Wednesday, September 14, 2011

മാവേലിയുടെ ഓണഡയറിക്കുറിപ്പ്...

43

                                                                           എല്ലാ വര്‍ഷത്തെയും പോലെ നാം  സമയത്ത് തന്നെ എഴുന്നെള്ളി....പ്രജാ ക്ഷേമ തല്‍പ്പരനായ നമ്മുടെ   സേവനം ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്ന പ്രയാസം തീര്‍ക്കാന്‍...പാതാളത്തില്‍ നിന്നും  എത്താന്‍  വൈകിയില്ല..കാരണം എഴുന്നെള്ളത്ത്  ലിഫ്റ്റില്‍ ആയിരുന്നു...അല്ലാതെ തീവണ്ടിയിലോ  വിമാനത്തിലോ ആയിരുന്നില്ല...ആയിരുന്നെങ്കില്‍ ചിലപ്പോള്‍ ചതയത്തിനു പോലും എത്താന്‍ കഴിയില്ലായിരുന്നു...റോഡു വഴി ആയിരുന്നെങ്കില്‍ അടുത്ത ഓണത്തിന് ഒരു പക്ഷെ എത്തുമായിരിക്കും..അപ്പോള്‍ ഈ ഓണം...എന്തായാലും എത്തിയല്ലോ...സന്തോഷം ആയി..  നമ്മുടെ  ഭരണ കാലത്ത് ഉണ്ടാവട്ടെ എന്ന് കല്പ്പിച്ചാല്‍ ഉണ്ടാവുമായിരുന്നു...ഇപ്പോള്‍ ഉണ്ടാവട്ടെ എന്ന്  ആരെങ്കിലും കല്പ്പിച്ചാല്‍ ഉണ്ടാവില്ല എന്ന് മാത്രം അല്ല, പിന്നെ സുപ്രീം കോടതി വരെ കയറി ഇറങ്ങി, കൊച്ചി മെട്രോ പോലെ, ഡല്‍ഹി മെട്രോയുടെ പടവും കണ്ട് ഇരിക്കേണ്ടി വരും..ആജീവനാന്തം...അതെ,കൊല്ലം ബൈപാസ്‌ പോലെ...ആലപ്പുഴ ബൈപാസ് പോലെ...മലബാറിലെ എണ്ണിയാല്‍ ഒടുങ്ങാത്ത റെയില്‍വേ  മേല്‍പ്പാലങ്ങള്‍ പോലെ...
                                                                             ഏറ്റവും സങ്കടം ഉള്ള കാര്യം ഇതൊന്നും അല്ല..നമ്മുടെ  നാട്ടുകാര്‍ നമ്മെപ്പറ്റി  എന്താണ്  ധരിച്ചു വെച്ചിരിക്കുന്നത്..നാം  വെറും പഴഞ്ചന്‍ വിഡ്ഢി വേഷം കെട്ടി നടക്കുന്ന പമ്പരവിഡ്ഢി ആണെന്നോ?? ആ വേഷം ഒക്കെ നാം  എന്നേ ഉപേക്ഷിച്ചു..നമുക്ക്  നാട്ടുകാരെ കാണാന്‍ അല്ലാതെ , സംസാരിക്കാന്‍ അവകാശവും ഇല്ലല്ലോ..അല്ലെങ്കില്‍ പറയാമായിരുന്നു..എനിക്കിപ്പോള്‍ കുടവയര്‍ ഇല്ലെന്നും ഓലക്കുട എന്നേ ഉപേക്ഷിച്ചു എന്നും..പിന്നെ വിരല്‍ വണ്ണം ഉള്ള പൂണ് നൂലും ..നൂറു തോല തൂക്കമുള്ള മാലയും ...വളയും..തളയും...നമുക്ക് ചിരി വരുന്നു..
                                                                                                                       ഈ വേഷത്തില്‍ നാം  എഴുന്നെള്ളിയിരുന്നു.....പതിറ്റാണ്ടുകള്‍ക്കു  മുന്‍പ്...അന്ന് നമ്മുടെ  പ്രജകള്‍ ഉടുതുണിക്ക് മറുതുണി ഇല്ലാതെ കഷ്ട്ടപ്പെടുന്ന കാലം...അന്ന് ഈ പറഞ്ഞ വേഷഭൂഷാതികളോടെ വരുന്ന നമ്മെ   പ്രജകള്‍ വണങ്ങിയിരുന്നു. ഇന്നിപ്പോള്‍ നമ്മെക്കാള്‍  കൂടുതല്‍ സ്വര്‍ണം നമ്മുടെ  പ്രജകള്‍ അണിയുന്നു...പട്ടിനെക്കാള്‍ വിലപിടിപ്പുള്ള ഉടുപ്പുകെട്ടുകളും...പിന്നെ നാം  മാത്രം എന്തിനു പഴയ രൂപത്തില്‍ ..തന്നെ അല്ലാ..ഒരിക്കല്‍ ഓണത്ത്തലേന്നു  രാത്രി തന്നെ എഴുന്നെള്ളിയ നമ്മെ തട്ടിപ്പ് കേസ്‌ ആണെന്ന് പറഞ്ഞു പോലീസുകാര്‍ വിരട്ടിയതും ആണ്... അന്ന് അകത്താകാഞ്ഞത് ഭാഗ്യം..എന്തിനു വെറുതെ വയ്യാവേലി വലിച്ചു തലയില്‍ വെയ്ക്കണം...നമ്മുടെ  പഴയ വേഷം നാം ആണ്ടില്‍ ഒരിക്കല്‍ ഓണനാളില്‍ ഇവിടെ എത്തുമ്പോള്‍  മാത്രം ആണ്  കാണുന്നത്...ഗൃഹാതുരത്വം ഉണര്‍ത്തുന്ന കാഴ്ച... നമ്മുടെ  പ്രജകള്‍ക്കു പാതാളത്തില്‍ പ്രവേശനം ഇല്ലാത്തത് ഭാഗ്യം..അല്ലെങ്കില്‍ പാതാള വേഷം ഇവിടെയും ആയേനെ...ഇപ്പോള്‍ ചായക്കടകള്‍ വരെ നമ്മെ  എടുത്തിട്ട് അലക്കുക അല്ലെ??നല്ല രസത്തോടെ നാം  നോക്കി നില്‍ക്കും...നമ്മുടെ  വരവിന്റെ ആഘോഷം...പൂക്കളങ്ങള്‍ കണ്ടു..ചെത്തി , മന്ദാരം , മുക്കുറ്റി...തുമ്പ ..ഇതൊക്കെ പഴയ കഥ...നമുക്ക് അറിവില്ലാത്ത പൂക്കള്‍ കൊണ്ട് പൂക്കളങ്ങള്‍... ആഘോഷം അങ്ങാടിയില്‍ പൊടിപൊടിക്കുന്നു..      സ്വര്‍ണ്ണക്കടകളില്‍...തുണിക്കടകളില്‍...വണ്ടിക്കടകളില്‍...ടീവീക്കടകളില്‍...ഹോ...അന്യ സംസ്ഥാനക്കാര്‍ വര്‍ഷം മുഴുവന്‍ ഉണ്ടാക്കി കൂട്ടിവെയ്ക്കുന്ന എല്ലാ സാധന സാമഗ്രികളും നമ്മുടെ  പ്രജകള്‍ നിമിഷം കൊണ്ടല്ലേ  വാങ്ങി കൂട്ടുന്നത്‌...ഉപ്പ് തൊട്ടു കര്‍പ്പൂരം വരെ എല്ലാം അന്യ സംസ്ഥാനങ്ങളില്‍ നിന്ന്...അഹോ..ഭയങ്കരം...നല്ല പള പളാന്നു മിന്നുന്ന കടകള്‍..രാത്രി പകലായത് പോലെ...കറന്റ് ധാരാളം..വ്യവസായങ്ങള്‍  ഒന്നും ഇല്ലാത്തത് കൊണ്ട്  കറന്റിന് ഒരു പഞ്ഞവും ഇല്ല...ഹായ്...നല്ല രസം..
                                                                               പകല്‍ പെണ്‍പ്രജകളുടെ  ക്യു...ന്യായവിലക്കടകളില്‍... പകലും രാത്രിയും ആണ്‍ പ്രജകളുടെ  ക്യു...സര്‍ക്കാരിന്റെ മദ്യം വാങ്ങാന്‍...അച്ചടക്കം കാണാന്‍ കിട്ടുന്ന അപൂര്‍വ രംഗങ്ങള്‍...എന്തൊരു ക്ഷമ...സമ്മതിക്കണം...ഒത്തൊരുമ ഇവിടെ  എങ്കിലും കാണാന്‍ കഴിയുന്നുണ്ട്..  നമ്മുടെ  പേരില്‍ ആണ് ഏറ്റവും കൂടുതല്‍ മദ്യം അകത്താക്കുന്നത് മിടുക്കന്മാര്‍...മിടുക്കികളും?   നാടിനെ താങ്ങി നിര്‍ത്തുന്നത് ഇവരാണ്...നമ്മോട്    ആണ്ടില്‍ രണ്ടു പ്രാവശ്യം എങ്കിലും എഴുന്നെള്ളു എന്ന്  സര്‍ക്കാര്‍ അഭ്യര്‍ഥിക്കും എന്ന് തോന്നുന്നു..ഈ പോക്ക് പോയാല്‍...ഇനി ഇത് കഴിഞ്ഞാല്‍ ഷോപ്പിംഗ്‌ മാമാങ്കം തുടങ്ങുക ആയി...രാജസ്ഥാന്കാര്‍ അശുഭം ആയി കാണുന്ന മാര്‍ബിള്‍ നമ്മുടെ പ്രജകള്‍ക്കു  പ്രിയംകരം...  നമ്മുടെ  പ്രജകളുടെ കയ്യില്‍ അവശേഷിക്കുന്ന അവസാനത്തെ ചില്ലിപ്പൈസയും അതിര്‍ത്തി  കടക്കുന്നത് വരെ ഇത് തുടരും...കാണം വിറ്റും ഓണം ഉണ്ണണം എന്ന് പണ്ടാരോ പറഞ്ഞത് അന്വര്‍ത്ഥമാക്കുന്ന ഇപ്പോഴത്തെ തലമുറ.. ഇപ്പോള്‍ വന്നു വന്ന് നമ്മുടെ  പ്രജകളില്‍ നല്ലൊരു ഭാഗം  അന്യ നാട്ടിലും അന്യ നാട്ടുകാര്‍ ഇവിടെയും  എന്ന അവസ്ഥ ആയി...  നമ്മെ  അറിയുന്നവര്‍ കുറഞ്ഞു വരുന്നു എന്ന് തോന്നുന്നു...നാട്ടുകാര്‍ മറന്നാലും അന്യനാട്ടിലെ കച്ചവടക്കാര്‍ നമ്മെ മറക്കില്ല.....അതൊരു നല്ല കാര്യം...
                                                 നാം   സമൃദ്ധമായി   ഓണം ഉണ്ടു  ...ഹോട്ടലില്‍...പലേടത്തും നോക്കി എങ്കിലും സ്വന്തം  വീട്ടില്‍ ഇപ്പോള്‍ സദ്യ ഒരുക്കുന്നവര്‍  കുറവ്.....സമൃദ്ധമായ സദ്യ കഴിഞ്ഞു വെളിയില്‍ വന്നപ്പോള്‍ ആംബുലന്‍സുകള്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്നു...മദ്യം വാങ്ങി കുടിച്ചവര്‍ ആഘോഷമായിട്ടു ആശുപത്രികളിലേക്ക്...വീണും ഒടിഞ്ഞും ചതഞ്ഞും...ആശുപത്രികള്‍ക്കും ആഘോഷം...   തൃശൂരിലെ പുലികളി കണ്പാര്‍ത്തു.....കൊള്ളാം...നല്ല രസം..ഇന്നലെ സര്‍ക്കാരിന്റെ വക ഘോഷയാത്ര..അങ്ങ് തിരുവന്തോരത്ത്...നമ്മുടെ  പഴയ വേഷം കെട്ടിയ പ്രജ എല്ലാവര്‍ക്കും മംഗളം നേരുന്നു...നാം  ആള്‍ക്കൂട്ടത്തിന് ഇടയില്‍..ആരാലും തിരിച്ചറിയപ്പെടാതെ ....ഇത് തന്നെ നല്ലത്...അല്ലെങ്കിലും ആയിരക്കണക്കിനു മാവെലിമാര്‍ കിടന്നു പുളയ്ക്കുന്ന ഇടത്ത് നമുക്കെന്തു കാര്യം...നാമാണ്  സാക്ഷാല്‍ മാവേലി എന്നെങ്ങാനും  പറഞ്ഞാല്‍ പിന്നെ അത് മതി കേസിനും കൂട്ടത്തിനും...  അങ്ങനെ ഇക്കൊല്ലത്തെ ഓണം കഴിഞ്ഞു...നാം  യാത്ര ആവുന്നു... എല്ലാ പ്രജകള്‍ക്കും നന്‍മകള്‍ നേര്‍ന്നു കൊണ്ട്...

43 comments:

മഹാബലി അസാധാരണനായ ഒരു രാജാവായിരുന്നുവെന്നതിന് ഇതിൽ കൂടുതൽ തെളിവ് ആവശ്യമില്ല.
ഇതെല്ലാം കണ്ടിട്ടും ഇപ്പോഴും അദ്ദേഹം നന്മകൾ നേരുന്നു, സ്വന്തം പ്രജകളുടെ പിൻ തലമുറയ്ക്ക് അല്ലേ?
കൊള്ളാം ഈ മാവേലി ചിന്തകൾ.......

ikka nannayittund
ashamsakal

കുറിക്ക്കൊള്ളുന്ന ആക്ഷേപഹാസ്യം. നന്നായി.

പാവം മാവേലിയുടെ ഒരു ഗതികേട് നോക്കണേ ..

നന്നായിട്ടുണ്ട്,
ആക്ഷേപ ഹാസ്യത്തിലൂടെയുള്ള ഈ മാവേലി ചിന്തകള്‍.
ആശംസകള്‍.

തുണിപീടികകള്‍ക്കും ജ്വല്ലറികള്‍ക്കും മുമ്പില്‍ പട്ടകുടയും ചൂടി മാവേലി. അപ്പോള്‍ ഒറിജിനല്‍ യഥാര്‍ത്ഥവേഷത്തില്‍ വന്നാല്‍ ഏതെങ്കിലും പീടികക്കാര്‍ കടയ്ക്ക് മുമ്പില്‍ നിര്‍ത്തും. നല്ല ഭാവന ആശംസകള്‍.

എല്ലാ മാനുഷരും മാവേലിയാണെന്ന് അഹങ്കരിക്കുന്ന ഇക്കാലത്ത് സാക്ഷാൽ മാവേലിക്ക് എന്തു ചെയ്യാനാകും ?

Nalla post..., narmam niranja vimarsanam nannayirikunnu..., road vazhiyanel adutha onathine maveli ethu.., valare sathyam...,

നര്‍മം കലര്‍ത്തി എഴുതിയ വരികള്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്--ഇന്നിന്‍റെ,ഇന്നലെയുടെ....
ഇപ്രാവശ്യവും 'ഓണക്കുടി'ക്കിടയില്‍ 'ഓണക്കോടി'കളല്ലേ തുലച്ചത്!ഇങ്ങിനെ പോയാല്‍ മാവേലി വരാതിരിക്കുന്നതാവും ഭേദം.

ഭേഷായിരിക്കുന്നു.. അടി എന്ന് പറഞ്ഞാല്‍ നല്ല സൊയമ്പന്‍ ഇരുട്ടടി... ഇഷ്ട്ടയീ... ഇനീമം ഇടക്കൊക്കെ ഈ വഴി വരണം.. ട്ടോ..

ഓണത്തിന്റെ , ഓണാഘോഷത്തിന്റെ ബാക്കി പത്രം അല്ലേ..?
മാവേലിയുടെ കാഴ്ചപ്പാടില്‍.
നല്ലൊരു ചിത്രമാണ് നല്‍കിയത് ഷാനവാസ് ഭായ്
നന്നായിട്ടുണ്ട്

ഹാസ്യം നന്നായിരിക്കുന്നു.

നല്ല ഓണ ചിന്തകള്‍ .

ആശംസകള്‍ ഇക്കാ...

കൊള്ളാം മാവേലിയുടെ ഈ ആക്ഷേപഹാസ്യം. നന്നായിട്ടുണ്ട്.

മാവേലി ഒന്നും വരുന്നില്ലന്നെ ..വരുന്നത് ഡ്യൂപ്പാ ...നാട്ടിലെ കഷ്ടപ്പാട് ഓര്‍ത്താല്‍ ആരെങ്കിലും വരുമോ മാവേലി ?

"നമ്മോട് ആണ്ടില്‍ രണ്ടു പ്രാവശ്യം എങ്കിലും എഴുന്നെള്ളു എന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിക്കും എന്ന് തോന്നുന്നു..ഈ പോക്ക് പോയാല്‍.." :))
പോസ്റ്റ്‌ ഇഷ്ടായിട്ടോ ...

കൊള്ളാലോ ഈ മാവേലി! എന്തൊരു മദ്യപാന മഹോത്സവമാണല്ലേ ഇവിടെ എന്ന് അദ്ദേഹം വിചാരിച്ചിട്ടുണ്ടായിരിക്കും.

വെള്ളമടിക്കാത്ത മാവേലി ഇനി ഓണത്തിന് വന്നുപോകരുതെന്ന് എക്സൈസ്‌ മന്ത്രി...

കേരളമെന്നു കേട്ടാല്‍ നുരയണം ലഹരി നമുക്ക് നരമ്പുകളില്‍ . ഓണമെന്നു കേട്ടാലോ ?
ഉത്രാട ദിനം മലയാളികള്‍ അകത്താക്കിയത്‌ 38 കോടി രൂപയുടെ മദ്യം!!! കഴിഞ്ഞ വര്‍ഷം ഇത് 30 കോടി രൂപയായിരുന്നു, എട്ട്‌ കോടിയുടെ വര്‍ധനവ്‌, അതായത് 26 .67 ശതമാനം വര്‍ധനവ്‌. അത്തം മുതല്‍ ഉത്രാടത്തിന് മുന്‍പുള്ള എട്ട് ദിവസങ്ങളില്‍ മൊത്തം ചിലവായത് 235 കൊടി രൂപയുടെ മദ്യം!!!!! കഴിഞ്ഞ വര്‍ഷമത് 188 കോടിയായിരുന്നു. 24 .93 % വര്‍ധനവ്‌...മാവേലി വിചാരിച്ചിട്ടുണ്ടായിരിക്കും കേരളത്തില്‍ മദ്യപാന മഹോത്സവമാണെന്ന് അല്ലെ ?

പാവം മാവേലി...

മഴയത്ത് ക്യൂ നിന്ന് ഒരു ഫുൾ വാങ്ങിയതിന്റെ വിഷമം സർക്കനോ പോട്ടെ മാവേലിക്കെങ്കിലും മനസിലാകണമായിരുന്നു.എല്ലാം ആ ഒരു ദിവസത്തിന്റെ ഓർമക്ക് പ്രജകൾ അനുഭവിക്കുന്ന പങ്കപ്പാട്.

നന്നായി ആസ്വദിച്ച് വായിച്ചു. ഒരു ഓണ സദ്യ കിട്ടിയ അനുഭവം.

വളരെ നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചു ഈ ആക്ഷേപഹാസ്യം..

മാവേലിക്ക് വേലികെട്ടി നിര്‍ത്തിയിരിക്കുന്നു
മലനാട്ടില്ലേ വാണിഭരായവര്‍ അല്ലാതെ എന്ത് പറയാന്‍
ഇക്കാ നല്ല നര്‍മ്മം കലര്‍ത്തി മര്‍മ്മത്തിനു കൊടുത്തിരിക്കുന്നു
ഇഷ്ടമായി

നാടോടുമ്പോള്‍ നടുവേ ഓടിയ മാവേലിയെ തമാശ രൂപേണ അവതരിപ്പിച്ചത് നന്നായി. എല്ലാ ആഘോഷങ്ങളും മദ്യത്തിലൊതുക്കുന്ന മലയാളി എന്നാണാവോ സ്വയം തിരിച്ചറിഞ്ഞ് നനാവുക?

ഇക്കാ നാടിര്ഷയും ദിലീപും ഈ പോസ്റ്റ്‌ കാണെണ്ട ..അല്ലങ്കില്‍ ദെ മാവേലി കൊമ്പത്തിന്റെ അടുത്ത സ്കിട്ടിനു ഇക്കാനെ പൊക്കും!!
നര്‍മ്മം നന്നായി വഴങ്ങും ഇക്കാക്ക് ,,ഇനിയും വന്നോട്ടെ ഇത് പോലെ രസകരമായ പോസ്റ്റുകള്‍ !!

ഈ പോക്കു പോകുകയാണെങ്കില്‍ മാവേലി തമ്പുരാന്‍ അടുത്ത തവണ വരുമ്പോഴേക്കും ഏതെങ്കിലും സ്പോക്കണ്‍ ഇംഗ്ളീഷ്‌ കോഴ്സിനോ ,സ്പോക്കണ്‍ ബംഗാളി കോഴ്സിനോ പോകേണ്ടി വരും ..വളരെ നന്നായ്‌ സാര്‍ ഈ കുറിപ്പ്‌..

ആക്ഷേപഹാസ്യം വളരെ നന്നായി ഇക്കാ...

കൂടെ താങ്കളുടെ മാവേലിയുടെ വേഷത്തിലൊരു ഫോട്ടോയും ചേര്‍ക്കാമായിരുന്നു!. അസ്സലായി പോസ്റ്റ്!. അഭിനന്ദനങ്ങള്‍!.

നല്ല പോസ്റ്റ്. ഇപ്പോള്‍ 4 സദ്യ വരെ വിലക്കു വാങ്ങുന്ന വീട്ടമ്മമാരുണ്ടേ...
എന്തിരു് ഓണം...

മാവേലിയുടെ ഡയറിക്കുറിപ്പ് നന്നായി..

നല്ല കുറിപ്പ്.. ഇതിപ്പോള്‍ ഞാനും മാവേലിയായെന്നാ തോന്നുന്നേ.. ഓടി നടന്ന് എല്ലായിടവും എത്തുന്നില്ല :) അതുകൊണ്ട് ദിവസത്തില്‍ ബ്ലോഗുവായനക്ക് അല്പ സമയം അനുവദിച്ച് തരാന്‍ ഓഫീസില്‍ ഒരു ശുപാര്‍ശ കത്ത് കൊടുക്കാന്ന് കരുതുന്നു. കിട്ടിയില്ലെങ്കിലും പണി പോവാതിരുന്നാ മതിയാര്‍ന്ന്

വൈകിയത് കൊണ്ട് ഇനി പൂജവെയ്പ് ഓണാശംസകള്‍ നേരുന്നു മാഷേ...

ഷാനവാസിക്കോ...! വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം മവേലിയൈങ്ങോട്ട് കെട്ടി എഴുന്നള്ളിച്ചാല് നമ്മടെ കരുനാഗപ്പള്ളിക്കാരുടെ കാര്യത്തില്‍ ഒരു തീരുമാനമാകും..!

എന്റെ ഈ എളിയ പോസ്റ്റില്‍ എത്തി രസകരമായ അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു...എല്ലാവര്‍ക്കും എന്റെ പൂജാ ആശംസകള്‍..മുന്‍കൂട്ടി..

മാവേലി ചിന്തകള്‍ അതീവ രസകരമായി അവതിരിപ്പിച്ചു.
കാലിക പ്രസക്തവും

മവേലിയുടെ ചിന്തകൾ ഇങ്ങനെയൊക്കെയായിരിക്കുമല്ലെ...

മാറിനിന്നു കാഴ്ചകൾ കാണാൻ അല്ലെങ്കിലും രസമാണു... ഇപ്പൊ അദ്ദേഹത്തിനു വന്ന് അനുഗ്രഹിച്ചു പോയാൽ മതിയല്ലൊ.. പിന്നെ വരുമ്പോ രസിക്കാൻ ഇത്തരം കാഴ്ചകളും...

ചിന്തകൾ രസകരമായി,... ആശംസകൾ

ഞാന്‍ ലേറ്റായി. ഇന്നാണ് ഈ മാവേലിയെ വായിച്ചത്... (ദേ മാവേലി ബ്ലോഗത്ത്...)

Dear Ikka... As usual it was very humorous. Enjoyed. I am very sure.. The Maveli was a real king. But now the Maveli in market is a buffoon. (To add a market value.. I mean comic value)

സൃഷ്ടികള്‍ ക്ഷണിക്കുന്നു
ഇ ലോകം ഓണ്‍ലൈന്‍.കോം എന്ന പേരില്‍ ആരംഭിക്കുന്ന വെബ്പോര്‍ട്ടിലേക്ക് സര്‍ഗ്ഗ രചനകള്‍ ക്ഷണിക്കുന്നു.കഥ, കവിത,എന്നിവയ്ക്ക് പുറമേ സിനിമ,സംഗീതം തുടങ്ങിയ എന്ത് വിഷയങ്ങളെപ്പറ്റിയും എഴുതാം.സൃഷ്ടികള്‍ ഇ മെയിലിലും തപാലിലും അയയ്ക്കാം.രചനകള്‍ക്കൊപ്പം പൂര്‍ണ്ണമായ വിലാസവും ഫോണ്‍ നമ്പറും രചയിതാവിന്റെ പാസ്പോര്‍ട്ട് സൈസ്‌ ഫോട്ടോയും വേണം.
വിലാസം:എഡിറ്റര്‍
ഇ ലോകം ഓണ്‍ലൈന്‍‍.കോം
പി.ബി.നമ്പര്‍-48
ഔഷധി ജംഗ്ഷന്‍
കോര്‍ട്ട് റോഡ്‌
പെരുമ്പാവൂര്‍-683 542
Email: mail@elokamonline.com
Website: www.elokamonline.com

Ph: 0484-2591051, 9020413887 , 9961258068 , 9539008659

ഇന്നുള്ള റെഡിമേയ്ഡ് ഓണക്കാഴ്ച്ചകൾ...!

Ikkayude pathivu shailiyil ninnum vyathyasthamaaya post. Nannayirikkunnu. Hasyam ettittundu :)

Aashamsakalode
http://jenithakavisheshangal.blogspot.com/

പാവം മാവേലി..!അദ്യേത്തിന്റെഒരു ഗതി..! എന്തെല്ലാം കാണണം,എന്തെല്ലാം കേള്‍ക്കണം..!!
ഓണംകഴിഞ്ഞ് ഒരുമാസായി..! ഇപ്പൊഴാണ് ഇത് കാണുന്നത്..! നേരത്തേ അറിയിക്കാഞ്ഞത് കഷ്ട്ടായീട്ടോ..!
ആശംസകളോടെ...

Post a Comment