Monday, October 10, 2011

ഓര്‍മ്മയില്‍ ഒരു ബാംഗ്ലൂര്‍ യാത്ര...

48

                                                                           ആദ്യമേ പറയട്ടെ, ഇത് പതിനാറു വര്‍ഷം മുന്‍പാണ് നടന്നത്...ഒരു നാഗ്പൂര്‍ -ബാംഗ്ലൂര്‍ യാത്ര...അതും  ആദ്യമായി ഒരു "രാജധാനി" എക്സ്പ്രസ്സ്‌ യാത്ര...അന്ന് നാഗ്പൂരില്‍ നിന്നും ബാംഗ്ലൂരിലേക്ക് നേരിട്ട് പോകുന്ന ശകടം ഇത് മാത്രം..അതും ആഴ്ചയില്‍ ഒന്ന് മാത്രം..  അതിനു നാഗ്പൂര്‍ ക്വോട്ട രണ്ടേ രണ്ടു ടികറ്റ്‌ മാത്രം..എന്റെ യാത്ര തീരുമാനിക്കുന്നത്..പോകുന്ന അന്നോ തലേന്നോ..  അപ്പോള്‍ കിട്ടാന്‍ സാധ്യത ഉള്ളത് "വെയ്‌റ്റിംഗ് ലിസ്റ്റ്" ടികറ്റ്‌ മാത്രം..എനിക്കും കിട്ടി അത് പോലെ ഒന്ന്...രാജധാനിയിലെ ആദ്യ യാത്രയാണ്...രാത്രി പന്ത്രണ്ട് മണിക്കാണ് ശകടം നാഗ്പൂര്‍ സ്റേറഷനില്‍ എത്തുക..അന്നും പതിവ് പോലെ അറുപത് മിനിറ്റ്‌ "വൈകി" ശകടം എത്തി...നമ്മുടെ റെയില്‍വെ ഒരു കാര്യത്തില്‍ നല്ല മിടുക്കന്മാരാണ്..അവര്‍ ഒരിക്കലും വൈകല്‍ മണിക്കൂറില്‍ പറയില്ല..."ഗോരക്പൂരില്‍ നിന്നും ഗോകര്‍ണ്ണം  വരെ പോകുന്ന  പതിനാറാം നമ്പര്‍ വണ്ടി, ഇരുപതു മണി അമ്പതു മിനിട്ടുകള്‍ക്ക് വരേണ്ടി ഇരുന്നത് , അറുന്നൂറ് മിനിറ്റ്‌ വൈകി ഓടുന്നു...കേള്‍ക്കുന്നവര്‍ വിചാരിക്കും..ഓ..അറുന്നൂറു മിനിട്ടല്ലേ ഉള്ളൂ..എന്ന്...പക്ഷെ അറുന്നൂറു മിനിറ്റ്‌ പത്തു മണിക്കൂര്‍ ആണെന്ന് മനസ്സിലാകുമ്പോള്‍ കണ്ണില്‍ ഇരുട്ട് കയറും..കുഞ്ഞുകുട്ടി പരാധീനങ്ങളുമായി യാത്ര ചെയ്യുന്ന മനുഷ്യരുടെ അവസ്ഥ അതി ദയനീയം ആണ്...സ്റേഷന്‍ വിട്ടു പോകാനും പറ്റില്ല...വണ്ടി എങ്ങാനും നേരത്തെ വന്നാലോ...കയര്‍ ഇല്ലാതെ കെട്ടി ഇടുന്നത് പോലെ...
                                                                   എന്തായാലും എനിക്ക് പോകേണ്ട വണ്ടി വെറും അറുപത് മിനിറ്റേ താമസിച്ചുള്ളൂ...എന്തു ഭാഗ്യം...നല്ല ചക ചകാനുള്ള  വണ്ടി...വന്നു നിന്നു...ഇറങ്ങാനുള്ളവര്‍ ഇറങ്ങുന്നു...കയറാനുള്ളവര്‍ കയറുന്നു...ഞാന്‍ "ത്രിശങ്കു"വില്‍ ആണല്ലോ...വെയ്‌റ്റിംഗ്...വെയ്‌റ്റിംഗ്...ഈ തരത്തിലുള്ള ടികറ്റ്‌ ഉള്ളവരെ കാണുമ്പോള്‍ റ്റീ.റ്റീ. എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ,കറുത്ത കോട്ടിട്ട   ചെക്കര്‍മാരുടെ മുഖം കാണേണ്ടത് തന്നെ ആണേ....കടന്നല്‍ കുത്തിയത് പോലെ വീര്‍ത്തു  സുന്ദരം ആകും.... പകുതി സീറ്റ്‌ കാലി ആണേലും അത്ര പെട്ടെന്നൊന്നും സീറ്റ്‌ തരില്ല...ചിലര്‍ റെയില്‍വെ നിയമങ്ങള്‍ മുഴുവന്‍ കാണാപ്പാഠം പറഞ്ഞു കളയും..അതും കഷായം കുടിക്കുന്ന സുഖത്തോടെ അനുഭവിച്ച് നിന്നാല്‍ ചിലപ്പോള്‍ ഭഗവാന്‍ കനിയും..തീവണ്ടിയില്‍ കയറിയാല്‍ പിന്നെ യാത്രക്കാരന്റെ കാണപ്പെട്ട ദൈവം ഈ കറുത്ത കോട്ട്‌ ഇട്ട ശിന്ഗങ്ങള്‍ ആണ്..ഇവരുടെ ഓരോ കവാത്തിനും കൊല്ലന്റെ പറമ്പിലെ മുയലിനെ പോലെ ത്രിശങ്കു യാത്രക്കാര്‍ എണീറ്റ്‌ നില്‍ക്കും...ഇല്ല ഇപ്പ്രാവശ്യവും ഭഗവാന്‍ കനിഞ്ഞില്ല...ചിലപ്പോള്‍ മൊഴിയും..ഏതെന്കിലും സ്റേറഷന്‍ കഴിഞ്ഞിട്ട് നോക്കാം എന്ന്...അപ്പോള്‍ ആ സ്റ്റേഷന്‍ വരുന്നത് വരെ എവിടെ എങ്കിലും ചുരുന്ടുകൂടാം...ചിലപ്പോള്‍ ഉരുട്ടി ഉരുട്ടി ഇറങ്ങാനുള്ള  സ്റ്റേഷന്‍ വരും..അപ്പോള്‍ ഇറങ്ങി നിന്നിട്ട് നല്ല നാലു "ഭാഷ " പറഞ്ഞിട്ട് പോകാം...
                                                             ഞാന്‍ ത്രിശങ്കുവില്‍ നില്‍ക്കുകയാണ്..ഇരുപതു മണിക്കൂര്‍ യാത്ര ഉണ്ട്..രാത്രി ഒരുമണി സമയം..ഭഗവാന്‍ കനിഞ്ഞെങ്കിലെ സീറ്റ്‌ കിട്ടുകയുള്ളൂ...അതാ വരുന്നു....കറുത്ത കോട്ടിട്ട ഭഗവാന്‍...അയാള്‍ ടികറ്റ്‌ കയ്യില്‍ വാങ്ങി നോക്കി...ഞാന്‍ ഭൂമിയോളം താഴ്ന്നു നില്‍ക്കുകയാണ്...നില്‍പ്പ് ഇഷ്ടപ്പെടണമല്ലോ...ഇനിയും താഴ്ന്നാല്‍ അങ്ങ് പാതാളത്തില്‍ എത്തി മാവേലിയും കണ്ടിട്ട് വരാം... അഹങ്കാരി ആണെന്ന് തോന്നുകയും ചെയ്യരുതല്ലോ....ഞാന്‍ ആണെങ്കില്‍ നമ്മുടെ ശ്രീനിവാസന്റെ ദയനീയ ഭാവത്തോടെയും.. അയാള്‍ എന്നെ കീഴ്മേല്‍ നോക്കി...വീണ്ടും ടികറ്റ്‌ നോക്കി..ഞാന്‍ വിചാരിച്ചു എന്റെ ഉയരത്തിന് അനുസരിച്ചുള്ള  സീറ്റ്‌ തരാന്‍ ആയിരിക്കും എന്ന്..പക്ഷെ സംഭവിച്ചത് മറിച്ചാണ്...എത്ര ഉച്ചത്തില്‍ പറഞ്ഞാല്‍ എനിക്ക് കേള്‍ക്കാന്‍ പറ്റും എന്ന് നോക്കുകയായിരുന്നു ആ കശ്മലന്‍...കടിച്ചാല്‍ പൊട്ടാത്ത ഹിന്ദിയില്‍ ഒരു ചാട്ടം..
"ഇത് രാജധാനി ആണെന്ന് അറിഞ്ഞു കൂടേ" ചോദ്യം എന്നോടാണോ..ഞാന്‍ തിരിഞ്ഞു നോക്കി..പിറകില്‍ ആരും ഇല്ല ..അപ്പോള്‍ എന്നോട് തന്നെ ആണ്...
"അറിയാം സര്‍"..ഞാന്‍ ഭാവ്യമായി  ഞരങ്ങി.... 
"വെയ്‌റ്റിംഗ് ലിസ്റ്റ് ടികറ്റ്‌ ഈ വണ്ടിയില്‍ "വാലിഡ്‌" അല്ല എന്ന് അറിയില്ലേ" അയാള്‍ മുറുകുകയാണ്..പിന്നെ  ഹിന്ദിക്കാരന്‍ ആണെന്നുള്ളതാണ് എന്റെ ഏക ആശ്വാസം..അനുഭവം ഗുരു...നല്ല "സ്നേഹം" കാണിച്ചാല്‍ എത്ര ദൂരം വരെയും നമ്മുടെ പിറകെ വരും ..ഒരുവിധപ്പെട്ടവന്മാര്‍ ഒക്കെ....പ്ലാവില കണ്ട ആടിനെപ്പോലെ... അല്ലാത്തവരും ഉണ്ടേ..ഇയാള്‍ എങ്ങനെ ആണോ..എന്തായാലും എനിക്ക്  പോyalle പറ്റൂ..
"അറിയില്ല.."  ഞാന്‍ താഴ്ന്നു..
"എന്നാല്‍ അടുത്ത സ്റ്റേഷന്‍ "ബെല്ലാര്‍ ഷാ " ആണ് അവിടെ ഇറങ്ങിക്കോ.." വളരെ സിമ്പിള്‍ ആയി അയാള്‍  പറഞ്ഞു കഴിഞ്ഞു..ഈ പാതിരാ നേരത്തു ഞാന്‍ അവിടെ ഇറങ്ങി എന്ത് ചെയ്യാന്‍...
"ഞാന്‍ ബാംഗ്ലൂരിലേ ഇറങ്ങൂ" ഞാന്‍ ചെറുതായി മുറുകി...എന്നിട്ട് അയാളുടെ ഭാവമാറ്റം ശ്രദ്ധിച്ചു...എന്നെ ചെവിക്കു തൂക്കി എടുത്തു വെളിയില്‍ തള്ളുമോ ആവോ...ഏതായാലും പെട്ടു...മൂക്കോളം മുങ്ങിയാല്‍ ആഴം മൂന്നാളോ നാലാളോ എന്ന് നോക്കരുത് എന്ന് ചെറുപ്പത്തില്‍ കേട്ടിട്ടുണ്ട്...
"അത് നടപ്പില്ല..ഞാന്‍ നിങ്ങളെ ഇറക്കി വിടും" അയാള്‍ വീണ്ടും മുറുകുക തന്നെ ആണ്..ഇനിയെന്ത് വഴി...ഇനി അറ്റകൈ പ്രയോഗം തന്നെ...
"ഇനി എന്ത് വന്നാലും ഞാന്‍ ബാംഗ്ലൂരില്‍ തന്നെയേ ഇറങ്ങൂ...എന്ത് വന്നാലും  എനിക്ക് പ്രശ്നമല്ല...പക്ഷെ ഞാന്‍ പോകും ഈ വണ്ടിയില്‍ തന്നെ..." ഇപ്പോള്‍ ഞാനും അല്‍പ്പം കൂടി  പിടി മുറുക്കി...
ഇത്  കേട്ടപ്പോള്‍ ഒരു വെളിച്ചം മിന്നിയോ...അതെ ഒരു നേരിയ മിന്നല്‍...ഒരു വെട്ടു പോത്തിനെപ്പോലെ ചീറിക്കൊണ്ട് നില്‍ക്കുന്ന അയാളുടെ മുഖത്തെ ഒരു ചെറു മിന്നായം പോലും എനിക്ക് ഒരു പിടിവള്ളി ആണ്..
"പറ്റില്ല ..എന്റെ ജോലി പോകുന്ന പ്രശ്നം ആണ്...തന്നെ അല്ല ..എമ്പീമാരും മന്ത്രിമാരും ഒക്കെ ഉള്ളതാ വണ്ടിയില്‍ .." അയാള്‍ നിസ്സഹായനായി കൈ മലര്‍ത്തി... പക്ഷെ ശബ്ദം അല്‍പ്പം നേര്‍ത്ത് വന്നത് ഞാന്‍ ശ്രദ്ധിച്ചു..ഒരു ചെറിയ പിടിവള്ളി ആയി..ഇനി പിടിച്ചു കേറുക തന്നെ..
"സര്‍ ഇത്രയും പേടിക്കുന്നത് എന്തിനാ...ഞാന്‍ ടികറ്റ് എടുത്തത്‌ പൈസ കൊടുത്തിട്ടല്ലേ??റെയില്‍വേക്ക് എന്ത് നഷ്ടം??" ഞാന്‍ ഒരു പടി മുന്നോട്ടു വെച്ചു...ഇനി പുറകോട്ടില്ല...എന്റെ ഉറക്കവും പമ്പ കടന്നു..രാത്രി രണ്ടുമണി ആയി...ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ബല്ലാര്‍ഷാ സ്റ്റേഷന്‍ വരും..അതിനു മുന്‍പ് ഇയാളെ "മാനേജ് " ചെയ്യണം...
"നിയമപ്രകാരം നിങ്ങള്ക്ക് ഈ ടിക്കറ്റില്‍ പോകാന്‍ പറ്റില്ല..." ഇയാള്‍ ഇത് എന്ത് ഭാവിച്ചാ....വീണ്ടും നിയമം...
"എനിക്ക് നിയമപ്രകാരം തന്നെ പോകണം എന്നില്ല..അല്ലാതെ ആയാലും മതി..പക്ഷെ പോകണം"...നിയമം ലങ്ഘിക്കാന്‍ വഴി ഉണ്ടെങ്കില്‍ അത് അയാള്‍ നോക്കട്ടെ...ഞാന്‍ പന്ത് അയാള്‍ക്ക് പാസ് ചെയ്തു..അയാള്‍ ആലോചിക്കുകയാണ്..
"ഒരു കാര്യം ചെയ്യാം...ആരോടും പറയരുത്.." ഹോ..അയാള്‍ ഇതാ വീഴുന്നു...ഞാന്‍ കൂടുതല്‍ മുന്നോട്ടു നീങ്ങി..ഒരു രഹസ്യം കേള്‍ക്കാന്‍ പാകത്തില്‍..
"ഞാന്‍ എന്റെ സീറ്റില്‍ നിങ്ങളെ കൊണ്ട് പോകാം...പക്ഷെ ഒരു കാര്യം..."(ഈ ഡീല്‍ വാലറ്റത്തു പറയാം) ആഹാ..ദേ കിടക്കുന്നു ചട്ടിയും ചോറും...പുലിയെപ്പോലെ ചീറിയ "കോട്ട്" ആട്ടിന്‍ കുഞ്ഞായി..ഞാന്‍ അല്‍പ്പം കൂടി മുന്നോട്ട് ആഞ്ഞു.
"ഞാന്‍ "ഈ ഡീല്‍" സമതിച്ചാല്‍ പിന്നെ   നിങ്ങള്‍  കഴിഞ്ഞു വരുന്നവര്‍ക്കും "ഡീല്‍" കൊടുക്കേണ്ടേ.." ഞാന്‍ എന്റെ സംശയം മറച്ചു വെച്ചില്ല...വരുന്നവര്‍ എല്ലാം എന്റെ പുറത്തു പന്തുരുട്ടി കളിച്ചാലോ..അയാള്‍ ആദ്യമായി ഒന്ന് ചിരിച്ചു...ഒരു തമാശ കേട്ടതുപോലെ..
"അതിനു വേറെ ആര് വരാനാ ചങ്ങാതീ...ഞാന്‍ തന്നെ ആണ് അങ്ങുവരെ...നിങ്ങള്‍ ഒതുക്കത്തില്‍ ഇരുന്നാല്‍ മതി. ബാക്കി കാര്യം  ഞാന്‍ ഏറ്റു." അയാള്‍ എനിക്ക് ധൈര്യം പകര്‍ന്നു...
                                                                   രണ്ടു പേരും ഒരുപോലെ സന്തുഷ്ടര്‍...രണ്ടുമണിക്കൂര്‍ ഉറക്കം പോയാലും ഉറങ്ങാന്‍ സീറ്റ്‌ കിട്ടിയല്ലോ...ഞാന്‍ ആശ്വസിച്ചു...രാവിലെ എട്ടു മണി വരെ ഉറങ്ങി...എഴുന്നേറ്റപ്പോള്‍ "കോട്ട്" അടുത്ത് വന്നു..എന്റെ സുഖ വിവരം ഒക്കെ അന്വഷിച്ചു..അന്ന് പകല്‍ മുഴുവന്‍... എന്തിനു പറയണം , എനിക്ക് വീ.ഐ .പീ. സല്‍ക്കാരം ആയിരുന്നു...ദൈവം പ്രസാദിച്ചാല്‍ പിന്നെ അപ്പീല്‍ ഉണ്ടോ...ഒരു രഹസ്യം കൂടി പറഞ്ഞു തന്നു, അയാള്‍. ഇനി പക്കാ  ടികറ്റ്‌ കിട്ടിയില്ലെങ്കില്‍ എടുക്കേണ്ട... നേരെ വന്ന് മൂന്ന് രൂപ കൊടുത്ത് ഒരു പ്ലാട്ഫോം ടികറ്റ്‌ എടുക്കുക...ഈ വണ്ടിയില്‍ ആണെങ്കില്‍ ഞാന്‍ സീറ്റ്‌ ഉണ്ടാക്കി തരാം..ഹാ എന്ത് നല്ല മനുഷ്യന്‍...അന്ന് രാത്രി എട്ടു മണിക്ക് ബാംഗ്ലൂരില്‍ ഇറങ്ങുന്നത് വരെ അയാള്‍ എന്റെ സുഖ വിവരങ്ങള്‍ അന്വേഷിച്ചു കൂടെ ഉണ്ടായിരുന്നു..അങ്ങനെ ഞങ്ങള്‍ ചങ്ങാതിമാരായി..
                                                              അതിനു ശേഷം പല പ്രാവശ്യവും ഞാന്‍ മൂന്നു രൂപ ടികറ്റ്‌ എടുത്തു വണ്ടിയില്‍ കയറിയിട്ടുണ്ട്...അയാള്‍ എനിക്ക് പക്കാ ടികറ്റ്‌ എഴുതി തന്നിട്ടും ഉണ്ട്...ഞാന്‍ റെയില്‍വെയെ നഷ്ടപ്പെടുത്തിയില്ല..   ...പക്ഷെ ഒരാള്‍ ഒരു  ഉപകാരം ചെയ്യുമ്പോള്‍ അത് വേണ്ട രീതിയില്‍ കാണേണ്ടേ ????ദൈവത്തിനുള്ളത്  ദൈവത്തിനും സീസറിനുള്ളത് സീസറിനും..അത്ര തന്നെ... അല്ലാതെ എന്നോട് വെറുതെ സ്നേഹം കാണിക്കാന്‍ അയാള്‍ക്ക്‌  എന്ത് കാര്യം..
                                                      ഒരിക്കല്‍ മൂന്ന് രൂപ ടികറ്റ്‌ എടുത്തു വണ്ടിയില്‍ കയറി...അന്ന് എന്റെ ഗതികേടിന് അയാള്‍ ഇല്ലായിരുന്നു...മൊബൈല്‍ ഇല്ലാത്ത കാലമല്ലേ??? അന്ന് ഞാന്‍ ശെരിക്കും പെട്ടുപോയി....അമ്പിലും വില്ലിലും അടുക്കാത്ത ഒരു "കോട്ട് " ആയിരുന്നു അന്ന്..പക്ഷെ മൂന്നു രൂപ ടികറ്റ്‌ അന്നും എന്റെ മാനം കാത്തു. അന്ന് എന്റെ ചങ്ങാതി ഇല്ലെങ്കിലും അയാളുടെ ഉപദേശം ഫലിച്ചു...പിഴ ഉള്‍പ്പെടെ ഇരട്ടി പൈസ കൊടുക്കേണ്ടി വന്നു  എങ്കിലും അന്ന് രക്ഷപ്പെട്ടു.. പിന്നെ ഒരിക്കലും മൂന്നു രൂപാ പ്രയോഗം നടത്തിയിട്ടില്ല.
അതിനുള്ള ധൈര്യം വന്നില്ല എന്ന് പറയുന്നതാണ് കുറച്ചുകൂടി ശരി..


വാല്‍ക്കഷ്ണം...റെയില്‍വെയ്ക്ക് കൊടുത്ത "സ്നേഹം".. അത്രയും തന്നെ, 'കോട്ടിനും'. അതായിരുന്നു "ഡീല്‍".



48 comments:

അപ്രതീക്ഷിതമായ ഡീല്‍ ..നന്നായി എഴുതി ,,,:)

കൊള്ളാം ഡീൽ:):):)

Pala sarkar karyangalum ee "Sneham" koduthaanallo saadhyamakkarullathu. Ennal ee "Sneham" kodukkanillathavarude karyamaanu kashttam :(

Pathivu pole ikkayude jeevithaanubhavangalil ninnulla post ishttappettu. Ithu mattu vaayanakkarkkum nalla oru anubhavamaakum... Sure!!

Appo poyittu varaam :)

Regards
http://jenithakavisheshangal.blogspot.com/

കൊള്ളാം ഡീൽ......ഇപ്പൊ മൊത്തം ടിടീ കഥകൾ നിറയുകയാണല്ലോ ?

ഡീല്‍ or നോ ഡീല്‍ നന്നായി എഴുതി.

ആ ഡീലാണ് ശരിക്ക് വാലും പിന്നെ തലയും കേട്ടൊ ഭായ്

വരിയില്‍ നില്‍ക്കാനും വെയില് കൊള്ളാനും സമയമില്ലാത്ത മദ്ധ്യവര്‍ഗ്ഗം ഡീ ലുകളിലൂടെ കാര്യങ്ങള്‍ നടത്തുമ്പോള്‍ അത് പൊതു സമൂഹത്തിന്റെ ശീലമായി മാറുന്നു. ഡീലുകള്‍ ചെയ്യാന്‍ കെല്പില്ലാത്ത പട്ടിണിക്കാരന്‍ കാത്ത് കാത്ത് കിടന്നു നരകിക്കുകയും ചെയ്യുന്നു. രാജാവിനും പ്രജകള്‍ക്കും ഡീല്‍ ഇല്ലെങ്കില്‍ വയ്യ എന്ന അവസ്ഥയുള്ള നമ്മുടെ നാട്ടില്‍ ഇത് ഇക്കയുടെ മാത്രം കുറ്റമല്ല. അങ്ങനെ വായിച്ചാല്‍ നല്ല പോസ്റ്റു ആണ് ഇക്ക.

അപ്പൊ ഈ 'ഡീല്‍ ഓര്‍ നോ ഡീല്'‍ ഇക്ക
തുടങ്ങിയ ചാനല്‍ ആണല്ലേ? സംഭവം
രസിച്ചു..അന്നൊക്കെ deal കുറച്ചു cheap
ആയിരുന്നു അല്ലെ?ഇന്ന് എല്ലാം costly ആയി
അതെ വ്യത്യാസം ഉള്ളൂ..രാജധാനി അല്ലെങ്കിലും
സംഭവം രാജാ പാര്‍ട്ട് തന്നെ...ഹ..ഹ...‍

രാജധാനി സംഭവം  നന്നായി. യാത്രക്കിടെ കഴിക്കാന്‍ വാങ്ങിച്ച രണ്ട് ഓറഞ്ചും പത്തിന്‍റെ ഒരു നോട്ടും ഡീല്‍ ചെയ്ത് ഒരു രാത്രി മദിരാശിയില്‍ ( മുപ്പത് കൊല്ലം മുമ്പാണ് ) നിന്നും വന്നത് ഓര്‍മ്മ വന്നു.

ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും..ഈ ഡീൽ കൊള്ളാം........

ഇത് നല്ല ഡീല്‍ ..ഇക്ക ,നിയമം പറഞ്ഞു തുടങ്ങിയാല്‍ പിന്നെ പല "ഉദ്യോഗസ്ഥരും "ഇങ്ങിനെയാ ...കഴിഞ്ഞ അവധിക്കാലം എനിക്കും ഒരു അനുഭവമുണ്ടായി..പ്രവാസി ആയതിനാല്‍ ഒരു സാറ് ഗ്യാസ്‌ കണക്ഷന്‍ നിഷേധിച്ചു ..അതെ സാറ് തന്നെ അതിന്റെ കൂടെ ഒരു ഫ്രൈ പാന്‍ വാങ്ങിക്കോളാം എന്ന് പറഞ്ഞപ്പോള്‍ ..ഇക്ക പറഞ്ഞ പോലെ നന്നായി "ഡീല്‍" ചെയ്തു ...


ആശംസകള്‍

ബാംഗ്ലൂർ യാത്രയെന്നു പറഞ്ഞപ്പോ ഒരു ബാംഗ്ലൂർ കാഴ്ചകളുമായി യാത്രാ വിവരണം ആണു പ്രതീക്ഷിച്ചതു.. പക്ഷെ അതില്ലെങ്കിൽ വേറെ ഒരു അനുഭവയാത്ര കിട്ടി.../
ആശംസകൾ

ഡീല്‍ ആയാലും കോലായാലും നമുക്ക് കാര്യം നടക്കണം അല്ലെ ഇക്കാ.. :)

ഇക്ക ഡീല്‍ നന്നായിട്ടുണ്ട്.

Avasanam pidikapettu alle...? "Plavila kanda kunjad" nalla prayogam.... Nalla narmathodukoodi thane ezhuthi.....

ശാനവാസ്ക്ക,
നിങ്ങളൊക്കെ ഇങ്ങനെ 'കോട്ടിട്ട'നിയമം നടപ്പിലാക്കിയാല്‍ പിന്നെ നാട് എങ്ങനെ നന്നാവും.
വെറുതെയല്ല പ്രവാസികള്‍ ലീവിന് നാട്ടില്‍ വരുമ്പോള്‍ ഡീല്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്!

അടവ്‌ പതിനെട്ടും അറിയാം അല്ലെ...?!

യാത്രക്കിടയിലെ ഈ ഡീല്‍ അനുഭവം നന്നായി രസിപ്പിച്ചു ഇക്കാ... പക്ഷേ, നമ്മളൊക്കെ തന്നെയല്ലേ ഇത്തരം ഡീലുകളും സ്നേഹവും ഒക്കെ ഉണ്ടാക്കി വെക്കുന്നതും, പിന്നെ അതിനെ പഴിക്കുന്നതും....?

ഡീലില്ലെങ്കില്‍ മൂവ് ഇല്ല. അങ്ങിനെയാണല്ലോ കാര്യങ്ങളുടെ കിടപ്പുവശം.

waitting list ticketum kond kk expressil keriyappo kannil chorayilland enne general compartmentilu iruthi ttr. ente kailu adhikam paisa undaayirunnilla. appo pinne niyamam karzanamavande?

njan kure bhikshkkaarudem kure pattalakkarudem pinne kure gathiyillaatha manushyarudem koode rantara divasam chelavaakki keralathilethi.

bhaagyam kond aa manushyarokke valare nallavarayirunnu....

post kollam ketto. abhinandanangal.

അപ്പൊ ഇക്കാ ഒരു ജഗ ജില്ലി ആണല്ലേ..കഥ കൊള്ളാം കേട്ടോ.

എല്ലാം ഡീല്‍ തന്നെ.

കാണം വിറ്റാലും ഓണം ഉണ്ണണം...
നമുക്ക് പോയല്ലേ പറ്റൂ..?!
അപ്പം നാട്ടുനടപ്പനുസരിച്ച് നീങ്ങുന്നതിൽ തെറ്റില്ലല്ലൊ...?

കൊള്ളാമല്ലോ തീവണ്ടി യാത്ര ... ഏതായാലും വളരെ മനോഹരമായി ഡീല്‍ ചെയ്തു ഈ പോസ്റ്റും ...ആശംസകള്‍..

കൊള്ളാം ഇക്ക, നല്ല രസമായി പറഞ്ഞു... പക്ഷെ, ഭാനു മാഷ്‌ പറഞ്ഞത് പോലെ 'ഡീലുകള്‍ ചെയ്യാന്‍ കെല്പില്ലാത്ത' പാവങ്ങളെ കൂടി ഒരുനിമിഷം ഓര്‍ത്തുപോയി...
ഒരിക്കല്‍ ബാംഗ്ലൂർ നിന്നും പെട്ടെന്ന് ഒരത്യാവശ്യത്തിനു കേരളത്തിലേക്ക് ഒറ്റയ്ക്ക് വരേണ്ടിവന്നു. അവസാന നിമിഷം ആയതു കൊണ്ട് എവിടെയും ടിക്കറ്റ്‌ ഇല്ല , അവസാനം 'തത്കാല്‍' ടിക്കറ്റ്‌ എടുത്തു ഐലന്‍ഡ്‌ എക്സ് പ്രെസില്‍ പോന്നു. എന്റെ കഷ്ടകാലത്തിനു ഐ ഡി പ്രൂഫ്‌ ഒന്നും കൈയ്യില്‍ ഇല്ലായിരുന്നു.. മൂന്നു നാല് സ്റ്റേഷന്‍ കഴിഞ്ഞപ്പോ ഈ പറയുന്ന 'കോട്ട്'‌ വന്നു എന്നോട് ഇറങ്ങിക്കോളാന്‍ പറഞ്ഞു ! കൈയ്യില്‍ ടിക്കറ്റ്‌ ഉണ്ടായിട്ടും രാത്രി, ഒറ്റയ്ക്ക്, ഏതോ ഒരു സ്റ്റേഷനില്‍ 'ഇറങ്ങിക്കോ' എന്ന് കണ്ണില്‍ ചോരയില്ലാതെ പറഞ്ഞ ആ മനുഷ്യനോടു ഒരു മണിക്കൂറോളം തര്‍ക്കിച്ചും, അവസാന അടവായി താണു കേണു കരഞ്ഞു കാലുപിടിച്ചുമൊക്കെ ഇടയ്ക്കിറങ്ങാതെ നാടെത്തിയത് ഓര്‍ക്കുന്നു... ഒരുപക്ഷെ അന്ന് ഞാന്‍ 'ഡീല്‍' ഒന്നും പറയാത്തത് കൊണ്ടാവും അയാളെന്നെ അത്രയും ബുദ്ധിമുട്ടിച്ചത് !!!

കൊള്ളാലോ ഡീൽ! ആളു മോശമല്ല. കോട്ടുകാരൊക്കെ ഇപ്പോഴും ഇങ്ങനെയൊക്കെ തന്നെ. പക്ഷേ വണ്ടി അറുന്നൂറു മിനിട്ട് വൈകി ഓടുന്നത് ഇപ്പോൾ കുറവാണ്! രസകരമായി വിവരണം.

അപ്പോ നിങ്ങളെപ്പോലുള്ള മുതലാളിമാര്‍ ഡീലൊക്കെ നടത്തി യാത്ര ചെയ്യുമ്പോള്‍ സാധാരണക്കരന്റെ കാര്യം സ്വാഹ!. അമ്പട മുതലാളി!.

പ്രിയപ്പെട്ട ഷാനവാസ്‌ ഭായ്,
നര്‍മത്തില്‍ ചാലിച്ചെടുത്ത പോസ്റ്റ്‌ ഇഷ്ടമായി. ഇപ്പോള്‍ തീവണ്ടികള്‍ സമയത്തിന് മുന്‍പ് തന്നെ എത്തുന്നു. രാജധാനിയില്‍ എല്ലാവര്‍ക്കും കാര്യമായി പിരിവു നല്‍കണം. ഇപ്പോള്‍ കുറച്ചു കുറവുണ്ട്,ഈ ശീലത്തിനു.
പ്രധാന ചോദ്യം....ഡീല്‍ ഓര്‍ നോ ഡീല്‍...?
ആവശ്യക്കാരന് ഔചിത്യമില്ലല്ലോ,അല്ലെ?
സസ്നേഹം,
അനു

ശകടത്തിൽ കയറിയാൽ പിന്നെ കോട്ട് കാരു തന്നെ ദൈവം. അവരു കനിയണം.

അപ്പോള്‍ നിങ്ങടെ കയ്യില്‍ ഈ വക കള്ളത്തരങ്ങള്‍ പണ്ട് മുതലേ ഉണ്ട് അല്ലെ
നല്ല രസകരമായ അവതരണം

നന്നായി ഇക്കാ,,, ഞാന്‍ തീവണ്ടിയില്‍ ഇതേ വരെ കേറിയിട്ടില്ല.. ഒരു യാത്രാനുഭാവത്തിനു വേണ്ടി ഒന്ന് കേറി നോക്കിയാല്‍ ഈ ഡീല്‍ ഒരു നോ ഡീല്‍ പറഞ്ഞാല്‍ നടക്കും അല്ലെ.. രസായിരുന്നു പോസ്റ്റ്...

രാജധനിയിലെ ഡീല്‍ കൊള്ളാം.ഇക്കയുടെ അവതരണവും മനോഹരം.

പതിവ് പോലെ മനോഹരം ഷാനവാസ് ചേട്ടാ. ഞാനും പഴയ ട്രെയിന്‍ യാത്രകള്‍ ഓര്‍ത്തുപോയി. :-)

ഈ ഡീലുകള്‍ സഹ്യന്റെ ഇപ്പുറത്ത് അപ്രായോഗികമാണ്. ഇടക്ക് ചില ആള്‍ക്കാര്‍ ഉണ്ട് എന്നുള്ളത് മറക്കുന്നില്ല. പക്ഷേ ആ ഡീലുകാരാണ് സഹ്യന്റെ ഇപ്പുറത്തെ കോട്ട് മൂപ്പന്മാരെക്കാളും നല്ലവര്‍ എന്ന് ഞാന്‍ പറയും. ഒന്ന് മിണ്ടിയാല്‍ ലവന്റെ വായില്‍ നിന്നും പല്ല് പൊഴിഞ്ഞു പോകും എന്ന ഭാവത്തിലാണ് പലരുടെയും പെരുമാറ്റം. അഹങ്കാരത്തിന്റെ ആള്രൂപമാണ് പലരും. പക്ഷേ നിയമത്തിന്റെ അജ്ഞത പലപ്പോഴും നമ്മെ അവരുടെ മുമ്പില്‍ അടിയറ പറയിക്കും. എന്നാല്‍ നിയമം കൊണ്ട് നേരിടാമെന്ന് കരുതിയാലോ ഒരുആയുസ്സ് കോടതിയില്‍ കയറി ഇറങ്ങി നഷ്ടമാകും. ഒന്നും ചെയ്യാനാകാത്ത അവസ്ഥ. അവിടെ സുരക്ഷിതത്തിനും സുഖത്തിനും ഡീലുകള്‍ തന്നെ ശരണം.

ഷാനവാസ് ജി ... തീവണ്ടികള്‍ രാപകല്‍ ഓടിക്കൊണ്ടിരിക്കുന്നു. അതിനൊപ്പം ഡീലുകളും . രസകരമായി എഴുതി.

ഇപ്പറഞ്ഞ ഡീലെന്താണെന്ന് ആലോചിച്ചിരിക്കുകയാരുന്നു. സസ്പെൻസ് കൊള്ളാം. എല്ലാതീവണ്ടിക്കഥകളും ഓരോ അനുഭവങ്ങളാണല്ലോ.

രസകരം തന്നെ ഷാനവാസക്കാ ......

ഷാനവാസ് ഭായ് , സുഖമല്ലേ.
റെയില്‍വേയെ പറ്റിച്ചു നില്‍ക്കുന്ന നില്‍പ്പാണ് അല്ലേ.. ? :-)
എന്നിട്ടും പഹയന്മാര്‍ നല്ല ലാഭത്തില്‍ തന്നെ. .
കുറിപ്പ് ഇഷ്ടായി ട്ടോ
ആശംസകള്‍

good work!
welcome to my blog
nilaambari.blogspot.com
if u like it follow and support me.

നല്ല അനുഭവം 16 വര്ഷം ഒര്ത്തിരുന്നതിനു നന്ദി.. :)
വായിച്ച് പോകാന്‍ രസമുള്ള എഴുത്ത്.. ആശംസകള്‍..!

കൊള്ളാം. നല്ല ഡീല്‍.രസകരമായി തന്നെ എഴുതി.

ഡീൽ ഓർ നോ ഡീൽ!
അല്ല
ഡീൽ ഓർ നോ ചാൻസ്

ഈ യാത്രയില്‍ എന്നോടൊപ്പം ചേര്‍ന്ന, നല്ല നല്ല കമന്റുകള്‍ പാസ്സാക്കിയ എല്ലാ സ്നേഹിതര്‍ക്കും എന്റെ കൂപ്പു കൈ.കൂടെ ദീവാളി ആശംസകളും..

നല്ല കുറിപ്പ് തന്നെ. അപ്പൊ ഈ ഡീല് കാര്‍ക്ക് ആസ്തി കുറെ കാണുമല്ലേ. അവതരണം നന്നായി. വായിക്കാന്‍ ഒരു യാത്രനുഭവത്തിന്റെ സുഖമുണ്ട്. എന്നാലും റയില്‍വേയെ പറ്റിച്ച്.... :)

ഇന്ക്രെഡിബിള് ഇന്ത്യ

ഷാനവാസ്‌ ഇക്കാ..

എന്ത് കൊണ്ടോ.. എനിക്ക് ഈ ഡീലിനോട് യോജിപ്പ് പോരാ... അര്‍ഹിക്കാത്ത ഒന്നും ഒരാള്‍ക്കും കൊടുക്കേണ്ടതില്ല എന്ന പക്ഷക്കാരനാണ് ഞാന്‍.. തന്‍കാര്യം മാത്രം നോക്കുന്നവര്‍ ആണ് ഇവിടെ കൈക്കൂലി എന്ന മാറാവ്യാധി ഉദ്യോഗസ്ഥര്‍ക്കിടയില്‍ പരത്തുന്നത്.. അപ്പോള്‍ ഇവിടെ കുറ്റക്കാര്‍ നമ്മള്‍ തന്നെയല്ലേ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു.. ഹാ അത് പോട്ടെ..

ഒരു അനുഭവം എഴുത്ത് എന്ന രീതിയില്‍ നല്ല രീതിയില്‍ എഴുതിയിട്ടുണ്ട്.. രസകരമായി വായിച്ചു പോയി ട്ടോ ഇക്കാ.. നല്ലത്..

സ്നേഹപൂര്‍വം

കലക്കിട്ടാ............................... വീണ്ടും വരാം ..... സസ്നേഹം ......

Post a Comment