Thursday, September 29, 2011

ബൊമ്മക്കൊലു...ചില നവരാത്രി സ്മരണകള്‍...

44

                                                         നവരാത്രി മഹോല്‍സവം തുടങ്ങിയല്ലോ.....അപ്പോള്‍ അതിന്റെ പച്ചപിടിച്ച ഓര്‍മ്മകളും അരിച്ചരിച്ച് മനസ്സിലേക്ക് കടന്നു വരുന്നു....നവരാത്രിക്കാലത്ത് ബ്രാഹ്മണ കുടുംബങ്ങളില്‍ ആചരിക്കുന്ന  ഒന്നാണ് "ബൊമ്മക്കൊലു" വെയ്ക്കല്‍...ദേവീദേവന്മാരുടെ ചെറിയ പ്രതിമകള്‍ തട്ടു തട്ടായി അടുക്കി വെച്ച് , ഒന്‍പതു ദിവസം പൂജയും ഭജനയും ഒക്കെ ആയി...ദുര്‍ഗ്ഗാപൂജ എന്നാണ് പറയുക എങ്കിലും ലക്ഷ്മി, സരസ്വതി തുടങ്ങിയ ദേവിമാരും ഈ ദിവസങ്ങളില്‍ പൂജിക്കപ്പെടുന്നു...  ശിവ പാര്‍വതീ വിഗ്രഹങ്ങളും നടുക്ക് തന്നെ ഉണ്ടാവും..ഈ ദിവസങ്ങളില്‍ ബ്രാഹ്മണര്‍ പരസ്പരം ഗ്രിഹ   സന്ദര്‍ശനവും" കൊലു" കാണലും വിലയിരുത്തലും ഒക്കെ നടത്തിയിരുന്നു... എല്ലാവരും ഏറ്റവും നന്നായി കൊലു വെയ്ക്കാനും അലങ്കാരപ്പണികള്‍ ചെയ്യാനും മത്സരിച്ചിരുന്നു...ഇപ്പോഴും ഇതൊക്കെ ഉണ്ടാവാം..
                                                        എന്റെ താമസവും ഒരു  ബ്രാഹ്മണ കോളനിയുടെ സമീപത്ത് തന്നെ ആയിരുന്നു. കൊങ്കണിമാരുടെ ഒരു വലിയ ക്ഷേത്രവും അതിനെ ചുറ്റിപ്പറ്റി ധാരാളം ബ്രാഹ്മണ കുടുംബങ്ങളും..  തന്നെയല്ല , കളിക്കൂട്ടുകാരായും ക്ലാസ്‌ കൂട്ടുകാര്‍ ആയും ബ്രാഹ്മണ കുട്ടികള്‍ വേണ്ടുവോളം...അതില്‍ വിദ്യനും   വേണുവും വളരെ പ്രിയപ്പെട്ടവര്‍...എപ്പോഴും ഒന്നിച്ചുള്ള നടത്തം...വിദ്യന്‍ തമിഴ്  ബ്രാഹ്മണന്‍....വേണു കൊങ്കണി ബ്രാഹ്മണന്‍...പിരിയാത്ത കൂട്ട് പരസ്പരം വീടുകളിലേക്കും നീണ്ടു...ആദ്യമൊക്കെ എനിക്ക് ഭയമായിരുന്നു ഈ വീടുകളില്‍ പോകാന്‍ ..എല്ലാ രീതികളും വ്യത്യസ്തം...ശുദ്ധ സസ്യഭുക്കുകള്‍... പക്ഷെ തീണ്ടലും തൊടീലും ഒന്നും ഇല്ലായിരുന്നു...എവിടെ വരെ കയറി ഇറങ്ങാനും സ്വാതന്ത്ര്യം...അവരുടെ മാതാപിതാക്കള്‍ സ്വന്തം പോലെ എന്നെയും കണ്ടു...അല്ലെങ്കിലും സ്നേഹത്തിന് എന്തു ജാതി? എന്തു മതം? ഒരു വ്യത്യാസവും ഇല്ലാതെ  അവര്‍ എന്നെ സ്നേഹിച്ചു.....സ്വന്തം അച്ഛനും അമ്മയും സ്നേഹിക്കുന്നത് പോലെയുള്ള സ്നേഹം...എഴുതുമ്പോള്‍ കണ്ണ് നിറയുന്നു...നാല്പതു  വര്‍ഷങ്ങള്‍  കൊഴിഞ്ഞു വീണെങ്കിലും ഇന്നലത്തെ പോലെ ഓര്‍ക്കുന്നു..ഒരു പക്ഷെ സ്നേഹം  കാലാതീതമായ  ഒരു വികാരം ആയതുകൊണ്ടായിരിക്കാം ഇങ്ങനെ ...ഇതില്‍ പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് വര്‍ഷങ്ങള്‍ ആയി..എങ്കിലും ഓര്‍മ്മകള്‍ക്ക് ജരാനരകള്‍ ബാധിക്കില്ലല്ലോ..അതിന് എന്നും പതിനാറു വയസ്സ് തന്നെ..
                                                         ഇവരുടെ ഒരു പ്രത്യേകത ഞാന്‍ കണ്ടത്, ഇവര്‍ ശാരീരിക അധ്വാനം ആവശ്യമുള്ള ഒരു ജോലിയും ഏറ്റെടുക്കില്ല എന്നതാണ്...എന്നാല്‍ ബാങ്ക്, ഇന്‍ഷുറന്‍സ്‌ തുടങ്ങിയ മേഖലകളില്‍ ഇവര്‍ അഗ്രഗണ്യര്‍ ആണ് താനും...തികച്ചും സാധുക്കള്‍ ...ഒരു വഴക്കോ വയ്യാവേലിയോ ഒന്നും തന്നെ ഇവരുമായി ബന്ധപ്പെട്ട് ഉണ്ടാവാറില്ല...തികച്ചും വിശ്വസ്തര്‍...ചതിവും വഞ്ചനയും ഒന്നും അറിയില്ല...അതുകൊണ്ട് തന്നെ ഒരു പക്ഷെ അവരുടെ കുറച്ചെങ്കിലും ഗുണങ്ങള്‍ സ്വായത്തമാക്കാന്‍ എനിക്കും കഴിഞ്ഞു...അത് മുന്നോട്ടുള്ള ജിവിതത്തില്‍ പല തരത്തിലും എനിക്കും  പ്രയോജനം ചെയ്തു...കൂടാതെ കൊങ്കണി ഭാഷയും  അത്യാവശ്യം തമിഴ് ഭാഷയും സംസാരിക്കാനും പഠിച്ചു...ആദ്യമാദ്യം  കേള്‍ക്കുമ്പോള്‍  തികച്ചും വിഷമം ഉണ്ടാക്കിയിരുന്ന പല വാക്കുകളും അതിന്റെ അര്‍ഥം മനസ്സിലായപ്പോള്‍ വായില്‍ ഐസ് ക്രീം പോലെ അലിഞ്ഞു...ഇപ്പോള്‍ ഞാന്‍  കൂടുതല്‍ കേള്‍ക്കുന്നത് തുളു, കന്നഡ പിന്നെ അത്യാവശ്യം ഹിന്ദിയും...കടലോളം ആഴമുള്ള ഭാഷകള്‍ പലതും..തീരത്ത് കല്ലെടുക്കാന്‍ ശ്രമിക്കുന്ന തുമ്പിയെപ്പോലെ ഞാനും..
                                                      ബൊമ്മക്കൊലു ആദ്യം വിദ്യന്റെ  വീട്ടില്‍ ഒരുക്കും... ദിവസ്സങ്ങള്‍ നീളുന്ന തയ്യാറെടുപ്പിന്റെ പരിസമാപ്തി...അപ്പോള്‍ വേണുവിന് അതിലും നന്നായി കൊലു ഒരുക്കണം...ആരോഗ്യകരമായ ഒരു മല്‍സരം...വര്‍ണ്ണക്കടലാസ്‌ കൊണ്ടുള്ള തോരണങ്ങള്‍..പിന്നെ വര്‍ണവൈവിദ്യം വിതറുന്ന വൈദ്യുത ദീപാലങ്കാരം..എല്ലാ ഒരുക്കങ്ങൾക്കും ഞാനും കൂടും....തട്ടുകള്‍ ഒരുക്കി ബൊമ്മകള്‍ നിരത്തുന്നത് മുതല്‍ അലങ്കാരങ്ങള്‍ വരെ..   എന്റെ ചങ്ങാതിമാര്‍ എല്ലാ സഹായവും ആയി കൂടെത്തന്നെ ഉണ്ടാവും....അന്നത്തെ എന്റെ പരിമിതമായ അറിവ് വെച്ച് കൊണ്ടാണ് എന്റെ ഹീറോ കളി...വയറിംഗ് എല്ലാം എന്റെ വക...എന്നാലും അവസാനം നവരാത്രി തുടങ്ങിക്കഴിയുംപോള്‍ ദീപ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന കൊലു  ഒരു കാഴ്ച തന്നെ ആണ്...അപ്പോഴേക്കും മറ്റു വീടുകളിലെ വിശേഷങ്ങള്‍ വന്നു തുടങ്ങും..ഓരോ വര്‍ഷവും ഓരോ തരത്തില്‍ ആയിരിക്കുംവിതാനങ്ങള്‍...പോപ്പിക്കുടയും ജോണ്സ് കുടയും മോഡല്‍ മാറ്റുന്നത് പോലെ..  മറ്റു വീടുകളിലെ മുന്തിയ വിതാനങ്ങള്‍ കണ്ടിട്ട്  ഞങ്ങളും മോടി കൂട്ടിക്കൊണ്ടിരിക്കും..ഈ മോടി കൂട്ടല്‍ അവസാന ദിവസം വരെ തുടരും...കൂടാതെ സംഗീത സാന്ദ്രമായ സായാഹ്നങ്ങള്‍...അതും തമിഴ് , കൊങ്കണി ഗാനങ്ങള്‍...കീര്‍ത്തനങ്ങള്‍..  സ്ത്രീകളാണ് എല്ലാറ്റിനും മുന്നില്‍...പൂജയ്ക്കായാലും സംഗീതത്തിന് ആയാലും അവര്‍ തന്നെ...പിന്നെ, വരുന്നവര്‍ മധുര പലഹാരങ്ങള്‍ കൊണ്ട് വരും...ഞങ്ങള്‍ കുട്ടികള്‍ക്ക് ആമോദം തന്നെ...ഈ ദിനങ്ങളില്‍...
               അങ്ങനെ മഹാനവമി നാളില്‍ എല്ലാവരും പഠിക്കുന്ന പുസ്തകങ്ങള്‍ എല്ലാം അടുക്കി പൂജയ്ക്ക് വെയ്ക്കും...ഞാനും പിന്നോട്ട് മാറില്ല... ഒരു ദിവസം പഠിക്കേണ്ടല്ലോ..കാരണം പുസ്തകം  പൂജ വെച്ചിരിക്കുക അല്ലെ?? വിജയ ദശമി നാളില്‍ പൂജയ്ക്ക് ശേഷം മാത്രമേ പുസ്തകം എടുത്തു തുറക്കുകയുള്ളൂ..
                                                             വിജയ ദശമി നാളില്‍ ആണ് കുഞ്ഞുങ്ങളെ എഴുത്തിന് ഇരുത്തുന്നത്. അതും വീട്ടിലെ മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളെ മടിയില്‍ പിടിച്ചിരുത്തി സ്വര്‍ണ്ണം കൊണ്ട് നാവില്‍ ...ഹരി..ശ്രീ..ഗണപതയെ..നമ: അവിഘ്ന  മസ്തു:...ഇപ്പോഴും ഓര്‍ക്കുന്നു...പക്ഷെ ഇന്ന് ഈ ചടങ്ങും കമ്പോള വല്ക്കരിക്കപ്പെട്ടു കഴിഞ്ഞു...ഇപ്പോള്‍ വീട്ടില്‍ "എഴുതിക്കല്‍" കുറവായി... ക്ഷേത്രങ്ങളിലേക്കും പള്ളികളിലെക്കും പിന്നെ പത്രം ആപ്പീസുകളിലെക്കും മാറി ഈ "എഴുത്ത്" ചടങ്ങ്...ആനയും അമ്പാരിയും ഒക്കെ ആയി...പ്രശസ്തരെ കൊണ്ട് മക്കളെ ആദ്യാക്ഷരം കുറിപ്പിക്കാന്‍ ഇന്ന് മാതാപിതാക്കള്‍ നെട്ടോട്ടം ആണ്...നിരന്നിരിക്കുന്ന "എഴുത്തുകാരുടെ" മുന്‍പില്‍ കുഞ്ഞുങ്ങളും ആയി ക്യു നില്‍ക്കുക...എഴുതി എഴുതി കുഴഞ്ഞ എഴുത്തുകാര്‍ കരഞ്ഞു കീറുന്ന കുഞ്ഞുങ്ങളുടെ നാക്കില്‍ എന്തെങ്കിലും ഒക്കെ  എഴുതി എന്ന് വരുത്തും...ഒരു ചടങ്ങ് പോലെ...ഒരു ആത്മാവില്ലാത്ത ചടങ്ങായി മാറി ഇതും...മറ്റു പലതിലും സംഭവിച്ചത് പോലെ ആത്മാവില്ലാത്ത കാട്ടിക്കൂട്ടലുകള്‍....
                                                                    എല്ലാം പൊയ്പ്പോയ നല്ലകാലത്തിന്റെ സ്വര്‍ണ്ണ സ്മരണകള്‍...ഇങ്ങിനി വരാത്ത വണ്ണം അകന്നു പോയ ആ കാലത്തിന്റെ ഓര്‍മ്മകള്‍ തന്നെ മനസ്സില്‍ ഒരു ഉത്സവം ഒരുക്കാന്‍ ധാരാളം...
                                                       

44 comments:

യാന്ത്രികമായിത്തീര്‍ന്ന ഈ കലികാലത്ത് പണ്ടത്തെ സ്വര്‍ണ്ണസ്മരണകള്‍ കൂടി നമുക്കൊപ്പം ഇല്ലായിരുന്നെങ്കില്‍....................
ഇത്തരം ഓര്‍മ്മകളെങ്കിലും പുതിയ തലമുറയ്ക്ക് നമുക്ക് പകര്‍ന്നു കൊടുക്കാം.
നന്നായി എഴുതി
ആശംസകള്‍

സാമുദായികമായ പല ആചാരങ്ങളും ആര്‍ഭാടങ്ങളും അതെ താല്‍പര്യങ്ങളില്‍ ഇന്ന് വളരെ വിരളമാണെങ്കിലും (ഹൈടെക്കും വീമ്പ്‌ കാണിക്കലും ഇന്ന് പകരം നില്‍ക്കുന്നു )ഇത്തരം വിവരണങ്ങള്‍ വായിക്കുന്നതും ഓര്‍മ്മകള്‍ അയവിരക്കുന്നതും ഒരു രസം തന്നെ. അഭിനന്ദനങ്ങള്‍ .

“ആമാ, അപ്പടിത്താൻ.ബൊമ്മക്കൊലുവുക്ക് നീങ്കൾ ശൊന്ന മാതിരി എല്ലാമേ ശെയ്യലാം. കടലൈ,പയറ് ചുണ്ടൽ ശെയ്ത് ശാപ്പ്ടറുത് റൊമ്പ വിശേഷം.“

ഒരുപാട് ഓർമ്മകൾ തന്ന ഈ പോസ്റ്റിന് ഒത്തിരി നന്ദി.പട്ടുപാവാടയും ഭജന കീർത്തനങ്ങളുമായി ബൊമ്മക്കൊലുവും പൂജ വയ്പ്പും ആഘോഷിച്ച ദിവസങ്ങളെ ഓർമ്മിപ്പിച്ചതിന് നന്ദി, നമസ്ക്കാരം........

തിരക്കേറും ഇന്നിന്റെ ലോകത്ത് ആഘോഷങ്ങള്‍ക്ക്
ഇന്ന് ഒരു പ്രസക്തി ഇല്ലാതെ ആകുന്നു നല്ല പോസ്റ്റ്‌ ഇക്കാ

ബൊമ്മക്കൊലു പുരാണം ഇഷ്ടപ്പെട്ടു ..ഓര്‍മകളിലൂടെ ഒരൂളിയിടല്‍..
ഗ്രഹ സന്ദര്‍ശനം ഗൃഹ സന്ദര്‍ശനം ആക്കണം .അവിഘ്നമസ്തു എന്നെഴുതിയില്ലെങ്കില്‍ ഗണപതി കോപിക്കും ...ജാക്രതൈ...:)

വളരെ ഇഷ്ടമായി ഈ ഓര്‍മ്മകളുടെ അവതരണം ..

''ഒരു പക്ഷെ അവരുടെ കുറച്ചെങ്കിലും ഗുണങ്ങള്‍ സ്വായത്തമാക്കാന്‍ എനിക്കും കഴിഞ്ഞു..."

പ്രിയപ്പെട്ട ഷാനവാസ്, താങ്കള്‍ സ്വായത്തമാക്കിയ നന്മ എല്ലാ എഴുത്തിലും 
കാണുന്നുണ്ട്.

വിശാലമായ താങ്കളുടെ മനസ്സിന്റെ ആഴവും പരപ്പും വെളിവാക്കുന്ന പോസ്റ്റ്‌. ഒത്തിരി ഇഷ്ടപ്പെട്ടു.
നന്ദി.

>>>എങ്കിലും ഓര്‍മ്മകള്‍ക്ക് ജരാനരകള്‍ ബാധിക്കില്ലല്ലോ..അതിന് എന്നും പതിനാറു വയസ്സ് തന്നെ..<<<
എന്റെ വക ഒരു കയ്യൊപ്പ്

മാഷെ ഇത് കൊള്ളാട്ടാ ..ഭേഷ് ..ഇഷ്ടപ്പെട്ടു ,

ഇങ്ങിനി വരാത്ത വണ്ണം മറഞ്ഞു പോയ നല്ല നാളുകളുടെ ഓര്‍മ്മകള്‍ തന്നെ എത്ര സന്തോഷം തരുന്നു.... നല്ല എഴുത്ത് ഇക്കാ...

ജാതിക്കും മതത്തിനും അതീതമായ് നവരാത്രിയും മറ്റും ആഘോഷിക്കപ്പെടട്ടെ...
ആശംസകള്‍..

നല്ല കുറിപ്പ് ഷാനവാസ് ഭായ് .
സൌഹൃദത്തിന്റെ , ഓര്‍മ്മകളുടെ വിളവെടുപ്പ്.
കാലാലായ കാലം, മനസ്സറിഞ്ഞ കൂട്ടുക്കാര്‍ , അവരുടെ കുടുംബം.
അതിലൂടെ ഒരുങ്ങുന്ന കുടുംബ ബന്ധം.
ഇഷ്ടായി ഈ പോസ്റ്റ്‌
അഭിനന്ദനങ്ങള്‍

ഒത്തിരി ഇഷ്ടപ്പെട്ടു..വിഷയവും..എഴുതാനുള്ള

മനസ്സിന്റെ വിശാലമായ കാഴ്ചപ്പാടും...

നല്ല ഓര്‍മ്മകള്‍, പുതിയ അറിവുകള്‍, നന്ദി

കൊങ്കണിയാണോ കൊങ്കിണിയാണോ ശരി ?
വിശേഷങ്ങൾ തുടരട്ടെ!
ആശംസകൾ.

Orupad nannayi vivarichu... Nalla post... ishttappettuOrupad nannayi vivarichu... Nalla post... ishttappettu

ഓര്‍മ്മകള്‍ വളരെ നന്നായി എഴുതി..
പണ്ട് പൂജയുടെ അവധി അഘോഷമായിരുന്നു.
മധുരപലഹാരങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു.
പൂജയ്ക്ക് വെയ്കല്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ വലിയ രസമായിരുന്നു.
ഞങ്ങളുടെ സ്കൂളിലും ധാരാളം തമിഴ് ബ്രാഹ്മണരുണ്ടായിരുന്നു
എന്നത് കൊണ്ട് ആ അവധിക്ക് മാത്രം ഹോംവര്‍ക്ക് ഇല്ല:)
അന്നത്തെ കൂട്ടുകാരേയും പൂജാവധിയും എല്ലാമൊന്നു കൂടി
ഓര്‍മ്മിക്കാന്‍അവസരം ഉണ്ടാക്കിത്തന്നതിനു നന്ദി..

തിരിച്ചുവരവില്ലാത്ത പഴയ സുന്ദരമായ ഓർമ്മകൾ അല്ലേ ഭായ്

സ്നേഹത്തിന് എന്തു ജാതി? എന്തു മതം? അതെയിക്കാ... ഇതെല്ലാരും മനസിലാക്കിയിരുന്നുവെങ്കില്‍ ...

അങ്ങനെ മഹാനവമി നാളില്‍ എല്ലാവരും പഠിക്കുന്ന പുസ്തകങ്ങള്‍ എല്ലാം അടുക്കി പൂജയ്ക്ക് വെയ്ക്കും...ഞാനും പിന്നോട്ട് മാറില്ല... ഒരു ദിവസം പഠിക്കേണ്ടല്ലോ..കാരണം പുസ്തകം പൂജ വെച്ചിരിക്കുക അല്ലെ?? വിജയ ദശമി നാളില്‍ പൂജയ്ക്ക് ശേഷം മാത്രമേ പുസ്തകം എടുത്തു തുറക്കുകയുള്ളൂ..

അതു ശരി, അപ്പോ അന്നും തരികിടയുണ്ടായിരുന്നു!

അല്ലെങ്കിലും സ്നേഹത്തിന് എന്തു ജാതി? എന്തു മതം? ഒരു പക്ഷെ സ്നേഹം കാലാതീതമായ ഒരു വികാരം ആയതുകൊണ്ടായിരിക്കാം......... ഓര്‍മ്മകള്‍ക്ക് ജരാനരകള്‍ ബാധിക്കില്ലല്ലോ..അതിന് എന്നും പതിനാറു വയസ്സ് തന്നെ..പിന്നേ ഇക്കാ പഠിക്കുന്ന പുസ്തകങ്ങള്‍ എല്ലാം അടുക്കി പൂജയ്ക്ക് വെയ്ക്കാന്‍ ...ഞാനും പിന്നോട്ട് മാറില്ല... ഒരു ദിവസം പഠിക്കേണ്ടല്ലോ..കാരണം പുസ്തകം പൂജ വെച്ചിരിക്കുക അല്ലെ? എന്തൊക്കെ അടവുകാട്ടിയാണ് പുസ്തകം പൂജക്ക്‌ വക്കുന്നതെന്നരിയുമോ ?? പഴേ ഓര്‍മ്മകള്‍ ഒക്കെ പുതുക്കുന്ന പോസ്റ്റ്‌ ഇഷ്ടായി ..

നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌.

നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌.

ഓര്‍മ്മകള്‍ ഇങ്ങനെ അടുക്കിപ്പെറുക്കി വെച്ചത് വായിക്കാന്‍ നല്ല സുഖം.

ഓര്‍മ്മകളിലൂടെയുള്ള ഉള്ള ഈ യാത്ര നന്നായിട്ടുണ്ട്

Pathivu pole thanna anubhavangalil ninnulla ormakal thanne ithavanayum vishayamenkilum ottum mushippu thonnippikkunnumilla. Vaayikkanum orkkanum sukhamulla ormakal. Kadha kettu kidannurangunnathu poleyulla oru feel athaanu ikkayude postukal enikku sammanikkarullathu :)

Aashamsakalode
http://jenithakavisheshangal.blogspot.com/

തിരിച്ചുവരാത്ത ഓര്‍മ്മകലെങ്കിലും മധുരം കിനിയുന്ന നിഷ്ക്കളങ്കത ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല.
നല്ല ഓര്‍മ്മകള്‍.

ഇക്ക പറഞ്ഞത് എത്രയോ സത്യം. ഒരു കാലത്ത് മതങ്ങളും വിശ്വാസങ്ങളും ജാതികളും ഉണ്ടായിരുന്നു എങ്കിലും നമ്മുടെ ദൈനം ദിന ജീവിതത്തില്‍ അതൊന്നും ഇടപെട്ടിരുന്നില്ല. അവിടെ സ്നേഹം മാത്രമായിരുന്നു. ഞാനൊരു ഹിന്ദു ആണെന്ന് എന്നെ ഓര്‍മിപ്പിച്ചത് സൗദി അറേബ്യയിലെ പോലീസുകാര്‍ ആണ്. അതുവരെ ഞാന്‍ മനുഷ്യന്‍ മാത്രമായിരുന്നു.

എത്രമനോഹരമായി എഴുതിയിരിക്കുന്നു. സ്വർണ്ണ നിറം ചാലിച്ച ഓർമ്മകൾ..

“അല്ലെങ്കിലും സ്നേഹത്തിന് എന്തു ജാതി? എന്തു മതം? ”

നന്നായിരിക്കുന്നു ഭായി...
ആശംസകൾ...

പഴയ ആ സ്നേഹത്തിന്റെ നാളുകൾ പങ്കുവെച്ചതു വായിച്ചപ്പോൾ മനസ്സു നിറഞ്ഞു.ഇന്നു പരിചയപ്പെടുന്നത് തന്നെ പേരു ചോദിച്ചു ജാതിയും,മതവുമൊക്കെ തിരിച്ചറിഞ്ഞതിനു ശേഷമാണ്.കാലത്തിന്റെ ഒരു മാറ്റം. കഷ്ടം.
നന്നായിട്ടുണ്ട് പോസ്റ്റ്.അഭിനന്ദനങ്ങൾ.

നല്ല ഓർമക്കുറിപ്പ്. പാലക്കാട്ട് താമസമാക്കിയ ശേഷമാണ് ബൊമ്മക്കൊലു കണ്ടത്. എല്ലാ വർഷവും ഞങ്ങൾ ഇപ്പോൾ രുഗ്മിണിയക്കന്റെ ബൊമ്മക്ക്കൊലു കാണാൻ പോകും.

ഓര്‍മകളുടെ സുഘവും നന്മകളുടെ സമ്പന്നതയും അതാണിതിലൂടെ പറഞ്ഞത് ഇന്ന് വിജയ ദശമി മൂക്ക് മുട്ടെ കുടിക്കാനുള്ള ഒരു അവസരമാ

...ഓര്‍മ്മകള്‍ക്ക് ജരാനരകള്‍ ബാധിക്കില്ലല്ലോ..അതിന് എന്നും പതിനാറു വയസ്സ് തന്നെ..!
സ്കൂള്‍ നാളുകളില്‍ നമുക്ക് പ്രിയം പൂജ വയ്പ്പിനോട് തന്നെ(എടുക്കലിനോട് അത്ര പോരാ)..!
പിന്നെ നോര്‍ത്തിലെ ദാണ്ഠിയാ..എല്ല്ലാമെല്ലാം..സുഖമുള്ള ഓര്‍മ്മകള്‍..!
ഒത്തിരി നന്ദി ഇക്കാ പുറകോട്ടു കൊണ്ടുപോയതിന്..!
ആശംസകള്‍..!!

daivatheyum vittu kaashakkunnavar...etharam ormakale namukkiniyulloo....aasamsakal

സ്നേഹത്തിന് എന്തു ജാതി? എന്തു മതം?
ശരിയാണു മാഷേ..സ്നേഹത്തിനു ജാതിയില്ല.
നല്ല വിവരണം.

പ്രിയപ്പെട്ട ഷാനവാസ്‌ ഭായ്,
ഈ മനോഹര സായാഹ്നത്തില്‍,സുഹൃത്തിന്റെ ഈ പോസ്റ്റ്‌ വായിച്ചു ഞാന്‍ സന്തോഷിക്കുന്നു. അല്പം മുന്‍പ്,പൂങ്കുന്നം ശ്രീരാമ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം കണ്ടു വന്നു നന്ദ പറഞ്ഞ വിശേഷങ്ങള്‍ എത്ര മോഹിപ്പിക്കുന്നതായിരുന്നു.:)
ഈ പോസ്റ്റ്‌ വളരെ ഹൃദ്യമായി...ജാതി മതം നോക്കാതെ സ്നേഹം പങ്കു വെക്കുന്ന ഈ മനസ്സിന് അഭിനന്ദനങ്ങള്‍.. !
സസ്നേഹം,
അനു

ശാനുക്ക്വോ, കൂയ്‌..,
ഹൃദ്യമായ വിവരണം തന്നെ ഇത്. സ്നേഹം കൊതിക്കുന്ന മനസ്സുകളെ സന്തോഷിപ്പിക്കുന്ന വാക്കുകള്‍ !

(അക്ഷരങ്ങള്‍ -font size-കുറച്ചുകൂടി ചെറുതാക്കൂ. എങ്കില്‍ വായനക്കാരന്റെ കണ്ണുകള്‍ക്ക്‌ പരമാനന്ദം കിട്ടും) ഹും. കണ്ണ് പൊട്ടിക്കാന്‍ നടക്കുന്നു!

എന്റെ ഈ കുഞ്ഞു പോസ്റ്റില്‍ കയറി വന്ന്, നല്ല വാക്കുകള്‍ ചൊരിഞ്ഞ എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിയുണ്ടെ...

ഇക്ക, ആലപ്പുഴ തിരുമല അമ്പലത്തിന്റെ ചുറ്റുവട്ടത് എനിക്കും ഉണ്ടായിരുന്നു ചില നല്ല സുഹൃത്തുക്കള്‍. ഇക്ക ഭാഗ്യവാനാണ്. നല്ല സുഹൃത്തുക്കള്‍ ഉണ്ടാകുന്നതില്‍ പ്പരം ഭാഗ്യം വേറെ എന്തുണ്ട് ? ഇന്ന് മഹാനവമി; എന്റെ കുട്ടികള്‍ രണ്ടും ബുക്ക്‌ തൊടുക പോലും വേണ്ട എന്ന സന്തോഷത്തില്‍ ആണ്. കുട്ടിക്കാലത്ത് നമ്മളും ഇങ്ങനെ തന്നെ ആയിരുന്നു. ഇല്ലേ

ഇക്ക ,ഒരു ഓര്‍മ്മക്കുരിപ്പിനെക്കാള്‍ ,ഇതോരുപാട് അറിവുകള്‍ കൂടി തന്ന ഒരു നല്ല പോസ്റ്റു

ഇക്കാ.. കിടിലന്‍ പോസ്റ്റ്.. അങ്ങയുടെ ഓര്മ ചെപ്പിലെ മാണിക്ക്യ മുത്തുകള്‍ ഇനിയും വാരി വിതറൂ.. ഈ പോസ്റ്റിലൊരു മത മൈത്രിയുടെ സന്ദേശം കൂടി ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ ഇഷ്ട്ടപെട്ടു

Post a Comment