്‌ നാല് മണിക്കൂര്‍ വേണ്ടിയിരുന്നു..അത് മാത്രമോ..ആലപ്പുഴയില്‍ നിന്നും പള്ളാത്തുരുത്തി വരെ ബസ്. പിന്നെ നദി കടക്കണം വഞ്ചിയില്‍.  നെടുമുടി വരെ അടുത്ത ബസ്..വീണ്ടും  വഞ്ചി. അവിടെ നിന്നും കിടങ്ങറ വരെ ബസ്. വീണ്ടും വഞ്ചി തന്നെ. അവിടെ നിന്നും ചങ്ങനാശ്ശേരി വരെ അടുത്ത ബസ്. തിരുവല്ല വരെ വീണ്ടും ബസ്..അങ്ങനെ അഞ്ചു ബസ്സും മൂന്നു വഞ്ചിയും ഇടക്കുള്ള ദൂരവും താണ്ടി വേണമായിരുന്നൂ, തിരുവല്ലയ്ക്കു പോകാന്‍..                                                                                                ഇപ്പോള്‍ ദൂരം മാത്രം താണ്ടിയാല്‍ മതി..ദുരിതം താന്ടെണ്ടതില്ല..
                                                           സ്വാശ്രയം ആയതു കൊണ്ട് വലിയ കത്തി ആയിരിക്കും എന്നായിരുന്നു  പ്രതീക്ഷിച്ചത്..പക്ഷെ അനുഭവം മറിച്ചായിരുന്നു..വലിയ കത്തി ആയിരിക്കും എന്ന് പേടിച്ചിട്ട് ആയിരിക്കാം, അധികം തിരക്കില്ല..നല്ല ഒരു ഡോക്ടര്‍. പ്ലാസ്റ്റെര്‍ കണ്ടപ്പോള്‍ അദ്ദേഹവും വിചാരിച്ചു..മുട്ടിനു താഴെ മൊത്തം ഒടിഞ്ഞു കാണും എന്ന്..ഞാന്‍ മുന്‍പെടുത്ത എക്സ് -റെ കാണിച്ചു. ഡോക്ടര്‍ക്ക് വിശ്വാസം വന്നില്ല..പിന്നെ,സ്വാശ്രയവും ആണല്ലോ..ഒരു എക്സ്-രെ എങ്കിലും എടുക്കാതെ വിടില്ല എന്ന് ഞാനും വിചാരിച്ചു. അത് തന്നെ സംഭവിച്ചു...  വിരല്‍ ഒടിഞ്ഞാല്‍ ഇത്രയും പ്ലാസ്റ്റെര്‍ ഇടുമോ..സംശയം തീര്‍ക്കാന്‍ വീണ്ടും എക്സ് റെ ...അവസാനം ഡോക്ടര്‍ സമ്മതിച്ചു..ഒടിഞ്ഞത് വിരല്‍ തന്നെ, ഈ പ്ലാസ്റ്റെര്‍ ആവശ്യം ഇല്ല എന്ന്. അങ്ങനെ രണ്ടു ദിവസം എന്റെ കൂടെ ഉണ്ടായിരുന്ന അതിനെ നിഷ്ക്കരുണം  വെട്ടി കളഞ്ഞു..പകരം ഒടിഞ്ഞ വിരല്‍ നടുവിരലിനോട് ചേര്‍ത്ത് വെച്ച് ബലമായി കെട്ടി..എന്റെ ജീവന്‍ എടുത്തു പോയി ,എന്നാലും ഒടിഞ്ഞ വിരലിനു ചികിത്സ കിട്ടിയതില്‍ ഞാനും സന്തോഷിച്ചു..                                                                                           


ഇത് കണ്ടപ്പോള്‍ ഭാര്യയ്ക്ക് ഒരു കൊതി..ഒരു അണപ്പല്ല് കുറച്ചു ദിവസം ആയി ബുദ്ധിമുട്ടിക്കുന്നു..അതങ്ങ് എടുത്തു കളഞ്ഞാലോ എന്ന്...ഞാനും പറഞ്ഞു, ഏതായാലും ഇവിടെ വരെ വന്നതല്ലേ...അതും കൂടി അങ്ങ് സാധിക്കാം എന്ന്..ഒരു വെടിക്ക് രണ്ടു പക്ഷി...നേരെ എല്ലില്‍ നിന്നും പല്ലിലേക്ക്...ഇപ്പോള്‍ പഴയത് പോലെ അല്ലല്ലോ , നമ്മുടെ അവയവങ്ങള്‍ എല്ലാം ഡോക്ടര്‍മാര്‍ വീതിച്ചു എടുത്തിരിക്കുക അല്ലെ...പല്ലില്‍ , പല്ലിന്റെ പരസ്യം പോലെ പല്ല് കാണിച്ചിരുന്നത് ഒരു ലേഡി ഡോക്ടര്‍ ആയിരുന്നു...അവരോടു ഭാര്യയുടെ പ്രശ്നം പറഞ്ഞു...അപ്പോള്‍ തന്നെ പ്രശ്നമുള്ള പല്ലിന്റെ എക്സ്-രേ എടുത്തു...അപ്പോള്‍ ഒരു പ്രശ്നം...പല്ലിന്റെ വേര് വളഞ്ഞു മോണയ്ക്ക് അകത്തേക്ക് ഇറങ്ങിയിരിക്കുകയാണ്..അതുകൊണ്ട്  ശസ്ത്രക്രിയ ചെയ്യണം...രണ്ടു ദിവസം അഡ്മിറ്റ്‌ ആവേണ്ടി വരും...എടുക്കേണ്ടത്  ഒരു പല്ല്..കിടക്കേണ്ടത് രണ്ടു ദിവസം...ഞാന്‍ ഭാര്യയെ കണ്ണ് കാണിച്ചു... പോകാം എന്ന് ...ശരി , നാളെ വരാം എന്ന് പറഞ്ഞു പല്ലില്‍ നിന്നും രക്ഷപെട്ടു...കാരണം എനിക്ക് തോന്നി,ഏറ്റവും പുറകിലുള്ള കേടുള്ള പല്ല് വരെ എത്താന്‍ വേണ്ടി അതിനു മുന്‍പിലുള്ള പല്ലെല്ലാം അവര്‍ എടുത്തേക്കും എന്ന്...ഒരുപക്ഷേ പല്ലിന്റെ പരസ്യത്തിന് ഇരുത്തിയത് ആണെങ്കിലോ അവരെ ...    ഡോക്ടര്‍ അടുത്ത ദിവസം പഠിച്ച്   ഇറങ്ങിയതെ ഉണ്ടാവുകയുള്ളൂ...ഭാര്യ അവരുടെ ആദ്യത്തെ ഇരയാകേണ്ട  എന്നും  തോന്നി  ...                                                                                                                                                        എന്റെ തോന്നല്‍ ശരി തന്നെ  ആയിരുന്നു...അന്ന് തന്നെ വൈകുന്നേരം ആലപ്പുഴയിലെ ഒരു ഡോക്ടര്‍ ഒറ്റ വലിക്ക് ഒരു  പല്ലും നാലായിരം രൂപയും വലിച്ചെടുത്തു...ആകെ പത്തു മിനിറ്റ്‌. അതോടെ അത് കഴിഞ്ഞു...ഇനി എല്ല് മാത്രം  ബാക്കി....                                                    


പതിനഞ്ചു ദിവസങ്ങള്‍ക്കു  ശേഷം വീണ്ടും എക്സ്-റെ എടുത്തപ്പോള്‍ കണ്ടു, പൊട്ടിയ എല്ലുകള്‍ മുറി കൂടി ഒന്നായിരിക്കുന്നു. അങ്ങനെ എന്റെ എല്ലിന്റെ എണ്ണം പഴയത് തന്നെ ആയി..
                            അതോടെ വിരലിലെ കെട്ടും അഴിച്ചു കളഞ്ഞു..വിരല്‍ പഴയത് പോലെ ആവാന്‍ കുറച്ചു ദിവസം കൂടി എടുത്തു എങ്കിലും ഒരു മാസത്തിനുള്ളില്‍ എല്ലാം ശരി ആയി..അപ്പോഴും, സര്‍ക്കാര്‍ ആശുപത്രിയില്‍  തിക്കി തിരക്കുന്ന രോഗികളും അവരുടെ ഇടയില്‍ നിസ്സഹായനായി നില്‍ക്കുന്ന ഡോക്ടറും എന്റെ ഉറക്കം കെടുത്തി കൊണ്ടിരുന്നു..ഒരു കാര്യം ഞാന്‍ മനസ്സില്‍ ആക്കി... എന്നെങ്കിലും അഹങ്കാരം  തോന്നിയാല്‍ നേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഒരു മണിക്കൂര്‍ ചിലവഴിക്കുക...നമ്മള്‍ വിനീതരാവും....അത്രത്തോളം ദൈന്യത അവിടെ കാണാന്‍ ആവും...

Wednesday, June 29, 2011

ആന്റണി ഏട്ടനും ഞാനും.

48

                                                                     ചാലക്കുടി അടുത്ത് കൊരട്ടി ആണ് സ്ഥലം. കൊരട്ടിയെ കീറി മുറിച്ചു കൊണ്ട് തെക്ക് വടക്ക് പായുന്ന ദേശീയ പാതയും റെയില്‍ പാതയും. അതെ, അവിടെയാണ് ഒരിക്കല്‍ ഉദ്യോഗം ആയി എത്തിയത്. തിരുവല്ലയില്‍ നിന്നുള്ള പ്രയാണം അങ്ങനെ കളമശ്ശേരി വഴി   വടക്കോട്ട്‌ വടക്കോട്ട്‌ നീങ്ങുകയാണ്. കൊരട്ടിയില്‍ എത്തിയപ്പോള്‍ വൈകിപ്പോയി. അന്ന് കമ്പനിയില്‍ പോകേണ്ട എന്ന് തീരുമാനിച്ചു. കമ്പനിയുടെ അടുത്ത് തന്നെ ആയിരുന്നു, താമസം ഏര്‍പ്പാട് ചെയ്തിരുന്നത്. സാറാമ്മ ചേട്ടത്തിയുടെ വീട് വാടകയ്ക്ക് എടുത്തത്‌. കൊരട്ടി ഒരു ചെറിയ ഗ്രാമം ആയിരുന്നു എങ്കിലും അധ്വാന ശീലരായ ജനങ്ങളെ ആണ് അവിടെ കാണാന്‍ കഴിഞ്ഞത്. കാര്‍ഷികമായും വ്യാവസായികമായും ഉന്നതി പ്രാപിച്ച ഗ്രാമം. എല്ലാ വീട്ടില്‍ നിന്നും ഒന്നോ രണ്ടോ ആളുകള്‍ മദുരാ കോട്സില്‍ ജോലി ചെയ്തിരുന്നു. അയ്യായിരത്തോളം ജോലിക്കാരെ ഉള്‍ക്കൊണ്ട സ്ഥാപനം. കൊരട്ടിയുടെയും അടുത്ത് തന്നെയുള്ള ചാലക്കുടിയുടെയും സമ്പത് വ്യവസ്ഥ നിലനിന്നത് തന്നെ ഈ സ്ഥാപനത്തെ ആശ്രയിച്ചു ആയിരുന്നു എന്ന് പറയാം.ഇതിനു തൊട്ടു പിറകില്‍ ആയിരുന്നു എന്റെയും കമ്പനി.
                                                                   ഈ വീട്ടില്‍ ഞാന്‍ എത്തുന്നതിനു മുന്‍പേ രണ്ടു പേര്‍ താമസം ഉണ്ടായിരുന്നൂ. കമ്പനിയുടെ സ്റ്റാഫ് തന്നെ. ഒന്ന്, വടകരക്കാരന്‍  അധികം സംസാരിക്കാത്ത  രാമചന്ദ്രനും പിന്നെ കൊടുങ്ങല്ലൂര്‍ക്കാരന്‍, ഒട്ടും സംസാരിക്കാത്ത ,ജയകൃഷ്ണനും. രണ്ടുപേരും കമ്പനിയിലെ പഴയ കക്ഷികള്‍. ഇതാ ഇപ്പൊ നന്നായെ..ഞാന്‍ രണ്ടു ഊമകള്‍ക്ക് ഇടയില്‍ പെട്ടത് പോലെ ആയി. ആദ്യ ദിവസം തന്നെ താമസം ,ഒരു വകയായി. അപ്പോള്‍ രാമചന്ദ്രന്‍ മൊഴിഞ്ഞു. സര്‍ പേടിക്കേണ്ട,നമ്മുടെ സ്റ്റാഫില്‍ പെട്ട  ആന്റണി ഏട്ടന്‍ കിഴക്കോട്ടു പോയിട്ടുണ്ട്. ഇപ്പോള്‍ ഇതിലെ വരും. ആള്‍ രസികന്‍ ആണ്. പറഞ്ഞത് പോലെ തന്നെ ആന്റണി ഏട്ടന്‍ വന്നു. കൈലി മുണ്ടും മടക്കിക്കുത്തി,ഷര്‍ട്ട് ഇടാതെ  ഒരു കച്ചതോര്‍ത്തും തോളില്‍ ഇട്ട്, റോഡിന്റെ എതിര്‍വശത്ത് നില്‍ക്കുന്ന തെങ്ങിന്റെ മണ്ടയിലേക്കു ടോര്‍ച്ചും അടിച്ചടിച്ച് ആയിരുന്നു വരവ്. നല്ല വെളുത്ത ഒരു ആജാനബാഹു.
"ങ്ങ ങ്ങ....ഇതാരാ പുതിയ താടി, രാമചന്ദ്രാ..എന്റമ്മേ  കണ്ണടയും ഉണ്ടല്ലോ....പുതിയ കുരിശു വല്ലതും ആണോ...കര്‍ത്താവേ  ഇമ്മക്ക് പണി ആകുവോ ആവോ..." ആന്റണി ഏട്ടന്‍ എന്നെ നോക്കി ആണ് ചോദിച്ചത്  രാമചന്ദ്രനോട്. നല്ല കനത്ത ശബ്ദം.. രാമചന്ദ്രന്‍ മുറ്റത്തിറങ്ങി ചെന്ന് അയാളുടെ ചെവിയില്‍ എന്തോ മന്ത്രിച്ചു. ആന്റണി ഏട്ടന്‍  ഷോക്ക് അടിച്ച മാതിരി ആയി.
"സോറി  കേട്ടോ.. സാറേ, ഇമ്മക്ക് ആളെ മനസ്സില്‍ ആയില്ല , അതോണ്ടാ..പിന്നെ സാറിനു ഇവിടെ എന്തെങ്കിലും  ബുദ്ധിമുട്ടുണ്ടെങ്കില്‍ പറയണം കേട്ടോ..എന്റെ വീട് ലേശം പടിഞ്ഞാറു മാറിയാ.... ഈ റോഡിന്റെ  എതിര്‍വശത്തുള്ള പുരയിടം എല്ലാം ഞങ്ങളുടേതാ..അത്യാവശ്യം തെങ്ങും തേങ്ങയും നെല്ലും ഒക്കെ ആയിട്ട് ഇമ്മള് അങ്ങനെ ഉരുട്ടി പെരട്ടി അങ്ങനെ അങ്ങട്ട് പോണു. പിന്നെ ചില്ലറ ചെലവിനു കമ്പനി ജോലിയും ഒക്കെ ഉണ്ടല്ലോ.." ഇത്രയും പറഞ്ഞത് എന്നോടാണ്..ശെരി നാളെ കമ്പനിയില്‍ കാണാം എന്ന് പറഞ്ഞു ചേട്ടനെ യാത്ര ആക്കി.
                                               പിറ്റേന്ന് രാവിലെ തന്നെ ഞാന്‍ കമ്പനിയില്‍ എത്തി. ആന്റണി ഏട്ടന്‍ , രാമചന്ദ്രനെയും ജയകൃഷ്ണനെയും കൂടാതെയുള്ള ഓഫീസ്  സ്റ്റാഫുകളെ  എല്ലാം പരിചയപ്പെടുത്തി, ഞാന്‍ ആവശ്യപ്പെടാതെ തന്നെ. നാട്ടുകാരന്‍ ആണെന്നുള്ള ഒരു മേല്‍ക്കൈ ഉണ്ടെന്നു വച്ചോ..ആന്റണി ഏട്ടന്‍ ചില്ലറക്കാരന്‍ ഒന്നും അല്ല..ആദ്യകാല ഗള്‍ഫ്കാരന്‍ ആണ്. അന്ന് ബോംബയില്‍ നിന്നേ ഫ്ലൈറ്റ് ഉള്ളൂ.. ഗള്‍ഫിലേക്ക്..ആന്റണി ഏട്ടന്‍ വിമാനത്തില്‍  കയറി ഇരുന്നു. ബെല്‍റ്റ്‌ ഇടാന്‍ പറഞ്ഞു , ഇട്ടു..വിമാനം  റണ്‍വേയില്‍  കൂടി ഓടി തുടങ്ങിയപ്പോഴേ എട്ടന് പേടി ആയി. ആദ്യം ആയിട്ട് കയറുകയാണ്..ഈ കുരിശിന്റെ ടയര്‍ എങ്ങാനും പൊട്ടിയാല്‍ ..ഇല്ല.. പൊട്ടിയില്ല. ഏട്ടന്‍ കണ്ണ് അടച്ചു പിടിച്ചു ഇരുന്നു പ്രാര്‍ഥിച്ചു..വിമാനം  പൊങ്ങിതുടങ്ങി. ആന്റണി ഏട്ടന്‍ കണ്ണ് സ്വല്‍പ്പം തുറന്നു പുറത്തേക്കു നോക്കി. അപ്പോള്‍ കണ്ട കാഴ്ച..ഞെട്ടി പോയി.താഴെ കടല്‍...വിമാനത്തിന്റെ ചിറകിന്റെ ഓരോ ചെറിയ കഷണങ്ങള്‍ അടര്‍ന്നു പോകുന്നു....ചേട്ടന്‍  പിന്നെ പ്രാര്‍ത്ഥന ഉറക്കെ ആയി.. എന്റെ കൊരട്ടി മുത്തിയേ, ഈ കടലില്‍ വീണു ചാകാനാണോ എന്റെ യോഗം....എന്നിട്ടും വിമാനം വീണില്ല... പിന്നെ ആണ് ചേട്ടന് മനസ്സില്‍ ആയതു, ചിറകിന്റെ കഷണങ്ങള്‍ അടര്‍ന്നു പോകുന്നില്ല... ഉയര്‍ന്നു താഴുന്നതെ ഉള്ളൂ..എന്ന്...ആകെ മൂന്ന് മാസമേ ചേട്ടന്‍ അവിടെ നിന്നുള്ളൂ....മടങ്ങി വന്നിട്ടാണ് കമ്പനിയില്‍ ജോലിക്ക് കയറിയത്..ആയിടെ തന്നെയാണ് ഞാനും അവിടെ എത്തുന്നത്‌..
                      ആന്റണി ഏട്ടന്‍ എനിക്ക് വലിയ സഹായി ആയിരുന്നു..അതുകൊണ്ട് തന്നെ ഞങ്ങള്‍ വളരെ അടുത്തു. ഏട്ടന്റെ കയ്യില്‍ നല്ല ഒരു തോക്ക്‌ ഉണ്ടായിരുന്നൂ..മരുന്ന് നിറച്ചു ചില്ലിട്ടു വെടി  പൊട്ടിക്കുന്നത്. നല്ല ഒരു വെടിക്കാരന്‍ ആണ് ചേട്ടന്‍..ആ ഭാഗങ്ങളില്‍ കാട്ടു മുയല്‍, വെരുക് എന്നിവ ഉണ്ടായിരുന്നൂ... തോക്കിന്റെ ലൈസെന്‍സ് പുതുക്കാന്‍ വേണ്ടി പോലീസ് സ്റെഷനില്‍ ചെന്ന ചേട്ടനോട് പോലീസ് ചോദിച്ചത് തനിക്കു തോക്ക് എന്തിനാ എന്നാണ്..ചേട്ടന്‍ മറുപടി കൊടുത്തു," എന്റെ സാറേ, കപ്പയും മറ്റും നട്ടു കഴിയുമ്പോള്‍ വലിയ എലി ശല്യം . അതിനെ വെടി വെക്കാനാ.." പോലീസുകാര്‍ ചിരിച്ചു മറിഞ്ഞു..അതാണ്‌ ചേട്ടന്‍..ചേട്ടന്‍ കപ്പ നടുമ്പോള്‍ ഞങ്ങള്‍ പത്തു മൂട് കപ്പ പറഞ്ഞു വെയ്ക്കും..ആ പത്തു മൂട് കപ്പ ഞങ്ങള്‍ അവസാനമേ എടുക്കുകയുള്ളൂ..അതുവരെ ചേട്ടന്‍ മറ്റുള്ളവര്‍ക്ക് കൊടുത്തു നിര്‍ത്തുന്ന  കപ്പയിലാണ് ഞങ്ങളുടെ കളി....പിന്നെ തേങ്ങയും രാത്രി ചേട്ടന്റെ തെങ്ങില്‍ നിന്ന് തന്നെ. അധികം പൊക്കം ഇല്ലാത്ത തെങ്ങാണ്. രാമചന്ദ്രന്‍ തെങ്ങില്‍ കയറും. ഓരോന്നായി പിരിച്ച് എടുത്തു താഴേക്കു ഇടും. അത് ജയകൃഷ്ണന്‍ നല്ല മെയ് വഴക്കത്തോടെ താഴെ വീഴാതെ  പിടിക്കും. തേങ്ങാ വീഴുന്ന ശബ്ദം കേട്ടാല്‍ സാറാ ചേടത്തി എങ്ങാനും വന്നു നോക്കിയാലോ..ഒരു ദിവസം ആന്റണി ഏട്ടന്‍ പോയിക്കാണും എന്നോര്‍ത്താണ് രാമചന്ദ്രന്‍ തെങ്ങില്‍ കയറിയത്..പക്ഷെ ചേട്ടന്‍ തെങ്ങുമ്മേ  ടോര്‍ച് അടിച്ചു വരുന്നത് കണ്ടു, തേങ്ങാ പിടിക്കാന്‍ നിന്ന ജയകൃഷ്ണന്‍ ഓടി വീട്ടില്‍ കയറി. ചേട്ടന്‍ ടോര്‍ച് അടിച്ചത് രാമചന്ദ്രന്റെ മുഖത്തേക്ക് തന്നെ...പിന്നെ പറയേണ്ടല്ലോ..പൂച്ചയെ പിടിച്ചു പട്ടിയുടെ മുഖത്തേക്ക് ഇട്ടതു പോലെയായി ബഹളം ..രാമചന്ദ്രന്റെ വടകര ഭാഷയും ചേട്ടന്റെ കൊരട്ടി ഭാഷയും ഏറ്റു മുട്ടിയപ്പോള്‍ തീ പറന്നു, കുറച്ചു നേരത്തേക്ക്..പിന്നെ ശാന്തം..അടുത്ത ദിവസം മുതല്‍ ചേട്ടന്റെ തെങ്ങിന്റെ മണ്ടയിലേക്കുള്ള നോട്ടം കൂടി...  അതോടെ ഓസിനു തേങ്ങ കിട്ടല്‍ നിന്നു..
                                                                       കൊരട്ടിയില്‍ വെച്ചാണ്  ഞാന്‍ തൊഴിലാളി യൂണിയന്റെ തനി നിറം കണ്ടത്. ഒരു ഇടത്തരം കമ്പനിയില്‍ നാല് യൂണിയന്‍...പോരെ പൂരം...തൊട്ടതിനും പിടിച്ചതിനും ഒക്കെ പ്രശ്നം തന്നെ....ഒരിക്കല്‍ ഒരു കുത്തിയിരിപ്പ് സമരം...മാനെജ്മെന്റ് സ്റ്റാഫ് ഓഫീസില്‍ കയറിയാല്‍ ഉടനെ ഓഫീസ് ഉപരോധം തുടങ്ങും. എല്ലാ തൊഴിലാളികളും ഞങ്ങളെ ഓഫീസിനുള്ളില്‍ തന്നെ തളച്ചിടാന്‍ ശ്രദ്ധിച്ചു. ആദ്യ ദിവസം രാവിലെ മുതല്‍  വൈകുന്നേരം വരെ വെള്ളം മാത്രം കുടിച്ചു കഴിഞ്ഞുകൂടി...വൈകുന്നേരം നാല് മണിയോടെ ഞാന്‍ പോലീസിനു ഫോണ്‍ ചെയ്തു. അവര്‍ അഞ്ചു മണിയോടെ വന്നു ഞങ്ങളെ "മോചിപ്പിച്ചു". അന്ന് തന്നെ തൊഴിലാളികള്‍ ഫോണ്‍ വയര്‍ എല്ലാം പൊട്ടിച്ചെറിഞ്ഞു...നാളെ പോലീസിനെ വിളിക്കാതിരിക്കാന്‍...അന്ന് തന്നെ ഞാന്‍ പോലീസ് സ്റെഷനില്‍ പോയി എഴുതി കൊടുത്തു..ഇനിയുള്ള  ദിവസങ്ങളിലും ഇത് ആവര്‍ത്തിക്കാം..അതുകൊണ്ട് അടുത്ത ദിവസങ്ങളിലും   വൈകുന്നേരം ഒന്ന് അവിടം വരെ വരണം എന്ന്.. പ്രതീക്ഷ പോലെ തന്നെ അടുത്ത ദിവസവും അത് തന്നെ ആവര്‍ത്തിച്ചു...ഞാന്‍ ഉള്‍പെടെയുള്ള  സ്റ്റാഫ്  ആദ്യത്തെ  ദിവസത്തെ ഉച്ച പട്ടിണി ഓര്‍ത്തു കുറച്ചു ഉച്ച ഭക്ഷണം കൊണ്ടുവന്നിരുന്നു. പക്ഷെ അത് തുറക്കാന്‍ പോലും തൊഴിലാളികള്‍ സമ്മതിച്ചില്ല..അന്നും ഭക്ഷണവും മുന്നില്‍ വെച്ച്, പൂച്ച കണ്ണാടിക്കൂട്ടിലെ മീന്‍ നോക്കി  ഇരിക്കുന്നപോലെ ഞങ്ങള്‍ ഇരുന്നു... വെള്ളം കുടിക്കുന്നതും ടോയലറ്റില്‍ പോകുന്നതും തടയാഞ്ഞത് ഭാഗ്യം..അന്നും വൈകുന്നേരം പോലീസ് വന്നു മോചിപ്പിച്ചു..ഈ നാടകം ഒരാഴ്ചയോളം തുടര്‍ന്നു..കൊല്ലുന്ന മന്ത്രിക്കു തിന്നുന്ന രാജാവ് എന്ന പോലെ  മാനേജ്മെന്റും വിട്ടു കൊടുത്തില്ലാ...    അവസാനം കമ്പനി  അനിശ്ചിത കാലത്തേക്ക് "ലോകൌട്ട്" ചെയ്തു....
                                                                         അതോടെ രംഗം ലേബര്‍ ഓഫീസിലേക്ക് മാറി..ചര്‍ച്ചകള്‍ ..ചര്‍ച്ചകള്‍...പിന്നെയും ചര്‍ച്ചകള്‍ ...തന്നെ...ഇപ്പോഴത്തെ കൊച്ചി മെട്രോയുടെ ചര്‍ച്ച പോലെ തന്നെ..ഇവിടെ ചര്‍ച്ചകള്‍ തുടങ്ങി വളരെ കഴിഞ്ഞ ശേഷം പണി ആരംഭിച്ച മറ്റു പല ഇന്ത്യന്‍ നഗരങ്ങളിലും തീവണ്ടി ഓടാന്‍ പാകത്തിന് പാളം ആയി...നമ്മള്‍ ഇപ്പോഴും ചര്‍ച്ചയില്‍ ആണ്...അതുപോലെ ഞങ്ങളുടെ ചര്‍ച്ചകളും നീണ്ടു നീണ്ടു പോയി..അവസാനം നാല് മാസത്തിനു ശേഷം കമ്പനി തുറക്കാന്‍ തീരുമാനം ആയി...ഫലത്തില്‍ തൊഴിലാളിയുടെ നാല് മാസത്തെ ശമ്പളവും കമ്പനിയുടെ നാല് മാസത്തെ ഉല്‍പ്പാദനവും നഷ്ട്ടം ആയി...അക്കാര്യത്തില്‍ രണ്ടു കൂട്ടര്‍ക്കും വിജയം അവകാശപ്പെടാം.            
                                                            നല്ല ഇരുട്ടുള്ള രാത്രികളില്‍ ചേട്ടന്‍  ഹെഡ് ലൈറ്റ് എല്ലാം പിടിപ്പിച്ചു തോക്കും ആയി വരും മുയല്‍ വേട്ടയ്ക്ക്....കൂടെ പോകാന്‍ എനിക്ക് വലിയ ഹരം ആയിരുന്നൂ..കൂടെ ഒരു വേലായുധനും ഉണ്ടാവും വെടിമരുന്നും സഞ്ചിയും ഒക്കെ പിടിക്കാന്‍ ആയിട്ട്....ചിലപ്പോള്‍ കിലോമീറ്റര്‍ കണക്കിന് നടന്നാലും ഒന്നും കിട്ടുകയില്ല...ചിലപ്പോള്‍ പെട്ടെന്ന് മുയലും വെരുകും മറ്റും വന്നു വീഴും..ചേട്ടന്റെ ഉന്നവും അപാരം ആണേ..ഒരു വെടി പോലും പാഴാകുക ഇല്ല....അങ്ങനെ ഇരിക്കെ ഒരു ദിവസം..അന്ന് ചേട്ടന്റെ കൂടെ ഞാന്‍ മാത്രം. ഞാനും വലിഞ്ഞാല്‍ ചേട്ടന്‍ വിഷമിക്കും...അത് കൊണ്ടാണ് ഞാന്‍ കൂടെ കൂടിയത്..നല്ല കുറ്റാകൂരിരുട്ടും.. നടന്നു നടന്നു കുറെ ദൂരം പോയിട്ടും ഒന്നും കണ്ടില്ല...നീണ്ടു വിരിഞ്ഞു കിടക്കുന്ന കരപ്പാടം...പെട്ടെന്ന് ഒരു മുയലിന്റെ നിഴലാട്ടം ചേട്ടന്‍ കണ്ടു. സാര്‍ ഇവടെ നിന്നോ, ഞാന്‍ അതിനെ ഒന്ന് പിന്തുടര്‍ന്ന് നോക്കട്ടെ എന്ന് പറഞ്ഞു ചേട്ടന്‍ അതിന്റെ പിറകെ പോയി...കുറച്ചു നേരം ഹെഡ് ലൈറ്റിന്റെ  പ്രകാശം ഒക്കെ കണ്ടിരുന്നൂ...പിന്നെ ഇരുട്ട് മാത്രം ...ഞാന്‍ ആ ഇരുട്ടത്ത്‌ ഒറ്റയ്ക്ക്...കൂവി വിളിച്ചാല്‍ പോലും ആരും കേള്‍ക്കില്ല....ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നി. നിന്നിടത്ത് നിന്ന് അനങ്ങാനും പേടി. കാരണം ആള്‍ മറ ഇല്ലാത്ത കിണറുകള്‍ ഉണ്ടാവും. ഇരുട്ടത്ത്‌ നടന്ന് അതിലെങ്ങാനും വീണാല്‍ കഥ തീര്‍ന്നത് തന്നെ...ഇരുട്ടത്ത്‌ ഒറ്റപ്പെട്ടാലത്തെ അവസ്ഥ  ആദ്യമായി അനുഭവിക്കുകയാണ്. ഞാന്‍ അന്നത്തെ എന്റെ എടുത്തു ചാട്ടത്തെ ശപിച്ചും കൊണ്ട് ഒറ്റ നില്‍പ്പാണ്. അങ്ങനെ വിഷമിക്കുമ്പോള്‍ ഒരു വെടിയൊച്ച കേട്ടു, അങ്ങ് ദൂരെ. അപ്പോഴേക്കും ഒരു മണിക്കൂറോളം കഴിഞ്ഞിരുന്നു. ഹാവൂ..സമാധാനം ആയി. ഇനി ചിലപ്പോള്‍ ചേട്ടന്‍ ഇങ്ങു വരും. വീണ്ടും അര മണിക്കൂര്‍ കഴിഞ്ഞാണ് ചേട്ടന്‍ പ്രത്യക്ഷപ്പെട്ടത്. കയ്യില്‍ നല്ല വലിപ്പം ഉള്ള ഒരു മുയലിനെയും  തൂക്കിയാണ് വന്നത്....എനിക്ക് എന്റെ ജീവന്‍ തിരിച്ചു കിട്ടിയ പ്രതീതി....
                               എന്റെ വേട്ടക്കൊതി അന്നത്തെക്കൊണ്ട് തീര്‍ന്നു. പിന്നെ വളരെക്കാലം ഞാന്‍ അവിടെ ഉണ്ടായിരുന്നു എങ്കിലും പിന്നെ ഒരിക്കലും വേട്ടയ്ക്ക് പോയിട്ടില്ല...ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം.. 

Friday, June 17, 2011

ബാല്യം തന്നെ വീണ്ടും ...

33

മറക്കാത്ത ബാല്യം...മരിക്കാത്ത ഓർമ്മകൾ                                                                                                                                       മാര്‍ച്ച്‌ മാസം പകുതി ആകുമ്പോഴേക്കും  പരീക്ഷാ സമയം ആകും . മാര്‍ച്ച്‌ അവസാനം സ്കൂളും അടയ്ക്കും. പിന്നെ രണ്ടു മാസം കുട്ടികളുടെ സാമ്രാജ്യം അല്ലെ...ഞാനും അനുജനും കൂടി  എല്ലാ സ്കൂള്‍ അടവിനും ഉമ്മയുടെ നാട്ടിലേക്ക് പോകും. ഇടയ്ക്ക് ഓണം , ക്രിസ്മസ്  അവധിക്ക് എല്ലാം പോകുമെങ്കിലും അവധിക്ക് ഇത്ര നീളം         ഇല്ലല്ലോ. ഏകദേശം പത്തു മൈൽ ദൂരെയുള്ള അമ്പലപ്പുഴ ആണ് ഉമ്മയുടെ  നാട്. അന്നത്തെ പത്തു മൈല്‍ ഇന്നത്തെ നൂറു മൈലിനു തുല്യം. അവിടെ കഞ്ഞിപ്പാടം എന്ന, നെല്‍ വയലുകളും നദികളും കൈത്തോടുകളും അതിരിടുന്ന  സുന്ദര ഗ്രാമം. കഞ്ഞിപ്പാടം ഗ്രാമം മറ്റൊരു തരത്തില്‍ പ്രസിദ്ധം ആണ്. "അയല്‍ക്കൂട്ടം" എന്ന പ്രസ്ഥാനം അവിടെയാണ് ആദ്യം രൂപം കൊണ്ടത്‌. ദിവംഗതതനായ പങ്കജാക്ഷ കുറുപ്പ്  സാറാണ് ഈ പ്രസ്ഥാനത്തിന്റെ പിതാവ്. ഇവിടെ എത്താന്‍ രണ്ടു വഴികള്‍ ഉണ്ട്. ആലപ്പുഴയില്‍ നിന്നും തകഴി ബസ്സില്‍ കയറി  അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഇറങ്ങി, കുഞ്ചന്‍ നമ്പ്യാർ സ്മാരകത്തിന്റെ പുറകിലൂടെ കിഴക്കോട്ടു നടക്കുക. കിഴക്കേ നടയില്‍ നിന്നും ഒരു തോട് ആരംഭിക്കുന്നുണ്ട്. ഈ തോട്  പൂക്കൈത ആറ്റില്‍ ചെന്ന് ചേരും. ഈ തോടിന്റെ ഒരു വശം ചേര്‍ന്നാണ് കഞ്ഞിപ്പാടത്തേക്ക്‌ പോകേണ്ടത്. ഏകദേശം അര  മണിക്കൂര്‍ നടപ്പുണ്ട്. അക്കാലത്തു ചെളി നിറഞ്ഞു കിടക്കും വഴിയില്‍. നഗര വാസികള്‍ ആയ ഞങ്ങളുടെ തെന്നി തെറിച്ചുള്ള  നടപ്പ്  അവിടത്തെ നാട്ടുകാര്‍ക്ക് കൌതുകം ആയിരുന്നു. ഗ്രാമത്തിന്റെ ഒരതിര് ഈ തോടാണ്. അക്കാലത്ത്  ദിവസവും രാവിലെ  അമ്പലപ്പുഴ നിന്നും ഈ തോട് വഴി കോട്ടയത്തിനു  ബോട്ട് സര്‍വീസ് ഉണ്ടായിരുന്നു. തോടിന്റെ  തീരത്ത് കുറച്ചു കര ഭാഗവും പിന്നെ നോക്കെത്താ ദൂരത്തേക്കു നെല്‍പ്പാടങ്ങളും ആണ് ഉണ്ടായിരുന്നത്. ഉമ്മയുടെ ഒരേ ഒരു സഹോദരനും കുടുംബവും ആണ് അവിടെ താമസം. മാമാ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ഞങ്ങളുടെ ഒരേ ഒരു അമ്മാവന്‍ നല്ല ഒരു കൃഷിക്കാരന്‍ ആയിരുന്നു. അന്ന് പണിക്കാര്‍ എന്ത് ഭവ്യതയോടെ ആണ് പെരുമാറിയിരുന്നത്. "മൊയലാളി"  എന്ന് മുഴുവന്‍ പറയില്ല, അത്ര ബഹുമാനവും പേടിയും ആയിരുന്നു  മാമയെ.
                                 ഇവിടെ എത്താന്‍ അന്ന് വേറെ ഉണ്ടായിരുന്നതു ജലമാര്‍ഗം ആണ്.  ആലപ്പുഴ -കൊല്ലം ബോട്ടില്‍ കയറിയാല്‍ ഒന്നര മണിക്കൂര്‍ കൊണ്ട് കഞ്ഞിപ്പാടത്ത്‌ ഇറങ്ങാം, വെറും മുപ്പതു പൈസക്ക്. ബസ്സിലാണെങ്കില്‍ നാല്‍പ്പതു പൈസ. ഞങ്ങള്‍ ബസ്സിനുള്ള പൈസ വീട്ടില്‍ നിന്നും വാങ്ങും. പക്ഷെ ബോട്ടില്‍ പോകും. അതായിരുന്നു പതിവ്. ബോട്ട് ആവുമ്പോള്‍ വളരെ പതുക്കെ ആയതു കൊണ്ട് കുട്ടനാടിന്റെ ഭംഗി ഒക്കെ നന്നായി ആസ്വദിക്കാന്‍ പറ്റും.ബോട്ടില്‍ പോകാന്‍ അതും ഒരു കാരണം ആയിരുന്നു. മാമയ്ക്ക് മക്കള്‍ ഇല്ലായിരുന്നത് കൊണ്ട് ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ ഉത്സവം ആയിരുന്നു. ഒരു ഗ്രാമത്തിന്റെ വിശുദ്ധി നിറഞ്ഞ  അന്തരീക്ഷം. ഞങ്ങള്‍ ചെല്ലുമ്പോള്‍ മിക്കപ്പോഴും കൊയ്ത്തു കാലം ആയിരിക്കും. കൊയ്ത്തു കഴിഞ്ഞ പാടങ്ങള്‍  നരച്ച നിറങ്ങളില്‍ സൂര്യപ്രകാശത്തില്‍ തിളങ്ങും. അപ്പോള്‍ താറാവ്  കൃഷിക്കാര്‍ കൂട്ടത്തോടെ എത്തും, കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ താറാവിന്‍ കൂട്ടങ്ങളെ തീറ്റാന്‍.. സന്ധ്യ കഴിയുമ്പോള്‍ അവയെ കരയ്ക്ക്‌ കയറ്റി നിര്‍ത്തും. പിറ്റേന്ന് വീണ്ടും പാടത്ത് ഇറക്കും. ഇടവേളയില്‍ പാടത്ത് നിന്ന് ധാരാളം മുട്ടകള്‍ ശേഖരിക്കുന്നത് കാണാം. അവര്‍ മാറിക്കഴിയുമ്പോള്‍ ഞങ്ങള്‍ ഇറങ്ങും, ഞങ്ങള്‍ക്കും കിട്ടും മുട്ടകള്‍. അത് കൂടാതെ  നിലമുടമയ്ക്ക് താറാവുകാര്‍ വേറെയും മുട്ട കൊടുക്കും.
                                                                            കൊയ്ത്ത് അന്ന് ഒരു ഉത്സവം തന്നെ ആയിരുന്നു. സ്ത്രീകളും പുരുഷന്മാരും നിരനിരയായി  കൊയ്ത്ത് പാട്ടും പാടി നെല്‍ക്കതിരുകള്‍  അരിഞ്ഞു കൂട്ടി, അത് കറ്റ ആയി കെട്ടി മുന്നേറുന്നത് ഒരു കാഴ്ച തന്നെ ആയിരുന്നു. കൊയ്ത്തു കഴിഞ്ഞു കറ്റകള്‍ മുറ്റത്ത്‌ ഭംഗിയായി അട്ടിവെയ്ക്കും. മെതി നടന്നിരുന്നത് രാത്രിയില്‍ ആയിരുന്നു. സ്ത്രീകള്‍ അവരുടെ അത്താഴം ഒക്കെ കഴിഞ്ഞാണ് മെതിക്കാന്‍ വരുന്നത്. ഈ പരിപാടി ദിവസ്സങ്ങള്‍ നീളും. നെല്ലായിരുന്നു കൂലി ആയി കൊടുത്തിരുന്നത്. പക്ഷെ അന്ന് കണ്ട സന്തോഷവും ഒത്തൊരുമയും വേറെ എവിടെയും പിന്നെ ഒരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരു പക്ഷെ അന്ന് ആവശ്യങ്ങള്‍ പരിമിതം ആയിരിക്കാം. വെറും പത്തു മൈല്‍ ദൂരെ നിന്നും ചെന്ന ഞങ്ങള്‍  അവര്‍ക്ക് വേറെ ഏതോ രാജ്യത്ത് നിന്ന് വന്നവരെപോലെ  ആയിരുന്നു. ഇന്നിപ്പോള്‍ എണ്ണമറ്റ റിസോര്‍ട്ടുകള്‍  അവിടെ  ഉണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും നിന്നുള്ള വിനോദ സഞ്ചാരികളെ  ഇന്ന് ഈ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും കാണാം. കുട്ടനാടിന്റെ ഭംഗി അനുഭവിച്ചു തന്നെ അറിയുവാനായി എത്തിയവര്‍ . ഈ ഭംഗിയാണ് "തകഴി" തന്റെ നോവലുകളില്‍  പകര്‍ത്തിയത്.
                                                                                  മാമയുടെ വീടിന്റെ അടുത്ത് തന്നെ പാടത്ത് പണിക്കു വരുന്ന തൊഴിലാളികള്‍ താമസിച്ചിരുന്നു. അതില്‍ ചെല്ലച്ചേച്ചിയുടെ മകന്‍ മോഹനന്‍ ഞങ്ങളുടെ സമപ്രായക്കാരന്‍ ആയിരുന്നു. വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ കൂട്ടുകാര്‍ ആയി. വെള്ളത്തില്‍ ഇറങ്ങാന്‍ ഭയം ഉണ്ടായിരുന്ന ഞങ്ങളെ വെള്ളത്തില്‍ ഇറക്കി  പേടി മാറ്റിയത് ഇവനാണ്. നല്ല വീതിയുള്ള തോട് അവന്‍ അക്കരെ ഇക്കരെ നീന്തുന്നത് ഞങ്ങള്‍ അതിശയത്തോടെ നോക്കി നിന്നു. അധികം താമസിയാതെ അവന്‍ ഞങ്ങളെയും നീന്തല്‍ പഠിപ്പിച്ചു. മോഹനന്‍ കൂടെ ഉണ്ടെങ്കില്‍ മാമയ്ക്ക്  ഞങ്ങളെ പുറത്തു വിടാന്‍ പേടി ഇല്ലായിരുന്നു. അഥവാ ഒന്ന് വെള്ളത്തില്‍ വീണാലും മോഹനന്‍ ഉണ്ടല്ലോ, കരുമാടി കുട്ടന്‍. മോഹനന്‍  മീന്‍ പിടിക്കാനും മിടുക്കന്‍ ആയിരുന്നു. ചൂണ്ട പോലും ഇല്ലാതെ. വാഴയില എടുത്തു അതിന്റെ ഇല എല്ലാം കളഞ്ഞു തണ്ട് മാത്രം ആക്കും. ഏകദേശം നാലടി നീളത്തില്‍. അങ്ങനെ രണ്ടെണ്ണം  ആയിരുന്നു അവന്റെ ഉപകരണം. തോടിന്റെ ആഴം കുറഞ്ഞ ഭാഗത്ത്‌ ഈ തണ്ടുകള്‍ രണ്ടു കയ്യിലും ആയി വെള്ളത്തില്‍ ആഴ്ത്തി പരസ്പരം അടുപ്പിക്കും. അപ്പോള്‍ അതിന്റെ ഉള്ളില്‍ പെട്ടു പോകുന്ന "പള്ളത്തി" എന്ന പേരുള്ള  ചെറു മത്സ്യത്തെ ഒരു പ്രത്യേക തരത്തില്‍ കൈകള്‍ ചലിപ്പിച്ചു ജീവനോടെ പിടിക്കും. കാണുമ്പോള്‍  എളുപ്പം  എന്ന് തോന്നി ഞാന്‍ വളരെ ശ്രമിച്ചു നോക്കിയിട്ടും എനിക്ക് ഒരെണ്ണം പോലും പിടിക്കാന്‍ പറ്റിയിട്ടില്ല. ഈ വിദ്യ അവനു സ്വന്തം. "കോലു വെയ്ക്കുക " എന്നാണ് ഈ  രീതിയുടെ പേര്.
                                                                                   നല്ല ആഴമുള്ള ഇടങ്ങളില്‍ ചൂണ്ട തന്നെ ശരണം. അപ്പോള്‍ കരിമീന്‍ പോലുള്ള  വലിപ്പം ഉള്ള  മത്സ്യങ്ങള്‍ കുടുങ്ങും. മണ്ണിരയെ ആണ് ഇരയായി ചൂണ്ടയില്‍ കൊളുത്തുന്നത്. എങ്കിലേ മീന്‍ കൊത്തൂ. പക്ഷെ  മണ്ണിരയെ ഇട്ടു പിടിച്ച മീന്‍ മാമി വീട്ടില്‍ കയറ്റുകയില്ല. അതിനും വഴി കണ്ടു പിടിച്ചു. മാമിയുടെ കയ്യില്‍ നിന്നും ചോറ് വാങ്ങിക്കൊണ്ടു പോകും, ഇരയായി. അത് വഴിയില്‍ കളഞ്ഞിട്ടു  മണ്ണിരയെ ഇട്ടു മീന്‍ പിടിക്കും. ചോറ് ഇട്ടു പിടിച്ച മീന്‍ ആയി മാമിക്ക് കൊടുക്കും. ഇതിലും രസമായി മീന്‍ കിട്ടുന്നത് "തൂമ്പു" തുറക്കുമ്പോള്‍  ആണ്. അതിനും മിടുക്കന്‍ മോഹനന്‍ തന്നെ. തോടിനു കുറുകെ കെട്ടിയ തടയണ. അതിനു നടുവില്‍ പലക കൊണ്ട് തീര്‍ത്ത വലിയ കുഴല്‍. അത് അടയ്ക്കുകയും തുറക്കുകയും ചെയ്യാം. അതാണ്‌ "തൂമ്പ്‌". ഈ തൂമ്പിന്റെ അടപ്പ് തുറക്കുമ്പോള്‍ അതിശക്തമായി മറുവശത്തേക്ക് വെള്ളം ചീറ്റും. അപ്പോള്‍  തൂമ്പിന്റെ മുകള്‍ഭാഗത്ത്‌  കച്ചി  ഒരു പ്രത്യേക തരത്തില്‍ വളയം പോലെ വെയ്ക്കും. വെള്ളിത്തുട്ടു  പോലെയുള്ള  പരല്‍മീനുകള്‍ ഈ  വെള്ളപ്പാച്ചിലില്‍ നിന്നും മുകളിലേക്ക് ചാടും. അത് അവസാനത്തെ ചാട്ടം ആയിരിക്കും. ചാടി വീഴുന്നത്  കെണി പോലെ വെച്ചിരിക്കുന്ന  കച്ചിയില്‍. ഏതാനും നിമിഷങ്ങള്‍ക്ക് അകം ധാരാളം മീന്‍ കിട്ടും. ഇതും മോഹനന്റെ കരവിരുത് തന്നെ . അങ്ങനെ മോഹനന്‍ ഞങ്ങളുടെ അവിടത്തെ നേതാവ് തന്നെ ആയിരുന്നു.രണ്ടു മാസം തീരാറാവുംപോള്‍ മോഹനനും ഞങ്ങള്‍ക്കും ഒരുപോലെ  സങ്കടം. ഇനി ഓണത്തിന് കാണാം എന്ന് പറഞ്ഞു പിരിയും, കണ്ണീരോടെ.
                                                                ഓണത്തിന്റെ അവധിക്കും നല്ല രസമാണ്. അപ്പോള്‍ കൊയ്ത്ത് എല്ലാം കഴിഞ്ഞു പാടത്ത് വെള്ളം നിറഞ്ഞു കിടപ്പുണ്ടാവും. തോട് ഏതാ പാടം ഏതാ എന്നറിയാന്‍ വിഷമം. ഇടയ്ക്കുള്ള  ചിറകളില്‍ തെങ്ങുകളും അവയ്ക്കിടയില്‍ കൊച്ചു കൊച്ചു വീടുകളും കാണാം. ബാക്കി സര്‍വ്വത്ര വെള്ളം. ഇതിനിടയിലും  അടുത്ത കൃഷിക്കുള്ള  ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടാവും. നിലം ഉഴുന്നതാണ് രസം. നുകം വെച്ച രണ്ടു പോത്തുകളും നയിക്കാന്‍ ഒരാളും. പക്ഷെ മൂന്ന് തലകള്‍ മാത്രമേ വെള്ളത്തിന്‌ മുകളില്‍  കാണാന്‍ കഴിയൂ. മുന്‍പില്‍ കൊമ്പുള്ള രണ്ടു തലകളും പിന്നില്‍ കൊമ്പില്ലാത്ത ഒരു തലയും. ബാക്കി എല്ലാം വെള്ളത്തിന്‌ അടിയിലാണ്. ഉഴവുകാരന്‍ എന്തൊക്കെയോ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്, ഒരു മനുഷ്യജീവി ഇവിടെ ഉണ്ടേ ...എന്ന് പറയുന്ന മാതിരി. പാടത്തെ വെള്ളത്തിന്‌ വലിയ ആഴം ഇല്ലാത്തതുകൊണ്ട് മോഹനന്റെ കൊതുമ്പു വള്ളത്തില്‍ ഞങ്ങള്‍ അവിടെയൊക്കെ കറങ്ങി നടക്കും. അങ്ങനെ പോകുമ്പോള്‍  ധാരാളം നീര്‍ക്കോലികള്‍ (പുളവന്‍ എന്നും പറയും. കണ്ടാല്‍ ഭീകരന്‍ എങ്കിലും വിഷം ഇല്ലാത്ത പാവം പാമ്പാണ്.) തല വെള്ളത്തിന്‌ മുകളില്‍ കാണിച്ചു ഇരിക്കുന്നത് കാണാം. ഈര്‍ക്കിലി കൊണ്ട്  കുടുക്കുണ്ടാക്കി അതിനെ പിടിക്കല്‍ ഞങ്ങളുടെ  ഒരു വിനോദം ആയിരുന്നു. ചിലപ്പോള്‍  കടി കിട്ടും. വീട്ടില്‍ പറഞ്ഞാല്‍ അന്ന് അത്താഴം കിട്ടില്ല. അതുകൊണ്ട്  ഇതിന് അത്താഴം മുടക്കി എന്നും പേരുണ്ട്. ഒരിക്കല്‍ ഇരുപതോളം നീര്‍കോലികളെ പിടിച്ചിട്ടു തുണി  ഇടാനുള്ള അയയില്‍  നിരത്തി കെട്ടിത്തൂക്കി, പല നീളമുള്ള  നീര്‍കോലികളെ. വൈകുന്നേരം മോഹനന്റെ അമ്മ വന്നപ്പോള്‍ ഈ കാഴ്ച കണ്ടു പേടിച്ചു പോയി. പിന്നെ പറയേണ്ടല്ലോ, മോഹനന് അന്ന് പൊതിരെ തല്ലു കിട്ടി. ഞങ്ങളും കൂടെ ഉണ്ടെന്നു അവര്‍ക്കറിയാം, പക്ഷെ ഞങ്ങളോടുള്ള ദേഷ്യവും മോഹനന്റെ പുറത്തു തന്നെ തീര്‍ന്നു. പിന്നെ ഈ കലാപരിപാടി തുടര്‍ന്നില്ല.   
                                                                      തിരിച്ചു പോകേണ്ട ദിവസം , ഉച്ചയൂണ് കഴിഞ്ഞ്, രണ്ടു മണിയോടെ  ഞങ്ങള്‍ മാമായോടും മാമിയോടും വിട പറയും. ബോട്ടിനാണ് പോകുന്നത് എന്ന് പ്രത്യേകം പറയും. ഒരു പ്രാവശ്യം  ഞാനും അനിയനും കൂടി  വീട്ടില്‍ നിന്നും ഇറങ്ങി . നടക്കുന്നതിനു ഇടയില്‍ ഒരു ചിന്ത കയറി. മാമാ ഒരു രൂപ തന്നല്ലോ, നമുക്ക് നേരെ നടന്നാലോ ആലപ്പുഴയ്ക്ക്? എന്നിട്ട് നമുക്ക് സിനിമയ്ക്ക് കയറാം. നമുക്ക് ആറു മണിക്ക് ആലപ്പുഴ എത്താം. ആറരയ്ക്കുള്ള  ഫസ്റ്റ് ഷോയ്ക്ക്  കയറാം. എന്നിട്ട്  വീട്ടില്‍ ചെന്നിട്ടു പറയാം , താമസിച്ചത് ബോട്ട് കേടായത് കൊണ്ടാ, അല്ലെങ്കില്‍ നേരത്തെ എത്തിയേനെ, എന്ന്. അനിയന് പൂര്‍ണ്ണ സമ്മതം. അന്നെനിക്ക് പതിമൂന്നു വയസ്സ്. അനിയന് പതിനൊന്നും. ഞങ്ങള്‍ ബോട്ട് ജെട്ടിക്ക് പകരം അമ്പലപ്പുഴയ്ക്ക് നടന്നു. അവിടെ കച്ചേരി മുക്കില്‍ എത്തിയാല്‍ N H 47  ഹൈവെ . നേരെ വലത്തോട്ട് തിരിഞ്ഞു പത്തു മൈല്‍ നടന്നാല്‍ ആലപ്പുഴ. സിനിമ കാണുമ്പോള്‍ നടപ്പിന്റെ ക്ഷീണം മാറിക്കോളും. ഞങ്ങള്‍ നടന്നു......
                                                                   ആറുമണിക്ക് തന്നെ ആലപ്പുഴ എത്തി. ആദ്യം ആലപ്പുഴ ശ്രീകൃഷ്ണ ടാകീസ്.(ഇപ്പോള്‍ സീതാസ്.). അടുത്തത് സുബ്ബമ്മ.(ഇപ്പോള്‍ ടാക്കീസ് അല്ല, ടൌണ്‍ ഹാള്‍ ആണ്). ഞങ്ങള്‍ നടക്കുക തന്നെ ആണ്. ഇരുമ്പുപാലം കയറി വീണ്ടും  മുന്നോട്ടു നടന്നാല്‍ ശീമാട്ടി ടാക്കീസ്..( ഇന്നതും ഇല്ല) അവിടെ എത്തുമ്പോള്‍  കൃത്യ സമയം, ഫസ്റ്റ് ഷോയ്ക്ക്. ഞങ്ങള്‍ കയറി സിനിമ കാണാന്‍ ഇരുന്നു." അനുഭവങ്ങള്‍  പാളിച്ചകള്‍" എന്ന സിനിമ ആയിരുന്നു. സത്യനും നസീറും ഷീലയും അഭിനയിച്ച ചിത്രം. ആ സിനിമയിലെ "പ്രവാചകന്മാരെ പറയൂ പ്രഭാതം അകലെയാണോ.." എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്. സിനിമ കഴിഞ്ഞപ്പോള്‍ രാത്രി ഒന്‍പതു മണി കഴിഞ്ഞു. ഇത്രയും താമസിച്ചു വീട്ടില്‍ ചെന്നാല്‍ പറയേണ്ട കള്ളത്തരം  ഒന്നുകൂടി പറഞ്ഞുറപ്പിച്ചു. ബോട്ട് കേടായാല്‍ പിന്നെ എന്ത് വഴി? അങ്ങനെ വീടിനു മുന്‍പില്‍ എത്തിയ ഞങ്ങള്‍ ഞെട്ടിപ്പോയി. ഞങ്ങളെ യാത്ര ആക്കിയ മാമാ വീടിന്റെ ഉമ്മറത്ത്‌ തന്നെ ഉലാത്തുന്നു. അയല്‍ക്കാര്‍ ആരെക്കെയോ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്. ഞങ്ങള്‍ ഒന്ന് പരുങ്ങി. അവിടെ നിന്നും ഞങ്ങളെ യാത്രയാക്കിയ  മാമ  ഇവിടെ...? ബാപ്പ  വീടിന്റെ അകത്ത് ആയിരിക്കും. നേരെ ചെല്ലുകയെ നിവൃത്തി  ഉള്ളൂ. ഞങ്ങളെ കണ്ടതും മാമ  ചാടി വീണു.
"എവിടെ ആയിരുന്നെടാ ഇത്രയും നേരം? മനുഷ്യന്റെ ജീവന്‍ എടുത്തു പോയല്ലോ?"
"ബോട്ട് കേടായി. അത് കൊണ്ടാ താമസിച്ചത് " ഞാന്‍ വിക്കി വിക്കി പറഞ്ഞു. അപ്പോള്‍ ബാപ്പയും എത്തി. ഞാന്‍ നല്ല ഒരു അടി മണത്തു. അനുജന്‍ എന്റെ പിന്നില്‍ പതുങ്ങി നില്‍ക്കുകയാണ്. അടി കിട്ടുമ്പോള്‍ ഒറ്റയ്ക്കാവില്ല  എന്നൊരു സമാധാനം  തോന്നി.
"ഏതു ബോട്ടാ കേടായത്?" മാമ വിടുന്ന മട്ടില്ല. 
" കൊല്ലം - ആലപ്പുഴ ബോട്ട്." ഞാന്‍ ഞരങ്ങി.
" ഞാന്‍ നിങ്ങള്‍ വീട്ടില്‍ നിന്നും പോന്നതിനു ശേഷം വേറെ ഒരാവശ്യത്തിന് അവിടെ  ബോട്ട്  ജെട്ടിയുടെ അടുത്ത് പോയിരുന്നു. അപ്പോള്‍ കാണാം ബോട്ട് വരുന്നു. എങ്കില്‍ നിങ്ങളെ കയറ്റി വിട്ടിട്ടു പോകാം എന്ന് കരുതി നിങ്ങളെ നോക്കിയിട്ട് അവിടെ എങ്ങും കണ്ടില്ല. ബോട്ട് കയറാന്‍ വന്ന നിങ്ങളെ കാണാതായപ്പോള്‍  ഞാന്‍ ആ ബോട്ടില്‍ തന്നെ കയറി ഇങ്ങു പോന്നു. ആകെ ഒരു ബോട്ട് അല്ലെ ഉള്ളൂ. അത് കേടാകാതെ ഇങ്ങ് എത്തി, ആറു മണിക്ക് തന്നെ. ഇനി സത്യം പറ, എന്താണ് പറ്റിയത്? ". മാമയുടെ എട്ടു നില  അമിട്ടില്‍ എന്റെ കുഞ്ഞിപ്പടക്കം പോലെയുള്ള  കള്ളം  പൊളിഞ്ഞു. ഇനി എന്ത് പറയും ഞാന്‍ . ആദ്യമായി ചെയ്ത ഒരു കള്ളത്തരം തന്നെ അസല്‍ ആയി പൊട്ടി. അടി ഓര്‍ത്തായിരിക്കും  അനിയന്‍ കരച്ചില്‍ തുടങ്ങി. അപ്പോഴേക്കും  ബാപ്പ  ഇടപെട്ടു. ബാപ്പയുടെയും  മാമയുടെയും ചോദ്യത്തിനു മുന്നില്‍ അധികം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ തത്ത പറയുന്നത്  പോലെ ഉണ്ടായ കാര്യം പറഞ്ഞു. അപ്പോള്‍ ഞെട്ടിയത് അവരാണ്. പത്തു മൈല്‍ നടന്നത് കേട്ടപ്പോള്‍ എല്ലാവരും വാ പൊളിച്ചു. അതിനിടയില്‍ കിട്ടിയ അവസരം മുതലാക്കിക്കൊണ്ട് ഞാന്‍  കരഞ്ഞു കൊണ്ട് മാപ്പ് പറഞ്ഞു. ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കില്ല എന്ന് ആണയിട്ടു. രംഗം തണുത്തു. അതുവരെ ഉണ്ടായിരുന്ന വിഷമം ചിരിക്കു വഴി മാറി. പിന്നെ ഒരിക്കലും ഇങ്ങനെ ഒരബദ്ധം പറ്റിയിട്ടില്ല. സത്യത്തില്‍ മാമയോടു അന്ന് ദേഷ്യം തോന്നി എങ്കിലും കൂടുതല്‍ കള്ളം പറയാന്‍ അവസരം തരാതെ എന്നെ രക്ഷിച്ചത്‌ മാമയാണല്ലോ എന്ന് ചിന്തിച്ചപ്പോള്‍ ആ നീരസം മാറി. അന്നൊരു കാര്യം മനസ്സിലായി. സത്യം ഒന്നേയുള്ളൂ എന്ന്. അതിനെ ആയിരം  അസത്യം കൊണ്ട്  മൂടി  വെച്ചാലും  അന്തിമം ആയി സത്യം തന്നെ  പ്രകാശിക്കും എന്ന്.

ഷാനവാസ്‌