Wednesday, August 10, 2011

അരങ്ങ് ഒഴിയുന്ന പോസ്റ്റ്‌ ഓഫീസുകള്‍.

38

                  

      മറയുന്ന പോസ്റ്റ്‌  ഓഫിസുകൾ 
                           കഴിഞ്ഞ ഒന്നര നൂറ്റാണ്ടോളം ആയി നമ്മുടെ കൂടെ ഉണ്ടായിരുന്ന പോസ്റ്റ്‌ ഓഫീസുകള്‍ തങ്ങളുടെ ദൌത്യം കഴിഞ്ഞെന്ന പോലെ തിരോധാനം ചെയ്യുകയാണ്...സ്വകാര്യ കൊറിയര്‍ കമ്പനികളുടെ തള്ളിക്കയറ്റത്തിനു മുന്‍പില്‍ ഊര്‍ധശ്വാസം വലിച്ചു കൊണ്ടുള്ള      ഈ  പോക്ക്  അവസാനിക്കുകയാണ് ... വീഴുന്നതിനു പുറമേ ഒരു ഉന്ത് കൂടി എന്ന് പറഞ്ഞത് പോലെ ,കഴിഞ്ഞ  ദശാബ്ദത്തിലെ മൊബൈല്‍ ഫോണിന്റെ അതിശീഘ്രമായ വ്യാപനവും ഈ പതനത്തിനു ആക്കം കൂട്ടി. പത്തു വര്‍ഷം മുന്‍പ് വരെ നമ്മുടെ ജീവിതത്തില്‍ ഒരു സുപ്രധാന സ്ഥാനമാണ് പോസ്റ്റ്‌ ഓഫീസുകള്‍ക്ക് ഉണ്ടായിരുന്നത്...നമ്മുടെ ചിരിയിലും കരച്ചിലിലും സന്തോഷത്തിലും സന്താപത്തിലും എല്ലാം ഇത് നമ്മോടൊപ്പം ഉണ്ടായിരുന്നു...

അനതിവിദൂരമല്ലാത്ത ഒരു കാലം... ...മൊബൈല്‍ പോയിട്ട് ലാന്‍ഡ്‌ ഫോണ്‍ പോലും വിരളം ആയിരുന്ന അക്കാലം...കത്തുകള്‍ മാത്രം കൊണ്ട് ആശയവിനിമയം നടന്നിരുന്ന കാലം...സന്തോഷവും സന്താപവും പ്രേമവും സ്വപ്നങ്ങളും ഉദ്യോഗ അറിയിപ്പുകളും പേറി നാടിന്റെ മാറിനെ പിളര്‍ന്നു കൊണ്ട് പാഞ്ഞു നടന്നിരുന്ന പോസ്റ്റ്‌ മാന്മാര്‍... അര നൂറ്റാണ്ടു മുന്‍പ്, എഴുത്ത് അറിയാത്ത ഉമ്മയ്ക്ക് വേണ്ടി ആഴ്ചയില്‍ രണ്ടുവട്ടം ഉമ്മയുടെ സഹോദരിമാര്‍ക്ക് കത്തുകള്‍ എഴുതിയത് ഇന്നലത്തെ പോലെ ഓര്‍ക്കുന്നു..."എനിക്ക് എത്രയും പ്രിയപ്പെട്ട ഇത്തിത്ത അറിയുന്നതിന്"...എപ്പോഴും തുടക്കം ഇങ്ങനെ തന്നെ ആയിരിക്കും... "ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ".." അവിടെയും അപ്രകാരം എന്ന് വിശ്വസിക്കുന്നു"...ഒടുക്കം ഇങ്ങനെയും...വെറും പതിനഞ്ചും ഇരുപതും കിലോമീറ്റര്‍ മാത്രം ദൂരെയുള്ള സ്ഥലങ്ങളിലേക്കാണ് ഈ കത്തുകള്‍...ഇന്നോര്‍ക്കുമ്പോള്‍ തമാശ പോലെ തോന്നുന്നു...മറുപടി വരുന്ന കത്തുകള്‍ വായിച്ചു കേള്‍പ്പിക്കേണ്ട ചുമതലയും എനിക്കായിരുന്നു...അതിന്റെയും തുടക്കവും ഒടുക്കവും അങ്ങോട്ട്‌ പോകുന്നതിന്റെത് തന്നെ...വളരെ കാലം ഇത് തുടര്‍ന്നു വന്നു...അന്നൊക്കെ പോസ്റ്റ്‌മാനെ കാണാത്ത ദിനങ്ങള്‍ ചുരുക്കം...ഓരോ പോസ്റ്റുമാനും അയാളുടെ പ്രദേശത്തെ ഓരോ വീടുകളിലെയും ഒരു അംഗത്തെ പ്പോലെ ആയിരുന്നു..ദിവസവും അയാള്‍ക്ക്‌ ഉത്സവം പോലെ ആയിരുന്നു..ഏതെന്കിലും വീട്ടില്‍ എന്തെങ്കിലും വിശേഷം ഇല്ലാത്ത ദിവസങ്ങള്‍ കുറവ്...പോസ്റ്റ്മാന്‍ സ്ഥിരം ക്ഷണിതാവും...ആ പോസ്റ്റ്മാനെ ഇപ്പോള്‍ കാണുന്നത് മാസത്തില്‍ ഒരിക്കല്‍ ഫോണ്‍ ബില്ലുമായി... ഇനി അതും ഓൺലൈൻ ആയാൽ  അതും നിലയ്ക്കും...

ജനജീവിതത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയിരുന്ന ഒരു സ്ഥാപനമാണ് ഇല്ലാതാവാന്‍ പോകുന്നത്..ഭാരത സര്‍ക്കാരിന് രാജ്യത്തിന്റെ മുക്കിലും മൂലയിലും ഉള്ള ജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള ഏറ്റവും നല്ല ഒരു ഉപകരണം ആയിരുന്നു പോസ്റ്റ്‌ ഓഫീസുകള്‍...ഇതിനു പുതു ജീവന്‍ നല്‍കാന്‍ സര്‍ക്കാര്‍ പല പദ്ധതികളും ആവിഷക്കരിച്ചു എങ്കിലും ഒന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല...അവസാനം പ്രതീക്ഷിച്ച സ്വാഭാവിക മരണം...അത് അല്ലെങ്കിലും അങ്ങനെയേ ആകാന്‍ തരമുള്ളൂ...വിവരവിനിമയം ഒരു വിരല്‍തുമ്പില്‍ ഒതുങ്ങുമ്പോള്‍ ആരാണ് കത്തെഴുതാനും മറ്റും മിനക്കെടുന്നത്?

പക്ഷെ കത്തെഴുത്തിനും ഉണ്ടായിരുന്നല്ലോ ഒരു സുവര്‍ണ്ണ കാലം...നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാര്‍ സംവദിച്ചിരുന്നത് കൂടുതലും എഴുത്തിലൂടെ അല്ലെ...സാക്ഷാല്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ ഒരു കത്തെഴുത്ത് വിരുതന്‍ ആയിരുന്നു...അദ്ദേഹവും ലളിതാംബികാ അന്തര്‍ജ്ജനവും തമ്മിലുണ്ടായിരുന്ന കത്തിടപാടുകള്‍ വളരെ പ്രസിദ്ധം ആണ്...ഇപ്പോള്‍ അത് പുസ്തകരൂപത്തിലും ഇറങ്ങിയിട്ടുണ്ട്...അദ്ദേഹം ജയിലില്‍ നിന്നായിരുന്നു കൂടുതലും കത്തുകള്‍ എഴുതിയത്...അതുപോലെ നെഹ്രുവ്ന്റെ "ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍" . അങ്ങനെ എത്ര വേണമെങ്കിലും ഉദാഹരണങ്ങള്‍... അധികം താമസം ഇല്ലാതെ പ്രവര്‍ത്തനം നിര്‍ത്തുന്ന ഏതാണ്ട് പതിനായിരത്തോളം വരുന്ന ഗ്രാമീണ പോസ്റ്റ്‌ ഓഫീസുകള്‍ , ഗ്രാമീണ ജനതയെ വിവര വിനിമയ രംഗത്ത് നിന്ന് നിഷ്ക്കാസനം ചെയ്യുക തന്നെ ചെയ്യും...അങ്ങനെ, ഒന്നര നൂറ്റാണ്ടു മുന്‍പ് അരമണിയും വെള്ളിവടിയും കൊണ്ട് ഓടിത്തുടങ്ങിയ അഞ്ചലോട്ടക്കാരന്‍, ആധുനിക കാലത്ത് , പോസ്റ്റ്‌ മാന്റെ രൂപത്തില്‍ കിതച്ചു വീഴുമ്പോള്‍ ചരിത്രത്തിന്റെ പിന്നാമ്പുറത്തെക്ക് തള്ളപ്പെടുന്നത് ഗ്രാമീണ ഭാരതത്തിന്റെ നെടു വീര്‍പ്പുകള്‍ കൂടി ആണ്..

ഷാനവാസ്‌.
(ഇത് 10 വർഷം മുൻപ് എഴുതിയതാണ് )

38 comments:

ഈ വാര്‍ത്തകള്‍ക്കിടയില്‍ വെള്ളിരേഖ പോലെ ഒരു വാര്‍ത്ത കൂടി ഉണ്ട്..പോസ്റ്റ്‌ ഓഫീസ്സികളെ ബാങ്ക് ആക്കാനുള്ള ഒരു നിര്‍ദേശം ...അത് പ്രാവര്‍ത്തികമായാല്‍ ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാമീണ ശാഖകളുള്ള ഒരു ബാങ്കായി മാറും അത്...

ഗൃഹാതുരത്വം ഉണര്‍ത്തുന്ന പോസ്റ്റ്. പോസ്റ്റ്മാന്‍ വരുന്നതും കാത്ത് ആലപ്പുഴ വട്ടപ്പള്ളി റോഡില്‍ കാത്ത് നിന്ന നിമിഷങ്ങള്‍..അയാളുടെ ചുണ്ടുകളില്‍ നിന്നും ഉതിര്‍ന്ന് വീഴുന്ന വാക്കുകള്‍ക്ക് വേണ്ടിയുള്ള ഉല്‍ക്കണ്ഠ, ഇന്നൊന്നും ഇല്ലാ എന്ന് കേള്‍ക്കുമ്പോഴുള്ള നിരാശ, അയച്ച കഥകള്‍ തിരിച്ചു വരുമ്പോള്‍ അയാളുടെ മുഖത്തേക്ക് നോക്കാതെയുള്ള കൈപ്പറ്റല്‍, എല്ലാം ഓര്‍മയില്‍ നിന്നും കുതിച്ച് വരുന്നു....ശരിയാണ് ബഷീര്‍ ആരു കത്തയച്ചാലും മറുപടി എഴുതുമായിരുന്നു. ദീര്‍ഘമായ അദ്ദേഹത്തിന്റെ ഒന്ന് രണ്ട് കത്തുകള്‍ എന്റെ കൈവശം ഉണ്ട്. പോസ്റ്റ്മാന്‍ ഇപ്പോള്‍ വംശം അറ്റ ജീവിയായി. പോസ്റ്റിനു അഭിനന്ദനങ്ങള്‍....

എനിയ്ക്കൊരിയ്ക്കലും പോസ്റ്റ് ഓഫീസുകളെ മറക്കാനാവില്ല. ജോലി കഴിഞ്ഞ് വരുന്ന അമ്മയെ കാത്ത് ഒരുപാട് പോസ്റ്റ്&ടെലിഗ്രാഫ് ഓഫീസുകളുടെ മുൻപിൽ ഞങ്ങൾ നിന്നിട്ടുണ്ട്. ആ ഡിപ്പാർട്മെന്റാണ് ഞങ്ങൾക്കൊരു ജീവിതം തന്നത്.അതില്ലാതാവുന്നുവെന്ന് വായിയ്ക്കുമ്പോൾ സ്വന്തമായിരുന്ന ആരോ ഇല്ലാതാകുന്നതു പോലെ സങ്കടമുണ്ടാകുന്നു.
അവിടത്തെ തൊഴിൽ പദങ്ങൾ,പദവികൾ,പശയുടെയും പുത്തൻ സ്റ്റാമ്പുകളുടേയും മറ്റു തപാലുരുപ്പടികളുടേയും സമ്മിശ്ര ഗന്ധം,ടെലിഗ്രാം മെഷീനിന്റെ മണി കിലുക്കം....എത്രയെത്ര ഓർമ്മകൾ.
പിന്നെ എല്ലാവരേയും പോലെ കത്തുകൾ കൈപ്പറ്റിയിരുന്ന ആ കാലം..

പോസ്റ്റ് ഒരുപാട് ഓർമ്മകൾ തന്നു. അഭിനന്ദനങ്ങൾ.

ആഞ്ചലോട്ടക്കാരനെ ഓര്‍മ്മയുണ്ടോ..?.ഞങ്ങളുടെ നാട്ട് വഴിയിലൂടെ വലിയ കാലന്‍ കുടയും, കൈയിലൊരു കുന്തവുമായി അഞ്ചല്‍ സഞ്ചിയും പുറത്ത് തൂക്കി ഇടം വലം നോക്കാതെ ഓടി മറഞിരുന്ന ആ മനുഷ്യന്‍ ഇന്നും മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നു.

ഇനിവരും മനുകുലം അറിയുമോ ഇവിടെയീ
പ്രണയം കടലാസില്‍ പകര്‍ന്ന കാലം...

(ആഹാ, ഒരു കവിതയുടെ ത്രെഡ് കിട്ടി)

എനിക്കും ഒത്തിരിയൊത്തിരി മധുരസ്മരണകളുണ്ട്. പറഞ്ഞാല്‍ തീരില്ല. ഇനിയിപ്പോ ഒന്ന് പറയാമെന്ന് വച്ചാലോ “ഓ കിളവന്റെ ഫ്ലാഷ് ബായ്ക്ക് പുരാണം തുടങ്ങി...” എന്ന് പറയും പുതുതലമുറ. മിണ്ടാതിരിക്ക്യാ ബുദ്ധി.

http://kalpakenchery.blogspot.com/2011/01/blog-post_22.html ഇവിടെ കത്തെഴുത്തിനെപ്പറ്റി മനോഹരമായ ഒരു പോസ്റ്റ് ഉണ്ട്. വായിക്കണേ

പ്രണയിതാവിന്റെ കത്തുകളുമായി വന്നിരുന്ന പോസ്റ്റ്മാന്‍ ,കത്തുകള്‍ക്കായുള്ള കാത്തിരിപ്പ്... ഓര്‍മകളില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ആ കാഴ്ചകളും നാളുകളും ഇങ്ങിനി വരാത്ത ഓര്‍മ്മകള്‍ മാത്രം...!

നല്ല പോസ്റ്റ്‌, ഇക്ക പറഞ്ഞപോലെ പോസ്റ്റ്‌ ഓഫീസ്സികളെ ബാങ്ക് ആക്കാനുള്ള ആ നിര്‍ദേശം പ്രാവര്‍ത്തികമായാല്‍ നന്നായി... (ഇപ്പൊ ഹെഡ്ഡര്‍ ഭംഗിയായിട്ടോ. മുന്‍പ് വീട് പരന്നിരിക്കും പോലായിരുന്നു)

ഷാനവാസ് ചേട്ടാ, ഗൃഹാതുരതകള്‍ മനസ്സില്‍ പേറുന്ന ഒരു ശരാശരി മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് പോസ്റ്റ് ഓഫീസ്. എഴുത്തുകള്‍ വായിക്കുന്ന സുഖം മെയിലിനോ മൊബൈല്‍ കാളിനോ ഇല്ല. പക്ഷെ, അതിവേഗം പോകുന്ന ഈ ലോകത്ത് ഞാനും പോസ്റ്റിനെ മറന്നു, മറക്കേണ്ടിവന്നു. ഒരു നല്ല പോസ്റ്റിന് അഭിനന്ദനങ്ങള്‍!!! ഈ വിഷയത്തെ അടിസ്ഥാനപ്പെടുത്തി എന്റെ സുഹൃത്ത് ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമിന്റെ ലിങ്ക് ആണ്. സമയം കിട്ടുമ്പോള്‍ കാണുമല്ലോ. http://www.youtube.com/watch?v=lMBWyeekcdk

ആഹഹാ.... പോസ്റ്റ് വായിച്ചപ്പൊ അജിയേട്ടന്‍‍ പറഞ്ഞപോലെ കഥകള്‍ കുറേ മനസ്സില്‍‍ വരണു. എന്തായാലും പണ്ടുണ്ടായിരുന്ന പോലെയില്ലെങ്കിലും മാസത്തില്‍‍ മൂന്നോ നാലോ കത്തുകള്‍ പലയിടത്തുനിന്നുമായും ചെറുതിപ്പഴും കാത്തിരിക്കാറുണ്ട്. മൊബൈലുപയോഗിക്കാത്ത, ഇമെയിലെന്തെന്നറിയാത്ത എന്തിനധികം ടൈപ്പ് ചെയ്ത് പ്രിന്‍‍റെടുത്ത് ഒരിക്കലയച്ച കത്ത് കണ്ട് ബാങ്ക് നോട്ടീസാണെന്ന് കരുതിയ കുറച്ച് പഴമനസ്സുകളുടെ വിശേഷങ്ങള്‍‍ ഇപ്പഴും കത്തെഴുത്തിലൂടെതന്നെ. അതിനൊരു പ്രത്യേക സുഹോംണ്ട്.

ബ്ലോഗിപ്പൊ കാണാനൊരു ചന്തൊക്ക്യായീട്ടാ. ഹാഷിമിനെ സമ്മതിക്കണം :)

...പെണ്ണിനെക്കണ്ട് ആലോചിച്ചുറപ്പിച്ച് ആറുമാസത്തിനുശേഷം വിവാഹം. ഒരുമാസം കഴിഞ്ഞ് പെണ്ണുമായി നേരിൽക്കാണാൻ സാധിച്ചു. പിന്നെ, കത്തെഴുത്തിലൂടെയുള്ള പ്രണയം. ആഴ്ചയിൽ രണ്ടും മൂന്നും കത്തുകൾക്കുവേണ്ടി പോസ്റ്റ്മാനേയും നോക്കിയിരുപ്പും, അക്ഷമയും ആവേശവും കൂടിയപ്പോൾ പോസ്റ്റോഫീസിൽ പോയി വാങ്ങലും അയയ്ക്കുന്നതും ഒക്കെയായി ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരവസ്ഥ... ഇതൊക്കെ എങ്ങനെ മറക്കും.? ഗതകാലസ്മരണകളിൽക്കൂടി വീണ്ടും ആ സ്ഥാപനത്തെ ഉയിർത്തെഴുന്നേൽ‌പ്പിച്ചത് എനിക്കും, അനുഭവമുള്ള എല്ലാവർക്കും ഉചിതമായ ഉപഹാരമായി. നല്ല ചിന്തകൾ....

കത്തെഴുത്തും അനുബന്ധകാര്യങ്ങളും തീരെ അകാലമായെങ്കിലും (പ്രിന്റഡ് കത്തുകളാണ് ഇപ്പോള്‍ കാര്യമായി ഉള്ളൂ.) സര്‍ക്കാരും ഈ ആപ്പീസുകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് കാണുന്നു. ഇപ്പോള്‍ തന്നെ ബാങ്കിംഗ് സൌകര്യങ്ങള്‍ പലതും ഉണ്ട്. ഇനി ശരിക്കും ബാങ്ക് ആയി തന്നെ പ്രവര്‍ത്തിക്കാന്‍ പോവുകയാണല്ലോ. കാലികമായ പോസ്റ്റ്‌ വളരെ താല്‍പര്യപൂര്‍വം വായിച്ചു.

അഞ്ചലോട്ടക്കാരനും തപാല്‍ ശിപായിയും പോയി കത്തുമായി വരും പോസ്റ്റ്‌ മാനും അകന്നു എല്ലാം ഒരു ഓര്‍മ്മ ആയി മാറുന്നു ലോകം ഇന്ന് ചുരുങ്ങി ടാബിലെട്ടിലായില്ലേ

നല്ല പോസ്റ്റ്‌

ബ്ലോഗ്‌ നന്നായി... ആശംസകള്‍!!ഒരു ഇന്‍ഫര്‍മേഷന്‍ കൂടി ഇതാ...
രാജ്യത്തെ തപാല്‍ വകുപ്പിനെ വിദേശ നിക്ഷേപത്തോടെ കോര്‍പറേഷന്‍ ആക്കി
മാറ്റാന്‍ അണിയറയില്‍ രഹസ്യ നീക്കം. 2014 -ല്‍ കോര്‍പറേഷനാക്കുക എന്ന
ലക്ഷ്യത്തോടെ മേല്‍കാര്യാലയങ്ങളില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിച്ച് തുടങ്ങി.
49 ശതമാനം വിദേശ നിക്ഷേപമാണ് സ്വീകരിക്കുക എന്നാണ് സൂചന. ഇതോടെ രാജ്യത്തെ 9797
പോസ്‌റ്റോഫിസുകള്‍ ആദ്യഘട്ടത്തില്‍ അടച്ചുപൂട്ടും. സ്ഥിര ജീവനക്കാരല്ലാത്ത
നിരവധി പേര്‍ക്കാണ് ഇതിലൂടെ തൊഴില്‍ നഷ്ടമാവുക. കോര്‍പറേഷനാക്കുന്നതിന്റെ ആദ്യ
പടിയായി ഡിപ്പാര്‍ട്ട്‌മെന്റല്‍ ഓഫിസുകളെ കമ്പ്യൂട്ടര്‍വത്കരിക്കുന്ന​തിനുള്ള
നടപടികള്‍ തുടങ്ങികഴിഞ്ഞു. കോര്‍പറേഷന്‍വത്കരണത്തെ സഹായിക്കുന്ന രീതിയില്‍
രാജ്യത്തെ പോസ്റ്റാല്‍ ആന്റ് കൊറിയര്‍ സര്‍വീസസ് ബില്‍ പാര്‍ലമെന്റില്‍
പാസാക്കാനും നീക്കം നടക്കുന്നുണ്ട്. പ്രായ് എന്ന ചുരുക്കപ്പേരില്‍ കേന്ദ്ര
ഏജന്‍സി സ്ഥാപിക്കുകയും കൊറിയര്‍, പോസ്റ്റല്‍ കേന്ദ്രങ്ങള്‍ ഇതിലൂടെ
രജിസ്റ്റര്‍ ചെയ്യുകയുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. നിലവിലെ പോസ്‌റ്റോഫിസുകളെ
ഫ്രാഞ്ചൈസികളാക്കി മാറ്റിയായിരിക്കും രജിസ്‌ട്രേഷന്‍ നടക്കുക.

1898ലെ പോസ്‌റ്റോഫിസ് നിയമം സെക്ഷന്‍ എ പ്രകാരം തപാല്‍ ഉരുപ്പടികളുടെ വിതരണം,
സംഭരണം എന്നിവക്കുള്ള കുത്തക തപാല്‍ വകുപ്പിനാണ്. എന്നാല്‍, കുത്തക
എടുത്തുകളഞ്ഞ് സ്വകാര്യ കമ്പനികളെ സഹായിക്കും വിധം നിയമമുണ്ടാക്കുകയാണ് ചില
നിക്ഷിപ്ത താല്‍പര്യക്കാര്‍ ലക്ഷ്യമിടുന്നതെന്നുള്ള ആരോപണവുമായി പോസ്റ്റാല്‍
തൊഴിലാളികളുടെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഈ കുത്തക അധികാരം
എടുത്തുകളയാന്‍ കാലങ്ങളായി ശ്രമം നടന്നുവരുന്നുണ്ട്. 1989 ല്‍ രൂപവത്കരിച്ച
എക്‌സലന്‍സ് കമ്മിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ദേശീയ, അന്താരാഷ്ട്ര
കൊറിയര്‍ സര്‍വീസുകളോട് മല്‍സരിക്കാന്‍ തക്കശേഷി തപാല്‍ വകുപ്പിന്
ലഭ്യമാക്കണമെന്ന് നിര്‍ദേശം വെച്ചിരുന്നു. എന്നാല്‍ അത് നടന്നില്ല. പകരം
സ്വകാര്യ കമ്പനികള്‍ക്ക് മാത്രം കൊറിയര്‍ സര്‍വീസ് നടത്താവുന്ന രീതിയിലോണ്
കാര്യങ്ങള്‍ പോകുന്നത്. 5086 കോടിയുടെ നഷ്ടം സംഭവിക്കുമെന്നുള്ള കണക്കുകള്‍
നിരത്തിയാണ് നിലവില്‍ പോസ്‌റ്റോഫിസുകള്‍ അടച്ചുപൂട്ടികൊണ്ടിരിക്കുന്​നത്.
ശമ്പളവും മറ്റ് അനുബന്ധ സൗകര്യങ്ങളും തപാല്‍ വകുപ്പിന് ബാധ്യതയുണ്ടാക്കുന്നു
എന്നാരോപിച്ചാണ് ഈ നടപടി. തപാല്‍ മേഖലയില്‍ ലഭിക്കുന്ന ഒരു ലക്ഷം കോടി രൂപയുടെ
സമ്പാദ്യ നിക്ഷേപം ഉപയോഗിച്ച് ബാങ്കിങ് സേവനങ്ങള്‍ നടത്തിയാല്‍ ലാഭമുണ്ടാക്കാം.
എന്നാല്‍, ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ വിമുഖരാണ്.
നിലവില്‍ ഈ തുക രാഷ്ട്ര നിര്‍മിതിക്കായി വിവിധ പദ്ധതികളില്‍
ഉപയോഗിച്ച്‌വരുന്നു. 7000 കോടി രൂപക്കാണ് രാജ്യത്തുനിന്ന് കൊറിയര്‍ കമ്പനികള്‍
ലാഭമുണ്ടാക്കുന്നത്. സേവന ദാതാക്കളായി തപാല്‍ വകുപ്പിനെ രൂപപ്പെടുത്തിയാലും
ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്ന തരത്തിലുള്ള നഷ്ടം വകുപ്പിനുണ്ടാകില്ല.

തപാല്‍ ഉരുപ്പടികളുടെ വരവ് കുറഞ്ഞെന്നാണ് അധികൃതരുടെ മറ്റൊരു വാദം. എന്നാല്‍,
കഴിഞ്ഞ 30 വര്‍ഷമായി പുതിയ പോസ്‌റ്റോഫിസുകള്‍ രാജ്യത്ത് തുറന്നിട്ടില്ല. ഉള്ളവ
പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അടക്കുകയോ പരസ്പരം ലയനം നടത്തുകയോ ആണ്
ചെയ്യുന്നത്. 1984 ന് ശേഷം നിയമന നിരോധവും വകുപ്പിന്റെ ശാപമാണ്. മരണം,
വിരമിക്കല്‍ എന്നിവ മൂലമുണ്ടാകുന്ന ഒഴിവുകള്‍ നികത്തുക മാത്രമാണ് ഇപ്പോള്‍
ചെയ്തുകൊണ്ടിരിക്കുന്നത്. മുപ്പതുവര്‍ഷം കൊണ്ട് ജനവാസം പതിന്മടങ്ങ്
വര്‍ധിച്ചിട്ടും വകുപ്പിനെ ക്ഷീണിപ്പിക്കുന്ന തരത്തിലാണ് നടപടികള്‍.
ആനുപാതികമായ സൗകര്യ വര്‍ധനവ് നടക്കുന്നില്ല. കത്ത് അയക്കുന്നത് കുറഞ്ഞെങ്കിലും
മറ്റ് സേവനങ്ങള്‍ക്ക് നിരവധിപേര്‍ ഇപ്പോഴും തപാല്‍ വകുപ്പിനെയാണ്
വിശ്വസിക്കുന്നത്. അതിനാല്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച പോസ്‌റ്റോഫിസുകളുടെ
വിവരം ഉന്നത ഉദ്യോഗസ്ഥര്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
http://www.facebook.com/media/set/?set=a.1739272158282.96077.1133001571&type=1#!/photo.php?fbid=1930500298866&set=a.1739272158282.96077.1133001571&type=1&theater

പഴമയുടെ ചിഹ്നങ്ങൾ പലതും അന്യം വന്നു.

പോസ്റ്റ്‌ ഓഫീസുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നു എന്ന വാര്‍ത്ത മൂന്നുകൊല്ലം മുന്‍പ് പത്രത്തില്‍ ഞാന്‍ എക്സ്ക്ലൂസീവായി എഴുതിയിരുന്നു. പതുക്കെ ഗ്രാമംങ്ങളില്‍ അത് പ്രാവര്‍ത്തികമായി വരികയാണ്.വിവര സാങ്കേതിക വിദ്യ വളര്‍ന്നതോടെ പോസ്റ്റ്‌ ഓഫീസുകള്‍ നോക്കുകുത്തികളായി മാറിക്കൊണ്ടിരിക്കുകയാണ്,ഗ്രാമീണര്‍ക്ക് കത്തും മണി ഓര്‍ഡറുമൊക്കെ നൊസ്റ്റാള്‍ജിയ മാത്രം ആയി. ലാഭം ഇല്ലാത്തതൊന്നും ആര്‍ക്കും വേണ്ടാ എന്നായി.

എഴുത്തും വായനയും അറിയാത്തവര്‍ക്ക് കത്ത് വായിച്ചു കൊടുത്തും, അന്യ നാട്ടിലുള്ള വേണ്ടപ്പെട്ടവര്‍ അയയ്ക്കുന്ന മണിഓര്‍ഡര്‍ എത്തിച്ചു കൊടുത്തും ആളുകള്‍ക് പ്രിയങ്കരനായ പോസ്റ്റ്മാനും ചുവന്ന തപാല്‍ പെട്ടിയും ഇല്ലാതാകുന്നു. കാലോചിതമായി പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് ബാങ്ക് നിയമങ്ങള്‍ പരിഷ്കരിച്ചില്ലെങ്കില്‍ അതും ജനങ്ങള്‍ക്ക് വേണ്ടാതാവും.

ടെലിഫോണ്‍ ബില്ലും , മാഗസിനുകളും മാത്രമേ ഇപ്പോള്‍ മെയിലില്‍ വരാറുള്ളൂ ..കാലത്തിനൊത്ത് മാറുന്ന ലോകം , ഉള്‍ക്കൊള്ളുക തന്നെ മാര്‍ഗമുള്ളൂ , ശെരിക്കും ഒരു ടെച്ചിംഗ് പോസ്റ്റ്‌.

നന്നായിരിക്കുന്നു , അഭിനന്ദനങള്‍, വീണ്ടും പ്രതീക്ഷിക്കുന്നു .

പ്രിയ ഇക്കാക്ക്. ഇവിടെ എനിക്ക് സുഖം.അവിടെയും അപ്രകാരം എന്ന് കരുതുന്നു.പിന്നെ ബ്ലോഗ് Design നന്നായിട്ടുണ്ട്.ആലപ്പുഴിലെ വിവരങ്ങൾ ഒക്കെ അറിക്കുക.നിറുത്തുന്നു. എന്നു സ്വന്തം ഹൈന...:)

പഠിക്കുന്ന കാലം നാട്ടിലെ സകലപ്രസിദ്ധീകരണങ്ങൾക്കും എഴുത്തുകാർക്കും, വീട് വിട്ടതിൻ ശേഷം വീട്ടിലേക്കും നാട്ടിലെ കൂട്ടുകാർക്കും, അങ്ങിനെ മാസത്തിൽ ചുരുങ്ങിയത് പത്ത് കത്തുകളെങ്കിലുമെഴുതിയിരുന്ന ഞാൻ കഴിഞ്ഞ നാല് വർഷത്തിന് ശേഷം ഈ വ്യാഴാച്ച ഒരെഴുത്തെഴുതി. ഇന്ന് ദുബൈ, അൽ ബർഷയിലെ പോസ്റ്റ് ഓഫീസിൽ പോയി നാല് ദിർഹത്തിന്റെ ഒരു സ്റ്റാമ്പ് വാങ്ങി തിരിച്ച് വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ ഞാനോർത്തത് നാട്ടിലെ മരിച്ചുകൊണ്ടിരിക്കുന്ന പോസ്റ്റ് ഓഫീസ് സംവിധാനത്തെക്കുറിച്ചായിരുന്നു. പെട്ടെന്ന് മനസ്സിനെ കീഴടക്കിയ ഗൃഹാതുര ചിന്തകളിൽ കാലങ്ങളായി ഒരു നിധി പോലെ സൂക്ഷിച്ച കത്തുകളുടെ വലിയ കെട്ട് പൊട്ടിച്ച് പലതും വായിക്കുകയും ചെയ്തു. തദ്‍വിഷയത്തിൽ ഒരു പോസ്റ്റ് ഇട്ടാലോ എന്നും അലോചിച്ചു. ദാ, കിടക്കുന്നു ആലപ്പുഴ വഴി എന്റെ മനസ്സ്!!! കത്തുകളുടെ മാധുര്യവും സ്വാധീനവും ചാറ്റുകൾക്കോ ഫോൺകോളുകൾക്കോ ഇല്ലെന്നും, ഈ അത്ഭുത മാധ്യമം നാം കുഴിച്ചുമൂടുകയാണല്ലോ എന്നും ഓർക്കുമ്പോൾ നിങ്ങൾ പറഞ്ഞ സ്ത്യമാണെന്നെ തുറിച്ചുനോക്കുന്നത് -" ചരിത്രത്തിന്റെ പിന്നാമ്പുറത്തെക്ക് തള്ളപ്പെടുന്നത് ഗ്രാമീണ ഭാരതത്തിന്റെ നെടു വീര്‍പ്പുകള്‍ കൂടി ആണ്"

പോസ്റ്മാനെ കാത്തു ദിവസങ്ങള്‍ തള്ളിനീക്കിയ കാലം ഉണ്ടായിരുന്നു. ..പ്രിയപ്പെട്ടവരുടെ എഴുത്തുകളും കാത്തു.. അതൊക്കെ അന്തക്കാലം. ഇപ്പോള്‍ മൊബൈലും ഇ മെയിലും കത്തുകളെ കൊന്നു കൊലവിളിച്ചില്ലേ ..

നല്ലൊരു പോസ്റ്റ്‌. വിരഹ ദുഖത്തിനൊടുവില്‍ വീണു കിട്ടുന്ന പെരുമഴയായിരുന്നു കത്തുകള്‍ എന്നും ഗൃഹാതുരത്വം പേറി നില്‍ക്കുന്നവര്‍ക്ക്. അതും ഓര്‍മ്മകളിലേക്ക്..

പോസ്റ്റ്‌ ഓഫീസ് സേവങ്ങളെ കുറിച്ചു ഒരു കഥ വായിച്ചിരുന്നു പണ്ടൊരിക്കല്‍ "ക്രത്യമായ അഡ്രെസ്സ് എഴുതാത്ത ഒരു കത്തുമായി വിലാസക്ക്കാരനെ തേടി അലയുന്ന പോസ്ടുമാന്റെ കഥ !

ചുവന്ന നിറവും ചുണ്ടുമായി തൂണില്‍ തൂങ്ങിക്കിടന്നിരുന്ന പോസ്റ്റ്‌ ബോക്സും വിസ്മൃതിയിലേക്ക്........
ഇതൊരു സ്വാഭാവിക പരിണാമം ആയി കണ്ടാല്‍ മതിയാകും.25 വര്‍ഷത്തിനകം നമുക്ക് ചിന്തിക്കാന്‍കൂടി കഴിയാത്ത പുതിയ മാറ്റങ്ങള്‍ ലോകത്ത്‌ സംഭവിച്ചപ്പോള്‍ പഴയത് പലതും നമുക്ക് നഷ്ടപ്പെട്ടു.മ്യൂസിയത്തിലേക്ക് ഒരു വസ്തുകൂടി.....
(കയ്യക്ഷരം നന്നാക്കിയിരുന്നത് കത്തെഴുതിലൂടെ ആയിരുന്നു.ഇപ്പൊ കീബോര്‍ഡ്‌ അമര്‍ത്തി വിരലെല്ലാംതേഞ്ഞുപോയി!)
വളരെ പ്രസക്തമായ പോസ്റ്റ്‌
ആശംസകള്‍

എന്റെ പുതിയ പോസ്റ്റില്‍ കമന്റിയ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദിയുണ്ട്...ബ്ലോഗിന്റെ മുഖം മാറ്റാനുള്ള ശ്രമത്തിനിടയില്‍ windows7 ഇല്ലാത്ത പലര്‍ക്കും പോസ്റ്റ്‌ വായിക്കാന്‍ പറ്റിയില്ല ന്നറിഞ്ഞു ഖേദിക്കുന്നു... വീണ്ടും പഴയ പോലെ windows xp യിലും കിട്ടാന്‍ പാകത്തിന് സെറ്റ് ചെയ്യാന്‍ നോക്കുന്നുണ്ട്...സദയം ക്ഷമിക്കുക...

എല്ലാം സുഗമുള്ള ഓര്‍മ്മകള്‍ ആണെങ്കിലും കലഗട്ടതിനനുസരിച്ചുള്ള മാറ്റം അനിവാര്യമാണ്

എല്ലാം ഓര്‍മകള്‍..!
വാതില്‍ പഴുതിലൂടെ പോസ്റ്റ്മാന്‍ അകത്തേക്കിട്ടുപോകുന്ന കത്തുകള്‍ ആവേശത്തോടെ വായിക്കാന്‍ ഓരോ ദിവസവും എന്തൊരുത്സാഹമായിരുന്നു. ഒരുനാള്‍പോലും വൈകാതെ അതിനുള്ള മറുപടിയും അയച്ച് വീണ്ടും നാലുവാരങ്ങള്‍ നീണ്ട കാത്തിരിപ്പ്..!മേല്‍ വിലാസമെഴുതിയ കൈപ്പടയില്‍ നിന്ന് എഴുത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് പുഞ്ചിരി തൂകിയ നിമിഷങ്ങള്‍..!നാടുവിട്ടകന്ന ആദ്യ കാലങ്ങളില്‍ ആകെയൊരാശ്വാസമുണ്ടായിരുന്നത് ആ ചുവന്ന പെട്ടിയും, പച്ച ഇന്‍ലന്റു മായിരുന്നു..!

ഇനിയല്പം പഴമ്പുരാണം:
പണ്ട് കിഴക്കന്‍ മേഖലയില്‍ പണിക്കു പോയിരുന്ന ഒരു മകന്‍ അപ്പനയച്ച കത്തില്‍ നിന്ന്..

.....ചിങ്ങമാസം പതിമൂന്നാം തീയതി ഞാന്‍ കടുത്തുരുത്തി കാളച്ചന്തയില്‍ എത്താം അപ്പനും ഒരു പത്തര മണിയോടെ എത്തിയാല്‍ കാളേനേം വാങ്ങിതിരിച്ചുപോകാം.
ഇത്രയുമെഴുതി കത്തു ചുരുക്കുന്നു.
ഈ കത്ത് കിട്ടിയാലും ഇല്ലെങ്കിലും തീര്‍ച്ചയായും അപ്പന്‍ ചന്തേല്‍ വരണം.
എന്ന് മകന്‍
ഒപ്പ്.

Gramin post office facility which govt. is going to stop functioning may be a good idea because the way the present service they offer is not competitive with the competitors.Now the option is to continue this service lot of awareness required how to satisfy the customer with timely service with accuracy.Existing employees must be trained.for better communication investment in infrastructure also to be made.The problem is Kerala government is not cash rich states.So I feel Government should encourage private partnership on this service sector.

ikka nashattavasadhathe orth vilapikkanalle nammude vidhi.............

post cheydha kavithakal thirichuvarubol post officenod thonnuna amarshavum ellam oru nombharaman mattathide yugathil arijjukodekilum nammalum pakaliyavedi varunnu

valare vaikiyan enik ee blog kanan sadichad
manas nirajja abhinadhanagal

allahu anugrahikkatte

raihan7.blogspot.com

പോസ്റ്റോഫീസുകള്‍ ഗ്രാമങ്ങളുടെ ആത്മാകളാണ് ,ഇവ പടിയിറങ്ങുമ്പോള്‍ ഒരു കാലഘട്ടം കൂടിയാണ് പടിയിറങ്ങുന്നത്.ഒരുപക്ഷെ കാലഘട്ടത്തിന്റെ അനിവാര്യത ആയിരിക്കാം.
ആശംസകള്‍.....

വളരെ നന്നായി ഈ ലേഖനം...കാലത്തിന്റെ ഒഴുക്കില്‍ നഷ്ടമാകുന്ന നന്മകളിലേക്ക്‌ ഇതും കു‌ടെ ചേര്‍ത്ത് വെക്കാം

നല്ല പോസ്റ്റ്‌..

ജോലിക്കുള്ള അപേക്ഷകള്‍ അയച്ചു പോസ്റ്മാനെ കാത്തിരുന്ന ദിനങ്ങള്‍ പെട്ടെന്ന് മനസ്സില്‍ വന്നു..

എല്ലാ ആശംസകളും..

പണ്ട് പോസ്റ്റ്‌മാന്‍ വരുന്നതും നോക്കി നില്‍ക്കാറുണ്ട് ,അമ്മാവന്‍മാര്‍ ഗള്‍ഫില്‍ നിന്നും വല്ലതും കൊടുത്തു വിട്ടോന്നു നോക്കാന്‍ .....അവര്‍ എത്ര വീട് കയറി എന്നുവരെ കണക്കെടുക്കുമായിരുന്നു ......

എത്ര നല്ല പോസ്റ്റ്‌.
എനിക്കൊരു കത്ത് വന്നിട്ട് വര്‍ഷങ്ങളായി.
ചില സര്‍ക്കാര്‍ കുറിമാനങ്ങളും ടെലിഫോണ്‍ ബില്ലുകളും
കാറ്റലോഗുകളും മാസികകളും മാത്രം.
ആരും എഴുതാറില്ല.
ഒരു കത്ത് വായിക്കാന്‍ കൊതിയാകുന്നു.
കാരണമുണ്ട്.ഞാനും ആര്‍ക്കും എഴുതാറില്ല.
ഫോണ്‌ണ്ടല്ലോ. എപ്പോള്‍ വിളിച്ചാലും പ്രിയപ്പെട്ടവരുടെ ശബ്ദം
കേള്‍ക്കാം.എത്ര നേരം വേണമെങ്കിലും സംസാരിക്കാം.
വിശേഷങ്ങള്‍ എല്ലാം അപ്പപ്പോള്‍.
പിന്നെ എന്ത് കത്തിടപാട്.പഴയ ദുബ്ബായ്‌ കത്ത് പാട്ടൊക്കെ ഓര്‍മ്മ വരുന്നു.അങ്ങ് എഴുതിയത് ശെരി തന്നെ.
ചരിത്രത്തിന്റെ പിന്നാമ്പുറത്തെക്ക് തള്ളപ്പെടുന്നത് ഗ്രാമീണ ഭാരതത്തിന്റെ നെടു വീര്‍പ്പുകള്‍ കൂടി ആണ്..

പോസ്റ്റ്‌ വായിച്ചു രസകരമായ കമന്റുകള്‍ പാസ്സാക്കിയ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ വിനീതമായ നമസ്കാരം..ഒപ്പം ഈദ്‌, ഓണം ആശംസകളും..

വായിക്കാന്‍ താമസിച്ചു..താമസിച്ചു കിട്ടിയ ഇഷ്ടപെട്ടവരുടെ
ഒരു കത്ത് പോലെ സന്തോഷത്തോടെ സ്വീകരിക്കുന്നു...ഒപ്പ്..

എനിക്കാദ്യം ഓര്‍മ്മ വരുന്നത് കുഞ്ഞോക്കു കാക്കയേയും വേണുവേട്ടനെയും ആണ്.
മുഖത്ത് മായാത്ത ചിരിയുമായി കുഞ്ഞോക്കുകാക്കയും , വെറ്റില മുറുക്കി തോളില്‍ ഒരു വല്യ സഞ്ചിയും പിടിച്ചു വേണുവേട്ടനും.
ഞങ്ങളെ നാട്ടിലെ പോസ്റ്റ്‌മാന്‍ ഇവരായിരുന്നു. അവരെ കാണുമ്പോള്‍ പ്രതീക്ഷാ നിര്‍ഭരമായ ഒരു നോട്ടം ഉണ്ടാകും ആ സഞ്ചിയിലേക്ക്. നമുക്ക് വല്ലതും കാണുമോ എന്ന്.
ഷാനവാസ് ഭായ്,
മനസ്സില്‍ ഒരുപ്പാട് ഗൃഹാതുര സ്മരണങ്ങള്‍ ഉണര്‍ത്തുന്ന ഒരു കാലഘട്ടത്തിലേക്കാണ് ഈ പോസ്റ്റ്‌ കൊണ്ടുപോയത്. മിക്ക ഗ്രാമങ്ങളുടെയും തുടിപ്പായിരുന്നു പോസ്റ്റ്‌ ഓഫീസുകള്‍. ഒന്ന് ഫോണ്‍ ചെയ്യാന്‍ , വിശേഷങ്ങള്‍ അറിയാന്‍ അത് തന്നെയായിരുന്നു എല്ലാവരുടെയും അത്താണി. ഖദറിന്റെ ഷര്‍ട്ടും ഇട്ട് മജീദ്‌ കാക്ക എന്ന ഞങ്ങളെ നാട്ടിലെ ആദ്യത്തെ പോസ്റ്റ്‌ മാസ്റ്റര്‍ മുന്നില്‍ നില്‍ക്കുന്നതായി തോന്നുന്നു. സ്കൂളില്‍ പോകുമ്പോള്‍ സ്ഥിരം കാഴ്ച ആയിരുന്നു അത്.
ഒത്തിരി നന്ദി ഈ പോസ്റ്റിനു. എനിക്കും തോന്നിപോകുന്നു. ഈ ബിംബങ്ങളൊക്കെ കോര്‍ത്തെടുത്തു ഒരു പോസ്റ്റ്‌ എഴുതാന്‍ :-)

ഓർമ്മകൾക്ക് എന്ത് സുഗന്ധം 📮❤️

Post a Comment