മറക്കാത്ത ബാല്യം...മരിക്കാത്ത ഓർമ്മകൾ മാര്‍ച്ച് മാസം പകുതി ആകുമ്പോഴേക്കും പരീക്ഷാ സമയം ആകും . മാര്‍ച്ച് അവസാനം സ്കൂളും അടയ്ക്കും. പിന്നെ രണ്ടു മാസം കുട്ടികളുടെ സാമ്രാജ്യം അല്ലെ...ഞാനും അനുജനും കൂടി എല്ലാ സ്കൂള്‍ അടവിനും ഉമ്മയുടെ നാട്ടിലേക്ക് പോകും. ഇടയ്ക്ക് ഓണം , ക്രിസ്മസ് അവധിക്ക് എല്ലാം പോകുമെങ്കിലും അവധിക്ക് ഇത്ര നീളം ഇല്ലല്ലോ. ഏകദേശം പത്തു മൈൽ ദൂരെയുള്ള അമ്പലപ്പുഴ ആണ് ഉമ്മയുടെ നാട്. അന്നത്തെ പത്തു മൈല്‍ ഇന്നത്തെ നൂറു മൈലിനു തുല്യം. അവിടെ കഞ്ഞിപ്പാടം എന്ന, നെല്‍ വയലുകളും നദികളും കൈത്തോടുകളും അതിരിടുന്ന സുന്ദര ഗ്രാമം. കഞ്ഞിപ്പാടം ഗ്രാമം മറ്റൊരു തരത്തില്‍ പ്രസിദ്ധം ആണ്. "അയല്‍ക്കൂട്ടം" എന്ന പ്രസ്ഥാനം അവിടെയാണ് ആദ്യം രൂപം കൊണ്ടത്. ദിവംഗതതനായ പങ്കജാക്ഷ കുറുപ്പ് സാറാണ് ഈ പ്രസ്ഥാനത്തിന്റെ പിതാവ്. ഇവിടെ എത്താന്‍ രണ്ടു വഴികള്‍ ഉണ്ട്. ആലപ്പുഴയില്‍ നിന്നും തകഴി ബസ്സില്‍ കയറി അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഇറങ്ങി, കുഞ്ചന്‍ നമ്പ്യാർ സ്മാരകത്തിന്റെ പുറകിലൂടെ കിഴക്കോട്ടു നടക്കുക. കിഴക്കേ നടയില്‍ നിന്നും ഒരു തോട് ആരംഭിക്കുന്നുണ്ട്. ഈ തോട് പൂക്കൈത ആറ്റില്‍ ചെന്ന് ചേരും. ഈ തോടിന്റെ ഒരു വശം ചേര്‍ന്നാണ് കഞ്ഞിപ്പാടത്തേക്ക് പോകേണ്ടത്. ഏകദേശം അര മണിക്കൂര്‍ നടപ്പുണ്ട്. അക്കാലത്തു ചെളി നിറഞ്ഞു കിടക്കും വഴിയില്‍. നഗര വാസികള്‍ ആയ ഞങ്ങളുടെ തെന്നി തെറിച്ചുള്ള നടപ്പ് അവിടത്തെ നാട്ടുകാര്‍ക്ക് കൌതുകം ആയിരുന്നു. ഗ്രാമത്തിന്റെ ഒരതിര് ഈ തോടാണ്. അക്കാലത്ത് ദിവസവും രാവിലെ അമ്പലപ്പുഴ നിന്നും ഈ തോട് വഴി കോട്ടയത്തിനു ബോട്ട് സര്‍വീസ് ഉണ്ടായിരുന്നു. തോടിന്റെ തീരത്ത് കുറച്ചു കര ഭാഗവും പിന്നെ നോക്കെത്താ ദൂരത്തേക്കു നെല്‍പ്പാടങ്ങളും ആണ് ഉണ്ടായിരുന്നത്. ഉമ്മയുടെ ഒരേ ഒരു സഹോദരനും കുടുംബവും ആണ് അവിടെ താമസം. മാമാ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ഞങ്ങളുടെ ഒരേ ഒരു അമ്മാവന്‍ നല്ല ഒരു കൃഷിക്കാരന്‍ ആയിരുന്നു. അന്ന് പണിക്കാര്‍ എന്ത് ഭവ്യതയോടെ ആണ് പെരുമാറിയിരുന്നത്. "മൊയലാളി" എന്ന് മുഴുവന്‍ പറയില്ല, അത്ര ബഹുമാനവും പേടിയും ആയിരുന്നു മാമയെ.
ഇവിടെ എത്താന്‍ അന്ന് വേറെ ഉണ്ടായിരുന്നതു ജലമാര്‍ഗം ആണ്. ആലപ്പുഴ -കൊല്ലം ബോട്ടില്‍ കയറിയാല്‍ ഒന്നര മണിക്കൂര്‍ കൊണ്ട് കഞ്ഞിപ്പാടത്ത് ഇറങ്ങാം, വെറും മുപ്പതു പൈസക്ക്. ബസ്സിലാണെങ്കില്‍ നാല്‍പ്പതു പൈസ. ഞങ്ങള്‍ ബസ്സിനുള്ള പൈസ വീട്ടില്‍ നിന്നും വാങ്ങും. പക്ഷെ ബോട്ടില്‍ പോകും. അതായിരുന്നു പതിവ്. ബോട്ട് ആവുമ്പോള്‍ വളരെ പതുക്കെ ആയതു കൊണ്ട് കുട്ടനാടിന്റെ ഭംഗി ഒക്കെ നന്നായി ആസ്വദിക്കാന്‍ പറ്റും.ബോട്ടില്‍ പോകാന്‍ അതും ഒരു കാരണം ആയിരുന്നു. മാമയ്ക്ക് മക്കള്‍ ഇല്ലായിരുന്നത് കൊണ്ട് ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ ഉത്സവം ആയിരുന്നു. ഒരു ഗ്രാമത്തിന്റെ വിശുദ്ധി നിറഞ്ഞ അന്തരീക്ഷം. ഞങ്ങള്‍ ചെല്ലുമ്പോള്‍ മിക്കപ്പോഴും കൊയ്ത്തു കാലം ആയിരിക്കും. കൊയ്ത്തു കഴിഞ്ഞ പാടങ്ങള്‍ നരച്ച നിറങ്ങളില്‍ സൂര്യപ്രകാശത്തില്‍ തിളങ്ങും. അപ്പോള്‍ താറാവ് കൃഷിക്കാര്‍ കൂട്ടത്തോടെ എത്തും, കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ താറാവിന്‍ കൂട്ടങ്ങളെ തീറ്റാന്‍.. സന്ധ്യ കഴിയുമ്പോള്‍ അവയെ കരയ്ക്ക് കയറ്റി നിര്‍ത്തും. പിറ്റേന്ന് വീണ്ടും പാടത്ത് ഇറക്കും. ഇടവേളയില്‍ പാടത്ത് നിന്ന് ധാരാളം മുട്ടകള്‍ ശേഖരിക്കുന്നത് കാണാം. അവര്‍ മാറിക്കഴിയുമ്പോള്‍ ഞങ്ങള്‍ ഇറങ്ങും, ഞങ്ങള്‍ക്കും കിട്ടും മുട്ടകള്‍. അത് കൂടാതെ നിലമുടമയ്ക്ക് താറാവുകാര്‍ വേറെയും മുട്ട കൊടുക്കും.
കൊയ്ത്ത് അന്ന് ഒരു ഉത്സവം തന്നെ ആയിരുന്നു. സ്ത്രീകളും പുരുഷന്മാരും നിരനിരയായി കൊയ്ത്ത് പാട്ടും പാടി നെല്‍ക്കതിരുകള്‍ അരിഞ്ഞു കൂട്ടി, അത് കറ്റ ആയി കെട്ടി മുന്നേറുന്നത് ഒരു കാഴ്ച തന്നെ ആയിരുന്നു. കൊയ്ത്തു കഴിഞ്ഞു കറ്റകള്‍ മുറ്റത്ത് ഭംഗിയായി അട്ടിവെയ്ക്കും. മെതി നടന്നിരുന്നത് രാത്രിയില്‍ ആയിരുന്നു. സ്ത്രീകള്‍ അവരുടെ അത്താഴം ഒക്കെ കഴിഞ്ഞാണ് മെതിക്കാന്‍ വരുന്നത്. ഈ പരിപാടി ദിവസ്സങ്ങള്‍ നീളും. നെല്ലായിരുന്നു കൂലി ആയി കൊടുത്തിരുന്നത്. പക്ഷെ അന്ന് കണ്ട സന്തോഷവും ഒത്തൊരുമയും വേറെ എവിടെയും പിന്നെ ഒരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരു പക്ഷെ അന്ന് ആവശ്യങ്ങള്‍ പരിമിതം ആയിരിക്കാം. വെറും പത്തു മൈല്‍ ദൂരെ നിന്നും ചെന്ന ഞങ്ങള്‍ അവര്‍ക്ക് വേറെ ഏതോ രാജ്യത്ത് നിന്ന് വന്നവരെപോലെ ആയിരുന്നു. ഇന്നിപ്പോള്‍ എണ്ണമറ്റ റിസോര്‍ട്ടുകള്‍ അവിടെ ഉണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും നിന്നുള്ള വിനോദ സഞ്ചാരികളെ ഇന്ന് ഈ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും കാണാം. കുട്ടനാടിന്റെ ഭംഗി അനുഭവിച്ചു തന്നെ അറിയുവാനായി എത്തിയവര്‍ . ഈ ഭംഗിയാണ് "തകഴി" തന്റെ നോവലുകളില്‍ പകര്‍ത്തിയത്.മാമയുടെ വീടിന്റെ അടുത്ത് തന്നെ പാടത്ത് പണിക്കു വരുന്ന തൊഴിലാളികള്‍ താമസിച്ചിരുന്നു. അതില്‍ ചെല്ലച്ചേച്ചിയുടെ മകന്‍ മോഹനന്‍ ഞങ്ങളുടെ സമപ്രായക്കാരന്‍ ആയിരുന്നു. വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ കൂട്ടുകാര്‍ ആയി. വെള്ളത്തില്‍ ഇറങ്ങാന്‍ ഭയം ഉണ്ടായിരുന്ന ഞങ്ങളെ വെള്ളത്തില്‍ ഇറക്കി പേടി മാറ്റിയത് ഇവനാണ്. നല്ല വീതിയുള്ള തോട് അവന്‍ അക്കരെ ഇക്കരെ നീന്തുന്നത് ഞങ്ങള്‍ അതിശയത്തോടെ നോക്കി നിന്നു. അധികം താമസിയാതെ അവന്‍ ഞങ്ങളെയും നീന്തല്‍ പഠിപ്പിച്ചു. മോഹനന്‍ കൂടെ ഉണ്ടെങ്കില്‍ മാമയ്ക്ക് ഞങ്ങളെ പുറത്തു വിടാന്‍ പേടി ഇല്ലായിരുന്നു. അഥവാ ഒന്ന് വെള്ളത്തില്‍ വീണാലും മോഹനന്‍ ഉണ്ടല്ലോ, കരുമാടി കുട്ടന്‍. മോഹനന്‍ മീന്‍ പിടിക്കാനും മിടുക്കന്‍ ആയിരുന്നു. ചൂണ്ട പോലും ഇല്ലാതെ. വാഴയില എടുത്തു അതിന്റെ ഇല എല്ലാം കളഞ്ഞു തണ്ട് മാത്രം ആക്കും. ഏകദേശം നാലടി നീളത്തില്‍. അങ്ങനെ രണ്ടെണ്ണം ആയിരുന്നു അവന്റെ ഉപകരണം. തോടിന്റെ ആഴം കുറഞ്ഞ ഭാഗത്ത് ഈ തണ്ടുകള്‍ രണ്ടു കയ്യിലും ആയി വെള്ളത്തില്‍ ആഴ്ത്തി പരസ്പരം അടുപ്പിക്കും. അപ്പോള്‍ അതിന്റെ ഉള്ളില്‍ പെട്ടു പോകുന്ന "പള്ളത്തി" എന്ന പേരുള്ള ചെറു മത്സ്യത്തെ ഒരു പ്രത്യേക തരത്തില്‍ കൈകള്‍ ചലിപ്പിച്ചു ജീവനോടെ പിടിക്കും. കാണുമ്പോള്‍ എളുപ്പം എന്ന് തോന്നി ഞാന്‍ വളരെ ശ്രമിച്ചു നോക്കിയിട്ടും എനിക്ക് ഒരെണ്ണം പോലും പിടിക്കാന്‍ പറ്റിയിട്ടില്ല. ഈ വിദ്യ അവനു സ്വന്തം. "കോലു വെയ്ക്കുക " എന്നാണ് ഈ രീതിയുടെ പേര്.
നല്ല ആഴമുള്ള ഇടങ്ങളില്‍ ചൂണ്ട തന്നെ ശരണം. അപ്പോള്‍ കരിമീന്‍ പോലുള്ള വലിപ്പം ഉള്ള മത്സ്യങ്ങള്‍ കുടുങ്ങും. മണ്ണിരയെ ആണ് ഇരയായി ചൂണ്ടയില്‍ കൊളുത്തുന്നത്. എങ്കിലേ മീന്‍ കൊത്തൂ. പക്ഷെ മണ്ണിരയെ ഇട്ടു പിടിച്ച മീന്‍ മാമി വീട്ടില്‍ കയറ്റുകയില്ല. അതിനും വഴി കണ്ടു പിടിച്ചു. മാമിയുടെ കയ്യില്‍ നിന്നും ചോറ് വാങ്ങിക്കൊണ്ടു പോകും, ഇരയായി. അത് വഴിയില്‍ കളഞ്ഞിട്ടു മണ്ണിരയെ ഇട്ടു മീന്‍ പിടിക്കും. ചോറ് ഇട്ടു പിടിച്ച മീന്‍ ആയി മാമിക്ക് കൊടുക്കും. ഇതിലും രസമായി മീന്‍ കിട്ടുന്നത് "തൂമ്പു" തുറക്കുമ്പോള്‍ ആണ്. അതിനും മിടുക്കന്‍ മോഹനന്‍ തന്നെ. തോടിനു കുറുകെ കെട്ടിയ തടയണ. അതിനു നടുവില്‍ പലക കൊണ്ട് തീര്‍ത്ത വലിയ കുഴല്‍. അത് അടയ്ക്കുകയും തുറക്കുകയും ചെയ്യാം. അതാണ് "തൂമ്പ്". ഈ തൂമ്പിന്റെ അടപ്പ് തുറക്കുമ്പോള്‍ അതിശക്തമായി മറുവശത്തേക്ക് വെള്ളം ചീറ്റും. അപ്പോള്‍ തൂമ്പിന്റെ മുകള്‍ഭാഗത്ത് കച്ചി ഒരു പ്രത്യേക തരത്തില്‍ വളയം പോലെ വെയ്ക്കും. വെള്ളിത്തുട്ടു പോലെയുള്ള പരല്‍മീനുകള്‍ ഈ വെള്ളപ്പാച്ചിലില്‍ നിന്നും മുകളിലേക്ക് ചാടും. അത് അവസാനത്തെ ചാട്ടം ആയിരിക്കും. ചാടി വീഴുന്നത് കെണി പോലെ വെച്ചിരിക്കുന്ന കച്ചിയില്‍. ഏതാനും നിമിഷങ്ങള്‍ക്ക് അകം ധാരാളം മീന്‍ കിട്ടും. ഇതും മോഹനന്റെ കരവിരുത് തന്നെ . അങ്ങനെ മോഹനന്‍ ഞങ്ങളുടെ അവിടത്തെ നേതാവ് തന്നെ ആയിരുന്നു.രണ്ടു മാസം തീരാറാവുംപോള്‍ മോഹനനും ഞങ്ങള്‍ക്കും ഒരുപോലെ സങ്കടം. ഇനി ഓണത്തിന് കാണാം എന്ന് പറഞ്ഞു പിരിയും, കണ്ണീരോടെ.
ഓണത്തിന്റെ അവധിക്കും നല്ല രസമാണ്. അപ്പോള്‍ കൊയ്ത്ത് എല്ലാം കഴിഞ്ഞു പാടത്ത് വെള്ളം നിറഞ്ഞു കിടപ്പുണ്ടാവും. തോട് ഏതാ പാടം ഏതാ എന്നറിയാന്‍ വിഷമം. ഇടയ്ക്കുള്ള ചിറകളില്‍ തെങ്ങുകളും അവയ്ക്കിടയില്‍ കൊച്ചു കൊച്ചു വീടുകളും കാണാം. ബാക്കി സര്‍വ്വത്ര വെള്ളം. ഇതിനിടയിലും അടുത്ത കൃഷിക്കുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടാവും. നിലം ഉഴുന്നതാണ് രസം. നുകം വെച്ച രണ്ടു പോത്തുകളും നയിക്കാന്‍ ഒരാളും. പക്ഷെ മൂന്ന് തലകള്‍ മാത്രമേ വെള്ളത്തിന് മുകളില്‍ കാണാന്‍ കഴിയൂ. മുന്‍പില്‍ കൊമ്പുള്ള രണ്ടു തലകളും പിന്നില്‍ കൊമ്പില്ലാത്ത ഒരു തലയും. ബാക്കി എല്ലാം വെള്ളത്തിന് അടിയിലാണ്. ഉഴവുകാരന്‍ എന്തൊക്കെയോ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്, ഒരു മനുഷ്യജീവി ഇവിടെ ഉണ്ടേ ...എന്ന് പറയുന്ന മാതിരി. പാടത്തെ വെള്ളത്തിന് വലിയ ആഴം ഇല്ലാത്തതുകൊണ്ട് മോഹനന്റെ കൊതുമ്പു വള്ളത്തില്‍ ഞങ്ങള്‍ അവിടെയൊക്കെ കറങ്ങി നടക്കും. അങ്ങനെ പോകുമ്പോള്‍ ധാരാളം നീര്‍ക്കോലികള്‍ (പുളവന്‍ എന്നും പറയും. കണ്ടാല്‍ ഭീകരന്‍ എങ്കിലും വിഷം ഇല്ലാത്ത പാവം പാമ്പാണ്.) തല വെള്ളത്തിന് മുകളില്‍ കാണിച്ചു ഇരിക്കുന്നത് കാണാം. ഈര്‍ക്കിലി കൊണ്ട് കുടുക്കുണ്ടാക്കി അതിനെ പിടിക്കല്‍ ഞങ്ങളുടെ ഒരു വിനോദം ആയിരുന്നു. ചിലപ്പോള്‍ കടി കിട്ടും. വീട്ടില്‍ പറഞ്ഞാല്‍ അന്ന് അത്താഴം കിട്ടില്ല. അതുകൊണ്ട് ഇതിന് അത്താഴം മുടക്കി എന്നും പേരുണ്ട്. ഒരിക്കല്‍ ഇരുപതോളം നീര്‍കോലികളെ പിടിച്ചിട്ടു തുണി ഇടാനുള്ള അയയില്‍ നിരത്തി കെട്ടിത്തൂക്കി, പല നീളമുള്ള നീര്‍കോലികളെ. വൈകുന്നേരം മോഹനന്റെ അമ്മ വന്നപ്പോള്‍ ഈ കാഴ്ച കണ്ടു പേടിച്ചു പോയി. പിന്നെ പറയേണ്ടല്ലോ, മോഹനന് അന്ന് പൊതിരെ തല്ലു കിട്ടി. ഞങ്ങളും കൂടെ ഉണ്ടെന്നു അവര്‍ക്കറിയാം, പക്ഷെ ഞങ്ങളോടുള്ള ദേഷ്യവും മോഹനന്റെ പുറത്തു തന്നെ തീര്‍ന്നു. പിന്നെ ഈ കലാപരിപാടി തുടര്‍ന്നില്ല.
തിരിച്ചു പോകേണ്ട ദിവസം , ഉച്ചയൂണ് കഴിഞ്ഞ്, രണ്ടു മണിയോടെ ഞങ്ങള്‍ മാമായോടും മാമിയോടും വിട പറയും. ബോട്ടിനാണ് പോകുന്നത് എന്ന് പ്രത്യേകം പറയും. ഒരു പ്രാവശ്യം ഞാനും അനിയനും കൂടി വീട്ടില്‍ നിന്നും ഇറങ്ങി . നടക്കുന്നതിനു ഇടയില്‍ ഒരു ചിന്ത കയറി. മാമാ ഒരു രൂപ തന്നല്ലോ, നമുക്ക് നേരെ നടന്നാലോ ആലപ്പുഴയ്ക്ക്? എന്നിട്ട് നമുക്ക് സിനിമയ്ക്ക് കയറാം. നമുക്ക് ആറു മണിക്ക് ആലപ്പുഴ എത്താം. ആറരയ്ക്കുള്ള ഫസ്റ്റ് ഷോയ്ക്ക് കയറാം. എന്നിട്ട് വീട്ടില്‍ ചെന്നിട്ടു പറയാം , താമസിച്ചത് ബോട്ട് കേടായത് കൊണ്ടാ, അല്ലെങ്കില്‍ നേരത്തെ എത്തിയേനെ, എന്ന്. അനിയന് പൂര്‍ണ്ണ സമ്മതം. അന്നെനിക്ക് പതിമൂന്നു വയസ്സ്. അനിയന് പതിനൊന്നും. ഞങ്ങള്‍ ബോട്ട് ജെട്ടിക്ക് പകരം അമ്പലപ്പുഴയ്ക്ക് നടന്നു. അവിടെ കച്ചേരി മുക്കില്‍ എത്തിയാല്‍ N H 47 ഹൈവെ . നേരെ വലത്തോട്ട് തിരിഞ്ഞു പത്തു മൈല്‍ നടന്നാല്‍ ആലപ്പുഴ. സിനിമ കാണുമ്പോള്‍ നടപ്പിന്റെ ക്ഷീണം മാറിക്കോളും. ഞങ്ങള്‍ നടന്നു......
ആറുമണിക്ക് തന്നെ ആലപ്പുഴ എത്തി. ആദ്യം ആലപ്പുഴ ശ്രീകൃഷ്ണ ടാകീസ്.(ഇപ്പോള്‍ സീതാസ്.). അടുത്തത് സുബ്ബമ്മ.(ഇപ്പോള്‍ ടാക്കീസ് അല്ല, ടൌണ്‍ ഹാള്‍ ആണ്). ഞങ്ങള്‍ നടക്കുക തന്നെ ആണ്. ഇരുമ്പുപാലം കയറി വീണ്ടും മുന്നോട്ടു നടന്നാല്‍ ശീമാട്ടി ടാക്കീസ്..( ഇന്നതും ഇല്ല) അവിടെ എത്തുമ്പോള്‍ കൃത്യ സമയം, ഫസ്റ്റ് ഷോയ്ക്ക്. ഞങ്ങള്‍ കയറി സിനിമ കാണാന്‍ ഇരുന്നു." അനുഭവങ്ങള്‍ പാളിച്ചകള്‍" എന്ന സിനിമ ആയിരുന്നു. സത്യനും നസീറും ഷീലയും അഭിനയിച്ച ചിത്രം. ആ സിനിമയിലെ "പ്രവാചകന്മാരെ പറയൂ പ്രഭാതം അകലെയാണോ.." എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്. സിനിമ കഴിഞ്ഞപ്പോള്‍ രാത്രി ഒന്‍പതു മണി കഴിഞ്ഞു. ഇത്രയും താമസിച്ചു വീട്ടില്‍ ചെന്നാല്‍ പറയേണ്ട കള്ളത്തരം ഒന്നുകൂടി പറഞ്ഞുറപ്പിച്ചു. ബോട്ട് കേടായാല്‍ പിന്നെ എന്ത് വഴി? അങ്ങനെ വീടിനു മുന്‍പില്‍ എത്തിയ ഞങ്ങള്‍ ഞെട്ടിപ്പോയി. ഞങ്ങളെ യാത്ര ആക്കിയ മാമാ വീടിന്റെ ഉമ്മറത്ത് തന്നെ ഉലാത്തുന്നു. അയല്‍ക്കാര്‍ ആരെക്കെയോ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്. ഞങ്ങള്‍ ഒന്ന് പരുങ്ങി. അവിടെ നിന്നും ഞങ്ങളെ യാത്രയാക്കിയ മാമ ഇവിടെ...? ബാപ്പ വീടിന്റെ അകത്ത് ആയിരിക്കും. നേരെ ചെല്ലുകയെ നിവൃത്തി ഉള്ളൂ. ഞങ്ങളെ കണ്ടതും മാമ ചാടി വീണു.
"എവിടെ ആയിരുന്നെടാ ഇത്രയും നേരം? മനുഷ്യന്റെ ജീവന്‍ എടുത്തു പോയല്ലോ?"
"എവിടെ ആയിരുന്നെടാ ഇത്രയും നേരം? മനുഷ്യന്റെ ജീവന്‍ എടുത്തു പോയല്ലോ?"
"ബോട്ട് കേടായി. അത് കൊണ്ടാ താമസിച്ചത് " ഞാന്‍ വിക്കി വിക്കി പറഞ്ഞു. അപ്പോള്‍ ബാപ്പയും എത്തി. ഞാന്‍ നല്ല ഒരു അടി മണത്തു. അനുജന്‍ എന്റെ പിന്നില്‍ പതുങ്ങി നില്‍ക്കുകയാണ്. അടി കിട്ടുമ്പോള്‍ ഒറ്റയ്ക്കാവില്ല എന്നൊരു സമാധാനം തോന്നി.
"ഏതു ബോട്ടാ കേടായത്?" മാമ വിടുന്ന മട്ടില്ല.
" കൊല്ലം - ആലപ്പുഴ ബോട്ട്." ഞാന്‍ ഞരങ്ങി.
" ഞാന്‍ നിങ്ങള്‍ വീട്ടില്‍ നിന്നും പോന്നതിനു ശേഷം വേറെ ഒരാവശ്യത്തിന് അവിടെ ബോട്ട് ജെട്ടിയുടെ അടുത്ത് പോയിരുന്നു. അപ്പോള്‍ കാണാം ബോട്ട് വരുന്നു. എങ്കില്‍ നിങ്ങളെ കയറ്റി വിട്ടിട്ടു പോകാം എന്ന് കരുതി നിങ്ങളെ നോക്കിയിട്ട് അവിടെ എങ്ങും കണ്ടില്ല. ബോട്ട് കയറാന്‍ വന്ന നിങ്ങളെ കാണാതായപ്പോള്‍ ഞാന്‍ ആ ബോട്ടില്‍ തന്നെ കയറി ഇങ്ങു പോന്നു. ആകെ ഒരു ബോട്ട് അല്ലെ ഉള്ളൂ. അത് കേടാകാതെ ഇങ്ങ് എത്തി, ആറു മണിക്ക് തന്നെ. ഇനി സത്യം പറ, എന്താണ് പറ്റിയത്? ". മാമയുടെ എട്ടു നില അമിട്ടില്‍ എന്റെ കുഞ്ഞിപ്പടക്കം പോലെയുള്ള കള്ളം പൊളിഞ്ഞു. ഇനി എന്ത് പറയും ഞാന്‍ . ആദ്യമായി ചെയ്ത ഒരു കള്ളത്തരം തന്നെ അസല്‍ ആയി പൊട്ടി. അടി ഓര്‍ത്തായിരിക്കും അനിയന്‍ കരച്ചില്‍ തുടങ്ങി. അപ്പോഴേക്കും ബാപ്പ ഇടപെട്ടു. ബാപ്പയുടെയും മാമയുടെയും ചോദ്യത്തിനു മുന്നില്‍ അധികം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ തത്ത പറയുന്നത് പോലെ ഉണ്ടായ കാര്യം പറഞ്ഞു. അപ്പോള്‍ ഞെട്ടിയത് അവരാണ്. പത്തു മൈല്‍ നടന്നത് കേട്ടപ്പോള്‍ എല്ലാവരും വാ പൊളിച്ചു. അതിനിടയില്‍ കിട്ടിയ അവസരം മുതലാക്കിക്കൊണ്ട് ഞാന്‍ കരഞ്ഞു കൊണ്ട് മാപ്പ് പറഞ്ഞു. ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കില്ല എന്ന് ആണയിട്ടു. രംഗം തണുത്തു. അതുവരെ ഉണ്ടായിരുന്ന വിഷമം ചിരിക്കു വഴി മാറി. പിന്നെ ഒരിക്കലും ഇങ്ങനെ ഒരബദ്ധം പറ്റിയിട്ടില്ല. സത്യത്തില്‍ മാമയോടു അന്ന് ദേഷ്യം തോന്നി എങ്കിലും കൂടുതല്‍ കള്ളം പറയാന്‍ അവസരം തരാതെ എന്നെ രക്ഷിച്ചത് മാമയാണല്ലോ എന്ന് ചിന്തിച്ചപ്പോള്‍ ആ നീരസം മാറി. അന്നൊരു കാര്യം മനസ്സിലായി. സത്യം ഒന്നേയുള്ളൂ എന്ന്. അതിനെ ആയിരം അസത്യം കൊണ്ട് മൂടി വെച്ചാലും അന്തിമം ആയി സത്യം തന്നെ പ്രകാശിക്കും എന്ന്.
ഷാനവാസ്
33 comments:
ബാല്യസ്മരണകള്‍ നന്നായി പറഞ്ഞു...ഒരു പാട് ഇഷ്ടത്തോടെയാണ് വായിച്ചു തീര്‍ത്തത്..
ഈ പോസ്റ്റിലൂടെ ആലപ്പുഴയുടെ സൌന്ദര്യം മൊത്തമായി ആസ്വദിച്ചു.ആലപ്പുഴയില്‍ നിന്നും തകഴി ബസ്സില്‍ കയറി അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഇറങ്ങി, കുഞ്ചന്‍ നമ്പിയാര്‍ സ്മാരകത്തിന്റെ പുറകിലൂടെ കിഴക്കോട്ടു നടന്നു.
ആലപ്പുഴ ഇതുവരെ കണ്ടിട്ടില്ലാത്ത എനിക്ക് ഒരു നിമിഷം കൊണ്ട് ഈ വഴികളിലൂടെയൊക്കെ സഞ്ചരിക്കാന്‍ കഴിഞ്ഞത് തീര്‍ച്ചയായും താങ്കള്‍ വിവരിച്ച ശൈലിയുടെ പ്രത്യേകതകൊണ്ടാണ്.
ചെറുപ്പത്തില്‍ ഇതുപോലുള്ള അമളികള്‍ പലര്‍ക്കും പറ്റാറുണ്ട് .പോസ്റ്റ് ആസ്വദിച്ചു.
നല്ല വായനാസുഖം തന്ന എഴുത്ത്. എനിയ്ക്ക് ഇപ്പോഴും കഞ്ഞിപ്പാടവും ആയി നല്ല ബന്ധം ഉണ്ടേ.എന്‍റ ചേച്ചി താമസിക്കുന്നത് അവിടെയാണ്. കുട്ടനാടിന്‍റ സൌന്ദര്യം കാച്ചിക്കുറുക്കി വെച്ചിരിക്കുന്ന സ്ഥലമാണ്.
എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിരുന്നത് ഓര്‍മിപ്പിച്ചു. പോസ്റ്റ് ശരിക്കും ആസ്വദിച്ചു, അതിന്റെ "ആലാപന" രീതി തന്നെ പ്രത്യേകിച്ച്.
സത്യം ഒന്നേയുള്ളു..
ആ സത്യം കലര്‍പ്പുകള്‍ ചേര്‍ക്കാതെ എഴുതുമ്പോള്‍ വായിക്കാനും സുഖം. ഏറെ പഠിക്കാനുമുണ്ട് ഇതില്‍. മാമന്മാരുടെയും മാതാപിതാക്കളുടെയുമൊക്കെ ബാലശിക്ഷകള്‍ നമ്മെ നേര്‍വഴിക്ക് നടത്തിയല്ലോ. അല്ലെങ്കില്‍ ഒരു പക്ഷെ നമ്മളും വഴിതെറ്റിപ്പോയേനെ. അവര്‍ക്ക് നന്ദി. ഷാനവാസിനും നന്ദി.
ഇക്കാ.. കുറെ ഏറെ മനോഹരമായ ഓര്‍മ്മകള്‍ ഉണ്ടല്ലോ. ..നന്നേ ഇഷ്ട്ടപ്പെട്ടു.. . ഇകാലത്ത് ഈ എഴുതിയ പോലത്തെ കാഴ്ചകള്‍ ആലാപ്പുഴയില്‍ പോലും ഉണ്ടാവും എന്ന് തോന്നുന്നില്ല..എല്ലാടത്തും പുരോഗമനം ആയില്ലേ..
ഇക്കാ മനോഹരമായ ഓറ്മ്മകള്‍ മനോഹരമായ എഴുത്ത്. ആശംസകള്‍!
പതിവുപോലെ നന്നായ വിവരണം. വായനയുടെ സുഖമാണ് കൂടുതല്‍ സുഖം പകര്‍ന്നത്. ആലപ്പുഴയുടെ മനോഹാരിതക്കുപരി ചെറുപ്പത്തില്‍ കഴിഞ്ഞ എല്ലാം ഇന്നത്തെ മാറ്റത്തിന് താരതമ്യം ചെയ്തു നോക്കാന്‍ പ്രേരിപ്പിക്കുന്നു.
അമ്പലപ്പുഴയില്‍ നിന്നും തകഴികക്ക് പോയി തിരച്ചു കരിമാടികുട്ടനെയും കണ്ടു ക്ഷേത്രത്തിന്റെ കിഴക്കേ നടയിലൂടെ പൂകൈത ആറിന്റെ സൈടില്കൂടി
പണ്ടാരക്കുളം വഴി കഞ്ഞിപ്പാടത്ത് വന്നു ബസ്സില്‍ പുന്നപ്രയില്‍ ഇറങ്ങിയ പ്രതീതി
ഓര്‍മ്മയുടെ കെട്ടഴിച്ചപ്പോള്‍ തുരു തുരാ പോസ്റ്റുകളാണല്ലോ? . നന്നായി. ഇനിയും പോരട്ടെ പുതിയ (പഴയ അനുഭവങ്ങള്‍) ഐറ്റംസ്!
എന്തു രസമായി, നിഷ്ക്കളങ്കമായി എല്ലാം പറഞ്ഞു. രസിച്ചു വായിച്ചു. സമാനമായ അനുഭവങ്ങൾ ഉള്ളതു കൊണ്ട് നേരിൽ കാണുന്നത് പോലെ തോന്നി. ഓർമ്മകളുടെ നിറം ചേർത്ത് ഒരു നോവൽ എഴുതിക്കൂടെ? ഒന്നു ശ്രമിച്ചു നോക്കു.. ആലപ്പുഴ background ആയിട്ട്..
ആലപ്പുഴയുടെ ലാവണ്യം മുഴുവൻ പോസ്റ്റിലുണ്ട്, ലളിതം, സുഖദം ഈ എഴുത്ത്!
ഇതെന്താ ആഴ്ചയില്‍ നാലുപോസ്ടോ? എനിക്കുവയ്യ ഇടയ്ക്കിടെ ഇങ്ങോട്ടുവന്നു കമന്റാന്‍. ടാസ്കിക്കൂലി ആര് കൊടുക്കും?
@കുട്ടീക്കാ,
കണ്ടുപഠി. ബ്ലോഗും പൂട്ടിപോവ്വാണത്രേ. ഇതൊക്കെയാ ഓര്‍മ്മകള്‍ .
മരിക്കാത്ത ഓര്‍മ്മകള്‍ .
@സിദ്ധീക്ക ഭായ്, ഇഷ്ടത്തോടെ വായിച്ചല്ലോ .സന്തോഷം.
@മോഇദീന്‍ ഭായ്, ആലപ്പുഴയുടെ സൌന്ദര്യം കണ്ടുതന്നെ അറിയണം. വരൂ ഒരിക്കല്‍.
@കുസുമംജീ, കഞ്ഞിപ്പാടം എന്റെ ജന്മ ദേശം കൂടിയാണേ....
@അഹ്മെദ് ഭായ്, ആസ്വദിച്ചു അല്ലെ? സന്തോഷം.
@അതെ, അജിത് ഭായ്, സത്യം ഒന്നേയുള്ളൂ.. ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ...
@ഏപ്രില്‍ ലില്ലി, ഈ പറഞ്ഞ സ്ഥലങ്ങള്‍ വലിയ പരിക്കില്ലാതെ ഇപ്പോഴും ഉണ്ട്.
@വാഴക്കോടന്റെ എഴുത്തിനു മുന്‍പില്‍ ഇത് ഒന്നും അല്ല.. സന്തോഷം..
@റാംജി ഭായ്, ഒരു എഴുത്തുകാരന്റെ അഭിപ്രായം സന്തോഷത്തോടെ സ്വീകരിക്കുന്നു....
@റഷീദ് ഭായ്, പണ്ടാരക്കളം ആണ് എന്റെ സ്ഥലം.ഒരു കാലത്ത് കൊടി കെട്ടിയ കുടുംബം ആയിരുന്നു...
@കുട്ടി സാഹിബ് , പേടിക്കേണ്ട, വീണ്ടും തിരക്ക് കൂടുകയാണ്. പോസ്റ്റ് ഇനി കുറയും...
@സാബു മാഷെ, നോവല്‍ എഴുതാനുള്ള കോപ്പൊന്നും കയ്യില്‍ ഇല്ല...ഇത് ചുമ്മാ...
@ശ്രീനാഥന്‍ സര്‍, ആലപ്പുഴയുടെ ലാവണ്യം അനുഭവിച്ചു അറിയുക..സന്തോഷം.
@ഒരു അബദ്ധം പറ്റി, കണ്ണൂരാനേ...ഇനി പോസ്റ്റ് കുറയും. തിരക്ക് കൂടുകയാണ്.
സുന്ദരമായ അഭിപ്രായം പറഞ്ഞ ഏല്ലാവര്‍ക്കും എന്റെ വിനീതമായ കൂപ്പുകൈ.
ഹൃദയഹാരിയായ നിഷ്കളങ്ക വിവരണം!
അന്നത്തെ കാഴ്ചകള്‍ ഒരു കേമറയില്‍ എടുക്കാന്‍ തക്ക സാഹചര്യം ഇല്ലാത്തതിനാല്‍ വല്യ നഷ്ടമായി തോന്നുന്നു.
ഇനിയും എഴുതൂ ബാല്യകാലസ്മരണകള്‍.
ശരിക്കും ഉഷാര്‍ ...തോടും മീന്‍പിടുത്തവുമെല്ലാം മനസ്സില്‍ തിക്കി തിരക്കുന്നു ..പിന്നെ ഞാനും പലപ്പൊഴും വീട്ടില്‍ കള്ളം പറഞ്ഞ് സിനിമക്ക് പോയിടുണ്ട് കെട്ടോ ..എല്ലാവിധ ആശംസകളും ...
ചെറുതിന്‍റെ ഒരു പോസ്റ്റിനുള്ള വിഷയം കിടക്കുന്നു ഇവ്ടെ ;) നിങ്ങള്‍ടെ മോഹനനേ പോലെ ഒരുവന്‍. പക്ഷേ അത്ര ഗ്ലാമറ് പേരൊന്ന്വല്ല. പൊറിഞ്ചു എന്നായിരുന്നു കഥാപാത്രത്തിന്‍റെ പേര്. എന്തായാലും നല്ല കുറേ ഓര്‍മ്മകള്‍ തെളിഞ്ഞു വന്നു വായിച്ചപ്പൊ :)
ഇഷ്ടപ്പെട്ടു ..ഓര്‍മകളുടെ പൂകാലം ..
ഇങ്ങനെ സിനിമ ഞാനും കണ്ടിട്ടുണ്ട് ..
എന്നാലും ഈ പത്തു മയില്‍ നടത്തം
കുറെ കട്ടി ആയിപ്പോയി ..സമ്മതിച്ചു ഇക്ക ...
ആലപ്പുഴയില്‍ ഒന്ന് വന്ന പോലെ... നല്ല ഓര്‍മ്മ..നല്ല പോസ്റ്റ്.
നല്ല വിവരണം. വളരെ ഇഷ്ടമായി......അഭിനന്ദനങ്ങൾ.
സരസമായി ബാല്യകാല വിശേഷം
വീണ്ടും കുറെ നല്ല ഓര്‍മ്മകള്‍....
പണ്ടൊക്കെ വീട്ടുകാരെ പറ്റിച്ചു ഒരു ചെറിയ കള്ളത്തരം ചെയ്‌താല്‍ പോലും കൈയ്യോടെ പിടിക്കുമായിരുന്നുല്ലേ... ഇന്നത്തെ കുട്ടികള്‍ വീട്ടുകാര്‍ അറിയാതെ എന്തൊക്കെ ചെയ്തു കൂട്ടുന്നു ! അത് കുട്ടികളുടെ
മിടുക്ക് കൂടുതലോ അതോ വീട്ടുകാരുടെ മിടുക്ക് കുറവോ !!
ഈ പോസ്റ്റും ഒത്തിരി ഇഷ്ടായിട്ടോ....
ഗൃഹാതുരത ഉണര്‍ത്തുന്ന മനോഹരമായ പോസ്റ്റ്, ആലപ്പുഴയിലൂടെ നടന്നു പോയ പോലെ.... നേരിന്റെ ഭാഷ, ലളിതമായ ശൈലി ഒക്കെ വളരെ ഇഷ്ടമായി. ഇനിയും വരാം ഇക്കാ....
ഷാനവാസ് ചേട്ടാ, ഇത് എന്റെ ഉള്ളില്‍ ഒരുപാട് ഗൃഹാതുരത ഉണ്ടാക്കി. കായംകുളത്തുകാരനായ എനിക്ക് ഈ കൊയ്ത്തിന്‍റെ ഉല്‍സവമേളം അറിയാം. നിറഞ്ഞുകവിയുന്ന തോട്ടില്‍ കരട്ടിയും വരാലും കുറുവയും പിടിക്കുന്നതറിയാം. എല്ലാം ഇന്നലത്തേത് പോലെ തോന്നുന്നു. നന്ദി. ഇത്തരം നല്ല ഓര്‍മ്മകള്‍ കാത്തുസൂക്‍ദിക്കുന്ന ചേട്ടന് അഭിനന്ദനങ്ങള്‍!!
@ഇസ്മില്‍ ഭായ്, ക്യാമറ ഇല്ലായിരുന്നു എങ്കിലും ഇന്നും ഈ സ്ഥലങ്ങള്‍ക്ക് വലിയ മാറ്റം ഒന്നും വന്നിട്ടില്ല..
@സങ്കല്‍പ്പങ്ങള്‍, ശരിക്കും ഉഷാര്‍ അല്ലെ?
@ചെറുതേ, മോഹനന്‍ ഇന്നും അവിടെ തന്നെ ജീവിക്കുന്നു.
@എന്റെ ലോകം, ഇഷ്ട്ടപ്പെട്ടു അല്ലെ ,ഈ ഓര്‍മകളുടെ പൂക്കാലം?
@ഡോ.ഡോക്ടര്‍ തിരൂര്‍, ഫ്രീ ആയിട്ട് ആലപ്പുഴ വരെ വന്ന പോലെ അല്ലെ...?
@എച്ച്മുകുട്ടീ, ഇഷ്ട്ടായി അല്ലെ?
@രമേശ് സര്‍, സരസം ആയി അല്ലെ..?
@ലിപി മോള്‍, കുബുദ്ധി കുറഞ്ഞ കാലം ആയിരുന്നു. അതുകൊണ്ട് കള്ളം അധികം ഇല്ലായിരുന്നു.
@കുഞ്ഞൂസ്, ആദ്യ വരവിനു വളരെ സന്തോഷം.
@ഷാബു മാഷെ, അടുത്ത നാട്ടുകാരന്‍ ആണ് അല്ലെ? അപ്പോള്‍ സമാന അനുഭവങ്ങള്‍ ധാരാളം ഉണ്ടാവും അല്ലെ..?
രസകരമായ കമന്റുകള്‍ക്ക് ഏല്ലാവര്‍ക്കും എന്റെ കൂപ്പു കൈ...
ഓർമ്മകൾക്കെന്തു സുഗന്ധം! അല്ലേ?
വേഗം
വായിച്ചങ്ങട് തീര്‍ത്തു..
നല്ല ഭംഗി,
എഴുത്തിനും ഓര്‍മ്മകള്‍ക്കും...
നല്ല ഓര്‍മ്മകള്‍. ആ ബാല്യം തന്നെയായിരുന്നു ഏറ്റവും നല്ല കാലം അല്ലേ..?
എല്ലാ ആശംസകളും..
ആലപ്പുഴയും ആ ഗ്രാമവുമൊക്കെ അനങ്ങു കണ്ടു. അത്രയ്ക്ക് മനോഹരമായ വിവരണം.
ക്ക് ഇഷ്ട്ടായീ ഇക്കാ,
ഈയുള്ളോനും കുറെ സമാന അനുഭവങ്ങളുള്ളതുകൊണ്ടാവണം “ശ് ര്‍....”ന്ന് വായിച്ചു തീര്‍ത്തു..!
അവസാനം സിനിമാപ്പേരുപോലെ തന്നെയായി അല്ലേ..’അനുഭവങ്ങള്‍ പാളിച്ചകള്‍..!’
ഒത്തിരിയാശംസകള്‍..!
രസായിട്ടുണ്ട്ട്ടോ..
മനോഹരമായ സ്മരണകള്‍. അതില്‍ ഒന്ന് പോലും മറന്നു പോകാതെ ഇക്ക ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ടല്ലോ. അതിനു ദൈവത്തിനു നന്ദി പറയണം. ആ സ്മരണകളിലൂടെ ആലപ്പുഴയെ കൂടുതല്‍ പരിചയപ്പെടാന്‍ പറ്റിയതിനു ഞാന്‍ ഇക്കയോടും ദൈവത്തോടും നന്ദി പറയുന്നു... :)
ആശംസകളോടെ
http://jenithakavisheshangal.blogspot.com/
Post a Comment