Tuesday, May 24, 2011

ചില പ്രവേശന പരീക്ഷാ ഓര്‍മ്മകള്‍.

34

                                                                     ഇക്കൊല്ലത്തെ  കേരളാ പ്രവേശന പരീക്ഷാ ഫലങ്ങള്‍ പുറത്തു വന്നല്ലോ. രക്ഷിതാക്കള്‍ക്കും വിധ്യാര്തികള്‍ക്കും ഇത്രയധികം മാനസിക സമ്മര്‍ദം സമ്മാനിക്കുന്ന വേറെ എന്തെങ്കിലും സംഭവം ഉണ്ടോ എന്നറിഞ്ഞു കൂടാ. മെഡിക്കല്‍  ആണെങ്കില്‍  ആദ്യത്തെ അഞ്ഞൂറ് കുട്ടികള്‍ക്ക് മനസ് തുറന്നു ആശ്വസിക്കാം. കാരണം ഇന്നത്തെ നിലവാരം വെച്ച് ഏതാണ്ട് സൌജന്യം ആയി തന്നെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കാമല്ലോ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ ഞാനും കുടുംബവും ശ്വാസം അടക്കി പിടിച്ച് ഇരുന്നിട്ടുണ്ട്, ഈ കടമ്പ  കടന്നു കിട്ടാനുള്ള  പ്രാര്‍ത്ഥന യും  ആയി.
                                നാട്ടിലേക്ക് കുടുംബത്തെ പറിച്ചു നട്ടത് തന്നെ കുട്ടികളുടെ നല്ല വിദ്യാഭ്യാസം എന്ന ലക്‌ഷ്യം വെച്ചായിരുന്നു.മൂത്ത മകള്‍ പത്താം ക്ലാസില്‍ എത്തിയപ്പോള്‍ തന്നെ നാട്ടില്‍ വന്നു. ഇളയ കുട്ടികള്‍ അതിനും താഴത്തെ  ക്ലാസ്സുകളില്‍.നാട്ടില്‍ ഞാന്‍ പഠിച്ച സ്കൂളിന്റെ സീ ബീ എസ് ഈ , വിഭാഗത്തിലാണ് ചേര്‍ത്തത്. ഞാന്‍ നാഗ്പൂരില്‍  നിന്ന് വന്നത് കൊണ്ട്  മക്കള്‍ "നാഗ്പൂര്‍ സിസ്റ്റെര്സ് " എന്നാണ് അറിയപ്പെട്ടത്. മൂത്ത മകള്‍ പത്താം ക്ലാസ് നല്ല നിലയില്‍ പാസ്സായി.അവിടെത്തന്നെ പ്ലസ് ടൂ  വിനും പഠനം തുടങ്ങി. മെഡിക്കല്‍ രംഗത്ത് വരണം എന്ന് മകള്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ട്, സയന്‍സ് വിഷയങ്ങള്‍ ആണ് പഠിച്ചു തുടങ്ങിയത്. അന്ന് പക്ഷെ മെഡിക്കല്‍  പ്രവേശനത്തിന് പരിശീലനം കൊടുക്കുന്ന സ്ഥാപനങ്ങളെപ്പറ്റി എനിക്ക് ഒരു  അറിവും ഉണ്ടായിരുന്നില്ല. മകള്‍ക്കും. പക്ഷെ മകളുടെ ക്ലാസില്‍ ഉള്ള  ചില കുട്ടികള്‍  പരസ്പരം അറിയാതെ പരിശീലനത്തിന് പോയിരുന്നു. നമ്മള്‍ മലയാളിയുടെ സങ്കുചിത മനസ്സിന്റെ ഒരു പ്രതിഫലനം  ആയി ഇതിനെ ഞാന്‍ കാണുന്നു. ഒരാള്‍ കുറഞ്ഞാല്‍ അത്രയും ആയല്ലോ എന്ന ചിന്ത. പ്ലസ് ടൂ  പരീക്ഷ  കഴിഞ്ഞു . ഇനി  പ്രവേശന പരീക്ഷ. മകള്‍ വീട്ടില്‍ ഇരുന്നു തന്നെ  പഠിച്ചു. പരീക്ഷ നന്നായി എഴുതി, പക്ഷെ  റാങ്ക് വന്നപ്പോള്‍ കണ്ണ് തള്ളിപ്പോയി. 3600. മൃഗ ഡോക്ടര്‍ പോലും ആകാന്‍  പറ്റില്ല. എന്താണ് അടുത്ത വഴി എന്ന് ആലോചിച്ചപ്പോള്‍  ഭാര്യാ സഹോദരി ഒരു നിര്‍ദേശം മുന്നോട്ടു വച്ചു. പരിശീലനം  ഇല്ലാതെ മകള്‍ക്ക്  ഈ റാങ്ക് കിട്ടിയപ്പോള്‍  തൃശൂര്‍  പീ.സീ.തോമസ്‌ സാറിന്റെ സ്ഥാപനത്തില്‍  ചേര്‍ത്ത്  ഒരു വര്‍ഷം പഠിപ്പിച്ചാല്‍ ഉറപ്പായും അഞ്ഞൂറിന് ഉള്ളില്‍ റാങ്ക് വരാം എന്ന്.   ചിലരുടെ അനുഭവങ്ങളും കൂടി  അവര്‍  വിശദീകരിച്ചപ്പോള്‍  പിന്നെ  കൂടുതല്‍ ഒന്നും ആലോചിച്ചില്ല , നേരെ തൃശൂരിലേക്ക് വിട്ടു.
                                                                    അവിടെ പഠിക്കാന്‍ ചേര്‍ത്തു.തോമസ്‌ സാറിന്റെ ഹോസ്റ്റല്‍  നിറഞ്ഞു  പോയത് കൊണ്ട്  അടുത്ത ഒരു വീട്ടില്‍ താമാസവും ഏര്‍പ്പാടാക്കി. അവിടെ വേറെയും കുട്ടികള്‍ ഉണ്ടായിരുന്നു. മകളെ  അവിടെ ആക്കിയിട്ടു  ഞങ്ങള്‍  വീട്ടിലേക്കു പോന്നു. മകളെ  ആദ്യം ആയി  വിട്ടു നില്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് വളരെ വിഷമം ഉണ്ടായിരുന്നു എങ്കിലും അവിടെ നിന്ന് പഠിച്ചു നല്ല റാങ്ക് കിട്ടിയാല്‍ വിളിപ്പാട്  മാത്രം അകലെയുള്ള  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം കിട്ടിയാലോ? വിദൂരം എങ്കിലും സ്വപ്നം എന്ത് കൊണ്ട് കണ്ടുകൂടാ? മകള്‍ ആദ്യ ദിവസം ക്ലാസ് കഴിഞ്ഞിട്ട് വീട്ടിലേക്കു വിളിച്ചു. "ബാപ്പാ, ഇവിടെ  പതിനായിരത്തിന്  മുകളില്‍ കുട്ടികള്‍ ഉണ്ട്. എനിക്ക്  ഇവിടെ പഠിച്ചാലും നല്ല റാങ്ക് കിട്ടും എന്ന് തോന്നുന്നില്ല,കൂടെ ഉള്ള  കുട്ടികളും അങ്ങനെ തന്നെ പറയുന്നു." ഞാന്‍ പറഞ്ഞു",ഞാന്‍ ഒന്ന് ആലോചിക്കട്ടെ, മോള്‍ നാളെ  ക്ലാസില്‍ പോയിട്ട്  വൈകുന്നേരം വിളിക്കൂ" എന്ന്. പിറ്റേന്നും മോളുടെ പല്ലവി അത് തന്നെ. അപ്പോള്‍ ഞാന്‍ പറഞ്ഞു,"മോള്‍ കൂടെയുള്ളവരുടെ ഉപദേശം കേള്‍ക്കേണ്ട.അവര്‍ വേണമെങ്കില്‍ പോയ്കൊള്ളട്ടെ. ഒരു മാസം അവിടെ പഠിക്കുക. ആദ്യത്തെ അവിടത്തെ  പരീക്ഷയ്ക്ക് റാങ്ക് നോക്കുക. നൂറിനു മുകളില്‍ ആണ് റാങ്ക് എങ്കില്‍ മോള്‍ വീടിലേക്ക്‌ പോരൂ" ആ ഒരു മാസം എനിക്ക്  ഒരു വര്‍ഷം പോലെ തോന്നി. ദിവസവും ഞാനും ഭാര്യയും വൈകുന്നേരം കുറച്ചു സമയം മാറ്റി വെച്ചു, മകള്‍ക്ക് ധൈര്യം പകരാന്‍. നെപ്പോളിയനെ പോലെയുള്ള  വലിയ പോരാളികളുടെ ചരിത്രം വരെ പറഞ്ഞു കൊടുത്തു  കൊണ്ടിരുന്നു.
                       അങ്ങനെ ആദ്യത്തെ പരീക്ഷയുടെ ദിനം എത്തി. അതിനകം മകള്‍ ഒരുവിധം തയ്യാറായി കഴിഞ്ഞിരുന്നു. നന്നായി എഴുതി എന്ന് പറഞ്ഞു.പിറ്റേന്ന് റാങ്ക് വന്നപ്പോള്‍ 42. അവിടെ നൂറിനുള്ളില്‍ റാങ്ക് വന്നാല്‍ പിന്നെ ഉറപ്പിക്കാം  എന്നൊരു സുഹൃത്ത്‌ പറഞ്ഞിരുന്നു. മകള്‍ക്കും  ആത്മ വിശ്വാസം ആയി. അങ്ങനെ ഒരു വര്‍ഷം ഒരു യുഗം പോലെ കടന്നു പോയി. ഒന്നിടവിട്ട ഞായറാഴ്ച കളില്‍ ഞങ്ങള്‍ പോയി മകള്‍ക്ക് മാനസിക പിന്തുണ കൊടുത്തുകൊണ്ടിരുന്നു. പ്രവേശന പരീക്ഷാ ദിവസങ്ങള്‍ ഞങ്ങള്‍ക്കും പരീക്ഷ തന്നെ ആയിരുന്നു. മകള്‍  നന്നായി എഴുതി എന്ന് പറഞ്ഞു. ഇനി കാത്തിരിപ്പിന്റെ നാളുകള്‍ . തെരഞ്ഞെടുപ്പു  കഴിഞ്ഞു  സ്ഥാനാര്‍ഥികള്‍ കാത്തിരിക്കുന്നത് പോലെ ഞങ്ങള്‍ കാത്തിരിക്കുകയാണ്. റാങ്ക്, മാജിക് നമ്പരായ അഞ്ഞൂറിന് ഉള്ളില്‍ വന്നാല്‍ രക്ഷപ്പെട്ടു. കുടുംബത്തില്‍ വക്കീലും  എന്ജിനീരും  ഒക്കെ ഉണ്ടെങ്കിലും  മെഡിക്കല്‍ രംഗത്ത് ആരും ഇല്ല. അങ്ങനെ ഒരു ചരിത്ര നിയോഗമാണ് എന്റെ മകള്‍ക്ക്. അവസാനം ഫലം വന്നു. ശ്വാസം അടക്കിപ്പിടിച്ചു കൊണ്ട് , ദൈവത്തെ  മുന്‍നിര്‍ത്തി  ഞാന്‍ ഫലം കണ്‍  നിറയെ കണ്ടു. റാങ്ക് 316. കുടുംബം മുഴുവന്‍ ആനന്ദത്തില്‍ ആറാടിയ സുന്ദര മുഹൂര്‍ത്തം. അങ്ങനെ എന്റെ മൂത്ത മകള്‍ ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന് പഠനം തുടങ്ങി. പക്ഷെ വിധി ഞങ്ങള്‍ക്ക്  വേണ്ടി അനുഗ്രഹങ്ങള്‍  പിന്നെയും  ബാക്കി  വെച്ചിരുന്നു.
                                                                                    രണ്ടാമത്തെ മകളും പ്ലസ് ടൂ വില്‍ എത്തി. അവള്‍ക്കും  മെഡിക്കല്‍  രംഗം തന്നെ താല്‍പ്പര്യം. അപ്പോഴേക്കും പ്രവേശന പരീക്ഷാ സമ്പ്രദായം എനിക്ക് കാണാപ്പാഠം  ആയിരുന്നു. പാലായിലെ അതിപ്രശസ്തമായ "ബ്രില്ല്യന്റ് " എന്ന സ്ഥാപനം  വളരെ നല്ല  രീതിയില്‍ പരിശീലനം  നടത്തുന്നതായി  അറിഞ്ഞിരുന്നു.അവിടെ വിട്ടു പഠിപ്പിക്കാം,പക്ഷെ  പ്ലസ് ടൂ പഠനവും  പ്രവേശന പരീക്ഷാ പഠനവും  ഒന്നിച്ചു പോവില്ല.അത് കൊണ്ട് മോള്‍ ആദ്യം പ്ലസ് ടൂ നല്ല രീതിയില്‍ എഴുതുക.പരിശീലനം ഇല്ലാതെ തന്നെ ആദ്യം പ്രവേശന പരീക്ഷ എഴുതുക. അതിലെ റാങ്ക് നോക്കിയിട്ട് തീരുമാനിക്കാം, എന്ത് വേണമെന്ന്. അങ്ങനെ രണ്ടാമത്തെ മകളും ആദ്യം പരിശീലനം ഇല്ലാതെ തന്നെ പ്രവേശനം എഴുതി. എന്റെ പ്രതീക്ഷകള്‍ക്ക് ചിറകു വെച്ച് കൊണ്ട്  മോള്‍ റാങ്ക് വാങ്ങി. 2000. അനുഭവം എന്നോട് പറഞ്ഞു, ഇവളെ  പാലായില്‍ ചേര്‍ക്കുക, 200 ഇല്‍ താഴെ റാങ്ക് വരും എന്ന്. അങ്ങനെ അടുത്ത ഒരു വര്‍ഷം കഠിന തപസ്സു പോലെ  പാലായില്‍ പരിശീലനം. പരീക്ഷ വന്നു. ആത്മ വിശ്വാസത്തോടെ മോള്‍ പരീക്ഷ എഴുതി. അപ്പോള്‍  പാലായിലെ സര്‍  എന്നോട് പറഞ്ഞിരുന്നു, അദ്ദേഹം പ്രതീക്ഷിക്കുന്നത്  എന്റെ മോള്‍ക്ക്‌ 100 നു ഉള്ളില്‍ റാങ്ക്  ആണെന്നും കൂടിയാല്‍ 150 നു ഉള്ളില്‍ വരുമെന്നും. അത് കൊണ്ട്  ഇപ്പ്രാവശ്യം  ഞങ്ങള്‍ക്ക് മാനസിക സമ്മര്‍ദം കുറവായിരുന്നു. അങ്ങനെ ഫലം നോക്കാന്‍  കമ്പ്യുടരിന്റെ  മുന്‍പില്‍  മുഴുവന്‍ കുടുംബവും. ആകാംക്ഷ  അവസാനിപ്പിച്ചു കൊണ്ട് ഫലം വന്നു . മനസ്സില്‍ ഐസ് മഴ പെയ്യിച്ചു കൊണ്ട്  റാങ്ക്,145. വീണ്ടും ആനന്ദ സാഗരം. രണ്ടാളെയും ഒരേ കോളേജില്‍. മൂത്തയാള്‍ മൂന്നാം വര്‍ഷം. രണ്ടാമത്തെയാള്‍  ആദ്യ വര്‍ഷം.അനുഗ്രഹം  വീണ്ടും ഞങ്ങളെ  കാത്തിരുന്നു.
                                                                                   ഇനി മൂന്നാമത്തെ മകളുടെ ഊഴം ആയി. മൂത്ത രണ്ടു പേരും മെഡിക്കല്‍ രംഗം തെരഞ്ഞെടുത്തപ്പോള്‍  ഇവളും  ആ വഴി തന്നെ  പോകാന്‍  തീരുമാനിച്ചു. പ്ലസ് ടൂ നല്ല നിലയില്‍  പാസ് ആയി. ആദ്യം പ്രവേശന പരീക്ഷയ്ക്ക് റാങ്ക് 1100. ഇതും പരിശീലനം കൊടുത്താല്‍  രക്ഷപെടും എന്നെനിക്കു തോന്നി. പാലായില്‍ തന്നെ ചേര്‍ത്ത് പഠിപ്പിച്ചു. രണ്ടാമത്തെ മകളുടെ പഠനം അവര്‍ ശ്രദ്ധിച്ചിരുന്നത്  കൊണ്ട്, ഇവള്‍ക്ക് നാമമാത്രമായ  ഫീസേ വാങ്ങിയുള്ളൂ. തന്നെയല്ല, ഉറപ്പുള്ള  ഒരു റാങ്കും അവര്‍ പ്രതീക്ഷിച്ചു. അങ്ങനെ ഒരു വര്‍ഷത്തെ  പരിശീലനത്തിന് ശേഷം മോള്‍  പരീക്ഷ എഴുതി. ഇപ്പ്രാവശ്യം  കേരളയെക്കാള്‍  മുന്‍പേ  ആള്‍ ഇന്ത്യ  ഫലം വന്നു. വീണ്ടും ഐസ്  മഴ . ആള്‍ ഇന്ത്യ  റാങ്ക് 181. സംസ്ഥാനത്തെ  പത്താം റാങ്കിന് തുല്യം. മൂന്നാമത്തെ മകളും വീടിനടുത്തുള്ള  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു. ഇപ്പോള്‍  മൂത്തയാള്‍  പഠനം കഴിഞ്ഞു  ഹൌസ്  സര്‍ജന്‍ ആയി . രണ്ടാമത്തെ  ആള്‍  നാലാം  വര്‍ഷം , മൂന്നാമത്തെ  മകള്‍  രണ്ടാം വര്‍ഷം. ഈ കോളേജിന്റെ ചരിത്രത്തില്‍ മൂന്ന് സഹോദരികള്‍  ഒരേ സമയം അവിടെ പഠിക്കുന്നത്  ആദ്യം. അങ്ങനെ അവര്‍  മെഡിക്കല്‍ കോളേജിലും "നാഗ്പൂര്‍ സിസ്റ്റെര്സ്" ആയി.
                                                                                     
                                              

Saturday, May 21, 2011

"പുത്തോ"യും ഞാനും.

34

    
     പുത്തോയും ഞാനും 

ഞാന്‍ അന്ന് രാത്രിയില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനിൽ നില്‍ക്കുകയാണ്.മൈക്കിലൂടെ  ഒരു പെങ്കൊച്ച് അലറിവിളിക്കുന്നുണ്ട്‌,അറിയാവുന്ന ഭാഷയിലെല്ലാം,തീവണ്ടി വരാന്‍ സാധ്യതയുള്ള സമയത്തെ കുറിച്ച്. എനിക്ക് പോകേണ്ടത് രാത്രി പത്തു മണിക്ക് മംഗലാപുരത്തേക്ക് പോകുന്ന "മാവേലി" വണ്ടിയിലാണ്. അതിന്റെയും സാദ്ധ്യതകള്‍ മൈക്കിലൂടെ വരുന്നുണ്ട്. അതാണ്‌ നമ്മുടെ റെയില്‍വേ യുടെ പ്രത്യേകത. ഒന്നും അങ്ങോട്ട്‌ തീര്‍ത്തു പറയില്ല. വണ്ടി വന്നാലും വന്നില്ലെങ്കിലും അതിനുള്ള സാധ്യത നിലനിര്‍ത്തുക എന്ന ജോലിയാണെന്ന് തോന്നുന്നു,മൈക്ക്കാരിക്ക്. അന്ന് ഇട ദിവസം ആയിരുന്നതിനാല്‍ യാത്രക്കാര്‍ കുറവായിരുന്നു.അപ്പോഴുണ്ട്,നെഞ്ച് വരെ കയറ്റി  മുണ്ട് മടക്കി കുത്തിയ ഒരു കുറിയ മനുഷ്യന്‍ വരുന്നു.കൂടെ രണ്ടു സ്ത്രീകളും ഉണ്ട്. സാധാരണ ആളുകള്‍ മുണ്ട് മടക്കി കുത്തുന്നത് അരയ്ക്കു വെച്ചാണല്ലോ?ഇതെന്താ ഇങ്ങനെ?ഇങ്ങനെ മുണ്ട് കുത്തുന്ന ഒരാളെയേ എനിക്കറിയൂ. അത് "പുത്തോ"ആണ്.  എന്റെ ഓര്‍മ്മകള്‍ എന്നെ തള്ളി വീഴ്ത്തിയിട്ട് വളരെ വേഗം പുറകോട്ടു പോയി.അധികം ഇല്ല.ഒരു നാല്പത്തഞ്ചു വര്‍ഷം...............
                                                  ആയിടെയാണ് ആലപ്പുഴയിലെ പുതിയ വീട്ടിലേക്കു താമസം മാറുന്നത്.എനിക്കന്നു പതിനൊന്നു വയസ്.എന്റെ ഇളയ സഹോദരങ്ങള്‍ നാല് പേരും ബാപ്പയും ഉമ്മയും ഉള്ള  സന്തുഷ്ട കുടുംബം. ആദ്യ ദിവസം തന്നെ സമപ്രായക്കാരായ കളിക്കൂട്ടുകാരെ തിരഞ്ഞു ഞാന്‍. അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.തൊട്ടു മുന്നിലെ വീട്ടില്‍ ഒരു ജെയിംസ്‌,സൈഡില്‍ ഒരു രവി. തൊട്ടു പിറകില്‍ ഒരു "പുത്തോ". ഇതെന്തു പേരെന്ന് ആലോചിച്ചു പോയി. അവര്‍ കൊങ്കണികള്‍ ആണ്."പുത്തോ" എന്ന് പറഞ്ഞാല്‍ മകന്‍ എന്നേ അര്‍ഥം ഉള്ളൂ. അങ്ങനെ പുത്തോയും എന്റെ കളിക്കൂട്ട്കാരന്‍ ആയി. സുന്ദര സുരഭിലമായ കുട്ടിക്കാലം. അതിനോട് കിടപിടിക്കാന്‍ ജീവിതത്തില്‍ എന്തുണ്ട്?അതുകൊണ്ട് തന്നെ കുട്ടിക്കാലം മനസ്സില്‍ എത്തുമ്പോള്‍ കണ്ണുകള്‍ ഈറനാവുന്നു,ഇന്നും. കളിക്കാനും തിമർക്കാണും ഇഷ്ട്ടം പോലെ തുറസ്സായ സ്ഥലങ്ങള്‍.vഇന്നത്തെപ്പോലെ പിടിച്ചുകെട്ടി ഇട്ടു പഠിപ്പിക്കാന്‍ അറിവില്ലാത്ത മാതാപിതാക്കള്‍. സ്കൂളില്‍ നിന്നും വന്നാല്‍ വീടിനു പുറത്തു നിന്ന് തന്നെ പുസ്തകങ്ങള്‍ വീട്ടിനുള്ളിലേക്ക് ഒറ്റ ഏറ് . അകത്തു കയറിയാല്‍ അത്രയും സമയം കൂടി നഷ്ട്ടപ്പെടില്ലേ കളിക്കാന്‍?പിന്നെ കുത്തി മറിഞ്ഞു കഴിഞ്ഞു ഇരുട്ടി തുടങ്ങുമ്പോള്‍ ആണ് കുളിച്ചു വീട്ടില്‍ കയറുന്നത്.
                                                                     പുത്തോയ്ക്ക് ഞാന്‍ കാണുമ്പോള്‍ത്തന്നെ അച്ഛന്‍ ഇല്ല. നേരത്തെ തന്നെ മരിച്ചു പോയിരുന്നു.അവന്‍ അന്നേ മുണ്ടാണ് ഉടുക്കുന്നത്. മടക്കി കുത്താണ് വിശേഷം.ആളിന് പൊക്കം കുറവല്ലേ?അതിനു മടക്കി കുത്ത് നെഞ്ചിലാണ്            കുത്തുന്നത്. അച്ഛന്‍ ഇല്ലാത്തത് കൊണ്ടായിരിക്കാം, ബാല്യത്തിലേ ഇരുത്തം വന്ന സ്വഭാവം ആയിരുന്നു അവന്റെത്‌. തല്ലു കൊള്ളാന്‍ ആണെങ്കിലും കൊടുക്കാന്‍ ആണെങ്കിലും പുത്തോ മുന്‍പില്‍ തന്നെ ഉണ്ടാവും. അതുകൊണ്ട് കുസൃതി കാണിക്കാന്‍ നല്ല ഉത്സാഹം ആയിരുന്നു ,മറ്റുള്ളവര്‍ക്ക്,ഞാനടക്കം. കാരണം തല്ലു കൊള്ളാന്‍ അവനു മടി ഉണ്ടായിരുന്നില്ല.bഎത്ര തല്ലു കൊണ്ടാലും അവന്‍ കരയാറുന്ടായിരുന്നില്ല.ഞാന്‍ അവനോടു പലപ്പോഴും ചോദിക്കാറുണ്ടായിരുന്നു."നീ എന്താണ് ഇങ്ങനെ" എന്ന്." ഞാന്‍ തല്ലു കൊണ്ടില്ലെങ്കില്‍ നിങ്ങള്‍ എല്ലാം തല്ലു കൊളളും,അതെനിക്കിഷ്ട്ടമല്ല." എന്നായിരുന്നു മറുപടി. സന്ധ്യ കഴിഞ്ഞു പുത്തോ അവന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ തുടങ്ങും അവിടെ ബഹളം. അമ്മയും സഹോദരിമാരും മാത്രം അല്ലെ അവനുള്ളൂ.അവരെ ഭരിക്കുന്ന ബഹളം ആണ്. അന്ന് രാത്രി അവിടെ അത്താഴത്തിനു ദോശ ആണെങ്കില്‍ ബഹളം കൂടും. കാരണം, പുത്തോയ്ക്ക് ദോശ ഇഷ്ട്ടം അല്ല. അവിടെ ബഹളം മൂക്കുമ്പോള്‍  ബാപ്പ വെളിയില്‍ ഇറങ്ങി  വിളിക്കും "പുത്തോ". ബഹളം നില്‍ക്കും. പുത്തോയ്ക്ക് ആകെ പേടിയുള്ളതു ബാപ്പയെ മാത്രം.bപൂച്ചയെപ്പോലെ പതുങ്ങി വരും അവന്‍.  "എന്താണ് പുത്തോ,അവിടെ ബഹളം?" ബാപ്പ  ചോദിക്കും. ബാപ്പയെ പുത്തോ ആശാന്‍ എന്നാണ് വിളിക്കുന്നത്‌.
"ഒന്നും ഇല്ല ആശാനെ, ഇന്ന് ദോശയാണ്,രാത്രി കഴിക്കാന്‍. അമ്മ കനം കുറച്ചാണ് ദോശ ഉണ്ടാക്കുന്നത്‌. പത്തെണ്ണം തിന്നാലും വയറു നിറയില്ല. എന്റാശാനേ , ഒരെണ്ണം ആയാലും മതി, പക്ഷെ അത് നല്ല കനത്തോടെ വേണം. അതിനാണ് ഞാന്‍ വഴക്ക് ഉണ്ടാക്കിയത്. ആശാന്‍ അമ്മയോട് ഒന്ന് പറയണം,എനിക്ക് കനത്തോടെ ഉണ്ടാക്കി തരാന്‍."  അവന്റെ  അമ്മ എത്ര കനത്തില്‍ ഉണ്ടാക്കിയാലും അവന്‍ വഴക്കിടും. അവസാനം രാത്രി അവര്‍ ദോശ ഉണ്ടാക്കുന്നത്‌ നിര്‍ത്തി. ഇതൊക്കെ  ആണെങ്കിലും നല്ല കരുത്തനും ചങ്കുറപ്പ് ഉള്ളവനും ആയിരുന്നു പുത്തോ.ഏതെങ്കിലും മണ്ട പോയ തെങ്ങിലോ മറ്റോ മൈനയോ  തത്തയോ കൂടുവെച്ചാല്‍ അത് മുട്ടയിട്ടു ,വിരിഞ്ഞു, കിളിക്കുഞ്ഞു പറക്കമുറ്റും വരെ പുത്തോ ആ മരത്തിന്റെ ചുവട്ടില്‍ നിന്നും മാറില്ല. മിക്കവാറും ദിവസങ്ങളില്‍ മരത്തില്‍ കയറി നോക്കും,bഅന്നത്തെ സ്ഥിതി. താഴെ ഇറങ്ങി വന്നു ഞങ്ങള്‍ക്ക് ലൈവ് വിവരണം തരും,കിളിക്കൂട്ടിലെ വിശേഷങ്ങള്‍.അബദ്ധത്തില്‍ കിളിക്കുഞ്ഞു താഴെ വീണാല്‍ അതിനെ തിരിച്ചു കൂട്ടില്‍ എത്തിക്കുന്നതും അവന്‍ തന്നെ.
                                                                                   പുത്തോ,ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി.എല്ലാവരും വളരെ നിര്‍ബന്ധിച്ചു നോക്കി,വീണ്ടും സ്കൂളില്‍ വിടാന്‍. പക്ഷെ അവന്‍ ഉറച്ചു നിന്നു,ഇനി പഠിക്കേണ്ട  എന്ന് പറഞ്ഞ്. എന്നിട്ടും അവന്‍ വെറുതെ ഇരുന്നില്ല. അമ്പലങ്ങളിലും,കല്യാണങ്ങളിലും സദ്യ ഒരുക്കുന്നവര്‍ക്ക് സഹായി  ആയി പോയിരുന്നു.അതോടെ ഞങ്ങളുടെ ചെറു സെറ്റില്‍ പുത്തോ വല്ലപ്പോഴും കൂടിയാല്‍ ആയി. കാലചക്രം ഉരുണ്ടപ്പോള്‍ പുത്തോയും വിസ്മ്രിതിയിലേക്ക് പോയി.bഞാന്‍ ദൂരെ ദൂരേയ്ക്ക് പോയി കൊണ്ടിരുന്നു. അങ്ങനെ തമ്മില്‍ കാണല്‍ തന്നെ ഇല്ലാതായി. പക്ഷെ പുത്തോ, ആ ഭാഗത്തെ അറിയപ്പെടുന്ന സദ്യ ഒരുക്കുകാരന്‍ ആയി  മാറിയിരുന്നു............
                               പൊടുന്നനെ തനതായ ഹുങ്കാരത്തോടെ പാഞ്ഞു പോയ  " രാജധാനി" എക്സ്പ്രെസ്സ് വണ്ടി എന്നെ വര്‍ത്തമാന നിമിഷത്തിലേക്ക് തിരിച്ചു  കൊണ്ട്  വന്നു. അയാള്‍ എന്നെ കടന്നു മുന്നോട്ടു പോവുകയാണ്. ഞാന്‍ രണ്ടും കല്‍പ്പിച്ചു വിളിച്ചു,"പുത്തോ". അയാള്‍  നിന്നു .ഒരു നിമിഷം ചിന്തിച്ചു. എന്നിട്ട് റെയില്‍വേ സ്റെഷനിലെ അരണ്ട വെളിച്ചത്തില്‍ എന്റെ മുഖത്തേക്ക് നോക്കി അടുത്ത് വന്നു."ആരാ മനസ്സില്‍ ആയില്ല" . ആദ്യം ഞാന്‍ പുത്തോ ആണെന്ന് ഉറപ്പിക്കട്ടെ ,എന്നിട്ട് പറയാം ഞാന്‍ ആരാണെന്നു."അതെ ഞാന്‍ പുത്തോ തന്നെ ആണ്. ഇനി നിങ്ങള്‍ ആരാണെന്ന് പറയൂ".ഉറപ്പായ സ്ഥിതിക്ക് ഞാന്‍ എന്റെ പേര് പറഞ്ഞതും,ആനന്ദ അശ്രുക്കളോടെ അവന്‍ എന്നെ കെട്ടി പിടിച്ചതും ഒപ്പം കഴിഞ്ഞു. കാരണം,കാലം ഞങ്ങളില്‍ വരുത്തിയ മാറ്റം തിരിച്ചറിയലിനു ബുദ്ധിമുട്ടുണ്ടാക്കുന്ന  അത്രയ്ക്കുണ്ടായിരുന്നു.  ഞാന്‍ പറഞ്ഞു,"നിന്റെ മുണ്ട് കുത്തലാണ് ഇന്നീ കൂടിക്കാഴ്ചയ്ക്ക് കാരണം, ഇത് പോലെ മുണ്ട് കുത്തുന്ന ഒരാളെയേ ഞാന്‍ കണ്ടിട്ടുള്ളൂ.അത് നീയാണ്". പെട്ടെന്ന് രണ്ടുപേര്‍ക്കും ബാല്യം തിരിച്ചു കിട്ടിയ പോലായി. കൂടെ ഉള്ള  ഭാര്യയെയും മകളെയും പരിചയപ്പെടുത്തി. കാഞ്ഞങ്ങാട് പഠിക്കുന്ന മകളെ  എനിക്ക് കയറാനുള്ള അതേ വണ്ടിയില്‍ കയറ്റി വിടാന്‍  വന്നതാണ് അവന്‍. ഇപ്പോഴും അറിയപ്പെടുന്ന സദ്യ ഒരുക്കുകാരന്‍ തന്നെ. ഞങ്ങളുടെ രസചരട്  പൊട്ടിച്ചു കൊണ്ട് വണ്ടി  വന്നു നിന്നു. ഇനി എന്നെങ്കിലും കാണാം എന്ന് ആശംസിച്ചു കൊണ്ട് ഞാന്‍ വണ്ടിക്കുള്ളിലേക്ക് കയറി.പുത്തോയെയും ബാല്യകാല  സ്മരണകളെയും അവിടെ തന്നെ വിട്ടിട്ട്.

ഷാനവാസ്‌                           
                                                                                   

Monday, May 16, 2011

"കവടു"വും ഞാനും

42

എന്റെ പ്രിയ നഗരം ആയ നാഗ്പൂര്‍ വാസക്കാലം.പതിനഞ്ചു വര്‍ഷത്തെ കേരളത്തിലെയും മൂന്നു വര്‍ഷത്തെ മധ്യ പ്രദേശിലെയും ഉദ്യോഗത്തിന് ശേഷം നാഗ്പൂര്‍ വാസം.നഗരപ്രാന്തത്തിലെ സുന്ദര ഗ്രാമം,"മഹാല്ഗാവ്".ഗോതമ്പ് പാടങ്ങളും സന്തര (orange)തോട്ടങ്ങളും അതിരിടുന്ന ഗ്രാമത്തിന്റെ നെഞ്ചിനെ പിളര്‍ന്നു കൊണ്ട് പോകുന്ന കൊല്‍ക്കാത്ത-മുംബൈ ഹൈവേ.കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗ്രാമവാസികള്‍.ഏതാണ്ട് എല്ലാവര്‍ക്കും അത്യാവശ്യം കൃഷി സ്ഥലങ്ങള്‍.നാട്യങ്ങള്‍ ഇല്ലാത്ത ,നേരും നന്മ്മയും ഉള്ള ഗ്രാമീണര്‍.അവിടത്തെ കോടീശ്വരനായ കൃഷിക്കാരനെ കണ്ടാല്‍ നമ്മുടെ നാട്ടിലെ പിച്ചക്കാരന്‍ ആണെന്ന്  തോന്നും.ഇത്രയും പണമുള്ള ഒരാള്‍ നമ്മുടെ കേരളത്തില്‍ ഏറ്റവും കുറഞ്ഞത്‌ ബെന്‍സ് വണ്ടിയില്‍ എന്കിലുമേ സഞ്ചരിക്കുകയുള്ളൂ."കവടു റാവത്ത്" ഈ ഗ്രാമവാസി ആണ്.ഏകദേശം ഇരുപത്തി അഞ്ചു  വയസ്സുള്ള കരുത്തന്‍ ആയ ചെറുപ്പക്കാരന്‍.ഞാന്‍ ഒരു വലിയ ഗ്രൂപിന്റെ ഫാക്ടറി സ്ഥാപിക്കാന്‍ വേണ്ടിയാണ് ഈ ഗ്രാമത്തില്‍ എത്തിയത്.തുടക്കം മുതല്‍ തന്നെ കവടു എന്റെ കൂടെ ഉണ്ട്.അവിടെ പ്രാദേശികമായ പല കാര്യങ്ങളും കവടുവില്‍ നിന്നാണ് ഞാന്‍ മനസ്സില്‍ ആക്കിയത്.ഗ്രാമവാസികള്‍ ഒന്നാം തരം മറാത്തി ഭാഷ സംസാരിക്കുനവര്‍.പക്ഷെ കവടുവിനു അത്യാവശ്യം ഹിന്ദി അറിയാമായിരുന്നതും എനിക്ക് ഗുണമായി. അത് കൊണ്ട് തന്നെ,ഫാക്ടറി ഉല്‍പ്പാദനം തുടങ്ങിയപ്പോള്‍ കവടു അവിടത്തെ ആദ്യ തൊഴിലാളികളില്‍ ഒരാളായി.         
                                                                       എനിക്കും കവടുവിനെ വലിയ ഇഷ്ടം ആയിരുന്നു.എത്ര പ്രയാസം ഏറിയ പണി വന്നാലും കവടു മുന്നില്‍ തന്നെ ഉണ്ടാവും.സാധ്യമല്ല എന്ന വാക്ക് അവന്റെ നിഘണ്ടുവില്‍ ഉണ്ടായിരുന്നില്ല.മാനേജരുടെ അടുത്ത ആള്‍ എന്ന നിലയില്‍ അവനെ മറ്റു തൊഴിലാളികള്‍ക്ക് ഭയം ആയിരുന്നു. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ ഞാന്‍ വക വെച്ച് കൊടുത്തിരുന്നു. എന്നിട്ടും വലിയ താമസം ഇല്ലാതെ തന്നെ തൊഴിലാളി യൂണിയന്‍ നിലവില്‍ വന്നു.ബീ ജെ പീ .യുടെ നേത്രുത്വം.ഞാന്‍ ആദ്യം ഒന്ന് അമ്പരന്നു എന്നുള്ളത് സത്യം ആണ്.കാരണം കേരളത്തിലെ അനുഭവങ്ങള്‍ ആണ്.കേരളത്തില്‍ യൂനിയന്കാരുടെ പ്രശ്നങ്ങള്‍ തീര്‍ത്തിട്ട് ഫാക്ടറി കാര്യങ്ങള്‍ നോക്കാന്‍ നേരം കിട്ടുക പ്രയാസം ആയിരുന്നു.ഉള്ളി തൊലിച്ച പ്രശങ്ങള്‍ പോലും വലുതാകും.ചായയില്‍ പാല്‍ കുറഞ്ഞാല്‍ പ്രശ്നം കൂടിയാല്‍ പ്രശ്നം.കടുകിട വിട്ടു കൊടുക്കാന്‍ തയ്യാറാവാത്ത മുതലാളിമാരും.എന്റെ അനുഭവത്തില്‍ കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പു ആക്കിയതില്‍ ഒരു നല്ല പങ്കു വഹിച്ചത് ഇവിടത്തെ മുതലാളിമാര്‍ തന്നെയാണ്.അരവും അരവും കൂടി ചേര്‍ന്നപ്പോള്‍ കിന്നരം എന്ന് പറഞ്ഞത് പോലെ തൊഴിലാളിയും മുതലാളിയും കൂടി വ്യവസായങ്ങള്‍ക്ക് കുഴി തോണ്ടി അടക്കുന്നതില്‍ വിജയിച്ചു.കേരളത്തിലെ ഈ അനുഭവങ്ങള്‍ ആണ് എന്നെ ആദ്യം അമ്പരപ്പിച്ചത്. പക്ഷെ ,യൂണിയന്റെ പ്രവര്‍ത്തന ശൈലിക്ക് വ്യത്യാസം ഉണ്ടായിരുന്നു.കമ്പനിയുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധികാത്ത തരത്തിലുള്ള ശൈലി.അതുകൊണ്ടുതന്നെ  തൊഴിലാളികള്‍ കാരണം ഒരു മണിക്കൂര്‍ പോലും ഉല്‍പ്പാദനം മുടങ്ങിയിട്ടില്ല.കേരളത്തില്‍ കുഞ്ഞു കാര്യങ്ങള്‍ക്ക് പോലും ഒരു "ലോകൌട്ട് " ഉറപ്പായിരുന്നു.അത് കഴിഞ്ഞാല്‍ ചര്‍ച്ചകള്‍ തന്നെ ചര്‍ച്ചകള്‍.ഒരു മൂന്ന് മാസം ഒക്കെ അങ്ങനെ പോകും.മിച്ചം വരുന്നത് കമ്പനിയ്ക്ക് മൂന്നു മാസത്തെ  ഉല്‍പ്പാദന നഷ്ട്ടവും തൊഴിലാളിക്ക് മൂന്നു മാസത്തെ ശമ്പള നഷ്ടവും.ആര്‍ക്കും മെച്ചമില്ലാത്ത ഒരു അവസ്ഥ.ഇതിന്റെ മന:ശാസ്ത്രം എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സില്‍  ആയിട്ടില്ല. ഇപ്പോള്‍ പിന്നെ ആ പ്രശ്നവും ഇല്ലല്ലോ.കേരളത്തിലെ ചെറുപ്പകാര്‍ക്ക് കേരളത്തില്‍ ജോലി ചെയ്യാന്‍ നാണം  അല്ലെ?അത് കൊണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ നമ്പിയാണ് കേരളം നിലവില്‍ കഴിഞ്ഞു പോകുന്നത്.
                                                                        നാഗ്പൂരിലെ മഴക്കാലം നല്ല രസമാണ്.നൂല് പോലെ എപ്പോഴും മഴ  വീണുകൊണ്ടിരിക്കും.ചിലപ്പോള്‍ അതി ശക്തമായ മഴയും ആലിപ്പഴം പൊഴിയലും ഉണ്ടാവും.അപ്പോള്‍ നല്ല രസമാണ് .മണ്ണിന്റെ നിറം ഐസ് കണങ്ങള്‍ കൊണ്ട് മൂടി തൂവെള്ള നിറമാകും.അങ്ങനെ ഒരു ദിവസം ആണ് എന്റെ ജീവിതത്തിലെ മറക്കാന്‍ ആവാത്ത ഒരു സംഭവം ഉണ്ടായത്.മരത്തിന്റെ തളിരങ്ങള്‍ പതം വരുത്താന്‍ വേണ്ടി തിളച്ച വെള്ളത്തില്‍ ഇട്ടു ,അരി വേവിക്കുന്നത്‌ പോലെ , വേവിക്കുന്ന ഒരു രീതി ഉണ്ട്.മൂന്നു ദിവസം വരെ ചിലപ്പോള്‍ ഇങ്ങനെ  വേവിക്കണം.അപ്പോഴേ ചില തരം മരങ്ങള്‍ക്ക് പതം വരൂ..അടുപ്പിച്ചു ആറോളം കൂറ്റന്‍ ടാങ്കുകളില്‍ മരം വെന്തു കൊണ്ടിരിക്കും.ആറടി വരെ ആഴമുള്ള ടാങ്കുകളാണ്.തറ നിരപ്പില്‍ നിന്നും മൂന്നടി മുകളിലും മൂന്നടി താഴെയും ആയിട്ടാണ് നിര്‍മ്മിതി.സാധാരണ ഗതിയില്‍ ഒരു അപകട സാധ്യത ഇല്ല എന്ന് തന്നെ പറയാം.   അങ്ങനെ തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ടാങ്കിലേക്ക് ആണ് അബദ്ധത്തില്‍ കവടു വീഴുന്നത്.തറനിരപ്പില്‍ നിന്ന് മൂന്നടി പൊക്കത്തില്‍ ചുറ്റു മതില്‍ ഉള്ളതാണ്.എന്നിട്ടും കവടു തിളച്ച വെള്ളത്തിലേക്ക്‌ വീണു.അപ്പോള്‍ ആ ടാങ്കില്‍ മൂന്നടി വെള്ളമേ ഉണ്ടായിരുന്നുള്ളൂ.മരത്തിന്റെ തളിരങ്ങളും അതില്‍ കുറവായിരുന്നു. അലച്ചു തല്ലി വീഴാതെ ചാടിയ പോലെയാണ് വീണത്‌.അതുകൊണ്ട് തന്നെ അര വരെയേ പോള്ളിയുള്ളൂ.വീണ ഉടനെ അയാള്‍ പുറത്തേക്കു ചാടാന്‍ ശ്രമിച്ചു.അടുത്ത് നിന്നവര്‍ തൂക്കി ടാങ്കിന്റെ വെളിയില്‍ എടുത്തു.ഒരു അഞ്ചു സെകണ്ടില്‍  കൂടുതല്‍ അയാള്‍ തിളച്ച വെള്ളത്തില്‍ നില്‍ക്കേണ്ടി വന്നില്ല.വിവരം അറിഞ്ഞു ഞാന്‍ പാഞ്ഞു എത്തുമ്പോള്‍  കവടു നിന്ന് വിറക്കുകയാണ്.അയാളുടെ ശരീരത്തില്‍ തണുത്ത വെള്ളം ഒഴിച്ച് കൊണ്ടിരുന്നു.പുറത്തു നല്ല മഴ തിമിര്‍ത്തു പെയ്യുന്നുണ്ട്.ഞാന്‍ പെട്ടെന്ന് തന്നെ അയാളുടെ  പാന്റ് ഊരാന്‍ അടുത്ത് നിന്നവരോട് പറഞ്ഞു. അക്ഷരാത്ഥത്തില്‍ ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു അത്.പാന്റിന്റെ കൂടെ അരയ്ക്കു കീഴ്പ്പോട്ടുള്ള തൊലിയും കൂടിയാണ് ഉരിഞ്ഞു വന്നത്.അഞ്ചു സെകണ്ടേ വെള്ളത്തില്‍ കിടന്നുള്ളൂ എങ്കിലും അരയ്ക്കു കീഴ്പോട്ടു വെന്ത പോലെ ആയിരുന്നു.
                            പിന്നെ ആലോചിച്ചു നിന്നില്ല.കവടുവിനെയും വണ്ടിയില്‍ കയറ്റി നഗരത്തിലെ ആശുപത്രിയിലേക്ക് ഒരു  ജീവന്മരണ പോരാട്ടം പോലെ പാഞ്ഞു.ആദ്യം കണ്ട ആശുപത്രിയില്‍ തന്നെ എത്തിച്ചു.പക്ഷെ ഈ ആശുപത്രിയില്‍ പാതി വെന്ത ശരീരത്തിന് പറ്റിയ സൌകര്യം ഇല്ലായിരുന്നു.എങ്കിലും അവിടത്തെ ഡോക്ടര്‍ അവിടെ തന്നെ ചികിത്സിക്കാം എന്ന് പറഞ്ഞു .നല്ലൊരു ഇരയെ കിട്ടിയാല്‍ ആരാണ് വിടുന്നത്.ആള് തീര്‍ന്നു പോയാലും അത്രയും  ദിവസത്തെ ചികിത്സക്കുള്ള കാശ് വാരാമല്ലോ.ഞാന്‍ ഒത്തു തീര്‍പ്പിന് തയ്യാറാവാതെ ഒരു ആംബുലന്‍സ് വിളിച്ചു നഗരത്തിലെ ഏറ്റവും നല്ല ഒരു ആശുപത്രിയില്‍ തന്നെ കവടുവിനെ എത്തിച്ചു.മൊബൈല്‍ ഫോണ്‍ ഏറ്റവും ഉപകാരപ്പെട്ട ഒരു ദിവസം ആയിരുന്നു അത്.ഈ ആശുപത്രി ഒരു മലയാളി ഗ്രൂപിന്റെതു  ആയിരുന്നു.ഒരു മണിക്കൂറിനു ശേഷം ഡോക്ടര്‍ എന്നെ വിളിച്ചു.വളരെ ഗുരുതരമായ പൊള്ളല്‍ ആണെന്ന് പറഞ്ഞു.ഒരു മൂന്നു ദിവസം കടന്നു കിട്ടിയാല്‍ രക്ഷ പെട്ടേക്കാം.കവടു തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു.അറിഞ്ഞു കേട്ട് ഭാര്യയും  അമ്മയും അലമുറ ഇട്ടുകൊണ്ട്‌ എത്തി.അവരെ സമാധാനിപ്പിച്ചു കഴിഞ്ഞപ്പോള്‍ യൂനിയന്കാരും എത്തി.അവര്‍ക്ക് കൂടുതല്‍ ഒന്നും പറയാന്‍ ഇല്ലായിരുന്നു.അത്ര നല്ല ആശുപത്രിയില്‍ ആണ് ചികിത്സ തുടങ്ങിയത്.
                                                                   എന്റെ പ്രശ്നം ആരംഭിച്ചതെ ഉള്ളൂ.രണ്ടാം ദിവസം മുതല്‍ സര്‍ക്കാര്‍  വകുപ്പുകള്‍ ഓരോന്നായി വന്നു തുടങ്ങി.ആള്‍ വെള്ളത്തില്‍ വീണതാണോ അതോ തളളി ഇട്ടതാണോ ,അബദ്ധത്തില്‍ വീണതാണോ അതോ ചാടിയതാണോ അങ്ങനെ നൂറുകൂട്ടം ചോദ്യങ്ങള്‍.ഇതിനിടയ്ക്കും ഞാന്‍ ഉള്ളുരുകി ദൈവത്തിനെ വിളിക്കുന്നുണ്ടായിരുന്നു, കവടുവിന്റെ ജീവന് വേണ്ടി.അങ്ങനെ മൂന്നു ദിവസം മൂന്നു യുഗങ്ങള്‍ പോലെ കഴിഞ്ഞു.അത് വരെ പ്രശ്നം ഒന്നും ഇല്ല.ഡോക്ടറെ കണ്ടപ്പോള്‍ പ്രതീക്ഷക്കു വക ഉണ്ടെന്നു പറഞ്ഞു.കവടുവിനെ നോക്കാന്‍ മുഴുവന്‍ സമയവും ഒരാളെ കമ്പനി നിയമിച്ചിരുന്നു.ഓരോ ദിവസവും പതിനായിരത്തിനും പതിനയ്യായിരത്തിനും മുകളില്‍ ആശുപത്രി ചെലവ്.അങ്ങനെ പത്തു ദിവസം കഴിഞ്ഞപ്പോള്‍ കവടു അപകടനില തരണം ചെയ്തു.എന്നിട്ടും ഐസീയൂ വില്‍ തന്നെ.പുറത്തിറക്കി യാല്‍  ഇന്‍ഫെക്ഷന്‍ വരുമെന്ന് ഡോക്ടര്‍.കവടുവിനു നല്ല നല്ല ഭക്ഷണം വേണം ദിവസവും.അങ്ങനെ നാല്പത്തി ഒന്നാം  ദിവസം കവടു ആശുപത്രി വിട്ടു.അതിനിടയ്ക്ക് പത്തു കിലോ തൂക്കവും കൂടിയിരുന്നു.കവടുവിനെ വീട്ടില്‍ എത്തിച്ചിട്ട് വലിയ ആശ്വാസത്തോടെ ഞാന്‍ ഫാക്ടറിയില്‍ എത്തിയപ്പോള്‍ എന്നെയും കാത്ത് മാനേജിംഗ് ഡയരക്ടര്‍ മാര്‍വാഡി ഇരിക്കുന്നുണ്ടായിരുന്നു.ഇദ്ദേഹം അറിയപ്പെടുന്നത് തന്നെ പതിനഞ്ചടി മനുഷ്യന്‍ എന്നാണു.അഞ്ചടി ഭൂമിക്കു മുകളിലും ബാക്കി പത്തടി ഭൂമിക്കു താഴെയും.നമ്മള്‍ കാണുന്നതൊന്നും ഇയാള്‍ കാണുകയില്ല.പക്ഷെ നമ്മള്‍ സ്വപ്നത്തില്‍ പോലും കാണാത്ത കാര്യങ്ങള്‍ ഇയാള്‍ കാണുകയും ചെയ്യും.  ഞാന്‍ സന്തോഷത്തോടെ വിവരം പറഞ്ഞു.മാര്‍വാഡി എല്ലാം വളരെ ശാന്തമായി കേട്ടിരുന്നു.എന്നിട്ട് വളരെ ശാന്തമായി ചോദിച്ചു,"ഇപ്പോള്‍ വരെ ഇതിനു വേണ്ടി എത്ര രൂപ ചെലവായി കാണും ?" ഞാന്‍ പറഞ്ഞു "ഏകദേശം അഞ്ചര ലക്ഷം രൂപ." " ഞാന്‍ ചോദിച്ചത് വേറൊന്നും അല്ല,നമ്മള്‍ എന്ത് ചെയ്യുമ്പോഴും ലാഭ നഷ്ട്ടം കണക്കു കൂട്ടാറില്ലേ?ഇതിലും അത് ആകാമായിരുന്നു. " മാര്‍വാഡി പറഞ്ഞു.ഞാന്‍ ചോദിച്ചു,"ഇതില്‍ എങ്ങനെ"? അപ്പോള്‍ മാര്‍വാഡി അവിസ്മരണീയമായ ഒരു വിവരണം നടത്തി."നിങ്ങളിപ്പോള്‍ ഒരു വെറും തൊഴിലാളിയെ രക്ഷിക്കാന്‍ വേണ്ടി ഇത്രയും കാശ് മുടക്കി.പക്ഷെ ചെയ്യേണ്ടിയിരുന്നത് അയാളെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അങ്ങനെ ആയാല്‍ ചെലവ് കുറയും.ആള്‍ മരിക്കും ആയിരിക്കും ,പക്ഷെ നഷ്ട്ടപരിഹാരം ഒരു ലക്ഷം രൂപയില്‍  കൂടുതല്‍ കൊടുക്കേണ്ടി വരില്ലല്ലോ?" ഞാന്‍ നിന്ന നില്‍പ്പില്‍ വിയര്‍ത്തു പോയി.എന്തൊരു ചിന്ത എന്നോര്‍ത്ത്.വെറും ഒരു ലക്ഷം രൂപ വിലയുള്ള  ഒരു ജീവന് വേണ്ടി അഞ്ചര ലക്ഷം ചിലവാക്കിയ എന്റെ മണ്ടത്തരത്തെ മാര്‍വാടി ശെരിക്കും തമാശ രൂപേണ ആയെങ്കിലും കളിയാക്കി.പക്ഷെ ഇതിനിടയിലും ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ ഉള്ള  എന്റെ  സന്തോഷം ലക്ഷങ്ങള്‍ക്കും മീതെ ആയിരുന്നു.ഞാന്‍ നാഗ്പൂര്‍ വിടുന്നത് വരെ കവടു എന്റെ വലംകയ്യായി അവിടെ ഉണ്ടായിരുന്നു.
വാല്‍ക്കഷ്ണം....കഴിഞ്ഞ ആറു വര്‍ഷമായി കവടുവും ആയി ബന്ധം ഇല്ലായിരുന്നു.പക്ഷെ,വിധിയുടെ വിളയാട്ടം പോലെ,ഈ പോസ്റ്റ്‌ ഞാന്‍ തയ്യാറാക്കി കൊണ്ടിരിക്കുമ്പോള്‍ എന്നെ ഞെട്ടിച്ചു കൊണ്ട് കവടുവിന്റെ ഫോണ്‍ വന്നു.അയാള്‍ ഇപ്പോള്‍ ഗ്രാമത്തില്‍ തന്നെ ഒരു ആട് ഫാം നടത്തുകയാണ്.അത്യാവശ്യം പൈസ ഒക്കെ ആയി.ഒരു പുതിയ വീട് വെയ്ക്കാന്‍ പോവുകയാണെന്നും അനുഗ്രഹം വേണമെന്നും ,എന്നെങ്കിലും അത് വഴി വന്നാല്‍ തീര്‍ച്ചയായും കാണണം എന്നും ആയിരുന്നു ആവശ്യം.               

Friday, May 6, 2011

ഒരു സര്‍പ്പദംശനം

36

പഠനം കഴിഞ്ഞു പ്രായോഗിക പരിശീലനം തുടങ്ങിയ കാലം.എണ്പത്    ആണ് കാലം.പരിശീലനം തിരുവല്ലായ്ക്കും ചെങ്ങനൂരിനും ഇടയില്‍ ഒരു കുഞ്ഞു റോഡിലൂടെ നാല് കിലോമീറ്റെര്‍ ഉള്ളിലുള്ള ഓതറ എന്ന കു:ഗ്രാമത്തിലെ ഒരു വിനീര്‍ ഫാക്ടറിയില്‍.വിനീര്‍ എന്നാല്‍ നമ്മുടെ കടലാസ് പോലെ കനം കുറഞ്ഞ പാളി.അത് മരത്തില്‍ നിന്നും സ്ല്യ്സ് ചെയ്തു എടുക്കണം.ഇങ്ങനെ സ്ല്യ്സ് ചെയ്തു എടുക്കുന്ന വിനീര്‍ ആണ് വലിയ സ്റ്റാര്‍ ഹോട്ടലുകളിലും മറ്റും മോഡി കൂട്ടാന്‍ ഉപയോഗിക്കുന്നത്.വിനീറിനു സ്വന്തം നിലനില്‍പ്പില്ല.അത് സാധാരണ പ്ല്യ്വുഡില്‍ ഒട്ടിച്ചാല്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.പ്രകൃതി പരുപരുത്ത മരത്തിനു ള്ളില്‍ ഒളിച്ചു വെച്ചിരിക്കുന്ന അത്ഭുതങ്ങള്‍ കണ്ടാല്‍ അന്തം വിട്ടു പോകും.അത്രയ്ക്ക് സൌന്ദര്യമാണ് തേക്കിന്റെയും ഈട്ടിയുടെയും മറ്റും വിനീറിന്.ഞങ്ങള്‍ പന്ത്രണ്ടു പേരാണ് അന്ന് പരിശീലനത്തിന് തുടക്കം ഇട്ടത്.എല്ലാവരും എന്ജിനീര്‍മാരും ആണ്.കമ്പനി തന്നെ താമസവും മറ്റും ഏര്‍പ്പെടുത്തിയിരുന്നു,കമ്പനിയുടെ അടുത്ത് തന്നെ.ആദ്യ ദിവസ്സം ഉല്‍പ്പാദന പ്രക്രിയകള്‍ കണ്ടു നടന്നു നേരം കളഞ്ഞു.വൈകുന്നേരം എല്ലാവരും താമസ സ്ഥലത്ത് എത്തി.ആറു മുറികള്‍ ഉള്ള സാമാന്യം വലിയ ഒരു വീടായിരുന്നു അത്.എല്ലാവരും ഈരണ്ടു പേരായി സെറ്റ് ആയി.ഭക്ഷണവും അടുത്ത ഹോട്ടലില്‍ ഏര്‍പ്പാടാക്കി.വളരെ വൈകുവോളം സംസാരിച്ചു ഇരുന്നതിനു ശേഷം എല്ലാവരും ഉറങ്ങാന്‍ പോയി.അടുത്ത പ്രഭാതം വിരിഞ്ഞു.ഞാന്‍ ആറു മണിക്ക് ഉറക്കം ഉണര്‍ന്നു.എന്റെ സഹമുറിയനെ കാണാന്‍ ഉണ്ടായിരുന്നില്ല.ബാക്കി മുറികളിലെല്ലാം നോക്കി.അവിടത്തെ കാര്യവും അങ്ങനെ തന്നെ.ചുരുക്കി പറഞ്ഞാല്‍ എട്ടു പേര്‍ അതിരാവിലെ അഞ്ചു മണിക്കുള്ള ബസ്സിനു സ്ഥലം വിട്ടു.അതില്‍ ഒരാള്‍ കൂടെയുള്ള ആളോട് പറഞ്ഞിട്ട് പോയി."എന്ജിനീര്‍ ആയതു മരം മുറിക്കാന്‍ അല്ല"എന്ന്.അങ്ങനെ ഞങ്ങളുടെ അംഗ ബലം നാലായി ചുരുങ്ങി.എനിക്കെന്തോ വെനീറിനെ പറ്റി കൂടുതല്‍ പഠിക്കണം എന്ന് തോന്നി.അത് പോലെ മറ്റു മൂന്ന് പേര്‍ക്കും.ശാസ്ത്രീയമായ വിനീര്‍ ഉല്‍പ്പാദനം ആയിടയ്ക്കാണ് കേരളത്തില്‍ ആരംഭിച്ചത്,ഇന്ത്യയിലും.അതുകൊണ്ട് തന്നെ മഷീന്‍ എല്ലാം ഇറക്കുമതി ചെയ്തവ ആയിരുന്നു.ഓരോ മഷീന്റെയും പ്രവര്‍ത്തനം വിശദീകരിച്ചു തരാന്‍ ജാപാനീസ്‌,ജര്‍മന്‍ ടെക്നീഷ്യന്‍ മാര്‍ ഉണ്ടായിരുന്നു.അങ്ങനെ പരിശീലനം വളരെ ഭംഗിയായി മുന്നോട്ടു നീങ്ങുന്ന സമയം.വൈകുന്നേരം നാലര മണിക്ക് പുറത്തിറങ്ങാം.അത് കഴിഞ്ഞാല്‍ വേറെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല.അപ്പോഴാണ്‌ കുറച്ചു മാറി ഉപേക്ഷിക്കപ്പെട്ട ഒരു പാറ മട വെള്ളം നിറഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.പിന്നെ എല്ലാ ദിവസ്സവും കമ്പനിയില്‍ നിന്നും വന്നാല്‍ പാറ മടയില്‍ പോയി നീരാട്ടായി.ടീവീ ഒന്നും ഇല്ലാത്ത കാലമല്ലേ.സന്ധ്യ വരെ നീരാട്ടും അത് കഴിഞ്ഞു വന്നു അത്യാവശ്യം വായനയും പിന്നെ ഉറക്കവും.  
                                                                            അന്നൊരു ശനിയാഴ്ച ആയിരുന്നു .രണ്ടു പേര്‍ എന്തോ ആവശ്യത്തിനു തിരുവല്ലയില്‍ പോയി.ഞാനും തോമസ്സും മാത്രം.ഞങ്ങള്‍ പതിവ് പോലെ നീരാട്ടിനു പോയി.നീരാട്ടു നീണ്ടു പോയി.ഇരുട്ട് വെളിച്ചത്തിനെ കീറി എറിയുന്ന സമയം.വെളിച്ചം വിട്ടുപോകാന്‍ മടിച്ചു നിന്ന് നോക്കി എങ്കിലും ഇരുട്ടിന്നു വഴി മാറി കൊടുത്തു.ഞങ്ങള്‍ വേഗം നടന്നു വീട്ടിലേക്കു വരികയാണ്.ഒരു വലിയ പറമ്പിന്റെ നടുക്കാണ് വീട്.വഴിയില്‍ നിന്നും പറമ്പിലേക്ക് കല്‍പ്പടവുകള്‍ ഉണ്ട്.കല്‍പ്പടവില്‍ കാല്‍ വെച്ചതും "എന്നെ കടിച്ച്ചെടാ" എന്ന് അലറിക്കൊണ്ട്‌ തോമസ്‌ ഒറ്റ പാച്ചിലാണ്,വീട്ടിലേക്ക്‌.ഞാനും കാര്യം അറിയാതെ പുറകെ പാഞ്ഞു.വീടിന്റെ വരാന്തയിലെ വിളക്കിന്റെ വെളിച്ചത്തില്‍ ഞാന്‍ ഞെട്ടലോടെ കണ്ടു,രണ്ടു പല്ല് പാഞ്ഞ പാടുകള്‍.അണലി പാമ്പ് ധാരാളം ഉള്ള സ്ഥലമാണ്.ഇടത്തേ കാലിന്റെ പത്തിയില്‍ തള്ള വിരലിനോട്‌ ചേര്‍ന്നാണ് കടി.രക്തം കിനിയുന്നുണ്ട്.ഒരു പാമ്പ് കടി ഞാനാദ്യം കാണുകയാണ്.ആലോചിക്കാന്‍ നേരമില്ല.ആദ്യം ഒരു ചരട് എടുത്തു കാല്‍മുട്ടിന് താഴെ മുറുക്കി കെട്ടി.വെപ്രാളത്തിന്റെ കെട്ട് ആയതുകാരണം ആയിരിക്കണം ,കെട്ട് കൂടുതല്‍ മുറുകിപ്പോയി എന്ന് പിന്നീട് അറിഞ്ഞു.അടുത്തതായി ബ്ലേഡ് കൊണ്ട് കടിപ്പാട് കുറച്ചു കീറി രക്തം ഞെക്കിക്കളഞ്ഞു.ചെറിയ ക്ലാസുകളില്‍ പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മ വന്നത് നന്നായി.എനിക്കാകെ വിഷമം ആയി.അപ്പോള്‍ ദൈവം പറഞ്ഞു വിട്ടത് പോലെ പറമ്പില്‍ പണിക്കാരനായ തേവന്‍ ചേട്ടന്‍ അവിടെ വന്നു.എന്റെ സുഹൃത്തിനെ കുറച്ചു നേരത്തേക്ക് അയാളെ ഏല്‍പ്പിച്ചിട്ട് ഞാന്‍ ഓടി അടുത്ത് ഫോണ്‍ ഉള്ള വീട്ടില്‍ എത്തി .എന്റെ വെപ്രാളം കണ്ടിട്ട് അവിടത്തെ കാരണവര്‍ പെട്ടെന്ന്  തന്നെ ടാക്സി ക്ക് ഫോണ്‍ ചെയ്തു.ഞാന്‍ ഓടി തോമസ്സിന്റെ അടുത്ത് എത്തി.അപ്പോള്‍ വിഷം തീണ്ടിയ ലക്ഷണം ഒന്നും കാണിച്ചില്ല.ഞാന്‍ ധൈര്യം കൊടുത്തു  കൊണ്ട് അടുത്ത് തന്നെ ഇരുന്നു.പാമ്പ് കടിച്ചാല്‍ സാധാരണ ഗതിയില്‍ കൂടുതല്‍ ആളുകള്‍ മരിക്കുന്നത് പേടിച്ചിട്ടാണെന്ന് കേട്ടിരുന്നു.അതുകൊണ്ട് തന്നെ ചങ്ങാതി പേടിക്കാതെ നോക്കണ്ടേ?ഇരുളിനെ കീറി മുറിച്ചുകൊണ്ട് ടാക്സി വന്നു.ചങ്ങാതിയേയും കയറ്റി ഞാന്‍ യാത്രയായി,തിരുവല്ലയിലെ പ്രശസ്ത വിഷ ചികിത്സാ കേന്ദ്രമായ ,സായിപ്പിന്റെ ആശുപത്രി എന്ന് അറിയപ്പെടുന്ന ,മിഷന്‍  ആശുപത്രിയിലേക്ക്. വിഷം തീണ്ടിയിട്ടു അര മണിക്കൂറോളം ആകുന്നു.ഇനിയും താമസിച്ചാല്‍?ആകെ പത്തു കിലോ മീറ്റര്‍ ദൂരമേ  ഉള്ളൂ എങ്കിലും നൂറു കിലോ മീറ്റര്‍ ആയി തോന്നി എനിക്ക്.പകുതി ദൂരം പോയി വണ്ടി നിന്നു.വഴി വിജനം. ഡ്രൈവര്‍ പറയുന്നു,"പെട്രോള്‍ തീര്‍ന്നു,ഇനി ഒഴിക്കണം,പേടിക്കേണ്ട,ഞാന്‍ കരുതിയിട്ടുണ്ട്."സാധാരണ പറയാറ്,"ഇടി വെട്ടിയവനെ പാമ്പ് കടിച്ചു"എന്നാണ്.ഇവിടെ ഇപ്പോള്‍,"പാമ്പ് കടിച്ചവനെ ഇടി വെട്ടി" എന്നത്  പോലെ ആയി.പെട്രോള്‍ ഒഴിച്ച് വണ്ടി വീണ്ടും യാത്ര തുടരാന്‍ കാല്‍ മണിക്കൂര്‍ വൈകി.എങ്കിലും  ധൈര്യം ചോര്‍ന്നു പോകാതെ ,ചങ്ങാതി യുടെയും ധൈര്യത്തിന് കുറവ് വരുത്താതെ ആളെ ആശുപത്രിയില്‍ എത്തിച്ചു.ഹാവൂ! സമാധാനം ആയി.ഇത് വരെ കുഴപ്പം ഒന്നും ഇല്ല.ഭാഗ്യം.അപ്പോള്‍ മണി എട്ടര.
                                                                                      ഏകദേശം പത്തു മണി വരെ ചങ്ങാതി ചിരിച്ചു കളിച്ചു തമാശ പറഞ്ഞു കഴിഞ്ഞു.അതിനു ശേഷം ,നല്ല നിറമുള്ള ചങ്ങാതിയുടെ നിറം മങ്ങാന്‍ തുടങ്ങി. നോക്കി  നില്‍ക്കെ,കരിനിറം ആയി.പെട്ടെന്ന് അയാളെ ഐ സീ യൂ വിലേക്ക് മാറ്റി.ശരീരത്തില്‍ വിഷം പടര്‍ന്നിരുന്നു.വിഷം തീണ്ടിയ ഉടനെ ഉള്ള പാച്ചില്‍ ആണ് പ്രശ്നം ആയതു.അത് കഴിഞ്ഞല്ലേ കെട്ടിയത്.അന്ന് രാത്രി ആ നിലയില്‍ കഴിഞ്ഞു.എന്റെ മറ്റു രണ്ടു ചങ്ങാതിമാരും കൂടി ആശുപത്രിയില്‍ എത്തി.ഞങ്ങള്‍ മൂന്നു പേരും എങ്ങനെ എങ്കിലും നേരം വെളുപ്പിച്ചു.അതി രാവിലെ ഡോക്ടര്‍ ഞങ്ങളെ വിളിച്ചു പറഞ്ഞു,"ആള്‍ ഗുരുതരാവസ്ഥയില്‍ ആണ്.ബന്ധുക്കളെ എത്രയും വേഗം വിവരം അറിയിക്കുക.നാല്‍പ്പത്തെട്ടു മണിക്കൂര്‍ കഴിഞ്ഞു കിട്ടിയാല്‍ ഒരു പക്ഷെ രക്ഷപെട്ടെക്കാം."ഒരാള്‍ ഉടന്‍ തന്നെ കൂത്താട്ടു കുളത്തേക്കു പോയി,വിവരം അറിയിക്കാന്‍,ബന്ധുക്കളെ.ഞങ്ങള്‍ രണ്ടാള്‍ ആശുപത്രിയില്‍ തന്നെ നിന്നു.ആ നിലയില്‍ രണ്ടു ദിവസ്സം കഴിഞ്ഞു."രക്ഷപെട്ടാലും കിഡ്നി പോകും" ഡോക്ടര്‍ പിന്നെ പറഞ്ഞു.ഞങ്ങള്‍ക്ക് ആധിയായി.നല്ലൊരു ചെറുപ്പക്കാരന്റെ ജീവിതം അല്ലെ കോഞ്ഞാട്ട ആവുന്നത്.പക്ഷെ,ചങ്ങാതിയുടെ നില നാള്‍ക്കുനാള്‍ മെച്ചപ്പെട്ടു വന്നു.പതിന്നാലു ദിവസത്തിന് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായി പുറത്തു വന്നു.ഒരു പുനര്‍ജ്ജന്മം കിട്ടിയ  സന്തോഷത്തോടെ.പക്ഷെ ഡോക്ടര്‍ എന്നോട് പറഞ്ഞു,"ഇനി കെട്ടുമ്പോള്‍ ഇത്രയും മുറുക്കി കെട്ടരുത്,കാല്‍ മുറിഞ്ഞു പോകാഞ്ഞത്‌ ഭാഗ്യം".സ്വല്‍പ്പം ജാള്യത തോന്നിയെങ്കിലും,ഒരു ജീവന്‍ രക്ഷപ്പെട്ട ചാരിതാര്‍ത്ഥ്യം എനിക്കുണ്ടായിരുന്നു.