Thursday, July 28, 2011

അങ്ങനെ നാട്ടിലേക്ക് മടക്കം..

38

കുടുംബസമേതമുള്ള എന്റെ നീണ്ട പത്തു വര്‍ഷത്തെ പ്രവാസം അവസാനിപ്പിക്കാന്‍ തീരുമാനം ആയി. നാട്ടില്‍ സ്വന്തമായി ഒരു ചെറുകിട വ്യവസായ സ്ഥാപനം തുടങ്ങാനും. അതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങി വെച്ചിരുന്നു. മൂത്ത മകള്‍ ഇനി പത്താം ക്ലാസിലേക്കാണ്. മക്കളുടെ ജനനം കൊരട്ടിയില്‍ ആയിരുന്നു എങ്കിലും മൂത്ത മകളുടെ പ്രാരംഭ വിദ്യാഭ്യാസം ഒഴിച്ച് ബാക്കി എല്ലാം മധ്യ പ്രദേശിലും മഹാരാഷ്ട്രയിലെ , ഓറഞ്ച് സിറ്റി എന്നറിയപ്പെടുന്ന നാഗ്പൂരിലും ആയിരുന്നു...ഹിന്ദിയിലും മറാത്തിയിലും നിന്ന് കേരളത്തിലേക്കും അങ്ങനെ മലയാളത്തിലേക്കും ഒരു മടക്കം...

കാലം 2001 ജൂണ്‍ മാസം...നാഗ്പൂരിനു അടുത്തുള്ള കാംപ്ടി നഗരത്തിലെ കേന്ദ്രീയ വിദ്ധ്യാലയത്തില്‍ നിന്നും മക്കളുടെ ടീസീ വാങ്ങിച്ചു..അതിനു മുന്‍പ് നാട്ടിലെ ഞാന്‍ പഠിച്ച സ്കൂളിന്റെ സീ.ബി.എസ.ഇ . വിഭാഗത്തില്‍ പ്രവേശനം ഉറപ്പാക്കിയിരുന്നു...ആലപ്പുഴ എസ്.ഡി.വി.സ്കൂള്‍...എം.കെ.സാനു മാഷും കെ.പി.അപ്പന്‍ മാഷും തുടങ്ങി മലയാള സാഹിത്യ തറവാട്ടിലേക്ക് പല മഹാ പ്രതിഭകളെയും സംഭാവന ചെയ്ത , അധ്യാപനത്തില്‍ നൂറു മഹനീയ വര്‍ഷങ്ങള്‍ പിന്നിട്ട, എന്റെ സ്കൂള്‍...പിന്നെ എന്റെ സ്വന്തം ആലപ്പുഴ...ഇരുന്നൂറു വര്‍ഷങ്ങളോളം തിരുവതാംകൂറിന്റെ തിലകക്കുറി ആയി പരിലസിച്ചിരുന്ന നാട്...ജില്ലയുടെ കണ്ണായ ഭാഗങ്ങള്‍ ആയിരുന്ന തിരുവല്ലയും പന്തളവും ഒക്കെ പത്തനംതിട്ട ജില്ല കൊണ്ടുപോയി കഴിഞ്ഞപ്പോള്‍ , രാമായണത്തിന് അടയാളം വെയ്ക്കുന്ന നാട പോലെ അരൂര്‍ നിന്നും ഓച്ചിറ വരെ നീളുന്ന ഏറ്റവും ചെറിയ ജില്ല...വികസനം എത്തിനോക്കിയിട്ടില്ലാത്ത നഗരം...ഒരു കാലത്ത് വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ കൊണ്ട് , സമ്പത്ത് കൊണ്ട് ,വീര്‍പ്പു മുട്ടിയിരുന്ന നഗരം...നന്കൂരമിടാന്‍ കാത്തു നിന്നിരുന്ന കപ്പലുകള്‍...ഇന്നെല്ലാം ഓര്‍മ്മകള്‍...ഗത കാല സ്മരണകളും ആയി നില്‍ക്കുന്ന കടല്‍ പാലത്തിന്റെ അവശിഷ്ടങ്ങള്‍...ഇപ്പോഴും മുനിഞ്ഞു കത്തുന്ന ലൈറ്റ്‌ ഹൗസ്‌...കഴിഞ്ഞ നാല്പതു വര്‍ഷങ്ങളായി പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണി തീരാത്ത ആലപ്പുഴ ബൈപാസ്‌....ആകെ പണിയേണ്ടത് ആറു കിലോമീറ്റര്‍...അതിനിടയ്ക്ക് റെയില്‍ വന്നു... പണ്ടേ ദുര്‍ബല പിന്നേ ഗര്‍ഭിണി എന്ന പോലെ ഈ ആറു കിലോമീറ്ററിനു കുറുകെ രണ്ടു റെയില്‍ ക്രോസ്...ഇനി അതിനു മേല്‍പാലം വേണം.. പോരെ പൂരം...ഈ ജന്മത്ത് ഈ ബൈ പാസ്സിലൂടെ വണ്ടി ഓടുമെന്ന് തോന്നുന്നില്ല...

ഉദ്യോഗ സംബന്ധമായി വീട് മാറ്റവും നാട് മാറ്റവും എന്റെ പതിവായിരുന്നത് കൊണ്ട് ഭാര്യ നേരത്തെ തന്നെ വീട്ടു സാധനങ്ങളുടെ പാക്കിംഗ് ഏതാണ്ട് തീര്‍ത്തിരുന്നു...മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് തന്നെ ലോറി എത്തി. എല്ലാ സാമാനങ്ങളും, ലൊട്ടു ലൊടുക്ക് ഉള്‍പ്പെടെ , ഭംഗിയായി ലോറിയില്‍ അടുക്കി...ചെടിച്ചട്ടികള്‍ പോലും നല്ല കരവിരുതോടെ അടുക്കി വെച്ചു..നൂറ്റി അമ്പതു രൂപയ്ക്ക് ഇത് കഴിഞ്ഞു...ഇനി ലോറി, യാത്ര തുടങ്ങുകയായി..ഏകദേശം രണ്ടായിരം കിലോ മീറ്റര്‍ അകലേയ്ക്കു..നാല് ദിവസം എങ്കിലും എടുക്കും എന്ന് ലോറിക്കാര്‍ പറഞ്ഞു...ഞാന്‍ കുടുംബവും ആയി അന്ന് തന്നെ തീവണ്ടിയില്‍ നാട്ടിലേക്കു തിരിച്ചു...കഴിഞ്ഞ പത്തു വര്‍ഷവും ഇടവേളകളില്‍ നാടുമായുള്ള സമ്പര്‍ക്കം നിലനിര്‍ത്തിയത്, ഒരിക്കലും കൂട്ടി മുട്ടാത്ത റെയിലുകള്‍ക്ക് മുകളിലൂടെ ഇഴയുന്ന ഈ തീവണ്ടികള്‍ ആയിരുന്നല്ലോ...രാജ്യത്തിന്റെ ഏതു ഭാഗത്ത്‌ ആയിരുന്നാലും പൊക്കിള്‍ കൊടി പോലെ നമ്മെ പിന്തുടരുന്ന റെയിലുകള്‍... 36 മണിക്കൂറിനു ശേഷം തീവണ്ടി ഞങ്ങളെ നാളികേരത്തിന്റെ നാട്ടിലുള്ള നാഴി ഇടങ്ങഴി മണ്ണിലേക്ക് എത്തിച്ചു... ഇനി ഇവിടെ തന്നെ ശിഷ്ട കാലം...നേരത്തേ തന്നെ വീട് ഒക്കെ റെഡി ആക്കി ഇട്ടിരുന്നത് കൊണ്ട് ഒരു പറിച്ചു നടല്‍ വലിയ വിഷമം ഉണ്ടാക്കിയില്ല...സസ്യ ശ്യാമള കോമളമായ ഒരു ചുറ്റുപാടില്‍ ഒരു ഇടത്തരം ഭവനം...റോഡരികില്‍ തന്നെ...കുടുംബ വീടിന്റെ അടുത്ത് തന്നെ...

ഞങ്ങള്‍ നാട്ടിലെത്തി മൂന്നാം നാള്‍ ഒരു ഫോണ്‍...വീട്ടുസാമാനങ്ങള്‍ കയറ്റിയ ലോറി ഡ്രൈവര്‍ ആണ്..വണ്ടി , വണ്ടിക്കാരുടെ പേടിസ്വപ്നമായ, വാളയാര്‍ ചെക്ക്‌ പോസ്റ്റില്‍ പിടിച്ചിട്ടു...കാരണം വണ്ടിയില്‍ രണ്ടു മൂന്ന് പ്ലയ് വുഡ്‌ കാണുന്നുണ്ട്... വീട്ടുസാമാനങ്ങളില്‍ പ്ലയ് വുഡ്‌ പെടില്ല , അത് കൊണ്ട് നികുതി അടയ്ക്കണമെന്ന് ...അതിലും വിലപിടിപ്പുള്ള ഫ്രിഡ്ജും ടീവീയും ഒക്കെ വണ്ടിയില്‍ ഉണ്ട്...അതൊന്നും അവര്‍ നോക്കുന്നു പോലുമില്ല....അത് പ്ലയ് വുഡ്‌ അല്ല, കട്ടിലിന്റെ ഭാഗം ആണ് എന്നൊക്കെ ഞാന്‍ വാദിച്ചു നോക്കി...അപ്പോള്‍ സാറന്മാര്‍ നിയമം ഫോണിലൂടെ വായിച്ചു കേള്‍പ്പിച്ചു...ഇനിയെന്താ വഴി..." കാണിക്ക " ഇട്ടു പോരാന്‍ ഡ്രൈവറോട് പറഞ്ഞു...അര മണിക്കൂറിനു ശേഷം അയാളുടെ ഫോണ്‍ വന്നു..."രണ്ടായിരം കാണിക്ക ഇട്ടു പോന്നു എന്ന്...ഏതായാലും സ്വാഗതം കലക്കി എന്ന് ഞാന്‍ ഓര്‍ത്തു...പുറം നാട്ടില്‍ നിന്ന് വരുന്നവരെ വിമാനത്താവളത്തില്‍ "പിഴിയും". മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ ചെക്ക്‌ പോസ്റ്റിലും ...എന്തായാലും എന്റെ വിഷമം അധികം നീണ്ടുനിന്നില്ല...ആയിടെ ആണ് ഡല്‍ഹിയില്‍ നിന്നും കേരള ചീഫ്‌ സെക്രട്ടറി ആയി വന്ന മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ വീട്ടു സാമാനങ്ങള്‍ ഇതേ ചെക്ക്‌ പോസ്റ്റില്‍ പിടിച്ച് ഇട്ടതു...ആ വണ്ടിയുടെ ഡ്രൈവറും പറഞ്ഞു നോക്കി...ഇത് സംസ്ഥാന ചീഫ്‌ സെക്രെട്ടറി യുടെ സാധനങ്ങള്‍ ആണെന്ന് ...ആര് കേള്‍ക്കാന്‍..."കാണിക്ക" ഇട്ടതിനു ശേഷമേ വണ്ടി അകത്തേക്ക് വിട്ടുള്ളൂ...അപ്പോള്‍ പിന്നെ എന്നെ പോലെയുള്ള സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ...വ്യാവസായികമായും വാണിജ്യപരമായും കേരളത്തെ തളര്‍ത്തി ഇടുന്നതില്‍ ഇവിടത്തെ വാണിജ്യ നികുതി വകുപ്പ് വഹിക്കുന്ന പങ്ക് അപാരമാണ്...ഇതിന്റെ താഴെ തട്ടില്‍ ഉള്ള പല ആളുകള്‍ക്കും അരിയും പയറും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പോലും അറിവില്ലാത്തവരാണ് എന്നത് ഒരു ദുഃഖ സത്യമാണ്...

അങ്ങനെ വാളയാറില്‍ നിന്നും രക്ഷപെട്ട വണ്ടി അടുത്ത ദിവസം രാവിലെ തന്നെ വീടിനടുത്തുള്ള ഹൈവെയില്‍ എത്തി...ഇനി വീടിനു മുന്‍പിലുള്ള ചെറിയ റോഡിലേക്ക് കൊണ്ട് വരണം...ഒരു ഭാഗീരഥ പ്രയത്നത്തിനു ശേഷം വണ്ടി വീടിനു മുന്നിലും എത്തിച്ചു...ഇനിയാണ് യഥാര്‍ത്ഥ അങ്കം തുടങ്ങുന്നത്...അപ്പോള്‍ സമയം രാവിലെ ഏഴു മണി...ഏകദേശം പത്തോളം ആളുകള്‍ വണ്ടിക്കു മുന്നില്‍ തയ്യാര്‍, സാമാനങ്ങള്‍ ഇറക്കാന്‍ വേണ്ടി...ഞാനോര്‍ത്തു...നൂറ്റി അമ്പതു രൂപയ്ക്ക് കയറ്റിയതല്ലേ..കൂടി വന്നാല്‍ ഒരു ഇരുന്നൂറു രൂപയ്ക്ക് തീരും...അവര്‍ പറഞ്ഞ കൂലി കേട്ട് ഞാന്‍ ഞെട്ടിപ്പോയി...വെറും എണ്ണായിരം രൂപ മതിയത്രേ...

ഇത് ഇറക്കു കൂലിയോ അതോ സാധനങ്ങളുടെ വിലയോ എന്ന് ഞാന്‍ സംശയിച്ചു...ചോദിക്കുകയും ചെയ്തു...അവര്‍ക്ക് തെറ്റിയിട്ടില്ല...കൂലി തന്നെ ആണ്..നാട്ടില്‍ നിന്നും പത്തു കൊല്ലം മാറി നിന്ന എനിക്ക് നാട് ഇത്രയും വളര്‍ന്നത്‌ കാണാന്‍ കഴിഞ്ഞില്ല...അത് കൊണ്ട് അടുത്ത് തന്നെ താമസം ഉണ്ടായിരുന്ന,വക്കീല്‍ കൂടിയായ ഭാര്യാ സഹോദരനെ ഞാന്‍ വിളിച്ചു വരുത്തി...അയാള്‍ വന്നു നോക്കിയപ്പോള്‍ സ്വന്തം പാര്‍ട്ടി സഖാക്കള്‍ തന്നെ ആണ്...എങ്ങനെ എങ്കിലും തീര്‍ക്കാന്‍ അയാള്‍ പറഞ്ഞു...ഞാന്‍ ചോദിച്ചു..പോലീസിനെ വിളിച്ചാലോ...ഓ...പോലീസിനെ വിളിച്ചാല്‍ ഒന്നും കാര്യമില്ല..അവര്‍ തൊഴില്‍ പ്രശ്നത്തില്‍ ഒന്നും ഇടപെടില്ല...പിന്നെ എന്ത് വഴി...ആലോചിച്ചു നില്‍ക്കാന്‍ നേരമില്ല...കാരണം കൂട് തുറന്നു വിട്ട കരിവണ്ടുകളെപ്പോലെ ആട്ടോ റിക്ഷകള്‍ മൂളി തുടങ്ങി..വീതി കുറഞ്ഞ റോഡാണ്..എത്രയും വേഗം വണ്ടി മാറ്റി കൊടുക്കണം...തൊഴിലാളികള്‍ ഒരു സൌജന്യം അനുവദിച്ചു. വേണമെങ്കില്‍ ഞാന്‍ തന്നെ ഇറക്കി കൊള്ളാന്‍...ഹാ...എന്തൊരു മഹാമനസ്കത...അവസാനം ഞാന്‍ അവരുമായി വിലപേശി...ഒടുവില്‍ അവര്‍ സമ്മതിച്ചു...നാലായിരം രൂപയ്ക്ക് ഇറക്കി തരാമെന്നു...എനിക്ക് സമ്മതിക്കേണ്ടി വന്നു...വെറും പതിനഞ്ചു മിനിട്ടിനുള്ളില്‍ സാധനങ്ങള്‍ ഇറക്കി വെച്ച്, നാലായിരം രൂപയും വാങ്ങി , പൊടിയും തട്ടി, പണിക്കാര്‍ മടങ്ങി...എന്റെ അമ്പരപ്പ് അപ്പോഴും മാറിയിരുന്നില്ല...നമ്മുടെ വക്കീല്‍ പറയുകയാണ്‌..."ഹോ..രക്ഷപെട്ടു...കഴിഞ്ഞ ദിവസം സ്ഥലം മാറി വന്ന ജില്ലാ ജഡ്ജിയുടെ സാധനങ്ങള്‍ ഇറക്കാന്‍ ഇവര്‍ വാങ്ങിയത് ആറായിരം രൂപയാ...നമുക്ക് ലാഭമാ.." എന്ന്....അതങ്ങനെ കഴിഞ്ഞു...


അന്ന് വൈകുന്നേരം ഒരാള്‍ വീട്ടില്‍ വന്നു...മുന്‍പരിചയം ഇല്ല...ആരാ എന്ത് വേണം?? എന്ന് ഞാന്‍ ചോദിച്ചു...

അപ്പോള്‍ അയാള്‍ പറയുകയാണ്‌,"സാറെ, രാവിലെ വണ്ടി വന്നില്ലേ? ആ ഡ്രൈവര്‍ക്ക് ഞാനാണ് സാറേ വഴി പറഞ്ഞു കൊടുത്തത്.."

"നിങ്ങള്‍ ചെയ്തത് ഒരു നല്ല കാര്യം അല്ലെ? സന്തോഷം" ഞാന്‍ പറഞ്ഞു...

"അതല്ല സാറേ, എന്തെങ്കിലും... വെള്ളം കുടിക്കാന്‍....വെറുതെ അല്ലല്ലോ..വഴി പറഞ്ഞു കൊടുതിട്ടല്ലേ?"

"അതെ..പക്ഷെ ഡ്രൈവര്‍ സാധനങ്ങള്‍ ഇറക്കി അപ്പോള്‍ തന്നെ പോയല്ലോ"...ഞാന്‍ പൊട്ടന്‍ കളിച്ചു..

"അയാള്‍ പോട്ടെ സാറേ, സാറ് തന്നാല്‍ മതി"...ഇയാള്‍ വിടുന്ന മട്ടില്ല...

"ഞാന്‍ എന്തിനു തരണം? ഞാന്‍ വഴി ചോദിച്ചില്ലല്ലോ??" ഞാന്‍ മുരണ്ടു..

"എന്തായാലും ഞാന്‍ ഇവിടെ വരെ വന്നതല്ലേ...എന്തെങ്കിലും തന്നാട്ടെ..സാറേ..." അയാള്‍ മുറുകി..


ഇത്രയും ആയപ്പോള്‍ ഭാര്യ പുറത്തേക്കു വന്നു...ഇനി ഭാര്യയുടെ വക.."അയാള്‍ക്ക്‌ എന്തെങ്കിലും കൊടുത്തു വിടെന്നെ..പാവം.." ഭാര്യയ്ക്ക് അലിവ് തോന്നി...അലിവ് കൂടുന്നതിനു മുന്‍പേ അമ്പതു രൂപ കൊടുത്തു ഞാന്‍ അയാളെ പറഞ്ഞു വിട്ടു..

ഇനി ആ ഡ്രൈവര്‍ പാലക്കാട് മുതല്‍ ആലപ്പുഴ വരെ വേറെ ആരോടെങ്കിലും വഴി ചോദിച്ചു കാണുമോ ആവോ...എന്തായാലും ആദ്യ ദിവസം കലക്കി...ഉഗ്രന്‍ തുടക്കം തന്നെ...നാട് നിന്നിടത്തു നിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോയില്ലെങ്കിലും "നോക്കുകൂലി" എല്ലാ സീമകളും ലങ്ഘിച്ചു മുന്നോട്ടു പോയിട്ടുണ്ട്.. തിരികെ വന്നത് അബദ്ധം ആയി പോയോ എന്ന് പോലും തോന്നി....പക്ഷെ അബദ്ധം ആയില്ല എന്നതിന് കാലം സാക്ഷി....


വാല്‍ക്കഷ്ണം---ഞാന്‍ സ്വന്തം തുടങ്ങിയ കമ്പനിയിലെ തൊഴിലാളികള്‍ സ്വന്തം പോലെ അതില്‍ പ്രവര്‍ത്തിക്കുന്നു...എന്റെ സന്തോഷവും പ്രയാസവും അവരുടേതും...എല്ലാം പരസ്പരം പങ്കിട്ട്..


38 comments:

ഇനി ഏതാനും ദിവസങ്ങള്‍...പരിശുദ്ധ റംസാന്‍ വ്രതാരംഭം...എല്ലാവര്ക്കും ആശംസകള്‍ മുന്‍കൂട്ടി..

@@
ഇരിക്കട്ടെ ലാസ്റ്റ്‌കമന്റു കണ്ണൂരാന്റെ വക.
ഇനി നോമ്പ്കഴിഞ്ഞു കാണാം.
(ഇന്ഷാ അല്ലാഹ്)



ഷാനുക്കാക്കും പിന്നാലെ വരുന്നവര്‍ക്കും കണ്ണൂരാന്‍ കുടുംബത്തിന്റെ റമദാന്‍ ആശംസകള്‍

**

‘രണ്ടായിരത്തി’ നു ചെക്കു പോസ്റ്റ് കടത്തിയ ഡ്രൈവര്‍ക്കുകൂടി എന്തേലും കൊടുക്കായിരുന്നു..!
പിന്നെ ഇറക്കുകൂലി, ഇറക്കിയാലും,ഇല്ലെങ്കിലും അതു ഞങ്ങടെ അവകാശമാണ്,ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാല്‍.....! ബാക്കി പറയേണ്ടല്ലോ..!
വളരെ നന്നായിവായിച്ചു.
റമദാന്‍ ആശംസകളും കൂടെ ചേര്‍ത്ത് മ്മ്ണി ബല്യ ആശംസകള്‍...!!!

ചെക്ക് പോസ്റ്റിലെ കൈമടക്കും ചുമട്ടുതൊഴിലാളികളുടെ കഴുത്തറപ്പന്‍ കൂലിയും ഒന്നും തോന്നിച്ചില്ല. അതൊക്കെ സ്വാഭാവികം. പക്ഷെ വഴി പറഞ്ഞു കൊടുത്തതിന്ന് പ്രതിഫലം ചോദിച്ചവനുണ്ടല്ലോ, അവന്‍ മരിക്കാന്‍ 
കിടക്കുമ്പോള്‍ വെള്ളം കിട്ടില്ല.

കൊട്ടാരം ആശുപത്രിയില്‍ ശവം ഇറക്കിയതിന് (പോസ്റ്റ്മോര്‍റ്റത്തിനു) ഇറക്ക് കൂലി ചോദിച്ച വിദ്വാന്മാരുള്ള നാടാണത്. വക്കീല്‍ പറഞ്ഞതാണ് ശരി; അത്രയുമേ കൊടുത്തുള്ളൂവല്ലോ.രക്ഷപെട്ടു.....
ആ നാട് എന്തു കൊണ്ട് ഇങ്ങിനെ ആയി എന്നതിന്റെ സാമ്പിള്‍ കഥ ആണ് താങ്കള്‍ പറഞ്ഞത്.തോടരുകില്‍ തല ഉയര്‍ത്തി നിന്ന കയര്‍ ആഫീസുകള്‍ മുഴുവന്‍ പോയി, സമരം കാരണം. ഡാറാസ്മെയില്‍ സായിപ്പിന്റെ കരണത്ത് ചെരിപ്പ് ഊരി അടിച്ചിട്ട് വീമ്പ് പറഞ്ഞ നേതാക്കന്മാരുടെ നാട്. അവസാനം വന്ന കപ്പലില്‍ നിന്നും സാധനം ഇറക്കിയപ്പോള്‍ കെട്ടിന്‍ പുറത്ത് ബോണസ് വെക്കണമെന്ന നിര്‍ബന്ധത്താല്‍ കപ്പല്‍ അധിക ദിവസങ്ങള്‍ കിടന്നതിന്റെ പ്രതിഫലമാണു പിന്നെ അവിടെ കപ്പല്‍ അടുക്കാതിരുന്നത്. ഇന്ന് ചരിത്രത്തിന്റെ അസ്ഥിപഞ്ജരമായി 1862ല്‍ ഹ്യൂക്രാഫോഡ് എന്ന സായിപ്പ് പണിയിപ്പിച്ച ആ കടല്പാലം നില്‍ക്കുന്നത് കാണുമ്പോല്‍ നെഞ്ചില്‍ നീറ്റലാണ് ഉള്ളത്.(ഈ ലിങ്കില്‍ ഒന്ന് പോകുകhttp://sheriffkottarakara.blogspot.com/2009/08/blog-post_8400.html കമ്മ്യൂണിസത്തോടു ആദരവാണ് ഉള്ളത്; പക്ഷേ അതിന്റെ പ്രയോഗവത്കരണത്തിന്റെ രീതി വെറുപ്പ് നിറഞ്ഞതുമാണ്.
പഴയ ഓര്‍മകള്‍ ഉണര്‍ത്തിയതിനു നന്ദി പോസ്റ്റിനു അഭിനന്ദനങ്ങള്‍

പ്രതികരിക്കാന്‍ വയ്യ. മടുത്തിരിക്കുന്നു.
നമുക്ക് ഇതേ വിധിച്ചുള്ളൂ. ഇത് ദൈവത്തിന്‍റെ സ്വന്തം നാടാ, ചിലപ്പോള്‍ ചുമട്ടുതൊഴിലാളികളുടെതും.

രാമായണത്തിന് അടയാളം വെയ്ക്കുന്ന നാട പോലെ അരൂര്‍ നിന്നും ഓച്ചിറ വരെ നീളുന്ന ഏറ്റവും ചെറിയ ജില്ല...നല്ല പ്രയോഗം തന്നെ ,,കേരളത്തിലെ ഈ ദുര്‍ഗതി വളരെ നന്നായി അവതരിപ്പിച്ചു ,,,,,റമദാന്‍ ആശംസകള്‍ നേരുന്നു ,,,,

ആലപ്പുഴപുരാണം തുടരട്ടെ....ആശംസകള്‍

പതിവുപോലെ നല്ല രസമുണ്ട്.... :))

പണിയെടുക്കാതെ എങ്ങനെ കാശുകാരനാകാം എന്നതാണല്ലൊ കുറേക്കാലാമായിട്ട് നമ്മുടെ നാടിന്റെ അവസ്ഥ...!
ചുമട്ടു തൊഴിലാളി അവനു ചേർന്ന രീതിയിലും....?!

താങ്കളുടെ അനുഭവങ്ങൾ എത്രയോ പേർക്ക് ഉണ്ടായിട്ടുണ്ട്! വഴി പറഞ്ഞു തരുന്നതിനു കാശു ചോദിച്ചതാണ് ഏറ്റവും രസകരം. ഇങ്ങനെയൊക്കെയാണെങ്കിലും മറ്റു പല സംസ്ഥാനത്തുള്ളവരേക്കാളും അന്തസ്സും അഭിമാനവും നീതിബോധവും (ശരാശരി) മലയാളിക്കുണ്ട് എന്ന് എനിക്ക് തോന്നുന്നു.

ഈ പോസ്റ്റ്‌ ഒരുപാട് ഇഷ്ടായി ...
ഈ ജന്മത്ത് ആലപ്പുഴ ബൈപാസ്‌ ശരിയാവുമെന്ന് തോന്നുന്നില്ലെന്ന് ഞാന്‍ കഴിഞ്ഞ ദിവസ്സം നിരക്ഷരന്റെ പോസ്റ്റില്‍ കമന്റ് ഇട്ടതെ ഉള്ളൂ ... ഇപ്പൊ ആലപ്പുഴക്കാരനായ ഇക്കയും അത് തന്നെ പറയുന്നു ! അപ്പൊ പിന്നെ അത് നമുക്ക് ഉറപ്പിക്കാം ... :)
സി ഐ റ്റി യു അക്രമം സഹിക്കവയ്യാതെ ഒരു പ്രതികരണം. എന്ന പോസ്റ്റ്‌ എഴുതാന്‍ വേണ്ടിയാണ് ഞാന്‍ ഈ ബൂലോകത്തേക്ക് വന്നത് തന്നെ ! അത് കൊണ്ട് ഈ നോക്ക് കൂലിയോട് എനിക്കൊരു പ്രത്യേക നന്ദിയുണ്ട്... :))

വളരെ സത്യമാണ് ഇക്ക പറഞ്ഞത്. ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്ന വിഭാഗമാണ്‌ പ്രവാസികള്‍.
ഒരിക്കല്‍ നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ ഞാന്‍ തൃശൂര്‍ വരെ കൂട്ടുകാരന്റെ കാറില്‍ പോന്നു. തൃശ്ശൂരില്‍ നിന്നും ഇരുപത്തി നാല് കിലോമീറ്റെര്‍ കാര്‍ വിളിച്ചു വന്നപ്പോള്‍, കാറുകാരന് വേണ്ടത് ആയിരം രൂപ. 'നിങ്ങളെ പോലോത്ത ഗള്‍ഫുകാര്‍ വരുമ്പോഴാണ് ഞങ്ങള്‍ക്കൊക്കെ എന്തെങ്കിലും കിട്ടുന്നത്' എന്ന മൊഴിയും.
ഒരിക്കല്‍ എന്റെ വീടിന്റെ പടിഞ്ഞാറേയിലുളള ഒരാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു 'ആഷ്റഫെ മീന്‍ കാരന്റെ കയ്യില്‍ നല്ല ചെമ്മീന്‍ ഉണ്ട്. കിലോ ഇരുന്നൂറ്റി അമ്പതു രൂപയാണ് എന്ന്'. ഞാന്‍ ചെന്ന് ഒരു കിലോ മേടിച്ചു, പൈസ കൊടുക്കുമ്പോഴാണ് അറിയുന്നത് ഗള്‍ഫുകാര്‍ക്ക് 'മുന്നൂറ്റി അമ്പതാണ് വിലയെന്ന്'.
ഇനിയുമുണ്ട് ഇതുപോലെ ഒരുപാട് അനുഭവങ്ങള്‍.
ഹൃദയം നിറഞ്ഞ റംസാന്‍ ആശംസകളോടെ.

@കണ്ണൂരാന്‍,തേങ്ങാ ഉടച്ചു അല്ലെ?ഇന്ഷ അല്ലാഹ് .നോമ്പ് കഴിഞ്ഞു കാണാം.എന്റെയും ആശംസകള്‍..
@പ്രഭാന്‍ ഭായ്,അതും ഞാന്‍ കൊടുത്തു..
@ഉണ്ണി സര്‍,വഴി പറഞ്ഞവന്‍ ആണ് ഈ പോസ്റ്റിനു ആധാരം..
@ഷെരീഫ്‌ സര്‍,എന്നെക്കാള്‍ കൂടുതല്‍ പൊള്ളുന്ന അനുഭവങ്ങള്‍ ഉണ്ടല്ലേ?
@അഹ്മെദ് ഭായ്,സന്തോഷം,ഈ വായനയ്ക്ക്..
@പ്രദീപ്‌ ഭായ്,ആശംസകള്‍ ..എന്റെ വകയും..
@അജിത്‌ ഭായ്,നന്ദിയുണ്ടെ...
@പ്രിയ മോള്‍, സന്തോഷം..ഈ വരവിന്...
@വീ.കെ.ഭായ്,നോക്കി നിന്ന് എങ്ങനെ കൂലിവാങ്ങിക്കാംഎന്ന്.അല്ലെ..
@ശ്രീനാഥന്‍ സര്‍,പല കാര്യങ്ങളിലും മലയാളി മുന്നില്‍ തന്നെയാണ്..
@ലിപി മോള്‍,മോളുടെ കമന്റ് ഞാനും കണ്ടിരുന്നു..സന്തോഷം..
@അഷ്‌റഫ്‌ ഭായ്,ഇന്നിപ്പോള്‍ ഗള്‍ഫ്‌കാര്‍ അതും മനസ്സിലാക്കി ആണ് നീങ്ങുന്നത്..

ഇവിടെ വന്ന എല്ലാവര്‍ക്കും എന്റെ സ്നേഹാശംസകള്‍..

ചുമതലകളില്ലാത്ത അവകാശബോധമാണ് ഇത്തരം പ്രവണതകൾക്ക് കാരണമെന്ന് തോന്നാറുണ്ട്. അതു പക്ഷെ, ചുമട്ടു തൊഴിലാളിയ്ക്കും രാഷ്ട്രീയക്കാരനും മാത്രമല്ലല്ലോ. മനുഷ്യരുടെ ഒരു പൊതു സ്വഭാവമല്ലേ അത്?

പോസ്റ്റ് ഇഷ്ടമായി.

നമ്മുടെ ആലപ്പുഴ മാത്രമേ ഇങ്ങനെ നശിച്ചു കിടക്കുന്നുള്ളു. ഒരു കാലത്ത് എങ്ങിനെ തിളങ്ങി നിന്ന സ്ഥലം

കൊള്ളാം ഈ അട്ടിമറിയും നോക്ക് കുലിയും കൊടുക്കാന്‍ നമ്മളെ പോലെ ഉള്ളവരെ വലക്കാന്‍ ഇങ്ങിനെയും കെട്ടഴിച്ചു വിട്ട ജന്മങ്ങള്‍

ചെക്ക്പോസ്റ്റിലെ കാണിക്കയും ഇറക്കുകൂലിയും പോട്ടെ, വഴി പറഞ്ഞുകൊടുത്തതിനു കാശു ചോദിച്ച് വന്നതു ഇത്തിരി അക്രമം തന്നെ.

അനുഭവങ്ങള്‍....പാളിച്ചകള്‍..

സ്ഥാപനമെങ്കിലും നല്ലനിലയില്‍ പ്രവര്ത്തിക്കുന്നല്ലോ, അതിനു പടച്ചോനോട് നന്ദി പറയാം.

നാക്ക് കൂലിയും നോക്കുകൂലിയും ആണ് കേരളത്തിലെ സംഘടിത തൊഴിലാളി വര്‍ഗത്തിന്റെ ഫിക്സഡ് ഡിപോസിറ്റ്..അവകാശ ബോധം കൂടി മനുഷ്യത്വം നഷ്ടപ്പെട്ട ദുരവസ്ഥ ...

: )

റമദാന്‍ ആശംസകള്‍

@എച്മുക്കുട്ടി,അതെ ചുമതലകള്‍ ഇല്ലാത്ത അവകാശബോധമാണ് നമ്മെ ഇന്നത്തെ നിലയില്‍ എത്തിച്ചത്.പക്ഷേ ചെറിയ മാറ്റങ്ങള്‍ ഉണ്ട് ഇപ്പോള്‍.
@കുസുമംജീ, ഇനി തിളങ്ങാന്‍ നിലാവ് ഉദിക്കണം..അതിനായി കാത്തിരിക്കാം..
@കവിയൂര്ജീ,ഇതിനെതിരെ "ഹെല്‍പ്‌ലൈന്‍"വരുന്നുണ്ട്..ഗുണ്ടാ നിയമം പോലെ.അവിടെ പറഞ്ഞാല്‍ അവര്‍ ഉപദേശിക്കും"ചോദിക്കുന്ന കാശ് കൊടുത്തിട്ട് പോടേ"എന്ന്.
@എഴുത്തുകാരി, അത് കൊണ്ടാണ് ഈ പോസ്റ്റ്‌ തന്നെ ഉണ്ടായത്..
@കാദര്‍ ഭായ്, അതെ,അനുഭവങ്ങള്‍..പാളിച്ചകള്‍..
@സിദ്ധീക്ക ഭായ്,അതൊരു അത്ഭുതം തന്നെ..
@രമേശ്‌ സര്‍, ശരിയാണ്,നാക്ക് കൂലി തന്നെ നോക്ക് കൂലി..
@എക്സ്-പ്രവാസിനീ,ആശംസകള്‍ക്ക് പെരുത്ത്‌ നന്ദി..

സുഹൃത്തുക്കള്‍ക്ക് എന്റെ റംസാന്‍ ആശമസകള്‍...മുന്‍കൂട്ടി...

എഴുത്തുകൂലി ആയിരം രൂപ തരാമെങ്കില്‍
ഈ പോസ്റ്റിനു ഒരു കമന്റിടാം
എന്താ തയ്യാറാണോ?

എല്ലാ സുഹൃത്തുകള്‍ക്കും
റമദാന്‍ ആശംസകള്‍

കേരളത്തിലിപ്പോള്‍ ജീവിക്കാന്‍വേണ്ടി മരിക്കാന്‍വരെ നാം തയ്യാറാവേണ്ടിവരും!

(വളരെ നന്നായി എഴുതി സാഹിബ്)

ഷാനവാസ് ചേട്ടാ, പതിവ് പോലെ ഗാംഭീര്യമാര്‍ന്ന സത്യങ്ങള്‍. ചുമ്മാതിരുന്ന് ശ്രീശാന്തിന് കോടികള്‍ വാങ്ങിക്കാമെങ്കില്‍ ഇവര്‍ക്കെന്താ വാങ്ങിച്ചാല്‍? :-) 'പണ്ടേ ദുര്‍ബല പിന്നേ ഗര്‍ഭിണി എന്ന പോലെ ഈ ആറു കിലോമീറ്ററിനു കുറുകെ രണ്ടു റെയില്‍ ക്രോസ്...ഇനി അതിനു മേല്‍പാലം വേണം.. പോരെ പൂരം...ഈ ജന്മത്ത് ഈ ബൈ പാസ്സിലൂടെ വണ്ടി ഓടുമെന്ന് തോന്നുന്നില്ല..." ഈ വരികള്‍ തകര്‍ത്തു. :-)

ജി... വളരെ നല്ല പോസ്റ്റ്‌. ഇതൊക്കെ കൊണ്ടാണ് പണ്ടു കവി പാടിയത്
"കേരളം എന്ന് കേട്ടാല്‍ തിളക്കണം ചോര നമുക്ക് നരമ്പുകളില്‍ " എന്ന്.
റംസാന്‍ ആശംസകള്‍

നല്ല പോസ്റ്റ്‌.
മുന്‍പ്‌ എഴുതിയവ പോലെ തന്നെ
വായനക്കാരന്‍റെ ശ്രദ്ധ ക്ഷണിക്കുന്ന ഒന്ന്.
രമേശ്‌ സാര്‍ പറഞ്ഞ പോലെ നാക്ക് കൂലി സമം നോക്ക് കൂലി..

റംസാന്‍ ആശംസകള്‍

കുന്നും മലയും ഒന്നും ഇല്ലാതെ പിഴച്ച് പോയ ഒരു ജില്ല ആണ് ആലപ്പുഴ് അതാ വികസനം വരാത്തത്
റംസാന്‍ ആശംസകള്‍

ഇതൊന്ന്നും കേരളത്തെ സമ്പന്തിച്ചിടത്തോളം ഒരു അനുഭവമല്ല ഇക്കാ... നന്നായിരിക്കുന്നു... നന്മകള്‍ നേര്‍ന്നു കൊണ്ട്..

ഞാന്‍ സ്വന്തം തുടങ്ങിയ കമ്പനിയിലെ തൊഴിലാളികള്‍ സ്വന്തം പോലെ അതില്‍ പ്രവര്‍ത്തിക്കുന്നു...എന്റെ സന്തോഷവും പ്രയാസവും അവരുടേതും...എല്ലാം പരസ്പരം പങ്കിട്ട്..

ഭാഗ്യവാൻ.....

റഷീദ്‌ ഭായ്,അത് വേണോ?...
ഇസ്മയില്‍ ഭായ്, കമന്റു കലക്കി...
ഷാബു ഭായ്, സന്തോഷം..ഈ നല്ല വാക്കുകള്‍ക്ക്..
കാണാക്കൂര്‍ ഭായ്,സന്തോഷം ഈ വായനയ്ക്ക്..
മനോജ്‌ ഭായ്,സന്തോഷം ഈ വാക്കുകള്‍ക്കും ആശംസയ്ക്കും..
കൊമ്പന്‍ ഭായ്, അതും ഒരു കാരണം ആകാം..
ആസാദ്‌ ഭായ്, ഇതൊരു ചെറിയ അനുഭവം ആണേ...
പൊന്മളക്കാരന്‍,അതെ ഞാന്‍ ഒരു ഭാഗ്യവാന്‍ ആണേ...

സന്തോഷം കൂട്ടുകാരെ...ആശംസകള്‍...

സഹോദരാ....ഇതാണ് നമ്മുടെ സമത്വ,സുന്ദര,സാഹോദര്യ,വിപ്ലവ കേരളം... ഈ ബ്ലോഗെങ്ങാനും നമ്മുടെ യുണിയനിലുള്ളവർ വായിക്കാനിടയായാൽ വായനാക്കൂലിയുംകൂടി അവർ വാങ്ങിക്കും..അത് ഉറപ്പാ...നല്ല എഴുത്ത് ഇതുപോലുള്ള കുറേകാര്യങ്ങൾ ഓർമ്മയിൽ വന്നൂ....എന്ത് ചെയ്യാൻ പറ്റും...സഹിക്കുക അല്ലേ? റംസാന്‍ ആശംസകൾ............

ഇനി ആ ഡ്രൈവര്‍ പാലക്കാട് മുതല്‍ ആലപ്പുഴ വരെ വേറെ ആരോടെങ്കിലും വഴി ചോദിച്ചു കാണുമോ ആവോ...

ഇക്ക നര്‍മ്മത്തില്‍ കൂടി പറഞ്ഞത് കാലിക പ്രസക്തം !!

ആലപ്പുഴയെ കുറിച്ച് കേട്ടിട്ടുള്ള കഥകളിലോന്നും തന്നെ ഇങ്ങനെയൊരു പ്രശ്നത്തെ കുറിച്ച് കേട്ടിരുന്നില്ല. എനിക്ക് തോന്നുന്നു ചില സംഘടനകള്‍, ഒത്തൊരുമയ്ക്ക് വേണ്ടിയോ അംഗങ്ങളുടെ നന്മയ്ക്ക് വേണ്ടിയോ ഒന്നുമല്ല നിലകൊള്ളുന്നത് ചിലരുടെയൊക്കെ ലാഭത്തിനു വേണ്ടിയും ശക്തി കാണിച്ചു പേടിപ്പിച്ചു പലതും നേടാന്‍ കൂടി വേണ്ടിയുമാണ്. എന്ത് ചെയ്യാനാ ഇക്കാ, സഹിക്കുക തന്നെ!! പുതിയ ഒരു തലമുറ വരുന്നുണ്ടല്ലോ അപ്പോഴേക്കും ഇങ്ങനെയുള്ള അലിഖിത കാര്യങ്ങളില്‍ ഒരു മാറ്റം നമ്മുക്ക് പ്രതീക്ഷിക്കാം.

പതിവ് ശൈലിയില്‍ നര്‍മ്മത്തില്‍ പൊതിഞ്ഞുള്ള വിവരണം നന്നായി...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

പെരുന്നാള്‍ ആശംസകള്‍

ആ വാല്‍ക്കഷണത്തില്‍ പറഞ്ഞിരിക്കുന്ന കാര്യം തന്നെ വലിയ കാര്യമാണ്. കേരളത്തിലെന്നല്ല, ഇപ്പൊ മിക്കയിടത്തും കാണാന്‍ കഴിയാത്തത് .....

ചിലര്‍ക്കൊക്കെ ഇതു രണ്ടു തവണ അനുഭവിക്കാന്‍ യോഗം ഉണ്ടായിരിക്കും
ഞാന്‍ 2003 ല്‍ ഒന്നു നാട്ടില്‍ വന്നതാണ്‌.

ഇനി ഒരു തിരിച്ചു വരവും കൂടി ഉണ്ട്‌ ദൈവമെ അതിന്റെ അനുഭവങ്ങള്‍ എങ്ങനെ ആയിരിക്കുമൊ?

Post a Comment