Wednesday, June 29, 2011

ആന്റണി ഏട്ടനും ഞാനും.

48

                                                                     ചാലക്കുടി അടുത്ത് കൊരട്ടി ആണ് സ്ഥലം. കൊരട്ടിയെ കീറി മുറിച്ചു കൊണ്ട് തെക്ക് വടക്ക് പായുന്ന ദേശീയ പാതയും റെയില്‍ പാതയും. അതെ, അവിടെയാണ് ഒരിക്കല്‍ ഉദ്യോഗം ആയി എത്തിയത്. തിരുവല്ലയില്‍ നിന്നുള്ള പ്രയാണം അങ്ങനെ കളമശ്ശേരി വഴി   വടക്കോട്ട്‌ വടക്കോട്ട്‌ നീങ്ങുകയാണ്. കൊരട്ടിയില്‍ എത്തിയപ്പോള്‍ വൈകിപ്പോയി. അന്ന് കമ്പനിയില്‍ പോകേണ്ട എന്ന് തീരുമാനിച്ചു. കമ്പനിയുടെ അടുത്ത് തന്നെ ആയിരുന്നു, താമസം ഏര്‍പ്പാട് ചെയ്തിരുന്നത്. സാറാമ്മ ചേട്ടത്തിയുടെ വീട് വാടകയ്ക്ക് എടുത്തത്‌. കൊരട്ടി ഒരു ചെറിയ ഗ്രാമം ആയിരുന്നു എങ്കിലും അധ്വാന ശീലരായ ജനങ്ങളെ ആണ് അവിടെ കാണാന്‍ കഴിഞ്ഞത്. കാര്‍ഷികമായും വ്യാവസായികമായും ഉന്നതി പ്രാപിച്ച ഗ്രാമം. എല്ലാ വീട്ടില്‍ നിന്നും ഒന്നോ രണ്ടോ ആളുകള്‍ മദുരാ കോട്സില്‍ ജോലി ചെയ്തിരുന്നു. അയ്യായിരത്തോളം ജോലിക്കാരെ ഉള്‍ക്കൊണ്ട സ്ഥാപനം. കൊരട്ടിയുടെയും അടുത്ത് തന്നെയുള്ള ചാലക്കുടിയുടെയും സമ്പത് വ്യവസ്ഥ നിലനിന്നത് തന്നെ ഈ സ്ഥാപനത്തെ ആശ്രയിച്ചു ആയിരുന്നു എന്ന് പറയാം.ഇതിനു തൊട്ടു പിറകില്‍ ആയിരുന്നു എന്റെയും കമ്പനി.
                                                                   ഈ വീട്ടില്‍ ഞാന്‍ എത്തുന്നതിനു മുന്‍പേ രണ്ടു പേര്‍ താമസം ഉണ്ടായിരുന്നൂ. കമ്പനിയുടെ സ്റ്റാഫ് തന്നെ. ഒന്ന്, വടകരക്കാരന്‍  അധികം സംസാരിക്കാത്ത  രാമചന്ദ്രനും പിന്നെ കൊടുങ്ങല്ലൂര്‍ക്കാരന്‍, ഒട്ടും സംസാരിക്കാത്ത ,ജയകൃഷ്ണനും. രണ്ടുപേരും കമ്പനിയിലെ പഴയ കക്ഷികള്‍. ഇതാ ഇപ്പൊ നന്നായെ..ഞാന്‍ രണ്ടു ഊമകള്‍ക്ക് ഇടയില്‍ പെട്ടത് പോലെ ആയി. ആദ്യ ദിവസം തന്നെ താമസം ,ഒരു വകയായി. അപ്പോള്‍ രാമചന്ദ്രന്‍ മൊഴിഞ്ഞു. സര്‍ പേടിക്കേണ്ട,നമ്മുടെ സ്റ്റാഫില്‍ പെട്ട  ആന്റണി ഏട്ടന്‍ കിഴക്കോട്ടു പോയിട്ടുണ്ട്. ഇപ്പോള്‍ ഇതിലെ വരും. ആള്‍ രസികന്‍ ആണ്. പറഞ്ഞത് പോലെ തന്നെ ആന്റണി ഏട്ടന്‍ വന്നു. കൈലി മുണ്ടും മടക്കിക്കുത്തി,ഷര്‍ട്ട് ഇടാതെ  ഒരു കച്ചതോര്‍ത്തും തോളില്‍ ഇട്ട്, റോഡിന്റെ എതിര്‍വശത്ത് നില്‍ക്കുന്ന തെങ്ങിന്റെ മണ്ടയിലേക്കു ടോര്‍ച്ചും അടിച്ചടിച്ച് ആയിരുന്നു വരവ്. നല്ല വെളുത്ത ഒരു ആജാനബാഹു.
"ങ്ങ ങ്ങ....ഇതാരാ പുതിയ താടി, രാമചന്ദ്രാ..എന്റമ്മേ  കണ്ണടയും ഉണ്ടല്ലോ....പുതിയ കുരിശു വല്ലതും ആണോ...കര്‍ത്താവേ  ഇമ്മക്ക് പണി ആകുവോ ആവോ..." ആന്റണി ഏട്ടന്‍ എന്നെ നോക്കി ആണ് ചോദിച്ചത്  രാമചന്ദ്രനോട്. നല്ല കനത്ത ശബ്ദം.. രാമചന്ദ്രന്‍ മുറ്റത്തിറങ്ങി ചെന്ന് അയാളുടെ ചെവിയില്‍ എന്തോ മന്ത്രിച്ചു. ആന്റണി ഏട്ടന്‍  ഷോക്ക് അടിച്ച മാതിരി ആയി.
"സോറി  കേട്ടോ.. സാറേ, ഇമ്മക്ക് ആളെ മനസ്സില്‍ ആയില്ല , അതോണ്ടാ..പിന്നെ സാറിനു ഇവിടെ എന്തെങ്കിലും  ബുദ്ധിമുട്ടുണ്ടെങ്കില്‍ പറയണം കേട്ടോ..എന്റെ വീട് ലേശം പടിഞ്ഞാറു മാറിയാ.... ഈ റോഡിന്റെ  എതിര്‍വശത്തുള്ള പുരയിടം എല്ലാം ഞങ്ങളുടേതാ..അത്യാവശ്യം തെങ്ങും തേങ്ങയും നെല്ലും ഒക്കെ ആയിട്ട് ഇമ്മള് അങ്ങനെ ഉരുട്ടി പെരട്ടി അങ്ങനെ അങ്ങട്ട് പോണു. പിന്നെ ചില്ലറ ചെലവിനു കമ്പനി ജോലിയും ഒക്കെ ഉണ്ടല്ലോ.." ഇത്രയും പറഞ്ഞത് എന്നോടാണ്..ശെരി നാളെ കമ്പനിയില്‍ കാണാം എന്ന് പറഞ്ഞു ചേട്ടനെ യാത്ര ആക്കി.
                                               പിറ്റേന്ന് രാവിലെ തന്നെ ഞാന്‍ കമ്പനിയില്‍ എത്തി. ആന്റണി ഏട്ടന്‍ , രാമചന്ദ്രനെയും ജയകൃഷ്ണനെയും കൂടാതെയുള്ള ഓഫീസ്  സ്റ്റാഫുകളെ  എല്ലാം പരിചയപ്പെടുത്തി, ഞാന്‍ ആവശ്യപ്പെടാതെ തന്നെ. നാട്ടുകാരന്‍ ആണെന്നുള്ള ഒരു മേല്‍ക്കൈ ഉണ്ടെന്നു വച്ചോ..ആന്റണി ഏട്ടന്‍ ചില്ലറക്കാരന്‍ ഒന്നും അല്ല..ആദ്യകാല ഗള്‍ഫ്കാരന്‍ ആണ്. അന്ന് ബോംബയില്‍ നിന്നേ ഫ്ലൈറ്റ് ഉള്ളൂ.. ഗള്‍ഫിലേക്ക്..ആന്റണി ഏട്ടന്‍ വിമാനത്തില്‍  കയറി ഇരുന്നു. ബെല്‍റ്റ്‌ ഇടാന്‍ പറഞ്ഞു , ഇട്ടു..വിമാനം  റണ്‍വേയില്‍  കൂടി ഓടി തുടങ്ങിയപ്പോഴേ എട്ടന് പേടി ആയി. ആദ്യം ആയിട്ട് കയറുകയാണ്..ഈ കുരിശിന്റെ ടയര്‍ എങ്ങാനും പൊട്ടിയാല്‍ ..ഇല്ല.. പൊട്ടിയില്ല. ഏട്ടന്‍ കണ്ണ് അടച്ചു പിടിച്ചു ഇരുന്നു പ്രാര്‍ഥിച്ചു..വിമാനം  പൊങ്ങിതുടങ്ങി. ആന്റണി ഏട്ടന്‍ കണ്ണ് സ്വല്‍പ്പം തുറന്നു പുറത്തേക്കു നോക്കി. അപ്പോള്‍ കണ്ട കാഴ്ച..ഞെട്ടി പോയി.താഴെ കടല്‍...വിമാനത്തിന്റെ ചിറകിന്റെ ഓരോ ചെറിയ കഷണങ്ങള്‍ അടര്‍ന്നു പോകുന്നു....ചേട്ടന്‍  പിന്നെ പ്രാര്‍ത്ഥന ഉറക്കെ ആയി.. എന്റെ കൊരട്ടി മുത്തിയേ, ഈ കടലില്‍ വീണു ചാകാനാണോ എന്റെ യോഗം....എന്നിട്ടും വിമാനം വീണില്ല... പിന്നെ ആണ് ചേട്ടന് മനസ്സില്‍ ആയതു, ചിറകിന്റെ കഷണങ്ങള്‍ അടര്‍ന്നു പോകുന്നില്ല... ഉയര്‍ന്നു താഴുന്നതെ ഉള്ളൂ..എന്ന്...ആകെ മൂന്ന് മാസമേ ചേട്ടന്‍ അവിടെ നിന്നുള്ളൂ....മടങ്ങി വന്നിട്ടാണ് കമ്പനിയില്‍ ജോലിക്ക് കയറിയത്..ആയിടെ തന്നെയാണ് ഞാനും അവിടെ എത്തുന്നത്‌..
                      ആന്റണി ഏട്ടന്‍ എനിക്ക് വലിയ സഹായി ആയിരുന്നു..അതുകൊണ്ട് തന്നെ ഞങ്ങള്‍ വളരെ അടുത്തു. ഏട്ടന്റെ കയ്യില്‍ നല്ല ഒരു തോക്ക്‌ ഉണ്ടായിരുന്നൂ..മരുന്ന് നിറച്ചു ചില്ലിട്ടു വെടി  പൊട്ടിക്കുന്നത്. നല്ല ഒരു വെടിക്കാരന്‍ ആണ് ചേട്ടന്‍..ആ ഭാഗങ്ങളില്‍ കാട്ടു മുയല്‍, വെരുക് എന്നിവ ഉണ്ടായിരുന്നൂ... തോക്കിന്റെ ലൈസെന്‍സ് പുതുക്കാന്‍ വേണ്ടി പോലീസ് സ്റെഷനില്‍ ചെന്ന ചേട്ടനോട് പോലീസ് ചോദിച്ചത് തനിക്കു തോക്ക് എന്തിനാ എന്നാണ്..ചേട്ടന്‍ മറുപടി കൊടുത്തു," എന്റെ സാറേ, കപ്പയും മറ്റും നട്ടു കഴിയുമ്പോള്‍ വലിയ എലി ശല്യം . അതിനെ വെടി വെക്കാനാ.." പോലീസുകാര്‍ ചിരിച്ചു മറിഞ്ഞു..അതാണ്‌ ചേട്ടന്‍..ചേട്ടന്‍ കപ്പ നടുമ്പോള്‍ ഞങ്ങള്‍ പത്തു മൂട് കപ്പ പറഞ്ഞു വെയ്ക്കും..ആ പത്തു മൂട് കപ്പ ഞങ്ങള്‍ അവസാനമേ എടുക്കുകയുള്ളൂ..അതുവരെ ചേട്ടന്‍ മറ്റുള്ളവര്‍ക്ക് കൊടുത്തു നിര്‍ത്തുന്ന  കപ്പയിലാണ് ഞങ്ങളുടെ കളി....പിന്നെ തേങ്ങയും രാത്രി ചേട്ടന്റെ തെങ്ങില്‍ നിന്ന് തന്നെ. അധികം പൊക്കം ഇല്ലാത്ത തെങ്ങാണ്. രാമചന്ദ്രന്‍ തെങ്ങില്‍ കയറും. ഓരോന്നായി പിരിച്ച് എടുത്തു താഴേക്കു ഇടും. അത് ജയകൃഷ്ണന്‍ നല്ല മെയ് വഴക്കത്തോടെ താഴെ വീഴാതെ  പിടിക്കും. തേങ്ങാ വീഴുന്ന ശബ്ദം കേട്ടാല്‍ സാറാ ചേടത്തി എങ്ങാനും വന്നു നോക്കിയാലോ..ഒരു ദിവസം ആന്റണി ഏട്ടന്‍ പോയിക്കാണും എന്നോര്‍ത്താണ് രാമചന്ദ്രന്‍ തെങ്ങില്‍ കയറിയത്..പക്ഷെ ചേട്ടന്‍ തെങ്ങുമ്മേ  ടോര്‍ച് അടിച്ചു വരുന്നത് കണ്ടു, തേങ്ങാ പിടിക്കാന്‍ നിന്ന ജയകൃഷ്ണന്‍ ഓടി വീട്ടില്‍ കയറി. ചേട്ടന്‍ ടോര്‍ച് അടിച്ചത് രാമചന്ദ്രന്റെ മുഖത്തേക്ക് തന്നെ...പിന്നെ പറയേണ്ടല്ലോ..പൂച്ചയെ പിടിച്ചു പട്ടിയുടെ മുഖത്തേക്ക് ഇട്ടതു പോലെയായി ബഹളം ..രാമചന്ദ്രന്റെ വടകര ഭാഷയും ചേട്ടന്റെ കൊരട്ടി ഭാഷയും ഏറ്റു മുട്ടിയപ്പോള്‍ തീ പറന്നു, കുറച്ചു നേരത്തേക്ക്..പിന്നെ ശാന്തം..അടുത്ത ദിവസം മുതല്‍ ചേട്ടന്റെ തെങ്ങിന്റെ മണ്ടയിലേക്കുള്ള നോട്ടം കൂടി...  അതോടെ ഓസിനു തേങ്ങ കിട്ടല്‍ നിന്നു..
                                                                       കൊരട്ടിയില്‍ വെച്ചാണ്  ഞാന്‍ തൊഴിലാളി യൂണിയന്റെ തനി നിറം കണ്ടത്. ഒരു ഇടത്തരം കമ്പനിയില്‍ നാല് യൂണിയന്‍...പോരെ പൂരം...തൊട്ടതിനും പിടിച്ചതിനും ഒക്കെ പ്രശ്നം തന്നെ....ഒരിക്കല്‍ ഒരു കുത്തിയിരിപ്പ് സമരം...മാനെജ്മെന്റ് സ്റ്റാഫ് ഓഫീസില്‍ കയറിയാല്‍ ഉടനെ ഓഫീസ് ഉപരോധം തുടങ്ങും. എല്ലാ തൊഴിലാളികളും ഞങ്ങളെ ഓഫീസിനുള്ളില്‍ തന്നെ തളച്ചിടാന്‍ ശ്രദ്ധിച്ചു. ആദ്യ ദിവസം രാവിലെ മുതല്‍  വൈകുന്നേരം വരെ വെള്ളം മാത്രം കുടിച്ചു കഴിഞ്ഞുകൂടി...വൈകുന്നേരം നാല് മണിയോടെ ഞാന്‍ പോലീസിനു ഫോണ്‍ ചെയ്തു. അവര്‍ അഞ്ചു മണിയോടെ വന്നു ഞങ്ങളെ "മോചിപ്പിച്ചു". അന്ന് തന്നെ തൊഴിലാളികള്‍ ഫോണ്‍ വയര്‍ എല്ലാം പൊട്ടിച്ചെറിഞ്ഞു...നാളെ പോലീസിനെ വിളിക്കാതിരിക്കാന്‍...അന്ന് തന്നെ ഞാന്‍ പോലീസ് സ്റെഷനില്‍ പോയി എഴുതി കൊടുത്തു..ഇനിയുള്ള  ദിവസങ്ങളിലും ഇത് ആവര്‍ത്തിക്കാം..അതുകൊണ്ട് അടുത്ത ദിവസങ്ങളിലും   വൈകുന്നേരം ഒന്ന് അവിടം വരെ വരണം എന്ന്.. പ്രതീക്ഷ പോലെ തന്നെ അടുത്ത ദിവസവും അത് തന്നെ ആവര്‍ത്തിച്ചു...ഞാന്‍ ഉള്‍പെടെയുള്ള  സ്റ്റാഫ്  ആദ്യത്തെ  ദിവസത്തെ ഉച്ച പട്ടിണി ഓര്‍ത്തു കുറച്ചു ഉച്ച ഭക്ഷണം കൊണ്ടുവന്നിരുന്നു. പക്ഷെ അത് തുറക്കാന്‍ പോലും തൊഴിലാളികള്‍ സമ്മതിച്ചില്ല..അന്നും ഭക്ഷണവും മുന്നില്‍ വെച്ച്, പൂച്ച കണ്ണാടിക്കൂട്ടിലെ മീന്‍ നോക്കി  ഇരിക്കുന്നപോലെ ഞങ്ങള്‍ ഇരുന്നു... വെള്ളം കുടിക്കുന്നതും ടോയലറ്റില്‍ പോകുന്നതും തടയാഞ്ഞത് ഭാഗ്യം..അന്നും വൈകുന്നേരം പോലീസ് വന്നു മോചിപ്പിച്ചു..ഈ നാടകം ഒരാഴ്ചയോളം തുടര്‍ന്നു..കൊല്ലുന്ന മന്ത്രിക്കു തിന്നുന്ന രാജാവ് എന്ന പോലെ  മാനേജ്മെന്റും വിട്ടു കൊടുത്തില്ലാ...    അവസാനം കമ്പനി  അനിശ്ചിത കാലത്തേക്ക് "ലോകൌട്ട്" ചെയ്തു....
                                                                         അതോടെ രംഗം ലേബര്‍ ഓഫീസിലേക്ക് മാറി..ചര്‍ച്ചകള്‍ ..ചര്‍ച്ചകള്‍...പിന്നെയും ചര്‍ച്ചകള്‍ ...തന്നെ...ഇപ്പോഴത്തെ കൊച്ചി മെട്രോയുടെ ചര്‍ച്ച പോലെ തന്നെ..ഇവിടെ ചര്‍ച്ചകള്‍ തുടങ്ങി വളരെ കഴിഞ്ഞ ശേഷം പണി ആരംഭിച്ച മറ്റു പല ഇന്ത്യന്‍ നഗരങ്ങളിലും തീവണ്ടി ഓടാന്‍ പാകത്തിന് പാളം ആയി...നമ്മള്‍ ഇപ്പോഴും ചര്‍ച്ചയില്‍ ആണ്...അതുപോലെ ഞങ്ങളുടെ ചര്‍ച്ചകളും നീണ്ടു നീണ്ടു പോയി..അവസാനം നാല് മാസത്തിനു ശേഷം കമ്പനി തുറക്കാന്‍ തീരുമാനം ആയി...ഫലത്തില്‍ തൊഴിലാളിയുടെ നാല് മാസത്തെ ശമ്പളവും കമ്പനിയുടെ നാല് മാസത്തെ ഉല്‍പ്പാദനവും നഷ്ട്ടം ആയി...അക്കാര്യത്തില്‍ രണ്ടു കൂട്ടര്‍ക്കും വിജയം അവകാശപ്പെടാം.            
                                                            നല്ല ഇരുട്ടുള്ള രാത്രികളില്‍ ചേട്ടന്‍  ഹെഡ് ലൈറ്റ് എല്ലാം പിടിപ്പിച്ചു തോക്കും ആയി വരും മുയല്‍ വേട്ടയ്ക്ക്....കൂടെ പോകാന്‍ എനിക്ക് വലിയ ഹരം ആയിരുന്നൂ..കൂടെ ഒരു വേലായുധനും ഉണ്ടാവും വെടിമരുന്നും സഞ്ചിയും ഒക്കെ പിടിക്കാന്‍ ആയിട്ട്....ചിലപ്പോള്‍ കിലോമീറ്റര്‍ കണക്കിന് നടന്നാലും ഒന്നും കിട്ടുകയില്ല...ചിലപ്പോള്‍ പെട്ടെന്ന് മുയലും വെരുകും മറ്റും വന്നു വീഴും..ചേട്ടന്റെ ഉന്നവും അപാരം ആണേ..ഒരു വെടി പോലും പാഴാകുക ഇല്ല....അങ്ങനെ ഇരിക്കെ ഒരു ദിവസം..അന്ന് ചേട്ടന്റെ കൂടെ ഞാന്‍ മാത്രം. ഞാനും വലിഞ്ഞാല്‍ ചേട്ടന്‍ വിഷമിക്കും...അത് കൊണ്ടാണ് ഞാന്‍ കൂടെ കൂടിയത്..നല്ല കുറ്റാകൂരിരുട്ടും.. നടന്നു നടന്നു കുറെ ദൂരം പോയിട്ടും ഒന്നും കണ്ടില്ല...നീണ്ടു വിരിഞ്ഞു കിടക്കുന്ന കരപ്പാടം...പെട്ടെന്ന് ഒരു മുയലിന്റെ നിഴലാട്ടം ചേട്ടന്‍ കണ്ടു. സാര്‍ ഇവടെ നിന്നോ, ഞാന്‍ അതിനെ ഒന്ന് പിന്തുടര്‍ന്ന് നോക്കട്ടെ എന്ന് പറഞ്ഞു ചേട്ടന്‍ അതിന്റെ പിറകെ പോയി...കുറച്ചു നേരം ഹെഡ് ലൈറ്റിന്റെ  പ്രകാശം ഒക്കെ കണ്ടിരുന്നൂ...പിന്നെ ഇരുട്ട് മാത്രം ...ഞാന്‍ ആ ഇരുട്ടത്ത്‌ ഒറ്റയ്ക്ക്...കൂവി വിളിച്ചാല്‍ പോലും ആരും കേള്‍ക്കില്ല....ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നി. നിന്നിടത്ത് നിന്ന് അനങ്ങാനും പേടി. കാരണം ആള്‍ മറ ഇല്ലാത്ത കിണറുകള്‍ ഉണ്ടാവും. ഇരുട്ടത്ത്‌ നടന്ന് അതിലെങ്ങാനും വീണാല്‍ കഥ തീര്‍ന്നത് തന്നെ...ഇരുട്ടത്ത്‌ ഒറ്റപ്പെട്ടാലത്തെ അവസ്ഥ  ആദ്യമായി അനുഭവിക്കുകയാണ്. ഞാന്‍ അന്നത്തെ എന്റെ എടുത്തു ചാട്ടത്തെ ശപിച്ചും കൊണ്ട് ഒറ്റ നില്‍പ്പാണ്. അങ്ങനെ വിഷമിക്കുമ്പോള്‍ ഒരു വെടിയൊച്ച കേട്ടു, അങ്ങ് ദൂരെ. അപ്പോഴേക്കും ഒരു മണിക്കൂറോളം കഴിഞ്ഞിരുന്നു. ഹാവൂ..സമാധാനം ആയി. ഇനി ചിലപ്പോള്‍ ചേട്ടന്‍ ഇങ്ങു വരും. വീണ്ടും അര മണിക്കൂര്‍ കഴിഞ്ഞാണ് ചേട്ടന്‍ പ്രത്യക്ഷപ്പെട്ടത്. കയ്യില്‍ നല്ല വലിപ്പം ഉള്ള ഒരു മുയലിനെയും  തൂക്കിയാണ് വന്നത്....എനിക്ക് എന്റെ ജീവന്‍ തിരിച്ചു കിട്ടിയ പ്രതീതി....
                               എന്റെ വേട്ടക്കൊതി അന്നത്തെക്കൊണ്ട് തീര്‍ന്നു. പിന്നെ വളരെക്കാലം ഞാന്‍ അവിടെ ഉണ്ടായിരുന്നു എങ്കിലും പിന്നെ ഒരിക്കലും വേട്ടയ്ക്ക് പോയിട്ടില്ല...ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം.. 

Friday, June 17, 2011

ബാല്യം തന്നെ വീണ്ടും ...

33

മറക്കാത്ത ബാല്യം...മരിക്കാത്ത ഓർമ്മകൾ                                                                                                                                       മാര്‍ച്ച്‌ മാസം പകുതി ആകുമ്പോഴേക്കും  പരീക്ഷാ സമയം ആകും . മാര്‍ച്ച്‌ അവസാനം സ്കൂളും അടയ്ക്കും. പിന്നെ രണ്ടു മാസം കുട്ടികളുടെ സാമ്രാജ്യം അല്ലെ...ഞാനും അനുജനും കൂടി  എല്ലാ സ്കൂള്‍ അടവിനും ഉമ്മയുടെ നാട്ടിലേക്ക് പോകും. ഇടയ്ക്ക് ഓണം , ക്രിസ്മസ്  അവധിക്ക് എല്ലാം പോകുമെങ്കിലും അവധിക്ക് ഇത്ര നീളം         ഇല്ലല്ലോ. ഏകദേശം പത്തു മൈൽ ദൂരെയുള്ള അമ്പലപ്പുഴ ആണ് ഉമ്മയുടെ  നാട്. അന്നത്തെ പത്തു മൈല്‍ ഇന്നത്തെ നൂറു മൈലിനു തുല്യം. അവിടെ കഞ്ഞിപ്പാടം എന്ന, നെല്‍ വയലുകളും നദികളും കൈത്തോടുകളും അതിരിടുന്ന  സുന്ദര ഗ്രാമം. കഞ്ഞിപ്പാടം ഗ്രാമം മറ്റൊരു തരത്തില്‍ പ്രസിദ്ധം ആണ്. "അയല്‍ക്കൂട്ടം" എന്ന പ്രസ്ഥാനം അവിടെയാണ് ആദ്യം രൂപം കൊണ്ടത്‌. ദിവംഗതതനായ പങ്കജാക്ഷ കുറുപ്പ്  സാറാണ് ഈ പ്രസ്ഥാനത്തിന്റെ പിതാവ്. ഇവിടെ എത്താന്‍ രണ്ടു വഴികള്‍ ഉണ്ട്. ആലപ്പുഴയില്‍ നിന്നും തകഴി ബസ്സില്‍ കയറി  അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഇറങ്ങി, കുഞ്ചന്‍ നമ്പ്യാർ സ്മാരകത്തിന്റെ പുറകിലൂടെ കിഴക്കോട്ടു നടക്കുക. കിഴക്കേ നടയില്‍ നിന്നും ഒരു തോട് ആരംഭിക്കുന്നുണ്ട്. ഈ തോട്  പൂക്കൈത ആറ്റില്‍ ചെന്ന് ചേരും. ഈ തോടിന്റെ ഒരു വശം ചേര്‍ന്നാണ് കഞ്ഞിപ്പാടത്തേക്ക്‌ പോകേണ്ടത്. ഏകദേശം അര  മണിക്കൂര്‍ നടപ്പുണ്ട്. അക്കാലത്തു ചെളി നിറഞ്ഞു കിടക്കും വഴിയില്‍. നഗര വാസികള്‍ ആയ ഞങ്ങളുടെ തെന്നി തെറിച്ചുള്ള  നടപ്പ്  അവിടത്തെ നാട്ടുകാര്‍ക്ക് കൌതുകം ആയിരുന്നു. ഗ്രാമത്തിന്റെ ഒരതിര് ഈ തോടാണ്. അക്കാലത്ത്  ദിവസവും രാവിലെ  അമ്പലപ്പുഴ നിന്നും ഈ തോട് വഴി കോട്ടയത്തിനു  ബോട്ട് സര്‍വീസ് ഉണ്ടായിരുന്നു. തോടിന്റെ  തീരത്ത് കുറച്ചു കര ഭാഗവും പിന്നെ നോക്കെത്താ ദൂരത്തേക്കു നെല്‍പ്പാടങ്ങളും ആണ് ഉണ്ടായിരുന്നത്. ഉമ്മയുടെ ഒരേ ഒരു സഹോദരനും കുടുംബവും ആണ് അവിടെ താമസം. മാമാ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ഞങ്ങളുടെ ഒരേ ഒരു അമ്മാവന്‍ നല്ല ഒരു കൃഷിക്കാരന്‍ ആയിരുന്നു. അന്ന് പണിക്കാര്‍ എന്ത് ഭവ്യതയോടെ ആണ് പെരുമാറിയിരുന്നത്. "മൊയലാളി"  എന്ന് മുഴുവന്‍ പറയില്ല, അത്ര ബഹുമാനവും പേടിയും ആയിരുന്നു  മാമയെ.
                                 ഇവിടെ എത്താന്‍ അന്ന് വേറെ ഉണ്ടായിരുന്നതു ജലമാര്‍ഗം ആണ്.  ആലപ്പുഴ -കൊല്ലം ബോട്ടില്‍ കയറിയാല്‍ ഒന്നര മണിക്കൂര്‍ കൊണ്ട് കഞ്ഞിപ്പാടത്ത്‌ ഇറങ്ങാം, വെറും മുപ്പതു പൈസക്ക്. ബസ്സിലാണെങ്കില്‍ നാല്‍പ്പതു പൈസ. ഞങ്ങള്‍ ബസ്സിനുള്ള പൈസ വീട്ടില്‍ നിന്നും വാങ്ങും. പക്ഷെ ബോട്ടില്‍ പോകും. അതായിരുന്നു പതിവ്. ബോട്ട് ആവുമ്പോള്‍ വളരെ പതുക്കെ ആയതു കൊണ്ട് കുട്ടനാടിന്റെ ഭംഗി ഒക്കെ നന്നായി ആസ്വദിക്കാന്‍ പറ്റും.ബോട്ടില്‍ പോകാന്‍ അതും ഒരു കാരണം ആയിരുന്നു. മാമയ്ക്ക് മക്കള്‍ ഇല്ലായിരുന്നത് കൊണ്ട് ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ ഉത്സവം ആയിരുന്നു. ഒരു ഗ്രാമത്തിന്റെ വിശുദ്ധി നിറഞ്ഞ  അന്തരീക്ഷം. ഞങ്ങള്‍ ചെല്ലുമ്പോള്‍ മിക്കപ്പോഴും കൊയ്ത്തു കാലം ആയിരിക്കും. കൊയ്ത്തു കഴിഞ്ഞ പാടങ്ങള്‍  നരച്ച നിറങ്ങളില്‍ സൂര്യപ്രകാശത്തില്‍ തിളങ്ങും. അപ്പോള്‍ താറാവ്  കൃഷിക്കാര്‍ കൂട്ടത്തോടെ എത്തും, കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ താറാവിന്‍ കൂട്ടങ്ങളെ തീറ്റാന്‍.. സന്ധ്യ കഴിയുമ്പോള്‍ അവയെ കരയ്ക്ക്‌ കയറ്റി നിര്‍ത്തും. പിറ്റേന്ന് വീണ്ടും പാടത്ത് ഇറക്കും. ഇടവേളയില്‍ പാടത്ത് നിന്ന് ധാരാളം മുട്ടകള്‍ ശേഖരിക്കുന്നത് കാണാം. അവര്‍ മാറിക്കഴിയുമ്പോള്‍ ഞങ്ങള്‍ ഇറങ്ങും, ഞങ്ങള്‍ക്കും കിട്ടും മുട്ടകള്‍. അത് കൂടാതെ  നിലമുടമയ്ക്ക് താറാവുകാര്‍ വേറെയും മുട്ട കൊടുക്കും.
                                                                            കൊയ്ത്ത് അന്ന് ഒരു ഉത്സവം തന്നെ ആയിരുന്നു. സ്ത്രീകളും പുരുഷന്മാരും നിരനിരയായി  കൊയ്ത്ത് പാട്ടും പാടി നെല്‍ക്കതിരുകള്‍  അരിഞ്ഞു കൂട്ടി, അത് കറ്റ ആയി കെട്ടി മുന്നേറുന്നത് ഒരു കാഴ്ച തന്നെ ആയിരുന്നു. കൊയ്ത്തു കഴിഞ്ഞു കറ്റകള്‍ മുറ്റത്ത്‌ ഭംഗിയായി അട്ടിവെയ്ക്കും. മെതി നടന്നിരുന്നത് രാത്രിയില്‍ ആയിരുന്നു. സ്ത്രീകള്‍ അവരുടെ അത്താഴം ഒക്കെ കഴിഞ്ഞാണ് മെതിക്കാന്‍ വരുന്നത്. ഈ പരിപാടി ദിവസ്സങ്ങള്‍ നീളും. നെല്ലായിരുന്നു കൂലി ആയി കൊടുത്തിരുന്നത്. പക്ഷെ അന്ന് കണ്ട സന്തോഷവും ഒത്തൊരുമയും വേറെ എവിടെയും പിന്നെ ഒരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരു പക്ഷെ അന്ന് ആവശ്യങ്ങള്‍ പരിമിതം ആയിരിക്കാം. വെറും പത്തു മൈല്‍ ദൂരെ നിന്നും ചെന്ന ഞങ്ങള്‍  അവര്‍ക്ക് വേറെ ഏതോ രാജ്യത്ത് നിന്ന് വന്നവരെപോലെ  ആയിരുന്നു. ഇന്നിപ്പോള്‍ എണ്ണമറ്റ റിസോര്‍ട്ടുകള്‍  അവിടെ  ഉണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും നിന്നുള്ള വിനോദ സഞ്ചാരികളെ  ഇന്ന് ഈ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും കാണാം. കുട്ടനാടിന്റെ ഭംഗി അനുഭവിച്ചു തന്നെ അറിയുവാനായി എത്തിയവര്‍ . ഈ ഭംഗിയാണ് "തകഴി" തന്റെ നോവലുകളില്‍  പകര്‍ത്തിയത്.
                                                                                  മാമയുടെ വീടിന്റെ അടുത്ത് തന്നെ പാടത്ത് പണിക്കു വരുന്ന തൊഴിലാളികള്‍ താമസിച്ചിരുന്നു. അതില്‍ ചെല്ലച്ചേച്ചിയുടെ മകന്‍ മോഹനന്‍ ഞങ്ങളുടെ സമപ്രായക്കാരന്‍ ആയിരുന്നു. വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ കൂട്ടുകാര്‍ ആയി. വെള്ളത്തില്‍ ഇറങ്ങാന്‍ ഭയം ഉണ്ടായിരുന്ന ഞങ്ങളെ വെള്ളത്തില്‍ ഇറക്കി  പേടി മാറ്റിയത് ഇവനാണ്. നല്ല വീതിയുള്ള തോട് അവന്‍ അക്കരെ ഇക്കരെ നീന്തുന്നത് ഞങ്ങള്‍ അതിശയത്തോടെ നോക്കി നിന്നു. അധികം താമസിയാതെ അവന്‍ ഞങ്ങളെയും നീന്തല്‍ പഠിപ്പിച്ചു. മോഹനന്‍ കൂടെ ഉണ്ടെങ്കില്‍ മാമയ്ക്ക്  ഞങ്ങളെ പുറത്തു വിടാന്‍ പേടി ഇല്ലായിരുന്നു. അഥവാ ഒന്ന് വെള്ളത്തില്‍ വീണാലും മോഹനന്‍ ഉണ്ടല്ലോ, കരുമാടി കുട്ടന്‍. മോഹനന്‍  മീന്‍ പിടിക്കാനും മിടുക്കന്‍ ആയിരുന്നു. ചൂണ്ട പോലും ഇല്ലാതെ. വാഴയില എടുത്തു അതിന്റെ ഇല എല്ലാം കളഞ്ഞു തണ്ട് മാത്രം ആക്കും. ഏകദേശം നാലടി നീളത്തില്‍. അങ്ങനെ രണ്ടെണ്ണം  ആയിരുന്നു അവന്റെ ഉപകരണം. തോടിന്റെ ആഴം കുറഞ്ഞ ഭാഗത്ത്‌ ഈ തണ്ടുകള്‍ രണ്ടു കയ്യിലും ആയി വെള്ളത്തില്‍ ആഴ്ത്തി പരസ്പരം അടുപ്പിക്കും. അപ്പോള്‍ അതിന്റെ ഉള്ളില്‍ പെട്ടു പോകുന്ന "പള്ളത്തി" എന്ന പേരുള്ള  ചെറു മത്സ്യത്തെ ഒരു പ്രത്യേക തരത്തില്‍ കൈകള്‍ ചലിപ്പിച്ചു ജീവനോടെ പിടിക്കും. കാണുമ്പോള്‍  എളുപ്പം  എന്ന് തോന്നി ഞാന്‍ വളരെ ശ്രമിച്ചു നോക്കിയിട്ടും എനിക്ക് ഒരെണ്ണം പോലും പിടിക്കാന്‍ പറ്റിയിട്ടില്ല. ഈ വിദ്യ അവനു സ്വന്തം. "കോലു വെയ്ക്കുക " എന്നാണ് ഈ  രീതിയുടെ പേര്.
                                                                                   നല്ല ആഴമുള്ള ഇടങ്ങളില്‍ ചൂണ്ട തന്നെ ശരണം. അപ്പോള്‍ കരിമീന്‍ പോലുള്ള  വലിപ്പം ഉള്ള  മത്സ്യങ്ങള്‍ കുടുങ്ങും. മണ്ണിരയെ ആണ് ഇരയായി ചൂണ്ടയില്‍ കൊളുത്തുന്നത്. എങ്കിലേ മീന്‍ കൊത്തൂ. പക്ഷെ  മണ്ണിരയെ ഇട്ടു പിടിച്ച മീന്‍ മാമി വീട്ടില്‍ കയറ്റുകയില്ല. അതിനും വഴി കണ്ടു പിടിച്ചു. മാമിയുടെ കയ്യില്‍ നിന്നും ചോറ് വാങ്ങിക്കൊണ്ടു പോകും, ഇരയായി. അത് വഴിയില്‍ കളഞ്ഞിട്ടു  മണ്ണിരയെ ഇട്ടു മീന്‍ പിടിക്കും. ചോറ് ഇട്ടു പിടിച്ച മീന്‍ ആയി മാമിക്ക് കൊടുക്കും. ഇതിലും രസമായി മീന്‍ കിട്ടുന്നത് "തൂമ്പു" തുറക്കുമ്പോള്‍  ആണ്. അതിനും മിടുക്കന്‍ മോഹനന്‍ തന്നെ. തോടിനു കുറുകെ കെട്ടിയ തടയണ. അതിനു നടുവില്‍ പലക കൊണ്ട് തീര്‍ത്ത വലിയ കുഴല്‍. അത് അടയ്ക്കുകയും തുറക്കുകയും ചെയ്യാം. അതാണ്‌ "തൂമ്പ്‌". ഈ തൂമ്പിന്റെ അടപ്പ് തുറക്കുമ്പോള്‍ അതിശക്തമായി മറുവശത്തേക്ക് വെള്ളം ചീറ്റും. അപ്പോള്‍  തൂമ്പിന്റെ മുകള്‍ഭാഗത്ത്‌  കച്ചി  ഒരു പ്രത്യേക തരത്തില്‍ വളയം പോലെ വെയ്ക്കും. വെള്ളിത്തുട്ടു  പോലെയുള്ള  പരല്‍മീനുകള്‍ ഈ  വെള്ളപ്പാച്ചിലില്‍ നിന്നും മുകളിലേക്ക് ചാടും. അത് അവസാനത്തെ ചാട്ടം ആയിരിക്കും. ചാടി വീഴുന്നത്  കെണി പോലെ വെച്ചിരിക്കുന്ന  കച്ചിയില്‍. ഏതാനും നിമിഷങ്ങള്‍ക്ക് അകം ധാരാളം മീന്‍ കിട്ടും. ഇതും മോഹനന്റെ കരവിരുത് തന്നെ . അങ്ങനെ മോഹനന്‍ ഞങ്ങളുടെ അവിടത്തെ നേതാവ് തന്നെ ആയിരുന്നു.രണ്ടു മാസം തീരാറാവുംപോള്‍ മോഹനനും ഞങ്ങള്‍ക്കും ഒരുപോലെ  സങ്കടം. ഇനി ഓണത്തിന് കാണാം എന്ന് പറഞ്ഞു പിരിയും, കണ്ണീരോടെ.
                                                                ഓണത്തിന്റെ അവധിക്കും നല്ല രസമാണ്. അപ്പോള്‍ കൊയ്ത്ത് എല്ലാം കഴിഞ്ഞു പാടത്ത് വെള്ളം നിറഞ്ഞു കിടപ്പുണ്ടാവും. തോട് ഏതാ പാടം ഏതാ എന്നറിയാന്‍ വിഷമം. ഇടയ്ക്കുള്ള  ചിറകളില്‍ തെങ്ങുകളും അവയ്ക്കിടയില്‍ കൊച്ചു കൊച്ചു വീടുകളും കാണാം. ബാക്കി സര്‍വ്വത്ര വെള്ളം. ഇതിനിടയിലും  അടുത്ത കൃഷിക്കുള്ള  ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടാവും. നിലം ഉഴുന്നതാണ് രസം. നുകം വെച്ച രണ്ടു പോത്തുകളും നയിക്കാന്‍ ഒരാളും. പക്ഷെ മൂന്ന് തലകള്‍ മാത്രമേ വെള്ളത്തിന്‌ മുകളില്‍  കാണാന്‍ കഴിയൂ. മുന്‍പില്‍ കൊമ്പുള്ള രണ്ടു തലകളും പിന്നില്‍ കൊമ്പില്ലാത്ത ഒരു തലയും. ബാക്കി എല്ലാം വെള്ളത്തിന്‌ അടിയിലാണ്. ഉഴവുകാരന്‍ എന്തൊക്കെയോ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്, ഒരു മനുഷ്യജീവി ഇവിടെ ഉണ്ടേ ...എന്ന് പറയുന്ന മാതിരി. പാടത്തെ വെള്ളത്തിന്‌ വലിയ ആഴം ഇല്ലാത്തതുകൊണ്ട് മോഹനന്റെ കൊതുമ്പു വള്ളത്തില്‍ ഞങ്ങള്‍ അവിടെയൊക്കെ കറങ്ങി നടക്കും. അങ്ങനെ പോകുമ്പോള്‍  ധാരാളം നീര്‍ക്കോലികള്‍ (പുളവന്‍ എന്നും പറയും. കണ്ടാല്‍ ഭീകരന്‍ എങ്കിലും വിഷം ഇല്ലാത്ത പാവം പാമ്പാണ്.) തല വെള്ളത്തിന്‌ മുകളില്‍ കാണിച്ചു ഇരിക്കുന്നത് കാണാം. ഈര്‍ക്കിലി കൊണ്ട്  കുടുക്കുണ്ടാക്കി അതിനെ പിടിക്കല്‍ ഞങ്ങളുടെ  ഒരു വിനോദം ആയിരുന്നു. ചിലപ്പോള്‍  കടി കിട്ടും. വീട്ടില്‍ പറഞ്ഞാല്‍ അന്ന് അത്താഴം കിട്ടില്ല. അതുകൊണ്ട്  ഇതിന് അത്താഴം മുടക്കി എന്നും പേരുണ്ട്. ഒരിക്കല്‍ ഇരുപതോളം നീര്‍കോലികളെ പിടിച്ചിട്ടു തുണി  ഇടാനുള്ള അയയില്‍  നിരത്തി കെട്ടിത്തൂക്കി, പല നീളമുള്ള  നീര്‍കോലികളെ. വൈകുന്നേരം മോഹനന്റെ അമ്മ വന്നപ്പോള്‍ ഈ കാഴ്ച കണ്ടു പേടിച്ചു പോയി. പിന്നെ പറയേണ്ടല്ലോ, മോഹനന് അന്ന് പൊതിരെ തല്ലു കിട്ടി. ഞങ്ങളും കൂടെ ഉണ്ടെന്നു അവര്‍ക്കറിയാം, പക്ഷെ ഞങ്ങളോടുള്ള ദേഷ്യവും മോഹനന്റെ പുറത്തു തന്നെ തീര്‍ന്നു. പിന്നെ ഈ കലാപരിപാടി തുടര്‍ന്നില്ല.   
                                                                      തിരിച്ചു പോകേണ്ട ദിവസം , ഉച്ചയൂണ് കഴിഞ്ഞ്, രണ്ടു മണിയോടെ  ഞങ്ങള്‍ മാമായോടും മാമിയോടും വിട പറയും. ബോട്ടിനാണ് പോകുന്നത് എന്ന് പ്രത്യേകം പറയും. ഒരു പ്രാവശ്യം  ഞാനും അനിയനും കൂടി  വീട്ടില്‍ നിന്നും ഇറങ്ങി . നടക്കുന്നതിനു ഇടയില്‍ ഒരു ചിന്ത കയറി. മാമാ ഒരു രൂപ തന്നല്ലോ, നമുക്ക് നേരെ നടന്നാലോ ആലപ്പുഴയ്ക്ക്? എന്നിട്ട് നമുക്ക് സിനിമയ്ക്ക് കയറാം. നമുക്ക് ആറു മണിക്ക് ആലപ്പുഴ എത്താം. ആറരയ്ക്കുള്ള  ഫസ്റ്റ് ഷോയ്ക്ക്  കയറാം. എന്നിട്ട്  വീട്ടില്‍ ചെന്നിട്ടു പറയാം , താമസിച്ചത് ബോട്ട് കേടായത് കൊണ്ടാ, അല്ലെങ്കില്‍ നേരത്തെ എത്തിയേനെ, എന്ന്. അനിയന് പൂര്‍ണ്ണ സമ്മതം. അന്നെനിക്ക് പതിമൂന്നു വയസ്സ്. അനിയന് പതിനൊന്നും. ഞങ്ങള്‍ ബോട്ട് ജെട്ടിക്ക് പകരം അമ്പലപ്പുഴയ്ക്ക് നടന്നു. അവിടെ കച്ചേരി മുക്കില്‍ എത്തിയാല്‍ N H 47  ഹൈവെ . നേരെ വലത്തോട്ട് തിരിഞ്ഞു പത്തു മൈല്‍ നടന്നാല്‍ ആലപ്പുഴ. സിനിമ കാണുമ്പോള്‍ നടപ്പിന്റെ ക്ഷീണം മാറിക്കോളും. ഞങ്ങള്‍ നടന്നു......
                                                                   ആറുമണിക്ക് തന്നെ ആലപ്പുഴ എത്തി. ആദ്യം ആലപ്പുഴ ശ്രീകൃഷ്ണ ടാകീസ്.(ഇപ്പോള്‍ സീതാസ്.). അടുത്തത് സുബ്ബമ്മ.(ഇപ്പോള്‍ ടാക്കീസ് അല്ല, ടൌണ്‍ ഹാള്‍ ആണ്). ഞങ്ങള്‍ നടക്കുക തന്നെ ആണ്. ഇരുമ്പുപാലം കയറി വീണ്ടും  മുന്നോട്ടു നടന്നാല്‍ ശീമാട്ടി ടാക്കീസ്..( ഇന്നതും ഇല്ല) അവിടെ എത്തുമ്പോള്‍  കൃത്യ സമയം, ഫസ്റ്റ് ഷോയ്ക്ക്. ഞങ്ങള്‍ കയറി സിനിമ കാണാന്‍ ഇരുന്നു." അനുഭവങ്ങള്‍  പാളിച്ചകള്‍" എന്ന സിനിമ ആയിരുന്നു. സത്യനും നസീറും ഷീലയും അഭിനയിച്ച ചിത്രം. ആ സിനിമയിലെ "പ്രവാചകന്മാരെ പറയൂ പ്രഭാതം അകലെയാണോ.." എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്. സിനിമ കഴിഞ്ഞപ്പോള്‍ രാത്രി ഒന്‍പതു മണി കഴിഞ്ഞു. ഇത്രയും താമസിച്ചു വീട്ടില്‍ ചെന്നാല്‍ പറയേണ്ട കള്ളത്തരം  ഒന്നുകൂടി പറഞ്ഞുറപ്പിച്ചു. ബോട്ട് കേടായാല്‍ പിന്നെ എന്ത് വഴി? അങ്ങനെ വീടിനു മുന്‍പില്‍ എത്തിയ ഞങ്ങള്‍ ഞെട്ടിപ്പോയി. ഞങ്ങളെ യാത്ര ആക്കിയ മാമാ വീടിന്റെ ഉമ്മറത്ത്‌ തന്നെ ഉലാത്തുന്നു. അയല്‍ക്കാര്‍ ആരെക്കെയോ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്. ഞങ്ങള്‍ ഒന്ന് പരുങ്ങി. അവിടെ നിന്നും ഞങ്ങളെ യാത്രയാക്കിയ  മാമ  ഇവിടെ...? ബാപ്പ  വീടിന്റെ അകത്ത് ആയിരിക്കും. നേരെ ചെല്ലുകയെ നിവൃത്തി  ഉള്ളൂ. ഞങ്ങളെ കണ്ടതും മാമ  ചാടി വീണു.
"എവിടെ ആയിരുന്നെടാ ഇത്രയും നേരം? മനുഷ്യന്റെ ജീവന്‍ എടുത്തു പോയല്ലോ?"
"ബോട്ട് കേടായി. അത് കൊണ്ടാ താമസിച്ചത് " ഞാന്‍ വിക്കി വിക്കി പറഞ്ഞു. അപ്പോള്‍ ബാപ്പയും എത്തി. ഞാന്‍ നല്ല ഒരു അടി മണത്തു. അനുജന്‍ എന്റെ പിന്നില്‍ പതുങ്ങി നില്‍ക്കുകയാണ്. അടി കിട്ടുമ്പോള്‍ ഒറ്റയ്ക്കാവില്ല  എന്നൊരു സമാധാനം  തോന്നി.
"ഏതു ബോട്ടാ കേടായത്?" മാമ വിടുന്ന മട്ടില്ല. 
" കൊല്ലം - ആലപ്പുഴ ബോട്ട്." ഞാന്‍ ഞരങ്ങി.
" ഞാന്‍ നിങ്ങള്‍ വീട്ടില്‍ നിന്നും പോന്നതിനു ശേഷം വേറെ ഒരാവശ്യത്തിന് അവിടെ  ബോട്ട്  ജെട്ടിയുടെ അടുത്ത് പോയിരുന്നു. അപ്പോള്‍ കാണാം ബോട്ട് വരുന്നു. എങ്കില്‍ നിങ്ങളെ കയറ്റി വിട്ടിട്ടു പോകാം എന്ന് കരുതി നിങ്ങളെ നോക്കിയിട്ട് അവിടെ എങ്ങും കണ്ടില്ല. ബോട്ട് കയറാന്‍ വന്ന നിങ്ങളെ കാണാതായപ്പോള്‍  ഞാന്‍ ആ ബോട്ടില്‍ തന്നെ കയറി ഇങ്ങു പോന്നു. ആകെ ഒരു ബോട്ട് അല്ലെ ഉള്ളൂ. അത് കേടാകാതെ ഇങ്ങ് എത്തി, ആറു മണിക്ക് തന്നെ. ഇനി സത്യം പറ, എന്താണ് പറ്റിയത്? ". മാമയുടെ എട്ടു നില  അമിട്ടില്‍ എന്റെ കുഞ്ഞിപ്പടക്കം പോലെയുള്ള  കള്ളം  പൊളിഞ്ഞു. ഇനി എന്ത് പറയും ഞാന്‍ . ആദ്യമായി ചെയ്ത ഒരു കള്ളത്തരം തന്നെ അസല്‍ ആയി പൊട്ടി. അടി ഓര്‍ത്തായിരിക്കും  അനിയന്‍ കരച്ചില്‍ തുടങ്ങി. അപ്പോഴേക്കും  ബാപ്പ  ഇടപെട്ടു. ബാപ്പയുടെയും  മാമയുടെയും ചോദ്യത്തിനു മുന്നില്‍ അധികം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ തത്ത പറയുന്നത്  പോലെ ഉണ്ടായ കാര്യം പറഞ്ഞു. അപ്പോള്‍ ഞെട്ടിയത് അവരാണ്. പത്തു മൈല്‍ നടന്നത് കേട്ടപ്പോള്‍ എല്ലാവരും വാ പൊളിച്ചു. അതിനിടയില്‍ കിട്ടിയ അവസരം മുതലാക്കിക്കൊണ്ട് ഞാന്‍  കരഞ്ഞു കൊണ്ട് മാപ്പ് പറഞ്ഞു. ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കില്ല എന്ന് ആണയിട്ടു. രംഗം തണുത്തു. അതുവരെ ഉണ്ടായിരുന്ന വിഷമം ചിരിക്കു വഴി മാറി. പിന്നെ ഒരിക്കലും ഇങ്ങനെ ഒരബദ്ധം പറ്റിയിട്ടില്ല. സത്യത്തില്‍ മാമയോടു അന്ന് ദേഷ്യം തോന്നി എങ്കിലും കൂടുതല്‍ കള്ളം പറയാന്‍ അവസരം തരാതെ എന്നെ രക്ഷിച്ചത്‌ മാമയാണല്ലോ എന്ന് ചിന്തിച്ചപ്പോള്‍ ആ നീരസം മാറി. അന്നൊരു കാര്യം മനസ്സിലായി. സത്യം ഒന്നേയുള്ളൂ എന്ന്. അതിനെ ആയിരം  അസത്യം കൊണ്ട്  മൂടി  വെച്ചാലും  അന്തിമം ആയി സത്യം തന്നെ  പ്രകാശിക്കും എന്ന്.

ഷാനവാസ്‌ 




             

Thursday, June 9, 2011

ചില ചിതറിയ സ്കൂള്‍ ഓര്‍മ്മകള്‍

28

  നിലത്തെഴുത്ത്.                                                        
                                                                   ജൂണ്‍  മാസം വന്നല്ലോ... മഴയും പേറിയാണ് ഈ മാസത്തിന്റെ വരവ് തന്നെ. പിഞ്ചു കുഞ്ഞുങ്ങളുടെ തോളില്‍ മാറാപ്പു കേറുന്നതും ഈ മാസത്തില്‍ തന്നെ. ആഗസ്റ്റ്‌ ഒക്കെ ആവുമ്പോള്‍  മഴ  മാറും. പക്ഷെ  മഴയുടെ കൂടെ തോളില്‍ കയറിയ മാറാപ്പ് ഇറക്കി വെയ്ക്കാന്‍  കുരുന്നുകള്‍ മാര്‍ച് മാസം വരെ കാത്തിരിക്കണം. ഞാന്‍ വിദൂരമായ എന്റെ ബാല്യം ഓര്‍മ്മിച്ചെടുക്കാന്‍ നോക്കി. ചെരുപ്പില്ലാത്ത, കുട ഇല്ലാത്ത , മാറാപ്പില്ലാത്ത കാലം. പിച്ച വെയ്ക്കുന്നതിന് മുന്‍പ് മാറാപ്പ് കേറാത്ത കാലം. അങ്ങനെയും ഒരു കാലം ഉണ്ടായിയിരുന്നു എന്ന് വിശ്വസിക്കാന്‍ തന്നെ ഇപ്പോള്‍ പ്രയാസം തോന്നുന്നു. എന്ത് മാറ്റങ്ങളാണ് ചുരുങ്ങിയ സമയം കൊണ്ട് എല്ലാ രംഗങ്ങളിലും വന്നത്. നാരായം കൊണ്ട്  എഴുത്തോലയില്‍ എഴുതിയിരുന്ന കാലം കഴിഞ്ഞാണ് എന്റെ ബാല്യം. അത് കൊണ്ട് എഴുത്താശാന്റെ  നാരായം കൂട്ടി   തുടയില്‍   ഉള്ള  പ്രയോഗം കിട്ടാതെ രക്ഷപ്പെട്ടു. സ്നേഹത്തിന്റെ  ആള്‍രൂപം എന്ന് വിശേഷിപ്പിക്കാവുന്ന  രണ്ടു കന്യാസ്ത്രീ അമ്മമാര്‍  ആണ് എന്റെ ആദ്യ ഗുരുക്കള്‍. നീണ്ട അര നൂറ്റാണ്ടിനു ശേഷവും തെജോമയികള്‍ ആയി ആ  അമ്മമാരെ ഞാന്‍ കാണുന്നു. ഒരിക്കല്‍ സ്നേഹം അനുഭവിച്ചാല്‍ ഒരിക്കലും മറക്കില്ലായിരിക്കാം. വീട്ടില്‍ നിന്നും അധികം ദൂരെ അല്ലാത്ത ഒരു "വണക്കമാസപുര."  ഒരു കപ്പേള  ആയിരുന്നു അത്. വീടിന്റെ മുന്നിലുള്ള  ചെറിയ റോഡിലൂടെ ആണ്  ഈ അമ്മമാര്‍ കപ്പെളയിലേക്ക് പോയിരുന്നത്. ആദ്യം ഒക്കെ അവരുടെ ഇരുണ്ട നിറത്തിലുള്ള  വസ്ത്രങ്ങള്‍ എന്നെ ഭയപ്പെടുത്തിയിരുന്നു. വഴിയില്‍ അവരെ കണ്ടാല്‍ ഞാന്‍ ഓടി വീട്ടില്‍ കയറി ഒളിക്കുമായിരുന്നു. പക്ഷെ  എനിക്ക് അക്ഷരം പഠിക്കാനുള്ള  ഭാഗ്യം സിദ്ധിച്ചത്‌  അവരില്‍ നിന്നായിരുന്നു. എന്നെപ്പോലെ വേറെയും കുറച്ചു കുട്ടികള്‍ അവിടെ ഉണ്ടായിരുന്നു.  ആദ്യം "ഹരീ ശ്രീ" എഴുതിച്ചത് ഒരു പാത്രത്തില്‍ എടുത്ത അരിയില്‍ ആയിരുന്നു. അന്ന് ജാതി ഭേദം മത ദ്വേഷം ഒന്നും ഇല്ലായിരുന്നു എന്ന് തോന്നുന്നു,അതുകൊണ്ടായിരിക്കും ക്രിസ്ത്യാനി അമ്മമാര്‍ കുട്ടികളുടെ ജാതി നോക്കാതെ "ഹരി ശ്രീ" എഴുതിച്ചത്. അതിനു ശേഷം തറയില്‍ നല്ല പഞ്ചാര മണലില്‍ ആണ് എഴുത്ത് തുടങ്ങിയത്. എഴുതാനും മായ്ക്കാനും ഇത്ര നല്ല ഒരു മീഡിയം വേറെ ഇല്ല എന്ന് തോന്നിയത്, പിന്നീട് ഒന്നാം ക്ലാസ്സില്‍ സ്ലേറ്റില്‍ എഴുതി തുടങ്ങിയപ്പോള്‍ ആണ്.  ഏതാണ്ട് ഒരു വര്‍ഷം ഈ അമ്മമാര്‍ ആയിരുന്നു ഗുരുക്കള്‍. എന്റെ കൂടെ ഒരു കൂട്ടിനു എന്റെ ഇളയ അനുജനും ഉണ്ടായിരിക്കും എപ്പൊഴും. കപ്പെളയിലെക്കുള്ള വഴി അരികില്‍ ഉള്ള ഒരു വീട്ടില്‍ ഒരു ഭ്രാന്തനെ തുടലില്‍ പൂട്ടി ഇട്ടിരുന്നത് മറക്കാന്‍ കഴിയില്ല. തുടലില്‍ കിടന്നു അയാള്‍ ഇമ്പമുള്ള പാട്ടുകള്‍ പാടുന്നത് കേട്ട് നിന്നിട്ടുണ്ട്. ഒരു പക്ഷെ അതായിരിക്കും അയാളുടെ ഭ്രാന്ത്. അങ്ങനെ എഴുതിയും മായ്ച്ചും ആ വര്‍ഷം കടന്നു പോയി. സ്നേഹനിധികളായ അമ്മമാരെയും പിരിയെണ്ടിവന്നു, കണ്ണുനീരോടെ.
ആറാം ക്ലാസ്.
                       എല്‍പി സ്കൂള്‍ പഠനത്തിനു ശേഷം യൂപി / ഹൈ സ്കൂള്‍ പഠനത്തിനായി പ്രശസ്തമായ എസ്.ഡി.വീ. സ്കൂളില്‍ ചേര്‍ന്നു. ഒരു ദിവസം  സയന്‍സ് പിരീഡ് . ഒരു ടീച്ചര്‍ ആണ്  സയന്‍സ്  ക്ലാസ്  എടുക്കുന്നത്. ഇവരുടെ ഒരു പ്രത്യേകത , ഏത് ടോപിക്  തുടങ്ങുമ്പോഴും  അതിന്റെ  മലയാളം  അര്‍ഥം പറഞ്ഞു തരും. അന്നത്തെ  ടോപിക് "സോപ്പ്"  ആയിരുന്നു. അന്ന് പതിവിനു വിപരീതമായി  സോപ്പിന്റെ മലയാളം പറയാതെ  ക്ലാസ്  എടുത്തു തുടങ്ങി. എനിക്ക് സോപ്പിന്റെ മലയാളം അറിയാന്‍ ഒരു കൊതി. അത് അടക്കിയിട്ടു നില്‍ക്കുന്നില്ല. സഹിക്കാന്‍ വയ്യാതായപ്പോള്‍  ഞാന്‍ ഇരുന്നു കൊണ്ട് തന്നെ ചോദ്യം എറിഞ്ഞു," ടീച്ചര്‍, സോപ്പിന്റെ മലയാളം പറഞ്ഞില്ല."  ഇത് കേട്ടതും  ടീച്ചര്‍ " ആരാ സംശയം ചോദിച്ചത് " എന്നായി. ഞാന്‍ ഒന്നും സംശയിക്കാതെ എഴുന്നേറ്റു നിന്ന് പറഞ്ഞു "ഞാനാണ് ടീച്ചര്‍". "ഓഹോ നിനക്കാണോ സോപ്പിന്റെ മലയാളം അറിയേണ്ടത്?" 
"അതെ ടീച്ചര്‍." ഞാന്‍ നിഷ്ക്കളങ്കമായി  പറഞ്ഞു. 
" ശരി, നീ ഇങ്ങു വാ, " ഞാന്‍ ചെന്നു ടീച്ചറുടെ അടുത്ത്.ടീച്ചര്‍ നല്ല ഒന്നാം തരാം ചൂരല്‍ കയ്യില്‍ എടുത്തു.
" വലതു കൈ നീട്ടെടാ"  ഞാന്‍ വലതു കൈ നീട്ടി കൊടുത്തു. ടീച്ചര്‍ ദേഷ്യം കൊണ്ട് വിറയ്ക്കുകയാണ്. സോപ്പ് ഇത്രയും വലിയ പോല്ലാപ്പാണോ എന്നറിയാതെ ഞാനും വിഷമിച്ചു. ടീച്ചര്‍ സര്‍വ്വ ശക്തിയുമെടുത്തു , നീട്ടിപ്പിടിച്ച എന്റെ കൈവെള്ളയില്‍ പ്രഹരിച്ചു തുടങ്ങി. എനിക്ക് നല്ലപോലെ വേദന എടുത്തുവെങ്കിലും ഞാന്‍ കുലുങ്ങാതെ നിന്ന് തല്ലു കൊള്ളുകയാണ്. ശ്വാസം അടക്കിപ്പിടിച്ചിരിക്കുന്ന ക്ലാസ്. കുറച്ചു കഴിഞ്ഞു , ടീച്ചര്‍ ക്ഷീണിച്ചു എന്ന് തോന്നുന്നു, തല്ലു നിര്‍ത്തി. 
"പോയി ഇരിക്കെടാ..." എന്ന് പറഞ്ഞു. ഞാന്‍ അനുസരിച്ചു. അപ്പോഴും എനിക്ക് മനസ്സില്‍ ആയില്ല ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന്. പിന്നീട് അവര്‍ പഠിപ്പിച്ചത് ഒന്നും ഞാന്‍ കേട്ടില്ല. ഞാന്‍ വേദനയുടെ ലോകത്തായിരുന്നു. പിന്നെയുള്ള ദിവസങ്ങളിലും അതായിരുന്നു സ്ഥിതി. വളരെ നാളുകള്‍ക്കു ശേഷം എനിക്ക് മനസ്സിലായി, ടീച്ചറിന്റെ ദേഷ്യത്തിന് കാരണം. "സോപ്പ്' അവരുടെ ഇരട്ടപ്പേരായിരുന്നു. ഞാന്‍ മനസ്സറിയാതെ തല്ലു കൊണ്ടത്‌ മിച്ചം.
ഏഴാം ക്ലാസ്.
                                       ഏഴാം ക്ലാസ്സിലെ ഗണിതശാസ്ത്രം  പഠിപ്പിച്ചത്  ഒരു ചെല്ലപ്പന്‍ പിള്ള സാര്‍ ആയിരുന്നു. ദൂരേന്നു വരുന്നത് കണ്ടാല്‍  ചെവികള്‍ ആട്ടി ചങ്ങലയും വലിച്ചു വരുന്ന കൊമ്പന്‍ ആന ആണെന്നേ തോന്നൂ. ഒരു കൈ കൊണ്ട് മുണ്ടിന്റെ കൊന്തലയും പൊക്കിപ്പിടിച്ച്, രണ്ടാം മുണ്ടും വീശിയുള്ള  വരവ് ഒരു വരവ് തന്നെ ആയിരുന്നു. ജീവനില്‍ കൊതിയുള്ളവര്‍ ഓടി ഒളിച്ചിരുന്നു, സാറിനെ കാണുന്ന മാത്രയില്‍. മൂക്കിന്‍ തുമ്പത്ത്‌ ആണ് കോപം. ഉച്ച കഴിഞ്ഞു ഒരു ഇടവേളയ്ക്കു ശേഷം ആണ് സാറിന്റെ  ക്ലാസ്. തൊട്ടടുത്തുള്ള കോടതിയുടെ മുന്‍വശം മധുരമുള്ള വെള്ളം കിട്ടുമായിരുന്നു, രണ്ടു പൈസക്ക്. അത് വാങ്ങി കുടിക്കാന്‍ ഭയങ്കര തിരക്കും. വെള്ളവും കുടിച്ചിട്ട് വരുമ്പോള്‍ അത് ആവിയാക്കാന്‍ പാകത്തിന് സാര്‍ ക്ലാസ്സില്‍  ഉണ്ടാവും. പിന്നെ ഒരു ബഹളം ആണ് താമസിച്ചു വന്നതിനു. പിന്നെ  പുറകിലുള്ള  ബഞ്ചില്‍ കയറി നില്‍ക്കണം. ഞാന്‍ ഒറ്റയ്ക്കായിരിക്കുകയില്ല, അതിനും കൂട്ടുകാര്‍ ഉണ്ടാവും.  ഒരു ദിവസം ഞാന്‍ ബെഞ്ചില്‍ നിന്ന് ഉറങ്ങി  അടുത്തിരുന്ന കുട്ടിയുടെ മുകളിലേക്ക് വീണു. അതില്‍ പിന്നെ താമസിച്ചു ചെന്നാല്‍ ക്ലാസ്സിന്റെ പുറത്തായി  എന്റെയും താമസിച്ചു ചെല്ലുന്ന മറ്റു  കുട്ടികളുടെയും സ്ഥാനം. അതോടെ ഞാന്‍ മധുരവെള്ളം കുടി  നിര്‍ത്തി. ഇടവേളയ്ക്കു പുറത്തു പോകാതായി. അതോടെ സാറും ആയുള്ള  ഏറ്റുമുട്ടല്‍ ഇല്ലാതായി. പിന്നെ എല്ലായിടത്തും നേരത്തെ എത്താനുള്ള  ശ്രമം തുടങ്ങി. കൃത്യ നിഷ്ഠ  ജീവിതത്തിന്റെ ഭാഗം ആയി. അതിന്നും അഭന്ഗുരം തുടരുന്നു.
ഒന്‍പതാം ക്ലാസ്.
                                           ഉച്ച  കഴിഞ്ഞ  ക്ലാസ്. എടുക്കേണ്ടത്  നൈര്‍മ്മല്ല്യതിന്റെ  ആള്‍രൂപമായ  കല്ലേലി  രാഘവന്‍ പിള്ള  സാര്‍. ഇന്നും,  നഗരത്തിന്റെ മനസ്സാക്ഷി പോലെ റോഡിന്റെ ഓരം ചേര്‍ന്ന് ഒരു ഉറുമ്പിനെപ്പോലും നോവിക്കാതെ സാര്‍ നടന്നു നീങ്ങുന്നത്‌ കാണാറുണ്ട്. സൌകര്യപ്പെടുമ്പോള്‍ ഇന്നും സാറിന്റെ മുന്നില്‍ കൂപ്പുകൈകളും ആയി  ശിരസ്സ്‌ കുനിച്ചു ഈയുള്ളവന്‍ നില്‍ക്കാര്‍ ഉണ്ട്.  അക്ഷരാര്‍ത്ഥത്തില്‍ സര്‍ ഒരു പുണ്യാത്മാവ് തന്നെ. അന്ന് സര്‍  എന്തുകൊണ്ടോ  ക്ലാസില്‍ വന്നില്ല. പകരം അന്നാദ്യം ആയി  സ്വയംവരന്‍ നായര്‍ സര്‍ ആണ് വന്നത്. സാറിന്റെ രീതികളൊന്നും വശമില്ലാത്ത  ഞങ്ങള്‍  പരുങ്ങി ഇരുന്നു. സര്‍ ക്ലാസ് തുടങ്ങി. ഗണിതശാസ്ത്രം  തന്നെ. കടിച്ചാല്‍ പൊട്ടാത്ത  ഒരു ചോദ്യം ബോര്‍ഡില്‍  എഴുതിയിട്ടു. ഉത്തരം പറയണം. എല്ലാവരും കിടുങ്ങി ഇരിക്കുകയാണ്. ഈ വിഷയത്തില്‍ മഹാരഥന്‍മാരായുള്ള  കുട്ടികളും പരുങ്ങി ഇരിക്കുകയാണ്. സര്‍ ആണെങ്കില്‍ വെല്ലുവിളിയും ആയി നില്‍ക്കുകയാണ്. "ഈ ചോദ്യത്തിനു ഉത്തരം നിങ്ങളില്‍ ആരെങ്കിലും പറഞ്ഞില്ലെങ്കില്‍ നാളെ  അസ്സെംബ്ലിയില്‍ ഞാന്‍ പറയും , ഈ ക്ലാസില്‍  ഒന്നിനും കൊള്ളാത്ത കൊന്തന്മാരാണെന്ന്." സാര്‍ വിടുന്ന മട്ടില്ല. ഞാന്‍ ഉത്തരം കണ്ടുപിടിച്ചു. പക്ഷെ , പണ്ട്  "സോപ്പ്" പഠിച്ചു തല്ലു കിട്ടിയ ഭയം എന്നെ പുറകോട്ടു വലിച്ചു. എങ്കിലും അറിയാവുന്ന ഉത്തരം പറയാതിരുന്നാല്‍  നാളെ  ക്ലാസിന്റെ അന്തസ്സ്  അല്ലെ  പോകുന്നത്. എല്ലാ ഭയവും മാറ്റി വെച്ച് ഞാന്‍ എഴുന്നേറ്റു. തെറ്റാണെങ്കില്‍ അടിയല്ലേ കിട്ടികയുള്ളൂ, ക്ലാസിന്റെ മാനം പോകരുതല്ലോ.. ഞാന്‍ ഉത്തരം പറഞ്ഞു. ഒരു നിമിഷം. സര്‍ എന്നെ സൂക്ഷിച്ചു നോക്കി. ഞാന്‍ തല്ലു വാങ്ങാന്‍ തയ്യാറായി നിന്നു. പക്ഷെ എന്റെ ഉത്തരം ശരി ആയിരുന്നു. ക്ലാസ്സിന്റെ അന്തസ്സ് കാത്ത എന്നെ അന്ന് സാറും പിന്നെ സഹപാഠികളും അഭിനന്ദിച്ചു. അന്നെനിക്ക് ഒരു കാര്യം ബോധ്യം ആയി. ശരി എന്ന് വിശ്വാസം ഉള്ള കാര്യങ്ങള്‍  പറയാന്‍ ഭയപ്പെടെണ്ടതില്ല എന്ന്.
                                           ആറാം ക്ലാസ്സില്‍ കൊണ്ട അടി ഇന്നും എന്റെ മുന്നില്‍ ഒരു ചോദ്യ ചിഹ്നം  ആയി നില്‍ക്കുന്നു. അതിനു മുന്‍പോ  ശേഷമോ  അത്തരം  ഒരു  അവസ്ഥ  എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. ഞാന്‍   പത്താം ക്ലാസ് കഴിഞ്ഞു സ്കൂളില്‍ നിന്നും പിരിയുന്നത് വരെ  എന്നെ തല്ലിയ ടീച്ചര്‍ക്ക് എന്നോട് ദ്വേഷ്യം ആയിരുന്നു. അതുകൊണ്ട് തന്നെ സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കാന്‍ പഠിച്ചു. നമ്മുടെ സംസാരം മറ്റുള്ളവര്‍ക്ക് അലോസരം ആവരുതല്ലോ...




                               
                                                                           

Thursday, June 2, 2011

ഹാവൂ!രക്ഷപ്പെട്ടു,തല്‍ക്കാലത്തേക്ക്.

36

                                                                  അന്ന്  രാവിലെ മുതല്‍ തന്നെ  എന്റെ  ഭാര്യ  എന്റെ പിറകെ കൂടിയിരിക്കുകയാണ്. അപ്പോള്‍  ചോദിക്കാം എന്റെ ഭാര്യ പിന്നെ ആരുടെ  പിറകെയാ കൂടേണ്ടത്  എന്ന്. പ്രശ്നം വേറൊന്നുമല്ല, സ്നേഹം കൂടിയത് കൊണ്ടാ. "അടുത്താല്‍ നക്കി കൊല്ലും,അകന്നാല്‍ കുത്തി കൊല്ലും" എന്ന് പറഞ്ഞ  രീതി ആണല്ലോ ഭാര്യമാര്‍ക്ക്. പത്തു വര്‍ഷം മുന്‍പ് ഭാര്യയുടെ  സഹോദരന് ഹൃദ്രോഗം പിടിപെട്ടു.  അയാള്‍ക്ക്‌  എന്റെ തന്നെ പ്രായം ആണ്. റെയില്‍വേയില്‍   ഓഫീസറും. അന്ന് ആന്‍ജിയോ ഗ്രാഫി മാത്രം  കൊണ്ട്  നിന്നു. ആന്‍ജിയോ പ്ലാസ്റ്റി  വേണ്ടാ എന്നായിരുന്നു അന്ന് ഡോക്ടര്‍ പറഞ്ഞത്. മരുന്നുകള്‍ കൊണ്ട് ശരിയാകും എന്നും പറഞ്ഞിരുന്നു.  ഈയടുത്ത ദിവസം ഈ  ചങ്ങാതി  റിയാദില്‍ നിന്നും പറന്നു ഇറങ്ങിയത്‌ തന്നെ നല്ല നെഞ്ചു വേദനയും ആയിട്ടാണ്. റെയില്‍വേ തന്നെ അവിടത്തെ ഏതോ റെയില്‍  പ്രൊജക്റ്റ്‌ നോക്കാന്‍ വിട്ടതാണ്. പോയിട്ട് ആകെ നാല് മാസമേ ആയിട്ടുള്ളൂ. എയര്‍പോര്‍ട്ടില്‍ നിന്നു നേരെ കൊച്ചിയിലെ  പ്രശസ്തമായ ആശുപത്രിയിലേക്ക് വിട്ടു. കയ്യോടെ അവിടെ അഡ്മിറ്റ്‌ ചെയ്തു. അപ്പോള്‍ എത്തിയത് ഭാഗ്യം ആയി എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എനിക്ക് ആശ്വാസം ആയി. കാരണം, പത്തു കൊല്ലം മുന്‍പും ഇയാളെ  ഞാനാണ് ആശുപത്രിയില്‍ എത്തിച്ചത്. അന്നും സമയത്ത് എത്തിച്ചത് കൊണ്ടാണ് രക്ഷ പെട്ടത്.                             
                                                  ഇനി നാളെ ആന്‍ജിയോ ഗ്രാഫിയും വേണ്ടിവന്നാല്‍ പ്ലാസ്ടിയും ചെയ്യാം എന്ന് ഡോക്ടര്‍  പറഞ്ഞു. അടുത്ത ദിവസം രാവിലെ തന്നെ തയ്യാറായി ഇരുന്നു ,ഗ്രാഫിയും വേണ്ടിവന്നാല്‍  പ്ലാസ്ടിയും ചെയ്യാന്‍ ആയിട്ട്. ഉച്ചയോടെ ചങ്ങാതിയെ  തീയേറ്ററില്‍ കയറ്റി. ഞങ്ങള്‍ ബന്ധുക്കള്‍ പ്രാര്‍ഥനയും ആയി പുറത്തും. കുറെ സമയം കഴിഞ്ഞു ഡോക്ടര്‍ പറയുന്നു,നാല് ബ്ലോക്ക് ഉണ്ട്,ഇത് ആന്‍ജിയോ പ്ലാസ്റ്റി കൊണ്ട് നില്‍ക്കില്ല,  ബൈപാസ് സര്‍ജറി തന്നെ വേണം,അതും നാളെയെങ്കില്‍ നാളെ തന്നെ വേണം എന്ന്.  ഡോക്ടര്‍ എന്നാല്‍ ഈ അവസരത്തില്‍ കണ്കണ്ട ദൈവമല്ലേ,അതിനു അപ്പീല്‍ ഇല്ലല്ലോ?ഞങ്ങള്‍ സമ്മതിച്ചു. പറഞ്ഞത് പോലെ തന്നെ പിറ്റേന്ന് രാവിലെ തന്നെ ആളിനെ തീയേറ്ററില്‍ കയറ്റി. ഓപറേഷന്‍ വിജയകരം ആയി കഴിഞ്ഞു. ആളിനെ ഇനി ഒരാഴ്ച കഴിഞ്ഞേ ഐ സീ സീ യൂ  വില്‍ നിന്നും വെളിയില്‍  ഇറക്കൂ. അതും കഴിഞ്ഞു ആളെ മുറിയിലേക്ക് കൊണ്ട് വന്നു. സുഖം പ്രാപിച്ചു വരുന്നു. പത്താം ദിവസം ഞാന്‍ എന്റെ വീട്ടിലേക്കു കൊണ്ടുവന്നു. ഇനി ഒരു മാസം വളരെ സൂക്ഷിക്കണം എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. കോഴി, കുഞ്ഞിനെ നോക്കുന്നത് പോലെ നോക്കിക്കോളാം എന്ന് പറഞ്ഞ് ആണ് എന്റെ വീട്ടില്‍ കൊണ്ടുവന്നത്. അയാള്‍ സുഖം പ്രാപിച്ചു വരുന്നു.
                        അപ്പോള്‍ അദ്ധേഹത്തിന്റെ സഹോദരിയായ എന്റെ  ഭാര്യയ്ക്ക്   ഒരു സംശയം,എന്റെ ഹൃദയത്തെപ്പറ്റി. ഇത് വരെ ഒരു ചെക്ക് അപ്പ്‌  നടത്തിയിട്ടില്ല. കുഴപ്പം ഒന്നും ഇല്ല എന്നാലും ഒരു ചെക്ക് അപ്പ്‌ നല്ലതാണല്ലോ. ഒന്നും ഇല്ലെങ്കിലും ഹൃദയം ഉണ്ടോ എന്നെങ്കിലും അറിയാമല്ലോ. എനിക്ക് തീരെ താല്പര്യം ഇല്ലെങ്കിലും പക്ഷെ, സമ്മതിക്കേണ്ടി വന്നു. ഒരു ഫുള്‍ ചെക്ക്‌ അപ്പ്‌  അതേ ആശുപത്രിയില്‍ ബുക്ക് ചെയ്തു. രാവിലെ ഏഴര മണിക്ക്  ഭക്ഷണം ഒന്നും കഴിക്കാതെ ആശുപത്രിയില്‍  എത്താന്‍ പറഞ്ഞു. ഏഴു മണിക്ക് തന്നെ ഞാനും ഭാര്യയും  കൂടി ആശുപത്രിയില്‍ എത്തി. വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞതാണ്, മനസമാധാനതോടെയുള്ള   എന്റെ  ജീവിതം കഴിയാന്‍ പോകുന്നു എന്ന്. കാരണം ടെസ്റ്റ്‌  ചെയ്‌താല്‍ ഇല്ലാത്ത രോഗം ഒന്നും ഉണ്ടാവില്ല. എന്റെ  ഹൃദയത്തിനു  ആണെങ്കില്‍  പണ്ട്  തൊട്ടേ  ഒരു "മുട്ട് " കൂടുതലാണ്.വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്‍. ഐ.സീ. കാര്‍ക്ക് വേണ്ടി  ഈ.സീ.ജീ. എടുത്തപ്പോള്‍ കണ്ടതാണ്. അതും പറഞ്ഞു  അവര്‍ എന്റെ  കയ്യില്‍ നിന്നും പ്രീമിയവും കൂടുതല്‍ വാങ്ങുന്നുണ്ട്. പക്ഷെ  ഭാര്യ  എട്ടര കട്ടയ്ക്ക് നില്‍ക്കുകയല്ലേ? ചെക്ക്  ചെയ്യിച്ചേ അടങ്ങൂ  എന്ന്  പറഞ്ഞു കൊണ്ട്.
                                                                   എന്നെപ്പോലെ തന്നെ ഹതഭാഗ്യരായ എട്ടു പേര്‍ അന്ന് പരിശോധനയ്ക്ക്  ആയി  എത്തിയിട്ടുണ്ട്. അപ്പോള്‍ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടു. എല്ലാവരും എന്ത് അച്ചടക്കതോടെയാണ്  അവിടെ ഇരിക്കുന്നത്? തങ്ങളുടെ ഊഴവും കാത്ത്. ആര്‍ക്കും ഒരു  ധ്രിതിയും ഇല്ല. സര്‍ക്കാര്‍  ആശുപത്രി യില്‍  ഇത്ര സമാധാനത്തോടെ  നമുക്ക്  ഇരിക്കാന്‍  കഴിയുമോ എന്ന് ഞാന്‍ ചിന്തിച്ചു പോയി. ബെവേരെജസ്സിന്റെ  മുന്‍പിലെ ക്യൂ  പോലെ ശാന്തം. ആശുപത്രിയിലെ  സൗകര്യം  ഒക്കെ കൊള്ളാം. ആദ്യം തന്നെ  ഒരു ലിറ്റര്‍  വെള്ളം തന്നു . മുഴുവന്‍ കുടിച്ചു യൂറിന്‍ നിറയട്ടെ  എന്ന് പറഞ്ഞു. രാവിലെ വെള്ളം പോലും കുടിക്കാതെ വന്ന ഞാന്‍ ഒറ്റ മൂച്ചിന്  അത് മുഴുവന്‍ കുടിച്ചു. ഇനി യൂറിന്‍ നിറഞ്ഞു നിന്നാലേ  സ്കാന്‍  ചെയ്യൂ  എന്ന് പറഞ്ഞു. ഈ ഇടവേളയില്‍  രക്തം പരിശോധനയ്ക്കായി കൊടുക്കാന്‍  പോയി. രക്തം കൊടുത്തപ്പോള്‍ അവിടെ നിന്ന്  രണ്ടു  ചെറിയ ഡപ്പി തന്നു, എന്നിട്ട് പറഞ്ഞു, ഒന്നില്‍ സ്ടൂളും ഒന്നില്‍  യൂറിനും എടുത്തുകൊണ്ടു വരാന്‍. സ്കാന്‍ ചെയ്യാന്‍ വേണ്ടി  യൂറിന്‍ നിറച്ചുകൊണ്ടിരുന്ന കാര്യം  ഞാന്‍  ഒരു  നിമിഷം മറന്നു പോയി.അവര്‍ തന്ന ഡപ്പി യില്‍  ,പറഞ്ഞതു  രണ്ടും കൊണ്ട്  കൊടുത്തു. അപ്പോഴാണ്‌  എനിക്ക്  സ്കാനിംഗ്  ഓര്‍മ്മ  വന്നത്. യൂറിന്‍ ആണെങ്കില്‍ കാലി ആവുകയും ചെയ്തു. ഇനി വേറെ വഴി ഒന്നും ഇല്ല, തച്ചിന്  വെള്ളം കുടിക്കുക തന്നെ. വീണ്ടും കുടിച്ചു കുറെ വെള്ളം. അങ്ങനെ അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍  യൂറിന്‍ നിറഞ്ഞു, സ്കാനിങ്ങും കഴിഞ്ഞു.
രാവിലത്തെ  ഭക്ഷണം അവരുടെ വകയാണ്. അത് കഴിഞ്ഞു രണ്ടുമണിക്കൂര്‍ കഴിഞ്ഞു വീണ്ടും രക്തം കൊടുക്കണം, പ്രമേഹ പരിശോധനയ്ക്ക്. അതിനിടയ്ക്ക്  ഈ.സീ. ജീ. എടുക്കണം, എക്കോ എടുക്കണം. രണ്ടും എടുത്തു. അപ്പോള്‍  ഒരു പ്രശ്നം. ഈ.സീ.ജീ.യില്‍ ചെറിയ വ്യതിയാനം .  ഇനി  അടുത്തത്  ട്രെഡ്‌ മില്‍  ടെസ്റ്റ്‌ ആണ്. പക്ഷെ  ഈ.സീ. ജീ . ഫലം എനിക്ക് എതിരാണ്. അത് ഹൃദ്രോഗ വിദഗ്ദനെ  കാണിച്ചപ്പോള്‍  ഞാന്‍  ട്രെഡ്‌ മില്‍ ടെസ്റ്റ്‌  ചെയ്യേണ്ട എന്നാണ്  പറയുന്നത് എന്ന് നേഴ്സ്‌ പറഞ്ഞു. കൂടെയുള്ള എന്റെ ഭാര്യയുടെ നെഞ്ചിടിപ്പ്  എനിക്ക് കേള്‍ക്കാം എന്ന നിലയില്‍ ആയി. ഞാന്‍ പറഞ്ഞു, എനിക്ക് ഡോക്ടറെ നേരിട്ട് കാണണം എന്ന്.  വിദഗ്ദ ഡോക്ടര്‍  ഓപറേഷന്‍  തീയേറ്ററില്‍  ആണ്  വെയിറ്റ്  ചെയ്യാന്‍ പറഞ്ഞു. അപ്പോള്‍ വൈകുന്നേരം അഞ്ചു  മണി  ആയി. ഭാര്യ  ആണെങ്കില്‍  എന്റെ ഹൃദയത്തിന്റെ  അവസ്ഥ അറിയാതെ അവിടെ നിന്നും അനങ്ങുന്ന ലക്ഷണവും ഇല്ല. അന്ന് ഏതായാലും ഡോക്ടറെ കാണാന്‍ കഴിഞ്ഞില്ല. ഭാര്യ തന്നെ മുന്‍കൈ എടുത്തു  അടുത്ത ദിവസം  രാവിലെ തന്നെ വിദഗ്ധ  ഡോക്ടറെ കാണാന്‍ ഉള്ള  ബുകിംഗ്  ചെയ്തു. അന്ന്  ഭാരിച്ച മനസ്സോടെ  വീട്ടിലേക്കു  പോയി. ഭാര്യ  അടുത്തിരുന്നു  പറയുന്നുണ്ട്, ആന്‍ജിയോ ഗ്രാഫി യോ  ആന്‍ജിയോ പ്ലാസ്ടിയോ  വേണമെന്ന് പറഞ്ഞാല്‍  ഇവിടെ തന്നെ അതിനും സൌകര്യം ഉണ്ട് എന്നൊക്കെ. ഒരു സാധാരണ കുത്തിവെയ്പ്പ്  പേടിക്കുന്ന എന്നോടാണ് , ഉഴുന്ന് വട തിന്നുന്ന ലാഘവത്തോടെ , ഭാര്യ  ഈ വലിയ കാര്യം ഒക്കെ പറയുന്നത്. എന്തായാലും അന്നത്തെ രാത്രിക്ക് നീളം കൂടിയത് പോലെ തോന്നി.  നേരം എങ്ങനെ  എങ്കിലും വെളുപ്പിച്ചു എന്നിട്ട് , ഞങ്ങള്‍  രാവിലെ  തന്നെ ആശുപത്രിയില്‍  എത്തി.
                                                                     കൃത്യം പത്തു മണിക്ക് തന്നെ ഡോക്ടര്‍  എത്തി. ഞങ്ങളെ അകത്തേയ്ക്ക് വിളിച്ചു.അപ്പോഴേയ്ക്കും അതുവരെയുള്ള എല്ലാ റിപ്പോര്‍ട്ട്കളും  ഡോക്ടറുടെ കയ്യില്‍ എത്തിയിരുന്നു.ഞാന്‍ പൂച്ചയുടെ മുന്‍പില്‍ പെട്ട എലിയെപ്പോലെ ഇരുന്നു, ഡോക്ടറുടെ മുന്നില്‍. എനിക്കാകെ പേടിയുള്ളതു ഡോക്ടര്‍മാരെ ആണ്. വളരെ കുഞ്ഞിലേ ഉള്ള കുഴപ്പം ആണ്. സ്റെതസ്കോപ് കാണുമ്പോള്‍ കൊലക്കയര്‍ പോലെ തോന്നും. "നിങ്ങളുടെ ഈ.സീ.ജീ. പ്രശ്നം ആണ്. അതുകൊണ്ട്  ട്രെഡ്‌ മില്‍  ടെസ്റ്റ്‌  വേണ്ട. ഈ നിലയില്‍  ട്രെഡ്‌ മില്‍  ചെയ്‌താല്‍  ചിലപ്പോള്‍  ഹൃദയം  തന്നെ പെട്ടെന്ന് നിന്ന്  പോവാന്‍  സാധ്യത ഉണ്ട്. അത് കൂടുതല്‍  ബുധിമുട്ടിലേക്ക് പോകും". ഡോക്ടര്‍ പറഞ്ഞു നിര്‍ത്തിയിട്ടു എന്റെ നേരെ നോക്കി, എന്തെങ്കിലും പറയാനുണ്ടോ  എന്ന മട്ടില്‍. ഞാന്‍ എന്ത് പറയണം എന്ന് ആലോചിച്ചു. എന്നിട്ട് പറഞ്ഞു," സര്‍, എന്റെ ഈ പ്രശ്നം വളരെ മുന്‍പേ ഉള്ളതാണ്. എന്റെ ഈ.സീ.ജീ. ഇങ്ങനെയേ വരൂ. അത് കൊണ്ട് ട്രെഡ് മില്‍  ടെസ്റ്റ്‌  ചെയ്യാന്‍ അനുവദിക്കുക. എനിക്ക് ഒരു കുഴപ്പവും വരില്ല. എന്റെ സമ്മതം ഞാന്‍ എഴുതി തരാം. കാരണം ഈ ടെസ്റ്റ്‌  ചെയ്യാതെ ഇവിടെ നിന്നും പോയാല്‍ മന: പ്രയാസം  പിടിച്ചു  ഞാന്‍ ഒരു ഹൃദ്രോഗി ആയി മാറും. എന്താണെങ്കിലും ഇന്ന് തന്നെ  ടെസ്റ്റ്‌  ചെയ്യണം." 
                                                                     ഡോക്ടര്‍  അര മനസ്സോടെ സമ്മതം മൂളി. ഉടനെ തന്നെ പ്രത്യേക  നിരീക്ഷണത്തില്‍  ടെസ്റ്റ്‌  ചെയ്യാനുള്ള  നടപടി ആയി. ടെസ്റ്റ്‌ റിപ്പോര്‍ട്ടും ആയി വീണ്ടും കാണാനും  ഡോക്ടര്‍ പറഞ്ഞു. ഞാന്‍ ടെസ്റ്റ്‌ റൂമില്‍ കയറി. അവിടെ  നാല് ഡോക്ടര്‍ മാരും അത്രയും തന്നെ നേഴ്സ് മാരും  ഉണ്ടായിരുന്നു. പ്രത്യേകം ശ്രദ്ധിക്കാന്‍  വിദഗ്ധന്‍  പറഞ്ഞത് കാരണം ആണെന്ന് തോന്നുന്നു, അവരുടെ മുഖത്ത്  പരിഭ്രമം ഞാന്‍ വായിച്ചു. എന്റെ പരിഭ്രമം ഞാന്‍ മൂടി വെച്ചു. എന്റെ രക്ത സമ്മര്‍ദം നോക്കി, അതിനു ശേഷം ഏതാണ്ട് പന്ത്രണ്ടോളം വയറുകള്‍  നെഞ്ചിനു ചുറ്റും പിടിപ്പിച്ചു. ഭയം കൂടാന്‍ ഇത്രയും മതിയല്ലോ. എന്നോട്  ട്രെഡ് മില്ലില്‍ കയറാന്‍ പറഞ്ഞു. അവര്‍  അത് സ്റ്റാര്‍ട്ട്‌  ചെയ്യുകയാണ്. മോണിട്ടറില്‍  എന്റെ ഹൃദയ മിടിപ്പ് കാണാം. അതിറെ ഗ്രാഫ്  മെഷീനില്‍ നിന്നും അച്ചടിച്ച്‌ വന്നു തുടങ്ങി. മില്ലിന്റെ  വേഗത  ഓരോ മൂന്ന് മിനിട്ടിലും കൂട്ടിക്കൊണ്ടിരുന്നു. ഞാന്‍, അഥവാ ഹൃദയം നിന്ന് പോയി,  വീണാല്‍ പിടിക്കാന്‍ പാകത്തിന് രണ്ടു പേര്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ എല്ലാവരും കൂടി മോണിട്ടറില്‍  തന്നെ കണ്ണ് നട്ട് നില്‍ക്കുകയാണ്. സത്യത്തില്‍ അവരുടെ ഭാവങ്ങള്‍ ആണ് എന്നെ കൂടുതല്‍ ഭയപ്പെടുത്തിയത്. അവര്‍ പറഞ്ഞ അത്രയും സമയം മില്ലില്‍ ഓടിയിട്ടും ഞാന്‍  വീണില്ല. മില്ല്  നിര്‍ത്തി, ഞാന്‍ ഇറങ്ങി. എനിക്ക് പ്രത്യേകിച്ച് ഒരു വിഷമവും തോന്നിയില്ല. ഇനി ഈ റിപ്പോര്‍ട്ട്‌  കണ്ടിട്ട്  വിദഗ്ദന്‍ എന്ത് പറയും എന്നായി എന്റെ ചിന്ത . ഓടിയാല്‍ പോലും തീരാത്ത അത്രയും കാര്യങ്ങള്‍ ജീവിതത്തില്‍  ബാക്കി കിടക്കുന്നു. രോഗി ആയാല്‍  അത് മതി നമ്മുടെ ബാലന്‍സ് തെറ്റാന്‍.                                                         ട്രെഡ് മില്ലിന്റെ റിപ്പോര്‍ട്ടും ആയി  വിദഗ്ദനെ കണ്ടു. ഇനി എന്റെ വിധി എന്താണാവോ. ഡോക്ടര്‍  ആദ്യമായി ഒന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരിയില്‍  ഞാന്‍ രണ്ടര്‍ത്ഥം  കണ്ടു. ഒന്നുകില്‍ ഞാന്‍  രക്ഷപ്പെട്ടു, അല്ലെങ്കില്‍  അദ്ദേഹത്തിന്  ഒരു  ഇരയെ കിട്ടി. എന്തായാലും ഡോക്ടര്‍  സന്തോഷത്തോടെ  പറഞ്ഞു,  എന്റെ ഹൃദയത്തിനു  ഒരു പ്രശ്നവും ഇല്ല എന്ന്. കത്തിക്കൊണ്ടിരുന്ന എന്റെ മനസ്സിലേക്ക് ഒരു തേന്‍ മഴ  പോലെ  ഡോക്ടറുടെ ഈ വാക്കുകള്‍  കിനിഞ്ഞിറങ്ങി. ഭാര്യയ്ക്കും സന്തോഷം ആയി. അത്യാവശ്യം പാലിക്കേണ്ട  ചില  ജീവിത രീതികള്‍  അദ്ദേഹം  പറഞ്ഞു  തന്നു. ഇതെല്ലാം ഞാന്‍  വളരെ മുന്‍പ് മുതല്‍ തന്നെ പാലിച്ചു തുടങ്ങിയിരുന്നു. ഒരു വര്‍ഷത്തിനു ശേഷം വീണ്ടും വന്നു ചെക്ക് അപ് നടത്താന്‍ അദ്ദേഹം പറഞ്ഞു. അത്രയും സന്തോഷം. ഡോക്ടര്‍ക്ക് നന്ദി പറഞ്ഞു ഞാന്‍ മുറിയില്‍ നിന്നും ഇറങ്ങി നടന്നു. തിരിഞ്ഞു നോക്കാതെ ആശുപത്രിയില്‍ നിന്നും. ഹാവൂ! രക്ഷപ്പെട്ടു, തല്‍ക്കാലത്തേക്ക്.